മുത്ത്വലാഖ് ബില്ല്: രാഷ്ട്രീയ ചതുരംഗത്തിലെ കരുനീക്കങ്ങള്‍
മൂന്ന് ത്വലാഖും ഒറ്റയിരിപ്പില്‍ ചൊല്ലുന്നത് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്‍ 2017 ഡിസംബര്‍ 28-ന് പാര്‍ലമെന്റില്‍ അവതരിപ്പിച്ചപ്പോള്‍ തന്നെ, അങ്ങനെയൊരു നിയമം കൊണ്ടുവരുന്നതിന് ഭരണകൂടം വല്ലാതെ ധൃതികൂട്ടുകയാണെന്ന് വ്യക്തമായിരുന്നു. ബില്‍ രാജ്യസഭയിലും പാസ്സാക്കിയെടുക്കാനും അങ്ങനെ മുസ്‌ലിം സ്ത്രീകള്‍ക്ക് അവരുടെ അവകാശങ്ങള്‍ ഉറപ്പുവരുത്തിയതിന്റെ ക്രെഡിറ്റ് അവകാശപ്പെടാനുമാണ് ബി.ജെ.പിയുടെ ശ്രമം. പ്രതിപക്ഷ പാര്‍ട്ടികളാകട്ടെ ഇതൊരു ക്രിമിനല്‍ കുറ്റമാക്കി മാറ്റിയതിനെ ചോദ്യം ചെയ്യുന്നു. മുത്ത്വലാഖ് ഒരു സിവില്‍ കേസാണെന്നും അതിനെ ക്രിമിനല്‍ കേസാക്കരുതെന്നും അവര്‍ വാദിക്കുന്നു.
ന്യൂനപക്ഷ സമൂഹങ്ങളിലെ വിവാഹം, വിവാഹമോചനം തുടങ്ങിയ വിഷയങ്ങളില്‍ പാര്‍ലമെന്റിന് നിയമം കൊണ്ടുവരാനുള്ള അധികാരമുണ്ടെന്നത് ശരിയാണ്. ലോക്‌സഭയില്‍ വന്‍ ഭൂരിപക്ഷമുള്ള മോദി ഗവണ്‍മെന്റിന് അത് പാസ്സാക്കിയെടുക്കാനുള്ള അംഗബലവുമുണ്ട്. പക്ഷേ, ഇവിടെ ഒരു നൈതിക പ്രശ്‌നമുണ്ട്. ഈ പാര്‍ലമെന്റിന്-മുസ്‌ലിം പ്രാതിനിധ്യം ഏറ്റവും കുറഞ്ഞ പാര്‍ലമെന്റ് കൂടിയാണിത്- ഒരു പൊതു ചര്‍ച്ചയോ മുസ്‌ലിം പ്രതിനിധികളുടെ സമവായമോ കൂടാതെ അത്തരമൊരു നിയമ നിര്‍മാണത്തിനുള്ള ധാര്‍മിക അവകാശമുണ്ടോ എന്നതാണത്. ന്യൂനപക്ഷ സമൂഹങ്ങള്‍ക്കു വേണ്ടി നടത്തുന്ന ഏതൊരു നിയമനിര്‍മാണവും അതത് സമുദായ നേതാക്കള്‍/ പ്രതിനിധികള്‍ എന്നിവരുമായും നിയമവിദഗ്ധരുമായും അതുമായി ബന്ധപ്പെട്ട മറ്റുള്ളവരുമായും ചര്‍ച്ചകള്‍ നടത്തി ഒരു സമവായത്തിലെത്താന്‍ ശ്രമിച്ചതിന് ശേഷമായിരിക്കണം എന്ന സ്ഥിരപ്രതിഷ്ഠമായ ഒരു കീഴ്‌വഴക്കത്തെ മറികടക്കാനാണ് ഭരണകൂടം ഇവിടെ ശ്രമിക്കുന്നത്.
