സംശയം ജനിക്കുന്ന ഇടങ്ങള്‍
മനുഷ്യന്‍ വെള്ളവും വളവും വലിച്ചെടുത്ത് ജീവിക്കുകയും വളരുകയും ചെയ്യുന്ന സാഹചര്യങ്ങള്‍ നല്ലതല്ലെങ്കില്‍ തെറ്റുകളിലും പാപങ്ങളിലും അകപ്പെടുക സ്വാഭാവികമാണ്. സാഹചര്യം വ്യക്തിയെ തെറ്റായ സങ്കല്‍പങ്ങളിലേക്കും ധാരണകളിലേക്കും നയിക്കും. നിഷ്‌കളങ്കരും നിരപരാധികളുമായ വിശ്വാസിവൃന്ദത്തെ അകാരണമായി സംശയിക്കാനും അവരെക്കുറിച്ച് അരുതാത്ത അനുമാനങ്ങളിലും നിഗമനങ്ങളിലും എത്താനും തന്നെയും അവരെയും ഒരുപോലെ നശിപ്പിക്കുന്ന നിലപാട് കൈക്കൊള്ളാനും അത് ഇടവരുത്തും. ഇത്തരക്കാരെക്കുറിച്ചാണ് അല്ലാഹു പറയുന്നത്: ''അല്ലാഹുവിനെപ്പറ്റി തെറ്റായ ധാരണ വെച്ചുപുലര്‍ത്തുന്ന കപടവിശ്വാസികളെയും കപടവിശ്വാസിനികളെയും ബഹുദൈവ വിശ്വാസികളെയും ബഹുദൈവ വിശ്വാസിനികളെയും ശിക്ഷിക്കാന്‍ വേണ്ടിയുമാണത്. അവരുടെ മേല്‍ തിന്മയുടെ ദൂഷിതവലയമുണ്ട്. അല്ലാഹു അവരുടെ നേരെ കോപിക്കുകയും അവരെ ശപിക്കുകയും അവര്‍ക്കുവേണ്ടി നരകം ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു. ചെന്നു ചേരാനുള്ള ആ സ്ഥലം എന്ന മോശം!'' (അല്‍ ഫത്ഹ്: 6).
* വ്യക്തികളെയും വസ്തുതകളെയും വിലയിരുത്തുമ്പോള്‍ ചില മാനദണ്ഡങ്ങള്‍ പാലിക്കണം. മുന്നിലുള്ള തെളിവുകള്‍ അടിസ്ഥാനമാക്കി തീര്‍പ്പിലെത്താനേ നമുക്ക് കഴിയൂ. രഹസ്യവും ഉള്ളുകള്ളികളും അറിയുന്നവന്‍ അല്ലാഹു മാത്രമാണ്. ഉമ്മുസലമ (റ) ഉദ്ധരിക്കുന്ന നബിവചനം: നബി(സ) പറഞ്ഞു: 'ഞാന്‍ ഒരു മനുഷ്യന്‍ മാത്രം. നിങ്ങള്‍ കേസുകളുമായി എന്നെ സമീപിക്കും. ചിലര്‍ തങ്ങളുടെ തെളിവുകള്‍ നിരത്തി വാദിക്കാന്‍ അതിസമര്‍ഥരായിരിക്കും. മറുകക്ഷിക്ക് അതിന് കഴിഞ്ഞുകൊള്ളണമെന്നില്ല. ഞാന്‍ കേള്‍ക്കുന്നതിനനുസരിച്ച് വിധി പറയും. അതിനാല്‍, അറിയുക; ആരുടെയെങ്കിലും അവകാശമാണ് ഞാന്‍ വിധിപ്രസ്താവത്തിലൂടെ ഒരാള്‍ക്ക് വാങ്ങിക്കൊടുത്തതെങ്കില്‍ അയാള്‍ അത് കൈപ്പറ്റരുത്. നരകത്തിന്റെ ഒരു കഷ്ണമാണ് ഞാന്‍ മുറിച്ചുനല്‍കുന്നതെന്ന് ഓര്‍മ വേണം' (ബുഖാരി). യുദ്ധമുഖത്തു വെച്ച് ശഹാദത്ത് കലിമ ഉച്ചരിച്ച ശത്രുവിനെ വധിക്കാന്‍ ഇടയായ സാഹചര്യം ഉസാമത്തുബ്‌നു സൈദ് വിശദീകരിച്ചുകൊടുത്തപ്പോള്‍ നബി (സ) നീരസത്തോടെ അദ്ദേഹത്തെ ശാസിച്ചുവല്ലോ. 'അയാള്‍ ശഹാദത്ത് കലിമ ചൊല്ലിയത് ആത്മാര്‍ഥമായിട്ടാണോ അല്ലയോ എന്നറിയാന്‍ നിങ്ങള്‍ അയാളുടെ ഹൃദയം തുറന്നുനോക്കിയോ?' (ബുഖാരി).
