ഇസ്‌ലാമിക കൂട്ടായ്മകള്‍ നിലപാടുകള്‍ പുനഃപരിശോധിക്കണം
മലയാളി വായനക്കാര്‍ക്ക് പരിചയപ്പെടുത്തേണ്ട ഒരാളല്ല താരിഖ് റമദാന്‍. അദ്ദേഹത്തിന്റെ ലേഖനങ്ങളും അദ്ദേഹത്തെക്കുറിച്ചുള്ള കുറിപ്പുകളും അദ്ദേഹവുമായുള്ള അഭിമുഖങ്ങളും അത്രയേറെ മലയാള പ്രസിദ്ധീകരണങ്ങളില്‍ വന്നു കഴിഞ്ഞിരിക്കുന്നു. 1962-ല്‍ സ്വിറ്റ്‌സര്‍ലന്റിലെ ജനീവയില്‍ ജനിച്ച താരിഖ് റമദാന് എതിരെ ഉയരുന്ന വിമര്‍ശനങ്ങളിലധികവും അദ്ദേഹത്തിന്റെ കുടുംബ പശ്ചാത്തലവുമായി ബന്ധപ്പെട്ടതാണ്. ഇഖ്‌വാനുല്‍ മുസ്‌ലിമൂന്റെ സ്ഥാപക നേതാവ് ഹസനുല്‍ ബന്നായുടെ പൗത്രനാണ് എന്നതാണ് ആ കുടുംബ പശ്ചാത്തലം. ഹസനുല്‍ ബന്നായുടെ മകളായ വഫാ ബന്നായുടെ മകന്‍. താരിഖ് റമദാന്റെ പിതാവ് സഈദ് റമദാനാകട്ടെ, ഈജിപ്തില്‍ ജമാല്‍ അബ്ദുന്നാസിര്‍ ഭരണകൂടം ഇഖ്‌വാനികളെ വേട്ടയാടാന്‍ ആരംഭിച്ചപ്പോള്‍ അവിടെ നിന്ന് സ്വിറ്റ്‌സര്‍ലന്റിലേക്ക് കുടിയേറിയ, സംഘടനയുടെ സമുന്നത നേതാക്കളില്‍ ഒരാളാണ്. പക്ഷേ, മാതാവിനോടും പിതാവിനോടും അങ്ങേയറ്റത്തെ സ്‌നേഹബഹുമാനങ്ങള്‍ പുലര്‍ത്തുന്നതോടൊപ്പം തന്നെ, അവരുടെയും അവര്‍ നേതൃത്വം നല്‍കിയ പ്രസ്ഥാനത്തിന്റെയും വഴിയില്‍നിന്ന് കുറേയെറെ മാറി നടക്കുന്ന ചിന്തകനും ദാര്‍ശനികനുമാണ് താരിഖ്. തന്റെ വിയോജിപ്പുകള്‍ അദ്ദേഹം തുറന്നുതന്നെ പ്രകടിപ്പിക്കാറുണ്ട്. അറബ് ദേശങ്ങളില്‍നിന്ന് തീര്‍ത്തും വ്യത്യസ്തമായ യൂറോപ്യന്‍ അനുഭവങ്ങളാണ് അദ്ദേഹത്തെ മാറിച്ചിന്തിപ്പിക്കുന്നത്.
ഇസ്‌ലാമിക വിഷയങ്ങളില്‍ അറിയപ്പെടുന്ന അക്കാദമീഷ്യനായ താരിഖ് ഇംഗ്ലീഷ്, ഫ്രഞ്ച് ഭാഷകളില്‍ എഴുതുകയും പ്രഭാഷണം നടത്തുകയും ചെയ്യുന്നു. ഇസ്‌ലാമിക ദര്‍ശനം, തത്ത്വങ്ങള്‍, ബഹുസ്വര സമൂഹത്തിലെ ഇസ്‌ലാമിക ജീവിതം, യൂറോപ്യന്‍ മുസ്‌ലിം സമൂഹത്തിന്റെ സ്വത്വപ്രതിസന്ധി തുടങ്ങിയ വിഷയങ്ങളില്‍ നിരവധി പുസ്തകങ്ങളും പ്രബന്ധങ്ങളും രചിച്ചിട്ടുണ്ട്. ലോകത്ത് ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തുന്ന നൂറ് ചിന്തകരില്‍ ഒരാളായി ഫോറിന്‍ പോളിസി മാഗസിന്‍ അദ്ദേഹത്തെ പലതവണ തെരഞ്ഞെടുത്തിട്ടുണ്ട്. അദ്ദേഹത്തിന്റെ സ്വകാര്യ ജീവിതത്തെ കടന്നാക്രമിക്കുന്ന തരത്തിലുള്ള ആരോപണങ്ങളും ഈയടുത്ത കാലത്തായി ഉയരുകയുണ്ടായി. അക്കാദമിക മേഖലയിലും അല്ലാത്തിടത്തും ഒട്ടേറെ ശത്രുക്കളെ സമ്പാദിച്ചിട്ടുള്ള അദ്ദേഹം, ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്ന് വ്യക്തമാക്കുന്നു. അവ തെളിയിക്കപ്പെടാത്ത കാലത്തോളം, ഓക്‌സഫഡ് യൂനിവേഴ്‌സിറ്റി അദ്ദേഹത്തിന്റെ അധ്യാപന സേവനത്തിന് താല്‍ക്കാലിക വിടുതല്‍ നല്‍കിക്കൊണ്ടുള്ള കുറിപ്പില്‍ സൂചിപ്പിച്ച പോലെ, അദ്ദേഹത്തിന്റെ വാക്കുകള്‍ നാം വിശ്വസിക്കുന്നു.
