അസം: പൗരത്വ പരിശോധന വംശഹത്യയുടെ മുന്നൊരുക്കമോ?
ബംഗ്ലാദേശിനെ കിഴക്കന്‍ പാകിസ്താനില്‍നിന്ന് വേര്‍പ്പെടുത്തി ഒരു സ്വതന്ത്ര രാജ്യമാക്കിയതിനു ശേഷം ഇന്ത്യക്കകത്ത്, പ്രത്യേകിച്ച് അസമില്‍ ശക്തിപ്പെട്ടുവന്നത് പ്രാദേശികതയുടെ മൂടുപടമിട്ട വംശീയവാദമായിരുന്നു. നിയമത്തിന്റെയും കോടതിയുടെയുമൊക്കെ ഉമ്മാക്കി കാട്ടിയും ജനാധിപത്യത്തിന്റെ വേഷം കെട്ടിയും നടത്തിയ ഈ നാടകപരമ്പരയിലെ അവസാനത്തെ അങ്കമാണ് ഈയിടെ പുറത്തുവന്ന പൗരത്വ രജിസ്റ്റര്‍. ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ 1983-ല്‍ ഒപ്പിട്ട അസം കരാറിനു ശേഷം വലിയൊരളവില്‍ മനസ്സമാധാനത്തോടെ ജീവിച്ച സംസ്ഥാനത്തെ മുസ്ലിംകള്‍ വാജ്പേയിയുടെ കാലത്താണ് രണ്ടു പതിറ്റാണ്ടുകള്‍ക്കു ശേഷം വീണ്ടും അസ്തിത്വ പ്രതിസന്ധിയിലേക്ക് നീങ്ങാന്‍ തുടങ്ങുന്നത്. 1971 മാര്‍ച്ച് 25-ന് മുമ്പ് അസമില്‍ എത്തിപ്പെട്ട എല്ലാവരെയും ഇന്ത്യക്കാരായി പരിഗണിക്കണമെന്നായിരുന്നു കേന്ദ്ര സര്‍ക്കാറും അസമിലെ രാഷ്ട്രീയ സംഘടനകളും തമ്മിലുണ്ടാക്കിയ കരാറിന്റെ അന്തസ്സത്ത. നിയമത്തില്‍ ഒപ്പുവെച്ച സംഘടനകള്‍ പോലും പക്ഷേ വേട്ടയാടലിന്റെ നടപ്പു സമ്പ്രദായങ്ങളെ വാക്കിലോ പ്രവൃത്തിയിലോ ഉപേക്ഷിക്കാന്‍ പില്‍ക്കാലത്ത് തയാറായിരുന്നില്ല.
ബംഗാളി ഭാഷ സംസാരിക്കുന്നവര്‍ പൊതുവെ 'നുഴഞ്ഞുകയറ്റക്കാര്‍' എന്ന പേരിലാണ് അസമില്‍ അറിയപ്പെട്ടതെങ്കിലും ഇതേ ഭാഷ സംസാരിക്കുന്ന ഹിന്ദുക്കളെ അഭയാര്‍ഥികളായി കണക്കാക്കുന്ന 'ഹൃദയവിശാലത'യും ഈ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുണ്ടായിരുന്നു. ഇന്ദിരാ ഗാന്ധിയുടെ കാലത്ത് കൊണ്ടുവന്ന ഐ.എം.ഡി.ടി നിയമമാണ് വേട്ടയാടലില്‍നിന്ന് അല്‍പ്പമെങ്കിലും ആശ്വാസം നല്‍കിയത്. ഒരാള്‍ നുഴഞ്ഞുകയറ്റക്കാരനാണ് എന്ന് പരാതിയുള്ളത് ആര്‍ക്കാണോ അയാളാണ് അക്കാര്യം തെളിയിക്കേണ്ടത് എന്നും ആരോപിക്കപ്പെടുന്നയാളല്ല എന്നുമായിരുന്നു നിയമത്തിന്റെ കാതല്‍. എല്‍.കെ അദ്വാനി ആഭ്യന്തരമന്ത്രിയായിരിക്കെ കേന്ദ്ര സര്‍ക്കാറിന്റെ അകമഴിഞ്ഞ പിന്തുണയോടെ ഇന്നത്തെ അസം മുഖ്യമന്ത്രി സര്‍ബാനന്ദ് സോനുവാല്‍ നല്‍കിയ ഹരജിയില്‍ സുപ്രീം കോടതി ഈ നിയമം എടുത്തു കളഞ്ഞു. കോണ്‍ഗ്രസ് സര്‍ക്കാര്‍ കൊണ്ടുവന്ന നിയമമായിട്ടും 2005-ല്‍ സുപ്രീം കോടതിയുടെ വിധി വരുമ്പോള്‍ മന്‍മോഹന്‍ സിംഗ് സര്‍ക്കാറിനും ഒന്നും ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. ഇന്ന് വെറുപ്പിന്റെ രാഷ്ട്രീയത്തെ കൂടുതല്‍ വിശാലമായ തലങ്ങളിലേക്ക് പടര്‍ത്താനാണ് സോനുവാല്‍ തയാറെടുക്കുന്നത്. അഹോംവാദി സംഘടനകളുടെ സ്വപ്നപദ്ധതിയായ പൗരത്വ രജിസ്റ്ററിന്റെ ആദ്യ പട്ടിക സോനുവാലിന്റെ കാലത്ത് പുറത്തു വരുമ്പോള്‍ അസമില്‍നിന്നുള്ള മുസ്ലിം പാര്‍ലമെന്റംഗങ്ങള്‍ പോലും പട്ടികയില്‍ ഇടം കണ്ടെത്തിയിട്ടുമില്ല.
