ഡിജിറ്റല്‍ ഇന്ത്യയുടെ പുറം പോക്കുകള്‍
'ഡിജിറ്റല്‍ ഇന്ത്യ' എന്നത് ഒരു വഞ്ചനയുടെ രാഷ്ട്രീയം കൂടിയാണ്. നാനാമേഖലകളിലായി മനുഷ്യകുലത്തെ ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ വലയില്‍ കുരുക്കാനും ചൂഷണം ചെയ്യാനുമുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. എളുപ്പത്തില്‍ വിവരങ്ങള്‍ അറിയാനുള്ള സൗകര്യമാണ് ഇന്റര്‍നെറ്റ് എന്നത് സാധാരണക്കാരുടെ വിവരക്കേടാണ്. സെക്കന്റുകളേക്കാള്‍ വേഗതയേറിയ 'മൈക്രോ ഫാക്ഷന്‍ ഓഫ് മൊമെന്റുകളില്‍' തന്നെ കോടിക്കണക്കിന് ലാഭം കൊയ്യാനുള്ള ബിസിനസാണ് ഇന്റര്‍നെറ്റ്. ഏറ്റവും വലിയ ഇന്റര്‍നെറ്റ് സെര്‍ച്ച് എഞ്ചിനായ 'ഗൂഗിള്‍' എന്ന ഇംഗ്ലീഷ് പദത്തിന്റെ അര്‍ഥം തന്നെ അതാണ് സൂചിപ്പിക്കുന്നത്. ഒന്ന് എന്ന അക്കത്തിന് ശേഷം നൂറ് പൂജ്യങ്ങള്‍ ഇട്ടാല്‍ എത്രയാണോ അത്രയാണ് ഗൂഗിള്‍. മലയാളത്തില്‍ ആ സംഖ്യാമൂല്യത്തിന് 'ജലധി' എന്നാണ് പറയുക. അതായത് ലോകത്തിലെ ആകെ ജലകണങ്ങളുടെ അത്ര എണ്ണം എന്ന് സാരം. അസംഖ്യം എന്ന് പറയലാവും ഉചിതം. നമ്മുടെ ദേശീയഗാനത്തില്‍ 'ജലധിതരംഗ' എന്നൊരു പരാമര്‍ശം കാണാം. സത്യത്തില്‍ ടാഗോര്‍, അനന്തമവര്‍ണനീയം എന്ന അര്‍ഥത്തിലാണ് അത് ഉപയോഗിച്ചതെങ്കില്‍ മോദികാലത്ത് അതിന്റെ രാഷ്ട്രീയസാരങ്ങള്‍ മാറുകയാണ്.
1980-കളിലെ ഒരു സൂപ്പര്‍ കമ്പ്യൂട്ടറിനേക്കാള്‍ ശേഷിയുണ്ട് ഇന്ന് പുറത്തിറങ്ങുന്ന ഒരു ഐഫോണ്‍ സിക്സിന് എന്ന് വരുമ്പോള്‍ ഈ പറഞ്ഞതിന്റെ അര്‍ഥം ഒന്നുകൂടി വ്യക്തമാവും. ഇത്തരത്തിലുള്ള സാങ്കേതികവികാസങ്ങള്‍ പൊതുസമൂഹത്തിന് വേണ്ടിയല്ല മോദിയുടെ 'ഡിജിറ്റല്‍ ഇന്ത്യാപദ്ധതി' നടപ്പിലാക്കുന്നത്. മറിച്ച് വന്‍കിട കമ്പനികള്‍ക്ക് വേണ്ടി ഇന്ത്യന്‍ മസ്തിഷ്‌കം തീറെഴുതിക്കൊടുക്കുകയാണ്. പൗരന്മാരുടെ സമയം എങ്ങനെ ചെലവഴിക്കപ്പെടണം എന്ന് ഇനി അവര്‍ തീരുമാനിക്കും. പൗരന്മാരുടെ ഇഷ്ടം, അനിഷ്ടം, പഠനം, വിദ്യാഭ്യാസം, ഉറക്കം, വിവാഹം, പ്രണയം തുടങ്ങി സകലതും ഡിജിറ്റലൈസ് ചെയ്യപ്പെടുകയാണ് എന്ന് തന്നെയാണ് ആ പ്രയോഗത്തിന്റെ സാരം. അപ്പോള്‍ നമുക്ക് നമ്മുടെ തന്നെ സ്വത്വം നഷ്ടപ്പെടും. മറ്റുള്ളവരാല്‍ ജീവിതം തീരുമാനിക്കപ്പെടുന്നവരുടെ ഇന്ത്യ എന്ന് കൂടി അതിന് അധികാര്‍ഥം വരികയും ചെയ്യും.