പക്ഷേ, ഈ വഴി സ്വീകരിക്കേണ്ട ആവശ്യമില്ല എന്നാണ് ഗവണ്‍മെന്റ് കരുതുന്നത്. 2017 ആഗസ്റ്റ് 22-ന് മുത്ത്വലാഖ് കേസില്‍ (ഷയറാ ബാനു/യൂനിയന്‍ ഓഫ് ഇന്ത്യ) വിധി പറഞ്ഞ ഭരണഘടനാ ബെഞ്ചിലെ ന്യൂനപക്ഷം, മുത്ത്വലാഖ് സാധുവാണെന്നും പ്രശ്‌നം ലജിസ്ലേച്ചറിന്റെ പരിധിയിലായതുകൊണ്ട് ഗവണ്‍മെന്റ് അത് നിരോധിക്കാന്‍ നിയമം കൊണ്ടുവരികയാണ് വേതെന്നും അഭിപ്രായപ്പെട്ടതാണ് ഭരണകൂടത്തിന് പിടിവള്ളിയായത്. സുപ്രീം കോടതിയില്‍നിന്നുള്ള ഈ പരാമര്‍ശത്തെ ഉയര്‍ത്തിക്കാട്ടി പ്രസ്തുത ബില്ലിനെ ഭരണകൂടം ന്യായീകരിക്കുകയാണ്. പക്ഷേ, ബെഞ്ചിലെ ഭൂരിപക്ഷം (മൂന്ന് ജഡ്ജിമാര്‍) ഭരണഘടനയുടെ അനുഛേദം 141 പ്രകാരം മുത്ത്വലാഖ് അസാധുവാണെന്ന് പ്രഖ്യാപിച്ചതിനാല്‍ അതാണ് യഥാര്‍ഥത്തില്‍ ഇവിടെ നിയമമായി വരേണ്ടത്. അതിനാല്‍, ബെഞ്ചിലെ ന്യൂനപക്ഷത്തിന്റെ അഭിപ്രായം കണക്കിലെടുത്ത് ഒരു നിയമം കൊണ്ടുവരേണ്ട യാതൊരു ആവശ്യവുമില്ല. ഇനി മുത്ത്വലാഖ് അസാധുവാക്കിയും യഥാര്‍ഥ ത്വലാഖ്‌രീതി വിശദീകരിച്ചും ഒരു നിയമം കൊണ്ടുവരികയാണെങ്കില്‍തന്നെ അത് കര്‍ശനമായും സിവില്‍ നിയമത്തിന്റെ പരിധിയിലാണ് വരേണ്ടത്. സുപ്രീം കോടതി വിധിപ്രസ്താവനയില്‍ ഒരിടത്തും മുത്ത്വലാഖ് ക്രിമിനല്‍ കുറ്റമാക്കണമെന്നതിനെ സംബന്ധിച്ച് ഒരു സൂചന പോലുമില്ല.
സുപ്രീം കോടതിവിധി വന്നയുടനെ, മുത്ത്വലാഖ് അസാധുവാണെന്ന് പ്രഖ്യാപിക്കപ്പെട്ടിരിക്കെ ഇനിയൊരു നിയമത്തിന്റെ ആവശ്യമില്ല എന്നായിരുന്നു ഗവണ്‍മെന്റിന്റെ നിലപാട് (ടൈംസ് ഓഫ് ഇന്ത്യ 2017 a). പക്ഷേ, ഈ പ്രഖ്യാപിത ഔദ്യോഗിക നിലപാടില്‍ മാറ്റം വരുന്നതാണ് പിന്നീട് കാണുന്നത്. സുപ്രീം കോടതിയുടെ വിധിപ്രസ്താവത്തിന് ശേഷവും ഈ ത്വലാഖ് സമ്പ്രദായം തുടരുന്നു എന്നാണ് ഗവണ്‍മെന്റ് അതിന് കാരണമായി പറഞ്ഞത്. ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പു കാലത്ത്, മുസ്‌ലിം സ്ത്രീകളുടെ രക്ഷകനായി ചമഞ്ഞിരുന്ന നരേന്ദ്ര മോദിയുടെ രീതിയുമായി ഒത്തുപോകുന്നതാണ് പുതിയ നിയമനിര്‍മാണം.
ഗോരക്ഷക വേഷം കെട്ടിയവരും തീവ്ര ഹിന്ദുത്വ സംഘടനകളും നിരപരാധികളായ മുസ്‌ലിംകളെ കൊന്നുകൊണ്ടിരുന്നപ്പോള്‍ ഒരക്ഷരം ഉരിയാടാതിരുന്ന മോദിയാണ് വീണ്ടും വീണ്ടും മുത്ത്വലാഖിന് ഇരകളായ സ്ത്രീകളെക്കുറിച്ച് സംസാരിച്ചുകൊണ്ടിരുന്നത് എന്നതാണ് വിചിത്രം (ടൈംസ് ഓഫ് ഇന്ത്യ, 2017 b). ഹിന്ദു സ്ത്രീകള്‍ അഭിമുഖീകരിച്ചുകൊണ്ടിരുന്ന ഒട്ടുവളരെ പ്രശ്‌നങ്ങളിലും മോദി മൗനത്തില്‍ തന്നെയായിരുന്നു. ഇത്തരം വൈരുധ്യങ്ങളില്‍നിന്ന് തന്നെ, മുത്ത്വലാഖ് ക്രിമിനല്‍ കുറ്റമാക്കുന്നതിനുള്ള നീക്കത്തിനു പിന്നിലെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ തെളിഞ്ഞുവരുന്നുണ്ട്.
