Prabodhanm Weekly

Pages

Search

2018 ഫെബ്രുവരി 23

3040

1439 ജമാദുല്‍ ആഖിര്‍ 06

പേര്‍ഷ്യന്‍ കോളനികള്‍ (തമീം ഗോത്രം)

ഡോ. മുഹമ്മദ് ഹമീദുല്ല

മുഹമ്മദുന്‍ റസൂലുല്ലാഹ്-45

ബഹ്‌റൈന്‍ മേഖല (ഇപ്പോഴത്തെ അല്‍അഹ്‌സാഅ്) യിലെ ഗോത്രമുഖ്യന്‍ കഴിഞ്ഞ അധ്യായത്തില്‍ പരാമര്‍ശിച്ച അല്‍മുന്‍ദിര്‍ തമീം ഗോത്രക്കാരനാണ്. ആ ഗോത്രത്തിലെ ഒരു വിഭാഗം മരുഭൂമിയില്‍ നാടോടിജീവിതം നയിക്കുന്നവരായിരുന്നു. നമുക്ക് വിശദീകരണം ലഭ്യമല്ലാത്ത ചില കാരണങ്ങളാല്‍, അറേബ്യയുടെ ഏറ്റവും കിഴക്ക് താമസിക്കുന്ന ഈ ഗോത്രക്കാര്‍ക്ക് അറേബ്യന്‍ ഉപദ്വീപിന്റെ ഏറ്റവും പടിഞ്ഞാറ് നിലകൊള്ളുന്ന മക്കയിലെ ഭരണത്തില്‍ ചില സ്വാധീനങ്ങളൊക്കെ ഉണ്ടായിരുന്നു. അറഫയിലെ ചില ഹജ്ജ് അനുഷ്ഠാനങ്ങള്‍ക്ക് കാര്‍മികത്വം അവര്‍ക്കായിരുന്നു. അവിടത്തെ ചില അനുഷ്ഠാനങ്ങള്‍ അവസാനിച്ചതായി പ്രഖ്യാപിക്കലും (ഇജാസഃ) അവരുടെ അവകാശമായിരുന്നു.1 മക്കയുടെ പ്രാന്തത്തില്‍ നടക്കാറുള്ള ഉക്കാള് ഗ്രാന്റ് ഫെസ്റ്റിവലില്‍ ചില തര്‍ക്കപരിഹാര സമിതികള്‍ക്ക് നേതൃത്വം കൊടുത്തിരുന്നതും തമീം ഗോത്രമാണ്.2

സുഹൈലി3 യുടെ റിപ്പോര്‍ട്ട് പ്രകാരം, തമീമുകാരനായ ഉത്വാരിദ്, ഖൊസ്‌റു ചക്രവര്‍ത്തി (ഇറാനിലെ കിസ്‌റ)യെ കാണാനായി പോയി. നാട്ടില്‍ പട്ടിണിയാണെന്നും അതിന് ശമനമുണ്ടാകുന്നതുവരെ തൊട്ടടുത്ത പേര്‍ഷ്യന്‍ ഭൂവിഭാഗങ്ങളില്‍ തങ്ങളുടെ കാലികളെ മേയ്ക്കാന്‍ അനുവാദം തരണമെന്നും അപേക്ഷിക്കാനാണ് ചെന്നത്. പെരുമാറ്റദൂഷ്യങ്ങളൊന്നും ഉണ്ടാവില്ലെന്നും വരള്‍ച്ചാകാലം കഴിഞ്ഞാല്‍ തിരിച്ചുപോകാമെന്നും ഉറപ്പു നല്‍കിയാല്‍ തനിക്ക് സമ്മതമാണെന്ന് ഖൊസ്‌റു അറിയിച്ചു. തനി ബദൂവിയന്‍ ശൈലിയില്‍ ഗാരന്റിയായി ഉത്വാരിദ് തന്റെ വില്ല് ചക്രവര്‍ത്തിക്ക് സമര്‍പ്പിച്ചു. രാജാവ് അന്തംവിട്ടുനില്‍ക്കെ കൊട്ടാരത്തിലെ പരിവാരങ്ങള്‍ ചക്രവര്‍ത്തിയോട് പറഞ്ഞു; ഒരു ബദുവിന്റെ വില്ലിനേക്കാള്‍ വലിയ മറ്റൊരു ഗാരന്റിയും ഇല്ലെന്ന്. ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഉത്വാരിദ് വീണ്ടും ചക്രവര്‍ത്തിയെ സമീപിച്ച് തങ്ങള്‍ കാലികളെയുമായി പേര്‍ഷ്യന്‍ ഭൂപ്രദേശങ്ങളില്‍നിന്ന് തിരിച്ചുപോവുകയാണെന്ന് അറിയിച്ചു. അതിനാല്‍ ഇവിടെ സമര്‍പ്പിക്കപ്പെട്ട വില്ല് തിരിച്ചുതരണം. ഈ വിശ്വസ്തതയിലും ഉയര്‍ന്ന സ്വഭാവഗുണങ്ങളിലും സംപ്രീതനായ ചക്രവര്‍ത്തി, ഉത്വാരിദിനെ ഒരു രാജകീയ വസ്ത്രം അണിയിച്ചു. ഉത്വാരിദ് അത് വിശേഷ സന്ദര്‍ഭങ്ങളില്‍ അണിയുകയും അതില്‍ അഭിമാനിക്കുകയും ചെയ്തിരുന്നു. ഈ വസ്ത്രമണിഞ്ഞുകൊണ്ടാണ് അദ്ദേഹം പ്രവാചകനെയും കാണാന്‍ ചെന്നത്. എന്തിനാണിത്തരം വസ്ത്രങ്ങള്‍ ധരിക്കുന്നത് എന്ന് പ്രവാചകന്‍ ആക്ഷേപസ്വരത്തില്‍ അദ്ദേഹത്തോട് ചോദിച്ചിരുന്നു (പട്ടുവസ്ത്രമായതുകൊണ്ടാവാം ഒരുപക്ഷേ, പ്രവാചകന്‍ അങ്ങനെ ചോദിച്ചത്). ആ വിഷയത്തിലേക്ക് നാം പിന്നീട് വരുന്നുണ്ട്.