മോദിയും ഐ.ടി വ്യവസായം കെട്ടിപ്പടുക്കാന്‍ രൂപീകരിച്ച കമ്പനിയായ നാസ്‌കോയും പറയുന്നത് ഇന്ത്യയൊട്ടാകെ നെറ്റ് കണക്റ്റിവിറ്റിയും കമ്പ്യൂട്ടറും സ്മാര്‍ട്ട്ഫോണും എത്തിച്ചാല്‍ ദാരിദ്ര്യം ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരമാവും എന്നാണ്. നെറ്റും ഫോണും കിട്ടുന്നതോടെ അവര്‍ അവരുടെ ഒട്ടിയ വയര്‍ സെല്‍ഫിയെടുത്ത് നെറ്റിലിട്ടാല്‍ പ്രശ്‌നങ്ങള്‍ തീരുമോ? നെറ്റെത്തിക്കാന്‍ ശ്രമിക്കുന്ന പണവും സമയവുമുണ്ടെങ്കില്‍ അങ്ങോട്ടേക്കൊക്കെ അരിയും ഗോതമ്പുമെത്തിക്കാം എന്നതാണ് വാസ്തവം. മാത്രമല്ല; സ്വന്തമായി രേഖകളില്‍ ഒപ്പിടാന്‍ പോലും അറിയാത്ത ജനവിഭാഗം തങ്ങളുടെ ഇല്ലായ്മകള്‍ ഭരണാധികാരികളെ കമ്പ്യൂട്ടര്‍ മുഖേന അറിയിക്കും എന്ന വങ്കത്തം വിശ്വസിക്കാന്‍ വിധിക്കപ്പെട്ടുകഴിഞ്ഞിരിക്കുന്നു നമ്മള്‍. ഇന്ത്യയുടെ തൊഴിലില്ലായ്മക്ക് പരിഹാരമാവാനും 'ഡിജിറ്റല്‍ ഇന്ത്യ'ക്കാര്‍ കാരണമാവും എന്നാണ് അവരുടെ ന്യായീകരണം. ഇതിനെ പരിഹസിച്ചു കൊണ്ട് കുല്‍ദ്വീപ് നയാര്‍ എഴുതി: 'ശരിയാണ്, തൊഴിലില്ലാത്തവരെല്ലാം പട്ടിണികിടന്ന് മരിച്ചുപോവുന്നതിനാല്‍ ആ പ്രശ്നം തീര്‍ന്നു കിട്ടും.'
മോദിയുടേത് ഗീര്‍വാണങ്ങള്‍ മാത്രമാണെന്നും ഇന്ത്യ തങ്ങള്‍ക്ക് പറ്റിയ മണ്ണല്ലെന്നും മനസ്സിലാക്കി ധാരാളം വന്‍കിട ഡിജിറ്റല്‍ കമ്പനികള്‍ ഇന്ത്യവിട്ടു തുടങ്ങി എന്നതും കൂടി ചേര്‍ത്തു വായിക്കണം. ഒടുവിലത്തെ വിവരങ്ങള്‍ക്കനുസരിച്ച് ഇങ്ങോട്ടേക്ക് വന്ന 30-ലധികം വിദേശ ബിസിനസ് സോഫ്റ്റ്‌വെയര്‍ സ്റ്റാര്‍ട്ട് അപ്പ് കമ്പനികളില്‍ ഒമ്പതെണ്ണം രാജ്യം വിട്ടുകഴിഞ്ഞു. ബാക്കിയുള്ളവയും സിലിക്കണ്‍ വാലിയിലേക്കടക്കം വിദേശ രാജ്യങ്ങളിലേക്ക് ചേക്കേറാനൊരുങ്ങുകയാണ്. ആവശ്യമായ സൗകര്യങ്ങളൊന്നും ഇവിടെയില്ല എന്നു തന്നെയാണവര്‍ പറയുന്നത്. പത്ത് ശതമാനം ജനങ്ങള്‍ക്ക് പോലും കമ്പ്യൂട്ടറില്ലാത്ത ഇന്ത്യയില്‍ തങ്ങള്‍ എന്തുചെയ്യാനാണ് എന്നാണ് ആപ്പിളും മൈക്രോസോഫ്റ്റുമെല്ലാം ചോദിക്കുന്നത്. അതേസമയം, അനുകൂലമായ ഇന്ത്യയിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ മുതലെടുത്ത് പരമാവധി ഇന്ത്യയൊട്ടാകെ സ്മാര്‍ട്ട് ഫോണുകള്‍ വിറ്റു ചെലവാക്കാനാണ് പല വിദേശകമ്പനികളും ശ്രമിക്കുന്നത്. ഇന്ത്യന്‍ നിര്‍മിത ഉല്‍പ്പന്നങ്ങള്‍ എട്ടുനിലയില്‍ പൊട്ടുമ്പോള്‍ വിദേശകമ്പനികള്‍ അവസാനം ഉള്ള ലാഭവും ഊറ്റിക്കുടിച്ച് രംഗം വിടുകയാണ്. വമ്പന്‍ സ്രാവുകള്‍ വന്ന് വിപണി കീഴടക്കുന്ന അവസ്ഥ മാറ്റിയില്ലെങ്കില്‍ ഇന്ത്യയില്‍ ഐ.