Prabodhanm Weekly

Pages

Search

2018 ജനുവരി 19

3035

1439 ജമാദുല്‍ അവ്വല്‍ 01

മുഹമ്മദ് ആമിര്‍ ഒരു കര്‍സേവകന്റെ പരിവര്‍ത്തനം

മുരളി കെ. മേനോന്‍

ബാബരി മസ്ജിദ് തകര്‍ത്ത കര്‍സേവകരില്‍ ഒരാളായിരുന്നു ബല്‍ബീര്‍ സിംഗ്. ഇന്ന്, മുഹമ്മദ് ആമിര്‍ എന്ന പേര് സ്വീകരിച്ച് നൂറ് മസ്ജിദുകള്‍ നിര്‍മിക്കുകയോ നവീകരിക്കുകയോ ചെയ്യുകയെന്ന ശപഥം സഫലമാക്കുന്ന തിരക്കിലാണ് അദ്ദേഹം.

ഉന്മാദത്തെ കുറിച്ചാണ് ചര്‍ച്ച. വ്യക്തിക്കുമേല്‍ ചെലുത്തുന്ന സ്വാധീനവും അതേ കുറിച്ച ആലോചനയുണ്ടാക്കുന്ന ഭീതിയും തന്നെ മതി ആരെയും ഭ്രാന്തുപിടിപ്പിക്കാന്‍...

ശാരീരികമായി സവിശേഷതകളേറെയില്ലാത്ത, എന്നാല്‍ ചരിത്രത്തിലും രാഷ്ട്രമീമാംസയിലും ഇംഗ്ലീഷ് ഭാഷയിലും മാസ്റ്റേഴ്‌സ് ബിരുദങ്ങള്‍ സ്വന്തമായുള്ള, ഇടവിട്ട് തീര്‍ഥയാത്ര പതിവാക്കിയ മുഹമ്മദ് ആമിറിന് കൃത്യമായ ധാരണയുണ്ടാകണം എന്തിനെ കുറിച്ചാണ് സംസാരമെന്ന്. കാരണം, ഏറെ മുമ്പ്, അതായത് കാല്‍നൂറ്റാണ്ട് മുമ്പ് ഒരു ഉന്മാദം അദ്ദേഹത്തിന് കൂട്ടായുണ്ടായിരുന്നു.

രാത്രി ഏറെ വൈകി, മാലേഗാവില്‍ ആമിറിന്റെ സുഹൃത്തിന്റെ അലങ്കരിച്ച ഓഫീസിലാണ് ഞങ്ങള്‍ ഇരിക്കുന്നത്. ഒരു മെക്കാനിക്ക്, ചില വ്യാപാരികള്‍, ഏതും തന്റെ വഴിയിലെത്തിക്കാന്‍ ശേഷിയുള്ള മാലേഗാവിലെ ജൂനിയര്‍ കോളേജിന്റെ വായാടിയായ പ്രിന്‍സിപ്പല്‍ തുടങ്ങിയവരാണ് ഒപ്പമുള്ളത്. 

അന്ന് വൈകുന്നേരം മാധവ്പുരയിലെ മക്കാ മസ്ജിദില്‍ ആമിറിന് പ്രഭാഷണമുണ്ടായിരുന്നു. ഭൂമിക്കു താഴെയും മേലെയുമുള്ള എന്തിനെ കുറിച്ചും ആമിര്‍ സംസാരിക്കുമെന്ന് സദസ്യരിലൊരാള്‍. പരലോക ചിന്ത, ഇസ്‌ലാമിക ദര്‍ശനം, മുസ്‌ലിംകളുടെ പെരുമാറ്റം തുടങ്ങിയവയെ കുറിച്ചാണ് സംസാരമേറേയും. പക്ഷേ, ഇപ്പോഴും ആമിറിനെ വേദിയിലെത്തിക്കുന്നത് അതൊന്നുമല്ല, തന്നെ പരിവര്‍ത്തിപ്പിച്ച പഴയ കാലത്തെ കുറിച്ച വേട്ടയാടുന്ന ഓര്‍മകളാണ്. 

