Prabodhanm Weekly

Pages

Search

2017 ഡിസംബര്‍ 29

3032

1439 റബീഉല്‍ ആഖിര്‍ 10

ഇസ്രയേല്‍ ഒടുവിലത്തെ കൊളോണിയല്‍ കാവല്‍പ്പുര (അഭിമുഖം)

ഡോ. ദാവൂദ് അബ്ദുല്ല/ അശ്‌റഫ് കീഴുപറമ്പ്‌

ഫലസ്ത്വീന്‍ പ്രശ്‌നത്തെ സത്യസന്ധമായും നിഷ്പക്ഷമായും വിലയിരുത്തുക എന്ന മുഖ്യ ലക്ഷ്യത്തോടെ 2009-ല്‍ സ്ഥാപിതമായ മിഡിലീസ്റ്റ് മോണിറ്റര്‍ (MEMO) എന്ന മാധ്യമ സ്ഥാപനത്തിന്റെ ഡയറക്ടറാണ് ഇപ്പോള്‍ ബ്രിട്ടനില്‍ താമസിക്കുന്ന ഡോ. ദാവൂദ് അബ്ദുല്ല. ബ്രിട്ടനിലെ വിവിധ മുസ്‌ലിം കൂട്ടായ്മകളുടെ പൊതുവേദിയായ മുസ്‌ലിം കൗണ്‍സില്‍ ഓഫ് ബ്രിട്ടന്റെ (MCB) ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്, 2006 മുതല്‍  2009 വരെ. കരീബിയന്‍ ദ്വീപുകളിലൊന്നായ ഗ്രേനഡയിലെ സെന്റ് ജോര്‍ജ്‌സില്‍ 1955-ലായിരുന്നു ജനനം. യുവാവായിരിക്കെ ഇസ്‌ലാം ആശ്ലേഷിച്ച അദ്ദേഹം 1981-ല്‍ ഗുയാന യൂനിവേഴ്‌സിറ്റിയില്‍നിന്ന് ബിരുദം നേടിയ ശേഷം അറബി ഭാഷാ പഠനത്തിനായി സുഊദി അറേബ്യയിലെ കിംഗ് സുഊദ് യൂനിവേഴ്‌സിറ്റിയിലെത്തി. 1989-ല്‍ സുഡാനിലെ ഖാര്‍തൂം യൂനിവേഴ്‌സിറ്റിയില്‍നിന്ന് ഡോക്ടറേറ്റ്. രണ്ടു വര്‍ഷം ജിദ്ദയിലെ ഇന്റര്‍നാഷ്‌നല്‍ സ്‌കൂളില്‍ അധ്യാപകന്‍. ഏതാനും വര്‍ഷങ്ങള്‍ നൈജീരിയയിലെ മൈദൂഗുരി യൂനിവേഴ്‌സിറ്റിയിലും അധ്യാപകനായി ജോലി നോക്കി.

1990-കളുടെ മധ്യത്തിലാണ് കുടുംബസമേതം ബ്രിട്ടനിലെത്തിയത്. 1996 മുതല്‍ ലണ്ടന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഫലസ്ത്വീനിയന്‍ റിട്ടേണ്‍ സെന്ററില്‍ ഗവേഷകനാണ്. ഇംപാക്ട് ഇന്റര്‍നാഷ്‌നല്‍, പലസ്റ്റൈന്‍ ടൈംസ് തുടങ്ങിയ പത്രങ്ങളില്‍ നിരന്തരം എഴുതാറുണ്ടായിരുന്നു.  Israeli Law of Return & its Impact on the Struggle in Palastine എന്ന ആനുകാലികത്തിന്റെ എഡിറ്ററായും പ്രവര്‍ത്തിച്ചു. Journal of Palastinian Refugees Studies എന്ന പേരിലാണ് ഇറങ്ങുന്നത്.

ഫലസ്ത്വീനിയല്ലാത്ത ദാവൂദ് അബ്ദുല്ല തന്റെ സമയത്തിന്റെ വലിയൊരു ഭാഗം ചെലവഴിക്കുന്നത് ഫലസ്ത്വീനികള്‍ക്ക് അവരുടെ മൗലികാവകാശങ്ങളും ജന്മഭൂമിയും തിരിച്ചുകിട്ടുന്നതിനു വേണ്ടിയുള്ള യത്‌നങ്ങളിലാണ്. അദ്ദേഹത്തിന്റെ പ്രധാന രചനകളൊക്കെയും þ A History of Palastinian Resistance, Islamic Political Radicalism: A European Perspective, American Foreign Policy & the Muslim World -  ഫലസ്ത്വീന്‍ പ്രശ്‌നവുമായി പല നിലകളില്‍ ബന്ധപ്പെട്ടു നില്‍ക്കുന്നു. The Universal Theology of Liberation: Views from the Muslim History എന്ന കൃതിയുടെ സഹകര്‍ത്താവ് കൂടിയാണ്. ഈയിടെ ഇന്ത്യ സന്ദര്‍ശിക്കാനെത്തിയ അദ്ദേഹവുമായി നടത്തിയ അഭിമുഖം).

 

മറ്റൊരു മതപശ്ചാത്തലത്തില്‍നിന്ന് വരുന്ന താങ്കള്‍ ഇസ്‌ലാം ആശ്ലേഷിക്കുകയായിരുന്നു. എന്താണ് അതിന് നിമിത്തമായത്?

കരീബിയയിലെ ചെറിയൊരു ദ്വീപായ ഗ്രേനഡയിലാണ് ഞാന്‍ ജനിച്ചത്. ആയിരത്തി തൊള്ളായിരത്തി അറുപതുകളും എഴുപതുകളും ആഫ്രിക്കന്‍ കരീബിയക്കാരില്‍ സ്വത്വാന്വേഷണം നടക്കുന്ന കാലമായിരുന്നു. ഞങ്ങളുടെ പൂര്‍വ പിതാക്കള്‍ കരീബിയയിലെത്തിയത് ആഫ്രിക്കയില്‍നിന്നാണെന്ന് ഞങ്ങള്‍ കണ്ടെത്തി. അവരിലധികവും മുസ്‌ലിംകളായിരുന്നു. അങ്ങനെയാണ് ഞങ്ങള്‍ ഞങ്ങളുടെ പൂര്‍വ പിതാക്കളായ മുസ്‌ലിംകളുടെ മതമായ ഇസ്‌ലാമിനെക്കുറിച്ച് പഠിക്കാനാരംഭിക്കുന്നത്. ഈ അന്വേഷണവും പഠനവും ഞങ്ങളില്‍ പലരെയും ഇസ്‌ലാമിലെത്തിച്ചു.

