Prabodhanm Weekly

Pages

Search

2018 ജനുവരി 19

3035

1439 ജമാദുല്‍ അവ്വല്‍ 01

ഭീമ കൊരേഗാവും യുവ ഹുങ്കാറും

ഭീമ കൊരേഗാവ് യുദ്ധവിജയത്തിന്റെ ഇരുനൂറാം വാര്‍ഷികത്തോടനുബന്ധിച്ച് കഴിഞ്ഞ ജനുവരി ഒന്നിന് ഭീമ നദിക്കരയിലുള്ള യുദ്ധ സ്മാരകത്തിന് മുന്നില്‍ തടിച്ചുകൂടിയ ലക്ഷക്കണക്കിന് ദലിതുകളെ വളരെയേറെ പ്രകോപിപ്പിച്ച സംഭവമായിരുന്നു, അവര്‍ക്കെതിരെ ചില ജാതിവെറിയന്‍ സംഘങ്ങള്‍ അഴിച്ചുവിട്ട ഹീനമായ ആക്രമണം. സംഘര്‍ഷത്തില്‍ ദലിത് വിഭാഗത്തില്‍പെട്ട ഒരാള്‍ കൊല്ലപ്പെടുകയും ചെയ്തു. ജാതീയ സംഘര്‍ഷങ്ങള്‍ക്ക് കുപ്രസിദ്ധിയാര്‍ജിച്ച മഹാരാഷ്ട്ര പോലുള്ള ഒരു സംസ്ഥാനത്ത് അത്തരം ഉരസലുകളുണ്ടാവുക സ്വാഭാവികമാണ്. പക്ഷേ, കൊരേഗാവില്‍ ഉണ്ടായ ആക്രമണം ഒട്ടും യാദൃഛികമായിരുന്നില്ല. അഖില ഭാരതീയ ബ്രാഹ്മിണ്‍ മഹാ സഭ, ഹിന്ദു ഏകതാ അഗാഡി, ശിവപ്രതിഷ്ഠന്‍, രാഷ്ട്രീയ ഏകത്മതാ രാഷ്ട്ര അഭിയാന്‍ പോലുള്ള ഹിന്ദുത്വ സംഘങ്ങള്‍ നേരത്തേ തന്നെ ഈ വാര്‍ഷികാചരണത്തെ ദേശവിരുദ്ധമെന്ന് മുദ്രകുത്തി വിദ്വേഷം വമിക്കുന്ന പ്രചാരണങ്ങള്‍ അഴിച്ചുവിട്ടിരുന്നു. അതിന്റെ ഫലമായിരുന്നു അവിടെ സംഗമിച്ച ദലിതുകള്‍ക്കെതിരെ നടന്ന സംഘടിത ആക്രമണം. ഇതില്‍ പ്രതിഷേധിച്ച് ബാബ സാഹബ് അംബേദ്കറുടെ പൗത്രന്‍ പ്രകാശ് അംബേദ്കര്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ മഹാരാഷ്ട്രയിലെ ജനജീവിതം സ്തംഭിപ്പിച്ചു എന്നതില്‍നിന്നുതന്നെ ഇത്തരം സംഭവങ്ങള്‍ ഇന്ത്യയിലെ ഭാവി രാഷ്ട്രീയത്തെ രൂപപ്പെടുത്തുന്ന നാഴികക്കല്ലുകളായേക്കാം എന്ന സൂചന നമുക്ക് തരുന്നുണ്ട്.

ഒരേ ചരിത്രസംഭവത്തെ വിവിധ ജനവിഭാഗങ്ങളും മത-രാഷ്ട്രീയ പ്രസ്ഥാനങ്ങളും തീര്‍ത്തും ഭിന്നവിരുദ്ധമായി നോക്കിക്കാണുന്നതിന്റെ ഒരു മികച്ച ഉദാഹരണം കൂടിയാണ് ഭീമ കൊരേഗാവ്. ബ്രിട്ടീഷ് ഈസ്റ്റ്് ഇന്ത്യാ കമ്പനിയുടെ ബോംബെ റെജിമെന്റ് മഹാരാഷ്ട്രയിലെ നാടുവഴി പേഷ്വക്കെതിരെ നേടിയ യുദ്ധവിജയത്തിന്റെ സ്മാരകമാണിത്. ആ സ്മാരകം സ്ഥാപിച്ചതും ബ്രിട്ടീഷുകാര്‍ തന്നെ. പ്രത്യക്ഷത്തില്‍ ഒരു കൊളോണിയല്‍ അവശിഷ്ടം. അതിന്റെ പേരില്‍ സംഘടിക്കുന്നവരെ ദേശവിരുദ്ധരെന്ന് മുദ്രകുത്താന്‍ എളുപ്പമായിരുന്നു. കോണ്‍ഗ്രസ്സും ഹിന്ദുത്വ സംഘടനകളുമൊക്കെ കാലങ്ങളായി ചെയ്തുപോന്നതും അതാണ്.

