അബ്‌സീനിയന്‍ ബന്ധങ്ങള്‍
മുഹമ്മദുന്‍ റസൂലുല്ലാഹ്-37
ഹബശ് എന്നാല്‍ അബ്‌സീനിയക്കാര്‍ എന്നര്‍ഥം. ഹബശ എന്നാണ് അബ്‌സീനിയക്ക് പറയുക. യമന്‍ മുഖേനയാണ് മക്കയുമായുള്ള അവരുടെ ബന്ധം ആരംഭിക്കുന്നത്. മുഹമ്മദ് നബിയുടെ ജനനത്തിന് ഒരു നൂറ്റാണ്ട് മുമ്പ് ക്രിസ്തുമതത്തിന് യമനില്‍ ധാരാളം അനുയായികളെ ലഭിച്ചു. ഇത് യമനിലെ ജൂതരാജാവ് ദുന്നുവാസിനെ ചകിതനാക്കി. മതംമാറ്റത്തിന്റെ കേന്ദ്രം നജ്‌റാനായിരുന്നു. ഈ വിഷയത്തില്‍ ത്വബരിയുടേതായി രണ്ട് ആഖ്യാനങ്ങള്‍ ഉണ്ട്. ക്രൈസ്തവ വിശ്വാസികള്‍ ജൂതന്മാരാല്‍ എങ്ങനെ പീഡിപ്പിക്കപ്പെട്ടു എന്ന് അതില്‍ വിവരിക്കുന്നു. ഒരു ആഖ്യാനമനുസരിച്ച്,1 മതഭ്രാന്തായിരുന്നു ഈ പീഡനത്തിന് കാരണം. രാജാവ് ക്രിസ്ത്യാനികളോട് ജൂതമതത്തിലേക്ക് വരാന്‍ ആവശ്യപ്പെട്ടെങ്കിലും അവര്‍ വിസമ്മതിച്ചു. പിന്നെ രാജാവ് അവരെ കൂട്ടക്കൊല ചെയ്യാന്‍ ഉത്തരവിടുകയായിരുന്നു. രണ്ടാമത്തെ ആഖ്യാനം2 ഇങ്ങനെയാണ്: നജ്‌റാനില്‍ വെച്ച് രണ്ട് ജൂതക്കുട്ടികള്‍ കൊല്ലപ്പെട്ടു. ആ കുട്ടികളുടെ പിതാവ് രാജാവിനോട് ആവലാതി പറഞ്ഞു. ശിക്ഷയില്‍നിന്നൊഴിവാകാന്‍ നജ്‌റാനികള്‍ ക്രിസ്തുമതം ഉപേക്ഷിക്കണമെന്ന് രാജാവ് ശാഠ്യം പിടിച്ചു. നജ്‌റാനികള്‍ വഴങ്ങിയില്ല. തുടര്‍ന്ന് വലിയൊരു സൈന്യവുമായി വന്ന് ദുന്നുവാസ് ആ പ്രദേശം കൈയടക്കി. ചെറുത്തുനിന്നവരെ തല്‍ക്ഷണം വധിച്ചു. ബാക്കിയുള്ളവരെ തടവുകാരാക്കി. തുടര്‍ന്ന് വലിയ കിടങ്ങുകള്‍ (ഉഖ്ദൂദ്) കുഴിച്ചുണ്ടാക്കി. അവയില്‍ തീ കത്തിച്ചു. തടവുകാരായി പിടിച്ചവര്‍ക്ക് തിരിച്ചുവരാന്‍ ഒരവസരവും കൂടി രാജാവ് നല്‍കി. ജൂതമതം സ്വീകരിക്കാന്‍ കൂട്ടാക്കാതിരുന്നവരെ തീയില്‍ എറിഞ്ഞു. ഇതിന്റെ ഭീകരത വിശുദ്ധ ഖുര്‍ആന്‍ മനസ്സില്‍ തട്ടുംവിധം ചിത്രീകരിച്ചിട്ടുണ്ട്.3 സിറിയാക് രേഖകളില്‍,4 ദുന്നുവാസിന്റെ ഭീകര താണ്ഡവം അവിടം കൊണ്ടും അവസാനിച്ചില്ല എന്ന് രേഖപ്പെടുത്തുന്നുണ്ട്. ഹീറ (തെക്കന്‍ ഇറാഖ്) രാജാവിന്റെ അടുത്തേക്ക് ദൂതന്മാരെയും ഇയാള്‍ അയച്ചിരുന്നുവത്രെ; താന്‍ ചെയ്തതുപോലെ അവിടത്തെ ക്രിസ്ത്യാനികളെയും ഉന്മൂലനം ചെയ്യണമെന്ന് ആവശ്യപ്പെടാന്‍.
