Prabodhanm Weekly

Pages

Search

2018 ജനുവരി 19

3035

1439 ജമാദുല്‍ അവ്വല്‍ 01

മൂന്ന് പ്രവര്‍ത്തകര്‍

പേരാമ്പ്ര-എരവട്ടൂര്‍ കാര്‍കുന്‍ ഹല്‍ഖയിലെ മുതിര്‍ന്ന മൂന്ന് പ്രവര്‍ത്തകര്‍, റിട്ട. അധ്യാപകനും പ്രഭാഷകനും പൊതുരംഗത്ത് നിറസാന്നിധ്യവുമായിരുന്ന എടവനപ്പൊയില്‍ എ.പി അമ്മദ് മാസ്റ്റര്‍, ദീര്‍ഘകാലം യൂനിറ്റിന്റെ സാരഥിയും ഏരിയാ സമിതിയംഗവും ഖുര്‍ആന്‍ പണ്ഡിതനുമായിരുന്ന കെ.കെ മുഹമ്മദ് മൗലവി, വനിതാ ഹല്‍ഖയിലെ മുതിര്‍ന്ന പ്രവര്‍ത്തക  സൈനബ എന്നിവര്‍ ആഴ്ചകളുടെ വ്യത്യാസത്തില്‍ അല്ലാഹുവിലേക്ക് യാത്രയായി.

എ.പി അമ്മദ് മാസ്റ്റര്‍

സാമുദായിക രാഷ്ടീയ രംഗത്ത് നിറഞ്ഞു നിന്നിരുന്ന അമ്മദ് മാസ്റ്റര്‍ ഇസ്‌ലാമിക പ്രസ്ഥാനത്തെ പഠിച്ചറിഞ്ഞ് തെരഞ്ഞെടുക്കുകയായിരുന്നു. പ്രവര്‍ത്തന രംഗത്ത് നിറസാന്നിധ്യമായിരുന്നു അദ്ദേഹം. പ്രസ്ഥാനം മുന്‍കൈയെടുത്ത് രാഷ്ട്രീയ സംവിധാനം ഉണ്ടാക്കിയപ്പേള്‍ പ്രാദേശിക മണ്ഡലം ജില്ലാതലങ്ങളില്‍ പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ തന്റെ അനുഭവവും പരിചയവും അമ്മദ് മാസ്റ്റര്‍ ഉപയോഗിക്കുകയുണ്ടായി. മണ്ഡലം ജില്ലാ കമ്മിറ്റികളിലെ സ്ഥിര സാന്നിധ്യമായിരുന്ന അദ്ദേഹം പാര്‍ട്ടി ട്രേഡ് യൂനിയന്റെ പ്രഥമ ജില്ലാ സാരഥിയായി. വിനയം, പ്രതിബദ്ധത, ദുരിതവും പ്രയാസവുമനുഭവിക്കുന്നവരിലേക്ക് മറുകൈ അറിയാതെയുള്ള സഹായം എന്നിവ അദ്ദേഹത്തിന്റെ അനുകരണീയ മാതൃകകളാണ്. പേരാമ്പ്ര മസ്ജിദുന്നൂര്‍ പരിപാലന കമ്മിറ്റി പ്രസിഡന്റ്, ടൗണ്‍ ഹല്‍ഖാ നാസിം, ദാറുസ്സകാത്ത് കമ്മിറ്റി അംഗം എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. എരവട്ടൂര്‍ വനിതാ ഹല്‍ഖാ അംഗം സ്വഫിയ്യയാണ് ഭാര്യ. ബഹ്‌റൈന്‍ കെ.ഐ.ജി അംഗം ഫസല്‍, ഫിറോസ്, ഫസീഹ്, ഫെബിന്‍ എന്നിവരാണ് മക്കള്‍.

 

മുഹമ്മദ് മൗലവി

തികഞ്ഞ യാഥാസ്ഥിതിക ചുറ്റുപാടില്‍ വളര്‍ന്ന മുഹമ്മദ് മൗലവി ജനിച്ച് വളര്‍ന്ന പന്തിരിക്കര പ്രദേശത്ത് 1970-കളില്‍ തന്നെ ഇസ്‌ലാമിക പ്രസ്ഥാനത്തെ നട്ടുവളര്‍ത്തിയ വ്യക്തിയാണ്. അതിരൂക്ഷമായ എതിര്‍പ്പുകള്‍ നേരിട്ടപ്പോഴും പരിഭവമില്ലാതെ പ്രവര്‍ത്തന രംഗത്ത് ഉറച്ചു നില്‍ക്കുകയും ഹല്‍ഖക്ക് നേതൃത്വം കൊടുക്കുകയും ചെയ്തു. ജോലിയാവശ്യാര്‍ഥം ജിദ്ദയിലേക്ക് പോയപ്പോഴും അദ്ദേഹം തന്റെ പ്രവര്‍ത്തനം തുടര്‍ന്നു. എടവരാട് എ.എല്‍.പിയില്‍ അധ്യാപകനായപ്പോള്‍ താമസം സ്‌കൂളിനടുത്തേക്ക് മാറുകയും ചേനായി കേന്ദ്രീകരിച്ച്  പ്രസ്ഥാന ഘടകം രൂപീകരിക്കുന്നതില്‍ നേതൃപരമായ പങ്കുവഹിക്കുകയും ചെയ്തു. വിശുദ്ധ ഖുര്‍ആന്‍ ആഴത്തില്‍ പഠിച്ച കെ.കെ ലളിതവും സരസവുമായ  നാടന്‍ ശൈലിയില്‍ അത് പകര്‍ന്നു നല്‍കുമായിരുന്നു. പ്രദേശത്ത് പ്രസ്ഥാനത്തിന് ഒരു ആസ്ഥാനം സ്ഥാപിക്കാന്‍ അഹോരാത്രം അധ്വാനിച്ച മൗലവി അതിന്റെ പ്രഥമ പടി പൂര്‍ത്തിയാക്കിയാണ് വിട വാങ്ങിയത്. ചേനായി എരവട്ടൂര്‍ ഹല്‍ഖാ നാസിം, ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ ഏരിയാ സംഘാടകന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മക്കള്‍: റസാഖ്, റശീദ്, റഫീഖ്, താഹിറ, താഹാ ഹുസൈന്‍.

