സംഗമം അയല്‍കൂട്ടായ്മ പ്രഖ്യാപനം ഭാവിയുടെ പ്രത്യാശ
കേരളത്തിന്റെ വിവിധ ഭാഗങ്ങളിലെ അയല്‍കൂട്ടങ്ങളുടെയും പ്രാദേശിക എന്‍.ജി.ഒകളുടെയും നേതൃനിരയിലെ സ്ത്രീകള്‍ ഒത്തുചേര്‍ന്ന, തിരൂര്‍ വാഗണ്‍ ട്രാജഡി ടൗണ്‍ഹാളിലെ സംഗമം പ്രത്യാശ പകരുന്നതായി.
തിങ്ങിനിറഞ്ഞ സ്ത്രീസാന്നിധ്യത്തിലാണ് പരിപാടിക്ക് തുടക്കമായത്. 'സാമൂഹിക സുരക്ഷയിലൂടെ സമൃദ്ധിയും സുരക്ഷയും സ്വയം പര്യാപ്തതയും' എന്ന സന്ദേശവുമായി കേരളത്തിലെ പലിശരഹിത അയല്‍കൂട്ടായ്മയുടെ ലോഞ്ചിംഗും നേതൃസംഗമവുമാണ് നടന്നത്. പീപ്പ്ള്‍സ് ഫൗണ്ടേഷനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍ഫാക് (INFACC-ഇന്‍ന്ററസ്റ്റ് ഫ്രീ അസോസിയേഷന്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി) ഡെവലപ്‌മെന്റ് സൊസൈറ്റിയാണ് സംഘാടകര്‍. പലിശരഹിത ബാങ്കിംഗും സാമ്പത്തിക വ്യവസ്ഥയും ലോകതലത്തില്‍ വലിയ ചര്‍ച്ചയാകുന്ന ഇക്കാലത്ത് കേരളത്തില്‍ മൈക്രോ ഫിനാന്‍സ് രംഗത്ത് ഇത്തരം സംരംഭങ്ങളുടെ സാധ്യത അടയാളപ്പെടുത്തുന്നതായിരുന്നു പരിപാടി.
ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ എം.ഐ അബ്ദുല്‍ അസീസ് നേതൃസംഗമം ഉദ്ഘാടനം ചെയ്തു. സാമൂഹികവും മാനവികവുമായ പുരോഗതിക്ക് പലിശരഹിത സാമ്പത്തികക്രമം അനിവാര്യമാണെന്നും അതുകൊണ്ട് പലിശരഹിത സംരംഭങ്ങള്‍ ആരംഭിക്കാന്‍ ഭരണകൂടങ്ങള്‍ അറച്ചുനില്‍ക്കരുതെന്നും അദ്ദേഹം പറഞ്ഞു. അമേരിക്ക പോലുള്ള ലോകരാജ്യങ്ങള്‍ പലിശരഹിത സംരംഭങ്ങള്‍ ആരംഭിച്ചിരിക്കുന്നു. ഐ.എം.എഫ് പോലുള്ള സ്ഥാപനങ്ങളും ഇത്തരം ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്. നമ്മുടെ രാജ്യവും ഇത് ആരംഭിക്കുന്നത് രാജ്യത്തിന്റെ സമഗ്ര പുരോഗതിക്കും സാമ്പത്തിക ഉന്നമനത്തിനും സഹായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജമാഅത്തെ ഇസ്‌ലാമി പതിറ്റാണ്ടുകള്‍ക്കു മുമ്പ് തന്നെ ഇത്തരം സംരംഭങ്ങള്‍ പ്രാദേശിക തലത്തില്‍ ആരംഭിച്ചിട്ടുണ്ട്. ഇവയുടെ പ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കാനും പരിശ്രമിച്ചു. ഇത്തരം ശ്രമങ്ങളുടെ വിജയമാണ് ഈ പരിപാടിയെന്നും അമീര്‍ പറഞ്ഞു. ഇന്‍ഫാഖ് ചെയര്‍മാന്‍ ടി.കെ ഹുസൈന്‍ അധ്യക്ഷത വഹിച്ചു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പല പേരിലറിയപ്പെടുന്ന പലിശരഹിത അയല്‍കൂട്ടങ്ങളും സംവിധാനങ്ങളും ഇനിമുതല്‍ ഇന്‍ഫാകിന്റെ കുടക്കീഴില്‍ കേന്ദ്രീകരിക്കപ്പെടുന്ന, 'സംഗമം അയല്‍കൂട്ടായ്മ'യുടെ ലോഞ്ചിംഗ് പ്രശസ്ത എഴുത്തുകാരി ഡോ. കെ.പി സുധീര നിര്‍വഹിച്ചു. ബാങ്കിംഗ് മേഖലയിലുള്ള ധാരാളം ചൂഷണങ്ങളും പ്രശ്‌നങ്ങളും ഒഴിവാക്കാന്‍ ഇത്തരം പലിശരഹിത സംരംഭങ്ങള്‍ക്ക് സാധിക്കുമെന്ന് ബാങ്ക് ഉദ്യോഗസ്ഥ കൂടിയായിരുന്ന തനിക്ക് മനസ്സിലാക്കാനാകുമെന്ന് അവര്‍ പറഞ്ഞു. ഇത്തരം സംരംഭങ്ങളുമായി ബന്ധപ്പെട്ട് ഇത്രയധികം സ്ത്രീകള്‍ പ്രവര്‍ത്തിക്കുന്നു എന്നത് സന്തോഷം നല്‍കുന്നു. ജമാഅത്തെ ഇസ്‌ലാമി ഈ മേഖലയില്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. പുരുഷന്മാരോടൊപ്പം മത്സരിക്കുമ്പോഴല്ല, സ്ത്രീ മാനിക്കപ്പെടുന്നേടത്താണ് സ്വാതന്ത്ര്യമുണ്ടാകുന്നതെന്നും ഇത്തരം കൂട്ടായ്മകള്‍ സ്ത്രീക്ക് നല്‍കുന്ന സ്ഥാനത്തിന്റെ സൂചകമാണിതെന്നും അവര്‍ പറഞ്ഞു. കരയുന്ന വാക്കുകളല്ല, കത്തുന്ന വാക്കുകളാണ് ഈ കാലത്തെ സ്ത്രീക്ക് ആവശ്യമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ശ്രീജ നെയ്യാറ്റിന്‍കര, ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം അധ്യക്ഷ എ. റഹ്മത്തുന്നിസ, പീപ്പ്ള്‍സ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ പി. മുജീബുര്‍റഹ്മാന്‍ എന്നിവര്‍ സംസാരിച്ചു.
കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ത്രീകളുടെ നേതൃത്വത്തില്‍ വിജയകരമായി നടന്നുവരുന്ന സംരംഭങ്ങളെ പരിചയപ്പെടുത്തുന്ന സംരംഭക സദസ്സ് ശ്രദ്ധേയമായിരുന്നു. ഭക്ഷണവിഭവങ്ങളുടെ ഉല്‍പാദന വിതരണം നടത്തുന്ന യൂനിറ്റിന്റെ നിയന്ത്രക സനീറ കൊച്ചി, പശുവളര്‍ത്തലും അനുബന്ധ പ്രവര്‍ത്തനങ്ങളും നിയന്ത്രിക്കുന്ന ശരീഫ തിരൂരങ്ങാടി, കൃഷിത്തൈകളുടെ ഉല്‍പാദനവും വിതരണവും നടത്തുന്ന ശരീഫ വാഴക്കാട് എന്നിവര്‍ അനുഭവങ്ങള്‍ വിശദീകരിച്ചു. ആരാമം വനിതാമാസിക സബ് എഡിറ്റര്‍ ഫൗസിയ ശംസ് സംരംഭക സദസ്സില്‍ അധ്യക്ഷയായിരുന്നു.
പതിനാലാം രാവ് ഗായകര്‍ അണിനിരന്ന ഗാനവിരുന്ന്, ജബ്ബാര്‍ പെരിന്തല്‍മണ്ണയുടെ ഏകാംഗ നാടകം എന്നിവ അരങ്ങേറി. ഇന്‍ഫാക് ജനറല്‍ സെക്രട്ടറി എ. അബ്ദുല്ലത്വീഫ് സ്വാഗതവും സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ റഹീം പുത്തനത്താണി നന്ദിയും പറഞ്ഞു.
Comments