അലസതയും ഉദാസീനതയും
വിശ്വാസിയുടെ രാപ്പകലുകള്‍ കര്‍മനിരതമാവണം. പ്രവര്‍ത്തനമേഖലയില്‍ ഉണ്ടാവുന്ന അലസതയും ഉദാസീനതയും വ്യക്തിയുടെ വിലയിടിക്കും. സമൂഹത്തില്‍ സ്വാധീനമുറപ്പിക്കാന്‍ പ്രവര്‍ത്തനനിരതനായ കര്‍മഭടനേ കഴിയൂ. അയാള്‍ സമൂഹത്തിന് സ്വീകാര്യനായിത്തീരും; തന്റെ രക്ഷിതാവിന് പ്രിയങ്കരനും. കര്‍മരംഗത്ത് സംഭവിക്കുന്ന വീഴ്ച രക്ഷിതാവിന്റെ സാമീപ്യം നഷ്ടപ്പെടുത്തും. അല്ലാഹുവിന്റെ തിരുനോട്ടം നിഷേധിക്കപ്പെടുന്ന വ്യക്തിക്ക് സമൂഹത്തിലെ സ്ഥാനവും നഷ്ടമാവും. ഇതാണ് യഥാര്‍ഥത്തില്‍ ഇന്ന് മുസ്‌ലിം സമൂഹത്തിന് സംഭവിച്ചത്. ആത്മീയപ്രഭാവം നഷ്ടപ്പെട്ട ഒരു സമൂഹത്തിന് സംഭവിക്കാവുന്ന പതനവും പരാജയവും നബി(സ) ചൂണ്ടിക്കാണിക്കുന്നത് ഇങ്ങനെ: 'ആര്‍ത്തി മൂത്ത തീറ്റക്കൊതിയര്‍ ഭക്ഷണത്തളികയുടെ മേല്‍ ചാടി വീണ് പരാക്രമം കാണിക്കുന്നപോലെ ഇതര ജനസമുദായങ്ങള്‍ നിങ്ങള്‍ക്കു മേല്‍ ചാടിവീഴുന്ന കാലം ആസന്നമായിരിക്കുന്നു.' അപ്പോള്‍ ഒരാള്‍: 'ഞങ്ങള്‍ ന്യൂനപക്ഷമാവുന്നതുകൊണ്ടാണോ അങ്ങനെ സംഭവിക്കുക?' നബി(സ): 'അങ്ങനെയല്ല, നിങ്ങള്‍ അന്ന് എണ്ണത്തില്‍ മികച്ചുനില്‍ക്കും, ധാരാളമുണ്ടാവും. പക്ഷേ മലവെള്ളപ്പാച്ചിലില്‍ ദൃശ്യമാവുന്ന ചപ്പുചവറുകളും ചണ്ടികളും കണക്കെയാവും നിങ്ങളുടെ അവസ്ഥ. ശത്രുഹൃദയങ്ങളില്‍ നിങ്ങളെക്കുറിച്ചുള്ള ഗൗരവബോധം അല്ലാഹു എടുത്തുമാറ്റും. നിങ്ങളുടെ ഹൃദയങ്ങളില്‍ അല്ലാഹു ദൗര്‍ബല്യം ഇട്ടുതരും.' വീണ്ടും സദസ്സ്: 'അല്ലാഹുവിന്റെ ദൂതരേ, എന്താണ് ദൗര്‍ബല്യമെന്നു വെച്ചാല്‍?' റസൂല്‍: 'ഐഹിക ജീവിതത്തോടുള്ള അടങ്ങാത്ത ആസക്തിയും മരണത്തോടുള്ള വിമുഖതയും' (അബൂദാവൂദ്, അഹ്മദ്).