അക്കാലത്ത് ഞങ്ങള്‍ വായിച്ച പല പുസ്തകങ്ങളും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍നിന്നുള്ള ചിന്തകന്മാരും പണ്ഡിതന്മാരും എഴുതിയവയായിരുന്നു. അവയില്‍ ഏറ്റവും ശ്രദ്ധേയമായ ഒന്ന് മൗലാനാ അബുല്‍ അഅ്‌ലാ മൗദൂദിയുടെ Towards Understanding Islam എന്ന കൃതിയാണ്. ഇസ്‌ലാമിക ചരിത്രത്തെ കൃത്യമായി വിലയിരുത്തുന്ന മൗലാനാ അബുല്‍ ഹസന്‍ അലി നദ്‌വിയെപ്പോലുള്ളവരുടെ കൃതികളും ഞങ്ങള്‍ വായിച്ചു. ഈജിപ്തില്‍ രചിക്കപ്പെട്ട ചില അറബി കൃതികളും അക്കാലത്ത് ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിരുന്നു.

 

അറബിഭാഷാ പഠനത്തിനു വേണ്ടി സുഊദി അറേബ്യയിലെത്തിയ താങ്കള്‍ ഉന്നത പഠനത്തിനായി പിന്നെ പോകുന്നത് ഖാര്‍തൂമിലേക്കാണ്. ഡോക്ടറേറ്റ് ലഭിച്ചതും അവിടെ നിന്നാണ്. ഏത് വിഷയത്തിലായിരുന്നു ഗവേഷണം?

'നീല നൈല്‍ താഴ്‌വരയിലെ ബഹുസ്വരത' എന്നതായിരുന്നു എന്റെ ഗവേഷണ വിഷയം. രണ്ട് നൈല്‍ നദികളുണ്ടല്ലോ. നീല നൈലും വെള്ള നൈലും. വെള്ള നൈല്‍ വരുന്നത് ഉഗാണ്ടയില്‍നിന്നാണ്, ബ്ലൂ നൈല്‍ എത്യോപ്യയില്‍നിന്നും. ഇവ രണ്ടും സംഗമിക്കുന്നത് ഖാര്‍തൂമില്‍ വെച്ചാണ്. പിന്നെയാണത് ഒറ്റ നൈലായി ഈജിപ്തിലേക്ക് ഒഴുകുന്നത്. സുഡാനിലെ നീല നൈല്‍ തീരത്തെ ജനവിഭാഗങ്ങളെ കൊളോണിയല്‍ ഭരണം എങ്ങനെ സ്വാധീനിച്ചു എന്ന് ഞാനതില്‍ വ്യക്തമാക്കാന്‍ ശ്രമിക്കുന്നുണ്ട്. കിഴക്കന്‍ സുഡാനില്‍ ബ്രിട്ടീഷ് കൊളോണിയലിസമായിരുന്നു. എത്യോപ്യയില്‍ ഇറ്റാലിയന്‍ കൊളോണിയലിസവും. എണ്ണസമ്പന്നമായ തെക്കന്‍ സുഡാന്‍ കൈവശപ്പെടുത്താനുള്ള നീക്കങ്ങളും സജീവമായിരുന്നു. ഈ സംഘര്‍ഷങ്ങള്‍ ജനവിഭാഗങ്ങളിലേക്കും പടര്‍ന്നു. അവ ഇന്നും തുടരുകയാണല്ലോ. ഈ ജനവിഭാഗങ്ങളുടെ ചരിത്രവും വര്‍ത്തമാനവും വെച്ചുള്ള ഒരു പഠനമാണിത്.

 

യു.കെയില്‍ എത്തിയ ശേഷം താങ്കള്‍ എഴുതിയ ലേഖനങ്ങളില്‍ ബഹുഭൂരിഭാഗവും ഫലസ്ത്വീനുമായി ബന്ധപ്പെട്ടതാണ്. ഫലസ്ത്വീനിയല്ലാത്ത താങ്കള്‍ ഈ പ്രശ്‌നത്തില്‍ ഇത്രയേറെ താല്‍പര്യമെടുക്കാന്‍ കാരണമെന്താണ്?

ബ്രിട്ടനില്‍ എത്തിയ ശേഷം ഫലസ്ത്വീന്‍ റിസര്‍ച്ച് സെന്ററുമായി ബന്ധപ്പെടാന്‍ എനിക്ക് അവസരമുണ്ടായി. അതിനു മുമ്പ് പശ്ചിമേഷ്യയുടെ പല ഭാഗങ്ങളില്‍ പഠിക്കുകയും ജോലി നോക്കുകയും ചെയ്തതുകൊണ്ട് ഫലസ്ത്വീന്‍ പ്രശ്‌നം എപ്പോഴും എന്റെ സജീവ ശ്രദ്ധയില്‍ ഉണ്ടായിരുന്നു. നമ്മെ രൂപപ്പെടുത്തുന്നത് നാം ജീവിക്കുന്ന ചുറ്റുപാടുകള്‍ കൂടിയാണല്ലോ. ബ്രിട്ടനില്‍ എത്തിയപ്പോള്‍ അവിടത്തെ ഫലസ്ത്വീന്‍ റിസര്‍ച്ച് സെന്ററിന് ആ വിഷയത്തില്‍ ഗവേഷണം നടത്തുന്ന ഒരാളെ ആവശ്യമുണ്ടെന്ന് മനസ്സിലായി. അങ്ങനെയാണ് അവരുമായി ബന്ധപ്പെടുന്നത്. ആ ഗവേഷണ പഠനങ്ങള്‍ ഇപ്പോഴും തുടരുന്നു.

 

താങ്കള്‍ താങ്കളുടെ ലേഖനങ്ങളിലും പ്രഭാഷണങ്ങളിലും ഊന്നിപ്പറയുന്ന ഒരു കാര്യം, ഇസ്രയേല്‍ ഒരു കൊളോണിയല്‍ പ്രോജക്ടാണ് എന്നതാണ്. അതൊന്ന് വിശദീകരിക്കാമോ?