ഇതിനൊരു മറുവായന വേണമെന്നായിരുന്നു അംബേദ്കറുടെ നിലപാട്. അതിന്റെ ഭാഗമായി 1927 ജനുവരി ഒന്നിന് അദ്ദേഹം ഭീമ കൊരേഗാവ് യുദ്ധവിജയസ്മാരകം സന്ദര്‍ശിച്ചു. ഓരോ വാര്‍ഷികത്തിലും അത് സന്ദര്‍ശിക്കാന്‍ തന്റെ അനുയായികളെ ആഹ്വാനം ചെയ്തു. അടിച്ചമര്‍ത്തപ്പെടുന്ന ദലിത് വിഭാഗങ്ങള്‍ സ്വയം അടയാളപ്പെടുത്തിയ ഒരു സംഭവം എന്ന നിലക്കാണ് അംബേദ്കര്‍ അതിനെ കണ്ടത്. ബ്രിട്ടീഷ് സേനയില്‍നിന്ന് കൊല്ലപ്പെട്ടവരധികവും ദലിതുകളായിരുന്നു. ദലിതുകള്‍ ബ്രിട്ടീഷ് സേനയില്‍ അണിനിരക്കാന്‍ കാരണം പേഷ്വയുടെ സൈന്യത്തില്‍ അവര്‍ക്ക് പ്രവേശനം പോലും നിഷേധിക്കപ്പെട്ടിരുന്നു എന്നതാണ്. താന്‍ നടന്ന് അശുദ്ധമാക്കിയ വഴികള്‍ ശുദ്ധിയാക്കാന്‍ അരയിലൊരു ചൂലും, തന്റെ തുപ്പല്‍ നിലത്ത് വീഴാതിരിക്കാന്‍ കഴുത്തിലൊരു മണ്‍പാത്രവും കെട്ടി നടക്കണമെന്നായിരുന്നു ദലിതനോടുള്ള പേഷ്വയുടെ ഉത്തരവ്! ഇങ്ങനെ ജാതീയത ഭീകരരൂപം പ്രാപിച്ച പേഷ്വാ ഭരണത്തിനെതിരെ, ദലിതുകളും മുസ്‌ലിംകളും ക്രിസ്ത്യാനികളും മറ്റു പ്രാന്തവത്കൃത വിഭാഗങ്ങളും അണിനിരന്ന ബ്രിട്ടീഷ് സേന നേടിയ യുദ്ധവിജയം അധഃസ്ഥിതരുടെ ശാക്തീകരണത്തിന്റെ ഒരു മികച്ച ചരിത്ര സന്ദര്‍ഭമായി അംബേദ്കര്‍ തിരിച്ചറിഞ്ഞു. ജാതീയ ഫാഷിസ്റ്റ് ശക്തികള്‍ക്കെതിരെ ഇതുപോലൊരു മുന്നണി ഏറെ പ്രസക്തമാണെന്നാവാം കഴിഞ്ഞ ജനുവരി ഒന്നിന് അവിടെ തടിച്ചുകൂടിയ ജനം നല്‍കുന്ന സന്ദേശം. അതിന്റെയൊരു തുടര്‍ച്ച തന്നെയാണ് മോദി ഭരണകൂടത്തെ അതിരൂക്ഷമായി വിമര്‍ശിച്ച്, പോലീസ് നിയന്ത്രണങ്ങള്‍ പോലും ലംഘിച്ച്, ജിഗ്നേഷ് മേവാനിയുടെ നേതൃത്വത്തില്‍ ന്യൂദല്‍ഹിയില്‍ നടന്ന യുവ ഹുങ്കാര്‍ റാലി. ഇന്ത്യയില്‍ പുതിയൊരു രാഷ്ട്രീയം ഉരുത്തിരിഞ്ഞുവരുന്നതിന്റെ സൂചനയായി ഈ സംഭവങ്ങളെ കാണാം.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-27 / അന്നംല് - (67-75)
എ.വൈ.ആര്‍

ഹദീസ്‌

കടബാധ്യതക്ക് പരിഹാരമായി പ്രാര്‍ഥന
ഇബ്‌റാഹീം ശംനാട്‌