ഈയിടെ കേരളം സന്ദര്‍ശിച്ച അദ്ദേഹവുമായി പ്രബോധനം പ്രതിനിധി നടത്തിയ അഭിമുഖം
ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഇസ്‌ലാമിന്റേത് എന്നായിരുന്നു ഇരുപതാം നൂറ്റാണ്ടിലെ ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ ഉയര്‍ത്തിയ പ്രധാന മുദ്രാവാക്യം. പുതുനൂറ്റാിന്റെ പിന്നിട്ട ഒന്നര പതിറ്റാണ്ടുകളും വര്‍ത്തമാനലോകവും മുന്നില്‍ വെച്ച് ഇസ്‌ലാമിനെക്കുറിച്ച താങ്കളുടെ പ്രതീക്ഷകളും ആശങ്കകളും എന്തൊക്കെയാണ്?
ലോകത്തിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍ ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ പല രാഷ്ട്രീയ മാറ്റങ്ങളും സംഭവിക്കുകയും അധികാര കേന്ദ്രങ്ങളില്‍ ഇസ്‌ലാമിക നിയമങ്ങള്‍ നടപ്പിലാക്കാനും പ്രയോഗവല്‍ക്കരിക്കാനും കഴിയുകയും അതില്‍ മുന്നേറാന്‍ സാധിക്കുകയും ചെയ്തു എന്നത് മാത്രമല്ല പുതിയ നൂറ്റാണ്ടിലെ പ്രതീക്ഷയായി ഞാന്‍ മനസ്സിലാക്കുന്നത്. മറിച്ച്, ഇസ്‌ലാമിന് സ്വാധീനമുള്ളതും ഇല്ലാത്തതുമായ പടിഞ്ഞാറന്‍ നാടുകളിലും ഇന്ത്യയിലും മറ്റു രാജ്യങ്ങളിലും പ്രാമാണിക ഇസ്‌ലാമിക ചിന്തയിലേക്കും അതിന്റെ ആത്മാവിലേക്കും ജനം ഉറ്റുനോക്കുന്നു എന്ന കാര്യം തന്നെയാണ്. ഇസ്‌ലാമിക നിയമങ്ങളുടെ കേവല പ്രയോഗവല്‍ക്കരണം ലക്ഷ്യമാക്കുക എന്നതിനപ്പുറം ആ നിയമ അടിത്തറകളുടെ താത്ത്വിക പ്രമാണങ്ങളെയും ഉദ്ദേശ്യലക്ഷ്യങ്ങളെയും ഇസ്‌ലാമിക ജീവിത രീതിയെയും ലോകം തിരിച്ചറിയുക എന്നതാണ് മര്‍മപ്രധാനം. പുതിയ മേഖലകളില്‍ ഇസ്‌ലാമിക ചിന്തയിലേക്കും പഠനങ്ങളിലേക്കുമുള്ള മടക്കമാണ് ഇക്കാലത്തെ സുപ്രധാന പരിഷ്‌കരണ പ്രവര്‍ത്തനം.
രാഷ്ട്രീയാധികാരം നേടുക, ശരീഅത്ത് നിയമങ്ങള്‍ നടപ്പിലാക്കാന്‍ അധ്വാനിക്കുക എന്നത് കേവലം ഉപരിപ്ലവമായ പ്രവര്‍ത്തനങ്ങളാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. അവസ്ഥകള്‍ മാറിക്കൊണ്ടിരിക്കുന്ന കാലത്ത് അതിനനുസൃതമായ ചിന്താരീതികളും കാഴ്ചപ്പാടുകളും രൂപപ്പെടുത്തി ലക്ഷ്യം നേടിയെടുക്കാന്‍ ശ്രമിക്കണം. ഇത്തരം ചിന്താ പ്രവര്‍ത്തനങ്ങളെയും കാഴ്ചപ്പാടുകളെയുമാണ് നാം തജ്ദീദ് എന്ന് വിളിക്കേണ്ടത്. എല്ലാ നൂറ്റാണ്ടിന്റെ തുടക്കത്തിലും ദീനിനെ പുനരുദ്ധരിക്കുന്നവരെ നാഥന്‍ പറഞ്ഞയക്കും എന്ന പ്രവാചക വചനം നാം ഇതിനോട് ചേര്‍ത്തു വായിക്കേണ്ടതുണ്ട്. അഥവാ, ദീനിന്റെ തജ്ദീദ് എന്നാല്‍ പ്രമാണങ്ങളെയും ജീവിക്കുന്ന സാഹചര്യങ്ങളെയും മുന്‍നിര്‍ത്തി പഠന-ഗവേഷണ - മനനങ്ങളിലൂടെ സംഭവിക്കേണ്ട കാര്യമാണ്.
ഇഖ്‌വാനും ജമാഅത്തും ഉള്‍പ്പെടെയുള്ള ഇസ്‌ലാമിക പ്രസ്ഥാനങ്ങളെ താങ്കള്‍ എങ്ങനെ വിലയിരുത്തുന്നു? എന്തൊക്കെയാണ് അവ നേടിയത്? അവയുടെ പരിമിതികള്‍? അവ രൂപപ്പെടുത്തേണ്ട പുതിയ മാര്‍ഗങ്ങള്‍? സ്വയം മാറേണ്ടത് ഏതൊക്കെ മേഖലകളില്‍?
