Prabodhanm Weekly

Pages

Search

2018 ജനുവരി 19

3035

1439 ജമാദുല്‍ അവ്വല്‍ 01

മുത്ത്വലാഖ് മുസ്‌ലിം സമൂഹം മാറേണ്ടതെവിടെ?

ഫിറോസ് പുതുക്കോട്

ലഭ്യമായ കണക്കുകളുടെ അടിസ്ഥാനത്തില്‍  രാജ്യത്ത് നടക്കുന്ന വിവാഹമോചനങ്ങളില്‍  ചെറിയൊരു ശതമാനം മാത്രമാണ് മുസ്‌ലിം സമൂഹത്തിലേത്. മുത്ത്വലാഖ് ക്രിമിനല്‍ നിയമമാക്കുന്നതും ത്വലാഖ് ചൊല്ലിയ പുരുഷനെ മൂന്ന് വര്‍ഷം ശിക്ഷിക്കുന്നതും സ്ത്രീകള്‍ അകപ്പെട്ട പ്രയാസത്തില്‍നിന്നും അവരെ കരകയറ്റുന്നതിനും അവരുടെ കണ്ണീര്‍ തുടക്കുന്നതിനും വേണ്ടിയാണെന്നുപറഞ്ഞാല്‍ വിശ്വസിക്കാന്‍ പ്രയാസമാണ്. മദ്യവും മയക്കുമരുന്നും, സാമൂഹിക അസമത്വങ്ങളും അടിച്ചമര്‍ത്തലുകളും ഇതിനേക്കാള്‍ വലിയ പ്രയാസങ്ങളും കണ്ണീര്‍കടലും സ്ത്രീക്ക് സമ്മാനിക്കുന്നുണ്ട്  എന്നത് യാഥാര്‍ഥ്യമാണ്. 

രാജ്യത്തെ മുഴുവന്‍ സ്ത്രീകളും ജാതി മത ഭേദമില്ലാതെ അനുഭവിക്കുന്ന ഇത്തരം പ്രയാസങ്ങള്‍ ദൂരീകരിക്കുന്നതില്‍ ക്രിയാത്മകമായ ഒരു നിയമനിര്‍മാണവും നടത്താത്ത സര്‍ക്കാറുകള്‍ ത്വലാഖില്‍ മാത്രം കാണുന്ന കണ്ണീരിന്റെ രാഷ്ട്രീയം വേറെയാണ്. ന്യൂനപക്ഷ മത സമൂഹങ്ങളുടെ മതാധികാരത്തിനു മേല്‍  കൈകടത്താന്‍ വേി സംഘ്പരിവാര്‍ പ്രയോഗിക്കുന്ന തന്ത്രത്തിന്റെ ഭാഗം മാത്രമാണിത്. രാജ്യത്തെ മുസ്‌ലിം മതസമൂഹം ഭൂരിപക്ഷവും മുത്ത്വലാഖ് സാധുവാകുമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ്. പരിശുദ്ധ ഖുര്‍ആനിന്റെ  ത്വലാഖ് സംബന്ധമായ നിലപാടിന് വിരുദ്ധമാണ് മുത്ത്വലാഖെങ്കിലും, അബദ്ധത്തിലോ തമാശക്കോ ഒരാള്‍ ബന്ധം പിരിയുന്നതായി മൂന്നുതവണ പറഞ്ഞാല്‍ ത്വലാഖ് സാധുവാകും എന്നു തന്നെയാണ്  ചെറിയ വിഭാഗം ഒഴിച്ച് ഭൂരിഭാഗം മുസ്‌ലിംകളും വിശ്വസിക്കുന്നത്. ഇത്തരമൊരു സാഹചര്യത്തില്‍ ഉല്‍പതിഷ്ണുക്കളായ ഇസ്‌ലാമിക സംഘങ്ങളോ, വ്യക്തിനിയമ ബോര്‍ഡോ മറിച്ചൊരു അഭിപ്രായം പറയും എന്ന് കരുതാന്‍ നിര്‍വാഹമില്ല . ഇതര ജനസമൂഹങ്ങളില്‍ ഭര്‍ത്താവ് ഭാര്യയെ വിവാഹമോചനം ചെയ്യുന്നു എന്ന് പറയുന്നതുകൊണ്ട് മാത്രം വിവാഹമോചനം സാധ്യമാകുന്നില്ല. പിന്നെയും ഒരുപാട് കടമ്പകള്‍ കടക്കേണ്ടതുണ്ട്, എന്നാല്‍ അബദ്ധത്തിലോ തമാശയിലോ വികാരത്തള്ളിച്ചയിലോ ഉള്ള ഭര്‍ത്താവിന്റെ വര്‍ത്തമാനം കൊണ്ട് മാത്രം മതനിയമമനുസരിച്ച് ബന്ധം വേര്‍പെടുകയും ചെയ്യും.