നജ്‌റാനിലെ ഏതാനും ക്രൈസ്തവ വിശ്വാസികള്‍ക്ക് മാത്രമേ ഈ കൂട്ടക്കൊലയില്‍നിന്ന് രക്ഷപ്പെടാനായുള്ളൂ. ചിലരെങ്കിലും മതംമാറ്റം അഭിനയിച്ചിരിക്കണം. യമനില്‍ ഇതിന്റെയെല്ലാം പ്രത്യാഘാതങ്ങള്‍ ഗുരുതരമായിരുന്നു. മക്കയിലെ ജുര്‍ഹൂമി നേതാവായ അല്‍ഹാരിസു ബ്‌നു മുളാദ് (ഇദ്ദേഹം നജ്‌റാനില്‍നിന്നുള്ള ചില അഭയാര്‍ഥികള്‍ക്ക് അഭയം കൊടുത്തിട്ടുണ്ടാവണം), കുറ്റവാളികളെ ശിക്ഷിക്കാന്‍ ഒരു സൈനിക നീക്കത്തിന് തുനിഞ്ഞു. ഇദ്ദേഹത്തിന്റെ ശവകുടീരം ഇറാനിലെ ഇസ്ഫഹാനില്‍ കണ്ടെത്തിയപ്പോള്‍ അതില്‍ ഇങ്ങനെ കുറിച്ചുവെച്ചിരുന്നു: 'ഞാന്‍ ഹാരിസു ബ്‌നു മുളാദ്; കിടങ്ങുകളില്‍ തീ നിറച്ചവരെ ശിക്ഷിച്ചയാള്‍.'5
സംഭവത്തോടുള്ള ബൈസാന്റിയക്കാരുടെ പ്രതികരണവും പ്രസ്താവ്യമാണ്. പീഡിത ക്രൈസ്തവ വിഭാഗത്തില്‍നിന്നുള്ള ഒരു പ്രതിനിധി സംഘം ബൈസാന്റിയന്‍ ചക്രവര്‍ത്തിയെ പോയി കണ്ട് യമനിലെ രാജാവില്‍നിന്ന് തങ്ങളെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു. രാജാവിന്റെ മറുപടി ഇങ്ങനെ: 'എന്റെ രാജ്യം നിങ്ങളുടെ നാട്ടില്‍നിന്ന് വളരെ അകലെയാണ്. നിങ്ങളെ സഹായിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ഞാന്‍ അബ്‌സീനിയയിലെ നേഗസിന് ഒരു എഴുത്തു തരാം. അദ്ദേഹം നിങ്ങളുടെ6 അയല്‍വാസി മാത്രമല്ല, ക്രിസ്ത്യാനി കൂടിയാണല്ലോ.' മറ്റൊരു നിവേദനത്തിലുള്ളത്, നജ്‌റാനിലെ പ്രതിനിധിസംഘം നേരെ നേഗസിനെ ചെന്നു കാണുകയായിരുന്നു എന്നാണ്. എന്നിട്ട് ബൈബിളിന്റെ കത്തിക്കരിഞ്ഞ ഏടുകള്‍ അദ്ദേഹത്തെ കാണിച്ചു. നേഗസാണ് പിന്നീട് കത്തിക്കരിഞ്ഞ ബൈബിള്‍ കോപ്പികള്‍ ബൈസാന്റിയന്‍ രാജാവിന് അയച്ചുകൊടുത്ത് ശത്രുക്കളെ നേരിടാനായി ഏതാനും ബോട്ടുകള്‍ അയച്ചുതരണമെന്ന് ആവശ്യപ്പെടുന്നത്. അതെന്തോ ആവട്ടെ, നേഗസ് തന്റെ രാജ്യത്തു വെച്ച് 700 ബോട്ടുകള്‍ ഉണ്ടാക്കാന്‍ കല്‍പ്പന കൊടുത്തു എന്നത് സത്യമാണ്. കൂടാതെ, തുറമുഖങ്ങളിലും മറ്റും ഉണ്ടായിരുന്ന ഇറാനികളും മറ്റുമായ കച്ചവടക്കാരുടെ ഏതാനും ബോട്ടുകള്‍ അദ്ദേഹം പിടിച്ചെടുക്കുകയും ചെയ്തു. വൈകാതെ ബൈസാന്റിയന്‍ സഹായവും എത്തിച്ചേര്‍ന്നു.
അറബ് ചരിത്രകാരന്മാരുടെ നിവേദന പ്രകാരം 70,000-വും ഗ്രീക്ക് ചരിത്രകാരന്മാരുടെ റിപ്പോര്‍ട്ട് പ്രകാരം 1,20,000-വും വരുന്ന അബ്‌സീനിയന്‍ സൈന്യം യമനിലേക്ക് കടക്കാനായി ബാബുല്‍ മന്‍ദബ് തുറമുഖത്ത് എത്തി. എന്തിന് ഇത്രയധികം സൈന്യം എന്നതിന്റെ ന്യായം, പുറപ്പെട്ട ബോട്ടുകളില്‍ പലതും യമനില്‍ എത്തുന്നതിനു മുമ്പ് മുങ്ങിത്താണു എന്നതു തന്നെ. ഇബ്‌നുല്‍ കല്‍ബി പറയുന്നത്, രണ്ട് അധിനിവേശങ്ങള്‍ നടന്നിട്ടുണ്ട് എന്നാണ്. ഒന്നാമത്തേതു തന്നെ ദുന്നുവാസിനെ ശരിക്കും ഭയപ്പെടുത്തി. വലിയൊരു തുക തരാം എന്ന് വാഗ്ദാനം ചെയ്ത് അയാള്‍ സമാധാന ഉടമ്പടിക്ക് യാചിച്ചു. ഈ പണം കൈപ്പറ്റാനായി അബ്‌സീനിയന്‍ സൈനികത്തലവന്മാര്‍ എത്തിയപ്പോള്‍ അവരെ ചതിയില്‍ കൊലപ്പെടുത്തുകയാണ് ദുന്നുവാസ് ചെയ്തത്. നായകരെ നഷ്ടപ്പെട്ട ആ സൈന്യത്തിന്റെ മേല്‍ അയാള്‍ ചാടിവീഴുകയും ചെയ്തു.7 ഇബ്‌നു കല്‍ബിയുടെ അഭിപ്രായത്തില്‍ 70,000 എന്നത് രണ്ടാമത് അയച്ച അബ്‌സീനിയന്‍ സൈന്യത്തിന്റെ എണ്ണമാണ്. ബൈസാന്റിയന്‍ ചരിത്രകാരന്മാരുടെ വിവരണമനുസരിച്ച്, വെള്ളം കിട്ടാതെയും തളര്‍ന്നുവീണും 15,000 പേരെങ്കിലും മരിച്ചൊടുങ്ങിയിട്ടുണ്ട്. എന്തായാലും, ദുന്നുവാസിന്റെ പരാജയത്തോടെയാണ് യുദ്ധത്തിന് അവസാനമായത്. അയാള്‍ കടലില്‍ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. നേഗസിന്റെ സൈന്യം രാജ്യം കീഴ്‌പ്പെടുത്തുകയും ചെയ്തു.