ഞാന്‍ നേരത്തേ സൂചിപ്പിച്ചതുപോലെ, ഇസ്‌ലാമിക പ്രസ്ഥാനങ്ങളില്‍ സംഭവിക്കേണ്ട ചിന്താപരമായ തജ്ദീദാണ് പ്രധാനം. ഇമാം ഹസനുല്‍ ബന്നാ ഊന്നിപ്പറഞ്ഞത് സംഘടന എന്ന കാഴ്ചപ്പാടിനപ്പുറമുള്ള പ്രബോധന പ്രവര്‍ത്തന ശൈലിയെ കുറിച്ചായിരുന്നു (അദ്ദഅ്‌വത്തു ഫൗഖത്തന്‍ളീം). സംഘടന എന്ന നിലക്ക് നേടാവുന്നതിലപ്പുറമുള്ള വലിയ ലക്ഷ്യസാക്ഷാത്കാരത്തിനായുള്ള മാര്‍ഗമായിട്ടാണ് സംഘടന എന്ന കാഴ്ചപ്പാട് ഉണ്ടാവേണ്ടത്. എന്നിരുന്നാലും, സമീപകാലത്ത് ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ അവയുടെ സംഘടനാ സംവിധാനത്തിലും രൂപത്തിലും ഘടനയിലും ശ്രദ്ധകേന്ദ്രീകരിക്കുന്നതായിട്ടാണ് പലപ്പോഴും അനുഭവപ്പെടുന്നത്. ജനസേവനമാണ് ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ ഊന്നേണ്ട പ്രധാന മേഖല. സംഘടനാ സംവിധാനങ്ങളില്‍ ശ്രദ്ധിക്കുന്നതിനാല്‍ സാമൂഹിക-ജനസേവന പ്രവര്‍ത്തനങ്ങളില്‍ കാര്യമായി മുന്നേറാന്‍ ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ക്ക് പലപ്പോഴും കഴിയാതെ വരുന്നു. ജനസേവന പ്രവര്‍ത്തനങ്ങള്‍ക്കും രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായുള്ള പ്രവര്‍ത്തനങ്ങള്‍ക്കുമൊപ്പം ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമുണ്ട്. ഇസ്‌ലാമിക ചിന്തകളുടെ പോഷണവും ഇസ്‌ലാമിക പ്രവര്‍ത്തകരുടെ സംസ്‌കരണവും (തര്‍ബിയത്ത്) ആണത്. ഇവ രണ്ടും അതിപ്രധാനങ്ങളാണ്. ഇതിന്റെയെല്ലാം കൂടെ തന്നെ, എല്ലാ ജനവിഭാഗങ്ങളെയും, അവര്‍ മുസ്‌ലിംകളാവട്ടെ അല്ലാതിരിക്കട്ടെ, ഉള്‍ക്കൊള്ളാനും പരിഗണിക്കാനുമുള്ള പ്രവര്‍ത്തന സംസ്‌കാരം ആന്തരികമായി ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ രൂപപ്പെടുത്തേണ്ടതുണ്ട്.
ഇഖ്‌വാന്റെ കാര്യത്തില്‍, അറബ് വസന്താനന്തരം, തുടക്കത്തില്‍ അധികാര കേന്ദ്രത്തിലേക്ക് എത്താന്‍ സാധിച്ചെങ്കിലും മേല്‍പ്പറഞ്ഞ രംഗങ്ങളില്‍ ശോഭിക്കാന്‍ സാധിച്ചില്ല എന്നാണ് എന്റെ അഭിപ്രായം. സമൂഹം അനുഭവിക്കുന്ന യഥാര്‍ഥ പ്രശ്‌നങ്ങളെയും പ്രതിസന്ധികളെയും തിരിച്ചറിഞ്ഞ്, അവയുടെ പരിഹാരത്തിനായി ഇടപെടലുകള്‍ നടത്താന്‍ കഴിഞ്ഞില്ല. 2012-ല്‍ അറബ് വസന്തത്തിന്റെ ആരംഭത്തില്‍തന്നെ, രാഷ്ട്രീയ പ്രതിസന്ധിയേക്കാള്‍ രൂക്ഷം സാമ്പത്തിക പ്രതിസന്ധിയാണെന്നും അതാണ് പരിഹരിക്കാന്‍ ശ്രമിക്കേണ്ടതെന്നും ഞാന്‍ ചൂിക്കാട്ടിയിരുന്നു. എന്നാല്‍ രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാന്‍ മാത്രമാണ് ഇഖ്‌വാന്‍ ശ്രമിച്ചത്. നവജനാധിപത്യത്തിന്റെയും ഇസ്‌ലാമിന്റെയും മുന്നേറ്റങ്ങളായി നാമതിനെ പ്രാധാന്യപൂര്‍വം വിലയിരുത്തി. എന്നാല്‍ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് രാജ്യത്തെ സാമ്പത്തിക സംവിധാനങ്ങളും ബാങ്കുകളും ജനങ്ങളെ വെച്ച് അവരുടെ റോള്‍ കളിക്കുകയാണ് ഉണ്ടായത്. സാമ്പത്തിക വളര്‍ച്ചയുടെ സൂചിക അമ്പേ തകര്‍ന്നതായും നമ്മള്‍ കണ്ടു. അത് പരിഹരിക്കാനായിരുന്നു ഇഖ്‌വാന്‍ മുഖ്യ പരിഗണന നല്‍കേണ്ടിയിരുന്നത്.
യൂറോപ്യന്‍ സമൂഹങ്ങള്‍ക്ക് ഇസ്‌ലാമിനോടുള്ള സമീപനം താങ്കളുടെ അനുഭവത്തില്‍ എങ്ങനെയാണ്?
അല്‍ഹംദു ലില്ലാഹ്, യൂറോപ്പില്‍ ഇസ്‌ലാം പല ഘട്ടങ്ങളിലൂടെ/രംഗങ്ങളിലൂടെ ശക്തമായ മുന്നേറ്റം കാഴ്ചവെക്കുന്നു. ഏറ്റവും ശ്രദ്ധേയമായ കാര്യം ഇസ്‌ലാമിക പ്രവര്‍ത്തകരായ സഹോദരിമാര്‍ക്ക് ഈ മുന്നേറ്റത്തില്‍ വലിയ പങ്കുണ്ട് എന്നതാണ്. പടിഞ്ഞാറാവട്ടെ, ഇന്ത്യയിലാകട്ടെ, അറബ് ലോകത്താവട്ടെ വനിതകള്‍ക്ക് ഇസ്‌ലാമിക നവജാഗരണ പ്രവര്‍ത്തനങ്ങളില്‍ ശക്തമായ സാന്നിധ്യമുണ്ട്. ഇസ്‌ലാമിന്റെ അടിസ്ഥാനങ്ങളിലും പ്രമാണങ്ങളിലും അവര്‍ നേടുന്ന വിജ്ഞാനവും ചിന്താശേഷിയും അഭിനന്ദനീയമാണ്. അതുതന്നെയാണ് മുഖ്യവും.
