Prabodhanm Weekly

Pages

Search

2017 ഡിസംബര്‍ 29

3032

1439 റബീഉല്‍ ആഖിര്‍ 10

അഭിമുഖം മികച്ചതായി

മുഹമ്മദ് ജസീം, അയ്യന്തോള്‍, തൃശൂര്‍

രാം പുനിയാനിയുമായുള്ള  അഭിമുഖം വായിച്ചു. അടുത്ത കാലത്തു വായിച്ച അഭിമുഖങ്ങളില്‍  പ്രൗഢവും  കാലികപ്രസക്തവുമായി അനുഭവപ്പെട്ടു. ഇന്ന് വിവാദമായി ഉയര്‍ന്നുനില്‍ക്കുന്ന ഏതാണ്ട് എല്ലാ വിഷയങ്ങളും  അഭിമുഖത്തില്‍ ചര്‍ച്ചചെയ്യുന്നുണ്ട്. വസ്തുനിഷ്ഠമായാണ്  രാം  പുനിയാനിയുടെ  മറുപടികള്‍.   മുസ്‌ലിം വിരുദ്ധമായി ഇന്ന് ഉന്നയിക്കപ്പെടുന്ന  പല ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരങ്ങള്‍ അതിലു്. സൂക്ഷിച്ചുവെക്കാന്‍  പറ്റിയ ഒരു റഫറന്‍സ് കൂടിയാണത്.

ബ്രിട്ടീഷുകാര്‍ക്ക് മാപ്പ് എഴുതിയ സവര്‍ക്കര്‍ മാത്രമല്ല, വാജ്‌പേയിയുടെ 'ക്വിറ്റ് ഇന്ത്യ സ്വാതന്ത്ര്യ സമരവും' ഒരു കെട്ടുകഥയായിരുന്നു എന്നത് പുതിയ അറിവാണ്.  രാം പുനിയാനി അക്കമിട്ട് പറഞ്ഞ ഫാഷിസ്റ്റുകളുടെ പൊതുസ്വഭാവം  ഇന്നത്തെ ഇന്ത്യന്‍  പശ്ചാത്തലത്തില്‍ വളരെ ശരിയാണ്.  മുസ്‌ലിം  ജനസംഖ്യാ വര്‍ധനവിനെ കുറിച്ച ഭയം ജനിപ്പിക്കലിലെ നിരര്‍ഥകത അദ്ദേഹം  വസ്തുതകളുടെ പിന്‍ബലത്തില്‍ തുറന്നുകാണിക്കുന്നു. ഗാന്ധിജിയും അംബേദ്കറും തമ്മിലുള്ള താരതമ്യവും  വളരെ ശ്രദ്ധേയമാണ്. അഭിമുഖകാരന്നും വായനക്കാരില്‍ എത്തിച്ച പ്രബോധനത്തിനും നന്ദി.

 

 

'മുത്ത് നബിയോ?

മുഹമ്മദ് നബിയെക്കുറിച്ച് ഒരുപാട് അപദാനങ്ങളും അപര നാമങ്ങളും പത്രപ്രസിദ്ധീകരണങ്ങളിലും പ്രസംഗങ്ങളിലും വരാറുണ്ട്. മുത്ത്‌നബി, ത്വാഹാനബി, മുസ്ത്വഫാ നബി എന്നിങ്ങനെ പോകുന്നു അവ. അമുസ്‌ലിംകളെ സംബന്ധിച്ച് മുഹമ്മദ് നബി എന്നുമാത്രമേ അവരില്‍ ഭൂരിപക്ഷം പേര്‍ക്കും അറിയാവൂ. മുത്തും ത്വാഹായും മുസ്ത്വഫായും ഒക്കെത്തന്നെ അവര്‍ക്ക് ആശയക്കുഴപ്പങ്ങള്‍ ഉണ്ടാക്കാന്‍ പര്യാപ്തമാണ്. മുസ്‌ലിംകളെ സംബന്ധിച്ച് ഈ പദങ്ങള്‍ പ്രശ്‌നമില്ലെങ്കിലും അമുസ്‌ലിംകള്‍ക്ക് ഈ പേരുകള്‍ പ്രശ്‌നം സൃഷ്ടിക്കും. അതുകൊണ്ട് അമുസ്‌ലിം സമൂഹത്തിനു മുന്നില്‍ അപരനാമങ്ങള്‍ പ്രചരിപ്പിക്കുന്നതിനേക്കാള്‍ നല്ലത് മുഹമ്മദ് നബി എന്നുമാത്രം എഴുതുകയും പ്രസംഗിക്കുകയും ചെയ്യുകയാണ്. മുസ്‌ലിംകള്‍ മാത്രം ഉള്‍ക്കൊള്ളുന്ന സദസ്സ് ആണെങ്കില്‍ അറബി നാമങ്ങള്‍ അവര്‍ക്ക് മനസ്സിലാകും. ഉപയോഗിക്കുന്നതില്‍ തെറ്റില്ല, ഒരു ബഹുസ്വര സമൂഹത്തിലാകുമ്പോള്‍ വളരെ കരുതലോടെ വേണം പദങ്ങള്‍ പ്രയോഗിക്കാന്‍!