25 വര്‍ഷം മുമ്പ് അദ്ദേഹം മുഹമ്മദ് ആമിറായിരുന്നില്ല, ബല്‍ബീര്‍ സിംഗായിരുന്നു. ബാബരി മസ്ജിദിന്റെ താഴികക്കുടങ്ങള്‍ക്കു മേല്‍ വലിഞ്ഞുകയറി ആദ്യ ആഘാതമേല്‍പിച്ച അപൂര്‍വം വ്യക്തികളിലൊരാള്‍ എന്നതായിരുന്നു അന്ന് പ്രധാന വിശേഷണം. തന്റെ സ്വന്തം ആളുകളെന്ന് ബാല്‍ താക്കറെ മഹത്വപ്പെടുത്തിയ കര്‍സേവകരിലൊരാള്‍.

'ഞാന്‍ ഒരു രജപുത്രനാണ്. പാനിപ്പത്തിനു സമീപത്തെ ഗ്രാമത്തിലായിരുന്നു ജനനം'- അദ്ദേഹം പറഞ്ഞു തുടങ്ങി. 'സ്‌കൂള്‍ അധ്യപകനായ ദൗലത് റാം ആയിരുന്നു പിതാവ്. ഗാന്ധിയന്‍ ആശയങ്ങളില്‍ അടിയുറച്ചയാള്‍. വിഭജനത്തിന്റെ മുറിവുകള്‍ കണ്ടറിഞ്ഞതിനാല്‍ തന്റെ നാട്ടിലെ മുസ്‌ലിംകള്‍ക്ക് അന്ന് സുരക്ഷയൊരുക്കാന്‍ മുന്നില്‍നിന്ന വ്യക്തി. ഞാനും മൂന്ന് മുതിര്‍ന്ന സഹോദരന്മാരും പിതാവിന്റെ വഴിയെ നീങ്ങണമെന്നായിരുന്നു പിതാവിന്റെ മോഹം.' 

ബല്‍ബീറിന് 10 വയസ്സുള്ളപ്പോഴാണ് സെക്കന്ററി വിദ്യാഭ്യാസത്തിന് സൗകര്യം കണക്കിലെടുത്ത് കുടുംബം ഗ്രാമം വിട്ട് പാനിപ്പത്തിലേക്ക് ചേക്കേറുന്നത്. ഹരിയാനയുടെ ഗ്രാമീണ മേഖലകളില്‍നിന്ന് കുടിയേറുന്നവരെ, വിശിഷ്യാ കുട്ടികളെ ശത്രുതയോടെ കണ്ട പട്ടണമായിരുന്നു പാനിപ്പത്ത്. ഗ്രാമീണ വേഷവും  കാഴ്ചയിലെ വ്യത്യാസവും നിരന്തരം പരിഹസിക്കപ്പെട്ടു. ആര്‍.എസ്.എസ്സില്‍ അംഗത്വമെടുത്ത് ശാഖയില്‍ പോയിരുന്നു ഞാന്‍.'

അതും കഴിഞ്ഞ് ഒരു പതിറ്റാണ്ടിനിപ്പുറം ശിവസേന അംഗത്വവുമെടുക്കുകയുായി. സഹോദരനൊപ്പം നെയ്ത്ത് വ്യവസായത്തില്‍ സജീവമായി. വിവാഹവും നടന്നു. തൊഴില്‍ ഒരുവശത്ത് നടക്കുമ്പോള്‍ തന്നെ മുടക്കമില്ലാതെ പഠനവും പുരോഗമിച്ചപ്പോള്‍ റോഹ്തകിലെ മഹര്‍ഷി വാഴ്‌സിറ്റിയില്‍നിന്ന് സ്വന്തം പേരിനൊപ്പം ചേര്‍ത്തത് മൂന്ന് മാസ്റ്റേഴ്‌സ് ബിരുദങ്ങള്‍. 'മധ്യവര്‍ഗ കുടുംബങ്ങളിലെ പതിവു ജീവിത കാഴ്ച തന്നെയായിരുന്നു എന്റെയും. പക്ഷേ, ഗാന്ധിയന്‍ ദര്‍ശനങ്ങള്‍ മുറുകെ പിടിച്ച കുടുംബത്തില്‍ വേറിട്ട ചിന്താധാരക്കൊപ്പം നിന്നതില്‍ അകത്ത് അമര്‍ഷം പുകഞ്ഞുനിന്നു.' 