യൂറോപ്പില്‍ എല്ലാ തലങ്ങളിലും മുസ്‌ലിംകള്‍ കടുത്ത വിവേചനങ്ങള്‍ക്ക് ഇരകളാകുന്നു എന്നതും ഒരു യാഥാര്‍ഥ്യം തന്നെയാണ്. അത് അവിടങ്ങളില്‍ ദൃശ്യവുമാണ്. എല്ലാ തലങ്ങളിലും ഇസ്‌ലാമിനെതിരെ കടുത്ത വിവേചനം നിലനില്‍ക്കുന്നു. അതേസമയം, ഈ പ്രതിസന്ധികള്‍ മുസ്‌ലിംകളില്‍ പുതിയ ഉണര്‍വുകള്‍ക്കും മുന്നേറ്റങ്ങള്‍ക്കും വ്യത്യസ്തയിടങ്ങളിലെ അവകാശ പോരാട്ടങ്ങള്‍ക്കും വര്‍ധിത തോതില്‍ പ്രചോദനമാവുകയും ചെയ്യുന്നു്. ലോകത്തിന്റെ ഏറ്റവും അടുത്ത ഭാവി ഇസ്‌ലാമിന്റേതാണെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. അത്തരം മുന്നേറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവര്‍ പശ്ചിമേഷ്യയില്‍നിന്നുള്ളവര്‍ ആവണമെന്നില്ല; മറിച്ച്, യൂറോപ്പിലെയും അമേരിക്കയിലെയും ഏഷ്യന്‍ വന്‍കരയിലെയും മുസ്‌ലിം ജനസമൂഹങ്ങളായിരിക്കും.
9/11-നു ശേഷം അമേരിക്കയിലും മറ്റു പാശ്ചാത്യ നാടുകളിലും ഇസ്‌ലാം എങ്ങനെയാണ് വായിക്കപ്പെടുന്നത്? ഇസ്‌ലാമിനോടുള്ള ആഭിമുഖ്യത്തെ ഇതെങ്ങനെയാണ് ബാധിച്ചത്?
സെപ്റ്റംബര്‍ 11 സംഭവത്തിനു ശേഷം അമേരിക്കയും യൂറോപ്പും എന്നും ഇസ്‌ലാമിനെ കുറിച്ച് സംസാരിക്കുന്നു. ധാരാളം വിഷയങ്ങളില്‍ ഇസ്‌ലാം കടന്നുവരുന്നു. പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ സംഭവ വികാസങ്ങളും അതിനു നിദാനമാകുന്നുണ്ട്. തീവ്രവാദത്തെ കുറിച്ച് ഞങ്ങള്‍ സംസാരിക്കുമ്പോള്‍ ഇസ്‌ലാം ചര്‍ച്ച ചെയ്യപ്പെടുക എന്നത് അനിവാര്യതയാണ്. ഡെന്മാര്‍ക്കില്‍ പ്രവാചകന്റെ ചിത്രം വരച്ചതുപോലെയുള്ള സംഭവങ്ങള്‍ വരുമ്പോഴും ഇസ്‌ലാം തന്നെയാണ് ചര്‍ച്ച ചെയ്യപ്പെടുന്നത്. യൂറോപ്യന്‍ ജനത ഇസ്‌ലാമിനെ വായിക്കാനും മനസ്സിലാക്കാനും ഇസ്‌ലാമിക ചിന്തയെ ഉള്‍ക്കൊള്ളാനും ആരംഭിച്ചിരിക്കുന്നു, അല്‍ഹംദു ലില്ലാഹ്!
ഉസ്വൂലുല്‍ ഫിഖ്ഹിന്റെ രീതിശാസ്ത്രം പരിഷ്‌കരിക്കണമെന്ന് ഹസന്‍ തുറാബിയെ പോലുള്ളവര്‍ നിരന്തരം വാദിച്ചിരുന്നു. താങ്കളുടെ എഴുത്തുകളിലും പുസ്തകങ്ങളിലും ഇതേ ആശയങ്ങള്‍ കാണുന്നു. ഉസ്വൂലുല്‍ ഫിഖ്ഹിന്റെ പരിഷ്‌കരണം എന്നതുകൊണ്ട് എന്താണ് അര്‍ഥമാക്കുന്നത്?
പുതിയ കാലത്ത് മുഹമ്മദ് ത്വാഹിര്‍ ഇബ്‌നു ആശൂറിനെ പോലെയുള്ളവര്‍ ഈ വിഷയത്തില്‍ ധാരാളം അഭിപ്രായങ്ങള്‍ പറഞ്ഞിട്ടുണ്ട്. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന വിഷയമാണിത്. യഥാര്‍ഥത്തില്‍, ഫിഖ്ഹീ നിയമങ്ങളിലെ രീതിശാസ്ത്രത്തില്‍ (മന്‍ഹജ്)നിന്ന് മാത്രമല്ല ഉസ്വൂലുല്‍ ഫിഖ്ഹ് രൂപം കൊള്ളേണ്ടത്. ഖുര്‍ആനിക വിധികളുടെ അടിസ്ഥാന ലക്ഷ്യങ്ങളെ (മഖാസ്വിദ്) കുറിച്ചുള്ള വായനയിലൂടെയുമാണ് അത് രൂപം കൊള്ളേണ്ടത്. ഖുര്‍ആന്‍ പഠനവും വായനയും അതില്‍നിന്ന് വിധികള്‍ നിര്‍ധാരണം ചെയ്യലും പുതിയ കാലത്ത് അത്യന്താപേക്ഷിതമാണ്. ദൈവിക ഗ്രന്ഥത്തിലെ ഗവേഷണവും അതിന്റെ വിധികളെ കുറിച്ച വിശകലനങ്ങളുമെല്ലാം ഇതിന്റെ ഭാഗമാണ്. ഖുര്‍ആനില്‍നിന്നാണ് ഉസ്വൂലുല്‍ ഫിഖ്ഹിന്റെ അടിസ്ഥാനങ്ങള്‍ ഉരുത്തിരിയേത്. ഫിഖ്ഹീ വിധികളില്‍നിന്ന് മാത്രമായി അതിനെ ചുരുക്കാവതല്ല.
