Prabodhanm Weekly

Pages

Search

2018 ജനുവരി 19

3035

1439 ജമാദുല്‍ അവ്വല്‍ 01

ഈജിപ്തുമായുള്ള ബന്ധങ്ങള്‍

ഡോ. മുഹമ്മദ് ഹമീദുല്ല

മുഹമ്മദുന്‍ റസൂലുല്ലാഹ്-40

ഇസ്മാഈലിന്റെ മാതാവ് ഹാഗര്‍ ഈജിപ്ഷ്യന്‍ രാജാവിന്റെ പുത്രിയായിരുന്നു എന്നാണ് ബൈബിള്‍ വ്യാഖ്യാതാക്കള്‍ നമ്മോട് ഉറപ്പിച്ചു പറയുന്നത്.1 പിന്നീട്, മക്കക്കാരും അയല്‍ രാജ്യമായ ഈജിപ്തും തമ്മിലുള്ള കച്ചവടബന്ധങ്ങള്‍ പതിവായിത്തീര്‍ന്നു. പ്രവാചകന്റെ ആഗമനത്തിനു മുമ്പ് മുഗീറതുബ്‌നു ശുഅ്ബ ഈജിപ്തിലേക്ക് നടത്തിയ ഒരു യാത്രയില്‍ അവിടെവെച്ച് അവിടത്തെ ഗവര്‍ണര്‍ മുഖൗഖിസിനെയും പിന്നെ ഒരു ബിഷപ്പിനെയും കണ്ടുവെന്ന് സുയൂത്വി2 രേഖപ്പെടുത്തിയിട്ടുണ്ട്. വളരെ സങ്കീര്‍ണമായിരുന്ന ഈജിപ്തിലെ ആഭ്യന്തര കാര്യങ്ങളിലൊന്നും കച്ചവടസംഘങ്ങളെ നയിക്കുന്ന മക്കന്‍ നേതാക്കള്‍ ഇടപെടാറുണ്ടായിരുന്നില്ല. ബൈസാന്റിയന്‍ ഭരണമായപ്പോഴേക്കും ഈജിപ്ത് ആഴത്തില്‍ ക്രൈസ്തവവല്‍ക്കരിക്കപ്പെട്ടിരുന്നു. അന്ന് അലക്‌സാണ്ട്രിയയായിരുന്നു ഭരണസിരാകേന്ദ്രവും, അതിനാല്‍തന്നെ പാത്രിയാര്‍ക്കീസിന്റെ ആസ്ഥാനവും. ഉയര്‍ന്ന ഉദ്യോഗസ്ഥരെ, അവര്‍ മതകാര്യ വകുപ്പിലായാലും സിവില്‍ വകുപ്പിലായാലും, നിയമിച്ചിരുന്നത് സ്വാഭാവികമായും ബൈസാന്റിയന്‍ ഭരണകൂടമായിരുന്നു. വളരെ വികസിതമായ രാജ്യമായിരുന്നതുകൊണ്ട് നല്ല വിവരമുള്ള ക്രൈസ്തവ മതപണ്ഡിതന്മാര്‍ ഈജിപ്തുകാരില്‍തന്നെ ഉണ്ടായിരുന്നു. അതിനാല്‍ മതകാര്യങ്ങളില്‍ നേതൃസ്ഥാനങ്ങളിലിരിക്കുന്ന ഗ്രീക്കുകാരോട് അഭിപ്രായം തേടേണ്ട കാര്യമില്ലെന്ന് ഈ തദ്ദേശീയ പണ്ഡിതന്മാര്‍ തീരുമാനിച്ചു. ബൈസാന്റിയക്കാരുടെ മതവൈരവും വാശിയും തര്‍ക്കങ്ങളുമെല്ലാം കുപ്രസിദ്ധമാണല്ലോ. ഈജിപ്തിലെ തദ്ദേശീയരായ കോപ്റ്റിക് ക്രിസ്ത്യാനികള്‍ക്ക് തങ്ങളുടെ വിശ്വാസക്രമമനുസരിച്ച് ജീവിക്കണം.