അസം കരാറിന്റെ നീണ്ട 38 വര്‍ഷങ്ങള്‍ക്കു ശേഷം ഇതാദ്യമായി അസമിലെ വിദേശികള്‍ ആരെന്ന് കണ്ടെത്താനുള്ള ശ്രമവുമായി സര്‍ക്കാര്‍ രംഗത്തെത്തുമ്പോള്‍ പതിവുപോലെ മതേതര ഇന്ത്യ എന്ന സങ്കല്‍പ്പത്തെ ദുര്‍ബലമാക്കുന്ന സങ്കുചിത ചിന്തകള്‍ തന്നെയാണ് അതിനെ നയിക്കുന്നത്. അസമിലെ ബി.ജെ.പി മന്ത്രിയും വടക്കു കിഴക്കന്‍ മേഖലയിലെ എന്‍.ഡി.എ കണ്‍വീനറുമായ ഹേമന്ത് ബിശ്വാസ് ശര്‍മ നടത്തിയ ഒരു പ്രസ്താവന നേര്‍ക്കു നേരെ വിരല്‍ ചൂണ്ടുന്നത് ആരാണ് ശത്രു എന്ന് കണ്ടെത്താനുള്ള നീക്കമായിരിക്കും പൗരത്വ രജിസ്റ്റര്‍ എന്നാണ്. 55 ലക്ഷം ശത്രുക്കളെ വേണോ അതോ കഷ്ടിച്ച് ഒന്നര ലക്ഷത്തിലൊതുങ്ങുന്നവരെ മതിയോ എന്ന ശര്‍മയുടെ ചോദ്യം ബംഗാളി ഭാഷ സംസാരിക്കുന്ന അസമിലെ ഹിന്ദുക്കളെയും മുസ്ലിംകളെയുമാണ് ഉദ്ദേശിച്ചതെന്ന് വ്യക്തം. ബംഗാളി ഭാഷ സംസാരിക്കുന്ന ഒന്നര ലക്ഷം ഹിന്ദുക്കളെ അഭയാര്‍ഥികളായി നിലനിര്‍ത്തി മുസ്ലിംകളുടെ പൗരത്വം എടുത്തുകളയുകയാണ് ബി.ജെ.പി ലക്ഷ്യമിടുന്നതെന്ന ആശങ്കയാണ് ഹേമന്ത് ബിശ്വാസ് സൃഷ്ടിക്കുന്നതെന്നാണ് ആരോപണമുയരുന്നത്.
എന്നാല്‍ രാഷ്ട്രീയമായി പറയുന്ന ഇത്തരം കാര്യങ്ങള്‍ പ്രായോഗികമല്ലെന്ന യാഥാര്‍ഥ്യബോധം ബി.ജെ.പിക്കുണ്ടെന്ന് പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ രഞ്ജിത് ദാസ് വ്യക്തമാക്കുന്നുണ്ടെങ്കിലും ഇത്തരം യുക്തിവിചാരങ്ങള്‍ക്ക് ചെവികൊടുത്ത ചരിത്രമായിരുന്നില്ല അസമിന്റേത്. ഇന്ത്യക്കാരനെയും ബംഗ്ലാദേശിയെയും കണ്ടെത്തുന്നത് എങ്ങനെയെന്ന ചോദ്യത്തിന് വിശ്വഹിന്ദു പരിഷത്തിന്റെ സംസ്ഥാനത്തെ മുതിര്‍ന്ന നേതാവ് ധരണികാന്ത് ഗോസ്വാമി മുമ്പൊരിക്കല്‍ നല്‍കിയ മറുപടി പേരുകള്‍ നോക്കി കണ്ടെത്തുകയാണ് ഏറ്റവും എളുപ്പമുള്ള പോംവഴി എന്നാണ്. അലി, മിയാന്‍ തുടങ്ങിയ പേരുകളുള്ള ബംഗാളി ഭാഷക്കാര്‍ വിദേശികളായിരിക്കും. അല്ലാത്തവര്‍ ഉദാഹരണത്തിന് ഗോസ്വാമി, ഭട്ടാചാര്‍ജി, കുമാര്‍, ദാസ് തുടങ്ങിയ പേരുകള്‍ ഇന്ത്യക്കാരുടേതായിരിക്കുമെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. അസമില്‍നിന്ന് ഒടുവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് പുതിയ രജിസ്റ്ററിന്റെ ആദ്യപട്ടിക തയാറാക്കാന്‍ ധരണികാന്ത് ഗോസ്വാമിയുടെ 'സിദ്ധാന്ത'മാണ് ഒരുപക്ഷേ കൂടുതല്‍ സഹായകമായത് എന്നാണ്.