ഇതുപോലെ തന്നെ ജനങ്ങളില്‍ ആശയക്കുഴപ്പം ഉണ്ടാക്കിയ ഒരു പ്രചാരണമാണ് പ്രവാചകന്‍ പ്രകാശമാണെന്ന്! ഇതിപ്പോള്‍ വ്യാപകമായി പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. പ്രവാചകന്‍ മനുഷ്യസമൂഹത്തിന് മാര്‍ഗദര്‍ശനം നല്‍കിയ വ്യക്തിയാണ്. പ്രകാശസമാനമാണ് ആ ജീവിതം. എന്നാല്‍ സാക്ഷാല്‍ പ്രകാശമല്ല. സാക്ഷാല്‍ പ്രകാശം അല്ലാഹുവാണ്. 'അല്ലാഹുവാണ് ആകാശങ്ങളുടെയും ഭൂമിയുടെയും പ്രകാശം' എന്നാണ് ഖുര്‍ആന്‍ പറഞ്ഞിട്ടുള്ളത്. ഇവിടെ മുഹമ്മദ് നബി പ്രകാശം ആണെന്ന് പറഞ്ഞിട്ടില്ല.

മുഹമ്മദ് നബി പ്രകാശമാണെന്ന് പറയുമ്പോള്‍ അത് അല്ലാഹുവിനോട് ഉപമിക്കലാണ്. അല്ലാഹു സ്വയം പ്രകാശമാണ്. എന്നാല്‍ മുഹമ്മദ് നബി സ്വയം പ്രകാശമല്ല. അല്ലാഹുവിന്റെ പ്രകാശത്തെ സ്വാംശീകരിച്ച വ്യക്തിയാണ്.

അബ്ദുല്‍ മലിക്, മുടിക്കല്‍

 

 

 

കവിതല്ലജങ്ങള്‍ക്ക് അഭിമാനം

'ഒരു തുള്ളി വെള്ളം ചിപ്പിയിലിരുന്ന് മുത്തായി' തീരുന്ന പോലുള്ള അവസ്ഥയാണ്, 'എത്ര? ഒരു ഗസല്‍!' (ലക്കം 74/28) വായിക്കുമ്പോള്‍ അനുഭവപ്പെടുന്നത്. കാവ്യാനുശീലനത്തിന് ഈ കവിത പുതിയ ഭാവവും രുചിയും പകര്‍ന്നുതരുന്നു. ഭാഷയുടെ ഭാഗമായി മാറുന്ന കവിത. ദൈവഭക്തിയും ഉദാത്ത സംസ്‌കാരവും സമ്മാനിക്കുന്നുണ്ട് ഈ കവിത.