ഇക്കാലം വരെ ഉസ്വൂലുല്‍ ഫിഖ്ഹീ രൂപപ്പെട്ടത് ഫിഖ്ഹി വിധികളെ അടിസ്ഥാനപ്പെടുത്തിയാണ്. ഫിഖ്ഹീ പണ്ഡിതന്മാരാണ് അതിന്റെ കാഴ്ചപ്പാടുകള്‍ അവതരിപ്പിച്ചത്. അത് ശരിയായ സമീപനമല്ല എന്ന് ഞാന്‍ മനസ്സിലാക്കുന്നു. കര്‍മശാസ്ത്ര വിധികളില്‍നിന്നാണ് ശരീഅത്തിന്റെ അടിസ്ഥാന ലക്ഷ്യങ്ങളെ (മഖാസ്വിദ്) - ദീന്‍, ജീവന്‍, ബുദ്ധി, അഭിമാനം, സമ്പത്ത് എന്നിവയുടെ സംരക്ഷണം- ഇതുവരെ രൂപപ്പെടുത്തിയത്. ഖുര്‍ആന്‍, സുന്നത്ത് തുടങ്ങിയ പ്രമാണ പാഠങ്ങളുടെ പഠനങ്ങളിലൂടെയല്ല ഈ അടിസ്ഥാന ലക്ഷ്യങ്ങള്‍ രൂപപ്പെട്ടത്. മറിച്ച്, ശരീഅത്തിലെ വിധികളില്‍നിന്ന് ലക്ഷ്യങ്ങളെ നിര്‍ധാരണം ചെയ്‌തെടുക്കുകയായിരുന്നു. മദ്യത്തിന്റെ കാര്യം ഉദാഹരണമായി എടുക്കാം. മനുഷ്യബുദ്ധിയുടെ സംരക്ഷണം ശരീഅത്തിന്റെ അടിസ്ഥാന ലക്ഷ്യങ്ങളില്‍ പെട്ടതാണ് എന്ന് നിര്‍ധാരണം ചെയ്യുന്നത് മദ്യം നിരോധിക്കപ്പെട്ടതാണ് എന്ന ഫിഖ്ഹീ വിധിയില്‍നിന്നാണ്. മനുഷ്യ ബുദ്ധിയുടെ സുരക്ഷ എന്നത് അങ്ങനെയാണ് ശരീഅത്തിന്റെ അഞ്ച് അടിസ്ഥാന ലക്ഷ്യങ്ങളില്‍പെട്ടതാണ് എന്ന് മനസ്സിലാക്കുന്നത്. ഈ രീതിയിലുള്ള നിര്‍ധാരണ ശൈലി ഒരു പ്രശ്‌നം തന്നെയാണ്.
ഫിഖ്ഹീ നിര്‍ധാരണ ശൈലിയുടെ കടുപ്പമേറിയ രീതിശാസ്ത്രംകൊണ്ട് ഖുര്‍ആനിന്റെ വിശാലതയെ നാം പരിമിതപ്പെടുത്തിയിരിക്കുന്നു. ഞാന്‍ പ്രാധാന്യപൂര്‍വം പറയാന്‍ ആഗ്രഹിക്കുന്ന കാര്യം, ഖുര്‍ആനില്‍നിന്ന് നാം അന്വേഷിക്കണം, അതിലേക്ക് നാം മടങ്ങണം, പുതിയ ചിന്താശൈലികളിലൂടെ അതിനെ ഉള്‍ക്കൊള്ളണം എന്നാണ്. നവലോകത്തില്‍ പുതിയ ഖുര്‍ആനിക പഠനങ്ങളിലൂടെയാണ് ഇത് സാധ്യമാവേണ്ടത്. രണ്ടു തരം വായനകളെയാണ് ഉസ്വൂലുല്‍ ഫിഖ്ഹിന്റെ നവീകരണത്തിനായി നാം അവലംബിക്കേണ്ടത്. ഒന്നാമതായി ഖുര്‍ആന്‍ വായനയും, രണ്ടാമതായി സമകാലിക ലോകത്തെ കുറിച്ചുള്ള വായനയും. സമകാലിക ലോകത്തെ വായിക്കുക എന്നാല്‍ പ്രപഞ്ചത്തെയും ലോകത്തെയും കുറിച്ചുള്ള അന്വേഷണങ്ങളും പഠനങ്ങളുമാണ്. ഖുര്‍ആനില്‍ ധാരാളം ഖണ്ഡിത പ്രമാണങ്ങള്‍ ഉള്ളതുപോലെ പ്രപഞ്ചത്തിനുമുണ്ട് ഖണ്ഡിത പ്രമാണങ്ങള്‍. ഈ പ്രാപഞ്ചിക പ്രമാണങ്ങളെ ലംഘിക്കാന്‍ സാധ്യമല്ല. പ്രപഞ്ചത്തിന് ഒരു നിയമ വ്യവസ്ഥയുണ്ട്. അതിനെ ഉള്‍ക്കൊള്ളുകയേ വഴിയുള്ളൂ. ബഹുസ്വരത എന്ന പ്രാപഞ്ചിക യാഥാര്‍ഥ്യം അതിനൊരു ഉദാഹരണമാണ്. ബഹുസ്വരതയെ ഉള്‍ക്കൊണ്ടെങ്കില്‍ മാത്രമാണ് നമുക്ക് ഫിഖ്ഹീ പ്രമാണങ്ങളും ശരീഅത്തിന്റെ ലക്ഷ്യങ്ങളും നിര്‍ണയിക്കാനാവൂ. ഞാന്‍ മനസ്സിലാക്കുന്നത്, ഉസ്വൂലുല്‍ ഫിഖ്ഹ് എന്നാല്‍ നിലവിലെ സാഹചര്യത്തിലേക്കും യാഥാര്‍ഥ്യങ്ങളിലേക്കുമുള്ള മടക്കം എന്നാണ്. തല്‍സംബന്ധമായ പുതിയ കാഴ്ചപ്പാടുകള്‍ ഞാന്‍ അവതരിപ്പിക്കാറുണ്ട്. ഉസ്വൂലുല്‍ ഫിഖ്ഹില്‍ തുടര്‍ന്നുവരുന്ന രീതിശാസ്ത്രത്തിന് എതിരാവണം എന്ന് ഉദ്ദേശിച്ചുകൊണ്ടല്ല, മറിച്ച് കാലം ആവശ്യപ്പെടുന്ന ഒരു നവീകരണം ഈ മേഖലയില്‍ സംഭവിക്കണം എന്ന ബോധ്യത്തിന്റെയും ആഗ്രഹത്തിന്റെയും അടിസ്ഥാനത്തിലാണിത്.