നൂറ്റാണ്ടുകളോളം യൂറോപ്പിലെ പീഡിത സമുദായമായിരുന്നു ജൂതന്മാര്‍. ജൂത സാംസ്‌കാരിക സ്വത്വം നിലനിര്‍ത്തി മുന്നോട്ടുപോവുക എന്നതായിരുന്നു അവരില്‍ ഒരു വിഭാഗത്തിന്റെ നിലപാട്. മറ്റൊരു വിഭാഗം തങ്ങള്‍ക്ക് സ്വന്തമായ ഭൂമി വേണമെന്ന ഒരു വാദഗതി ഉയര്‍ത്തിക്കൊണ്ടു വന്നു. അവരില്‍ പ്രമുഖനായിരുന്നു തിയോഡര്‍ ഹെര്‍സല്‍. അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് ഒന്നാമത്തെ സയണിസ്റ്റ് കോണ്‍ഗ്രസ് 1897-ല്‍ സ്വിറ്റ്‌സര്‍ലന്റിലെ ബാസലില്‍ ചേരുന്നത്. സമ്മേളനം നടക്കുന്നതിന് ഒരു വര്‍ഷം മുമ്പ് ഹെര്‍സല്‍ The Jewish എന്ന പുസ്തകം പ്രസിദ്ധീകരിച്ചിരുന്നു. ആ സമ്മേളനത്തിലെ പ്രമേയത്തില്‍ വ്യക്തമായും പറയുന്നുണ്ട്, കോളനിവത്കരിക്കപ്പെട്ട ഒരു ഫലസ്ത്വീനാണ് തങ്ങള്‍ക്ക് വേണ്ടതെന്ന്. ഇത്തരം രേഖകളെല്ലാം ഡോ. സഫറുല്‍ ഇസ്‌ലാം ഖാന്‍ സമാഹരിച്ചിട്ടുണ്ട്- ജമഹലേെശില ഉീരൗാലിെേ എന്ന പേരില്‍. പ്രമേയത്തിന്റെ പൂര്‍ണ രൂപം ആ പുസ്തകത്തില്‍ വായിക്കാം. ഈ രേഖകളെല്ലാം മുമ്പില്‍ വെച്ചാണ് ഇസ്രയേല്‍ എന്നത് ഒരു കൊളോണിയല്‍ പ്രോജക്ടായിരുന്നു എന്ന് നാം പറയുന്നത്.

കോളനിവത്കരിക്കുക എന്നത് അവര്‍ മാത്രം വിചാരിച്ചാല്‍ നടക്കുന്ന കാര്യമായിരുന്നില്ല. അവര്‍ എണ്ണത്തില്‍ വളരെ കുറവാണ്. അതിനാല്‍ അവര്‍ക്ക് ഈ പ്രോജക്ട് നടത്തിക്കിട്ടാന്‍ ഒരു സ്‌പോണ്‍സറുടെ സഹായം കൂടിയേ തീരൂ. ആദ്യം അവര്‍ സമീപിച്ചത് ജര്‍മനിയെയാണ്. ജര്‍മന്‍ ചാന്‍സ്‌ലര്‍ പറ്റില്ലെന്ന് പറഞ്ഞു. പിന്നെ സമീപിച്ചത് ഉസ്മാനി ഖലീഫയായ സുല്‍ത്താന്‍ അബ്ദുല്‍ ഹമീദിനെയാണ്. അദ്ദേഹവും പറ്റില്ലെന്ന് പറഞ്ഞു. ഹെര്‍സലിനോട് സുല്‍ത്താന്‍ പറഞ്ഞ ആ വാക്കുകള്‍ പ്രശസ്തമാണല്ലോ; 'നിങ്ങളൊരു കത്തിയെടുത്ത് എന്റെ നെഞ്ചില്‍ കുത്തിയിറക്കി തിരിച്ചുകൊണ്ടിരുന്നാലും ഞാനതിന് സമ്മതിക്കില്ല. ജറൂസലം എന്റേതല്ല; അത് മുഴുവന്‍ മുസ്‌ലിം സമൂഹത്തിന്റേതുമാണ്.' പിന്നെയാണ് അവര്‍ ബ്രിട്ടനെ സമീപിക്കുന്നത്. പ്രോജക്ട് സ്‌പോണ്‍സര്‍ ചെയ്യാന്‍ ബ്രിട്ടന്‍ തയാറായി. അത് സയണിസ്റ്റുകളോടുള്ള സ്‌നേഹം കൊണ്ടായിരുന്നില്ല. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന് അതിന്റേതായ രാഷ്ട്രീയ താല്‍പര്യങ്ങള്‍ ഉണ്ടായിരുന്നു. അന്ന് ബ്രിട്ടീഷ് കോളനിയായിരുന്ന ഇന്ത്യയെ അവര്‍ക്ക് സംരക്ഷിക്കേണ്ടതുണ്ടായിരുന്നു. അക്കാലത്ത് യൂറോപ്പില്‍നിന്ന് ഇന്ത്യയിലേക്ക് വരുന്നത് മെഡിറ്ററേനിയന്‍ വഴിയാണ്. മെഡിറ്ററേനിയനില്‍ അവര്‍ക്കൊരു തുറമുഖം സ്വന്തമായി ലഭിക്കുകയാണെങ്കില്‍, അവിടെ വെച്ച് കപ്പലുകളില്‍ വീണ്ടും ഇന്ധനം നിറച്ച് സുരക്ഷിതമായി അവക്ക് ഇന്ത്യയില്‍ എത്തിച്ചേരാം. സയണിസ്റ്റ് പ്രോജക്ടില്‍ ബ്രിട്ടന് താല്‍പര്യമുണ്ടാകാനുള്ള ഒരു പ്രധാന കാരണം ഇതാണ്. മറ്റൊരു കൊളോണിയല്‍ ശക്തിയായ ഫ്രാന്‍സിനും ഫലസ്ത്വീനില്‍ ഒരു കണ്ണുണ്ടായിരുന്നു. പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ ഫലസ്ത്വീനെ കോളനിയാക്കാന്‍ അവര്‍ ശ്രമം നടത്തുകയും ചെയ്തിരുന്നു. ഇരു സാമ്രാജ്യത്വ ശക്തികളുടെയും പോര്‍മുഖം കൂടിയായിരുന്നു ഫലസ്ത്വീന്‍ എന്നര്‍ഥം.

 

അന്താരാഷ്ട്ര മീഡിയ തെറ്റായ വിവരങ്ങളും ധാരണകളുമാണ് ഫലസ്ത്വീന്‍ പ്രശ്‌നത്തെക്കുറിച്ച് പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഇതിനെ എങ്ങനെയാണ് ഫലപ്രദമായി നേരിടാന്‍ സാധിക്കുക?

