ആരാണ് 'മഹാ ഭൂരിപക്ഷം?'
അല്‍ ജമാഅത്തും ദുര്‍വ്യാഖ്യാനങ്ങളും-2
ബഹുജനം പറയുന്നതാണോ ദീനായി പരിഗണിക്കേണ്ടത്? അതോ, ഖുര്‍ആനിലും സുന്നത്തിലും പ്രതിപാദിച്ചിട്ടില്ലാത്ത വിഷയങ്ങളില്‍ മുജ്തഹിദുകളുടെ/ഇസ്‌ലാമിക വിഷയങ്ങളില്‍ ഗവേഷണം നടത്തുന്ന പണ്ഡിതന്മാരുടെ നിയമനിര്‍ധാരണമാണോ അടിസ്ഥാനമാക്കേണ്ടത്? രണ്ടാമത് പറഞ്ഞതാണ് ശരി എന്നത്രെ പൗരാണിക പണ്ഡിതന്മാര്‍ പറയുന്നത്. ഇമാം ശാത്വിബി പറയുന്നു:
'അറിവിന്റെയും ഇജ്തിഹാദിന്റെയും ആളുകളെ പരിഗണിക്കുന്ന കാര്യത്തില്‍ എല്ലാവരും ഏകാഭിപ്രായക്കാരാണ്. പൊതുജനത്തെ അവരോട് ചേര്‍ത്തു പറയുന്നതും പറയാതിരിക്കുന്നതുമൊക്കെ തുല്യമാണു താനും. അവരെ ഇവരിലേക്ക് ചേര്‍ക്കുന്നില്ലെങ്കില്‍ ഹദീസില്‍ പറയുന്ന മഹാഭൂരിപക്ഷം (അസ്സവാദുല്‍ അഅ്‌ളം) കൊണ്ടുള്ള വിവക്ഷ ഇജ്തിഹാദ് വിഷയത്തില്‍ പരിഗണിക്കപ്പെടുന്ന പണ്ഡിതന്മാരായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. അവരെ അംഗീകരിക്കാതെ മാറി ഒറ്റപ്പെട്ടു നില്‍ക്കുന്നവന്‍ മരിച്ചാല്‍ അവന്റെ മരണം ജാഹിലീ മരണമായിരിക്കുകയും ചെയ്യും. ഇനി പൊതുജനത്തെ കൂടി കൂട്ടുന്നുണ്ടെങ്കില്‍ അത് അനുബന്ധം എന്ന നിലക്ക് മാത്രമാവും. അവര്‍ ശരീഅത്ത് സംബന്ധിച്ച് പരിജ്ഞാനമുള്ളവരല്ല എന്നതാണ് കാരണം. അപ്പോള്‍ അവര്‍ ദീനിന്റെ കാര്യത്തില്‍ പണ്ഡിതന്മാരെ ആശ്രയിക്കേണ്ടവരാണെന്നു വന്നു. പണ്ഡിതന്മാര്‍ നിര്‍ണയിച്ചു കൊടുക്കുന്ന കാര്യങ്ങള്‍ക്ക് വിരുദ്ധമായ നിലപാടാണ് അവര്‍ കൈക്കൊള്ളുന്നതെങ്കില്‍ അവരാവും ഭൂരിപക്ഷം. പ്രത്യക്ഷത്തില്‍ അവരാവും അസ്സവാദുല്‍ അഅ്‌ളം. കാരണം പണ്ഡിതന്മാര്‍ എണ്ണത്തില്‍ കുറവായിരിക്കും. പാമരന്മാര്‍ ഭൂരിപക്ഷവുമാവും. പൊതുസമൂഹത്തെ പിന്തുടരുകയാണ് വേണ്ടതെന്നും പണ്ഡിതന്മാരാണ് ജമാഅത്തില്‍നിന്ന് വിഘടിച്ചു പോയതെന്നും ഹദീസില്‍ അധിക്ഷേപിച്ചിരിക്കുന്നത് അവരെയാണെന്നും ആരും പറയുകയില്ലല്ലോ. എന്നല്ല കാര്യം മറിച്ചാണുള്ളത്. പണ്ഡിതന്മാര്‍ അവര്‍ എണ്ണത്തില്‍ കുറവാണെങ്കില്‍ പോലും അവരാണ് അസ്സവാദുല്‍ അഅ്‌ളം. പൊതുജനം അവര്‍ പണ്ഡിതന്മാരുമായി ഭിന്നിക്കുന്നുവെങ്കില്‍ അവരാവും അല്‍ജമാഅത്തില്‍നിന്ന് ഭിന്നിച്ചുപോയവര്‍. അവര്‍ പണ്ഡിതന്മാരുമായി ഒത്തുപോകുന്നുവെങ്കില്‍ അത് അവരെ സംബന്ധിച്ചേടത്തോളം നിര്‍ബന്ധ ബാധ്യതയാണുതാനും' (അല്‍ ഇഅ്തിസാം: അധ്യായം 9. മസ്അല: 17).