ഞാന്‍ തീവ്ര ഹിന്ദുത്വ അനുഭാവിയാണെന്നാണ് ജനം കരുതിയതെങ്കിലും പിതാവ് വിഗ്രഹാരാധനയില്‍ വിശ്വസിക്കാത്തതിനാല്‍ ആരും അമ്പലത്തില്‍ പോയിരുന്നില്ല. ഗീതയുടെ ഒരു പ്രതി വീട്ടിലുണ്ടായിരുന്നുവെങ്കിലും അപൂര്‍വമായാണ് അത് പാരായണം ചെയ്തിരുന്നത്. ബാബര്‍, ഔറംഗസീബ് തുടങ്ങിയ അധിനിവേശകര്‍ നടത്തിയ ചരിത്രപരമായ കളങ്കങ്ങളോടായിരുന്നു അമര്‍ഷമത്രയും. 

ഈ ധാരണകള്‍ അത്രക്ക് ആഴത്തില്‍ വേരുപിടിച്ചതിനാല്‍ എന്റെ മനസ്സു മാറ്റല്‍ എളുപ്പമായിരുന്നില്ല. ആള്‍ക്കൂട്ടം അനുഷ്ഠിക്കുന്നതല്ലാതെ എന്തെങ്കിലും ചെയ്തുപോയാല്‍ 'നീ മുസ്‌ലിമായോ' എന്നു ചോദിക്കുംവിധം മനസ്സു മാറിയവര്‍ക്കിടയിലാണ് ജീവിതം. മുസ്‌ലിംകള്‍ ഇന്ത്യക്കുപുറത്തുനിന്ന് വന്നവരാണെന്നും നമ്മുടെ ഭൂമി പിടിച്ചുപറിക്കുകയും അമ്പലങ്ങള്‍ കൊള്ളയടിക്കുകയും ചെയ്തവരാണെന്നും ഞാനും വിശ്വസിച്ചു. 

അതിരുവിട്ട പൗരുഷത്തെ വീരാരാധനയോടെ കണ്ട ഹരിയാന പോലൊരു സംസ്ഥാനത്ത് സ്വയം തെളിയിക്കണമെന്ന വാഞ്ഛ സ്വാഭാവികമായും എന്നിലുമുണര്‍ന്നു. ഡിസംബര്‍ ആദ്യത്തില്‍ അയോധ്യയിലേക്ക് പോകുമ്പോള്‍ വല്ലതും ചെയ്യാതെ തിരിച്ചുവന്നേക്കരുതെന്നായിരുന്നു സുഹൃത്തുക്കളുടെ നിര്‍ദേശം. അന്ന് രഹസ്യാന്വേഷണ വിഭാഗം നിരീക്ഷണമേര്‍പ്പെടുത്തിയ ഒരാളായിരുന്നു ബല്‍ബീര്‍.

ഡിസംബര്‍ അഞ്ചിന് അയോധ്യ ബഹളമയമായിരുന്നുവെന്ന് ബല്‍ബീര്‍ ഓര്‍ക്കുന്നു. അയോധ്യയും ഫൈസാബാദും വി.എച്ച്.പിയുടെ നിയന്ത്രണത്തിലായിരുന്നു. 'ആയിരക്കണക്കിന് കര്‍സേവകര്‍ക്കൊപ്പമായിരുന്നു ഞാനും താമസിച്ചത്. സിന്ധി സമുദായ ദേവതയായ ഝുലേലാലിനെ ആരാധിച്ച അദ്വാനിയെ ഹിന്ദുവായി ഞങ്ങള്‍ കണക്കാക്കിയതേയില്ല. ഉമാ ഭാരതി വൈകാരികതയുടെ പ്രതീകമായിരുന്നു. സുഹൃത്ത് യോഗേന്ദ്ര പാലിനൊപ്പമായിരുന്നു എന്റെ താമസം. വല്ലതും ചെയ്‌തേ പറ്റൂ എന്നതായിരുന്നു ഞങ്ങളുടെ മനസ്സ്.' 

തൊട്ടുപിറ്റേ ദിവസത്തെ കുറിച്ചും വേദന ചാലിച്ച ചിലതുണ്ട് ഓര്‍മകളായി ബല്‍ബീറിന്റെ ഉള്ളില്‍. ഉയരുന്ന മുദ്രാവാക്യം വിളികളും കാവലിരിക്കുന്ന പോലീസ് ഉദ്യോഗസ്ഥരെ പരിഹസിക്കുന്നതും പിന്നെ ഭ്രാന്തുപിടിച്ച് മസ്ജിദിനു നേരെ പാഞ്ഞടുക്കുന്നതും താഴികക്കുടത്തിനു മുകളില്‍ കയറിപ്പറ്റി ചെയ്തതുമെല്ലാം. 