എങ്ങനെയാണ് ഈ പ്രശ്‌നത്തെ അഭിമുഖീകരിക്കാനാവുക?  ഇങ്ങനെ ബന്ധം വിഛേദിക്കപ്പെടുന്ന സ്ത്രീയുടെ സുരക്ഷിതത്വം എങ്ങനെയാണ് ഉറപ്പിക്കാന്‍ കഴിയുക? മുസ്ലിം സമൂഹം ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തിയേ മതിയാകൂ. അല്ലാതെ സംഘ് പരിവാര്‍ അജണ്ട, മുസ്‌ലിം വിരുദ്ധ രാഷ്ട്രീയം എന്നുമാത്രം പറഞ്ഞതു കൊണ്ട് കാര്യമില്ല. മുത്ത്വലാഖ് നിയമം മൂലം നിരോധിച്ചാലും മുസ്‌ലിം സമുദായത്തില്‍ അത് നിലനില്‍ക്കും. കാരണം അനുഷ്ഠാന ശാസ്ത്രത്തില്‍ (മദ്ഹബുകളില്‍) അങ്ങനെ ചില അനുമതികള്‍ നിലനില്‍ക്കുന്നുണ്ട് എന്നതുതന്നെ. ആ അനുമതികള്‍ പുനര്‍നിര്‍വചിക്കാന്‍ സമുദായ നേതൃത്വം സന്നദ്ധമാവാത്തതാണ് പിന്നെയും പിന്നെയും വിശദീകരിച്ചിട്ടും മുത്ത്വലാഖ് വിഷയത്തിലെ അവ്യക്തത മാറാത്തതിന്റെ  പ്രധാന കാരണം.

ഖുര്‍ആന്‍ പഠിപ്പിച്ചിട്ടില്ലാത്ത ഒരു നിയമം ചില പ്രത്യേക സാഹചര്യങ്ങളില്‍ നിര്‍ധാരണം ചെയ്യുന്നത് (ഇജ്തിഹാദ്) പോലെ ചില സാഹചര്യങ്ങളില്‍ ഉണ്ടാക്കിയ നിയമങ്ങളെ മരവിപ്പിക്കാനോ/റദ്ദ് ചെയ്യാനോ ഫിഖ്ഹില്‍ സാധുതയുണ്ട്. കട്ടവനെ ശിക്ഷിക്കണമെന്ന നിയമം ഇസ്‌ലാമില്‍ ഉണ്ടായിരിക്കെ തന്നെയാണ് രണ്ടാം ഖലീഫ ഉമര്‍ (റ) തെളിവുകളുണ്ടായിട്ടും മോഷ്ടാവിനെ ശിക്ഷിക്കാതിരുന്നത്. ഇസ്‌ലാമിലെ വധശിക്ഷക്ക് പുതിയ കാലഘട്ടത്തില്‍ മൊറട്ടോറിയം (മരവിപ്പിക്കല്‍) പ്രഖ്യാപിക്കണമെന്ന താരിഖ് റമദാനെ പോലെയുള്ളവരുടെ അഭിപ്രായങ്ങളും ഇതോട് ചേര്‍ത്തു വായിക്കേണ്ടതാണ്.