മതാടിസ്ഥാനത്തില്‍ ഇന്ത്യ വിഭജിക്കപ്പെടുകയും അവിഭക്ത ബംഗാളിലെ ജനങ്ങള്‍ കിഴക്കന്‍ പാകിസ്താന്‍ എന്ന പില്‍ക്കാല ബംഗ്ലാദേശിന്റെ ഭാഗമായി മാറുകയും ചെയ്ത സാഹചര്യത്തിലാണ് അസമിലെ മുസ്ലിംകള്‍ ഇപ്പോഴത്തെ ദുരവസ്ഥയിലേക്ക് എത്തിപ്പെടുന്നത്. വിഭജനത്തിനു ശേഷം ഇന്ത്യയില്‍ തുടരാന്‍ തീരുമാനിച്ച മുസ്ലിംകളോട് മൊത്തത്തില്‍ രാജ്യം സ്വീകരിച്ച ഇരട്ടത്താപ്പിന്റെ ഏറ്റവും ഭയാനകമായ മാതൃകയായിരുന്നു അസമിലേത്. ബംഗ്ലാദേശിലേക്ക് പോകാത്ത മുസ്ലിംകളെ സാധ്യമായ എല്ലാ കുതന്ത്രങ്ങളുപയോഗിച്ചും നുഴഞ്ഞുകയറ്റക്കാരാക്കി ചി്രതീകരിച്ച് വേട്ടയാടുന്ന രീതിയാണ് സംസ്ഥാനത്ത് ശക്തിപ്പെട്ടുവന്നത്. ഭൂമിശാസ്്രതപരവും ഭരണപരവുമായ അസമിന്റെ നിരവധി യാഥാര്‍ഥ്യങ്ങള്‍ക്കു നേരെ കണ്ണടച്ചാണ് മുസ്ലിംകളെ നുഴഞ്ഞുകയറ്റക്കാരാക്കിയെടുക്കാനുള്ള ഈ നീക്കങ്ങള്‍ കരുത്താര്‍ജിച്ചത്. ബ്രഹ്മപുത്രയുടെ തീരത്ത് കൃഷി ചെയ്തു ജീവിച്ചുവന്ന, പ്രത്യേകിച്ചും ഛാറുകള്‍ എന്നറിയപ്പെടുന്ന ഡെല്‍റ്റകളില്‍ കാലാലകാലങ്ങളായി താമസിച്ചുവന്നവരാണ്, ഈ ഭരണകൂട ഗൂഢാലോചനയുടെ ഏറ്റവും വലിയ ഇരകളായി മാറിയത്. വെള്ളപ്പൊക്കത്തില്‍ വീട് നഷ്ടപ്പെടുന്നവര്‍ക്ക് പുതിയ കിടപ്പാടം പോയിട്ട് റേഷന്‍ കാര്‍ഡോ മറ്റു തിരിച്ചറിയല്‍ രേഖകളോ പോലും പിന്നീടൊരിക്കലും സംസ്ഥാന ഭരണകൂടം നല്‍കാറുണ്ടായിരുന്നില്ല. പട്ടയ വിതരണവും ഭൂപരിഷ്‌കരണവും ഇനിയും പൂര്‍ത്തിയാക്കിയിട്ടില്ലാത്ത സംസ്ഥാനങ്ങളിലൊന്നു കൂടിയാണ് അസം. ബ്രഹ്മപുത്രയോടു ചേര്‍ന്ന ദുബ്രി, കരീംഗഞ്ച്, ഗോല്‍പാറ മുതലായ ജില്ലകളില്‍ ഇങ്ങനെ കിടപ്പാടം നദി കവര്‍ന്നെടുത്ത ആയിരക്കണക്കിന് മുസ്ലിം കര്‍ഷകരാണുള്ളത്. മുന്‍ മുഖ്യമന്ത്രി തരുണ്‍ ഗൊഗോയി സഭയില്‍ നല്‍കിയ കണക്കില്‍ പറയുന്നത് 1954 മുതല്‍ 2014 വരെ അസമിന്റെ 3000 ചതുരശ്ര കിലോമീറ്റര്‍ ഭൂമി നദി കവര്‍ന്നെടുത്തു എന്നാണ്. സംസ്ഥാനത്തെ ഒരു വലിയ ജില്ലയുടെ അത്രയും വരും ഈ വിസ്തീര്‍ണം. എന്നാല്‍ ഭൂമി ഒരിക്കല്‍ നഷ്ടപ്പെട്ടു കഴിഞ്ഞാല്‍ അതോടെ തീര്‍ന്നു കാര്യം. ബംഗ്ലാദേശില്‍നിന്നും ഇരുട്ടിന്റെ മറപിടിച്ച് നീന്തിയെത്തിയ ബംഗ്ലാദേശികളാണ് ഇവരെന്ന നിലപാടാണ് രാഷ്്രടീയ സംഘടനകളും വലിയൊരളവോളം പ്രാദേശിക ഭരണകൂടങ്ങളും പിന്നീട് സ്വീകരിക്കാറുള്ളത്.