'ഒരു മൃഗമായിരുന്നു അന്ന് ഞാന്‍. അകലെ നിന്ന് ഒരു ഹെലികോപ്റ്റര്‍ വന്നടക്കുന്നത് കണ്ടപ്പോള്‍ മാത്രമാണ് ചെറുതായെങ്കിലും ഉള്ളില്‍ ആധി പടര്‍ന്നത്. താഴെനിന്നുയര്‍ന്ന ആര്‍പ്പുവിളികള്‍ അതും കെടുത്തി. വീര്യം വര്‍ധിതമായി തിരിച്ചുകിട്ടിയതോടെ പിക്ആക്‌സുമെടുത്ത് പിന്നെയും ജോലി തുടര്‍ന്നു.'

പാനിപ്പത്തില്‍ തിരിച്ചെത്തുമ്പോള്‍ ബല്‍ബീറിനെയും യോഗേന്ദര്‍ പാലിനെയും കാത്ത് രാജോചിത വരവേല്‍പാണ് ഒരുങ്ങിയത്. അയോധ്യയില്‍നിന്ന് അവര്‍ പെറുക്കിയ രണ്ട് ഇഷ്ടികകള്‍ ശിവസേനയുടെ പ്രാദേശിക ഓഫീസില്‍ ആദരപൂര്‍വം സൂക്ഷിച്ചുവെച്ചു. വീട്ടിലെത്തിയപ്പോള്‍ പക്ഷേ, പിതാവിന് പറയാനുണ്ടായിരുന്നത് മറ്റൊന്നായിരുന്നു. ഈ വീട്ടില്‍ ഒന്നുകില്‍ നീ, അല്ലെങ്കില്‍ ഞാന്‍. ഒരാള്‍ വീടുവിട്ടേ പറ്റൂ. അത് ഞാന്‍ തന്നെയാകട്ടേയെന്നായി എന്റെ തീരുമാനം. ഭാര്യയുടെ മുഖത്തേക്ക് അനുതാപം പ്രതീക്ഷിച്ച് നോക്കിയെങ്കിലും അവരും ഉറച്ചുനിന്നു. അതോടെ ഒറ്റക്ക് വീടുവിട്ടിറങ്ങി. രാജ്യം കലാപത്തീയില്‍ വെന്തുനീറുന്ന ദിനങ്ങളില്‍ മുസ്‌ലിംകളുടെ കൈകളില്‍പെടാത്തിടം നോക്കിയായിരുന്നു അഭയം തേടിയത്. കൊടുംതണുപ്പ് പുതച്ചുനിന്ന വയലുകളിലും തകര്‍ന്നുവീഴാറായ പഴയ കെട്ടിടങ്ങളിലും ഓവുചാല്‍ പരിസരങ്ങളിലും മറ്റും ഏകാന്തനായി കഴിച്ചുകൂട്ടിയ ദിനങ്ങള്‍. 

തലപ്പാവണിഞ്ഞ ആരെ കണ്ടാലും ചകിതനായിനിന്നു. മാസങ്ങളുടെ അലച്ചിലിനൊടുവില്‍ പിതാവ് മരണപ്പെട്ടെന്ന് അറിഞ്ഞ് വീട്ടില്‍ തിരിച്ചെത്തി. പക്ഷേ, കുടുംബം എന്നെ കൈയൊഴിഞ്ഞെന്ന തിരിച്ചറിവിലേക്കായിരുന്നു വാഹനമിറങ്ങിയത്. മരണാനന്തര ചടങ്ങുകളില്‍ പങ്കെടുപ്പിക്കരുതെന്ന് പിതാവ് പ്രത്യേകം ഒസ്യത്ത് നല്‍കിയിരുന്നു. പിതാവ് മരിച്ചതു പോലും ഞാന്‍ കാരണമാണെന്നും കുടുംബം കരുതി. 