ഏതാനും വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ഇതേ അബ്‌സീനിയക്കാര്‍ യമനില്‍നിന്ന് മക്ക കീഴടക്കാനായി എത്തിയതും (ഇതേക്കുറിച്ച് നാം പിന്നീട് പറയുന്നുണ്ട്) വലിയ നഷ്ടങ്ങള്‍ പറ്റി തിരിച്ചു പോയതും. മൂന്നു മാസം കൂടി കഴിഞ്ഞ് പ്രവാചകന്‍ ഭൂജാതനാവുകയും ചെയ്തു. അബ്‌സീനിയക്കാര്‍ എന്തിനായിരുന്നു മക്കയിലേക്ക് പടയോട്ടം നടത്തിയത്? ഭൂമി കൈവശപ്പെടുത്താന്‍ വേണ്ടി മാത്രമായിരുന്നോ? ചില ഓറിയന്റലിസ്റ്റുകള്‍ കരുതുന്ന പോലെ, പേര്‍ഷ്യയില്‍നിന്ന് അധിനിവേശ വെല്ലുവിളി നേരിടുന്ന ബൈസാന്റിയന്‍ സാമ്രാജ്യത്തെ സഹായിക്കുന്നതിനായി മക്ക വഴി സിറിയയിലേക്ക് പോവുക മാത്രമായിരുന്നോ അവരുടെ ഉദ്ദേശ്യം? ചില പൗരാണിക അറബ് ചരിത്രകാരന്മാര്‍ എഴുതിയതുപോലെ, യമനിലെ സ്വന്‍ആയിലുള്ള ചര്‍ച്ചിനെ ഒരു അറബ് ബഹുദൈവാരാധകന്‍ അനാദരിച്ചതിന് പ്രതികാരം ചെയ്യാന്‍ പുറപ്പെട്ടതായിരുന്നോ ആ സൈന്യം? മറ്റൊരു സാധ്യത കൂടിയുണ്ട്. ഹാരിസു ബ്‌നു മുളാദ് എന്ന ജുര്‍ഹൂമി ഗോത്രത്തലവന്‍ യമന്‍കാരെ പാഠം പഠിപ്പിക്കാനായി പുറപ്പെട്ടു എന്ന് പറഞ്ഞിരുന്നല്ലോ. ഒരുപക്ഷേ യമനില്‍ ഭരണം പിടിക്കാന്‍ ഈ ഗോത്രമുഖ്യന്‍ ശ്രമിക്കുകയും അത് സംഘര്‍ഷത്തിനും ഒടുവില്‍ മക്കക്കെതിരായ പടയോട്ടത്തിനും വഴിവെച്ചിരിക്കാം. പക്ഷേ, ഈ ഗോത്രമുഖ്യന്‍ അബ്‌സീനിയന്‍ പടയോട്ടം നടക്കുന്നതിന്റെ വളരെ മുമ്പ് മക്കയില്‍നിന്ന് നിഷ്‌കാസിതനായിരുന്നു എന്നാണ് മനസ്സിലാവുന്നത്. നജ്‌റാനികള്‍ക്കു വേണ്ടി അയാള്‍ നടത്തി എന്ന് പറയപ്പെടുന്ന സൈനിക നീക്കത്തെക്കുറിച്ച് നമുക്ക് യാതൊരു വിവരവും ലഭിച്ചിട്ടുമില്ല. അയാള്‍ ഒടുവില്‍ ഇറാനില്‍ അഭയം തേടിയതു കൊണ്ടാവുമോ അയാളുടെ ശവക്കല്ലറ ഇസ്ഫഹാനിലായത്? അയാള്‍ അവിടെ വെച്ച് യുദ്ധത്തില്‍ കൊല്ലപ്പെടുകയായിരുന്നോ?