മുത്ത്വലാഖിനെതിരെയുള്ള പ്രചാരണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച ഭാരതീയ മുസ്‌ലിം മഹിളാ അന്തോളന് (ബി.എം.എം.എ) തങ്ങളുടെ നേട്ടത്തില്‍ വലിയ ചാരിതാര്‍ഥ്യം തോന്നുന്നുണ്ടാവണം. അതിന്റെ ഏറ്റവും വിജയകരമായ കാമ്പയിന്‍ ആയിരുന്നല്ലോ ഇത്. ഈ സംഘടന നേരത്തേ, സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് ജനജീവിതത്തെ എങ്ങനെ സ്വാധീനിച്ചു എന്നതിനെ സംബന്ധിച്ച് ഒരു പഠനം നടത്തിയിരുന്നു. മുത്ത്വലാഖിനെതിരെയുള്ള പ്രചാരണത്തോടൊപ്പം ആ റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ഈ സംഘടന ആത്മാര്‍ഥമായി ശ്രമിച്ചിരുന്നെങ്കില്‍ അവരുടെ ആവശ്യങ്ങള്‍ ഇത്ര പെട്ടെന്നൊന്നും ഗവണ്‍മെന്റ് അംഗീകരിക്കുമായിരുന്നില്ല.
'കുടുംബത്തിനകത്ത് നീതി അന്വേഷിക്കുന്നു' എന്ന പേരില്‍ ഈ സംഘടന 2015 ആഗസ്റ്റില്‍ ഒരു റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു. പിന്നാക്കം നില്‍ക്കുന്ന, പ്രാന്തവത്കരിക്കപ്പെട്ട 4,710 സ്ത്രീകളുമായി നടത്തിയ അഭിമുഖങ്ങളെ ആസ്പദിച്ചാണ് ആ റിപ്പോര്‍ട്ട് തയാറാക്കിയത്. ഒറ്റയിരിപ്പിന് മൂന്ന് ത്വലാഖ് (അതോടൊപ്പം ബഹുഭാര്യത്വവും 'നികാഹ് ഹലാല'യും) ചൊല്ലുന്നതാണ് മുസ്‌ലിം സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന അടിയന്തര ശ്രദ്ധയര്‍ഹിക്കുന്ന വിഷയം എന്ന് അതില്‍ ചിത്രീകരിച്ചിരുന്നു. ദാരിദ്ര്യം, നിരക്ഷരത, അരികുവത്കരണം, പൊതു വിഭവങ്ങള്‍ നിഷേധിക്കപ്പെടല്‍ പോലുള്ള പ്രശ്‌നങ്ങളൊക്കെ പിന്നെയേ വരുന്നുള്ളൂ (നിയാസ് & സോമന്‍ 2015).
ഈ റിപ്പോര്‍ട്ടിന് ലഭിച്ച പെട്ടെന്നുള്ള പബ്ലിസിറ്റി കാരണമാണ്, ഹിന്ദു സ്ത്രീകളുടെ അനന്തരാവകാശവുമായി ബന്ധപ്പെട്ട ഒരു കേസ് (പ്രകാശ് Vs ഫൂലാവതി 2016) പരിഗണിച്ചുകൊണ്ടിരുന്ന രണ്ട് സുപ്രീം കോടതി ജഡ്ജിമാര്‍, മുസ്‌ലിം സ്ത്രീകളുടെ അവകാശങ്ങള്‍ ഹനിക്കപ്പെടുന്നുണ്ടോ എന്നും അവര്‍ക്കെതിരെ വിവേചനങ്ങള്‍ നടക്കുന്നുണ്ടോ എന്നും അന്വേഷിക്കുന്നതിനായി ഒരു പ്രത്യേക ബെഞ്ചിന് രൂപം നല്‍കണമെന്ന നിര്‍ദേശം ചീഫ് ജസ്റ്റിസിന് മുമ്പാകെ വെച്ചത്. സുപ്രീം കോടതിയുടെ നിയമചരിത്രത്തില്‍ ഇങ്ങനെയൊരു നീക്കം മുമ്പുണ്ടായിട്ടില്ല. സ്വമേധയാ നടത്തിയ ഈ നിര്‍ദേശം 'സമത്വത്തിനായുള്ള മുസ്‌ലിം സ്ത്രീകളുടെ അന്വേഷണം' എന്ന തലക്കെട്ടിലാണ് വന്നിരുന്നത്. ഏതാനും മാസങ്ങള്‍ കഴിഞ്ഞ് ഷയറാ ബാനു ഒരു റിട്ട് പെറ്റീഷന്‍ നല്‍കുന്നു. അവരുടെ കേസില്‍ നേരത്തേ നിയമനടപടികള്‍ ആരംഭിച്ചതിനാല്‍ അതും മുത്ത്വലാഖ് ബില്ലും കൃത്യമായും ഒത്തുപോകുന്നുണ്ടായിരുന്നില്ല. എന്നു മാത്രമല്ല, ഷയറാ ബാനു തന്നെ, വൈവാഹിക അവകാശങ്ങള്‍ പുനഃസ്ഥാപിച്ചു കിട്ടാന്‍ അവരുടെ ഭര്‍ത്താവ് നല്‍കിയ ഹരജിയെ എതിര്‍ക്കുകയുമായിരുന്നല്ലോ (ആഗ്നസ് 2016).