അന്താരാഷ്ട്ര മീഡിയ ഫലസ്ത്വീന്‍ പ്രശ്‌നം കൈകാര്യം ചെയ്യുന്നത് പലപ്പോഴും വസ്തുതകളെ തലകീഴായി പിടിച്ചുകൊണ്ടാണ്. ഇതെല്ലാം മനപ്പൂര്‍വമാണെന്ന് പറയാന്‍ കഴിയില്ല. ഫലസ്ത്വീന്‍ പ്രശ്‌നത്തെ മാധ്യമ പ്രവര്‍ത്തകരില്‍ പലരും അങ്ങനെയാണ് മനസ്സിലാക്കി വെച്ചിരിക്കുന്നത്. അതിനാല്‍ മീഡിയയിലെ ഫലസ്ത്വീന്‍ അവതരണത്തില്‍ യാതൊരു പത്രപ്രവര്‍ത്തക ധര്‍മവും പാലിക്കപ്പെടുന്നില്ല എന്നു കാണാം. ഞാനൊരു  ഉദാഹരണം പറയാം. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗ്ലാസ്‌ഗോ യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥികള്‍ക്കിടയില്‍ ഫലസ്ത്വീന്‍ പ്രശ്‌നത്തെ അവര്‍ എങ്ങനെ നോക്കിക്കാണുന്നു എന്ന വിഷയത്തില്‍ ഒരു പഠനം നടക്കുകയുണ്ടായി. മിക്ക വിദ്യാര്‍ഥികളും കരുതുന്നത്, ഫലസ്ത്വീനികളാണ് അവിടെ അധിനിവേശം നടത്തിയത് എന്നാണ്. ജൂതന്മാരാകട്ടെ അധിനിവേശത്തിന് ഇരയായ ജനവിഭാഗവും! തെറ്റായ വിവരങ്ങളുടെ അതിപ്രസരം കാരണം സംഭവിച്ചതാണിത്. ഇതിന് മറ്റൊരു കാരണം, എഡിറ്റര്‍മാരും പത്രപ്രവര്‍ത്തകരും അന്നന്നത്തെ സംഭവങ്ങള്‍ വെച്ച് മാത്രം റിപ്പോര്‍ട്ടുകള്‍ തയാറാക്കുന്നു എന്നതാണ്. ഫലസ്ത്വീനില്‍ സംഘര്‍ഷമുണ്ടാകുന്നുണ്ടെങ്കില്‍ അതിനൊരു ചരിത്ര പശ്ചാത്തലമുണ്ട്. ആ പശ്ചാത്തലം കാണാതെയുള്ള റിപ്പോര്‍ട്ടിംഗ് വായനക്കാരെ തെറ്റായ നിഗമനങ്ങളില്‍ കൊണ്ടെത്തിക്കും.

ഈയൊരു പശ്ചാത്തലത്തിലാണ് ഞങ്ങള്‍ ഫലസ്ത്വീന്‍ മീഡിയ ഫോറം രൂപവത്കരിക്കാന്‍ മുന്‍കൈയെടുത്തത്. ചര്‍ച്ചകളെ അവയുടെ യഥാര്‍ഥ വഴിയിലൂടെ മുന്നോട്ടു കൊണ്ടുപോകാന്‍ ആവശ്യമായ വിവരങ്ങള്‍ നല്‍കുക എന്നതാണ് ഈ അക്കാദമിക വേദിയുടെ ലക്ഷ്യം. യഥാര്‍ഥത്തില്‍ എന്ത് നടക്കുന്നു എന്ന് പത്രപ്രവര്‍ത്തകര്‍ നേരില്‍ കണ്ട് മനസ്സിലാക്കുന്നതിനു വേണ്ടി അവരെ ഫലസ്ത്വീനിലെ സംഘര്‍ഷഭൂമിയിലേക്ക് കൊണ്ടുപോവുക എന്ന രീതിയും സ്വീകരിച്ചുവരുന്നുണ്ട്. ഹെബ്രോണിലും ഖലീലിലും ഗസ്സയിലും ഖുദ്‌സിലുമൊക്കെ എന്ത് നടക്കുന്നുവെന്ന് അവര്‍ അങ്ങനെ നേരിട്ടറിയുന്നു.

ബ്രിട്ടനില്‍നിന്നും മറ്റുമുള്ള പത്രപ്രവര്‍ത്തകര്‍ക്ക്  ഫലസ്ത്വീന്‍ സന്ദര്‍ശിക്കാനുള്ള അവസരമൊരുക്കിയിരുന്നു ഞങ്ങള്‍. അവര്‍ അവിടെ അറാകീബ് എന്നൊരു ഗ്രാമം കണ്ടു. ഇരുപത്തഞ്ചോളം തവണ സയണിസ്റ്റ് സൈന്യം ആ ഗ്രാമം തകര്‍ത്തു തരിപ്പണമാക്കി. ഓരോ തവണ തകര്‍ക്കുമ്പോഴും വര്‍ധിത വീര്യത്തോടെ ഗ്രാമീണര്‍ തകര്‍ത്ത കെട്ടിടങ്ങളും മറ്റും പുനര്‍നിര്‍മിക്കും. മനുഷ്യത്വം എങ്ങനെ ചവിട്ടിയരക്കപ്പെടുന്നുവെന്ന് പത്രപ്രവര്‍ത്തകര്‍ നേരില്‍ ചെന്ന് കാണുകയാണ്. അവര്‍ ജറൂസലമില്‍ എത്തുമ്പോള്‍ കാണുന്നത് എണ്‍പത് കഴിഞ്ഞ ഒരു വൃദ്ധയുടെ വീട് സയണിസ്റ്റ് അധിനിവേശകര്‍ കൈയേറിയിരിക്കുന്നതാണ്. ആ പാവം സ്ത്രീ തെരുവുകളില്‍ ജീവിതം തള്ളിനീക്കുന്നു. ഒരു ജനത നിത്യേന അനുഭവിക്കുന്ന ഈ ദുരിതങ്ങള്‍ നേരില്‍ കാണാനിടവരുന്ന പത്രപ്രവര്‍ത്തകരുടെ പഴയ ധാരണകളും അഭിപ്രായങ്ങളും മാറുമെന്നുറപ്പാണ്. അതുകൊണ്ട് ഞാന്‍ ഒരിക്കല്‍കൂടി ഊന്നിപ്പറയുന്നു, ഇക്കാലത്ത് യഥാര്‍ഥ വിവരങ്ങള്‍ നല്‍കുക എന്നത് വളരെ പ്രധാനമാണ്. സംഭവ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ അവസരമുണ്ടാക്കിക്കൊണ്ട് നമുക്ക് യഥാര്‍ഥ വിവരങ്ങള്‍ കൈമാറാന്‍ സാധിക്കും.