ബൈസാന്റിയക്കാരും കോപ്റ്റുകളും തമ്മിലുള്ള ബന്ധം വളരെ മോശമായിത്തീര്‍ന്നു. ഗ്രീക്കുകാരും ബൈസാന്റിയക്കാരും തമ്മില്‍ മതകീയ വിഷയങ്ങളിലുള്ള ഭിന്നത വളരെ രൂക്ഷമായിരുന്നു. എത്രത്തോളമെന്നുവെച്ചാല്‍, ബൈസാന്റിയക്കാര്‍ അയക്കുന്ന പാത്രിയാര്‍ക്കീസിനെ കോപ്റ്റുകള്‍ അംഗീകരിക്കാന്‍ കൂട്ടാക്കിയില്ല. അങ്ങനെ ക്രി. അഞ്ചാം നൂറ്റാണ്ടിന്റെ മധ്യമാകുമ്പോഴേക്കും അലക്‌സാ്രണ്ടിയയില്‍ രണ്ട് പാത്രിയാര്‍ക്കീസുമാരുണ്ടായി. ഒന്ന്, രാജകീയ അംഗീകാരമുള്ളയാള്‍, മറ്റേയാള്‍ കോപ്റ്റിക്കുകാരന്‍.3 ഇസ്‌ലാം കടന്നുവരുന്ന സന്ദര്‍ഭത്തില്‍, ക്രി. 616-ല്‍ ഇറാനികളായിരുന്നു ഈജിപ്ത് ഭരിച്ചിരുന്നത്. പത്തു വര്‍ഷത്തോളം അവര്‍ ഭരിച്ചു. സ്വാഭാവികമായും പുതിയ ഭരണകര്‍ത്താക്കള്‍ കോപ്റ്റുകാരനായ പാത്രിയാര്‍ക്കീസിനെയാണ് പിന്തുണച്ചത്; ഗ്രീക്കുകാരനായ പാത്രിയാര്‍ക്കീസിനെ തഴയുകയും ചെയ്തു. ആന്‍ഡ്രോനിക്കസിന് (ക്രി. 614 മുതല്‍ 622 വരെ) ശേഷം ഇറാനികള്‍ പാത്രിയാര്‍ക്കീസായി കൊണ്ടുവന്നത് ഊര്‍ജസ്വലനായ ബെഞ്ചമിനെയായിരുന്നു. കത്തോലിക്കര്‍ അദ്ദേഹത്തെ മതഭ്രഷ്ടനായാണ് കണ്ടിരുന്നത്. ബെഞ്ചമിന്‍ ഗ്രീക്ക് പക്ഷക്കാരോട് വളരെ ക്രൂരമായാണ് പെരുമാറിയിരുന്നത്. എത്രത്തോളമെന്നാല്‍ വര്‍ഷങ്ങള്‍ക്കു ശേഷം ഇറാനികള്‍ ഈജിപ്ത് വിട്ടശേഷം ബൈസാന്റിയന്‍ രാജാവ് ക്രി. 631-ല്‍ സൈറസിനെ പാത്രിയാര്‍ക്കീസായി അയക്കുന്നുണ്ടെന്ന കിംവദന്തി പരന്നപ്പോള്‍തന്നെ പാത്രിയാര്‍ക്കീസ് ബെഞ്ചമിന്‍ അലക്‌സാണ്ട്രിയയില്‍നിന്ന് ഒളിച്ചോടി. അദ്ദേഹത്തിന്റെ അഭാവത്തില്‍, അഗത്തണ്‍ എന്ന പേരുള്ള പുരോഹിതന്‍ ഒരു സാധാരണക്കാരനായ ആശാരിയായി വേഷം മാറി നഗരത്തില്‍ താമസിച്ചു. രാത്രി വളരെ രഹസ്യമായി അദ്ദേഹം തന്റെ മതക്കാരെ കാണാറുണ്ടായിരുന്നു.4