ഈ കേസ് നടന്നുകൊണ്ടിരിക്കെ ബി.എം.എം.എയുടെ സ്ഥാപകര്‍ 2015 ഡിസംബറില്‍ പ്രധാനമന്ത്രിക്കയച്ച കത്തില്‍, മുസ്‌ലിം സ്ത്രീകളുടെ അവകാശ സംരക്ഷണത്തിന് പുതിയ നിയമം നിര്‍മിച്ച് അദ്ദേഹം ഇടപെടണമെന്ന് അഭ്യര്‍ഥിച്ചിരുന്നു (ഡി.എന്‍.എ 2015). മുസ്‌ലിം സ്ത്രീകള്‍ തന്നെ നിയമനിര്‍മാണം ആവശ്യപ്പെടുന്നതിനാല്‍ ഇക്കാര്യത്തില്‍ മത നേതാക്കളുടെയോ പണ്ഡിതന്മാരുടെയോ സമവായം ആവശ്യമില്ലെന്ന് ന്യായം പറയാന്‍ ഈ കത്തും ഗവണ്‍മെന്റിന് സഹായകമായിട്ടുണ്ടാവും. ബി.എം.എം.എ ആവശ്യപ്പെട്ടത് ഒരു സിവില്‍ നിയമമായിരുന്നെങ്കിലും, ഗവണ്‍മെന്റ് ത്വലാഖിനെ ക്രിമിനല്‍ കുറ്റമാക്കുന്നതും അവര്‍ അംഗീകരിച്ച മട്ടാണ്. ഇത് കൂടുതല്‍ ശക്തമായ തടയണ തീര്‍ക്കും എന്ന് അവര്‍ കരുതുന്നുണ്ടാവണം.
പരാജയമെന്ന് തെളിഞ്ഞ യുക്തി
കര്‍ശന നിയമങ്ങളുണ്ടാക്കിയാല്‍ കുറ്റകൃത്യങ്ങള്‍ തടയാനാവും എന്ന യുക്തി പരാജയമെന്ന് പല രീതിയില്‍ തെളിയിക്കപ്പെട്ടതാണ്. 2012-ല്‍ ദല്‍ഹിയിലുണ്ടായ കൂട്ട മാനഭംഗത്തെത്തുടര്‍ന്ന് 2013-ല്‍ ബലാത്സംഗ കുറ്റത്തിനെതിരെ കര്‍ശന നിയമം പാസ്സാക്കിയതിനു ശേഷം രാജ്യത്ത് എന്തു സംഭവിക്കുന്നു എന്നത് ഇതിന് ഏറ്റവും നല്ല ഉദാഹരണമാണ്. 2017 അവസാനം നാഷ്‌നല്‍ ക്രൈം ബ്യൂറോ പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം, 2013-ല്‍ കര്‍ക്കശ നിയമം പാസ്സാക്കിയിട്ടും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ബലാത്സംഗങ്ങള്‍ 12.4 ശതമാനമാണ് വര്‍ധിച്ചത്. 2015-ല്‍ 34,651 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെങ്കില്‍ 2016-ല്‍ അത് 38,947 ആയി. ദല്‍ഹിയിലാകട്ടെ 33 ശതമാനം വര്‍ധനവാണ് ഉണ്ടായത് എന്നോര്‍ക്കണം; മുംബൈയില്‍ 12.3 ശതമാനവും. ലൈംഗിക അതിക്രമങ്ങളില്‍നിന്ന് കുട്ടികളെ സംരക്ഷിക്കാന്‍ 2012-ല്‍ രൂപം കൊടുത്ത (POCSO - Protection of Children from Sexual Offences) കര്‍ക്കശ നിയമത്തിന്റെയും (ഇതു പ്രകാരം താന്‍ നിരപരാധിയാണെന്ന് തെളിയിക്കേണ്ട ബാധ്യത കുറ്റാരോപിതനില്‍ വന്നുചേരുന്നു) സ്ഥിതി ഇതുതന്നെ. അതിനു ശേഷവും അത്തരം അതിക്രമങ്ങളുടെ എണ്ണത്തില്‍ ഭീതിപ്പെടുത്തുന്ന വര്‍ധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