അതെന്തായാലും, നേഗസ് തന്റെ രാജ്യമായ അബ്‌സീനിയയില്‍ തന്നെ തങ്ങുകയാണുണ്ടായത്. താന്‍ കീഴ്‌പ്പെടുത്തിയ യമനില്‍ അദ്ദേഹം ഒരു വൈസ്രോയിയെ നിശ്ചയിച്ചു. പില്‍ക്കാലത്ത് അബ്‌റഹത്തിന്റെ സേനാനായകരിലൊരാള്‍ അര്‍യാത്വ് എന്ന് പേരുള്ള വൈസ്രോയിയെ വധിക്കുകയും അധികാരം പിടിച്ചെടുക്കുകയും ചെയ്തു. ആഭ്യന്തരയുദ്ധം ഒഴിവാക്കുന്നതിനായി, അധികാരം പിടിച്ചെടുത്ത അബ്‌റഹത്തിനെ യമനിലെ തന്റെ വൈസ്രോയിയായി നേഗസ് അംഗീകരിക്കുകയാണുണ്ടായത്.8
കടുത്ത ക്രിസ്തുമത വിശ്വാസിയായിരുന്ന അബ്‌റഹത്ത്, തന്റെ നാടിനെ ക്രൈസ്തവവല്‍ക്കരിക്കാന്‍ അതിയായി ആഗ്രഹിച്ചു. പല മന്ദിരങ്ങളും അബ്‌റഹത്ത് നിര്‍മിച്ചു. അവയിലൊന്നായിരുന്നു ഖലീസ് (ലസസഹലശെമ എന്ന ഗ്രീക്ക് വാക്കിന്റെ അറബി തത്ഭവമാണിത്) എന്ന പേരില്‍ അറബ് ഗ്രന്ഥങ്ങളില്‍ പരാമര്‍ശിക്കപ്പെടുന്ന സ്വന്‍ആയിലെ വലിയ കത്തീഡ്രല്‍. കെട്ടിടത്തിന് മോടി കൂട്ടാനായി കോണ്‍സ്റ്റാന്റിനോപ്പിളില്‍നിന്ന് ബൈസാന്റിയന്‍ ചക്രവര്‍ത്തി മാര്‍ബിളും മൊസൈക്കുകളും ഒപ്പം വിദഗ്ധരായ തൊഴിലാളികളെയും അയച്ചുകൊടുത്തിരുന്നു. മതജീവിതത്തിന് നേതൃത്വം നല്‍കാനായി അലക്‌സാണ്ട്രിയയില്‍നിന്ന് ഗ്രിഗന്‍ഷ്യസ്(ഏൃലഴലിശtu)െ എന്ന ഇറ്റാലിയന്‍ പുരോഹിതനെയും അയച്ചുകൊടുത്തു. അറേബ്യക്കു വേണ്ടി 23 ചട്ടങ്ങള്‍ ആ പുരോഹിതന്‍ ആവിഷ്‌കരിച്ചു. അതിന്റെ ഗ്രീക്ക് ഒറിജിനല്‍ ഇപ്പോഴും സൂക്ഷിക്കപ്പെട്ടിരിക്കുന്നു.9 അറബ് രേഖകളില്‍10 അബ്‌റഹത്ത് അറബികളെക്കൊണ്ട് നിര്‍ബന്ധിച്ച് ജോലി എടുപ്പിച്ചിരുന്നുവെന്നും ഷീബ രാജ്ഞിയുടെ പൗരാണിക കൊട്ടാരം തകര്‍ത്ത് അതിന്റെ കല്ലുകള്‍ ചര്‍ച്ചിന്റെ നിര്‍മാണത്തിനായി ഉപയോഗിച്ചിരുന്നുവെന്നും പരാമര്‍ശങ്ങളുണ്ട്. ഖലീസ് ചര്‍ച്ച് ഇപ്പോള്‍ നിലനില്‍ക്കുന്നില്ല. 1947-ല്‍ ഞാന്‍ സ്വന്‍ആയിലെ ആ പ്രദേശം സന്ദര്‍ശിച്ചപ്പോള്‍ ഒരു മതില്‍ മാത്രമാണ് അവിടെ കാണാന്‍ കഴിഞ്ഞത്. നേരത്തേ പറഞ്ഞ കിടങ്ങുകളിലെ കൂട്ടക്കുരുതി നജ്‌റാനിലെ ഒരു ചര്‍ച്ചില്‍ അനുസ്മരിക്കപ്പെടാറുണ്ടായിരുന്നു. രക്തസാക്ഷികള്‍ക്ക് ഒരു സെമിത്തേരിയും അവിടെ ഉണ്ടായിരുന്നു. ഇപ്പോള്‍ നജ്‌റാന്‍ സുഊദി അറേബ്യയുടെ ഭാഗമാണ്. 1946-ല്‍, കല്ലുകൊണ്ട് നിര്‍മിതമായ ഒരു സിംഹരൂപം അവിടെനിന്ന് കണ്ടെടുക്കപ്പെട്ടതായി ചില ഉദ്യോഗസ്ഥര്‍ എന്നോട് പറയുകയുണ്ടായി. കിടങ്ങുകളുടെ വക്കില്‍ ചാരം ഇപ്പോഴുമുണ്ടെന്നും അത് വളമായി ഉപയോഗിക്കാറുണ്ടെന്നുമുള്ള ഒരു കഥയും അവര്‍ എന്നോട് പറഞ്ഞു. ഖുര്‍ആന്‍ അനുസ്മരിച്ച (85: 4-9)11 രക്തസാക്ഷികളോടുള്ള അനാദരവാണിതെന്ന് ചൂണ്ടിക്കാട്ടി ഇബ്‌നു സുഊദ് രാജാവാണത്രെ ആ പ്രവൃത്തി നിര്‍ത്തല്‍ ചെയ്തത്.