സൈറസ് വരുന്നതിന് മൂന്നു വര്‍ഷം മുമ്പ്, അതായത് ഇറാനികള്‍ ഈജിപ്ത് വിട്ട് ഏതാനും മാസങ്ങള്‍ക്കു ശേഷം അയല്‍രാജ്യങ്ങളിലെ രാജാക്കന്മാര്‍ക്ക് പ്രവാചകന്‍ അവരെ ഇസ്‌ലാമിലേക്ക് ക്ഷണിച്ചുകൊണ്ട് നിരവധി കത്തുകളെഴുതുകയുണ്ടായി (ക്രി. 628 മെയ്-ജൂണ്‍). കത്തുകളും മറ്റും തയാറാക്കുന്ന മദീനയിലെ കാര്യാലയത്തിന് ഈജിപ്തിലേക്ക് ആരുടെ പേര്‍ക്കാണ് കത്ത് അയക്കേണ്ടത് എന്ന് അറിയില്ലായിരുന്നു എന്നാണ് തോന്നുന്നത്. അതിനാല്‍, 'കോപ്റ്റുകളുടെ മഹോന്നത നേതാവ്, അല്‍ മുഖൗഖിസ്' എന്ന വിലാസത്തില്‍ അവര്‍ കത്തുകള്‍ തയാറാക്കി. ലഖ്മി വംശജനായ ഹാത്വിബു ബ്‌നു അബീബല്‍തഅ എന്നൊരാളാണ് (ഇദ്ദേഹത്തിന് ഈജിപ്ത് നേരത്തേ പരിചയമുണ്ടാകാം)5 കത്ത് കൊണ്ടുപോയിരുന്നത്. വിമുക്ത അടിമയും നേരത്തേ ക്രിസ്ത്യാനിയുമായിരുന്ന ജബ്ര്‍ എന്നൊരാള്‍ ഇദ്ദേഹത്തെ അനുഗമിച്ചിരുന്നതായി സുഹൈലി6 പറയുന്നു.