ഇതിലേറെ വലിയ ഞെട്ടല്‍ ബല്‍ബീറിനെ കാത്ത് വരാനിരിക്കുന്നതേയുണ്ടായിരുന്നുള്ളൂ. അയോധ്യയില്‍ ഒപ്പം വന്ന സുഹൃത്തും എല്ലാറ്റിലും പങ്കാളിയുമായിരുന്ന യോഗേന്ദ്ര പാല്‍ മുസ്‌ലിമായിരിക്കുന്നു. ഡിസംബര്‍ ആറിന്റെ തുടര്‍ച്ചയായി രാജ്യത്ത് അരങ്ങേറിയ സംഭവവികാസങ്ങള്‍ യോഗേന്ദ്ര പാലിന്റെ മനസ്സിനെ വല്ലാതെ ഉലച്ചുകളഞ്ഞിരുന്നു. ഇസ്‌ലാം സ്വീകരിച്ചപ്പോള്‍ മാത്രമാണ് ആശ്വാസം കൈവന്നതെന്നായിരുന്നു ചെന്നു കണ്ട ബല്‍ബീറിനോട് സുഹൃത്തിന്റെ മറുപടി. 'അവനോട് സംസാരിക്കുമ്പോള്‍ ഞാന്‍ ചെയ്ത തിന്മകള്‍ കാരണം എനിക്കും ഭ്രാന്തു പിടിക്കുമോ എന്ന ശങ്ക പതിയെ എന്നെ വേട്ടയാടിത്തുടങ്ങി. സത്യത്തില്‍, ഭ്രാന്ത് എന്നെയും ആവേശിച്ചുതുടങ്ങിയിരുന്നോ?'

പാലിന്റെ നിര്‍ദേശപ്രകാരമാണ് ആറു മാസം കഴിഞ്ഞ് 1993 ജൂണില്‍ സോനെപട്ടിലെ മൗലാന കലീം സിദ്ദീഖിയെ ചെന്നുകാണുന്നത്. അദ്ദേഹമായിരുന്നു സുഹൃത്തിന് ഇസ്‌ലാം പകര്‍ന്നുനല്‍കിയത്.  

മുസഫര്‍നഗറിനു സമീപത്തെ ഫുലട്ട് ആസ്ഥാനമായുള്ള ജംഇയ്യത്തെ ഇമാം വലിയ്യുല്ലാ ട്രസ്റ്റ് ഫോര്‍ ചാരിറ്റി ആന്റ് ദഅ്‌വ എന്ന സംഘടനയുടെ അമരക്കാരനാണ് സിദ്ദീഖി. ഉത്തരേന്ത്യയില്‍ നിരവധി മദ്‌റസകളും സ്‌കൂളുകളും സംഘടനക്കു കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സോനെപട്ടില്‍ ഒരു പരിപാടിക്കെത്തിയ സിദ്ദീഖിയെ ചെന്നുകണ്ട് ബല്‍ബീര്‍ വിഷയങ്ങള്‍ ഉണര്‍ത്തി. ഫുലട്ടിലെ മദ്‌റസയില്‍ കുറഞ്ഞ സമയം വന്നുതാമസിക്കാന്‍ അനുവദിക്കുമോ എന്നും ചോദിച്ചു. 'മതംമാറ്റം മനസ്സിലുണ്ടായിരുന്നോ എന്നറിയില്ല. എന്നിരുന്നാലും അദ്ദേഹം സമ്മതം മൂളി. ഒരു പള്ളി പൊളിക്കാന്‍ കൂട്ടുനിന്ന തനിക്ക് നിരവധി പള്ളികള്‍ നിര്‍മിക്കാനാവുമെന്ന് അദ്ദേഹം പറഞ്ഞു. ലളിതമായ വാക്കുകള്‍. ഞാന്‍ ഇരുന്ന് കരയാന്‍ തുടങ്ങി.' മദ്‌റസയില്‍ മാസങ്ങള്‍ ചെലവിട്ടതിനൊടുവില്‍ മുഹമ്മദ് ആമിര്‍  പുതിയ ദര്‍ശനം മനസ്സിലേറ്റുവാങ്ങി അവിടെനിന്ന് മടങ്ങി. 

'ജീവിതം അന്നു മുതല്‍ ട്രാക്കില്‍ തിരിച്ചെത്തി' - ആമിര്‍ പറഞ്ഞു. 

ഫുലട്ടിലായിരിക്കെ ആമിര്‍ അറബി ഭാഷയും ഖുര്‍ആനും പഠിച്ചു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദധാരിയായതിനാല്‍ അവിടെ അധ്യാപകനുമായി. 1993 ആഗസ്റ്റില്‍ കുടുംബത്തിലേക്ക് മടങ്ങി. ഭാര്യക്കൊപ്പം അതേ വര്‍ഷം തിരികെ ഫുലട്ടില്‍ തിരിച്ചെത്തി. അവരും ഇസ്‌ലാം സ്വീകരിച്ചു. നാലു മക്കളും പിറക്കുന്നത് ഇവിടെവെച്ചാണ്. 