കണ്ടെടുക്കപ്പെട്ട ചില ശിലാലിഖിതങ്ങളില്‍, അബ്‌റഹത്ത് കഴിവുള്ള ഭരണാധികാരിയായിരുന്നുവെന്നും ഡാമുകള്‍ പുതുക്കിപ്പണിയാനും മറ്റും ഉത്സാഹിച്ചിരുന്നുവെന്നും കാണുന്നുണ്ട്. മആരിബ് അണക്കെട്ടില്‍നിന്ന് കണ്ടെടുക്കപ്പെട്ട, 543 സി.ഇ എന്ന് തീയതി രേഖപ്പെടുത്തിയ ദീര്‍ഘിച്ച ഒരു ഹിംയരി ശിലാലിഖിതം (136 വരികള്‍) ഗ്ലാസര്‍ എന്ന ഗവേഷകന്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആറ് വശങ്ങളുള്ള ഒരു കല്ലിന്റെ നാല് വശങ്ങളിലാണ് ലിഖിതമുള്ളത്. ഗ്ലാസര്‍ അവക്ക് നല്‍കിയ ജര്‍മന്‍ പരിഭാഷയുടെ ചുരുക്കം ഇങ്ങനെ:12
''പരമകാരുണികന്റെ, അവന്റെ മിശിഹായുടെ, പരിശുദ്ധാത്മാവിന്റെ അനുഗ്രഹത്താല്‍, ശക്തിയാല്‍... സബായിലെയും ദുറെയ്ദാനിലെയും ഹളറമൗത്തിലെയും യംനാത്തിലെയും തിഹാമ-നജ്ദ് അറബ് പ്രദേശങ്ങളിലെയും അക്‌സുമി വംശജനായ രാജാവ് റംശീശ് സുബൈമാന്റെ പ്രതിപുരുഷന്‍ അബ്‌റഹത്തിന്റേതാണ് ഈ ലിഖിതം. കിന്‍ദയിലെയും ദീയിലെയും ഗവര്‍ണര്‍ യസീദു ബ്‌നു കബ്ശ കലാപത്തിനിറങ്ങിയ കാലത്താണ് ഈ ലിഖിതം രേഖപ്പെടുത്തുന്നത്... ജര്‍റാഹ് ദു സിന്‍ബുറിനെ അബ്‌റഹത്ത് അയച്ചു... പക്ഷേ യസീദ് അയാള കൊന്നു... വിവരമറിഞ്ഞ അബ്‌റഹത്ത് തന്റെ ആയിരക്കണക്കായ അബ്‌സീനിയന്‍-ഹിംയരി സൈനിക വിഭാഗങ്ങളെ 657 ദുല്‍ഖിയാത് മാസം ഒരുമിച്ചുകൂട്ടി. അദ്ദേഹം സബായിലെ സമതലങ്ങളിലേക്ക് മുന്നേറി... യസീദ് അദ്ദേഹത്തെ കാണാനായി നബാത്തില്‍ എത്തി, സൈനിക കമാണ്ടര്‍മാര്‍ക്ക് മുമ്പില്‍ കീഴടങ്ങി... അപ്പോഴാണ് സബായില്‍നിന്ന് 657 ദുല്‍മദ്‌റഃ മാസം ആ നടുക്കുന്ന വാര്‍ത്ത വന്നത്; അണക്കെട്ട് തകര്‍ന്നിരിക്കുന്നു, അതുപോലെ ചുമരുകളും അഫാന്‍ ഉള്‍പ്പെടെയുള്ള ജല സംഭരണികളും... രാജാവ് ഗോത്രക്കാരോട് നിര്‍മാണത്തിനുള്ള മണ്ണും അടിക്കല്ലുകളും ചുവന്ന കല്ലുകളും ഖഫജ് മരത്തിന്റെ ഇലകളും വെള്ളക്കല്ലുകളും ഉരുക്കാനുള്ള ഈയവും മറ്റു നിര്‍മാണ സാമഗ്രികളും ശേഖരിക്കാന്‍ ആവശ്യപ്പെട്ടു; മഅ്‌രിബില്‍13 കേടുപാട് പറ്റിയ അണക്കെട്ട് അറ്റകുറ്റപ്പണികള്‍ ചെയ്ത് പൂര്‍വസ്ഥിതിയിലാക്കാന്‍. ഈ സാമഗ്രിശേഖരണം 657 എട്ടാം മാസമായ ദുല്‍സുറാബില്‍ പൂര്‍ത്തിയായി... രാജാവ് തന്റെ ചര്‍ച്ച് പരിചരിക്കാന്‍ മഅ്‌രിബിലേക്ക് പോയി... പിന്നെ അണക്കെട്ടിന്റെ അടുത്തേക്ക് പോയി അടിത്തറ വരെ കുഴിച്ചു പാറനീക്കി ചുമര്‍ ഉറപ്പിച്ചു... പണിതുടങ്ങിയപ്പോള്‍ ഗോത്രങ്ങള്‍ കലാപം തുടങ്ങിയതായി വാര്‍ത്ത വന്നു... കലാപകാരികള്‍ രാജാവിന് കീഴടങ്ങി. പിന്നെ അദ്ദേഹം മഅ്‌രിബ് അണക്കെട്ടിലേക്ക് തന്നെ മടങ്ങി... പിന്നെ അദ്ദേഹത്തിന്റെ അടുത്തേക്ക് നേഗസിന്റെയും റൂമി(ബൈസാന്റിയന്‍) ന്റെയും പേര്‍ഷ്യയുടെയും സന്ദേശവാഹകര്‍ വന്നു; അല്‍മുന്‍ദിറിന്റെയും ഹാരിസു ബ്‌നു ജബലയുടെയും അബൂകരീബു ബ്‌നു ജബലയുടെയും എന്നു മാത്രമല്ല സൗഹൃദം ആഗ്രഹിക്കുന്ന എല്ലാവരുടെയും പ്രതിനിധികള്‍ വന്നു... സബഇല്‍ യാഫൂര്‍ നിര്‍മിച്ച ചുമരും രാജാവ്(അബ്‌റഹത്ത്) പുനഃസ്ഥാപിച്ചു... ഗോത്രങ്ങളുടെ സഹായത്തോടെ അദ്ദേഹം നിര്‍മിച്ചത് അണക്കെട്ടും ഭിത്തിയും കനാലുകളും... (പിന്നെ അതിന് ചെലവു വന്ന ധാന്യപ്പൊടി, കാരക്ക, മാംസം, മുന്തിരി, വീഞ്ഞ് തുടങ്ങിയവയുടെ കണക്കുകള്‍)... നിര്‍മാണ ജോലികള്‍ അദ്ദേഹം 58 ദിവസംകൊണ്ട് പൂര്‍ത്തിയാക്കി, 658 ദൂമുആന്‍ മാസത്തില്‍ (ഫെബ്രുവരി-മാര്‍ച്ച് 543 സി.ഇ).''