* അനിഷേധ്യമായ തെളിവുകള്‍ വേണം: ''നബിയേ പറയുക: നിങ്ങള്‍ സത്യസന്ധരാണെങ്കില്‍ നിങ്ങളുടെ തെളിവുകള്‍ ഹാജരാക്കൂ'' (അല്‍ബഖറ 111)
* തെളിവുകള്‍ പരിശോധിച്ച് ശരിതെറ്റുകള്‍ ഉറപ്പുവരുത്തണം. ''സത്യവിശ്വാസികളേ, ഒരു അധര്‍മകാരി വല്ല വാര്‍ത്തയുമായി നിങ്ങളെ സമീപിച്ചാല്‍ നിങ്ങള്‍ അതിനെക്കുറിച്ച് വ്യക്തമായി അന്വേഷിച്ചറിയണം. അറിയാതെ ഏതെങ്കിലും ഒരു ജനതക്ക് നിങ്ങള്‍ ആപത്ത് വരുത്തുകയും, എന്നിട്ട് ആ ചെയ്തതിന്റെ പേരില്‍ നിങ്ങള്‍ ഖേദക്കാരായിത്തീരുകയും ചെയ്യാതിരിക്കാന്‍ (ഈ കരുതല്‍) ആവശ്യമാണ്'' (അല്‍ഹുജുറാത്ത്: 6).
* സാഹചര്യങ്ങള്‍ പോലെ കൂട്ടുകാരും വ്യക്തിയെ സ്വാധീനിക്കും. ധാരണപ്പിശകുകള്‍ വളരാനും തെറ്റായ നിഗമനങ്ങളില്‍ എത്താനും ചങ്ങാത്തവും കൂട്ടുകെട്ടുകളുമാണ് ചില സന്ദര്‍ഭങ്ങളില്‍ പ്രേരകമായിത്തീരുന്നത്. കൂട്ടുകാരെ തെരഞ്ഞെടുക്കുമ്പോള്‍ പുലര്‍ത്തേണ്ട ജാഗ്രതയെക്കുറിച്ച് നബി(സ) പല തവണ ഉണര്‍ത്തിയതോര്‍ക്കുക.
* ദേഹേഛകളെ പിന്തുടരുന്ന വ്യക്തിയും അബദ്ധജടിലമായ ധാരണകളില്‍ എത്തിച്ചേരും. അവിടെ തെളിവുകള്‍ക്കും പ്രമാണങ്ങള്‍ക്കും പ്രസക്തിയുണ്ടാവില്ല. ഒന്നിനോടുള്ള അന്ധമായ അഭിനിവേശമോ അന്ധമായ വെറുപ്പോ നീതിപൂര്‍വകമായ വിധിതീര്‍പ്പിലോ തീരുമാനങ്ങളിലോ എത്തിക്കില്ല. ''ഊഹത്തെയും മനസ്സുകള്‍ ഇഛിക്കുന്നതിനെയും മാത്രമാണ് അവര്‍ പിന്‍പറ്റുന്നത്'' (അന്നജ്മ്: 23).