 

കെ.പി സൈനബ

ആയഞ്ചേരിയിലെ പരേതനായ എടവന കുഞ്ഞമ്മദ് മാസ്റ്റര്‍-പാത്തു ദമ്പതികളുടെ മകളും എരവട്ടൂര്‍ ഹല്‍ഖാ നാസിം കെ.പി കുഞ്ഞബ്ദുല്ല മാസ്റ്ററുടെ ഭാര്യയുമായ  കെ.പി സൈനബ സാഹിബയുടെ പെട്ടെന്നുള്ള വേര്‍പാട് കുടുംബത്തിനെന്നപോലെ വനിതാ ഹല്‍ഖക്കും ഇനിയുമുള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ല. അന്നേ ദിവസം ഹല്‍ഖാ യോഗത്തിന് ആതിഥ്യം വഹിക്കാമെന്നേറ്റ അവര്‍ തലേദിവസം രാത്രി ശ്വാസതടസ്സം അനുഭവപ്പെട്ടതിനാല്‍ ചികിത്സ തേടുകയായിരുന്നു. പ്രദേശത്ത് വനിതാ ഘടകം നിലവില്‍ വന്നതു മുതല്‍ സജീവമായിരുന്ന അവര്‍ ഖുര്‍ആന്‍പഠനം ഒരു തപസ്യയാക്കി. യോഗങ്ങള്‍ക്ക് ആതിഥ്യം വഹിക്കാനും, സല്‍ക്കാരങ്ങള്‍ നടത്താനും അവര്‍ക്ക് ആവേശമായിരുന്നു. മക്കള്‍: അബ്ദുര്‍റസാഖ്, ഫൈസല്‍, ഖമറുന്നിസ. 

 

 

 

വി.പി അഹ്മദ്

കണ്ണൂര്‍ സിറ്റി ഹല്‍ഖയുടെ ഓഫീസ്, ചിറക്കല്‍കുളം യതീംഖാനക്ക് സമീപം പ്രവര്‍ത്തിച്ചിരുന്ന കാലം. തൊട്ടടുത്ത് താമസിച്ചിരുന്ന,  ഞങ്ങള്‍ അഹ്മദ്ക്ക എന്ന് സ്‌നേഹപൂര്‍വം വിളിച്ചിരുന്ന വി.പി അഹമ്മദ് സാഹിബിന്റെ വീട്ടിലായിരുന്നു ഓഫീസിന്റെ താക്കോല്‍ സൂക്ഷിച്ചിരുന്നത്. ഓഫീസ് അവിടം നിലനിന്ന കാലത്തോളം പ്രാസ്ഥാനിക യോഗങ്ങളിലും ഖുര്‍ആന്‍ ക്ലാസ്സുകളിലും മറ്റ് പൊതുപരിപാടികളിലും പങ്കെടുത്തു. വാരാന്ത യോഗങ്ങളില്‍ മിക്കപ്പോഴും അദ്ദേഹത്തിന്റെ വീട്ടില്‍നിന്ന് കൊണ്ട് വന്ന പലഹാരങ്ങള്‍ ഇന്ന് നൊമ്പരമുണര്‍ത്തുന്ന ഓര്‍മയാണ്. അന്ന് അദ്ദേഹം തന്റെ ആണ്‍മക്കളെ എസ്.ഐ.ഒ ബാലസംഘം യൂനിറ്റ് യോഗങ്ങളില്‍ അയക്കുമായിരുന്നു.

ഭാര്യ: കാടാങ്കാന്റകത്ത് ആയിഷാബി. മക്കള്‍: സീനത്ത്, സാജിദ, മുഹമ്മദ് യാസിര്‍, മുഹമ്മദ് റാശിദ്, അഹ്‌സാബ്.

വി. ഹശ്ഹാശ്, കണ്ണൂര്‍ സിറ്റി




***അല്ലാഹുവേ, പരേതരെ മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി അനുഗ്രഹിക്കേണമേ-ആമീന്‍***

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-27 / അന്നംല് - (67-75)
എ.വൈ.ആര്‍

ഹദീസ്‌

കടബാധ്യതക്ക് പരിഹാരമായി പ്രാര്‍ഥന
ഇബ്‌റാഹീം ശംനാട്‌