മുഖൗഖിസ് എന്ന വാക്കിന്റെ ഉല്‍പ്പത്തി (അത് കോപ്റ്റിക്കോ അറബിയോ അല്ല) ഇനിയും വ്യക്തമായിട്ടില്ല. അതൊരു പക്ഷേ, അറബിവല്‍ക്കരിക്കപ്പെട്ട ഒരു പേര്‍ഷ്യന്‍ പദമായിരിക്കാം. കോപ്റ്റിക് പാത്രിയാര്‍ക്കീസിനെ നിയമിച്ചിരുന്നത് ഇറാനികളായിരുന്നല്ലോ. മതനേതാവിന് പടിഞ്ഞാറന്‍ ഇറാനില്‍ പറഞ്ഞിരുന്ന പേര് മാഗുപതി എന്നായിരുന്നു. അതായത് മാഗികളുടെ തലവന്‍. ഈ വാക്കിന് മക്മുഖന്‍, മൗപത്7 എന്നീ വകഭേദങ്ങളും കാണാനുണ്ട്. അറബികളെ8 സംബന്ധിച്ചേടത്തോളം 'മുഖൗഖിസ്' എന്നാല്‍ അവര്‍ അര്‍ഥമാക്കിയിരുന്നത് 'മഹാനായ കല്‍പ്പടവുകാരന്‍/നിര്‍മാതാവ്' എന്നൊക്കെയായിരുന്നു (അല്‍ മുത്വവ്വിലു ലില്‍ ബിനാഅ്). ഖൗസ് എന്ന വാക്കില്‍നിന്നാണ് അത് വരുന്നത്. അതിന്റെ അര്‍ഥം 'മഹോന്നത ദേവാലയം' എന്നാണ്. മുഖൗഖിസ് എന്ന സ്ഥാനപ്പേരുകാരന്റെ യഥാര്‍ഥ പേര് ജുറൈജു ബ്‌നു മീനാ എന്നായിരുന്നു; ജുറൈജ് എന്നാല്‍ ഏലീൃഴല എന്നോ ഏൃലഴീൃ്യ എന്നോ, മീനാ എന്നാല്‍ ങലില.െ ഇന്നും കോപ്റ്റുകള്‍ക്കിടയില്‍ ഇത്തരം പേരുകള്‍ പ്രചാരത്തിലുണ്ട് (ഈജിപ്തിലെ ആദ്യരാജവംശത്തിലെ ആദ്യരാജാവിന്റെ പേര് ങലില െഎന്നായിരുന്നു).9 പക്ഷേ, ചരിത്രത്തില്‍ ഈ പേരില്‍ ഒരു പാത്രിയാര്‍ക്കീസിനെയോ രാഷ്ട്രത്തലവനെയോ കാണുന്നില്ല. ഒരു പക്ഷേ, ഇസ്‌ലാം ആദ്യമായി ഈജിപ്തില്‍ കടന്നുചെന്നപ്പോള്‍ ഉപയോഗിച്ച വാക്കായിരിക്കും മുഖൗഖിസ്. ഗ്രിഗറിയും ജോര്‍ജുമൊക്കെ പില്‍ക്കാലത്ത് അറബ് ചരിത്രകാരന്മാര്‍ ഉള്‍പ്പെടുത്തിയതായിരിക്കാം. അങ്ങനെ, അറബികള്‍ക്ക് നന്നായി പരിചയമുണ്ടായിരുന്ന കോപ്റ്റ് തലവന്‍ ബെന്‍യാമീന്റെ പേരുമായി കലര്‍ന്ന് ചില ആശയക്കുഴപ്പങ്ങള്‍ പിന്നീട് ഉണ്ടായതായിരിക്കാം (ഇബ്‌നു അബ്ദില്‍ഹകം 'അബൂ ബിന്‍യാമീന്‍' എന്നാണ് അദ്ദേഹത്തെ പരാമര്‍ശിക്കുന്നത്). ബാബിലോണിലെ കാസ്ട്രമില്‍ ബിഷപ്പായിരുന്ന അപ്പ മീന എന്നയാളാണ് പരാമൃഷ്ട വ്യക്തി എന്ന് അഭിപ്രായമുള്ളവരുമുണ്ട്.10 പ്രവാചകന്റെ പ്രതിനിധി ഒരു ബിഷപ്പിനെയാവുമോ കണ്ടുമുട്ടിയിരിക്കുക, അതോ ഒരു നാടുവാഴിയെയോ?

നിനിവയില്‍ വെച്ച് ഇറാനികള്‍ക്ക് കനത്ത പരാജയമാണ് ഏല്‍ക്കേണ്ടിവന്നത്. തങ്ങള്‍ സ്വന്തമാക്കിവെച്ചിരുന്ന പല പ്രദേശങ്ങളും അവര്‍ക്ക് കൈയൊഴിയേണ്ടിവന്നു. അതില്‍ ഈജിപ്തും പെട്ടു. കത്തുമായി പ്രവാചകന്റെ പ്രതിനിധി വരുന്ന സമയത്ത് കോപ്റ്റിക് നേതാവ് എന്തൊരു തരം മാനസിക സംഘര്‍ഷത്തിലായിരിക്കുമെന്ന് നമുക്ക് ഊഹിക്കാനാവും. ഒരു കോപ്റ്റിക് പുരോഹിതന്‍ / നേതാവ് തനിക്ക് തീരെ പരിചയമില്ലാത്ത ഒരു മതം (കത്തിലൂടെ ലഭിച്ച വിവരമേ അതേക്കുറിച്ച് അദ്ദേഹത്തിനുള്ളൂ) പെട്ടെന്ന് സ്വീകരിക്കുമെന്ന് കരുതാന്‍ ന്യായമില്ല. പ്രവാചകന്‍ അയച്ച കത്തിലെ വരികള്‍ ഇങ്ങനെ:

'കാരുണ്യവാനും കരുണാനിധിയുമായ ദൈവത്തിന്റെ നാമത്തില്‍

ദൈവത്തിന്റെ പ്രവാചകനും അവന്റെ അടിമയുമായ മുഹമ്മദ് കോപ്റ്റുകളുടെ വലിയ നേതാവ് അല്‍ മുഖൗഖിസിന് എഴുതുന്നത് -

സത്യമാര്‍ഗം ആര്‍ പിന്‍പറ്റുന്നുവോ അവര്‍ക്ക് സമാധാനമുണ്ടാവട്ടെ! എല്ലാ നിലക്കും ഞാന്‍ താങ്കളെ ഇസ്‌ലാമിലേക്ക് ക്ഷണിക്കുകയാണ്. താങ്കള്‍ ഇസ്‌ലാമിലേക്ക് കടന്നുവരൂ, താങ്കള്‍ സുരക്ഷിതനായിരിക്കും. ദൈവം ഇരട്ടി പ്രതിഫലം നല്‍കി അനുഗ്രഹിക്കുകയും ചെയ്യും. താങ്കള്‍ വിസമ്മതിക്കുകയാണെങ്കില്‍ എല്ലാ കോപ്റ്റുകളുടെയും പാപഭാരം താങ്കള്‍ വഹിക്കേണ്ടിവരും.

''വേദവിശ്വാസികളേ, ഞങ്ങളും നിങ്ങളും ഒന്നുപോലെ അംഗീകരിക്കുന്ന തത്ത്വത്തിലേക്ക് വരിക. അതിതാണ്: 'സാക്ഷാല്‍ ദൈവം അല്ലാത്ത ആര്‍ക്കും നാം വഴിപ്പെടാതിരിക്കുക. അവനില്‍ ഒന്നിനെയും പങ്കുചേര്‍ക്കാതിരിക്കുക. ദൈവത്തെ കൂടാതെ നമ്മില്‍ ചിലര്‍ മറ്റു ചിലരെ രക്ഷാധികാരികളാക്കാതിരിക്കുക.' ഇനിയും അവര്‍ പിന്തിരിഞ്ഞുപോവുകയാണെങ്കില്‍ അവരോട് പറയുക: ഞങ്ങള്‍ ദൈവകല്‍പ്പനകള്‍ക്ക് വഴിപ്പെട്ടവരാണ്. നിങ്ങളതിന് സാക്ഷികളാവുക.''

സീല്‍: 

അല്ലാഹ്, 

റസൂല്‍ മുഹമ്മദ്11

 