ഇതില്‍നിന്ന് വ്യക്തമാവുന്ന കാര്യം ഇതാണ്: അല്‍ ജമാഅ എന്നത് മുസ്‌ലിം ബഹുജന ഭൂരിപക്ഷത്തെ ഉദ്ദേശിച്ചുകൊണ്ടുള്ള പ്രയോഗമല്ല. ഖുര്‍ആനില്‍നിന്നും സുന്നത്തില്‍നിന്നും ഇജ്തിഹാദ് വഴി പുതിയ നിയമങ്ങള്‍ ആവിഷ്‌കരിക്കാനും നയം രൂപീകരിക്കാനുമൊക്കെ കെല്‍പുള്ള ന്യൂനാല്‍ ന്യൂനപക്ഷമായ മുജ്തഹിദുകളെ കുറിക്കുന്ന പ്രയോഗമാണ് അത്. അവരെ പൊതുജനം സ്വാധീനിക്കുക എന്ന പ്രശ്‌നം ഉത്ഭവിക്കുന്നില്ല. അവരെ പൊതുജനം പിന്തുടരുക എന്നതേ പറ്റൂ. ചില പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടതുപോലെ 'അഹ്‌ലുല്‍ ഹല്ല് വല്‍ അഖ്ദി'ന് പറയാവുന്ന പ്രയോഗവുമല്ല അത്. അഹ്‌ലുല്‍ ഹല്ല് വല്‍ അഖ്ദ് എന്നത് ആധുനിക രാഷ്ട്രമീമാംസയിലെ എക്‌സിക്യൂട്ടീവ് ആണ് - നിര്‍വാഹക സംഘം. ലജിസ്ലേച്ചറാണ് അല്‍ ജമാഅത്ത് എന്നു പറയാം. അവരാണ് നിയമം നിര്‍മിക്കുന്ന മുജ്തഹിദുകള്‍.
ഇസ്‌ലാമികാധ്യാപനമനുസരിച്ച് മുജ്തഹിദുകള്‍ക്കും സ്വതന്ത്രമായി നിയമനിര്‍മാണം നടത്താന്‍ അനുവാദമില്ല. ഖുര്‍ആനിന്റെയും സുന്നത്തിന്റെയും അടിസ്ഥാന തത്ത്വങ്ങളില്‍ ഊന്നിനിന്നുകൊണ്ടു മാത്രമേ അവര്‍ നിയമനിര്‍മാണം നടത്താവൂ. അഹ്‌ലുല്‍ ഹല്ല് വല്‍ അഖ്ദ് (എക്‌സിക്യൂട്ടീവ്) മുജ്തഹിദുകള്‍ ആവിഷ്‌കരിച്ച നിയമം പ്രയോഗത്തില്‍ വരുത്തേണ്ടവരാണ്. അതുകൊണ്ടാണ് ഇമാം ഗസാലി ഇപ്രകാരം പറഞ്ഞത്:
'ഭരണ നിയമങ്ങള്‍ മാത്രമല്ല, താല്‍പര്യങ്ങളുടെ സ്വാധീന ഫലമായി മനുഷ്യര്‍ പരസ്പരം തര്‍ക്കിക്കുമ്പോള്‍ അവര്‍ക്കിടയില്‍ മാധ്യസ്ഥം സ്വീകരിക്കേണ്ട വഴിയും അറിയുന്നവനാണ് ഫഖീഹ്. അപ്പോള്‍ മനുഷ്യരെ ഭരിക്കേണ്ട മാര്‍ഗം, അവരുടെ ക്രമീകരണം എന്നിവയിലേക്ക് ഭരണാധികാരിയെ നയിക്കുന്ന അധ്യാപകനാണ് ഫഖീഹ് എന്ന് വന്നു' (ഇഹ്‌യാ ഉലൂമിദ്ദീന്‍ 1:59 കിതാബുല്‍ ഇല്‍മ്). ഇമാം ഗസാലി പറയുന്ന ഫഖീഹ്, ഫിഖ്ഹ് ഗ്രന്ഥങ്ങള്‍ ഉരുവിട്ട് പഠിച്ച് മസ്അലകള്‍ ഹൃദിസ്ഥമാക്കിവെച്ച പണ്ഡിതനല്ല, മുജ്തഹിദാണ് എന്നത് പ്രത്യേകം മനസ്സിലാക്കുക.