കഴിഞ്ഞ നൂറ്റാണ്ടില്‍ പിറവിയെടുത്ത ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ അവയുടെ നിലപാടുകള്‍ രൂപപ്പെടുത്തിയത് ഖുര്‍ആനും സുന്നത്തുമടങ്ങുന്ന ഇസ്‌ലാമിക സ്രോതസ്സുകളില്‍നിന്നായിരുന്നു എന്ന് അതിന്റെ നേതാക്കള്‍ പറയാറുണ്ട്. ആദ്യം അവര്‍ ഉസ്വൂലുകള്‍ കണ്ടെത്തുകയും പിന്നീട് ആ ഉസ്വൂലുകളുടെ അടിസ്ഥാനത്തില്‍ പ്രശ്‌നങ്ങളെ കാണുകയും പരിഹരിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. ഒരു പ്രശ്‌നം അഭിമുഖീകരിക്കുമ്പോള്‍ ആദ്യം വിധികള്‍ തീരുമാനിക്കുകയും പിന്നീട് അതിനുള്ള ഉസ്വൂലുകള്‍ കണ്ടെത്തുകയുമാണ് പതിവ്. അഥവാ പണ്ഡിതന്മാര്‍ ആദ്യം വിധികള്‍ പുറപ്പെടുവിക്കുകയും പിന്നീട് അതിന്റെ അടിസ്ഥാനത്തില്‍ ഉസ്വൂലുകള്‍ നിര്‍ധാരണം ചെയ്ത് കണ്ടെത്തുകയും ചെയ്യുന്നു. താങ്കളുടെ അഭിപ്രായം?
രാഷ്ട്രീയ പ്രവര്‍ത്തന രംഗത്ത് ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ അനുഭവിക്കുന്ന പ്രശ്‌നമാണിത്. അഥവാ, ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ പ്രാഗ്മാറ്റിക് ആകുമ്പോള്‍ സംഭവിക്കുന്നതാണിതെന്നു പറയാം. കാലിക പ്രശ്‌നങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക രംഗങ്ങളില്‍ തങ്ങള്‍ നടത്തിക്കൊിരിക്കുന്ന പ്രവര്‍ത്തനങ്ങളെ സാധൂകരിക്കാന്‍ വിധികള്‍ രൂപപ്പെടുത്തുകയാണ് ചെയ്യുന്നത്. ഇത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുക. മുതലാളിത്തത്തെ അഭിമുഖീകരിക്കുമ്പോള്‍ ചില പണ്ഡിതന്മാര്‍ ഇസ്‌ലാമും മുതലാളിത്തവും പരസ്പരബന്ധിതമാണ് എന്നുവരെ വിധിനല്‍കുന്നു. അങ്ങനെ സംഭവ്യമേ അല്ല. യഥാര്‍ഥത്തില്‍ മുതലാളിത്ത തത്ത്വശാസ്ത്രം തന്നെ ഇസ്‌ലാമിന് എതിരാണുതാനും.
താങ്കളുടെ മാതാമഹന്‍ ഹസനുല്‍ ബന്നായും, പിതാവും ഇസ്‌ലാമിക ചിന്തകനുമായ സഈദ് റമദാനും എങ്ങനെയാണ് താങ്കളുടെ വ്യക്തിത്വം രൂപപ്പെടുത്തുന്നതില്‍ പങ്കു വഹിച്ചത്?
തീര്‍ച്ചയായും, എന്റെ മാതാവും പിതാവും തന്നെയാണ് ഇസ്‌ലാമിക ചിന്ത എനിക്ക് പകര്‍ന്നു നല്‍കിയത്. പിതാവ് നിരന്തരമായി ഇമാം ഹസനുല്‍ ബന്നായുടെ മാര്‍ഗദര്‍ശനങ്ങള്‍ കൃത്യമായി തന്നെ ഓര്‍മിപ്പിച്ചിരുന്നു. ഇമാം ബന്നായെ പിതാവ് വിശേഷിപ്പിച്ചിരുന്നത് 'റബ്ബാനി' എന്നായിരുന്നു. ആത്മീയ പ്രഭാവമുള്ള വ്യക്തിത്വം. ഒരു പ്രാസ്ഥാനിക വ്യക്തിത്വം എന്നതിനപ്പുറം ഇസ്‌ലാമിക ചൈതന്യം സ്വാംശീകരിച്ച നേതാവായിട്ടായിരുന്നു ഇമാം ബന്നായെ പിതാവ് ഓര്‍മിച്ചിരുന്നത്. പിതാവും ഇങ്ങനെ തന്നെയായിരുന്നു. നമ്മള്‍ ജനങ്ങളോട് പോരാടുക സ്‌നേഹം കൊണ്ടായിരിക്കുമെന്ന് ഇമാം ഹസനുല്‍ ബന്നാ പഠിപ്പിച്ചതായി പിതാവ് എന്റെ ചെറുപ്പത്തിലേ സ്മരിക്കാറുണ്ടായിരുന്നു. നമ്മുടെ പ്രബോധനം പരസ്പര സ്‌നേഹമാണെന്നും അദ്ദേഹം പറയാറുണ്ടായിരുന്നു. ഈ ചിന്തകള്‍ ശരിക്കും ആഴമേറിയതും ആത്മീയ ചൈതന്യം തുളുമ്പുന്നതുമായിരുന്നു. ചെറുപ്പത്തിലേ ഇത്തരം ചിന്തകള്‍ എന്നെ സ്വാധീനിച്ചു.