വസ്തുതയും യക്ഷിക്കഥയും
ബംഗ്ലാദേശുമായി ആയിരക്കണക്കിന് കിലോമീറ്റര്‍ അതിര്‍ത്തി പങ്കിടുന്ന അസമില്‍ ഇന്ത്യക്കാരല്ലാത്ത 55 മുതല്‍ 70 ലക്ഷം വരെ പേര്‍ അനധികൃത കുടിയേറ്റക്കാരായി ഉണ്ടെന്നാണ് ഈ സംസ്ഥാനത്തെ പ്രചാരത്തിലുള്ള യക്ഷിക്കഥകളിലൊന്ന്. അതു ശരിയാണെങ്കില്‍ അസമിലെ ഓരോ രണ്ട് മുസ്ലിംകളില്‍ ഒരാള്‍ വീതം ബംഗ്ലാദേശിയായിരിക്കണം. എന്നാല്‍ കുറേക്കൂടി കടന്ന കണക്കാണ് ബി.ജെ.പിയുടേത്. അസം ജനസംഖ്യയുടെ 34 ശതമാനവും ബംഗ്ലാദേശികളാണെന്നാണ് നിലവില്‍ മന്ത്രിയായ സംസ്ഥാനത്തെ ഹേമന്ത് ബിശ്വാസ് ശര്‍മ കഴിഞ്ഞ തെരഞ്ഞെടുപ്പ് റാലികളില്‍ പ്രസംഗിച്ചുകൊണ്ടിരുന്നത്. താന്‍ പ്രധാനമന്ത്രിയായാല്‍ മുഴുവന്‍ ബംഗ്ലാദേശികളെയും ഇന്ത്യയില്‍നിന്ന് നാടുകടത്തുമെന്ന് നരേന്ദ്ര മോദിയും പ്രഖ്യാപിച്ചിരുന്നു. കാസിരങ്കയിലെ കണ്ടാമൃഗങ്ങള്‍ അസമിന്റെ അഭിമാനമാണെന്നും ബംഗ്ലാദേശികള്‍ അവയെ വേട്ടയാടുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ കൈയും കെട്ടി നോക്കിനില്‍ക്കുകയാണെന്നും മോദി ആരോപണമുന്നയിച്ചു. കണ്ടാമൃഗങ്ങള്‍ വേട്ടയാടപ്പെടുന്നു എന്ന മോദിയുടെ കണക്കു പോലും വസ്തുതാപരമായി ശരിയായിരുന്നില്ല. ഏറ്റവുമൊടുവില്‍ 2015-ല്‍ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത് കാസിരങ്കയിലെ കണ്ടാമൃഗങ്ങളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായി നിലവില്‍ 2401 ആയിട്ടുണ്ടെന്നാണ്. മോദിയുടെ ഈ പ്രസ്താവനയുടെ ചുവടൊപ്പിച്ച് കൃഷക് മുക്തി സംഗ്രാം സമിതിയടെ നേതാവ് അഖില്‍ ഗൊഗോയി ആണ് കാസിരങ്കക്കു ചുറ്റുമുള്ള ഗ്രാമങ്ങള്‍ ഒഴിപ്പിക്കണമെന്ന പരാതിയുമായി ഹൈക്കോടതിയിലത്തിയത്.