ചുരുക്കത്തില്‍, അല്‍ജമാഅത്തില്‍ ചേരുക എന്നു പറഞ്ഞാല്‍, നാട്ടാചാരങ്ങളെയും കാലാകാലങ്ങളില്‍ മുസ്‌ലിം സമൂഹത്തിലെ സാധാരണക്കാരും മുഖല്ലിദുകളായ 'പണ്ഡിതന്മാരും' രൂപപ്പെടുത്തിയെടുക്കുന്ന അനുഷ്ഠാനങ്ങളെയും കൈക്കൊള്ളുക എന്നല്ല, ഖുര്‍ആനിലും നബിചര്യയിലും വ്യക്തമായി പറഞ്ഞ കാര്യങ്ങളും നബി വളര്‍ത്തിയെടുത്ത സ്വഹാബിമാരുടെ രീതികളും മുജ്തഹിദുകളായ പണ്ഡിതന്മാരുടെ തീര്‍പ്പുകളും അംഗീകരിക്കുക എന്നാണ്. പൊതുജനം മുജ്തഹിദുകളെ പിന്തുടരുക എന്നല്ലാതെ അവര്‍ക്ക് സ്വന്തമായി യാതൊന്നും ആവിഷ്‌കരിക്കാന്‍ അനുവാദമില്ല. ഇജ്തിഹാദിന് യോഗ്യത നേടിയിട്ടില്ലാത്ത പണ്ഡിതന്മാരും പൊതുജനത്തിന്റെ ഗണത്തിലാണുള്‍പ്പെടുക. ഹല്ല്-അഖ്ദിന്റെ ആളുകളും (എക്‌സിക്യൂട്ടീവ്) പൊതുജനത്തിലുള്‍പ്പെട്ടവരാണ്.
ഇവിടെ ഉയര്‍ന്നുവരാവുന്ന ഒരു ചോദ്യമുണ്ട്. ഇമാം ബുഖാരി 3606,3607,7084, മുസ്‌ലിം 4784,4785 എന്നീ നമ്പരുകളിലായി ഉദ്ധരിച്ച, മുസ്‌ലിംകളുടെ ജമാഅത്തിനെയും അവരുടെ ഇമാമിനെയും കൈവിടാതെ നിലയുറപ്പിക്കുക എന്ന ഹദീസിന്റെ ആശയം അല്‍ജമാഅത്ത് സ്വഹാബിമാരുടെ ജമാഅത്ത് മാത്രമല്ലെന്നും, എല്ലാ കാലത്തുമുള്ള അല്‍ജമാഅത്തും മേല്‍പറഞ്ഞ അല്‍ജമാഅത്തില്‍ ഉള്‍പ്പെട്ടതാണെന്നും വരുമോ? അതോ അല്‍ജമാഅത്തിന്റെ വിവക്ഷ സ്വഹാബത്തിന്റെ ജമാഅത്ത് എന്ന് മാത്രമാണോ?