പത്രപ്രവര്‍ത്തകര്‍ക്ക് പരിശീലന ക്യാമ്പുകള്‍ സംഘടിപ്പിച്ചും അവര്‍ക്ക് യഥാര്‍ഥ വിവരങ്ങളും ധാരണകളും നല്‍കാന്‍ ഫലസ്ത്വീന്‍ മീഡിയ സെന്റര്‍ ശ്രമിക്കുന്നുണ്ട്. ഈയിടെ ഇസ്തംബൂളില്‍ വെച്ച് വിവിധ നാടുകളില്‍നിന്ന് എത്തിച്ചേര്‍ന്ന 150 ജേര്‍ണലിസം വിദ്യാര്‍ഥികള്‍ക്കു വേണ്ടി ഞങ്ങള്‍ ഡിജിറ്റല്‍ മീഡിയ പരിശീലന കോഴ്‌സ് സംഘടിപ്പിക്കുകയുണ്ടായി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഫലസ്ത്വീന്‍ പ്രശ്‌നത്തെക്കുറിച്ച് യഥാര്‍ഥ ധാരണകളും വിവരങ്ങളുമുള്ള പത്രപ്രവര്‍ത്തക ശൃംഖലയുടെ വ്യാപ്തി വര്‍ധിപ്പിക്കുകയാണ് ഇത്തരം പരിശീലന പരിപാടികള്‍ ലക്ഷ്യമിടുന്നത്. അടുത്ത വര്‍ഷം ഇതേ വിഷയത്തില്‍ ഒരു അന്താരാഷ്ട്ര സമ്മേളനം വിളിച്ചുചേര്‍ക്കാനും ഉദ്ദേശിക്കുന്നുണ്ട്.

 

ബഹുസ്വര സമൂഹത്തില്‍ ജീവിക്കാന്‍ കഴിയാത്തവരാണ് മുസ്‌ലിംകള്‍ എന്ന ആരോപണം ഇന്ന് ചില കോണുകളില്‍നിന്ന് നിരന്തരം ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. ഫലസ്ത്വീനിലും  മുസ്‌ലിംകളാണ് പ്രശ്‌നക്കാര്‍ എന്ന രീതിയിലാണ് അവരുടെ വ്യാഖ്യാനങ്ങള്‍. ജൂത സമൂഹവുമായി ഒത്തുജീവിക്കാന്‍ മുസ്‌ലിംകള്‍ തയാറാവാത്തതാണ് പ്രശ്‌നത്തിന്റെ യഥാര്‍ഥ കാരണം എന്നും വാദിക്കുന്നു. ഈ വാദത്തോട് എങ്ങനെ പ്രതികരിക്കുന്നു? മുസ്‌ലിംകള്‍ വളരെ ദുര്‍ബലരായിത്തീര്‍ന്ന ഈ ഘട്ടത്തില്‍ ഫലസ്ത്വീന്‍ പ്രശ്‌നത്തില്‍ ഒരു പരസ്പര ധാരണയിലെത്തുകയല്ലേ അഭികാമ്യം?

യാതൊരു അടിസ്ഥാനവുമില്ല ഈ വാദത്തിന്. ബഹുസ്വരതയോ വിവിധ ജനസമൂഹങ്ങള്‍ ഒത്തു ജീവിക്കലോ ഒന്നുമല്ല ഫലസ്ത്വീനിലെ പ്രശ്‌നം. ഫലസ്ത്വീനില്‍ വിവിധ മത സമൂഹങ്ങള്‍ നൂറ്റാണ്ടുകളോളം വളരെ സമാധാനത്തോടെ ഒരുമയില്‍ കഴിഞ്ഞിട്ടുണ്ടല്ലോ. അന്നൊന്നും മുസ്‌ലിംകള്‍ ഒരു ജനവിഭാഗത്തെയും മാറ്റിനിര്‍ത്തിയിട്ടില്ലെങ്കില്‍, ഇന്ന് മാത്രം എങ്ങനെയാണ് ഒത്തുജീവിതം അവര്‍ക്കൊരു പ്രശ്‌നമാവുക?

ഇസ്രയേല്‍ എന്നത് ഒരു കൊളോണിയല്‍ പ്രോജക്ടാണ്. അവര്‍ക്ക് ആ ഭൂമി മൊത്തം പിടിച്ചെടുക്കണമായിരുന്നു. 1917-ല്‍ ബാല്‍ഫര്‍ പ്രഖ്യാപനം നടക്കുമ്പോള്‍ ഫലസ്ത്വീനിലെ ജൂത  ജനസംഖ്യ ആറ് ശതമാനത്തിലും താഴെയായിരുന്നു എന്ന് മനസ്സിലാക്കണം. ഫലസ്ത്വീനില്‍ ജൂതന്മാര്‍ക്ക് ഒരു രാഷ്ട്രം എന്നതാണ് ബാല്‍ഫര്‍ പ്രഖ്യാപനത്തിന്റെ ഉള്ളടക്കം. അന്ന് ബ്രിട്ടീഷുകാരുടെ മാന്‍ഡേറ്റാണ് ഫലസ്ത്വീനില്‍. തദ്ദേശവാസികളായ ഫലസ്ത്വീനികളുടെ മുഴുവന്‍ അവകാശങ്ങളും കവര്‍ന്നെടുക്കപ്പെടുകയാണ് പിന്നീട്. അവരുടെ ഭൂമിയും തട്ടിയെടുക്കപ്പെട്ടു. ഇരു സമൂഹങ്ങള്‍ തമ്മില്‍ ഉടലെടുത്ത പ്രശ്‌നം തീര്‍ക്കുകയായിരുന്നില്ല കൊളോണിയലിസ്റ്റുകളുടെ ലക്ഷ്യം; ഭൂമിയുടെ മേല്‍ സമ്പൂര്‍ണ ആധിപത്യം സ്ഥാപിക്കലായിരുന്നു. നിങ്ങള്‍ ചരിത്രം പരിശോധിച്ചുനോക്കൂ. എല്ലാം വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. രാഷ്ട്രീയ സയണിസത്തിന്റെ പിതാവായ തിയോഡര്‍ ഹെര്‍സല്‍ മുതല്‍  ഇസ്രയേലിന്റെ ആദ്യ പ്രധാനമന്ത്രിയായ ഡേവിഡ് ബെന്‍ഗൂറിയന്‍ വരെയുള്ളവരുടെ ചരിത്രം നിങ്ങള്‍ പഠിച്ചു നോക്കണം. ഇരു വിഭാഗം ജനതയും ഫലസ്ത്വീനില്‍ ഒത്തൊരുമയോടെ ജീവിക്കേണ്ടവരാണെന്ന് അവരിലൊരാളും പറഞ്ഞിട്ടില്ല. രണ്ട് കൂട്ടര്‍ ജീവിക്കേണ്ട ഇടമല്ല ഇത് എന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഒന്നുകില്‍ ഞങ്ങള്‍, അല്ലെങ്കില്‍ അവര്‍. രണ്ട് കൂട്ടരും ഒന്നിച്ചുള്ള പൊറുതി സാധ്യമല്ല. ഇതൊക്കെയും ഫയലുകളില്‍ രേഖപ്പെട്ടു കിടക്കുന്നതാണ്. നോക്കൂ, 1948-ല്‍ നാലില്‍ മൂന്ന് ഭാഗം ഫലസ്ത്വീനികളും സ്വന്തം ജന്മനാട്ടില്‍നിന്ന് ആട്ടിയോടിക്കപ്പെടുകയുണ്ടായി.