'അസ്ത്രങ്ങളേക്കാള്‍ ഫലം ചെയ്യുന്നതാണ് കവിത'യെന്ന് ആഇശ(റ) റിപ്പോര്‍ട്ട് ചെയ്യുന്നതും മേല്‍ അര്‍ഥങ്ങളിലാവണം. ദൈവിക ലോകം അപരാധമുക്തി നല്‍കി ആദരിച്ച പ്രവാചക പത്‌നിയാണല്ലോ ആഇശ. നിത്യാനന്ദ സുന്ദര ആശയങ്ങളെ ആധ്യാത്മിക വിചാരങ്ങളിലേക്ക് അടുപ്പിക്കുന്ന കവിതയാണിത്. പതിഞ്ഞ സ്വരങ്ങളിലും മൃദുഭാവങ്ങളിലും മാനസസരസ്സില്‍ ഓളങ്ങള്‍ തീര്‍ക്കുന്നു. 'ജൈഹൂന്‍' കവിത പോലെ പദങ്ങളിലല്ല, കവിതക്കുള്ളിലാണ് ഈ കവിത ചലനം സൃഷ്ടിക്കുന്നത്. ഒരു മഹാ പ്രകാശത്തിന്റെ അനന്തദീപ്തി കവിത പകര്‍ന്നുതരുന്നു. ആത്മീയ ചോദനയുടെ 'മദ്ഹുര്‍റസൂല്‍' കീര്‍ത്തനങ്ങളെന്നപോലെ ആരോഹണവിധേയമാവുന്നു കവിത. 'പരമപാവനമായ ഒറ്റയൊന്നാണ് പ്രപഞ്ചത്തിന്റെ തത്ത്വമെന്ന്' മഹാകവി അക്കിത്തം എഴുതിയ സത്യമാണ് ജമീല്‍ അഹ്മദിന്റെ കവിതയിലും നാം വായിക്കുന്നത്. സദ്‌വൃത്തനും ഋജുമാനസനും ദൈവദൂതനുമായ നബിയെക്കുറിച്ച ഈ കവിത ഹൃദ്യവും കാവ്യ സംസ്‌കാരങ്ങളുടെ ഉദാത്ത മാതൃകയുമായി തീരുന്നു. പദങ്ങളും പാദങ്ങളും കാവ്യ ബിംബ സംസ്‌കാര രീതികളും ലക്ഷണമൊത്ത ഒരു കവിതയുടെ നീരൊഴുക്കിനെ സാക്ഷ്യപ്പെടുത്തുന്നു. സൂര്യനും മഴയും ഒന്നിച്ച് പെയ്യുന്ന പോലുള്ള അവസ്ഥ ഹൃദയഹാരിയായി മാറുന്നു. പ്രവാചക സ്‌നേഹം ഒഴുകിപ്പരക്കുന്നു. ഒരു വാക്കു പോലും അടര്‍ത്തിയെടുക്കാന്‍ ആവാത്തവിധം ജലത്തില്‍ ഉപ്പെന്നപോലെ അലിഞ്ഞുചേരുന്നു. സുന്ദരമുഖങ്ങള്‍ പ്രതിഫലിച്ചു കാണുമ്പോഴാണ് സൗന്ദര്യം പ്രത്യക്ഷമായി ബോധ്യപ്പെടുന്നത്. ഈ കവിതയില്‍ നാം ദര്‍ശിക്കുന്നതും മറ്റൊന്നല്ല.

വി.കെ.എം കുട്ടി, ഈസ്റ്റ് മലയമ്മ

 

 

 

ഹാദിയ നല്‍കുന്ന പാഠം

'ഹാദിയ കേസിന്റെ പരിണതി' (പ്രബോധനം 8/12/2017) വായിച്ചു. ആദര്‍ശബോധ്യംകൊണ്ട് മതം മാറുന്നവരുണ്ട്. ഇഷ്ടപ്പെട്ടവന്റെ കൂടെ ജീവിക്കാന്‍ വേണ്ടി മതം മാറുന്നവരും മാറാത്തവരുമുണ്ട്.  ഭര്‍ത്താവിനെയും മൂന്ന്  മക്കളെയും ഉപേക്ഷിച്ച് ഒരു സ്ത്രീ  ഒരു ഹിന്ദു യുവാവിന്റെ കൂടെ പോയി. മറ്റൊരു അമുസ്ലിം യുവാവ് കൂടെ പഠിച്ച മുസ്ലിം പെണ്‍കുട്ടിയെ പ്രണയിച്ച് കല്യാണം കഴിച്ചു. ഇതു പോലുള്ള എത്രയോ സംഭവങ്ങള്‍ നമ്മുടെ കൊച്ചു സംസ്ഥാനത്ത് അരങ്ങേറാറുണ്ട്. അത് വലിയ പ്രശ്നങ്ങള്‍ക്കോ ഒച്ചപ്പാടുകള്‍ക്കോ കാരണമാകാറില്ല.