ഇവിടെ മനസ്സിലാക്കിയിരിക്കേണ്ട കാര്യം ഇതാണ്: ഓരോ കാലഘട്ടത്തിലുമുള്ള മുസ്‌ലിംകള്‍ കൈക്കൊള്ളേണ്ട രാഷ്ട്രീയ സമീപനം എന്തായിരിക്കണമെന്നാണ് ഹദീസിലെ ആ പരാമര്‍ശത്തിന്റെ താല്‍പര്യം. ഇമാം നസഫി 'അല്‍അഖാഇദി'ല്‍ പറഞ്ഞ പോലെ, ഏതു കാലത്തും മുസ്‌ലിം സമൂഹത്തിന് ഒരു രാഷ്ട്രീയ നേതൃത്വമുണ്ടായിരിക്കണം, അവര്‍ ആ നേതൃത്വത്തോടൊപ്പം നിലകൊള്ളുകയും വേണം എന്നാണ് ആ ഹദീസ് വ്യക്തമാക്കുന്നത്. അതൊരു കേവല മതനേതൃത്വമല്ല. ആ നേതൃത്വം ഇസ്‌ലാമിക വ്യവസ്ഥ മുറുകെപ്പിടിക്കുന്നവരാകണം. ആ നേതൃത്വത്തിനു കീഴില്‍ ഭരണരംഗത്ത് ചില അനീതികളൊക്കെ കണ്ടാല്‍ പോലും സമൂഹം രാഷ്ട്രീയമായി ഭിന്നിക്കാതിരിക്കാന്‍ ആ കൂടെപ്പോക്ക് അനിവാര്യമാണ്. ഇതാണ് ഹദീസ് വ്യക്തമാക്കുന്ന കാര്യം. ഹുദൈഫയില്‍നിന്ന് ഉദ്ധരിച്ച മേല്‍ ഹദീസിന്റെ തന്നെ ഒരു പാഠം(നം. 4785) അവസാനിക്കുന്നത് ഇപ്രകാരമാണ്: ഹുദൈഫ പറയുന്നു: ഞാന്‍ ചോദിച്ചു: 'ആ കുഴപ്പം എങ്ങനെയാവും?' നബി(സ): 'എനിക്കു ശേഷം ചില ഇമാമുകള്‍ (രാഷ്ട്രനായകന്മാര്‍) വരും. എന്റെ മാര്‍ഗ(ഹുദാ)മാവുകയില്ല അവര്‍ കൈക്കൊള്ളുന്നത്. എന്റെ ചര്യ(സുന്നത്ത്)യാവുകയില്ല അവര്‍ സ്വീകരിക്കുന്നത്. അവരില്‍ ചിലരുണ്ടാവും. മനുഷ്യശരീരത്തില്‍ രൂപം കൊണ്ട ചെകുത്താന്മാരുടെ ഹൃദയമാവും അവരുടെ ഹൃദയം.'
ഹുദൈഫ പറയുന്നു: ഞാന്‍ ചോദിച്ചു: 'അല്ലാഹുവിന്റെ ദൂതരേ, അത്തരമൊരു സാഹചര്യം നേരിടേണ്ടിവന്നാല്‍ ഞാന്‍ എങ്ങനെ പ്രവര്‍ത്തിക്കണം?' നബി(സ) പറഞ്ഞു: അമീറിനെ കേള്‍ക്കുക, അനുസരിക്കുക. നിന്റെ മുതുക് തല്ലിച്ചതച്ചെന്നാലും! നിന്റെ സമ്പത്ത് പിടിച്ചെടുത്തെന്നാലും! കേള്‍ക്കുക, അനുസരിക്കുക.'
ഈ ഹദീസിന്റെ വിവരണത്തില്‍ ഇമാം നവവി എഴുതി: 'മുസ്‌ലിംകളുടെ ജമാഅത്തിനെയും അവരുടെ നായകനെയും കൈവിടാതെ ഒന്നിച്ച് കൂടുക, ആ നായകനെ അനുസരിക്കുക എന്നാണ് ഈ ഹദീസില്‍ പറയുന്ന കാര്യം; അവര്‍ സമ്പത്ത് പിടിച്ചെടുക്കുക പോലുള്ള അപരാധങ്ങളും അന്യായങ്ങളും പ്രവര്‍ത്തിച്ചാല്‍ പോലും. തെറ്റല്ലാത്ത കാര്യങ്ങളില്‍ അപ്പോഴും അവരെ അനുസരിക്കല്‍ നിര്‍ബന്ധമായിരിക്കും' (ശറഹ് മുസ്‌ലിം 6/482 കിതാബുല്‍ ഇമാറത്). ഈ രാഷ്ട്രീയ നേതൃത്വത്തെ അംഗീകരിക്കുന്നതു സംബന്ധിച്ചാണ് ഹദീസിലെ പരാമര്‍ശം.