സുഹൈലി ഇതേ കൃതിയില്‍ (കക, പേ: 335) മറ്റൊരു വിവരവും നല്‍കുന്നുണ്ട്. തമീമികള്‍ക്ക് ഒരു വിഗ്രഹമുണ്ടായിരുന്നത്രെ. തലപ്പാവുകൊണ്ടും മറ്റു വസ്ത്രങ്ങള്‍ കൊണ്ടുമാണ് ആ വിഗ്രഹമുണ്ടാക്കുക. തൊഴാന്‍ വരുന്നവര്‍ അതില്‍ കുങ്കുമവും സുഗന്ധദ്രവ്യങ്ങളും പൂശും. ഒരു തീര്‍ഥാടനത്തിനെന്ന പോലെയാണ് അവര്‍ ഈ വിഗ്രഹത്തിന്റെ അടുത്തു വരിക. ഇതിന്റെ മുഖ്യകാര്‍മികന്‍/മേല്‍നോട്ടക്കാരന്‍ സിബ്‌രിഖാന്‍ എന്ന കവിയായിരുന്നു.

ഈ ഗോത്രക്കാര്‍ ഇസ്‌ലാമിലേക്ക് വരുന്നത് വിചിത്രമായ ഒരു സാഹചര്യത്തിലാണ്. ഹി. ഒമ്പതാം വര്‍ഷം, ദാത്തുല്‍ അശ്ത്വാത്വ് തടാകത്തിന്റെ തീരത്ത് കാലികളെ മേയ്ക്കുന്ന ഖുസാഅ ഗോത്രക്കാരില്‍നിന്ന് കാലിസമ്പത്തിന്റെ സകാത്ത് പിരിക്കാനായി പ്രവാചകന്‍ ഒരു പ്രതിനിധിയെ അയച്ചു. തമീമീ കുടുംബങ്ങളും (പ്രത്യേകിച്ച് അതിലെ ബനുല്‍ അമ്പര്‍ കുടുംബം) ആ പ്രദേശങ്ങളില്‍ താമസിക്കുന്നുണ്ടായിരുന്നു. ഖുസാഅക്കാര്‍ ഇസ്‌ലാം സ്വീകരിച്ചിരുന്നെങ്കിലും, സകാത്ത് കൊടുത്തിരുന്നത് മുറുമുറുപ്പോടെയായിരുന്നു. മദീനയില്‍നിന്നെത്തിയ ഈ പ്രതിനിധി അവിടെത്തന്നെ താമസിക്കുന്ന തമീമികളോടും സകാത്ത് ആവശ്യപ്പെട്ടു. അപ്പോള്‍ ഇസ്‌ലാം സ്വീകരിച്ചുകഴിഞ്ഞിട്ടില്ലാത്ത തമീമികള്‍ അതിന് വിസമ്മതിക്കുകയും ആയുധമെടുക്കുകയും ചെയ്തു. മദീനയിലേക്ക് തിരിച്ചുപോയ പ്രതിനിധി പ്രവാചകനെ കാര്യങ്ങള്‍ ധരിപ്പിച്ചു. പ്രവാചകന്റെ പ്രതിനിധിയോട് ധിക്കാരത്തോടെ പെരുമാറിയതിനാല്‍ സൈനിക നടപടി ഉണ്ടാകുമെന്ന് പേടിച്ച് ഖുസാഅക്കാര്‍ തങ്ങളുടെ നാട്ടില്‍ താമസിക്കുന്ന തമീം ഗോത്രക്കാരോട് അവിടം വിട്ടുപോകാന്‍ ആവശ്യപ്പെട്ടു. തമീം ഗോത്രത്തിലെ അന്‍ബരി കുടുംബങ്ങള്‍ മറ്റു രക്ഷകരെ തേടിപ്പോവുമ്പോഴേക്കും മദീനയില്‍നിന്നെത്തിയ സായുധ സംഘം അവരില്‍നിന്ന് 11 പുരുഷന്മാരെയും 11 സ്ത്രീകളെയും 30 കുട്ടികളെയും തടവുകാരായി പിടിച്ച് മദീനയിലേക്ക് കൊണ്ടുവന്നു. മറ്റുള്ളവര്‍ രക്ഷപ്പെട്ടു.4 ഉടന്‍ അല്‍ അമ്പരികളും മറ്റു തമീമി കുടുംബങ്ങളും പ്രമുഖര്‍ ചേര്‍ന്ന ഒരു പ്രതിനിധിസംഘത്തെ പ്രവാചകന്റെ അടുത്തേക്ക് അയച്ചു. പ്രതിനിധിസംഘത്തിന്റെ നേതാവ് അല്‍ അഅ്‌വറു ബ്‌നു ബശ്ശാമഃ എന്നൊരാളായിരുന്നു. അദ്ദേഹത്തിന്റെ സഹോദരി സ്വഫിയ്യ ബന്ദികളാക്കപ്പെട്ടവരുടെ കൂട്ടത്തിലുണ്ട്. അല്‍ അഖ്‌റഉ ബ്‌നു ഹാബിസും പ്രതിനിധിസംഘത്തിലുണ്ട്. അദ്ദേഹം ഒരുവര്‍ഷം മുമ്പെങ്കിലും ഇസ്‌ലാം സ്വീകരിച്ചിട്ടുണ്ട്. കാരണം ഹി. 