അല്ലാഹുവിന് തങ്ങളിലുള്ള അവകാശം വിസ്മരിച്ച് കര്‍മരംഗം നഷ്ടപ്പെടുത്തുന്ന ഹതഭാഗ്യരുടെ പ്രവര്‍ത്തന സരണി ദുസ്തരവും ദുഷ്‌കരവുമായിത്തീരും. നാനാഭാഗത്തുനിന്ന് വരുന്ന പരീക്ഷണങ്ങളുടെ കരിമ്പാറക്കൂട്ടങ്ങള്‍ അവരുടെ വഴിമുടക്കും. അല്ലാഹുവിന്റെ ശത്രുക്കള്‍ക്ക് തങ്ങളുടെ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കാനും നടപ്പാക്കാനും അനായാസേന വഴിയൊരുങ്ങും. ഒരു നിമിഷവും കളയാതെ അവര്‍ തങ്ങളുടെ പദ്ധതികളും പരിപാടികളുമായി കുതിച്ചു മുന്നേറും. പ്രവാചകന്‍ സ്വാലിഹ് നബി(അ)യുടെ ചോദ്യം അതാണല്ലോ പറഞ്ഞുതരുന്നത്: 'അല്ലാഹുവില്‍നിന്ന് ആരാണ് എന്നെ സഹായിക്കാനുണ്ടാവുക, ഞാന്‍ അവനെ ധിക്കരിച്ചാല്‍?' (ഹൂദ് 63).
പരീക്ഷണ വേളകളില്‍ ദൈവിക സഹായം അനിവാര്യമാണ്. കടുത്ത പരീക്ഷണങ്ങളെ അതിജീവിക്കാന്‍ മനുഷ്യര്‍ക്കാവില്ല, ദൈവിക തുണയുടെ പിന്‍ബലമില്ലാത്തവര്‍ പരീക്ഷണങ്ങളെ അഭിമുഖീകരിക്കാനാവാതെ പതറിപ്പോകും. അതാണ് അല്ലാഹു സൂചിപ്പിച്ചത്; 'തങ്ങളുടെ രക്ഷിതാവ് അല്ലാഹുവാണെന്ന് പ്രഖ്യാപിക്കുകയും അതില്‍ സ്ഥൈര്യത്തോടെ നിലയുറപ്പിക്കുകയും ചെയ്തവര്‍ ഭയപ്പെടുകയുമില്ല, ദുഃഖിക്കുകയുമില്ല' (അഹ്ഖാഫ് 13).
'വിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിനെ സഹായിക്കുകയാണെങ്കില്‍ അവന്‍ നിങ്ങളെ സഹായിക്കുകയും കര്‍മമാര്‍ഗത്തില്‍ നിങ്ങളുടെ കാലുകള്‍ അവന്‍ ഉറപ്പിച്ചുനിര്‍ത്തുകയും ചെയ്യും' (മുഹമ്മദ് 7).
അബ്ദുല്ലാഹിബ്‌നു അബ്ബാസിനെ ഈ തത്ത്വമാണ് നബി(സ) പഠിപ്പിച്ചത്: 'കുട്ടീ, ഞാന്‍ നിനക്ക് ചില വചനങ്ങള്‍ പഠിപ്പിച്ചുതരാം. നീ അല്ലാഹുവിനെ സൂക്ഷിക്കുക, അല്ലാഹു നിന്നെ സംരക്ഷിക്കും. നീ അല്ലാഹുവിനെ സൂക്ഷിക്കുക, നിനക്ക് അവനെ നേര്‍ക്കുനേരെ കാണാനാവും. നീ ചോദിക്കുന്നത് അല്ലാഹുവിനോടാവട്ടെ. സഹായം തേടുന്നതു അല്ലാഹുവിനോടാവട്ടെ. അറിയുക, ജനങ്ങള്‍ ഒന്നടങ്കം നിനക്ക് ഒരു ഉപകാരം ചെയ്യാന്‍ തീരുമാനിച്ചുവെന്നിരിക്കട്ടെ, അല്ലാഹു രേഖപ്പെടുത്തിയിട്ടില്ലാത്ത ഒരു ഉപകാരവും നിനക്ക് ചെയ്തുതരാന്‍ അവര്‍ക്കാവില്ല. ഇനി, ജനങ്ങള്‍ ഒന്നടങ്കം നിനക്ക് ഒരു ദ്രോഹം വരുത്തിവെക്കാന്‍ ഒരുമ്പെട്ടെന്നിരിക്കട്ടെ, അല്ലാഹു രേഖപ്പെടുത്തിവെച്ചിട്ടില്ലാത്ത ഒരു ഉപദ്രവവും അവര്‍ക്ക് നിന്നെ ഏല്‍പിക്കാനാവില്ല. തൂലികകള്‍ ഉയര്‍ത്തപ്പെട്ടു, താളുകള്‍ ഉണങ്ങി' (തിര്‍മിദി).