ഈ രാഷ്ട്രീയ നേതൃത്വത്തെയാണ് 1924-ല്‍ മുസ്തഫാ കമാല്‍ പാഷ തുര്‍ക്കിയില്‍ നിഷ്‌കാസനം ചെയ്തത്. അതോടെ മുസ്‌ലിംകള്‍ക്ക് അവരുടെ രാഷ്ട്രീയാടിസ്ഥാനത്തിലുള്ള അല്‍ജമാഅത്തും നേതൃത്വവും നഷ്ടമായി. ഇത്തരമൊരു നേതൃത്വവും അല്‍ ജമാഅത്തും നഷ്ടപ്പെടുമ്പോഴാണ് എല്ലാ ശിഥിലസംഘങ്ങളില്‍നിന്നും വിട്ടുനില്‍ക്കണമെന്ന് നബി(സ) പറഞ്ഞത്.
എന്നാല്‍ അത്തരമൊരു നേതൃത്വത്തിന്റെയും അല്‍ജമാഅത്തിന്റെയും അഭാവത്തില്‍ നിഷ്‌ക്രിയരായി നോക്കിനില്‍ക്കുകയല്ല, അത്തരമൊരു അല്‍ജമാഅത്തും നേതൃത്വവും പുനഃസ്ഥാപിക്കാനുളള ശ്രമങ്ങളില്‍ മുഴുകണമെന്നാണ് ഇസ്‌ലാം ആവശ്യപ്പെടുന്നതെന്നാണ് അല്‍അഖാഇദില്‍ ഇമാം നസഫി പറഞ്ഞതായി മുകളില്‍ കൊടുത്ത അഹ്‌ലുസ്സുന്നത്തിന്റെ നയം സംബന്ധിച്ചുള്ള ഉദ്ധരണി വ്യക്തമാക്കുന്നത്.
എന്നാല്‍ നാഗരിക വളര്‍ച്ചക്കൊപ്പം പുതുതായി ഉണ്ടാകുന്ന പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടുള്ള നിയമാവിഷ്‌കാരം മറ്റൊരു കാര്യമാണ്. അത് നിര്‍വഹിക്കേണ്ടത് മുജ്തഹിദുകളാണ്. ആ രംഗത്ത് അവരാണ് അല്‍ ജമാഅത്ത്. പൊതുജനം ആ രംഗത്ത് മുജ്തഹിദുകളായ പണ്ഡിതന്മാരെ പിന്തുടരുകയാണ് വേണ്ടത്.
മറ്റൊരു അല്‍ ജമാഅത്ത് കൂടിയുണ്ട്. ഇസ്‌ലാമിന്റെ മൗലിക തത്ത്വങ്ങളും ഖിലാഫതുര്‍റാശിദയുടെ ക്രമവുമൊക്കെയായി ബന്ധപ്പെട്ടുള്ളത്. അവിടെ സ്വഹാബിമാരുടെ സമീപനമെന്തോ അത് കൈക്കൊള്ളുക എന്നതാണ് അല്‍ ജമാഅത്ത്. അതാണ് മുഹ്‌യിദ്ദീന്‍ ശൈഖ് പറഞ്ഞത്: 'സച്ചരിതരായ ഖലീഫമാരുടെ ഖിലാഫത്ത് ഘട്ടത്തില്‍ സ്വഹാബിമാര്‍ കൈക്കൊണ്ട ഏകകണ്ഠാഭിപ്രായമാണ് അല്‍ ജമാഅത്ത്' (അല്‍ഗുന്‍യ:).
സ്വഹാബിമാര്‍ നബി(സ)യില്‍നിന്ന് നേരിട്ട് പഠിച്ച തത്ത്വങ്ങള്‍ക്ക് വിരുദ്ധമായ തത്ത്വങ്ങളും അവര്‍ അംഗീകരിച്ച ആദര്‍ശങ്ങള്‍ക്ക് വിരുദ്ധമായ ആദര്‍ശങ്ങളും വെച്ചുപുലര്‍ത്തുകയും അത് പ്രചരിപ്പിക്കുകയും ചെയ്യുന്നവരെക്കുറിച്ചാണ് നബി(സ) ഇപ്രകാരം പ്രവചിച്ചത്: 'നരക കവാടങ്ങളിലിരുന്ന് ക്ഷണിക്കുന്നവര്‍. അവര്‍ക്ക് ഉത്തരം നല്‍കിയവനെ അവര്‍ അതിലേക്ക് എടുത്തെറിയും' (മുസ്‌ലിം 4782).