അടുത്ത 26 കൊല്ലം പറയത്തക്കതായി ഒന്നും സംഭവിച്ചില്ല.14 സി.ഇ 569-ലാണ് അബ്‌റഹത്ത് മക്കക്കെതിരെ പടനീക്കം നടത്തുന്നത്. ഇതിനുള്ള പ്രകോപനമായി ഇബ്‌നു കസീര്‍15 പറയുന്നത്, മക്കയില്‍നിന്ന് വന്ന ചില തെമ്മാടികള്‍ അവിടത്തെ ചര്‍ച്ചിന് തീകൊടുത്തു എന്നതാണ്. ഇബ്‌നു ഹിശാമാകട്ടെ,16 കിനാന ഗോത്രത്തലവന്‍ ചര്‍ച്ച് മലിനപ്പെടുത്തിയതാണ് കാരണമെന്ന് പറയുന്നു. പ്രകോപനമെന്തായാലും, കറുത്ത വര്‍ഗക്കാരനായ ഈ പടനായകന്‍ സര്‍വ കോപ്പുകളോടും കൂടിയാണ് വരുന്നത്. കൂട്ടത്തില്‍ ഭീമാകാരനായ ഒരു ആനയും17 ഉണ്ട്. അതുകൊണ്ടാണ് ഇസ്‌ലാമിനു മുമ്പുള്ള അറേബ്യന്‍ കാലഗണനയില്‍ ഇത് 'ആനവര്‍ഷം' എന്ന് അറിയപ്പെട്ടത്. ആനയുടെ പേര് 'മഹ്മൂദ്' ആണെന്ന് അറബ് ചരിത്രകൃതികള്‍ പറയുന്നു. അബ്‌സീനിയയിലെ ചക്രവര്‍ത്തി അയച്ച ഒരു ആനക്ക് മഹ്മൂദ് എന്ന തനി അറബിപ്പേരുണ്ടാവുക വിചിത്രം തന്നെ! ഒരുപക്ഷേ ഇത് ങമാാീവേ (ഭീമാകാരങ്ങളായ ആനകളുടെ വംശം) എന്ന വാക്കിന്റെയോ മറ്റോ അറബിവല്‍ക്കരിച്ച രൂപമായിരിക്കുമോ? ചില ചരിത്ര നിവേദകന്മാര്‍ പറയുന്നത്, സൈന്യത്തില്‍ വേറെയും ആനകള്‍ ഉണ്ടായിരുന്നു എന്നാണ്. പക്ഷേ, മഹ്മൂദിനെപ്പോലെ ഇത്രയും ഭീമാകാരമായിരുന്നില്ല.
ഖത്അം ഗോത്രത്തില്‍ ഇക്കാലത്ത് കുറച്ചധികം ക്രിസ്തുമത വിശ്വാസികളുണ്ട്. അതിനാല്‍ മക്കയിലേക്ക് വഴികാട്ടിയായി ഒരു ഖത്അം ഗോത്രക്കാരനെ അബ്‌റഹത്ത് കൂടെക്കൂട്ടിയതില്‍ അത്ഭുതമില്ല.18 അബ്‌റഹത്തിന്റെ സൈന്യം മക്കന്‍ മേഖലയില്‍ വലിയ നാശനഷ്ടങ്ങള്‍ വരുത്തിവെച്ചു. കന്നുകാലികളെ അവര്‍ പിടികൂടി. മക്കക്കാര്‍ മലമുകളില്‍ അഭയം തേടി. മക്കക്കാരുടെ പ്രതിനിധിയായി അബ്‌റഹത്തിനെ കാണാന്‍ ചെന്നത് മുഹമ്മദ് നബിയുടെ പിതാമഹന്‍ അബ്ദുല്‍ മുത്ത്വലിബാണ്. നല്ല ഉയരമുള്ള, മുടി വെള്ളിപോലെ വെളുത്ത ഈ വയോധികനെ അബ്‌റഹത്തിന് ഇഷ്ടമായി. അദ്ദേഹത്തെ മാന്യമായി സ്വീകരിച്ചിരുത്തുകയും ചെയ്തു. വന്നത് എന്തിനാണെന്ന് അബ്‌റഹത്ത് ചോദിച്ചു. തന്റെ ഒട്ടകങ്ങളെ സൈനികര്‍ പിടിച്ചുവെച്ചിട്ടുണ്ടെന്നും അവയെ വിട്ടുതരണമെന്നും അബ്ദുല്‍ മുത്ത്വലിബ് അഭ്യര്‍ഥിച്ചു. ആശ്ചര്യത്തോടെ തന്നെ നോക്കിനിന്ന അബ്‌റഹത്തിനോട് അദ്ദേഹം ഇത്ര കൂടി പറഞ്ഞു: 'ഈ ഒട്ടകങ്ങള്‍ എന്റേതാണ്; അവയെ എനിക്ക് തിരിച്ചുചോദിക്കാം. ദൈവഭവനത്തിന്റെ കാര്യം ചോദിക്കാന്‍ അതിന്റെ ഉടമസ്ഥനുണ്ടല്ലോ.' അപ്പോഴും അബ്‌റഹത്തിന് ആശ്ചര്യം വിട്ടുമാറിയിരുന്നില്ല. എങ്കിലും അയാള്‍ അബ്ദുല്‍ മുത്ത്വലിബിന് ഒട്ടകങ്ങളെ വിട്ടുകൊടുത്തു. എന്നിട്ട് തന്റെ ഭീമാകാരനായ ആന -അന്നത്തെ ബുള്‍ഡോസര്‍-ക്ക് കഅ്ബ ഇടിച്ചു തകര്‍ക്കാന്‍ ഉത്തരവ് കൊടുത്തു. പക്ഷേ, ആന ഒരിഞ്ചും അനങ്ങാതെ ഒരേ നില്‍പ്പ്. അതിനെ അടിച്ചും ഇടിച്ചും നോക്കിയിട്ടും ഒരു പ്രയോജനവുമില്ല. ബാക്കി കഥ ഖുര്‍ആന്‍ (അധ്യായം 105) പൂരിപ്പിക്കട്ടെ:
''ആനക്കാരെ നിന്റെ നാഥന്‍ ചെയ്തതെങ്ങനെയെന്ന് നീ കണ്ടില്ലേ? അവരുടെ കുതന്ത്രം അവന്‍ പാഴാക്കിയില്ലേ? അവരുടെ നേരെ അവന്‍ പക്ഷിക്കൂട്ടങ്ങളെ അയച്ചു. ചുട്ടെടുത്ത കല്ലുകള്‍ കൊണ്ട് ആ പറവകള്‍ അവരെ എറിഞ്ഞുകൊണ്ടിരുന്നു. അങ്ങനെ അല്ലാഹു അവരെ ചവച്ചരച്ച കച്ചിത്തുരുമ്പ് പോലെയാക്കി'' (105: 1-5).
പറവകളുടെ ആക്രമണത്തെ പലരും ഒരു പുരാവൃത്തമായി തള്ളിക്കളയാന്‍ സാധ്യതയുണ്ട്. പക്ഷേ ഒരു കാര്യം ഓര്‍ക്കണം. സംഭവം കഴിഞ്ഞ് 40-50 വര്‍ഷത്തിനുള്ളിലാണ് ഈ അധ്യായം അവതരിക്കുന്നത്. പ്രവാചകന്റെ ശത്രുനിരയില്‍ ഈ സംഭവത്തിന് ദൃക്‌സാക്ഷികളായവര്‍ വരെ ഉണ്ടാകുമെന്ന് ഉറപ്പാണല്ലോ. ഇത് വെറുമൊരു കെട്ടുകഥയാണെങ്കില്‍ ആ പ്രതിയോഗികള്‍ ഇതിന്റെ പേരില്‍ പ്രവാചകനെ പരിഹാസം കൊണ്ട് മൂടുമായിരുന്നല്ലോ (ഇസ്‌ലാമിന്റെ ശത്രുക്കള്‍ ഖുര്‍ആനിലെ പല സൂക്തങ്ങളെക്കുറിച്ചും വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നുവെങ്കിലും ഈ പറവകളെക്കുറിച്ച് ഒരാളും ഒരു വിമര്‍ശനവും ഉയര്‍ത്തിയിട്ടില്ല എന്ന് അറബ് ചരിത്രകാരന്മാര്‍ സാക്ഷ്യപ്പെടുത്തുന്നു).
ത്വബരി19 പറയുന്നത്, ആ വര്‍ഷം ചരിത്രത്തിലാദ്യമായി മക്കയില്‍ വസൂരി പോലുള്ള മാരക പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിച്ചു എന്നാണ്. അബ്‌റഹത്തിന്റെ ചത്തൊടുങ്ങിയ സൈനികരുടെ മൃതദേഹങ്ങള്‍ ചീഞ്ഞളിഞ്ഞായിരിക്കുമോ ഈ പകര്‍ച്ചവ്യാധികള്‍ പടര്‍ന്നത്? എന്തായാലും കഅ്ബ അത്ഭുതകരമായി സംരക്ഷിക്കപ്പെട്ടു. യമനിലേക്ക് തിരിച്ചുപോയ അബ്‌റഹത്ത് വൈകാതെ മരണത്തിന് കീഴടങ്ങി. അബ്‌റഹത്തും കൂട്ടരും പിന്തിരിഞ്ഞോടിയപ്പോള്‍, അസുഖബാധിതരായ കുറേ സൈനികരെങ്കിലും മക്കയില്‍ തങ്ങിയിട്ടുണ്ടാവണം. അങ്ങനെയായിരിക്കുമോ മക്കയില്‍ ഇസ്‌ലാമിനു മുമ്പ് കറുത്ത വര്‍ഗക്കാരായ അടിമകള്‍ ഉണ്ടായത്?