* സംശയത്തിന്റെ ഇടങ്ങളില്‍ പെടുന്നത് മനഃപൂര്‍വം ആവാം, അല്ലാതെയും ആവാം. തക്കതായ ന്യായങ്ങള്‍ നിരത്താനായില്ലെങ്കില്‍ ആളുകള്‍ തെറ്റിദ്ധരിക്കാന്‍ ഇടയാവുന്ന ചില സന്ദര്‍ഭങ്ങള്‍ ഓരോരുത്തരുടെയും ജീവിതത്തില്‍ ഉണ്ടാവാറുണ്ട്. സംശയഗ്രസ്തമായ കാര്യങ്ങളില്‍നിന്ന് അകലം പാലിച്ച് ജീവിക്കാന്‍ നബി(സ) നല്‍കുന്ന വ്യക്തമായ നിര്‍ദേശം, സംശയങ്ങളുടെയോ തെറ്റിദ്ധാരണയുടെയോ പുകമറക്കുള്ളില്‍ കഴിയേണ്ട ദുര്‍ഗതി ഈ സമൂഹത്തിന് വരാതിരിക്കാനാണ്. 'ഹലാല്‍ വ്യക്തമാണ്, ഹറാമും വ്യക്തമാണ്. അവക്കിടയില്‍ സംശയഗ്രസ്തമായ ചില കാര്യങ്ങളുണ്ട്. ജനങ്ങളില്‍ മിക്കവര്‍ക്കും അവയറിയില്ല. സംശയകരമായ കാര്യങ്ങള്‍ കരുതലോടെ സൂക്ഷിച്ചാല്‍ തന്റെ ദീനും അഭിമാനവും കാത്തു. ഇനി സംശയത്തിന്റെ ഇടങ്ങളില്‍ ചെന്നു ചാടിയെന്നിരിക്കട്ടെ, അതിന്റെ ഉദാഹരണം, സംരക്ഷിത പ്രദേശത്തിന് ചുറ്റും മേയ്ക്കുന്നവനെ പോലെയാണ്. വേലി കടന്ന് ഏതു സമയത്തും (കാലികള്‍) ഉള്ളില്‍ കടന്നേക്കാം. അറിയുക, ഓരോ രാജാവിനുമുണ്ട് ഒരു സംരക്ഷിത പ്രദേശം. അല്ലാഹുവിന്റെ സംരക്ഷിത പ്രദേശം ഈ ഭൂമിയില്‍ അവന്‍ ഹറാമാക്കിയ കാര്യങ്ങളാണ്' (ബുഖാരി).
മറ്റൊരു വചനം: 'സംശയമുള്ളത് ഒഴിവാക്കി സംശയമില്ലാത്തത് എടുക്കുക. കാരണം സത്യം മനശ്ശാന്തിയുളവാക്കും. കളവ് സംശയവും' (ബുഖാരി).
എല്ലാ സംശയങ്ങളില്‍നിന്നും തെറ്റായ നിഗമനങ്ങളില്‍നിന്നും കൃത്യമായ അകലം പാലിച്ചുകൊണ്ടുവേണം ഓരോ ഇടപെടലും. നബിപത്‌നി സ്വഫിയ്യ ബിന്‍തു ഹുയയ്യ് ഒരു സന്ദര്‍ഭം ഓര്‍ത്തെടുക്കുന്നു: നബി(സ) ഇഅ്തികാഫിലായിരുന്ന ഒരു ദിവസം. ഞാന്‍ തിരുമേനിയെ കാണാന്‍ ചെന്നു. രാത്രിയിലായിരുന്നു. ഞാന്‍ സംസാരിച്ചു തിരിച്ചുപോരുമ്പോള്‍ രണ്ട് അന്‍സാരി സഹോദരങ്ങള്‍ ആ വഴി ധൃതിയില്‍ നടന്നുപോയി. നബി(സ) അവരോട്: 'അവിടെ നില്‍ക്കൂ, അത് സ്വഫിയ്യ ബിന്‍തു ഹുയയ്യ് (നബിയുടെ ഭാര്യ) ആണ്.' അവര്‍ ഇരുവരും: 'സുബ്ഹാനല്ലാഹ്! റസൂലേ!' (ഞങ്ങളൊന്നും ധരിച്ചില്ലല്ലോ). നബി(സ): 'മനുഷ്യശരീരത്തില്‍ രക്തമോടുന്നിടത്തെല്ലാം പിശാചും സഞ്ചരിക്കുന്നുണ്ട്. പിശാച് നിങ്ങളുടെ മനസ്സില്‍ കെട്ട ധാരണ ഇട്ടേക്കുമോ എന്ന് ഞാന്‍ ഭയപ്പെട്ടു.'
* സ്വകാര്യ സംഭാഷണങ്ങളില്‍ പാലിക്കേണ്ട മര്യാദകള്‍ അവഗണിക്കുന്നത് തെറ്റിദ്ധാരണകള്‍ക്കും സംശയങ്ങള്‍ക്കും ഇടം നല്‍കും. സ്വകാര്യ സംഭാഷണങ്ങള്‍ക്ക് ചില ചിട്ടകളും മര്യാദകളും പാലിക്കേണ്ടതുണ്ട്.
- ഒരിടത്ത് മൂന്ന് പേര്‍ മാത്രമാവുമ്പോള്‍ രണ്ടാളുകള്‍ സ്വകാര്യ സംഭാഷണം നടത്തുന്നത് ഭൂഷണമല്ല. നബി(സ) പഠിപ്പിച്ചു: 'നിങ്ങള്‍ മൂന്ന് പേരുണ്ടെങ്കില്‍ മൂന്നാമനെ കൂടാതെ രണ്ടാളുകള്‍ തനിച്ച് സ്വകാര്യ സംസാരത്തില്‍ ഏര്‍പ്പെടരുത്; മറ്റുള്ളവരുമായി കൂടിക്കലരുവോളം. കാരണം അത് അയാളെ ദുഃഖത്തിലാഴ്ത്തും.'