നിരുത്തരവാദപരമായ പ്രസ്താവനകളിലൂടെ അസമിലെ മുസ്ലിംകളെ മൊത്തത്തില്‍ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുകയാണ് അസമിലെ ഏതാണ്ടെല്ലാ രാഷ്ട്രീയ സംഘടനകളും ചെയ്തുകൊണ്ടിരുന്നത്. സംസ്ഥാനത്തെ 27 ജില്ലകളില്‍ 11-ലും മുസ്ലിംകള്‍ ഭൂരിപക്ഷമായത് നുഴഞ്ഞുകയറ്റത്തിലൂടെയാണെന്ന പ്രചാരണം സംസ്ഥാനത്ത് ഇന്ന് ശക്തമാണ്. മറുഭാഗത്ത്, കൃത്യമായ കണക്കുകള്‍ പ്രകാരം വെറും 2448 പേരെ മാത്രമാണ് നുഴഞ്ഞുകയറിയ കുറ്റത്തിന് ഐ.എം.ഡി.ടി നിയമപ്രകാരം ഇന്ത്യക്ക് ഇക്കണ്ട കാലത്തിനിടയിലുടനീളം നാടുകടത്താനായത്. അസം കരാര്‍ നടപ്പിലായതിനു ശേഷം 1985 മുതല്‍ക്കാണ് ട്രൈബ്യൂണലുകള്‍ സ്ഥാപിക്കപ്പെടുന്നതും സംശയിക്കപ്പെട്ടവരെ വിചാരണ നടത്താനാരംഭിച്ചതും. ആറു ലക്ഷം പരാതികള്‍ പോലീസിന് ലഭിച്ചെങ്കിലും അവയില്‍ പകുതിയോളവും വ്യാജമായിരുന്നുവെന്ന് പോലീസിനു തന്നെ അംഗീകരിക്കേണ്ടിവന്നു. ട്രൈബ്യൂണലില്‍ എത്തിയ കേസുകള്‍ മുക്കാല്‍ പങ്കും പൗരത്വ രേഖകളുടെ അടിസ്ഥാനത്തില്‍ തള്ളിയതിനു ശേഷം 38,000 പേരെ മാത്രമാണ് നാടു കടത്തപ്പെടാവുന്നവരായി പ്രാഥമിക വിചാരണയില്‍ കണ്ടെത്തിയത്. രേഖകള്‍ നഷ്ടപ്പെട്ടവരും ട്രൈബ്യൂണലില്‍ എത്താതിരുന്നവരും വിചാരണക്കിടെ മരണപ്പെട്ടവരുമായിരുന്നു ഇതില്‍ തന്നെ മഹാഭൂരിപക്ഷവും. ഈ കേസുകളാകട്ടെ അന്തിമമായി ഇനിയും തീര്‍പ്പ് കല്‍പ്പിച്ചിട്ടുമില്ല. പൗരത്വത്തിന് ഗ്രാമീണ മേഖലയില്‍ ഹാജരാക്കാനാവുന്ന എല്ലാതരം രേഖകളും ഒന്നിനു പുറകെ മറ്റൊന്നായി അന്വേഷണ ഉദ്യോഗസ്ഥര്‍ തള്ളിക്കളയുന്ന സാഹചര്യവും ഇപ്പോഴുണ്ട്. വിവാഹം കഴിപ്പിച്ചയക്കുന്ന സ്ത്രീകളുടെ കാര്യത്തില്‍ പഞ്ചായത്ത് ഓഫീസില്‍നിന്നും നല്‍കിപ്പോന്ന താമസരേഖയാണ് ഇതുവരെ ഭര്‍ത്താവിന്റെ ഗ്രാമത്തില്‍ അംഗീകരിച്ചിരുന്നതെങ്കില്‍ സംസ്ഥാന ഗവണ്‍മെന്റിന്റെ പുതിയ നിയമം പറയുന്നത് ഈ രേഖ പൗരത്വത്തിന്റെ അടിസ്ഥാനമായി അംഗീകരിക്കാനാവില്ലെന്നാണ്. കോടതി അത് ശരിവെക്കുകയും ചെയ്തിരിക്കുന്നു. 28 ലക്ഷം മുസ്ലിം സ്ത്രീകളും 20 ലക്ഷം ഹിന്ദു സ്ത്രീകളുമാണ് ഈ നിയമത്തിലൂടെ മാത്രം പൗരത്വ പ്രതിസന്ധി നേരിടുന്നത്.