അതേസമയം മുസ്ലിമിന് പകരം ഹിന്ദു സ്ത്രീയും, അമുസ്ലിം യുവാവിന് പകരം മുസ്ലിമാവുമ്പോഴാണ് വിഷയം വിവാദമാകുന്നത്. ലൗ ജിഹാദ്, ഐസിസ്, തീവ്രവാദം തുടങ്ങിയ ആരോപണങ്ങളുടെ കൂരമ്പുകള്‍ ഒരു സമുദായത്തെ ലക്ഷ്യമിട്ട് എയ്തുകൊണ്ടിരിക്കുന്നതും.

ഇഷ്ട  മതത്തില്‍ വിശ്വസിക്കാനും അതനുസരിച്ച് ജീവിക്കാനുമുള്ള സ്വാതന്ത്ര്യം ഇന്ത്യന്‍ ഭരണഘടന (25 മുതല്‍ 28 വരെയുള്ള വകുപ്പ്) നല്‍കുന്നുണ്ട്. താനിഷ്ടപ്പെട്ട യുവാവുമൊത്ത് കഴിയാന്‍ വേണ്ടി മതം മാറിയതല്ല, ഇസ്ലാമിനെ പറ്റി ആഴത്തില്‍ പഠിക്കുകയും മനസ്സിലാക്കുകയും ചെയ്ത ശേഷം ആരുടെയും പ്രേരണയോ, നിര്‍ബന്ധമോ ഇല്ലതെ തന്നെ  സ്വമേധയാ ഇസ്ലാം മത വിശ്വാസിയാവുകയായിരുന്നു ഹാദിയ.

മാസങ്ങള്‍ക്ക് ശേഷമാണ് ഷഫിന്‍ ജഹാനുമായി  വിവാഹം നടക്കുന്നത്. അതും മാട്രിമോണിയല്‍ പരസ്യത്തിലൂടെ. അതിനു മുമ്പ് അവര്‍ തമ്മില്‍ കാണുകയോ പ്രണയിക്കുകയോ ചെയ്തിട്ടില്ല. ആ വിവാഹമാണ് ഹൈക്കോടതി റദ്ദാക്കിയത്. പ്രായപൂര്‍ത്തിയായ, ഉന്നത വിദ്യാഭ്യാസമുള്ള, വിവേകവും പക്വതയും വേണ്ടുവോളമുള്ള യുവതിയുടെ വാദത്തെ പൂര്‍ണമായും കോടതി  നിരാകരിക്കുകയായിരുന്നു. വളര്‍ത്തി വലുതാക്കിയ മാതാപിതാക്കളുടെ വേദന ഉള്‍ക്കൊള്ളണമെന്ന് ഉപദേശിച്ച നീതിന്യായ കോടതി സമാനമായ മറ്റൊരു കേസില്‍ ആ കാവ്യനീതി നടപ്പിലാക്കിയതായി കണ്ടില്ല.

തലശ്ശേരിയിലെ റാഹിലയെന്ന പെണ്‍കുട്ടി ഒരമുസ്ലിം യുവാവിന്റെ കൂടെ പോയപ്പോള്‍ പോറ്റി വളര്‍ത്തിയ മാതാപിതാക്കളുടെ ചങ്കു പൊട്ടിക്കൊണ്ടുള്ള നിലവിളി കോടതി കേള്‍ക്കുകയുണ്ടായില്ല.

കനത്ത സുരക്ഷാ വലയത്തില്‍ എയര്‍പോര്‍ട്ടില്‍ വെച്ചും, സുപ്രീം കോടതിയിലെ കറുത്ത ഗൗണിട്ട വക്കീലന്മാരുടെ ഇടയില്‍ വെച്ചും 'ഞാന്‍ മുസ്ലിമാണ്' എന്ന് അവള്‍ നടത്തിയ ധീരമായ പ്രഖ്യാപനം ഒരുവേള ചരിത്രത്തിലേക്ക് തിരിഞ്ഞുനോക്കാന്‍ പലരെയും പ്രേരിപ്പിച്ചിട്ടുണ്ടാകും. സുമയ്യ(റ)യുടെയും ആസിയാ ബീവിയുടെയും ധീരോദാത്തമായ ചെറുത്തു നില്‍പ്പും അടിയുറച്ച അടിപതറാത്ത ഈമാനിക കരുത്തും ആവേശവും ദൃഢതയും  പലര്‍ക്കും ഓര്‍മ വന്നിട്ടുണ്ടാകും.