- ഒന്നിച്ചു നീങ്ങുന്ന സംഘടനാ സ്വരൂപത്തില്‍നിന്ന് ചിലരെ മാറ്റിനിര്‍ത്തി വേറൊരു കൂട്ടര്‍ സ്വകാര്യചര്‍ച്ചകളോ അഭിപ്രായപ്രകടനങ്ങളോ നടത്തുന്നതും തെറ്റിദ്ധാരണകള്‍ക്കും ദുഃഖത്തിനും മനോവിഷമത്തിനും ഇടവരുത്തും.
- സ്വകാര്യ സംഭാഷണങ്ങള്‍ ദൈവാനുസരണത്തിന്റെയും നന്മയുടെയും ചൈതന്യത്തോടെയാവണം.
''സത്യവിശ്വാസികളേ, രഹസ്യ സംഭാഷണം നടത്തുകയാണെങ്കില്‍ അധര്‍മത്തിനും അതിക്രമത്തിനും റസൂലിനെ ധിക്കരിക്കുന്നതിനും നിങ്ങള്‍ രഹസ്യ സംഭാഷണം നടത്തരുത്. നന്മയുടെയും ഭയഭക്തിയുടെയും കാര്യത്തിലാവട്ടെ നിങ്ങളുടെ രഹസ്യഭാഷണം. ഏതൊരു അല്ലാഹുവിങ്കലേക്കാണോ നിങ്ങള്‍ ഒരുമിച്ചുകൂട്ടപ്പെടുന്നത് ആ അല്ലാഹുവിനെ നിങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുക'' (അല്‍ മുജാദല: 9).
* തെറ്റുകളിലും കുറ്റങ്ങളിലും നിരന്തരം ഏര്‍പ്പെട്ട് സമൂഹമധ്യത്തില്‍ വീരസ്യത്തോടെ അവ പരസ്യമായി പ്രഖ്യാപിക്കാനും ഒളിവും മറയുമില്ലാതെ പാപകൃത്യങ്ങളില്‍ ഏര്‍പ്പെടാനും ധൃഷ്ടരാവുന്നവരെക്കുറിച്ച് ദുഷിച്ച ധാരണകള്‍ ഉണ്ടാവുക സ്വാഭാവികമാണ്. കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരായാല്‍ പോലും സ്വകാര്യതയുടെ മറ പൊളിക്കരുതെന്ന ഇസ്‌ലാമിന്റെ നിര്‍ബന്ധം ഈ അടിസ്ഥാനം മുന്‍നിര്‍ത്തിയാണ്. നബി(സ) പറഞ്ഞു: ''എന്റെ സമുദായത്തില്‍ എല്ലാവര്‍ക്കും മാപ്പു കിട്ടും; പരസ്യമായി പ്രഖ്യാപിക്കുന്നവര്‍ക്കൊഴികെ. പരസ്യമാക്കുകയെന്നാല്‍ ഒരാള്‍ രാത്രിയില്‍ ഒരു പ്രവൃത്തി ചെയ്യുക. അയാള്‍ പ്രഭാതത്തെ എതിരേല്‍ക്കുന്നത് അല്ലാഹു ആ കൃത്യം മറച്ചുവെച്ച നിലയിലാണ്. എന്നിട്ടയാള്‍ വലിയ വീരസ്യത്തോടെ പറയുക; 'ചങ്ങാതീ, ഞാന്‍ ഇന്നലെ രാത്രി ഇന്നയിന്നതെല്ലാം ചെയ്തു!' രാത്രി മുഴുവന്‍ അല്ലാഹു അത് മറച്ചുവെക്കുകയായിരുന്നു. പകല്‍ അല്ലാഹു ഉണ്ടാക്കിയ മറ അയാള്‍ പൊളിച്ചുമാറ്റി'' (ബുഖാരി).