ഇതിന്റെ വിവരണത്തില്‍ ഇമാം നവവി എഴുതുന്നു: പണ്ഡിതന്മാര്‍ പറഞ്ഞു: 'ഖവാരിജുകള്‍, ഖറാമിതികള്‍, അസ്ഹാബുല്‍ മിഹ്‌ന എന്നിവപോലെ ബിദ്അത്തിലേക്കും ഇതര ദുര്‍മാര്‍ഗത്തിലേക്കും ക്ഷണിക്കുന്ന ഭരണാധികാരികളത്രെ ഈ കൂട്ടര്‍' (ശറഹു മുസ്‌ലിം: 6/482).
ചുരുക്കത്തില്‍, അല്‍ജമാഅത്തിനെ മുകളില്‍ പറഞ്ഞ മൂന്ന് കോണിലൂടെയും വീക്ഷിക്കുമ്പോള്‍ മാത്രമേ അതിന്റെ പൂര്‍ണാശയം മനസ്സിലാക്കാനാവുകയുള്ളൂ. ഈ മൂന്ന് വീക്ഷണങ്ങളെയും സംയോജിപ്പിക്കുന്നവരായി ഖിലാഫത്താനന്തര കാലത്ത് ലോകത്തങ്ങോളമിങ്ങോളമുള്ള ഇസ്‌ലാമിക പ്രസ്ഥാനങ്ങളെ മാത്രമേ നമുക്ക് കാണാന്‍ കഴിയൂ. എന്നാല്‍ മുജ്തഹിദുകളുടെ ഒറ്റപ്പെട്ട അഭിപ്രായങ്ങള്‍ക്ക് മേല്‍ വിവരിച്ച പ്രാമാണികതയില്ല. അത് കൊള്ളുകയോ തള്ളുകയോ ചെയ്യാം. അതിന്റെ പേരില്‍ ആരെയും ആക്ഷേപിക്കാവതല്ല. മുജ്തഹിദിന് തന്നെയും തന്റെ അഭിപ്രായം തിരുത്താന്‍ അവകാശമുണ്ട്.
മുജ്തഹിദല്ലാത്ത ആളുകളുടെ അഭിപ്രായമോ? അത് പരിഗണനയര്‍ഹിക്കുന്നേ ഇല്ല. അത്തരക്കാരുടെ ഇജ്മാഇന്റെ കാര്യമോ? അങ്ങനെ ഒരു ഇജ്മാഏ ഇല്ല എന്നതാണ് വാസ്തവം. മുജ്തഹിദുകളല്ലാത്ത ലോകത്തെമ്പാടുമുള്ള എല്ലാവരും കൂടി ഒരു കാര്യത്തില്‍ അഭിപ്രായ ഐക്യം രൂപപ്പെടുത്തിയാലും അത് തള്ളപ്പെടുകയേ ഉള്ളൂ. പക്ഷേ, അതിനും ഇജ്മാഇന്റെ പരിവേഷം നല്‍കാനാണ് ചിലരുടെ ശ്രമം. ഒരു പണ്ഡിതന്‍ എഴുതുന്നത് കാണുക:
''ഇതിനിടയില്‍ കര്‍മശാസ്ത്ര രംഗത്തും ഒരു പൊതുനിലപാട് സംജാതമായി. നാലു മദ്ഹബുകള്‍ ക്രോഡീകൃതമായ ശേഷം ഹിജ്‌റ നാലാം നൂറ്റാണ്ട് മുതല്‍ സ്വതന്ത്ര ഗവേഷണത്തിന് പഴുതില്ലാത്തതിനാല്‍ പണ്ഡിതന്മാരും വിജ്ഞന്മാരുമെല്ലാം നാലിലൊരു മദ്ഹബിനെ അനുകരിക്കുകയെന്ന നിലപാടില്‍ ഉറച്ചുനിന്നു. സാധാരണക്കാരുടെ കാര്യം പറയേണ്ടതുമില്ലല്ലോ. ഇതോടെ കര്‍മശാസ്ത്രപരമായ കാര്യങ്ങളില്‍ നാലിലൊരു മദ്ഹബ് പിന്‍പറ്റിക്കൊണ്ട് പ്രവര്‍ത്തിക്കുകയെന്നത് 'ജമാഅത്തുല്‍ മുസ്‌ലിമീന്റെ'- ലോകമുസ്‌ലിംകളുടെ ഏകോപിച്ചുള്ള നിലപാടായി മാറി. മറിച്ചുള്ള നീക്കത്തിന് മുഫസ്സിറുകള്‍, മുഹദ്ദിസുകള്‍, ഫുഖഹാഅ് തുടങ്ങി സമൂഹത്തിലെ ഇമാമുകളാരും ധാര്‍ഷ്ട്യം കാണിച്ചില്ല. മുജ്തഹിദുകളായ ഇമാമുകളുടെ ഏകോപനമില്ലാത്തതിനാല്‍ ഇതിന് സാങ്കേതികമായി ഇജ്മാഅ് എന്ന് പറയില്ലെങ്കിലും ഹിജ്‌റ നാലാം നൂറ്റാണ്ട് മുതലിങ്ങോട്ടുള്ള എല്ലാ തലമുറകളില്‍ പെട്ട മുസ്‌ലിംകളുടെയും ഏകോപിച്ച നിലപാടെന്ന നിലക്ക് ഇത് തത്വത്തില്‍ ഇജ്മാഅ് തന്നെയാണ്' (അഹ്‌ലുസ്സുന്ന: പേ: 47,48 നജീബ് മൗലവി).