ഫിഖ്ഹീ നിയമങ്ങളുടെ പ്രത്യേകത അതിന്റെ ഇലാസ്തികതയാണ്, അഥവാ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് വികസിക്കാനും ചുരുങ്ങാനും അതിന്  കഴിയും. പക്ഷേ അക്ഷര വായനക്കാര്‍ ഈ വികാസ/സങ്കോചക്ഷമതയെ ഉപയോഗപ്പെടുത്തുന്നതില്‍ വളരെ പുറകിലാണ്. പരമ്പരാഗത സമുദായ നേതൃത്വമാകട്ടെ ആ സാധ്യതയുടെ വാതില്‍ കൊട്ടിയടച്ച് താഴിട്ട് മാറി നില്‍ക്കുകയുമാണ്. ചരിത്രത്തിന്റെ പിന്‍ബലത്തില്‍  ആധുനിക പണ്ഡിതന്മാരും പുരോഗമന പ്രസ്ഥാനങ്ങളും പല വിഷയങ്ങളിലും അങ്ങനെ ചില വ്യാഖ്യാനങ്ങള്‍ നടത്തിയിട്ടുണ്ട്. പക്ഷേ അത് അംഗീകരിക്കുന്നവര്‍ സമൂഹത്തില്‍ കുറവാണ്. ഭൂരിഭാഗം ജനങ്ങളും പരമ്പരാഗത സമുദായ നേതൃത്വത്തെ അക്ഷരംപ്രതി അംഗീകരിക്കുന്നവരാവുമ്പോള്‍ വിശേഷിച്ചും. 

അപ്പോള്‍ മുത്ത്വലാഖ് ഇസ്‌ലാമികമല്ല എന്നു മാത്രം പറഞ്ഞത് കൊണ്ടായില്ല. മുത്ത്വലാഖിനുള്ള കര്‍മശാസ്ത്ര സാധ്യതകളെ മരവിപ്പിച്ചോ/റദ്ദ് ചെയ്‌തോ പുനര്‍നിര്‍വചിക്കാനും, സമുദായ അംഗങ്ങളെ ബോധവല്‍ക്കരിക്കാനും ഇസ്‌ലാമിക നേതൃത്വം മുന്നോട്ട് വരേണ്ടതുണ്ട്. പരമ്പരാഗത മുസ്‌ലിം നേതൃത്വങ്ങള്‍ക്ക് ഇങ്ങനെ ഒരു മാറ്റത്തിന് ഇനിയും സമയമെടുക്കുമെന്ന് നമുക്കറിയാം. പക്ഷേ, നവോത്ഥാന പ്രസ്ഥാനങ്ങള്‍ ഈ വിഷയത്തില്‍ സാമൂഹിക മാറ്റത്തിന് തുടക്കം കുറിക്കാതെ മാറി നില്‍ക്കുന്നതാണ് മനസ്സിലാവാത്തത്.

 

 

 

ആദത്തും സുന്നത്തും

മൂന്ന് ലക്കങ്ങളിലായി (ലക്കം 3028-3030) വന്ന സദ്‌റുദ്ദീന്‍ വാഴക്കാടിന്റെ ആദത്തും സുന്നത്തും എന്ന പഠനാര്‍ഹമായ ലേഖനം വായിച്ചു. സമൂഹം അനുധാവനം ചെയ്യേണ്ട തിരു സുന്നത്തുകളും, ഒരു പ്രദേശത്തെ ആചാരങ്ങളും (ആദത്ത്) അപ്പടി പകര്‍ത്തുന്നതിലെ വൈരുധ്യം തിരിച്ചറിയാന്‍ ലേഖനം ഉപകരിച്ചു. ആദത്തുകളുടെ പിറകെ പോയി, നിര്‍ബന്ധ അനുഷ്ഠാനങ്ങള്‍ കണക്കെ പാമരരായ ജനങ്ങളെ അവയില്‍ തളച്ചിടുന്ന (നമസ്‌കാരത്തിലും അല്ലാതെയുമുള്ള തലപ്പാവ് ധരിക്കല്‍ ഉദാഹരണം)  രീതി നിരുത്സാഹപ്പെടുത്തേണ്ടതാണ്. ഗൗരവമേറിയ പ്രസ്തുത പഠന പ്രബന്ധം കേരളീയ മുസ്‌ലിം സമൂഹത്തില്‍ വ്യാപകമായി ചര്‍ച്ച ചെയ്യേണ്ടതാണ്. ലേഖകനും, വാരികക്കും അനുമോദനങ്ങള്‍.