ഇതൊന്നും യുദ്ധത്തിന്റെ ഫലമായി യാദൃഛികമായി സംഭവിച്ചതല്ല. എല്ലാം മുന്‍കൂട്ടി പ്ലാന്‍ ചെയ്തതാണ്. ഫലസ്ത്വീനികള്‍ക്ക് ഇതര ജനവിഭാഗങ്ങളുമായി സഹവര്‍ത്തിക്കാനറിയില്ല എന്ന് വാദിക്കുന്നവരോട് ഞാന്‍ പറയുന്നു, നിങ്ങള്‍ ചരിത്രം വായിക്കൂ. ബഹുസ്വര സമൂഹത്തില്‍ ജീവിക്കാനുള്ള അവസരം ഇല്ലാതാക്കിയതാരാണെന്ന് അപ്പോള്‍ നിങ്ങള്‍ക്ക് മനസ്സിലാകും. ആരാണ് ഫലസ്ത്വീനില്‍ ഭീകരതക്ക് തുടക്കമിട്ടത്? ചരിത്രം പഠിച്ചാല്‍ പിന്നെയൊരു സംശയവും നമുക്കുണ്ടാവില്ല.

മുസ്‌ലിംകള്‍ വളരെ ദുര്‍ബലരായിക്കഴിഞ്ഞെന്നും ഇനി പ്രതിയോഗികളുമായി ഒരു ധാരണയിലെത്തി കഴിഞ്ഞുകൂടുകയാണ് ഭേദമെന്നുമുള്ള വാദത്തോട് ഞാന്‍ യോജിക്കുന്നില്ല. ആത്യന്തിക വിജയം സത്യത്തോടൊപ്പമാണെന്ന് ഖുര്‍ആന്‍ വാഗ്ദാനം ചെയ്യുന്നുണ്ടല്ലോ. സത്യത്തിന്റെ വക്താക്കള്‍ ആ വിജയം എത്തിപ്പിടിക്കാന്‍ ശ്രമിക്കുകയാണ് വേണ്ടത്. സമര്‍പ്പണത്തിന് നാം തയാറാകണം. ലഭ്യമായ എല്ലാ മാധ്യമങ്ങളുപയോഗിച്ച് സത്യത്തിനു വേണ്ടി പോരാടണം. അതോടൊപ്പം, ഫലസ്ത്വീന്‍ പ്രശ്‌നത്തെ മുസ്‌ലിം പ്രശ്‌നമായി ചുരുക്കിക്കാണിക്കുകയും ചെയ്യരുത്. ജറൂസലമില്‍ എത്രയധികം ക്രിസ്ത്യാനികള്‍ താമസിക്കുന്നുണ്ട്. ക്രിസ്മസ് ആഘോഷിക്കാനായി അവര്‍ ഫലസ്ത്വീനിലെ ബത്‌ലഹേമിലേക്കാണ് പോവുന്നത്. അതിനാല്‍ ഇത്തരം ജനവിഭാഗങ്ങളുമായെല്ലാം സഖ്യങ്ങളും ധാരണകളുമുണ്ടാക്കണം, ഔദ്യോഗികമായിത്തന്നെ. എന്നിട്ട് അതിനെ ഒരു അന്താരാഷ്ട്ര പ്രശ്‌നമായി ഉയര്‍ത്തിക്കാട്ടാന്‍ കഴിയണം. ലോകത്തിലെ ഏറ്റവുമൊടുവിലത്തെ കൊളോണിയല്‍ കാവല്‍പുര(ഛൗ േജീേെ)യാണ് ഇസ്രയേല്‍. ആ നിലക്കുള്ള ബോധവത്കരണ, പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടക്കണം.

ഇന്നും കൊളോണിയല്‍ പ്രോജക്ട് അരങ്ങേറുന്ന ഏക ഭൂപ്രദേശം ഫലസ്ത്വീനാണ്. അതുകൊണ്ട് ഏഷ്യയിലെയും ആഫ്രിക്കയിലെയും ലാറ്റിനമേരിക്കയിലെയുമെല്ലാം ജനങ്ങളെയും ഭരണകൂടങ്ങളെയും ഒപ്പം നിര്‍ത്തി ഈ കൊളോണിയല്‍ പ്രോജക്ടിനെതിരെ വിശാലമായ യുദ്ധമുഖം തുറക്കാന്‍ കഴിയണം. സയണിസ്റ്റുകളുമായി ഒത്തുകളിക്കുന്ന കമ്പനികളെയും വ്യാപാര സ്ഥാപനങ്ങളെയും ബഹിഷ്‌കരിക്കണമെന്ന ആഹ്വാനത്തിന് അധിനിവിഷ്ട വെസ്റ്റ് ബേങ്കില്‍നിന്നും മറ്റും ആശാവഹമായ പ്രതികരണങ്ങളാണ് ലഭിക്കുന്നത്. അത്തരം കമ്പനികളുടെ പണം നഷ്ടമാവുക മാത്രമല്ല, മുതല്‍മുടക്കാന്‍ ആളെ കിട്ടാത്ത അവസ്ഥയും അഭിമുഖീകരിക്കേണ്ടിവരുന്നു. ഇത്തരം ബഹിഷ്‌കരണങ്ങള്‍ ഇന്ത്യയിലും പരീക്ഷിക്കാവുന്നതാണ്. ദക്ഷിണാഫ്രിക്കയില്‍ വളരെ വിജയകരമായി അത് പരീക്ഷിച്ചതുമാണ്. അമേരിക്കയും ബ്രിട്ടനും അവസാന നിമിഷം വരെ അവിടത്തെ വര്‍ണവെറിയന്‍ ഭരണകൂടത്തോടൊപ്പമായിരുന്നല്ലോ. കടുത്ത അന്താരാഷ്ട്ര സമ്മര്‍ദങ്ങളെ അതിജീവിക്കാനാവാതെയാണ് ഒടുവില്‍ ഈ രണ്ട് രാഷ്ട്രങ്ങളും നിലപാട് മാറ്റിയത്. തടുത്തുനിര്‍ത്താനാവാത്ത അത്തരമൊരു അന്താരാഷ്ട്ര സമ്മര്‍ദമാണ് ഫലസ്ത്വീന്‍ വിഷയത്തിലും ഉണ്ടായിവരേണ്ടത്.