ഒരു കാലത്ത് പാപകൃത്യങ്ങളിലും തെറ്റുകളിലും കഴിഞ്ഞുകൂടിയവര്‍, പിന്നീട് പശ്ചാത്തപിച്ച് ഗതകാലത്തോട് വിടചൊല്ലി നന്മ നിറഞ്ഞ ജീവിതത്തിന്റെ ഉത്തമ മാതൃകകളായി സമൂഹത്തില്‍ വ്യാപരിക്കുന്ന നിരവധി അനുഭവങ്ങള്‍ ഓര്‍ക്കാനുണ്ട്. അപ്പോഴും ശുഭ്രസുന്ദരമായ വര്‍ത്തമാനകാല ജീവിതത്തെ മതിപ്പോടെ വിലയിരുത്താതെ അവരുടെ ഭൂതകാല ജീവിതത്തിലെ അഴുക്കുകളും മാലിന്യങ്ങളും തേടിപ്പോകുന്ന പ്രവണതയുണ്ട് ചിലര്‍ക്ക്. മനുഷ്യഹൃദയം അല്ലാഹുവിന്റെ വിരലുകള്‍ക്കിടയില്‍ ചാഞ്ചാടുന്ന പ്രകൃതിയോടെയാണ് സൃഷ്ടിക്കപ്പെട്ടതെന്നും അല്ലാഹു ഉദ്ദേശിക്കുന്നവിധം അതിന് അവസ്ഥാമാറ്റം സംഭവിക്കാമെന്നുമുള്ള സത്യം മറക്കുന്നവരാണ് മറ്റുള്ളവരുടെ കഴിഞ്ഞകാല ജീവിതത്തിലെ അഴുക്കുചാലുകള്‍ തേടിപ്പോകുന്നത്. ഇവിടെയാണ് പിശാച് കടന്നുവന്നു സംശയങ്ങളുടെയും തെറ്റിദ്ധാരണകളുടെയും വിത്തിടുന്നത്.
പശ്ചാത്താപത്തോടെ ജീവിത വിശുദ്ധി കൈവരുമെന്നും അല്ലാഹുവിന് അയാള്‍ പ്രിയങ്കരനായി മാറുമെന്നും സംശയത്തിന്റെ പിറകെ പോകുന്നവര്‍ മറക്കുന്നു. തന്റെ ഗതകാല ജീവിതത്തിലെ പാപങ്ങളെല്ലാം അല്ലാഹു പൊറുക്കണമെന്ന നിബന്ധനയോടെ ബൈഅത്ത് ചെയ്യാന്‍ വന്ന അംറുബ്‌നുല്‍ ആസ്വിനോട് നബി(സ) പറഞ്ഞതെന്താണ്? 'അംറേ, ഇസ്‌ലാം അതിന് മുമ്പുള്ളതും ഹിജ്‌റ അതിന് മുമ്പുള്ളതും ഹജ്ജ് അതിന് മുമ്പുള്ളതുമായ എല്ലാ പാപങ്ങളും ഇല്ലാതാക്കുമെന്ന് താങ്കള്‍ക്ക് അറിയില്ലേ?' ഇബ്‌നു അബ്ബാസ് ഉദ്ധരിക്കുന്നു: ബഹുദൈവാരാധകരായ ഒരു കൂട്ടര്‍ നിരവധി കൊലപാതകങ്ങള്‍ നടത്തി, വ്യഭിചാരങ്ങളില്‍ ഏര്‍പ്പെട്ടു. അവര്‍ നബി(സ)യെ സമീപിച്ചു: 'താങ്കള്‍ പറയുന്നതും പ്രബോധനം ചെയ്യുന്നതുമെല്ലാം നല്ലതു തന്നെ. ഞങ്ങള്‍ ചെയ്തുപോയതിന് വല്ല പ്രായശ്ചിത്തവും ഉണ്ടോ എന്നാണറിയേണ്ടത്.' അപ്പോഴാണ് ഈ സൂക്തത്തിന്റെ അവതരണം: ''അല്ലാഹുവിനോടൊപ്പം വേറൊരു ദൈവത്തെ വിളിച്ചു പ്രാര്‍ഥിക്കാത്തവരും, അല്ലാഹു പവിത്രമാക്കിവെച്ചിട്ടുള്ള ജീവനെ ന്യായമായ കാരണത്താല്‍ അല്ലാതെ ഹനിച്ചു കളയാത്തവരും വ്യഭിചരിക്കാത്തവരും ആകുന്നു അവര്‍. ആ കാര്യങ്ങള്‍ വല്ലവനും ചെയ്യുന്ന പക്ഷം അവന്‍ പാപഫലം കണ്ടെത്തുക തന്നെ ചെയ്യും... പശ്ചാത്തപിക്കുകയും വിശ്വസിക്കുകയും സല്‍ക്കര്‍മം പ്രവര്‍ത്തിക്കുകയും ചെയ്തവരൊഴികെ...'' (ഫുര്‍ഖാന്‍: 68-70).
സംഗ്രഹം: പി.കെ.ജെ
Comments