ലക്കം 3030-ല്‍ ബാബരിയാനന്തര ഇന്ത്യന്‍ മുസ്‌ലിംകളുടെ അവസ്ഥയെക്കുറിച്ച് കെ.ടി ഹുസൈന്‍ വളരെ ഗഹനമായി വിശകലനം ചെയ്തിരിക്കുന്നു. കോണ്‍ഗ്രസ്സ് അനുവര്‍ത്തിച്ച മൃദു ഹിന്ദുത്വ സമീപനങ്ങള്‍, ആ ദേശീയ രാഷ്ട്രീയ പാര്‍ട്ടിക്ക് നേരിടേണ്ടി വന്ന തകര്‍ച്ചയുടെ ആഴത്തെക്കുറിച്ച വിശകലനം, ആ പാര്‍ട്ടിയുടെ തല മുതിര്‍ന്ന നേതാക്കള്‍ പഠന വിധേയമാക്കിയെങ്കില്‍ എന്നാശിക്കുന്നു.

അതേ ലക്കത്തില്‍ വി.കെ  അബ്ദുല്‍ ജബ്ബാര്‍ചേന്ദമംഗലത്തിന്റെ 'പശു അന്നും ഇന്നും' എന്ന കവിത സമകാലിക സംഭവങ്ങളോട് നേരിട്ട് സംവദിക്കുന്നതായി.

അബൂബക്കര്‍ സിദ്ദീഖ്, എറിയാട്, തൃശൂര്‍

 

 

 

സംവാദങ്ങള്‍ വഴിതെറ്റാതിരിക്കട്ടെ

'പ്രവാചക രാഷ്ട്രീയം സമകാലിക സാമൂഹികതയില്‍ ഇടപെടുമ്പോള്‍ സഖാവേ നമുക്ക് സംവാദം തുടരാം' (ലക്കം 3026) വായിച്ചു. ദീര്‍ഘനാളായി പ്രബോധനത്തിന്റെ വായനക്കാരനായ എല്ലാ മതങ്ങളിലെയും നന്മകാണുന്ന മതേതര വിശ്വാസിയാണ് ഞാന്‍.

പ്രത്യയശാസ്ത്രങ്ങള്‍ മനുഷ്യനിര്‍മിതങ്ങളാണ്. കാലം അവയില്‍ മാറ്റങ്ങള്‍ വരുത്തുന്നു. പ്രത്യയശാസ്ത്രങ്ങള്‍ ആഗോള തലത്തില്‍ തന്നെ പ്രതിസന്ധികള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. കമ്യൂണിസ്റ്റ് പ്രത്യയ ശാസ്ത്രവും ഇസ്‌ലാമും മുസ്‌ലിം സമൂഹവും പ്രതിസന്ധികള്‍ നേരിടുന്നു്. ഇവയെ മുന്‍നിര്‍ത്തി ഇന്ന് നടക്കുന്ന സംവാദങ്ങള്‍ പലതും ആരോഗ്യകരമല്ല. പലപ്പോഴും അത് വ്യക്തിവിദ്വേഷത്തിന്റെ തലത്തിലേക്ക് വഴി മാറുകയും ചെയ്യുന്നു.

കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തോട് സംവദിക്കാന്‍ ലേഖനത്തില്‍ ടി. മുഹമ്മദ് വേളം ആധാരമാക്കിയത് 'ഏഴാം നൂറ്റാണ്ട്' എന്ന കേവലമായ പദപ്രയോഗത്തെയാണ്. ചരിത്രം പഠിക്കുന്ന ഏതൊരാള്‍ക്കും അറിയാം ഏഴാം നൂറ്റാണ്ട് അജ്ഞതയുടേതായിരുന്നുവെന്ന്. അറേബ്യയില്‍ മുഹമ്മദ് നബിയുടെ കാലമായിരുന്നു അത്. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും മനുഷ്യരെ നയിച്ച ആ ദശാസന്ധിയിലെ വിമോചകനായിരുന്നു പ്രവാചകന്‍. ഇസ്‌ലാമിലൂടെ മനുഷ്യനന്മക്കായി ധാരാളം അധ്യാപനങ്ങള്‍ നല്‍കിയ അദ്ദേഹം സമഗ്രമായ ഒരു ജീവിത വ്യവസ്ഥ, സ്വന്തം ജീവിതം കൊണ്ടുതന്നെ പഠിപ്പിക്കുകയും ചെയ്തു. ഇത് ചരിത്ര വസ്തുതയാണ്.