 

ജറൂസലമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി പ്രഖ്യാപിച്ചുകൊണ്ടുള്ള ട്രംപിന്റെ പ്രസ്താവനയില്‍ ദ്വിരാഷ്ട്ര സമാധാന പദ്ധതി-ജൂതന്മാര്‍ക്കും ഫലസ്ത്വീനികള്‍ക്കും വെവ്വേറെ രാഷ്ട്രം-യെക്കുറിച്ച് മിണ്ടുന്നില്ല. അവര്‍ അതില്‍നിന്ന് പിന്‍വാങ്ങി എന്നാണോ മനസ്സിലാക്കേണ്ടത്?

ഭൂമി പങ്കുവെക്കാന്‍ സയണിസ്റ്റുകള്‍ തയാറല്ല എന്നതാണ് പ്രശ്‌നം. ഭൂപ്രദേശം മുഴുവനായി അവര്‍ക്കു തന്നെ കിട്ടണം. ആ നിലപാടിലേക്കു തന്നെ അമേരിക്കയും ഇസ്രയേലും തിരിച്ചെത്തിയിരിക്കുന്നു; ദ്വിരാഷ്ട്ര പദ്ധതിക്ക് ഇടക്കാലത്ത് അവര്‍ സമ്മതം മൂളിയിരുന്നുവെങ്കിലും. 1949-ല്‍ ഇസ്രയേലിന് യു.എന്‍ അംഗത്വം നല്‍കുമ്പോള്‍ ചില ഉപാധികള്‍ വെച്ചിരുന്നു. അതിലൊന്ന് ഫലസ്ത്വീനികള്‍ക്ക് ഒരു രാഷ്ട്രം എന്നതായിരുന്നു. അഭയാര്‍ഥികളെ തിരിച്ചുവരാന്‍ അനുവദിക്കണം എന്നതായിരുന്നു മറ്റൊന്ന്. ഉപാധികള്‍ അംഗീകരിക്കാത്തതിനാല്‍ 1948-ല്‍ ഇസ്രയേല്‍ യു.എന്നില്‍ സമര്‍പ്പിച്ച അംഗത്വ അപേക്ഷ തള്ളിപ്പോവുകയാണുണ്ടായത്. ഇത്തരം ഉപാധികളെല്ലാം കാറ്റില്‍ പറത്തിയ ചരിത്രമാണ് ഇസ്രയേലിന്. ഐക്യരാഷ്ട്രസഭ ഇതിന്റെ പേരില്‍ ഇസ്രയേലിന്റെ അംഗത്വം റദ്ദാക്കുകയാണ് വേണ്ടിയിരുന്നത്. പക്ഷേ വന്‍ ശക്തികളുടെ വീറ്റോ അധികാരം ഇസ്രയേലിന്റെ രക്ഷക്കെത്തുകയാണ്.

 

'ഇസ്രയേലീ ലോ ഓഫ് റിട്ടേണ്‍' എന്നൊരു സമാഹാരം താങ്കള്‍ എഡിറ്റ് ചെയ്തിരുന്നുവല്ലോ. എന്താണതിന്റെ ഉള്ളടക്കം?

ഇസ്രയേല്‍ പാസ്സാക്കിയ ഒരു നിയമത്തെക്കുറിച്ചാണത്. ലോകത്തിന്റെ ഏതു ഭാഗത്തുള്ള ഏതൊരു ജൂതനും ഇസ്രയേലിലേക്ക് എപ്പോള്‍ വേണമെങ്കിലും വരാം എന്നതാണ് അതിന്റെ ഉള്ളടക്കം. എപ്പോള്‍ വന്നാലും ഇസ്രയേലീ പൗരത്വം ഉറപ്പ്. പൗരന്റെ സകലവിധ അവകാശങ്ങളും ലഭിക്കുകയും ചെയ്യും. എന്നാല്‍ ഒരു ഫലസ്ത്വീനിയാണെങ്കിലോ, അയാളുടെ മുന്‍തലമുറകള്‍ നൂറ്റാണ്ടുകളായി അവിടെ ജീവിച്ചു വരുന്നവരാണെങ്കില്‍ പോലും അയാള്‍ക്ക് ജന്മനാട്ടിലേക്ക് തിരിച്ചുവരാനുള്ള അവകാശമില്ല. ഈ വൈരുധ്യമാണ് ആ സമാഹാരത്തില്‍ തുറന്നു കാണിക്കപ്പെടുന്നത്.

 

2008 ഡിസംബറില്‍ ഗസ്സക്കെതിരെ നടന്ന ഇസ്രയേലി ബോംബാക്രമണത്തില്‍ പ്രതിഷേധിച്ച് പുറത്തിറക്കിയ 'ഇസ്തംബൂള്‍ പ്രഖ്യാപന'ത്തില്‍ താങ്കളും ഒപ്പുവെച്ചത് വലിയ വിവാദമായിരുന്നല്ലോ. ലേബര്‍ പാര്‍ട്ടിയിലെ വനിതാ എം.പി ഹാസല്‍ ബ്ലയേഴ്‌സ് താങ്കളെ മുസ്‌ലിം കൗണ്‍സിലിന്റെ ഭാരവാഹിത്വത്തില്‍നിന്ന് പുറത്താക്കണമെന്നുവരെ ആവശ്യപ്പെടുകയുണ്ടായി. 'ലോകത്തുടനീളമുള്ള ജൂതന്മാരെ ആക്രമിക്കാന്‍ ഇസ്തംബൂള്‍ പ്രഖ്യാപനം ആഹ്വാനം ചെയ്യുന്നു' എന്നായിരുന്നു എം.പിയുടെ ആരോപണം.