8-ാം വര്‍ഷം നടന്ന മക്കാവിജയത്തില്‍ അദ്ദേഹം പ്രവാചകനോടൊപ്പം ഉണ്ടായിരുന്നു.5 പേര്‍ഷ്യന്‍ ചക്രവര്‍ത്തി ഖൊസ്‌റു രാജകീയ വസ്ത്രം നല്‍കിയ ഉത്വാരിദ്6, കവി സിബ്‌രിഖാന്‍ തുടങ്ങിയവരും പ്രതിനിധിസംഘത്തിലുണ്ട്. പ്രതിനിധിസംഘം മദീനയിലെത്തിയപ്പോള്‍ വളരെ നാടകീയമായിരുന്നു പിന്നീടുള്ള സംഭവങ്ങള്‍. അവര്‍ പ്രവാചകന്റെ വീട്ടിന്റെ മുമ്പില്‍ വന്ന് ഒച്ചവെക്കാന്‍ തുടങ്ങി. പ്രവാചകന്‍ ഉടന്‍ വന്ന് തങ്ങളോട് സംസാരിക്കണം, ഏത് വലിയ ആളാണെങ്കിലും അയാളുടെ പേര് നന്നാക്കാനും മോശമാക്കാനുമൊക്കെ കഴിയുന്നവരാണ് തങ്ങള്‍ എന്നിങ്ങനെ അവര്‍ വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു. പ്രവാചകന്‍ ഇറങ്ങിവന്ന് അവരോട് മാന്യമായി സംസാരിച്ചു. പിന്നെ ളുഹ്ര്‍ നമസ്‌കരിക്കാനായി പള്ളിയിലേക്ക് പോയി. നമസ്‌കാരം കഴിഞ്ഞ് പ്രവാചകന്‍ തന്റെ സദസ്സില്‍ പ്രതിനിധിസംഘത്തെ ഇരുത്തി. ഉത്വാരിദാണ് ആദ്യം എഴുന്നേറ്റ് സംസാരിച്ചത്. തമീമികള്‍ ചില്ലറക്കാരല്ലെന്നും ധനികരും ഉദാരമനസ്‌കരുമായ രാജാക്കന്മാര്‍ അവരിലുണ്ടെന്നും നല്ല ആള്‍ബലമുള്ളവരാണെന്നുമൊക്കെ വീമ്പു പറഞ്ഞു. ബദൂവിയന്‍ മോഡലിലുള്ള ഒരു വെല്ലുവിളിയാണിത്. ഇതിന് മറുപടി പറയാനായി പ്രവാചകന്‍ തന്റെ സെക്രട്ടറിമാരിലൊരാളായ സാബിതു ബ്‌നു ഖൈസിനെ ക്ഷണിച്ചു. നല്ല ഉച്ചത്തില്‍ സംസാരിക്കാന്‍ കഴിയും സാബിതിന്. അദ്ദേഹം പറഞ്ഞത് ഇതാണ്: 'രാജാക്കന്മാരേക്കാളൊക്കെ എത്രയോ മെച്ചപ്പെട്ടത് ദൈവം ഞങ്ങള്‍ക്ക് നല്‍കിയിരിക്കുന്നു. ഒരു പ്രവാചകനെയും വിശുദ്ധ വേദത്തെയും ഞങ്ങള്‍ക്കായി നല്‍കി; ഇരു ലോകത്തും ക്ഷേമം ഉറപ്പുവരുത്തുന്ന ഒരു മതത്തെയും. ഈ പ്രവാചകനെയാണ് ഞങ്ങള്‍ പിന്തുടരുന്നത്. ഞങ്ങളുടെ ജീവനും സമ്പത്തും ബലിയര്‍പ്പിച്ചുകൊണ്ട് ഞങ്ങള്‍ അദ്ദേഹത്തെ സംരക്ഷിക്കും. അദ്ദേഹത്തെ എതിരിടാനെത്തുന്നവരെ ചെറുക്കുകയും ചെയ്യും.'

തുടര്‍ന്ന് തമീമി കവി സിബ്‌രിഖാന്‍ എഴുന്നേറ്റ് തന്റെ ഗോത്രത്തിന്റെ മഹിമകള്‍ പറയുന്ന കവിത ചൊല്ലി. ഇതിന് മറുപടി പറയാന്‍ പ്രവാചകന്‍ ക്ഷണിച്ചത് മദീനയുടെ ഔദ്യോഗിക കവി ഹസ്സാനുബ്‌നു സാബിതിനെയാണ്. യാതൊരു മുന്നൊരുക്കവുമില്ലാതെ നടത്തിയതാണെങ്കിലും അദ്ദേഹത്തിന്റെ അവതരണവും മികച്ചതായിരുന്നു. പിന്നെ തമീമി പ്രതിനിധിസംഘത്തിലുണ്ടായിരുന്നവര്‍ അല്‍പ്പം മാറിയിരുന്ന് നടന്ന സംഭവങ്ങള്‍ ചര്‍ച്ചചെയ്തു. അവരുടെ നിഗമനം ഇതായിരുന്നു: നമ്മുടെ പ്രഭാഷകനേക്കാള്‍ മികച്ചതാണ് അവരുടെ പ്രഭാഷകന്‍. നമ്മുടെ കവിയേക്കാളും മികച്ച കവിയാണ് അവരുടെ കവി. അവരുടെ ശബ്ദവും നമ്മുടെ ശബ്ദത്തേക്കാള്‍ മാധുര്യമുള്ളതാണ്. മുഹമ്മദ് വളരെ മാന്യമായി, ഒട്ടും പരുഷസ്വഭാവമില്ലാതെയാണ് നമ്മോട് പെരുമാറുന്നത്.