മനുഷ്യ ജീവിതം ഭൗതികതയും ആത്മീയതയും ഇടകലര്‍ന്നതാണ്. ഭൗതിക ജീവിതം മോടിപിടിപ്പിക്കാന്‍ മനുഷ്യന്‍ കാട്ടിക്കൂട്ടുന്ന കോലാഹലങ്ങള്‍ക്കെതിരെ പ്രതികരിക്കാന്‍ ആരുണ്ട്! ഒരു മതവിഭാഗവും അതില്‍നിന്നും മുക്തമല്ല. സുഖസൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ എല്ലാ ആധുനിക സൗകര്യങ്ങളും വേണം. പക്ഷേ, ഒരു തരത്തിലുള്ള നഷ്ടങ്ങളും സഹിക്കാന്‍ തയാറല്ല. അപ്രകാരം രാഷ്ട്രീയത്തില്‍ ഇടംനേടാന്‍ പല ചൊട്ടുവിദ്യകളും പ്രയോഗിക്കുന്നുണ്ട് പലരും. പറയുന്നതോ, ജനനന്മ!

ഗെയ്ല്‍ വാതക പൈപ്പ്‌ലൈന്‍ ഇന്ന് പൊട്ടിമുളച്ചതല്ല. ഇതിനുമുമ്പ് കേരളത്തിന്റെ മുഖ്യമന്ത്രിയും വ്യവസായ മന്ത്രിയുമായിരുന്നവര്‍ അതിന്റെ ഗുണമേന്മ വര്‍ണിച്ചു നടന്നത് കേരളത്തില്‍ തന്നെയാണ്! അവകാശങ്ങള്‍ നേടാന്‍ സമരങ്ങളും പ്രക്ഷോഭങ്ങളും ആവശ്യമാണ്. പക്ഷേ, ഒരുവിഭാഗം മാത്രം അതില്‍ ചാമ്പ്യന്മാരാകാന്‍ ശ്രമിക്കുന്നത് സമൂഹത്തിന് ഗുണം ചെയ്യില്ല.

മതത്തിന്റെ പേരില്‍ വൈകാരികമായി പ്രതികരിക്കുന്നതിന്റെ ഒരു ഉദാഹരണം മാത്രമാണ് ടി. മുഹമ്മദ് വേളത്തിന്റെ ലേഖനം. വൈകാരികമായി കാര്യങ്ങളെ കാണുന്നതിന്റെ ദുരന്തങ്ങള്‍ എണ്ണിയെണ്ണി പറയാന്‍ എത്രയോ ഉണ്ട്. കേരളത്തിന്റെ ചുമരുകളില്‍ പണ്ടൊരു മുദ്രാവാക്യം കാണുകയുണ്ടായി. 'ഇന്ത്യയുടെ മോചനം ഇസ്‌ലാമിലൂടെ...'  അതിന് മറുവിഭാഗത്തിന്റെ മറുപടിയും വന്നു. 'ഇസ്‌ലാമിന്റെ അന്ത്യം ഇന്ത്യയില്‍...!'

ഇന്നത്തെ ഇന്ത്യന്‍ സാഹചര്യം വളരെ ഭീതിതമാണ്. മതേതര ജനാധിപത്യത്തിന്റെ എല്ലാ മൂല്യങ്ങളെയും കാവിവല്‍ക്കരിക്കുന്ന കെട്ടകാലം. ഇന്ത്യയില്‍ ഏറ്റവും അധികം പീഡിപ്പിക്കപ്പെടുന്നത് മുസ്‌ലിംകളാണ്. അതും ഇപ്പോള്‍ പശുവിന്റെ പേരില്‍. ഈ സന്ദര്‍ഭത്തില്‍ ഇത്തരം വിഷയങ്ങളിലാകട്ടെ, സംവാദങ്ങള്‍. അല്ലാതെ എം.പി പരമേശ്വരന്റെ നാലാം ലോകമല്ല വിഷയമാക്കേണ്ടത്. മതം വിശ്വാസത്തിന്റേതാണ്. അതിനെ ആരും നിഷേധിക്കില്ല. പക്ഷേ, അതിനെ പ്രക്ഷോഭത്തിനുവേണ്ടി ഉപയോഗിക്കുമ്പോള്‍ സ്വാഭാവിക പ്രതികരണം ഉണ്ടാവും. മതം രാഷ്ട്രീയത്തില്‍ ഇടപെടുന്നതാണ് പ്രതിസന്ധിക്ക് കാരണം. ആഗോളതലത്തില്‍ മാര്‍ക്‌സിസത്തിന്റെ പുനര്‍വായനക്ക് ശ്രമം നടക്കുന്നുണ്ട്. ഇന്ന് ആഗോളതലത്തില്‍ ഇസ്‌ലാമിക ലോകവും പ്രതിസന്ധി നേരിടുന്നു. ഇത്തരുണത്തില്‍ മാര്‍ക്‌സിസ്റ്റ് ഇസ്‌ലാമിക സംവാദത്തിലൂടെ പുതിയൊരു ആശയലോകം തുറന്നിടുന്നത് കാലഘട്ടത്തിന്റെ ആവശ്യമാണ്.... അതിനാവട്ടെ നമ്മുടെ സംവാദങ്ങള്‍.