ദൈനംദിന ജീവിതത്തില്‍ സംഭവിക്കുന്ന വീഴ്ചകള്‍ പരിഹരിക്കാന്‍ നിരവധി മാര്‍ഗങ്ങളുണ്ട്. ഖുര്‍ആനും സുന്നത്തുമായുള്ള നിരന്തര ബന്ധമാണ് അതില്‍ മുഖ്യം. വിശ്വാസിയുടെ പ്രചോദനത്തിനുള്ള ഊര്‍ജം അവ രണ്ടില്‍ നിന്നുമാണ് സംഭരിക്കേണ്ടത്.
* തെറ്റുകളില്‍നിന്നും പാപകൃത്യങ്ങളില്‍നിന്നും മുക്തനാവുക. മാരകവിഷവും കരിച്ചുകളയുന്ന അഗ്നിയുമാണവ. അതാണ് റസൂല്‍ മുന്നറിയിപ്പു നല്‍കിയത്: 'നിങ്ങള്‍ നിസ്സാരമാക്കി അവഗണിച്ചുതള്ളുന്ന പാപകൃത്യങ്ങള്‍ സൂക്ഷിക്കണം. ഒരു വ്യക്തിയില്‍ അവ കൂടിവന്നാല്‍ അയാള്‍ തകര്‍ന്നതുതന്നെ.' അതിനൊരു ഉദാഹരണവും നബി(സ) നല്‍കി. ഒരു യാത്രാസംഘം തുറസ്സായ സ്ഥലത്തെത്തിച്ചേര്‍ന്നു. ഓരോരുത്തരും തങ്ങളില്‍ അര്‍പ്പിതമായ ചുമതലകള്‍ നിറവേറ്റാനൊരുങ്ങി. ഒരു കൂട്ടര്‍ വിറകുകൊള്ളികള്‍ ശേഖരിച്ചുകൊണ്ടുവന്നു. ഒരുപറ്റം ആളുകള്‍ കുറേ കൊള്ളികള്‍ കൂട്ടിയിട്ടപ്പോള്‍ അതൊരു വിറകു കൂമ്പാരമായി. അവര്‍ അതില്‍ തീകൊളുത്തി. തങ്ങള്‍ക്കാവശ്യമുള്ള ഭക്ഷണ വിഭവങ്ങള്‍ അവര്‍ വേവിച്ചെടുത്തു (അഹ്മദ്). ചെറുമരക്കമ്പുകള്‍ വിറകുകൂമ്പാരമായിത്തീര്‍ന്നപോലെ ചെറു പാപങ്ങള്‍ വന്‍ കുറ്റകൃത്യമായിത്തീരും.
* അനുവദനീയമാണെന്നിരിക്കിലും ഉപഭോഗത്തില്‍ മിതത്വം. ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം- ഇവയില്‍ ലളിതവും മിതവുമായ സമീപനം വേണം. 'ഉദരത്തേക്കാള്‍ ദോഷകരമായ ഒരു പാത്രവും മനുഷ്യപുത്രന് നിറയ്ക്കാനില്ല. നട്ടെല്ല് നിവര്‍ത്താന്‍ കുറഞ്ഞ ആഹാരം മതി. കൂടിയേ കഴിയൂ എങ്കില്‍ മൂന്നിലൊന്ന് തന്റെ ആഹാരത്തിന്, മൂന്നിലൊന്ന് പാനീയത്തിന്, മൂന്നിലൊന്ന് തനിക്കും.'