ബി.എം.എം.എയെ ശക്തമായി പിന്തുണച്ചിരുന്ന ജാവേദ് ആനന്ദ്, മുത്ത്വലാഖ് ക്രിമിനല്‍ കുറ്റമാക്കുന്നതിനെ അനുകൂലിച്ചിരുന്നുവെങ്കിലും, ഇപ്പോള്‍ തന്റെ നിലപാടില്‍ മാറ്റം വരുത്തിയിരിക്കുകയാണെന്നത് കൗതുകമുണര്‍ത്തുന്നുണ്ട്. ഇന്ത്യന്‍ മുസ്‌ലിംസ് ഫോര്‍ സെക്യുലര്‍ ഡെമോക്രസി എന്ന സംഘടനയുടെ കണ്‍വീനറായ ജാവേദ്, മുത്ത്വലാഖിനെ ക്രിമിനല്‍ കുറ്റമാക്കരുതെന്ന് ഭരണകൂടത്തോട് ആവശ്യപ്പെട്ടിരിക്കുകയാണ്. മുസ്‌ലിം പുരുഷന്മാര്‍ ടാര്‍ഗറ്റ് ചെയ്യപ്പെടാന്‍ അത് കാരണമാക്കും (IMSD 2017). വീടകങ്ങളിലെ അതിക്രമങ്ങളില്‍നിന്ന് സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കുന്ന നിയമവും (PWDVA- Protection of Women from Domestic Violence) ഇന്ത്യന്‍ പീനല്‍ കോഡിലെ 498 അ വകുപ്പും മുസ്‌ലിംകള്‍ക്കും അല്ലാത്തവര്‍ക്കുമൊക്കെ ബാധകമായതിനാല്‍ ഒറ്റയിരുപ്പിനുള്ള മൂന്ന് ത്വലാഖിന്റെ കാര്യത്തില്‍ ഈ നിയമങ്ങള്‍ പ്രയോഗിച്ചാല്‍ മതിയാവും. ഇങ്ങനെയൊരു നിയമം കൊണ്ടുവരുന്നതിനെ വനിതാ-ശിശുക്ഷേമ വകുപ്പ് മന്ത്രാലയവും ചോദ്യം ചെയ്യുന്നുണ്ട്. ഭര്‍ത്താവ് മുത്ത്വലാഖ് ചൊല്ലുന്ന പക്ഷം അതിനെ നിയമപരമായി നേരിടാന്‍ വേണ്ടത്ര നിയമങ്ങള്‍ ഇപ്പോള്‍ നിലവിലുണ്ട് എന്നാണ് മന്ത്രാലയത്തിന്റെ നിലപാട് (Nair 2017).
'ത്വലാഖ്' എന്ന വാക്ക് ഉച്ചരിക്കുന്നതുകൊണ്ട് വിവാഹം അസാധുവാകുന്നില്ലെങ്കില്‍, അതുകൊണ്ട് വ്യക്തിക്കോ രാഷ്ട്രത്തിനോ ഒരു പരിക്കും ഏല്‍ക്കില്ലെങ്കില്‍ അത് എങ്ങനെയാണ് ഒരു ക്രിമിനല്‍ കുറ്റമാവുക? ഭരണഘടനാ ബെഞ്ചിന്റെ ഉത്തരവോടെ 'ത്വലാഖ്' എന്ന വാക്കിന് മുസ്‌ലിം വിവാഹത്തെ നിയമപരമായി അസാധുവാക്കാന്‍ കഴിയില്ലെന്ന് വന്നിരിക്കുന്നു. ഈ വാക്ക് ഉച്ചരിച്ച ശേഷം പ്രവൃത്തികള്‍ ഉണ്ടായെങ്കില്‍ മാത്രമേ- അതായത്, സ്ത്രീയെ വീട്ടില്‍നിന്ന് പുറത്താക്കുക, ശാരീരികവും മാനസികവുമായ പീഡനങ്ങളേല്‍പ്പിക്കുക പോലുള്ളവ-അവള്‍ക്ക് കോടതികളെ സമീപിക്കാന്‍ കഴിയുകയുള്ളൂ. ഇതാണ് ഒരു വീക്ഷണം. മറ്റൊരു വിഭാഗം പറയുന്നത്, പെട്ടെന്നുതന്നെ വിവാഹം ഇല്ലാതാക്കുന്ന ഒരു ഭീകര വാക്കായിട്ടാണ് ചരിത്രപരമായി ഇത് മനസ്സിലാക്കപ്പെടുന്നത് എന്നതിനാല്‍, അത്തരം വാക്കുകള്‍ ഉച്ചരിച്ചാല്‍ തന്നെ ഭര്‍ത്താവ് ശിക്ഷിക്കപ്പെടും. കാരണം ഈ വാക്കുകള്‍ കേള്‍ക്കുന്നതു തന്നെ സ്ത്രീകള്‍ക്ക് വലിയ ആഘാതമായിരിക്കും.