കുടുംബപരമായ കാരണങ്ങളാല്‍ വിവാഹബന്ധം വേര്‍പ്പെടുത്തിയ ശേഷം, വിധവയായിരുന്ന ഷഹ്‌നാസ് ബീഗത്തെ വിവാഹം ചെയ്തു. ഇപ്പോഴും കുടുംബത്തെ കാണാന്‍ ഓരോ മാസവും പാനിപ്പത്തിലെത്തും. 

1993-നും 2017-നുമിടയില്‍ ഉത്തരേന്ത്യയില്‍ വിശിഷ്യാ, മേവാത്തില്‍ നിരവധി മസ്ജിദുകള്‍ വലിയ്യുല്ലാഹ് ട്രസ്റ്റിന്റെ സഹായത്തോടെ പുനരുദ്ധരിച്ചതായി അദ്ദേഹം പറയുന്നു. ഉത്തര്‍ പ്രദേശിലെ ഹത്രാസിനു സമീപം മെണ്ടുവിലെ മസ്ജിദിന്റെ നവീകരണം ഇതില്‍ ഏറെ അഭിമാനം നല്‍കുന്നു. യു.പിയില്‍ വഖ്ഫ് ബോര്‍ഡ് പോലുമറിയാതെ വഴിയാധാരമായി കിടക്കുന്ന നിരവധി മസ്ജിദുകള്‍ നവീകരണം കാത്ത് കഴിയുന്നുവെന്ന് അദ്ദേഹം പറയുന്നു. അത്തരം ഇടങ്ങള്‍ തിരിച്ചറിഞ്ഞ് പുനരുദ്ധരിച്ച് ആരാധന പുനഃസ്ഥാപിക്കലാണ് ഇപ്പോള്‍ ലക്ഷ്യം. മദ്‌റസകളും അനുബന്ധമായി ചിലയിടങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ട്. വിദ്യാഭ്യാസത്തോടുള്ള അലസതയാണ് മുസ്‌ലിംകള്‍ നേരിടുന്ന വലിയ ശാപമെന്നാണ് ആമിറിന്റെ പക്ഷം. നൂറ് മസ്ജിദുകള്‍ നിര്‍മിക്കുകയോ നവീകരിക്കുകയോ ചെയ്യണമെന്നാണ് മോഹം. 

ആരോഗ്യവും സമയവും അനുവദിച്ചാല്‍ ഇസ്‌ലാമിനെ പരിചയപ്പെടുത്തി സംസാരിക്കുന്നതും ഇഷ്ടമാണ്. 'അമാന്‍' അഥവാ സമാധാനമാണ് പ്രധാനമായും പ്രഭാഷണ വിഷയം. കാരണം ഇസ്‌ലാം ആമിറിന് നല്‍കിയതത്രയും സമാധാനമാണ്. ഒരുകാലത്ത്, കടുത്ത മുസ്‌ലിം വിരോധം വെച്ചുപുലര്‍ത്തിയ ഹിന്ദുവായിരുന്നു താനെന്നും അജ്ഞത മാത്രമായിരുന്നു കാരണമെന്നും അത്തരക്കാര്‍ രാജ്യത്ത് കുറവാണെന്നും ബോധ്യപ്പെടുത്താനും ശ്രമിക്കും. 

പ്രകോപനമല്ല, ക്ഷമയാണ് മാര്‍ഗമെന്നും ആമിര്‍ ഉപദേശിക്കുന്നു. നീണ്ട 25 വര്‍ഷം നടത്തിയത് സ്വയം ക്ഷമിക്കാനുള്ള വഴി തേടിയുള്ള യാത്രയായിരുന്നോ? 

(മുംബൈ മിററില്‍ പ്രസിദ്ധീകരിച്ച ലേഖനം. വിവ: മന്‍സൂര്‍)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-27 / അന്നംല് - (67-75)
എ.വൈ.ആര്‍

ഹദീസ്‌

കടബാധ്യതക്ക് പരിഹാരമായി പ്രാര്‍ഥന
ഇബ്‌റാഹീം ശംനാട്‌