യമന്റെ സൈനിക ബലം പറ്റേ ദുര്‍ബലമായിക്കഴിഞ്ഞതിനാല്‍, പേര്‍ഷ്യന്‍ സൈന്യം വളരെ എളുപ്പത്തില്‍ യമന്‍ കീഴടക്കി. അബ്‌സീനിയക്കാരെ പുറത്താക്കാന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ചില യമനികള്‍ പേര്‍ഷ്യന്‍ ഭരണാധികാരികളെ (ഇവീൃെലല)െ പോയി കാണുകയാണുണ്ടായത്. വിഹ്‌രീസിന്റെ (ണശവൃശ്വ) നേതൃത്വത്തില്‍ ഒരു പേര്‍ഷ്യന്‍ സൈന്യം യമനിലെത്തി. അറബ് ചരിത്രകൃതികളില്‍ പറയുന്നത്, ഈ സൈന്യം പടയോട്ടത്തില്‍ സഹകരിക്കാമെന്ന വ്യവസ്ഥയില്‍ യമനില്‍ ജയിലുകളില്‍ കഴിയുന്ന ക്രിമിനലുകളെ തുറന്നുവിട്ടു എന്നാണ്. ഇവരുടെ കൂടി സഹായത്തോടെ പേര്‍ഷ്യക്കാര്‍ ഏറെ ബുദ്ധിമുട്ടാതെ അബ്‌സീനിയക്കാരെ യമനില്‍നിന്ന് തുരത്തി. ഈ വിജയത്തില്‍ മുഖ്യപങ്ക് വഹിച്ച യമനി പ്രമുഖന്‍ സൈഫുബ്‌നു ദീയസന്‍ എന്നയാളെ അഭിനന്ദിക്കാനായി മക്കക്കാര്‍ അബ്ദുല്‍ മുത്ത്വലിബിന്റെ നേതൃത്വത്തില്‍ ഒരു സംഘത്തെ അയച്ചിരുന്നു20 എന്നും ഇവിടെ ഓര്‍ക്കാം (പേര്‍ഷ്യക്കാരും പിന്നീട് യമനികളെ അടിച്ചമര്‍ത്തുകയും അവരോട് അടിമകളെപ്പോലെ പെരുമാറുകയുമാണുണ്ടായത്. പ്രവാചകന്റെ കാലത്ത് യമനില്‍ ഇസ്‌ലാം പ്രചരിക്കുകയും വൈകാതെ ആ ഭൂപ്രദേശം മോചിപ്പിക്കപ്പെടുകയുമായിരുന്നു).
(തുടരും)
കുറിപ്പുകള്‍
1. ത്വബരി I, 925
2. ത്വബരി I, 926
3. ഖുര്‍ആന്‍ 85: 4-7
4. Desvergers - Arabie, പേ: 82,83
5. ഇബ്‌നു കസീര്‍- തഫ്‌സീര്‍ IV, 495, അബുല്‍ ജലാല്‍ നദ്‌വി- മആരിഫ് മാസികയില്‍ (495) വന്ന ലേഖനം, 1951
6. ഇബ്‌നു ഹിശാം, 26-7, സുഹൈലി- I, 35
7. Expedition en Arabie Centrale എന്ന ഫ്രഞ്ച് ഗ്രന്ഥത്തില്‍ Lippens പറയുന്നത് കൗകബ്, ഹിമ എന്നിവിടങ്ങളില്‍ താന്‍ ദുന്നുവാസിന്റെ രണ്ട് ലിഖിതങ്ങള്‍ കണ്ടെത്തി എന്നാണ്. തീയതി കുറിച്ചിരിക്കുന്നത് 518. അബ്‌സീനിയക്കാര്‍ക്കെതിരെ നടത്തിയ വിജയകരമായ പടയോട്ടത്തില്‍ 13000 പേരെ വധിച്ചുവെന്നും 9500 പേരെ തടവുകാരാക്കിയെന്നും 28000 കാലികളെ ലഭിച്ചുവെന്നും അതില്‍ പറയുന്നുണ്ട്.
8. ഇബ്‌നു ഹിശാം, പേ: 28-29
9. ഉല്െലൃഴലൃ െ അൃമയശല, ു: 71
10. സുഹൈലി I, 40
11. Lippens പേ: 109
12. Edward Glasser - Zwel Inschiften uber den dam bruch von Marib (1987)
13. മഖ്‌രീസി തന്റെ ഖബറുല്‍ ബശറില്‍ കൂടുതല്‍ വിവരങ്ങള്‍ നല്‍കുന്നുണ്ട്.
14. ലിപ്പന്‍സ്, പേ: 76
15. ഇബ്‌നു കസീര്‍, തഫ്‌സീര്‍ IV, 549-552
16. ഇബ്‌നു ഹിശാം, പേ: 29-30
17. ലിപ്പന്‍സ്, പേ; 79, യമനില്‍നിന്ന് ഹിജാസിലേക്കുള്ള ഒരു വഴിക്ക് ഗ്രാമീണ അറബികള്‍ ഇപ്പോഴും ആനവഴി (ദര്‍ബുല്‍ ഫീല്‍) എന്നാണ് പറയുന്നത്. അവിടെയുള്ള ചില കിണറുകളെ 'ആനക്കിണറുകള്‍' എന്നും.
18. ഇബ്‌നു ഹിശാമിന്റെ (പേ: 32,33) വിവരണത്തില്‍ അബ്‌റഹത്ത് പരാജയപ്പെടുത്തിയ ഈ ഖത്അം മുഖ്യന്‍ തന്റെ ജീവന്‍ രക്ഷിക്കാനാണ് വഴികാട്ടിയായി നിന്നുകൊടുത്തത് എന്നു പറയുന്നുണ്ട്. ചില ത്വാഇഫുകാരും ഇങ്ങനെ ചെയ്തിട്ടുണ്ട്; അവരുടെ ലാത്ത വിഗ്രഹത്തെ സംരക്ഷിക്കാന്‍. അബ്‌റഹത്തിന്റെ സൈന്യത്തില്‍ 60,000 പേര്‍ ഉണ്ടായിരുന്നുവെന്ന് ഇബ്‌നു ഹിശാം.
19. ത്വബരി I, 945
20. ഇബ്‌നു ഹബീബ് - മുനമ്മഖ് പേ: 538-547
Comments