ഇസ്രയേല്‍ അതിക്രമങ്ങളുടെ പശ്ചാത്തലത്തില്‍ ഇസ്തംബൂളില്‍ ഒരു അടിയന്തര സമ്മേളനം വിളിച്ചു ചേര്‍ത്തിരുന്നു. ഞാനും അതില്‍ പങ്കെടുത്തു. ആക്രമിക്കപ്പെടുന്ന ഫലസ്ത്വീന്‍ ജനതക്ക് സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ടെന്ന് സമ്മേളനത്തിന്റെ സമാപന പ്രഖ്യാപനത്തില്‍ ഊന്നിപ്പറഞ്ഞിരുന്നു. ബ്രിട്ടനില്‍നിന്ന് റാശിദ് ഗന്നൂശിയെ പോലുള്ളവരും പങ്കെടുത്ത സമ്മേളനമാണത്. പക്ഷേ ചിലര്‍ എനിക്കെതിരെ മാത്രം തിരിയുകയായിരുന്നു. അതിന് കാരണം മുസ്‌ലിം കൗണ്‍സില്‍ ബ്രിട്ടീഷ് സമൂഹത്തില്‍ ചെലുത്തുന്ന സ്വാധീനം തന്നെ. ഇറാഖ് യുദ്ധത്തിനെതിരെ രണ്ട് മില്യന്‍ ബ്രിട്ടീഷ് പൗരന്മാരെ തെരുവില്‍ അണിനിരത്തി എം.സി.ബി ആ സ്വാധീനം തെളിയിച്ചതുമാണ്. ഇതിന് തടയിടാന്‍ തക്കം പാര്‍ത്തിരിക്കുന്ന ഒരു വിഭാഗമുണ്ടായിരുന്നു. അവരാണ് അവസരം ഒത്തുവന്നപ്പോള്‍ കള്ളപ്രചാരണവുമായി രംഗത്തു വന്നത്. ജൂതന്മാരെ ആക്രമിക്കാനുള്ള ആഹ്വാനത്തെ ദാവൂദ് അബ്ദുല്ല പിന്തുണക്കുന്നു എന്നായിരുന്നു ആരോപണം. ഇസ്തംബൂള്‍ പ്രഖ്യാപനം അതിന്റെ പൂര്‍ണ രൂപത്തില്‍ ലഭ്യമായിരുന്നു. അതിലെവിടെയും ജൂതന്മാരെ ആക്രമിക്കണമെന്ന് പറയുന്നില്ല. എം.പിക്കെതിരെ നിയമനടപടികളുമായി മുന്നോട്ടുപോകാന്‍ തുനിഞ്ഞെങ്കിലും ചില സാങ്കേതിക കാരണങ്ങളാല്‍ അത് വേണ്ടെന്നുവെക്കുകയായിരുന്നു.

 

മുസ്‌ലിം കൗണ്‍സില്‍ ഓഫ് ബ്രിട്ടന്റെ ഭാരവാഹിയായിരുന്നു താങ്കള്‍. ഇപ്പോഴും ആ കൂട്ടായ്മയെ പ്രതിനിധീകരിച്ച് താങ്കള്‍ പല സമ്മേളനങ്ങളിലും പങ്കെടുക്കാറുണ്ട്. എന്തിനാണ് ഈ കൂട്ടായ്മ നിലവില്‍ വന്നത്?

ബ്രിട്ടനിലെ മുസ്‌ലിം ജനസംഖ്യ മൂന്ന് മില്യനാണ്. പല പ്രശ്‌നങ്ങളും അഭിമുഖീകരിക്കുന്നുണ്ട് ഈ ജനസമൂഹം. ജോലി സ്ഥലങ്ങളിലെ വിവേചനം അതിലൊന്നാണ്. ഇവക്ക് പരിഹാരം കാണാനും സാമ്പത്തികമായും സാമൂഹികമായും വിദ്യാഭ്യാസപരമായും അവരെ ശാക്തീകരിക്കാനും ലക്ഷ്യമിട്ടുകൊണ്ടുള്ളതാണ് കൗണ്‍സിലിന്റെ പ്രവര്‍ത്തനങ്ങള്‍. പലതരം സാമൂഹിക, സാംസ്‌കാരിക പശ്ചാത്തലങ്ങളെ പ്രതിനിധീകരിക്കുന്ന അഞ്ഞൂറോളം സംഘങ്ങളുടെ പൊതു വേദിയാണിത്. എല്ലാ വിഭാഗങ്ങളെയും പൊതു ലക്ഷ്യങ്ങള്‍ക്കായി ഒരുമിപ്പിക്കാന്‍ സാധിച്ചതുകൊണ്ട് വിദ്യാഭ്യാസ-സാമ്പത്തിക മേഖലകളില്‍ മികച്ച നേട്ടം കൈവരിക്കാനും എം.സി.ബിക്ക് കഴിഞ്ഞിട്ടുണ്ട്. പ്രത്യേകിച്ച്, മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കെട്ടിപ്പടുക്കുന്നതിലും ലാഭകരമായ വ്യാപാര സംരംഭങ്ങള്‍ വളര്‍ത്തിക്കൊണ്ടു വരുന്നതിലും.

പക്ഷേ, 2001 സെപ്റ്റംബര്‍ 11-ലെ ന്യൂയോര്‍ക്ക് ഭീകരാക്രമണത്തിനു ശേഷം നിരവധി വെല്ലുവിളികള്‍ ബ്രിട്ടനില്‍ മുസ്‌ലിം സമൂഹത്തിന് നേരിടേണ്ടിവന്നിട്ടുണ്ട്. ഭീകരതയെ സഹായിക്കുന്നു എന്ന് ആരോപിച്ച് പല ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചു. തീവ്ര വലതുപക്ഷ പാര്‍ട്ടികള്‍ ഉയര്‍ത്തുന്ന ഭീഷണി മറുവശത്ത്. മുസ്‌ലിംകള്‍ ആര്‍ജിച്ച പുരോഗതി അട്ടിമറിക്കുക എന്ന ലക്ഷ്യവും അവര്‍ക്കുണ്ട്. മുസ്‌ലിം സ്ഥാപനങ്ങള്‍ ഇപ്പോള്‍ കനത്ത നിരീക്ഷണ വലയത്തിലാണ്.


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-27 / അന്നംല് - (57-61)
എ.വൈ.ആര്‍