ആലോചനക്കൊടുവില്‍ അവര്‍ ഇസ്‌ലാം സ്വീകരിക്കാമെന്ന തീരുമാനത്തിലെത്തി. പിന്നെയവര്‍ പ്രവാചകനെ ചെന്നുകണ്ട്, മുസ്‌ലിം സൈന്യം ബന്ദികളായി പിടിച്ച തങ്ങളുടെ തടവുകാരെ വിട്ടുതരണമെന്ന് അപേക്ഷിച്ചു. തമീം പ്രതിനിധിസംഘത്തില്‍ തന്നെ പെട്ട സബിറതുബ്‌നു അംറ് എന്ന വ്യക്തി ഇക്കാര്യത്തിലൊരു ഒത്തുതീര്‍പ്പുണ്ടാക്കട്ടെ എന്ന് പ്രവാചകന്‍ നിര്‍ദേശിച്ചു. അദ്ദേഹത്തിന്റെ വിധി താന്‍ അംഗീകരിക്കാമെന്നും പ്രവാചകന്‍ ഉറപ്പുനല്‍കി. തടവുകാരില്‍ പകുതി പേരെ വെറുതെ വിടണമെന്നും പകുതിപേരെ സാധാരണ നഷ്ടപരിഹാരത്തുക ചുമത്തി വിടണമെന്നുമാണ് സബിറഃ വിധിച്ചത്. ബുഖാരിയും ഇബ്‌നു ഹിശാമും ഇത്രകൂടി പറയുന്നുണ്ട്; പ്രതികാര നടപടിയെന്നോണം നബി(സ) തമീം ഗോത്രക്കാരിലേക്ക് പറഞ്ഞയച്ച സായുധ സംഘം തിരിച്ചു വരുന്ന സന്ദര്‍ഭത്തില്‍ പത്‌നി ആഇശ(റ) പ്രവാചകനോട് പറഞ്ഞു: 'ദൈവദൂതരേ, ഇസ്മാഈല്‍ പ്രവാചകന്റെ പരമ്പരയില്‍ പെടുന്ന നമ്മുടെ പൂര്‍വികരിലൊരാളുടെ പിന്‍ഗാമിയെ അടിമത്വത്തില്‍നിന്ന് മോചിപ്പിക്കുമെന്ന് ഞാന്‍ പ്രതിജ്ഞ ചെയ്തിട്ടുണ്ടായിരുന്നു.' അപ്പോള്‍ പ്രവാചകന്‍ പറഞ്ഞു: 'തമീം ഗോത്രത്തിലെ ചിലരെ ബന്ദികളായി ഇവിടെ കൊണ്ടുവരുന്നുണ്ട്. അവരിലൊരാളെ മോചിപ്പിച്ചാല്‍ മതിയാവും.' അങ്ങനെ ഒരാളെ ആഇശ മോചിപ്പിക്കുകയും ചെയ്തു. സംഘത്തലവന്റെ സഹോദരിയെ യാതൊന്നും വാങ്ങാതെ തന്നെ പ്രവാചകന്‍ മോചിപ്പിച്ചു.8 മാത്രവുമല്ല, പ്രതിനിധിസംഘത്തിലെ ഓരോ അംഗത്തിനും പ്രവാചകന്‍ ധാരാളം സമ്മാനങ്ങളും നല്‍കി; പ്രതിനിധിസംഘം യാത്ര ചെയ്തിരുന്ന ഒട്ടകങ്ങളെ പരിപാലിച്ചിരുന്ന കുട്ടിക്കു വരെ.

ആ പ്രശ്‌നം അങ്ങനെ രമ്യമായി പരിഹരിച്ചു. അങ്ങനെ പേര്‍ഷ്യന്‍ ഗള്‍ഫിലെ ഈ അധിവാസ മേഖലയില്‍ ഇസ്‌ലാം വളരെ വേഗം പ്രചാരം നേടി. തമീമികള്‍ക്ക് പ്രവാചകന്‍ അയച്ച ഒമ്പതു കത്തുകളെങ്കിലും സൂക്ഷിക്കപ്പെട്ടിട്ടുണ്ട്. രണ്ട് കത്തുകളിലെ അഭിസംബോധിതര്‍ തമീം ഗോത്രപ്രമുഖരായ ഖതാദബ്‌നു അഅ്‌വര്‍, ഹുസൈനുബ്‌നു മുശ്മിത്ത് എന്നിവരായിരുന്നു. അവര്‍ക്ക് പ്രവാചകന്‍ ഭൂമി പതിച്ചുനല്‍കിയിരുന്നു. മറ്റൊരു പ്രമുഖനായ അഹ്മറു ബ്‌നു മുആവിയക്ക്, അദ്ദേഹത്തിന്റെ സ്വത്തിന് സംരക്ഷണം നല്‍കുമെന്ന് രേഖാമൂലം ഉറപ്പുനല്‍കി. അദ്ദേഹത്തിന്റെ കുടുംബത്തിന് എന്തെങ്കിലും ഹാനിവരുത്തുന്നവര്‍ക്ക് കടുത്ത ശിക്ഷ ഏറ്റുവാങ്ങേണ്ടി വരുമെന്ന് മുന്നറിയിപ്പ് നല്‍കി. തമീമീ വനിതാ പ്രമുഖ ഖയ്‌ല ബിന്‍ത് മഖ്‌റമക്ക് പ്രവാചകന്‍ അയച്ച കത്ത് കൗതുകമുണര്‍ത്തുന്ന ഒന്നാണ്.