വിഷയത്തില്‍ എന്റെ അഭിപ്രായം ഇതാണ്: മുംബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മജ്‌ലിസ് എന്ന എന്‍.ജി.ഒ മുസ്‌ലിം സ്ത്രീകളില്‍ നടത്തിയ പഠനത്തില്‍ വ്യക്തമായ കാര്യം, ഒരു മുസ്‌ലിം പുരുഷന്‍ 'ത്വലാഖ്, ത്വലാഖ്, ത്വലാഖ്' എന്നിങ്ങനെ പെട്ടെന്നങ്ങ് ഉച്ചരിക്കുകയല്ല ചെയ്യുക. ബി.എം.എം.എ നടത്തിയ ഒരു പഠനത്തില്‍, ഇത്തരം വാക്കുകള്‍ ഉച്ചരിക്കപ്പെടുന്നതിനു മുമ്പ് 53 ശതമാനം സ്ത്രീകളും പലതരത്തിലുള്ള പീഡനങ്ങള്‍ക്ക് വീടകങ്ങളില്‍ വെച്ച് വിധേയരായിരുന്നു എന്ന് പറയുന്നുണ്ട്. ഈ സ്ത്രീകള്‍ക്കൊക്കെ ഗൃഹപീഡനങ്ങള്‍ക്കെതിരെ PWDVA പ്രകാരം കേസ് കൊടുക്കാം. പക്ഷേ, ഒരാളും അങ്ങനെ കേസ് കൊടുക്കുകയുണ്ടായിട്ടില്ല. ഈ പഠനം നടത്തിയവര്‍ അതിനുള്ള കാരണവും വ്യക്തമാക്കുന്നുണ്ട്. പീഡനങ്ങള്‍ക്കിരയാവുന്ന സ്ത്രീകള്‍ക്ക് കോടതികളെ സമീപിക്കാനുള്ള സാമ്പത്തിക ശേഷിയില്ല എന്നതാണത് (Soman and Niaz 2016). ഇതാണ് സ്ഥിതിയെങ്കില്‍, മുത്ത്വലാഖിനെതിരെയുള്ള അതിസങ്കീര്‍ണമായ ഈ നിയമപോരാട്ടം എങ്ങനെയാണ് ഈ സ്ത്രീകള്‍ക്ക് തങ്ങളുടെ ഭര്‍ത്താക്കന്മാര്‍ക്കെതിരെ നടത്താനാവുക? പഠനം നടത്തിയവര്‍ ഈ ചോദ്യത്തെ അഭിമുഖീകരിക്കാന്‍ തയാറായിട്ടില്ല.
അനുഭവ യാഥാര്‍ഥ്യങ്ങള്‍
നിരവധി പഠനങ്ങള്‍ പുറത്തുകൊണ്ടുവന്ന മറ്റൊരു യാഥാര്‍ഥ്യമുണ്ട്. ഔദ്യോഗിക നിയമ സംവിധാനങ്ങളെ സമീപിക്കുന്നതിനു പകരം പലപ്പോഴും ഈ പ്രാന്തവത്കരിക്കപ്പെട്ട സ്ത്രീകള്‍ തങ്ങളുടെ അവകാശങ്ങള്‍ വകവെച്ചുകിട്ടുന്നതിനായി അനൗദ്യോഗിക സംവിധാനങ്ങളുടെ സഹായം തേടുന്നു എന്നതാണത്. മതകൂട്ടായ്മകള്‍ നടത്തുന്ന ദാറുല്‍ ഖദാ പോലുള്ള അനൗദ്യോഗിക സംവിധാനങ്ങളാണ് കോടതികളേക്കാളും പോലീസ് സ്റ്റേഷനുകളേക്കാളും തങ്ങള്‍ക്ക് കൂടുതല്‍ പ്രാപ്യമായിട്ടുള്ളത് എന്ന് ഈ സ്ത്രീകള്‍ കരുതുന്നു എന്നതാണിതിന് കാരണം. ഗോപിക സോളങ്കി(2011)യുടെയും സില്‍വിയ വതുക്കി(2017)ന്റെയും പഠനങ്ങള്‍, സ്ത്രീകള്‍ തങ്ങളുടെ അവകാശങ്ങള്‍ വകവെച്ചുകിട്ടുന്നതിനായി സ്വീകരിക്കുന്ന വ്യത്യസ്ത രീതികളെക്കുറിച്ച് പറയുന്നുണ്ട്. ആനന്ദിത ചക്രബര്‍ത്തിയും സുചന്ദ്ര ഗോഷും കാണ്‍പൂരിലെ ഒരു മുസ്‌ലിം ചേരിപ്രദേശത്തെ ശരീഅ കോര്‍ട്ടുമായി ബന്ധപ്പെടുത്തി രണ്ട് വര്‍ഷം നടത്തിയ ഫീല്‍ഡ് പഠന(2017)ത്തില്‍, സ്ത്രീപ്രശ്‌നങ്ങളെല്ലാം തന്നെ കുടുംബ ബജറ്റ്, ഉപജാപങ്ങള്‍, ബന്ധുത്വ ചട്ടങ്ങള്‍ തുടങ്ങിയവയില്‍ കുരുങ്ങിക്കിടക്കുന്നതായി നിരീക്ഷിച്ചിട്ടുണ്ട്.
സംഭവ യാഥാര്‍ഥ്യങ്ങള്‍ ഇങ്ങനെയാണെന്നിരിക്കെ, മുത്ത്വലാഖ് ക്രിമിനല്‍ കുറ്റമാക്കുന്നത് ഏതു നിലക്കാണ് മുസ്‌ലിം സ്ത്രീകളെ ശാക്തീകരിക്കുക? ഒരൊറ്റ ശ്വാസത്തിന് ത്വലാഖ് എന്ന് മൂന്നു പ്രാവശ്യം പറഞ്ഞാല്‍ വിവാഹബന്ധം വേര്‍പ്പെടുകയില്ല എന്ന് വന്നേക്കാം. പക്ഷേ, ഭര്‍ത്താവിനെ ജയിലിലാക്കാന്‍ അത് മതി. ക്ഷുഭിതനായ അയാള്‍ മൂന്ന് മാസം സമയമെടുത്ത് ഖുര്‍ആന്‍ പ്രകാരമുള്ള ത്വലാഖ് മൂന്ന് ഘട്ടങ്ങളിലായി ചൊല്ലി വിവാഹബന്ധം വേര്‍പ്പെടുത്തുകയും ചെയ്‌തേക്കാം. അപ്പോള്‍ ഈ ഭാര്യ തീര്‍ത്തും നിസ്സഹായയായിരിക്കും.