രാഷ്്രടീയ പാര്‍ട്ടികള്‍ നിരത്തുന്ന ഇത്തരം പൊള്ളയായ ആരോപണങ്ങളുടെ ഈ നിജഃസ്ഥിതി ഒരു ഭാഗത്ത് തുറിച്ചുനോക്കുന്നതിനിടെയാണ് ഐ.എം.ഡി.ടി നിയമത്തെ ദുര്‍വ്യാഖ്യാനം ചെയ്ത് ഡി.വോട്ടര്‍ പട്ടിക എന്ന പേരില്‍ ഇന്ത്യയില്‍ എവിടെയുമില്ലാത്ത ഒരു സമ്പ്രദായം അസമില്‍ ഇടക്കാലത്ത് നടപ്പിലാക്കികൊണ്ടിരുന്നത്. പാര്‍ലമെന്റിന്റെയോ ജനാധിപത്യ-പൗരാവകാശ സംഘടനകളുടെയോ ശ്രദ്ധ ആകര്‍ഷിക്കാതെ പതിറ്റാണ്ടിലേറെ കാലം അസമില്‍ ഈ നെറികെട്ട സമ്പ്രദായം നിര്‍ബാധം അരങ്ങേറി. വോട്ടര്‍ പട്ടികയില്‍ ചിലരുടെ പേരുകള്‍ക്കു താഴെ കലക്ടറേറ്റിലിരിക്കുന്ന ഉദ്യോഗസ്ഥന്‍ ഒരു ചുവന്ന വരയിടുന്നതോടെയാണ് ഒരാള്‍ ഡി.വോട്ടര്‍ അഥവാ സംശയകരമായ വോട്ടര്‍ ആയി മാറിയിരുന്നത്. ഈ സംശയത്തിന്റെ അടിസ്ഥാനം സ്വാഭാവികമായും മുസ്ലിം നാമം മാ്രതമാണെന്നാണ് ഈ പട്ടികയുടെ പൊതു സ്വഭാവം തെളിയിച്ചത്. മകന്‍ ബംഗ്ലാദേശിയും പിതാവും സഹോദരങ്ങളുമൊക്കെ ഇന്ത്യക്കാരാവുകയും ചെയ്യുന്ന സാഹചര്യങ്ങള്‍ പോലും ഇങ്ങനെയുണ്ടായി. പിന്നീട് ഡി. വോട്ടര്‍മാരെ തേടി പോലിസ് എത്തിത്തുടങ്ങി. അവരില്‍ പലരെയും നാടു കടത്തുന്നതിന് മുന്നോടിയായുള്ള ക്യാമ്പുകളില്‍ എത്തിക്കാന്‍ തുടങ്ങി. അസമില്‍ എ.യു.ഡി.എഫ് എന്ന സംഘടനയുടെ രംഗപ്രവേശം ഉണ്ടായതിന്റെ മുഖ്യകാരണങ്ങളിലൊന്നു കൂടിയായിരുന്നു ഈ നരനായാട്ട്.
ഡി.വോട്ടര്‍ കോലാഹലം സൃഷ്ടിച്ച ദുരിതം ഒരു ഭാഗത്ത് നിലനില്‍ക്കുന്നതിനിടെയാണ് നിയമാതീതമായ കുടിയൊഴിപ്പിക്കലിന് പുതിയ നടപടിക്രമങ്ങളുമായി ബി.ജെ.പി സര്‍ക്കാര്‍ രംഗത്തെത്തുന്നത്. കാസിരങ്കയോടു ചേര്‍ന്ന് നൂറിലേറെ വര്‍ഷം പഴക്കമുള്ള, 1952-ല്‍ പണിത മദ്‌റസയും പള്ളിയുമുള്ള ബന്ദര്‍ദുബി ഉള്‍പ്പെടെ മൂന്ന് ഗ്രാമങ്ങള്‍ പോലീസിനെ ഉപയോഗിച്ച് ഒഴിപ്പിച്ചെടുത്ത സംഭവം ഉദാഹരണം. അന്നത്തെ വെടിവെപ്പില്‍ രണ്ട് പേരാണ് കൊല്ലപ്പെട്ടത്. തോക്കും ബുള്‍ഡോസറും ഉപയോഗിച്ച് ഇടിച്ചു നിരത്തി ഗ്രാമങ്ങളില്‍നിന്നും ആട്ടിയോടിച്ചുവെന്നല്ലാതെ ഈ ആളുകള്‍ക്ക് പുനരധിവാസമോ മറ്റു ആനുകൂല്യങ്ങളോ നല്‍കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല. കാസിരങ്ക വന്യമൃഗസംരക്ഷണ കേന്ദ്രത്തോടു ചേര്‍ന്ന ഈ ഗ്രാമങ്ങളെ പോലെ മുസ്ലിംകളുടേതല്ലാത്ത വേറെയും ഡസന്‍ കണക്കിന് ഈ മേഖലയിലുണ്ടെങ്കിലും അവരുടെ മേല്‍ കൈവെക്കാനുള്ള ധൈര്യം ബി.ജെ.പി സര്‍ക്കാറിനുണ്ടായിരുന്നില്ല. ദന്‍മന്ത, ആംചംഗ്, സിപാചാര്‍, ബന്ദര്‍ദുബിയില്‍ പോലുള്ള ഗ്രാമങ്ങളിലെ ഏഴ് ഹിന്ദു കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നേരത്തേ നല്‍കുകയും ചെയ്തിരുന്നു. മൃഗങ്ങള്‍ സഞ്ചരിക്കാനിടയുള്ള വനമേഖലയോടു ചേര്‍ന്ന ആള്‍ത്താമസങ്ങള്‍ ഒഴിപ്പിക്കണമെന്ന ഹൈക്കോടതി ഉത്തരവിന്റെ മറപിടിച്ചാണ് സോനുവാല്‍ സര്‍ക്കാര്‍ ഈ മനുഷ്യവേട്ടക്ക് ന്യായം സൃഷ്ടിച്ചെടുത്തത്. എന്നാല്‍ ഈ ഗ്രാമങ്ങള്‍ റവന്യൂ വില്ലേജുകളാണെന്ന് 1961-ല്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയതാണ്. ഇനി ആണെന്ന് വാദിച്ചാല്‍ പോലും വന്യമൃഗ സംരക്ഷണ കേന്ദ്രങ്ങളോടു ചേര്‍ന്ന ഗ്രാമങ്ങള്‍ മാ്രതമായിരുന്നില്ല ഒഴിപ്പിക്കപ്പെട്ടത്. അസമിലുടനീളം രണ്ട് ഡസനോളം മുസ്ലിം ഗ്രാമങ്ങളാണ് ബി.ജെ.പി സര്‍ക്കാര്‍ ബുള്‍ഡോസറുകള്‍ ഉപയോഗിച്ചു തകര്‍ത്തത്.