* ദിനരാത്രങ്ങളില്‍ വീഴ്ചയില്ലാതെ, പതിവ് തെറ്റാതെ ചെയ്യേണ്ട കര്‍മങ്ങളെക്കുറിച്ച ധാരണയും അനുസ്യൂതമായി അവ നിര്‍വഹിക്കാനുള്ള ദൃഢനിശ്ചയവും.
* നന്ദിസൂചകമായ കര്‍മങ്ങള്‍ മാത്രമേ അനുഗ്രഹങ്ങള്‍ ശാശ്വതമാക്കൂ എന്ന വിചാരം.
* രാപ്പകലുകള്‍ ഭേദമില്ലാതെ കര്‍മങ്ങളില്‍ മുഴുകുമ്പോള്‍ തന്നില്‍ അര്‍പ്പിതമായ ചുമതലകള്‍ മറക്കാതിരിക്കുക.
'നിന്റെ രക്ഷിതാവിന് നിന്നില്‍ ഒരു അവകാശമുണ്ട്. നിന്റെ ശരീരത്തിന് നിന്നില്‍ അവകാശമുണ്ട്, നിന്റെ കുടുംബത്തിനുമുണ്ട് നിന്നില്‍ അവകാശം. ഓരോരുത്തര്‍ക്കും അവരുടെ അവകാശം വകവെച്ചുനല്‍കുക' (ബുഖാരി).
* മനസ്സിനെ വരുതിയില്‍ വരുത്താനുള്ള ഇഛാശക്തി വളര്‍ത്തുക. 'പിന്നീടാവാം' എന്ന് ചിന്തിക്കാതെ ഓരോ കര്‍മവും അപ്പപ്പോള്‍ നടത്തുക. ശാശ്വതമായ സുഖത്തിനു വേണ്ടിയാണ് ഇന്നത്തെ ത്യാഗങ്ങള്‍ എന്ന ഓര്‍മ ഓരോ നിമിഷത്തെയും ഭരിക്കട്ടെ.
* വീഴ്ചകള്‍ വരുത്തുന്ന വിപത്തുകളെക്കുറിച്ചും പ്രത്യാഘാതങ്ങളെക്കുറിച്ചും ബോധമുണ്ടാവണം.
* സദ്‌വൃത്തരുമായുള്ള ചങ്ങാത്തവും നിരന്തര ബന്ധവും. അത് അല്ലാഹുവിനെക്കുറിച്ച ബോധം ഉളവാക്കും. നബി(സ) ചോദിച്ചു; 'നിങ്ങളില്‍ ഏറ്റവും നല്ലവര്‍ ആരെന്ന് പറഞ്ഞുതരട്ടെയോ?' 'റസൂലേ അരുളിയാലും!' നബി(സ): 'നിങ്ങളില്‍ ഉത്തമന്മാര്‍, അവരെ കണ്ടാല്‍ നിങ്ങള്‍ക്ക് അല്ലാഹുവിനെ ഓര്‍മവരും' (ഇബ്‌നുമാജ).
* സഹായത്തിന് അല്ലാഹുവിനെ മാത്രം ആശ്രയിക്കുക.
* ഐഹിക ജീവിതം കര്‍മഭൂമിയാണെന്നോര്‍ക്കുക. കര്‍മങ്ങള്‍ക്കുള്ള പ്രതിഫലം പാരത്രിക ജീവിതത്തിലാണെന്ന വിചാരം സദാ വേണം.
* നബി(സ)യുടെ ദൈനംദിന ജീവിത രീതികള്‍ അനുകരിക്കുന്നത് ശീലമാക്കുക.
* പൂര്‍വികരുടെ തിളങ്ങുന്ന ജീവിത മാതൃകകള്‍ സ്വാംശീകരിക്കുക.
* മരണവിചാരം കൈവിടാതിരിക്കുക.
സംഗ്രഹം: പി.കെ.ജെ
Comments