കെ. കൃഷ്ണന്‍ കുട്ടി, കാര്യാവട്ടം, മണ്ണാര്‍മല

 

 

 

ഹദീസ് ദൈവികം തന്നെ

ഹദീസ് വഹ്‌യാണോ, അല്ലേ എന്ന ചര്‍ച്ചക്ക് പ്രസക്തിയില്ല. കാരണം ദൈവിക ഗ്രന്ഥത്തിന്റെ പ്രയോഗത്തിലധിഷ്ഠിതമായ വിശദീകരണമാണ് സുന്നത്ത്. ഖുര്‍ആനിന്റെ വിശദീകരണത്തില്‍നിന്ന് വേര്‍പ്പെടുത്താന്‍ പറ്റുന്ന ഒന്നല്ല അത്. എന്നാല്‍, സുന്നത്ത് ഗവേഷണങ്ങള്‍ വഴി ഖുര്‍ആനോട് കിടപിടിക്കുന്ന ഒരു പ്രമാണം നിര്‍മിതമായി തീര്‍ന്നിട്ടുണ്ട്. ഹദീസുകളിലെ ശരിതെറ്റുകള്‍ വേര്‍തിരിച്ചെടുക്കാനുള്ള മനുഷ്യനിര്‍മിത മാനദണ്ഡങ്ങള്‍ മാറ്റിവെച്ചാല്‍ സുന്നത്ത് ദൈവികമാണ്. ആഇശ(റ)യുടെ ഹദീസ് സമീപനരീതി ഇതിനുദാഹരണമാണ്. ദൈവത്തില്‍നിന്നുള്ള അറിയിപ്പുകള്‍ മനുഷ്യബുദ്ധികൊണ്ട് അളന്നു തിട്ടപ്പെടുത്തുന്നത് വിരോധാഭാസമാണ്.

ഹദീസ് റിപ്പോര്‍ട്ടര്‍മാരുടെ പരമ്പരയില്‍ യോഗ്യരല്ലാത്ത ആളുകളുണ്ട് എന്നതുകൊണ്ടു മാത്രം ഒരു ഹദീസ് തെറ്റാകുന്നതെങ്ങനെ? നേരെ തിരിച്ചും സംഭവിക്കാമല്ലോ! ഹദീസ് സ്വീകരിക്കാന്‍ ദൈവിക മാനദണ്ഡമാണ് (ഖുര്‍ആന്‍) ഒന്നാമതായി അവലംബിക്കേണ്ടത്. സത്യത്തെയും അസത്യത്തെയും വേര്‍തിരിക്കാന്‍ പറ്റുന്ന അടിസ്ഥാന മാനദണ്ഡം (ഫുര്‍ഖാന്‍) യഥാര്‍ഥത്തില്‍ ഖുര്‍ആനാണ്. ഖുര്‍ആനികാടിസ്ഥാനത്തില്‍ സമീപിച്ചാല്‍ ഹദീസുകളെല്ലാം ദൈവികമാവുകയും ലോകജനത ഖുര്‍ആനിന്റെ അനുകര്‍ത്താക്കളാവുകയും ചെയ്യും.

വി.ടി സയ്യിദ് സിയാദ് , മലപ്പുറം

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-27 / അന്നംല് - (67-75)
എ.വൈ.ആര്‍

ഹദീസ്‌

കടബാധ്യതക്ക് പരിഹാരമായി പ്രാര്‍ഥന
ഇബ്‌റാഹീം ശംനാട്‌