പിതാവിന്റെ സംസ്‌കരണ ശൈലി (മന്‍ഹജുല്‍ ഇസ്വ്‌ലാഹ്) ആയിരുന്നു അടുത്തതായി ആകര്‍ഷിച്ചത്. ശരീഅത്തിന്റെ നിബന്ധനകളും ഇസ്‌ലാമിക നിയമങ്ങളും നടപ്പിലാവേണ്ടത് ആദ്യം സ്വന്തം ഹൃദയത്തിലും പിന്നീട് പെരുമാറ്റ സ്വഭാവത്തിലുമാണ്. എല്ലാം നിയമത്തിന്റെ കാര്‍ക്കശ്യമില്ലാതെ തികച്ചും സ്വാഭാവികമായി നടപ്പിലാവണം. ഇസ്‌ലാമിക നിയമങ്ങള്‍ സംസ്‌കരണത്തിന്റെ മാര്‍ഗങ്ങളില്‍ ഒന്നു മാത്രമാണ്. അഥവാ, അവ ഇസ്‌ലാമിന്റെ അടിസ്ഥാന ലക്ഷ്യങ്ങളില്‍പെട്ടതല്ല. ഇതുതന്നെയായിരുന്നു ഇമാം ബന്നാ ഊന്നിപ്പറഞ്ഞതും. പിതാവും ഇക്കാര്യം ഊന്നിപ്പറഞ്ഞു. ദൈവപ്രോക്തമായ ഇസ്‌ലാമിക ചിന്തയും ആരാധനാ കാര്യങ്ങളിലും മറ്റുമുള്ള കൃത്യതയുമാണ് സംസ്‌കരണത്തിന്റെ അടിസ്ഥാന ഉപാധികള്‍. ഒരിക്കല്‍, ഞാന്‍ ലോകത്തെ മാറ്റിമറിക്കാന്‍ ആഗ്രഹിക്കുന്നു എന്നു പറഞ്ഞ ആളോട്, താങ്കള്‍ പ്രഭാത നമസ്‌കാരം നിര്‍വഹിച്ചോ എന്നു തിരിച്ചു ചോദിച്ച സംഭവം പിതാവ് ഒരിടത്ത് എഴുതിയതായി ഓര്‍ക്കുന്നു. അദ്ദേഹം നമസ്‌കാരം നിര്‍വഹിക്കുന്നവനല്ലെങ്കില്‍ ആ അവകാശവാദംകൊ് പ്രത്യേകിച്ച് കാര്യമൊന്നുമില്ല. ലോകം മാറ്റിമറിക്കാന്‍ ചിലപ്പോള്‍ കഴിയുമായിരിക്കും. പക്ഷേ, സ്വന്തത്തെയാണ് ആദ്യമായി മാറ്റിമറിക്കേണ്ടത്. ഇത്തരത്തിലായിരുന്നു പിതാവിന്റെ സംസാരങ്ങളും ഇടപഴക്കങ്ങളും. മാതാവും ഇതേ സംസ്‌കാരവും രീതിയും തന്നെയാണ് ഞങ്ങള്‍ക്ക് പകര്‍ന്നു നല്‍കിയത്.
ധീരതയായിരുന്നു പിതാവ് പഠിപ്പിച്ച മറ്റൊരു കാര്യം. അതിക്രമകാരികള്‍ക്കെതിരെയും ജനങ്ങളുടെ തെറ്റായ നീക്കങ്ങള്‍ക്കെതിരെയും കുഴപ്പങ്ങളുാക്കുന്നവര്‍ക്കെതിരെയും സത്യവാക്യം ഉയര്‍ത്തിപ്പിടിക്കാനുള്ള ധീരത അവരില്‍നിന്ന് കണ്ടുപഠിക്കാന്‍ കഴിഞ്ഞു, അല്‍ഹംദു ലില്ലാഹ്!
ഇരുപതാം നൂറ്റാണ്ടില്‍ സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദി നിര്‍വഹിച്ച ദൗത്യത്തെ എങ്ങനെയാണ് വിലയിരുത്തുന്നത്? ജമാഅത്തെ ഇസ്‌ലാമി ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ നേടിയ സ്വാധീനത്തെക്കുറിച്ച് താങ്കളുടെ വായനകള്‍?
ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ നവ കാലത്ത് ഇസ്‌ലാമിനുായ വളര്‍ച്ചയെക്കുറിച്ച് ഗൗരവത്തില്‍ പഠിക്കാന്‍ ശ്രമിക്കുന്ന ആര്‍ക്കും മൗലാനാ മൗദൂദിയെക്കുറിച്ചും അദ്ദേഹം നല്‍കിയ സംഭാവനകളെക്കുറിച്ചും ആഴത്തിലുള്ള അറിവ് ഉണ്ടായിരിക്കണം എന്നാണ് എന്റെ അഭിപ്രായം. ഇസ്‌ലാമിനായി അദ്ദേഹം പല തലങ്ങളിലായി നല്‍കിയ സംഭാവനകള്‍ മഹത്തരമാണ്. ഇസ്‌ലാം എന്ന ദര്‍ശനത്തെ മുന്നില്‍ വെച്ച് താന്‍ ജീവിച്ചിരുന്ന സമൂഹത്തില്‍ അദ്ദേഹം ഉയര്‍ത്തിവിട്ട ചിന്തകള്‍ വലിയ സ്വാധീനമാണ് ഉാക്കിയത്. തനതായ ശൈലിയില്‍, വളരെ ആഴത്തില്‍ ഇസ്‌ലാമിനെ അദ്ദേഹം പൊതുജനസമക്ഷം അവതരിപ്പിച്ചു. ഇസ്‌ലാമിനെ പ്രത്യയശാസ്ത്രപരമായി അവതരിപ്പിച്ചു എന്നതിനൊപ്പം തന്നെ, ആ ചിന്തകള്‍ പണ്ഡിതോചിതങ്ങളുമായിരുന്നു എന്നതാണ് അദ്ദേഹത്തിന്റെ സംഭാവനകളുടെ പ്രത്യേകത. ഖുര്‍ആന്‍ വ്യാഖ്യാന കൃതി അതിന്റെ നിദര്‍ശനമാണ്.