'തത്ത്വത്തില്‍ ഇജ്മാഅ്' അങ്ങനെയുമുണ്ടോ ഒരു ഇജ്മാഅ്? ഈ ഇജ്മാഉം പരിഗണിക്കണമെന്നാണല്ലോ മൗലവി പറഞ്ഞതിന്റെ പൊരുള്‍. എന്നാല്‍ ഉസ്വൂല്‍ (നിദാനശാസ്ത്രം) പറയുന്നതോ 'അത്തരം യോജിപ്പ് പരിഗണനയര്‍ഹിക്കുന്നില്ല' എന്നും. അക്കാര്യം മൗലവി തന്നെയും സമ്മതിക്കുന്നുണ്ട്. മുജ്തഹിദുകളായ ഇമാമുകളുടെ ഏകോപനമില്ലാത്തതിനാല്‍ ഇതിന് സാങ്കേതികമായി ഇജ്മാഅ് എന്ന് പറയില്ലെങ്കിലും എന്ന അദ്ദേഹത്തിന്റെ തന്നെ വരികള്‍ അതാണ് വ്യക്തമാക്കുന്നത്.
മുജ്തഹിദുകളായ ഇമാമുകളുടെ ഏകോപനമില്ലാത്തതാണ് അതിന് ഇജ്മാഅ് എന്ന് സാങ്കേതികമായി പറയാതിരിക്കാന്‍ കാരണമെന്നാണ് മൗലവി പറയുന്നത്. ഏകോപനമില്ലാത്തതിനാല്‍ എന്ന് പ്രയോഗിച്ചതിലൂടെ മുജ്തഹിദുകളായ ഇമാമുമാരുടെ ഒറ്റപ്പെട്ട അഭിപ്രായമുണ്ട് എന്നാണല്ലോ മൗലവി പറയാതെ പറഞ്ഞിരിക്കുന്നത്. അപ്പോള്‍ ഇവിടെ സ്വാഭാവികമായും ഒരു ചോദ്യം ഉയരുന്നുണ്ട്; ഹിജ്‌റ നാനൂറിനു ശേഷം വന്ന ആ മുജ്തഹിദ് ആരാണാവോ? ഇതിനാണല്ലോ സ്വയംകൃത തത്ത്വാവിഷ്‌കാരം എന്ന് പറയുന്നത്. ഇജ്തിഹാദിന് യോഗ്യതയില്ലെന്ന് സ്വയം സമ്മതിക്കുന്ന, അങ്ങനെ തന്നെയെന്ന് മറ്റുള്ളവര്‍ക്കും ബോധ്യമുള്ളവര്‍ പ്രമാണത്തിന്റെ യാതൊരു പിന്‍ബലവുമില്ലാതെ ചില തത്വങ്ങള്‍ മെനഞ്ഞുണ്ടാക്കുകയും അത് ഇസ്‌ലാമിലെ ഒരു തരം ഇജ്മാഅ് ആണെന്ന് പറയുകയും ചെയ്യുക വഴി ചെയ്തതെന്താണ്?