ടി രംഗം എന്ന് പറയുന്ന ഒന്ന് ബാക്കിയുണ്ടാവില്ല എന്നാണ് ബാംഗ്ലൂരിലെയും ഹൈദരാബാദിലെയും ഐ.ടി വിദഗ്ധര്‍ പറയുന്നത്. ക്ലച്ച് പിടിക്കാന്‍ സാധ്യതയുള്ള എല്ലാ ഇന്ത്യന്‍ സ്റ്റാര്‍ട്ട് അപ് കമ്പനികളെയും കേന്ദ്രഭരണകൂടത്തിന്റെ തന്നെ ഒത്താശയോടെ വിദേശകമ്പനികള്‍ വളഞ്ഞ വഴിയിലൂടെ നശിപ്പിക്കുകയാണ്. ഇന്ത്യയിലെ ഐ.ടി. നഗരങ്ങളില്‍ ഇത്തരം 95 ശതമാനം സ്വദേശി സംരംഭങ്ങളും പൂട്ടിപ്പോയി. വിദേശകമ്പനികളുടെ ഏജന്‍സികള്‍ മാത്രമാണ് അധികവും ബാക്കിയാവുന്നത്. ഇങ്ങനെ പോയാല്‍, ഡിജിറ്റല്‍ ഇന്ത്യയുടെ ബാക്കിപത്രം കാളവണ്ടി യുഗമായിരിക്കുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കുന്നു. വിദേശകമ്പനികള്‍ക്ക് ഇന്ത്യയുടെ വളര്‍ച്ചയല്ലല്ലോ അജണ്ട. കൂടുതല്‍ ലാഭം കിട്ടുന്ന മറ്റൊരു സ്പേസ് കിട്ടുന്നതുവരെ മാത്രമാണ് അവര്‍ക്ക് ഇന്ത്യന്‍ വിപണിയില്‍ താല്‍പര്യമുണ്ടാവുക.
വന്‍നഗരങ്ങളിലെ ശീതീകൃതമായ രമ്യഹര്‍മ്യങ്ങളില്‍, വിദേശരാജ്യങ്ങളില്‍നിന്നും പഠിച്ചിറങ്ങിയ ഐ.ടി പ്രഫഷനലുകള്‍ ചേര്‍ന്ന് മറ്റൊരു സമാന്തരലോകം- വെര്‍ച്വല്‍ വേള്‍ഡ് സൃഷ്ടിക്കുമ്പോള്‍ കക്കൂസുകളില്ലാത്ത തോട്ടികളുടെ ഇന്ത്യ പല്ലിളിച്ച് ചിരിക്കുന്നുണ്ട്. പൊതുഇടങ്ങളില്‍ തുപ്പുന്നതിലും വിസര്‍ജിക്കുന്നതിലും ഇന്ത്യക്കാര്‍ക്കാണ് ഒന്നാം സ്ഥാനം. ഈയിടെ പുറത്തിറങ്ങിയ വിഖ്യാത സാമൂഹിക ശാസ്ത്രജ്ഞയായ റോസ് ജോര്‍ജിന്റെ 'ദ ബിഗ് നെസസിറ്റി അഡ്വഞ്ചേഴ്സ് ഇന്‍ ദ വേള്‍ഡ് ഓഫ് ഹ്യൂമന്‍ വേസ്റ്റ്' എന്ന പുസ്തകത്തില്‍ ഇന്ത്യയിലെ ചേരിപ്രദേശങ്ങളും ഗ്രാമങ്ങളും മനുഷ്യ-കന്നുകാലി മലം കൊണ്ട് നിറഞ്ഞിരിക്കുന്നുവെന്നാണ് പറഞ്ഞിരിക്കുന്നത്. ഇന്ത്യയില്‍ പ്രതിദിനം 2 ലക്ഷം ടണ്‍ മനുഷ്യവിസര്‍ജ്യം പൊതുഇടങ്ങളില്‍ നിക്ഷേപിക്കപ്പെടുന്നു. രാജ്യത്ത് 15 ലക്ഷത്തോളം പേര്‍ക്ക് ജോലി തോട്ടിപ്പണിയാണ്. മറ്റുള്ളവരുടെ അമേധ്യം ചുമക്കുകയോ വൃത്തിയാക്കുകയോ ചെയ്യുന്നവരാണവര്‍. 5200-ലധികം വരുന്ന ഇന്ത്യന്‍ നഗരങ്ങളില്‍ 200-ല്‍പരം നഗരങ്ങളില്‍ മാത്രമേ ആവശ്യത്തിന്റെ പകുതിയെങ്കിലും ടോയ്ലറ്റുകള്‍ ഉള്ളൂ. 8000-ത്തിലധികം ട്രെയിനുകളില്‍ പ്രതിദിനം സഞ്ചരിക്കുന്ന ഒന്നരക്കോടി യാത്രക്കാര്‍ ശരാശരി മൂന്നര ലക്ഷം കിലോ മലം റെയില്‍പാളങ്ങളില്‍ നിക്ഷേപിക്കുന്നു. 'സ്‌കാറ്റോളജി' എന്ന മനുഷ്യമലസംബന്ധമായ പഠന ശാസ്ത്രമനുസരിച്ച് മലജന്യരോഗങ്ങളിലും ഇന്ത്യയാണ് ലോകത്ത് ഒന്നാം സ്ഥാനത്ത്.
Comments