ജീവനാംശം, കുട്ടിയുടെ സംരക്ഷണം തുടങ്ങിയ കാര്യങ്ങളില്‍ മുത്ത്വലാഖ് നിയമത്തില്‍ വകുപ്പുണ്ടെങ്കിലും, മുസ്‌ലിം സ്ത്രീയുടെ ഇതുപോലുള്ള അവകാശങ്ങള്‍ ലഭ്യമാക്കുന്നതിന് വേണ്ടത്ര നിയമങ്ങള്‍ നേരത്തേ തന്നെ ഇവിടെയുള്ളതുകൊണ്ട് അത്തരം വകുപ്പുകള്‍ അര്‍ഥശൂന്യവും അസംബന്ധവുമാണ്. ഇനി, ഭാര്യയും അവളുടെ ബന്ധുക്കളും അവള്‍ക്കൊപ്പമുള്ള സമൂഹവും വാക്കാലുള്ള ത്വലാഖ് സാധുവും സ്വീകാര്യവുമാണെന്ന് സമ്മതിച്ച് മുന്നോട്ടു പോയാല്‍ മറ്റൊരാള്‍ക്കും അക്കാര്യത്തില്‍ ഇടപെടാനും കഴിയില്ല. ഉപേക്ഷിക്കപ്പെട്ട ആയിരക്കണക്കിന് ഹിന്ദു ഭാര്യമാര്‍ തങ്ങളുടെ ഭാര്യാ പദവി തിരിച്ചുപിടിക്കാനാണ്, അല്ലാതെ നിലവിലുള്ള നിയമങ്ങള്‍ പ്രകാരം തങ്ങളുടെ അവകാശങ്ങള്‍ ആവശ്യപ്പെടാനല്ല താല്‍പര്യം കാണിക്കുന്നതെന്ന സമാന സ്വഭാവമുള്ള ഒരു പ്രവണതയും നമുക്കിവിടെ ഓര്‍മിക്കാം.
മുസ്‌ലിം സമൂഹത്തില്‍ ഭീതി പരത്താന്‍ ഈ നിയമം കാരണമാകുമെന്ന് ആശങ്കപ്പെടുന്നുണ്ട് ചില സെക്യുലര്‍ വൃത്തങ്ങള്‍. ഭീകരത, ലൗ ജിഹാദ് പോലുള്ള വ്യാജകുറ്റങ്ങള്‍ ചുമത്തി മുസ്‌ലിം യുവാക്കളെ ജയിലിലടച്ചതും പീഡിപ്പിച്ചതുമായ സംഭവങ്ങള്‍ ഉയര്‍ത്തിവിട്ട വിവാദങ്ങള്‍ ഇനിയും കെട്ടടങ്ങിയിട്ടില്ല. മുസ്‌ലിം ഗൃഹങ്ങളിലേക്ക് തള്ളിക്കയറി പുരുഷന്മാരെ അറസ്റ്റ് ചെയ്യാന്‍ ഈ നിയമം പോലീസിന്റെ കൈയിലെ മറ്റൊരു ആയുധമായി മാറുമെന്ന ആശങ്ക അസ്ഥാനത്തല്ല.