ഇതിന് മുഖൗഖിസ് നല്‍കിയ മറുപടി സൂക്ഷിച്ചുവെക്കപ്പെട്ടിരിക്കുന്നു.12 ആ മറുപടിക്കത്തില്‍, അറേബ്യയില്‍ ഒരു പ്രവാചകന്‍ വരാനുള്ള സാധ്യത വളരെ സൗമ്യമായി അദ്ദേഹം നിരാകരിക്കുകയാണ് ചെയ്യുന്നത്. താന്‍ ചില സമ്മാനങ്ങള്‍ പ്രവാചകന് കൊടുത്തയക്കുന്നതായി അറിയിക്കുകയും ചെയ്തു (രണ്ട് അടിമ സ്ത്രീകള്‍, വസ്ത്രത്തിനുള്ള തുണി, ഒരു പെണ്‍ കോവര്‍ കഴുത എന്നിവ). ചില ചരിത്രകാരന്മാര്‍13 മബൂര്‍ എന്ന പേരുള്ള ഒരു മൂന്നാം ലിംഗക്കാരനും ഒരു സ്ഫടികപ്പാത്രവും, പ്രവാചകന്‍ പിന്നീട് തന്റെ കണ്ണാടി, ആനക്കൊമ്പില്‍ തീര്‍ത്ത ചീര്‍പ്പ്, കത്രികകള്‍, ടൂത്ത് ബ്രഷ് തുടങ്ങിയവ സൂക്ഷിച്ചിരുന്ന ഒരു പെട്ടിയും കൂടി സമ്മാനങ്ങളുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നുവെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. ഏറ്റവും നീണ്ട സമ്മാനപ്പട്ടിക നല്‍കിയിരിക്കുന്നത് ഖാദി റശാദ്14 ആണ്. അദ്ദേഹത്തിന്റെ ലിസ്റ്റ് ഇപ്രകാരമാണ്: നാല് അടിമകള്‍, ഒരു കഴുത, ഒരു കുതിര, 20 മിസ്ഖാല്‍ സ്വര്‍ണം, 20 കഷ്ണം 'ഖുബാത്വി' വസ്ത്രം, കുറച്ചധികം ബന്‍ഹ തേന്‍, ഇതുപോലെ 'അന്നാട്ടില്‍ വളരെ പ്രിയമുള്ള മറ്റുചില വസ്തുക്കളും.' പെട്ടിയെക്കുറിച്ച് അദ്ദേഹം പറയുന്നത്, അത് അലക്‌സാണ്ട്രിയയില്‍ നിര്‍മിച്ച ഒന്നായിരുന്നു എന്നാണ്. അടിമസ്ത്രീകളില്‍ മാരിയ പ്രവാചകനോടൊപ്പം തന്നെ കഴിഞ്ഞു. മറ്റു അടിമസ്ത്രീ(കള്‍) പ്രവാചകന്റെ ചില അനുചരന്മാരോടൊപ്പവും. ചില ചരിത്ര കൃതികളില്‍ ഈ അടിമസ്ത്രീകള്‍ ഈജിപ്തുകാര്‍ തന്നെയായിരുന്നുവെന്ന് പറയുന്നുണ്ട്. അവരുടെ ഗ്രാമത്തിന്റെ പേരും ചേര്‍ത്തിട്ടുണ്ട്. ഇതില്‍ മറ്റൊരു അടിമപ്പെണ്‍കുട്ടിയുടെ പേര് സീറീന്‍ എന്നായിരുന്നു. ഇതൊരു തനി പേര്‍ഷ്യന്‍ പേരാണ് (അതിന്റെ അറബിവല്‍കൃത രൂപം ശീറീന്‍). ഇറാനികള്‍ ഈജിപ്ത് വിട്ടപ്പോള്‍ ഒറ്റപ്പെട്ടുപോയതാകുമോ ഈ പെണ്‍കുട്ടി? അതിനു ശേഷമാകുമോ ക്രിസ്തുമതം സ്വീകരിച്ചത്? ഈജിപ്ഷ്യന്‍ ചരിത്രത്തെക്കുറിച്ച് ആധികാരികമായി എഴുതിയ ഇബ്‌നു അബ്ദില്‍ഹകം, തന്റെ ഒരു വിവരണത്തില്‍ 'ഹന്ന' എന്നും മറ്റൊരു വിവരണത്തില്‍ 'ഖൈസ്വറ' എന്നുമാണ് ഈ പെണ്‍കുട്ടിക്ക് പേര് നല്‍കിയിരിക്കുന്നത്. അങ്ങനെയാണെങ്കില്‍ അവളുടെ യഥാര്‍ഥ പേര് സീറീന്‍ എന്നും ക്രിസ്ത്യാനിയായ ശേഷമുള്ള പേര് ഹന്ന (അല്ലെങ്കില്‍ ഖൈസ്വറ) എന്നുമായിരിക്കാം. പക്ഷേ, ഇസ്‌ലാം സ്വീകരിച്ച ശേഷം അവള്‍ തന്റെ യഥാര്‍ഥ പേര് നിലനിര്‍ത്തുകയാണുണ്ടായത്. മാരിയക്ക് പ്രവാചകനില്‍ ഇബ്‌റാഹീം എന്ന കുട്ടി ജനിച്ചിരുന്നെങ്കിലും അവന്‍ ചെറുപ്പത്തിലേ മരണപ്പെടുകയാണുണ്ടായത്.