'നാലാം നൂറ്റാണ്ട് മുതല്‍ സ്വതന്ത്ര ഗവേഷണത്തിന് പഴുതില്ലാത്തതിനാല്‍' എന്ന് പറയുന്നുണ്ട് അദ്ദേഹം. പഴുതില്ലായ്മ തീരുമാനിച്ചതാരാണ്? ഹമ്പലികള്‍ മൊത്തത്തില്‍ തന്നെ പറയുന്നത് മുജ്തഹിദില്ലാത്ത കാലം ഉണ്ടാകാവതല്ല എന്നാണ്. ശാഫിഈകളില്‍ ഇബ്‌നു ദഖീഖുല്‍ ഈദ് പറയുന്നത് അങ്ങനെ തന്നെയാണ്. അദ്ദേഹം പറയുന്നു:
'അടിസ്ഥാന പ്രമാണങ്ങള്‍ തകര്‍ക്കപ്പെടാത്ത കാലത്തോളം അങ്ങനെ സംഭവിക്കാവതല്ല. അപ്രകാരം സംഭവിച്ചത് സ്ഥിരീകരിക്കപ്പെട്ടിട്ടില്ല എന്ന് പറയുന്നുണ്ട് ജംഉല്‍ ജവാമിഇല്‍. അങ്ങനെ സംഭവിച്ചിട്ടില്ല എന്നതിന്റെ തെളിവ് ഇമാം ബുഖാരിയും ഇമാം മുസ്‌ലിമും ഉദ്ധരിച്ച ഹദീസാണ്. അല്ലാഹുവിന്റെ തീരുമാനം വരും വരെ എന്റെ സമൂഹത്തിലെ ഒരു സംഘം സത്യത്തിന്റെ കാര്യത്തില്‍ മികച്ചുനില്‍ക്കുന്നവരായുണ്ടാവും എന്നതാണ് ഹദീസ്. സത്യത്തില്‍ മികച്ചുനില്‍ക്കുന്നവര്‍ വിജ്ഞന്മാരാണെന്ന് ബുഖാരി പറയുന്നുമുണ്ട്' (ജംഉല്‍ ജവാമിഅ്, ഭാഗം 2, പേജ് 438).
ഇജ്തിഹാദിന് പഴുതില്ലെന്നു പറഞ്ഞാല്‍ മനുഷ്യകുലം നശിച്ചു, നാഗരികതകള്‍ നാമാവശേഷമായി, മനുഷ്യന്റെ പ്രശ്‌നങ്ങളും തീര്‍ന്നു എന്നാണ് ഇബ്‌നു ദഖീഖുല്‍ ഈദ് പറയുന്നത്. ശാഫിഈ സരണിയിലെ തന്നെ പ്രഗത്ഭനായ ഒരു പണ്ഡിതനാണ് അദ്ദേഹം. ഹിജ്‌റ വര്‍ഷം 702-ലാണ് അദ്ദേഹത്തിന്റെ മരണം. ഇജ്തിഹാദിനുള്ള യോഗ്യതക്ക് ഇമാമുമാരുടെ ഗ്രന്ഥങ്ങളെ അവലംബിച്ചാല്‍ മതി എന്നാണ് ജംഉല്‍ ജവാമിഇല്‍ പറയുന്നത്. മുഫസ്സിറുകളും മുഹദ്ദിസുകളും ഇജ്തിഹാദിന് ധാര്‍ഷ്ട്യം കാണിച്ചില്ല എന്നുകൂടി പറഞ്ഞുകളയുന്നു നമ്മുടെ ഗ്രന്ഥകാരന്‍. സാധാരണക്കാരനെ പറഞ്ഞു പറ്റിക്കാന്‍ പറ്റും ഇത്തരം വാദഗതികള്‍ കൊണ്ട്. മുഫസ്സിറുകളും മുഹദ്ദിസുകളും ഫുഖഹാക്കളും എഴുതിയതെല്ലാം പരിശോധിച്ചാല്‍ എല്ലാവര്‍ക്കും ബോധ്യമാവുന്ന കാര്യമാണ് അവര്‍ എല്ലാവരും ഇജ്തിഹാദ് നടത്തിയിട്ടുണ്ട് എന്നത്. തങ്ങള്‍ മുജ്തഹിദുകളാണെന്ന് അവരാരും വിളിച്ചുപറഞ്ഞില്ല എന്നാണെങ്കില്‍ വിളിച്ചുകൂവി നടക്കേണ്ട ഒന്നല്ല ഇജ്തിഹാദ് എന്ന് മാത്രമേ പറയാനുള്ളൂ.
(തുടരും)
Comments