സകിയ്യ പതകിന്റെയും രാജേശ്വരി സുന്ദര്‍ രാജിന്റെയും 'ശാബാനു' എന്ന പ്രബന്ധം ഞാനിവിടെ ഓര്‍ത്തുപോകുന്നു. 'ഹിന്ദു പുരുഷന്മാര്‍ മുസ്‌ലിം സ്ത്രീകളെ മുസ്‌ലിം പുരുഷന്മാരില്‍നിന്ന് രക്ഷിക്കുന്നു' എന്ന വിചിത്രവും ദുരുദ്ദേശ്യപരവുമായ ഫോര്‍മുലയെ ന്യായീകരിക്കുന്നതിനു വേണ്ടി, മുസ്‌ലിം സ്ത്രീകളെ അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടവരും കര്‍തൃത്വം നിരാകരിക്കപ്പെട്ടവരും, മുസ്‌ലിം പുരുഷന്മാരെ ആധുനികതക്ക് മുമ്പുള്ളവരും സ്ത്രീലമ്പടരും ഒന്നിലധികം ഭാര്യമാരെ സ്വീകരിക്കുന്നവരും പ്രാകൃതരും ആയി ചിത്രീകരിക്കേണ്ടതുണ്ടായിരുന്നു (ജമവേമസ മിറ ഞമഷമി 1989). ഇങ്ങനെയൊരു ഫോര്‍മുല ഉണ്ടാക്കിക്കഴിഞ്ഞാല്‍, 'മുസ്‌ലിം സഹോദരിമാരു'ടെ രക്ഷക വേഷം കെട്ടാന്‍ ഭരണകൂടത്തിന് വേണ്ടതിലധികം ധാര്‍മിക പിന്‍ബലമായി. ഈയൊരു സമവാക്യമാണ് ശാബാനു ബീഗത്തിന് 1985-ല്‍ തന്റെ ജീവനാംശത്തിനുള്ള അവകാശം വേണ്ടെന്നുവെക്കാനും തന്റെ മുസ്‌ലിം സ്വത്വം ഉയര്‍ത്തിപ്പിടിക്കാനും നിമിത്തമായത്. അവരുയര്‍ത്തിപ്പിടിച്ച ലിംഗസമത്വം എന്ന നിലപാടിന് എതിരായിരുന്നു ഈ നീക്കം. ഇതുപോലുള്ള ഊരാക്കുടുക്കില്‍ പെട്ടുകഴിഞ്ഞാല്‍, തന്റെ പേരില്‍ നടക്കാന്‍ പോകുന്ന ഇടപെടലുകളോട് ബുര്‍ഖ ധരിച്ച വിശ്വാസിനിയായ സാധാരണ മുസ്‌ലിം സ്ത്രീ എങ്ങനെ പ്രതികരിക്കുമെന്നും ആര്‍ക്കും ഊഹിക്കാവുന്നതേയുള്ളൂ.
References
Agnes, Flavia (2016): “Muslim Women’s Rights and Media Coverage,” Economic & Political Weekly, Vol 51, No 20, pp 13–15.
Chakrabarti, Anandita and Suchandra Ghosh (2017): “Judicial Reform vs Adjudication of Personal Law,” Economic & Political Weekly, Vol 52, No 49, pp 12–14.
DNA (2015): “Muslim Women Write to PM Modi to Make Triple Talaq, Polygamy Illegal,” 28 November, http://www.dnaindia.com/mumbai/report-muslim-women-write-to-pm-modi-to-m....
IMSD (2017): “Don’t Criminalise, Make Instant Triple Talaq an Offence under Domestic Violence Act,” Press Statement, Indian Muslims for Secular Democracy, 5 December, http://imsd.in/wp-content/uploads/2017/12/171205-Press-release-on-triple....
Mustafa, Faizan (2017): “Why Criminalising Triple Talaq Is Unnecessary Overkill,” Wire, 15 December, https://thewire.in/205140/why-criminalising-triple-talaq-is-unnecessary-....
Nair, Shalini (2017): “Why Is a New Law Needed for Triple Talaq, Asks WCD Ministry,” Indian Express, 17 December, http://indianexpress.com/article/india/why-is-a-new-law-needed-for-tripl....
Niaz, Noorjehan Safia and Zakia Soman (2015): “Seeking Justice Within Family,” Bharatiya Muslim Mahila Andolan.
Pathak, Zakia and Rajeswari Sunder Rajan (1989): “Shahbano,” Signs, Vol 14 No 3, pp 558–82.
Prakash v Phulawati (2016): 2 SCC 36.
Sharif, Abusaleh and Syed Khalid (2016): “Abandoned Women Vastly Outnumber Victims of Triple Talaq and It’s Time Modi Spoke Up for Them,” Wire, 12 December, https://www.google.co.in/amp/s/thewire.in/86335/abandoned-women-triple-t...
Solanki, Gopika (2011): Adjudication in Religious Family Law: Cultural Accommodation, Legal Pluralism and Gender Equality in India, New Delhi: Cambridge University Press.
Soman, Zakia and Noorjehan Niaz (2016): “Why Triple Talaq Needs to Be Abolished,” Wire, 17 June, http://thewire.in/43481/why-triple-talaq-needs-to-be-abolished/.
Times of India (2017a): “No Need for New Law on Triple Talaq; SC Verdict Law of the Land: Government,” 22 August 2017, https://timesofindia.indiatimes.com/india/no-need-for-new-law-on-triple-talaq-sc-verdict-law-of-the-land-government/articleshow/60179929.cms.
— (2017b): “Can’t Allow Lives of Muslim Women to be Ruined by Triple Talaq: PM Modi,” 24 October, http://timesofindia.indiatimes.com/india/Cant-allow-lives-of-Muslim-wome... 55029796.cms.
Vatuk, Sylvia (2017): Marriage and Its Discontents: Women, Islam and the Law in India, New Delhi: Women Unlimited.
(സ്ത്രീ അവകാശങ്ങള്‍ക്ക് വേണ്ടി പൊരുതുന്ന അഭിഭാഷകയും മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന 'മജ്‌ലിസ്' എന്ന എന്‍.ജി.ഒയുടെ ഡയറക്ടറുമാണ് ലേഖിക)
Comments