ജീവിക്കുന്ന സാഹചര്യങ്ങള്‍ക്കനുസരിച്ച് നിലപാടുകള്‍ മാറ്റാനുള്ള വിശാലത പ്രകടിപ്പിച്ച്, മുസ്‌ലിം സമൂഹത്തില്‍ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി എന്നതും എടുത്തു പറയേതാണ്. സാഹചര്യങ്ങള്‍ക്കനുസരിച്ച് നിലപാടുകള്‍ മാറ്റുക എന്നത് വിമര്‍ശനവിധേയമാക്കേണ്ട കാര്യമാണെന്ന് തോന്നുന്നില്ല. കാരണം, കഴിഞ്ഞ കാലങ്ങളിലെ മഹാരഥന്മാരായ പണ്ഡിത വ്യക്തിത്വങ്ങളൊക്കെ ഇത്തരത്തിലുള്ള ശൈലി സ്വീകരിച്ചിരുന്നു. ഇസ്‌ലാമിനെ വളരെ ഡോഗ്മാറ്റിക് ആയി അവതരിപ്പിച്ചിരുന്ന ശൈലിയില്‍നിന്ന് മാറി, പുതിയ രീതിയിലേക്ക് മാറുമ്പോഴാണ് വിമര്‍ശനങ്ങള്‍ ഉയരുന്നത്. സാങ്കേതികമായി മൗദൂദി സൈദ്ധാന്തിക വിശകലനങ്ങളില്‍ ഉറച്ചുനിന്നപ്പോഴും മറ്റു ചില അവസരങ്ങളില്‍ മുന്‍ കാഴ്ചപ്പാടുകളെയും നിലപാടുകളെയും പുനര്‍വിചിന്തനത്തിന് വിധേയമാക്കാന്‍ അദ്ദേഹം തയാറായിരുന്നു.
മൗലാനാ മൗദൂദിയുടെ ചിന്തകളെയും കാഴ്ചപ്പാടുകളെയും നാം വിലമതിക്കുകയും ആദരിക്കുകയും ചെയ്യുന്നതോടൊപ്പം തന്നെ, അദ്ദേഹം അര്‍പ്പിച്ച സംഭാവനകള്‍ ആ കാലത്തിനും സന്ദര്‍ഭത്തിനും വേണ്ടിയുള്ളതായിരുന്നു എന്ന് നാം കൃത്യമായി മനസ്സിലാക്കുകയും വേണം. അഥവാ, പുതിയ കാലത്ത് അദ്ദേഹത്തിന്റെ പല കാഴ്ചപ്പാടുകളെയും പുനര്‍ചിന്തകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വിധേയമാക്കേണ്ടിവരും. പുതിയകാലത്ത് മൗദൂദിയുടെ കാഴ്ചപ്പാടുകളെ പുനഃപരിശോധിക്കുക എന്നതിനര്‍ഥം നാം അദ്ദേഹത്തെ എതിര്‍ക്കുന്നു എന്നല്ല. മറിച്ച്, ഒരു നവോത്ഥാന പരിഷ്‌കര്‍ത്താവ് എന്ന നിലക്ക് മൗദൂദി അദ്ദേഹത്തിന്റെ കാലത്ത് പ്രയോഗിച്ച രീതിശാസ്ത്രം അപ്പടി പുതിയ കാലത്ത് നടപ്പിലാക്കുക സാധ്യമല്ല എന്ന് നാം തിരിച്ചറിയുന്നു എന്നാണ്. മൗലാനാ മൗദൂദിയുടെ തന്നെ പാകിസ്താനിലെത്തിയ ശേഷമുള്ള നിലപാടുകള്‍, മുമ്പ് അദ്ദേഹത്തിനുായിരുന്ന കാഴ്ചപ്പാടുകള്‍ക്ക് അനുസൃതമായിരുന്നില്ല എന്നത് ശ്രദ്ധേയമാണ്. തീര്‍ച്ചയായും ഇന്ത്യയില്‍ അദ്ദേഹത്തിന്റെ ആശയങ്ങളും ചിന്തകളും അക്കാലത്ത് വലിയ സ്വാധീനമുണ്ടാക്കിയെങ്കിലും അവയെ പുനഃപരിശോധിക്കാനും വിമര്‍ശിക്കാനും നാം തയാറാവണം.
മൗദൂദിയെ ആശയപരമായി അംഗീകരിക്കുന്നവര്‍ അദ്ദേഹത്തെ ഒരു മുജദ്ദിദ് ആയാണ് മനസ്സിലാക്കുന്നത്, എതിര്‍ക്കുന്നവര്‍ കേവല പണ്ഡിതന്‍ എന്ന നിലക്കും...
തീര്‍ച്ചയായും അദ്ദേഹം ഒരു മുജദ്ദിദ് തന്നെയായിരുന്നു. മുജദ്ദിദ് എന്ന് വിളിക്കപ്പെടാനുള്ള എല്ലാ അര്‍ഹതയും അദ്ദേഹത്തിനുണ്ടായിരുന്നു. പല വഴികളിലൂടെ ഇന്ത്യയിലെയും പാകിസ്താനിലെയും ജനങ്ങള്‍ക്ക് ഇസ്‌ലാമിനെക്കുറിച്ച് പുതിയ ചിന്തകള്‍ പകര്‍ന്നു നല്‍കി എന്നതു തന്നെയാണ് അദ്ദേഹത്തെ കാലഘട്ടത്തിന്റെ പരിഷ്‌കര്‍ത്താവാക്കുന്നത്. അദ്ദേഹം നല്‍കിയ സംഭാവനകള്‍ പരിഗണിക്കുമ്പോള്‍ കേവലം പാരമ്പര്യ പണ്ഡിതനായി മാത്രം മൗദൂദിയെ പരിമിതപ്പെടുത്തി മനസ്സിലാക്കാന്‍ കഴിയില്ല.
(തുടരും)
തയാറാക്കിയത്: എം.ഐ അനസ് മന്‍സൂര്‍
Comments