ഒരു ചുവന്ന തുകലിനു പുറത്ത് പ്രവാചകന്‍ ഇങ്ങനെ എഴുതി: ഖയ്‌ലക്കും വനിതകള്‍ക്കും ഖയ്‌ലയുടെ പുത്രിമാര്‍ക്കും; അവരുടെ ഒരു അവകാശവും ലംഘിക്കപ്പെടുകയില്ല. നിര്‍ബന്ധിതാവസ്ഥയില്‍ അവര്‍ക്ക് വിവാഹിതരാകേണ്ടിയും വരില്ല. അവര്‍ക്ക് പ്രതിരോധം തീര്‍ക്കാന്‍ ഓരോ മുസ്‌ലിമും ഉണ്ടാവും. അതിനാല്‍ നന്മയില്‍ വ്യാപൃതരാവുക, തിന്മയില്‍നിന്ന് വിട്ടുനില്‍ക്കുക.'10

ഈ കത്ത് എഴുതാനുള്ള സാഹചര്യം വ്യക്തമല്ല. ഖയ്‌ലയുടെ മറ്റൊരു ഇടപെടലാണ് ഇതിനേക്കാള്‍ പ്രധാനമായിട്ടുള്ളത്. ഖയ്‌ല തമീം ഗോത്രക്കാരിയാണെങ്കിലും അവരെ വിവാഹം ചെയ്തയച്ചത് മറ്റൊരു ഗോത്രത്തിലേക്കാണ്; അഥവാ ബക്‌റു ബ്‌നു വാഇല്‍ ഗോത്രത്തിലേക്ക്. ബക്ര്‍ ഗോത്രം നേരത്തേ ഇസ്‌ലാം സ്വീകരിച്ചതാണ്. അവരുടെ ഒരു പ്രതിനിധിസംഘം പ്രവാചകനെ സമീപി

ച്ച് ദഹ്‌നാ മരുഭൂമി മൊത്തം തങ്ങള്‍ക്ക് എഴുതിത്തരണമെന്ന് ആവശ്യപ്പെട്ടു. ഇത് തമീം ഗോത്രത്തിന്റെ താല്‍പര്യങ്ങള്‍ക്ക് വിഘാതമായിത്തീരുമെന്നുറപ്പ്. അത് മുന്‍കൂട്ടി കണ്ട് ഖയ്‌ല ഇടപെടുകയും ഇങ്ങനെയൊരു ആവശ്യം അംഗീകരിച്ചുകൊടുക്കരുതെന്ന് പ്രവാചകനോട് അഭ്യര്‍ഥിക്കുകയും പ്രവാചകനത് സ്വീകരിക്കുകയും ചെയ്തു.

തമീമുകാരനായ അഖ്‌സമു ബ്‌നു സൈ്വഫി എന്നയാള്‍ക്ക് പ്രവാചകനെ കാണണമെന്നുണ്ടായിരുന്നു. പക്ഷേ, കുടുംബാംഗങ്ങള്‍ വിലക്കി. കാരണമദ്ദേഹത്തിന് അത്രയേറെ പ്രായമുണ്ടായിരുന്നു. വഴിയിലുടനീളം പലതരം അപകടങ്ങള്‍ പതിയിരിക്കുന്നുമുണ്ട്. അതിനാല്‍ ഒരു കത്തെഴുതി മകന്റെ കൈവശം അദ്ദേഹമത് മദീനയിലേക്ക് അയച്ചു. കത്തിന്റെ ഉള്ളടക്കം: 'പടച്ചവനേ, നിന്റെ നാമത്തില്‍! ദൈവത്തിന്റെ ഒരടിമ മറ്റൊരു അടിമക്ക് എഴുതുന്നത്. എന്തെന്നാല്‍, താങ്കള്‍ക്ക് വന്നുകിട്ടിയത് എന്താണെന്ന് ഞങ്ങളെ അറിയിക്കുക. താങ്കളെക്കുറിച്ച് ചില വിവരങ്ങളൊക്കെ ഞങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്. പക്ഷേ, അതിന്റെ സ്രോതസ്സ് ഞങ്ങള്‍ക്ക് ഉറപ്പാക്കാന്‍ പറ്റുന്നില്ല. താങ്കള്‍ വഴികാട്ടപ്പെട്ടിട്ടുണ്ടെങ്കില്‍, ആ വഴി ഞങ്ങളെയും കാണിക്കുക. താങ്കള്‍ പഠിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അത് ഞങ്ങളെയും പഠിപ്പിക്കുക. അങ്ങനെ നന്മയില്‍ ഞങ്ങളും പങ്കാളികളാവട്ടെ. അഭിവാദ്യങ്ങള്‍.'