പൗരത്വ രജിസ്റ്റര്‍ വരുമ്പോള്‍
നിലവില്‍ പുറത്തുവന്ന പട്ടികയില്‍നിന്ന് പ്രധാനപ്പെട്ട മുസ്ലിം നേതാക്കളെയും പൗരത്വ രജിസ്റ്ററിനു വേണ്ടി വാദിച്ച ബി.ജെ.പി എം.എല്‍.എ ശൈലാദിത്യ ദേവിന്റേതുള്‍പ്പെടെ ചില ഹിന്ദു പ്രമുഖരെയും വിട്ടുകളഞ്ഞത് പൊടുന്നനെ സംസ്ഥാനത്തെ ഒരു പൊട്ടിത്തെറിയിലേക്ക് എടുത്തെറിയാതെ സഹായിച്ചുവെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. ഇനിയും കൂടുതല്‍ പേരുകള്‍ ചേര്‍ക്കാനുണ്ടെന്നും രേഖകളുടെ പരിശോധന പൂര്‍ത്തിയാക്കാനുണ്ടെന്നുമുള്ളതിന്റെ തെളിവായി ഈ പേരുകള്‍ രജിസ്റ്റര്‍ കോര്‍ഡിനേറ്റര്‍ പ്രതീക് ഹജേല ചൂണ്ടിക്കാട്ടുകയും ചെയ്തു. എന്നാല്‍ പട്ടികയില്‍ പേരില്ലെന്നറിഞ്ഞ് പരിഭ്രാന്തരായ ലക്ഷക്കണക്കിന് ആളുകള്‍ തുടര്‍ നടപടിക്രമങ്ങള്‍ക്കായി നേട്ടോട്ടമോടുകയാണ്. സംസ്ഥാനത്തെ രണ്ട് പ്രമുഖ മുസ്ലിം പാര്‍ലമെന്റംഗങ്ങളായ ബദ്‌റുദ്ദീന്‍ അജ്മലിന്റെയും സിറാജുദ്ദീന്‍ അജ്മലിന്റെയും പേരുകള്‍ക്കു പുറമെ കോണ്‍ഗ്രസ് എം.എല്‍.എയും നിയമസഭാ വിപ്പുമായ അബ്ദുല്‍ ഖാലിഖിന്റെ പേരും എം.എല്‍.എമാരായ ശഅ്ബാന്‍ അലി, അമീനുല്‍ ഇസ്ലാം, അബ്ദുര്‍റഹീം അജ്മല്‍, ഇല്‍യാസ് അലി, ആംസു സംഘടനയുടെ അധ്യക്ഷന്‍ അബ്ദുര്‍റഹ്മാന്‍, ജമാഅത്തെ ഇസ്ലാമി സംസ്ഥാന അമീര്‍ ഹാരിസ് അലി, ഇമാഅറത്തുശ്ശരീഅ അധ്യക്ഷന്‍ മുഫ്തി ഖൈറുല്‍ ഇസ്ലാം തുടങ്ങിയവരൊന്നും ആദ്യ പട്ടികയിലില്ല. ഉള്‍പ്പെടുത്തിയതിന്റെ എത്രയോ മടങ്ങ് മുസ്ലിം പേരുകള്‍ ഇനിയും ചേര്‍ക്കാന്‍ ഉണ്ടെന്നിരിക്കെ തല്‍ക്കാലം ഇനിയും പുറത്തുവരാനുള്ള അന്തിമ പട്ടികക്കു വേണ്ടി കാത്തുനില്‍ക്കുകയാണ് നല്ലതെന്ന നിലപാടാണ് മുസ്ലിം സംഘടനകളുടേത്. ഉള്‍പ്പെട്ട മുസ്ലിം പേരുകളില്‍ വ്യാപകമായ അക്ഷരത്തെറ്റുകളുള്ളതായും പരാതി ഉയരുന്നുണ്ട്. എന്നാല്‍ ഉള്‍പ്പെട്ട പേരുകളില്‍ ചിലത് വിട്ടുകളഞ്ഞവയുമായി ചേര്‍ത്തുവെക്കുമ്പോള്‍ അത്ഭുതപ്പെടുത്തുന്നുമുണ്ട്. അസമിലെ കൊടും തീവ്രവാദി സംഘടനയായ ഉള്‍ഫയുടെ നേതാവ് പരേഷ് ബറുവയുടെയും കുടുംബക്കാരുടെയും പേരുകള്‍ ഉദാഹരണം. ഇന്ത്യക്കെതിരെ ബാങ്കോക്ക് കേന്ദ്രീകരിച്ച് 37 വര്‍ഷമായി സായുധസമരം നയിക്കുന്ന സംഘടനയാണ് ഉള്‍ഫ എന്ന് അടിവരയിട്ടു വായിക്കുക.