ഇതല്ലാതെ അക്കാലത്തെ ഈജിപ്ഷ്യന്‍ ചരിത്രവുമായി ബന്ധപ്പെട്ട് ഇസ്‌ലാമിക ലോകത്തിന് മറ്റൊന്നും പരാമര്‍ശിക്കാനില്ല. ജോര്‍ദാനിയയിലെ ഖുസൈര്‍ അംറ എന്ന ഉമവി കൊട്ടാരത്തിലെ ചുമര്‍ ചിത്രങ്ങളില്‍ മുഖൗഖിസിന്റെ ഛായാചിത്രവും ഉണ്ടായിരുന്നുവെന്ന് ആനുഷംഗികമായി ഓര്‍ക്കട്ടെ.

(തുടരും)

 

 

കുറിപ്പുകള്‍

1. സുഹൈലി I, 1112

2. ഹുസ്‌നുല്‍ മുഹാദറഃ, I, 135, അബൂനുഐം പേ: 21-22

3. Dictonnaire d' Histoire et Geographic Ecclesiastiques, S.V, Alexandria (II, 366)

4. Ibid S.V, Cyrus, Alexandria

5. സുഹൈലി II, 253

6. അബൂറൂറുഹുല്‍ ഗിഫാരിയുടെ അടിമ.

ഇബ്‌നുഹിശാം (പേ: 260), ജബ്‌റിനെ പരാമര്‍ശിക്കുന്നത് ഒരു ക്രിസ്ത്യന്‍ അടിമയായിട്ടാണ്. മക്കയില്‍ കച്ചവടമുണ്ടായിരുന്ന ഇബ്‌നു ഹദ്‌റമിയുടെ അടിമയായിട്ട്. പ്രവാചകന്റെ നല്ലൊരു സുഹൃത്ത് കൂടിയായിരുന്നു ഇബ്‌നു ഹദ്‌റമി. അടിമയെ യജമാനന്മാര്‍ കൈമാറിയതാകുമോ? അല്ലെങ്കില്‍ അവര്‍ രണ്ടു പേരും ഒരാള്‍ തന്നെയാകുമോ?

7. Benreniste, Les Mages dons I'ancien Iran, p: 38

8. സുഹൈലി I, 12; ഹബീബി III, 447

9. JA (1888), പേ: 395

10. Ibid p. 372

11. എന്റെ വസാഇഖ്, നമ്പര്‍: 49, Documents II, No: 37

12. വസാഇഖ്, നമ്പര്‍: 50, Documents II, No: 38

13. സുഹൈലി I, 12, 124; II, 3556, ത്വബരി I, 1783-4, ഖത്താനി-തറാതീബ് I, 3323, മഖ്‌രീസി I, 308

14. അല്‍ഖാദി റശാദ്- അദ്ദകാഇര്‍ വത്തുഹഫ്, കുവൈത്ത്, 1959, പേ: 7-8

15. ഇബ്‌നു അബ്ദില്‍ഹകം - ഫുതൂഹു മിസ്വ് ര്‍, പേ: 51

16. E. Littman, Mukaukis im nemaelde von Kusair Amra

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-27 / അന്നംല് - (67-75)
എ.വൈ.ആര്‍

ഹദീസ്‌

കടബാധ്യതക്ക് പരിഹാരമായി പ്രാര്‍ഥന
ഇബ്‌റാഹീം ശംനാട്‌