ഇതിന് പ്രവാചകന്‍ ഇങ്ങനെ മറുപടി നല്‍കിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു:

'ദൈവ പ്രവാചകന്‍ മുഹമ്മദില്‍നിന്ന് അഖ്‌സമുബ്‌നു സൈ്വഫിക്ക്. ദൈവത്തിന്റെ സമാധാനമുണ്ടാവട്ടെ. ദൈവകീര്‍ത്തനങ്ങളോടെ ഞാന്‍ താങ്കളെ അഭിസംബോധന ചെയ്യട്ടെ. ദൈവം എന്നോട് പറയാന്‍ കല്‍പിച്ചിട്ടുള്ളത് എന്തെന്നാല്‍, യഥാര്‍ഥ ദൈവമല്ലാത്ത മറ്റൊരു ദൈവവും ഇല്ല. അവന്‍ ഏകനാണ്. ഒരു പങ്കാളിയും ഇല്ലാത്തവനാണ്. ജനങ്ങളും ഇത് പ്രഖ്യാപിക്കണമെന്നാണ് ഞാന്‍ ആവശ്യപ്പെടുന്നത്. ദൈവം സൃഷ്ടിച്ചതാണ് സൃഷ്ടികളെയൊക്കെയും. ശാസനാധികാരം ദൈവത്തിന് മാത്രമാണുള്ളത്. എല്ലാം അവനിലേക്കാണ് ചേര്‍ക്കപ്പെടുന്നത്. സൃഷ്ടികര്‍ത്താവ് തന്നെയാണ് അവരെ മരിപ്പിക്കുന്നതും. അവന്‍ തന്നെ അവരെ പുനരുജ്ജീവിപ്പിക്കുകയും ചെയ്യും. എല്ലാം മടങ്ങിച്ചെല്ലുന്നത് ആ സാക്ഷാല്‍ ദൈവത്തിലേക്കുതന്നെ. ഇത് എല്ലാ പ്രവാചകന്മാരുടെയും പ്രബോധനമാണ്. അതിലേക്കാണ് ഞാന്‍ താങ്കളെയും ക്ഷണിക്കുന്നത്. ഈ ജീവിതത്തെക്കുറിച്ച് താങ്കള്‍ ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യും. അതേക്കുറിച്ച് പിന്നീട് നിങ്ങള്‍ അറിയുക തന്നെ ചെയ്യും.'11 പക്ഷേ, ഇത്തരമൊരു കത്തിടപാടിനെക്കുറിച്ച് പഴയ ചരിത്രകൃതികളില്‍ പരാമര്‍ശമില്ല എന്നും ഇവിടെ ഓര്‍ക്കേണ്ടതുണ്ട്.

തമീം ഗോത്രത്തെക്കുറിച്ച ഈ വിവരണം അവസാനിപ്പിക്കുന്നതിനു മുമ്പ് ഒരു സംഭവം കൂടി പരാമര്‍ശിക്കട്ടെ. പ്രവാചകന്റെ നിര്യാണത്തെ തുടര്‍ന്ന് ചില കാലുമാറ്റങ്ങളൊക്കെ ഈ ഗോത്രത്തിലും ഉണ്ടായിട്ടുണ്ട്. സജാഹ് എന്ന ഒരു വനിതയാണ് അതിന് നേതൃത്വം കൊടുത്തത്. താനൊരു പ്രവാചകയാണെന്നും സജാഹ് വാദിച്ചിരുന്നു. കുറച്ച് കഴിഞ്ഞപ്പോള്‍ മറ്റൊരു കള്ളപ്രവാചകനെ, അഥവാ നജ്ദിലെ ബനൂഹനീഫ ഗോത്രക്കാരനായ മുസൈലിമയെ സജാഹ് വേള്‍ക്കുകയും ചെയ്തു. തൊട്ടുടനെ തന്റെ പ്രവാചകത്വപദവിയില്‍നിന്ന് താന്‍ പിന്‍വാങ്ങിയതായി പ്രഖ്യാപി

ച്ചു. പിന്നെ ഇസ്‌ലാമില്‍ തന്നെ തിരിച്ചെത്തിയ സജാഹ് വളരെ പ്രായമായതിനു ശേഷമാണ് മരിച്ചത്. മറ്റൊരു തലത്തില്‍ കൂടി നോക്കിയാല്‍ പ്രവാചകത്വവാദവുമായി ഒരു സ്ത്രീ രംഗത്തു വന്നു എന്നത് ഇസ്‌ലാമിക ചരിത്രത്തില്‍ അക്കാലത്ത് അറബി സ്ത്രീകള്‍ക്കുണ്ടായിരുന്ന പദവിയെക്കുറിച്ച് ചില സൂചനകള്‍ നല്‍കുന്നുണ്ട്.

 