നിലവില്‍ പുറത്തുവന്ന പട്ടികയില്‍ ഏകദേശം 15 ശതമാനം മുസ്ലിംകളാണ് സംസ്ഥാനത്തു നിന്നും ഇടം കണ്ടെത്തിയത്. ഏറിയാല്‍ ഇനിയും എത്രപേരെ കൂടി ഉള്‍പ്പെടുത്തുമെന്ന ചോദ്യമുയര്‍ത്തുന്ന ആശങ്ക അസമിലെ മുസ്ലിം ജില്ലകളിലുടനീളം ശക്തിപ്പെടുന്നുണ്ട്. ഉള്‍പ്പെട്ട പലരുടെയും കാര്യത്തില്‍ തന്നെയും തെറ്റിപ്പോയ പേരുകള്‍ ശരിപ്പെടുത്തുന്ന നടപടിക്രമങ്ങള്‍ക്ക് അടുത്ത അവസരം എപ്പോഴെന്ന് അറിയില്ല. ബോഡോലാന്റ് മേഖലയിലുളള മുസ്ലിം പ്രദേശങ്ങളില്‍നിന്നുള്ള പട്ടിക ഇനിയും പൂര്‍ത്തിയായിട്ടില്ല. നെല്ലി, കൊക്രജാര്‍ പോലുള്ള പ്രമാദമായ പല കൂട്ടക്കൊലകളുടെയും കാരണമായത് മുസ്ലിംകള്‍ ബംഗ്ലാദേശികളാണെന്ന ബോഡോകളുടെയും അസമി വിദ്യാര്‍ഥി സംഘടനകളുടെയും കുപ്രചാരണമായിരുന്നു. വിദേശിവിരുദ്ധ സമരവുമായി വിദ്യാര്‍ഥി സംഘടനകള്‍ പ്രക്ഷോഭം നടത്തുന്നതിനിടെ പ്രഖ്യാപിക്കപ്പെട്ട അസംബ്ലി തെരഞ്ഞെടുപ്പിനു മുന്നോടിയായി സംസ്ഥാനത്തെ ബംഗാളി ഭാഷ സംസാരിക്കുന്ന മുസ്ലിംകളെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയ ഇന്ദിരാ ഗാന്ധിയുടെ നീക്കമായിരുന്നു നെല്ലി ജില്ലയിലുടനീളം 1983 ഫെബ്രുവരിയില്‍ കൂട്ട കൊലപാതകത്തിന് വഴിയൊരുക്കിയത്. 2191 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് ഔദ്യോഗിക കണക്കുകളെങ്കിലും മരണസംഖ്യ 10,000 കടന്നുവെന്നായിരുന്നു അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍. വര്‍ഷങ്ങള്‍ക്കിപ്പുറം അന്നത്തെ വോട്ടേഴ്സ് ലിസ്റ്റ് പോലെ സുപ്രധാനമായ പൗരത്വ രേഖ പുറത്തുവരുമ്പോള്‍ വീണ്ടുമൊരിക്കല്‍ കൂടി അസമിന്റെ വംശീയ വൈരം പുറത്തുവരുമെന്ന ആശങ്ക സംസ്ഥാനത്തെ മുസ്ലിം കേന്ദ്രങ്ങളില്‍ പടരുന്നതിന്റെ കാരണവും പഴയ നെല്ലി ഓര്‍മകളാണ്. സംസ്ഥാനത്തെ മുസ്ലിം ജില്ലകളിലുടനീളം പട്ടാള യൂനിറ്റുകള്‍ വിന്യസിക്കപ്പെടുന്നത് ആസന്നമായ വംശീയ കലാപം മുന്നില്‍ കണ്ടിട്ടാവാമെന്ന ധാരണ ശക്തമാകുന്നുമുണ്ട്.
Comments