ഹാദിയ  എല്ലാവര്‍ക്കും വായിക്കാനും മനസ്സിലാക്കാനും പഠിക്കാനുമുള്ള ഒരു തുറന്ന പുസ്തകമാണ്. അതിലെ ഉള്ളടക്കം കേവലം ഒരു വ്യക്തിയുടെയോ കുടുംബത്തിന്റെയോ നാട്ടുകാരുടെയോ മാത്രമല്ല, മറിച്ച് വ്യക്തി സ്വാതന്ത്ര്യത്തി

നും പൗരാവകാശത്തിനും വേണ്ടി നിലകൊള്ളുന്ന, സത്യത്തിനും നീതിക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന മുഴുവന്‍ പേര്‍ക്കുമുള്ളതാണ്. സ്വന്തം പിതാവും മാതാവും മനോരോഗിയെന്ന് വിളിച്ചപ്പോഴും  തീവ്രവാദ മുദ്രകുത്തിയും മറ്റും  അപവാദം പ്രചരിപ്പിച്ചപ്പോഴും തളരാതെ പ്രതിസന്ധികളെ തരണം ചെയ്ത് കൊണ്ട്  കരുത്തുറ്റ ഈമാനിന്റെ ശക്തിയെന്താണെന്ന് മാലോകര്‍ക്ക് കാണിച്ച് കൊടുക്കുകയായിരുന്നു 'ഹാദിയ.'

ജമാലുദ്ദീന്‍ പാലേരി

 

 

 

വിഡ്ഢിക്കഥയല്ല ജീവിതം

കെ.പി ഇസ്മാഈലിന്റെ ചിന്താവിഷയം (വിഡ്ഢിക്കഥയല്ല ജീവിതം) ചിന്തിക്കുന്നവര്‍ക്ക് ഒത്തിരി പാഠങ്ങള്‍ നല്‍കുന്നതാണ്. വിശുദ്ധ ഖുര്‍ആന്‍ ഈ വാചകം പലയിടത്തായി ആവര്‍ത്തിക്കുന്നുണ്ട്; നിങ്ങള്‍ ചിന്തിക്കുന്നില്ലേ? ചിന്തിക്കുന്നവര്‍ക്കുള്ളതാണ് ഈ സന്ദേശം, എന്നിങ്ങനെ.

മമ്മൂട്ടി കവിയൂര്‍

 

 

 

പ്രബോധനത്തിനു നന്ദി

'ഒറ്റപ്പെട്ടുപോയ ജീവിതങ്ങള്‍' എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച ലേഖനം (ലക്കം 3024) ഞങ്ങളെ സംബന്ധിച്ചേടത്തോളം ഒരമൂല്യ നിധിയായി. നാലുപതിറ്റാണ്ട് മുമ്പ് ഞങ്ങളുടെ സതീര്‍ഥ്യനായിരുന്ന വ്യക്തിക്ക് മാനസിക പ്രയാസങ്ങള്‍ പിടിപെട്ട കാര്യം ഖത്തര്‍ പ്രവാസ കാലത്ത് അറിയാന്‍ കഴിഞ്ഞിരുന്നു. എങ്കിലും അദ്ദേഹം ഇത്തരത്തില്‍ ഒരു 'തണല്‍' ജീവിതം നയിക്കുകയാണെന്ന് പ്രബോധനത്തിലൂടെയാണറിഞ്ഞത്. കഴിഞ്ഞയാഴ്ച ഞങ്ങള്‍ അദ്ദേഹത്തെ കാണുകയും കുറേസമയം ഒപ്പം ചെലവഴിക്കുകയും ചെയ്തു. പ്രബോധനത്തിനും ലേഖകനും നന്ദിയും പ്രാര്‍ഥനയും.

ഹംസ കടന്നമണ്ണ

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-27 / അന്നംല് - (57-61)
എ.വൈ.ആര്‍