ബക്‌റു ബ്‌നു വാഇല്‍

പേര്‍ഷ്യന്‍ സ്വാധീനത്തിന് വിധേയമായിരുന്ന ബഹ്‌റൈനി (ആധുനിക അല്‍അഹ്‌സാഅ്) ലെ മറ്റൊരു വലിയ ഗോത്രമാണ് ബക്‌റു ബ്‌നു വാഇല്‍. അവര്‍ അധിവസിച്ചിരുന്നത് ഉപദ്വീപിന്റെ ഏറ്റവും വടക്കാണ്; അതായത് ബസ്വറയുടെ വടക്ക് പടിഞ്ഞാറ്. ഇസ്‌ലാമിനു മുമ്പ് രണോത്സുകതക്ക് പേരുകേട്ട ഗോത്രം. ബക്‌റിന്റെ സഹോദരനാണ് തഗ്‌ലിബ്. ഇവര്‍ പിന്നീട് രണ്ട് ഗോത്രമുഖ്യന്മാരായി. ഇരു ഗോത്രങ്ങളും തമ്മിലുള്ള സഹോദരപ്പോര് അജ്ഞാന(ജാഹിലിയ്യ) കാലത്തെ ഏറ്റവും രക്തപങ്കിലവും ദൈര്‍ഘ്യമേറിയതുമായിരുന്നു. സാസാനികള്‍ ബക്ര്‍ ഗോത്രത്തെയും അടിച്ചമര്‍ത്തുകയുണ്ടായി. പേര്‍ഷ്യയോട് അവര്‍ക്ക് കടുത്ത വിരോധമുണ്ടാകാന്‍ കാരണമായി. അതിനാല്‍ പ്രവാചകന് ഇവരുടെ കാര്യത്തില്‍ താല്‍പര്യം ഉണ്ടാകുന്നതിലും അവരെ ഇസ്‌ലാമിലേക്ക് ക്ഷണിക്കുന്നതിലും അത്ഭുതപ്പെടേണ്ട കാര്യമില്ല.12 ഇബ്‌നു സഅ്ദ്13 ഈ വിഷയകമായി കൂട്ടിച്ചേര്‍ക്കുന്ന കാര്യങ്ങള്‍ വളരെ താല്‍പര്യജനകമാണ്. പ്രവാചകന്‍ അയച്ച ഈ കത്ത് വായിക്കാനറിയുന്ന ഒരാളും ഈ വലിയ ഗോത്രത്തില്‍ ഉണ്ടായിരുന്നില്ലത്രെ. അങ്ങനെ ബനു

ല്‍ കാത്തിബ് എന്ന ഗോത്രത്തിലെ ദുബൈഹുബ്‌നു റബീഅ് എന്നൊരാള്‍ അവിടെ എത്തിപ്പെടുകയും കത്ത് വായിച്ചുകൊടുക്കുകയും ചെയ്തു. ഈ കത്തിനോടുള്ള ബക്ര്‍ ഗോത്രത്തിന്റെ പ്രതികരണമെന്തായിരുന്നു എന്ന് ചരിത്രകൃതികളില്‍ കാണുന്നില്ല. പക്ഷേ, ഒരു കാര്യം ഉറപ്പാണ്. ഗോത്രത്തിലെ ശൈബാ

ന്‍ ശാഖയില്‍ പെടുന്ന ഹുറൈസുബ്‌നു ഹസ്സാന്‍ എന്നൊരാളുടെ നേതൃത്വത്തില്‍ ഒരു പ്രതിനിധിസംഘത്തെ ബക്‌റുകള്‍ പ്രവാചകന്റെ അടുത്തേക്ക് അയച്ചിട്ടുണ്ടായിരുന്നു. ഗോത്രം ഇസ്‌ലാമിലേക്ക് വന്നതായി ആ സംഘം പ്രവാചകന്റെ മുമ്പാകെ പ്രഖ്യാപിക്കുകയും ചെയ്തു.14 ഈ ഹുറൈസാണ്, പ്രവാചകനോട്, ദഹ്‌നാ മരുഭൂമി മുഴുവനായി തങ്ങള്‍ക്ക് പതിച്ച് നല്‍കണമെന്ന് ആവശ്യപ്പെട്ടത്. തമീം ഗോത്രത്തിന്റെ താല്‍പര്യങ്ങള്‍ക്ക് എതിരാകുമെന്നതിനാല്‍ അക്കാര്യം പ്രവാചകന്‍ സമ്മതിക്കാതിരുന്നത് നാം

തൊട്ടുമുമ്പ് പരാമര്‍ശിച്ചതാണല്ലോ. ഇബ്‌നു അസീര്‍15 നമ്മോട് പറയുന്നത്, പ്രവാചകന്‍ ഒരു കത്ത് അദിയ്യുബ്‌നു ശറാഹീലിന് (ബക്‌റു ബ്‌നു വാഇലിലെ ആമിറു ബ്‌നു ദുഹ്ല്‍ ശാഖയില്‍ പെടുന്നയാള്‍) എഴുതിയിട്ടുണ്ടായിരുന്നു എന്നാണ്. പക്ഷേ, ഉള്ളടക്കം എന്തായിരുന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തുന്നില്ല. സംരക്ഷണ വാഗ്ദാനമോ ഭൂമി പതിച്ചുനല്‍കലോ ഒക്കെ ആയിരിക്കാം ഉള്ളടക്കം.

പ്രവാചകന്റെ വിയോഗശേഷം ഗോത്രത്തില്‍ എന്ത് സംഭവിച്ചു എന്നും ഒന്നുരണ്ട് വാക്കുകളില്‍ ഒതുക്കിപ്പറയാം. ഇസ്‌ലാം സ്വീകരിച്ച ശേഷം ബക്ര്‍ ഗോത്രത്തിന്റെ ശാഖയായ ശൈബാന്‍ പേര്‍ഷ്യന്‍ അധിനിവേശത്തിനെതിരെ ഒരു സമ്പൂര്‍ണ കലാപത്തിനൊരുങ്ങി. ഒന്നാം ഖലീഫ അബൂബക്ര്‍ സിദ്ദീഖിനോട് സൈനിക സഹായം വേണമെന്ന് മാത്രമല്ല അവര്‍ ആവശ്യപ്പെട്ടത്. ഇസ്‌ലാമിക ചരിത്രത്തിലെ എക്കാലത്തെയും സമര്‍ഥനായ പടനായകന്‍, 'ദൈവത്തിന്റെ ഖഡ്ഗം' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഖാലിദു ബ്‌നു വലീദിനെത്തന്നെ അയച്ചുതരണമെന്ന് അവര്‍ നിര്‍ബന്ധം പിടിച്ചു. ശൈബാനികള്‍ക്കും ബക്‌റു ബ്‌നു വാഇലിന്റെ മറ്റു ശാഖകള്‍ക്കും പേര്‍ഷ്യക്കാരോട് എന്ത് നയമാണ് സ്വീകരിക്കേണ്ടത് എന്നതിനെക്കുറിച്ച് പ്രവാചകനി

ല്‍നിന്നുതന്നെ വ്യക്തമായ നിര്‍ദേശം കിട്ടിയിരുന്നുവെന്ന് ഇതില്‍നിന്ന് നമുക്ക് മനസ്സിലാക്കാന്‍ പറ്റുമോ?

 

ബനൂതഗ്‌ലിബ്

നേരത്തെ പറഞ്ഞപോലെ ബക്‌റു ബ്‌നു വാഇലിന്റെ സഹോദര ഗോത്രമാണ് തഗ്‌ലിബുകാര്‍. അവര്‍ ക്രിസ്തുമത വിശ്വാസികളായിരുന്നു. പ്രവാചകനുമായി അവര്‍ക്കുണ്ടായിരുന്ന ബന്ധങ്ങളെക്കുറിച്ച് ചില അവ്യക്ത സൂചനകള്‍ താഴെ കൊടുക്കുന്ന പരാമര്‍ശങ്ങളില്‍നിന്ന് ലഭിക്കുന്നുണ്ട്. 'പ്രവാചകന്‍ തഗ്‌ലിബ് ഗോത്രവുമായി ഒരു കരാര്‍ ഒപ്പുവെച്ചു. അതില്‍ പറഞ്ഞിരുന്നത്, ക്രിസ്ത്യാനികള്‍ക്ക് അവരുടെ മതവിശ്വാസപ്രകാരം തുടരാം, പക്ഷേ, അവരുടെ കുട്ടികളെ മാമോദീസ മുക്കരുത് എന്നാണ്.' പക്ഷേ, തഗ്‌ലിബുകാര്‍ ഈ കരാര്‍ ലംഘിച്ചു (അബൂയഅ്‌ലയെ ഉദ്ധരിച്ചുകൊണ്ട് ഇബ്‌നുഹജര്‍ തന്റെ മത്വാലിബില്‍, ചീ: 1072, ഇബ്‌നു സഅ്ദ് II/i, 'പ്രതിനിധികള്‍'). വിശദാംശങ്ങള്‍ ലഭ്യമല്ലാത്തതിനാല്‍ ഈ റിപ്പോര്‍ട്ട് ഒരുപാട് സംശയങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. കാരണം ഇസ്‌ലാമിക രാഷ്ട്രത്തിലെ എല്ലാ അമുസ്‌ലിം പ്രജകള്‍ക്കും പൂര്‍ണ മതസ്വാതന്ത്ര്യം ഉറപ്പു നല്‍കിയിട്ടുണ്ട് ഖുര്‍ആന്‍. മാത്രവുമല്ല, യമനിലും ഉമാനിലുമൊക്കെ ക്രിസ്ത്യാനികള്‍ ഉണ്ടായിരുന്നെങ്കിലും അവരോടൊന്നും ഇങ്ങനെയൊരു നിലപാട് പ്രവാചകന്‍ സ്വീകരിച്ചിട്ടുമില്ല.

(തുടരും)

 

കുറിപ്പുകള്‍:

1. സുഹൈലി I, 85

2. മര്‍സൂഖി, അല്‍ അസ്മിനഃ, II, 167

3. സുഹൈലി II, 334

4. അതേ പുസ്തകം II, 334, മഖ്‌രീസി- ഇംതാഅ് I, 4349

5. ഇബ്‌നു ഹിശാം, പേ: 877;8

6. സുഹൈലി II, 334

7. ബുഖാരി 64/68/1, ഇബ്‌നു ഹിശാം, പേ: 983

8. മഖ്‌രീസി- ഇംതാഅ് I, 4349

9. വസാഇഖ്, No: 141149

10. വസാഇഖ്, No: 142 (ഖയ്‌ലയെയും സഹോദരിമാരെയും അവരുടെ അമ്മാവന്‍ ആ പെണ്‍കുട്ടികളുടെ മാതാവിന്റെ അടുക്കല്‍നിന്ന് ബലംപ്രയോഗിച്ച് കൊണ്ടുവന്ന് തന്റെ കൂടെ പാര്‍പ്പിച്ചതിനെക്കുറിച്ചാണ് ഈ പരാമര്‍ശമെന്ന് ഇബ്‌നു അബ്ദിര്‍റബീഅ് തന്റെ അല്‍ ഇഖ്ദുല്‍ ഫരീദില്‍, I-137 എഴുതിയിട്ടുണ്ട്).

11. അതേ പുസ്തകം 141/a,b. സല്ലാമുല്‍ ഇശ്ബീലി - അദ്ദഖാഇര്‍, പേ: 210

12. വസാഇഖ് No: 139

13. ത്വബഖാത്ത് I/ii പേ: 31, ഇബ്‌നു ഹമ്പല്‍ - IV, 322

14. വസാഇഖ് No: 142

15. വസാഇഖ് No: 140

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-28 / അല്‍ ഖസ്വസ്വ് - (1-3)
എ.വൈ.ആര്‍

ഹദീസ്‌

കര്‍മങ്ങള്‍ പാഴാകുന്നതെപ്പോള്‍?
നൗഷാദ് ചേനപ്പാടി