Prabodhanm Weekly

Pages

Search

2017 ഡിസംബര്‍ 29

3032

1439 റബീഉല്‍ ആഖിര്‍ 10

വിവാഹമോചിതരുടെ മക്കള്‍ക്ക് വേണം സ്‌നേഹത്തണല്‍

ഡോ. ജാസിമുല്‍ മുത്വവ്വ

വിവാഹമോചിതരുടെ മക്കളുമായി ബന്ധപ്പെട്ട ചില അനുഭവങ്ങള്‍ പങ്കുവെക്കാം. വാരാന്ത്യ ഒഴിവില്‍ കുട്ടി പിതാവിനെ കാണാന്‍ പോയാല്‍, കുട്ടി അരുതാത്തതെന്തോ ചെയ്‌തെന്ന മനോഭാവത്തോടെയാണ് വിവാഹമോചിതയായ ഉമ്മ അവനോട്/അവളോട് പെരുമാറുക. കുഞ്ഞ് തന്നില്‍നിന്ന് ഒരു നിമിഷമെങ്കിലും അകന്നുകഴിയാന്‍ ഉമ്മ ഇഷ്ടപ്പെടാത്തതാണ് അതിലെ വിഷയം. ഇനി, കുട്ടി പിതാവ് ഉമ്മക്ക് നല്‍കിയ എന്തെങ്കിലും സമ്മാനവുമായാണ് വീട്ടിലേക്ക് തിരിച്ചുവന്നതെങ്കില്‍, കുഞ്ഞിന്റെ കൈയില്‍നിന്ന് സമ്മാനം പിടിച്ചുവാങ്ങി തറയില്‍ എറിഞ്ഞു പൊട്ടിച്ചാലേ ആ മനസ്സിലെ കലിയടങ്ങൂ. തന്നെ ത്വലാഖ് ചൊല്ലിയ ഭര്‍ത്താവിനോടുള്ള തീരാപ്പകയാണ് ഇവിടെ കണ്ടത്. ചില പിതാക്കന്മാര്‍ക്കുമുണ്ട് ഈ പെരുമാറ്റരീതി. കുഞ്ഞുങ്ങള്‍ സന്ദര്‍ശിക്കാന്‍ വന്നാല്‍ മക്കളെ മസ്തിഷ്‌ക പ്രക്ഷാളനം നടത്തി ഉമ്മയോടുള്ള വെറുപ്പ് തലക്കകത്ത് കുത്തിനിറക്കും അവര്‍. വിവാഹമോചനം ഉണ്ടായ നിരവധി കുടുംബങ്ങളില്‍ ഇത്തരം അനുഭവങ്ങള്‍ ആവര്‍ത്തിക്കുന്നതായി എനിക്ക് തോന്നിയിട്ടുണ്ട്. വിവാഹമോചനാനന്തരം, മക്കളെയോര്‍ത്ത് വിവേകത്തോടും വീണ്ടുവിചാരത്തോടും പെരുമാറുന്ന രക്ഷിതാക്കളും ധാരാളമുണ്ടെന്ന കാര്യം ഞാന്‍ മറക്കുന്നില്ല.

മാതാപിതാക്കള്‍ ജീവിച്ചിരുന്നിട്ടു കൂടി അന്യതാബോധത്തിലേക്ക് ചവിട്ടിത്താഴ്ത്തപ്പെടുന്ന ദുര്യോഗമാണ് തങ്ങളുടെ പെരുമാറ്റം കൊണ്ട് ഉണ്ടാവുന്നതെന്ന്, നിര്‍ഭാഗ്യമെന്നു പറയട്ടെ, മിക്ക രക്ഷിതാക്കളും ഓര്‍ക്കുന്നില്ല. ഇത് കുട്ടിയെ സംബന്ധിച്ചേടത്തോളം മാനസിക പീഡനമാണ്, അവന്റെ മനോനിലയും മനസ്സമാധാനവും തകര്‍ക്കലാണ്. വേര്‍പിരിഞ്ഞെന്നിരുന്നാലും മാതാപിതാക്കളുടെ സ്‌നേഹത്തിന്റെ ശീതള ഛായയില്‍ ജീവിക്കുകയെന്നത് കുട്ടിയുടെ അവകാശമാണ്. വേര്‍പിരിയലിന്റെയും വിവാഹമോചനത്തിന്റെയും കാരണം എന്തു തന്നെയായാലും കുട്ടിക്ക് മാതാവിനോടും പിതാവിനോടുമുള്ള ബന്ധം അറുത്തെറിയാന്‍ കഴിയില്ലല്ലോ. കുട്ടിയുടെ പ്രായമനുസരിച്ച് വാരാന്ത്യ സന്ദര്‍ശനമാവാം. നേരത്തേ തീരുമാനിച്ച ക്രമം അനുസരിച്ചാവാം. പിതാവ് മയക്കുമരുന്നിനടിമയോ മറ്റ് ദുഃസ്വഭാവങ്ങള്‍ക്കിരയോ ആണെങ്കില്‍ സന്ദര്‍ശന വേളകള്‍ ചുരുക്കുന്നത് മക്കള്‍ക്ക് ഗുണം ചെയ്യുമെന്നാണ് നമ്മുടെ അഭിപ്രായം. ഉമ്മ ദുഃസ്വഭാവിയാണെങ്കിലും ഇതുതന്നെയാണ് നമുക്ക് പറയാനുള്ളത്. അത്തരം ഘട്ടങ്ങളില്‍ വലിയുപ്പയുടെയോ വലിയുമ്മയുടെയോ അടുത്ത് കുട്ടികള്‍ വളരുന്നതാണ് ആരോഗ്യകരം. കുട്ടികള്‍ വഴിതെറ്റാതിരിക്കാന്‍ അത് ഉപകരിക്കും.

താന്‍ എല്ലാവര്‍ക്കും പ്രിയങ്കരനാണെന്ന് കുട്ടിക്ക് തോന്നണം. ഒന്നിക്കുന്നതും ഭിന്നിക്കുന്നതുമെല്ലാം ജീവിതത്തിന്റെ പതിവു ക്രമങ്ങളില്‍ പെട്ടതാണെന്ന് കുട്ടിയെ ബോധ്യപ്പെടുത്തണം. മാതാപിതാക്കളോടുള്ള തന്റെ പെരുമാറ്റത്തിനും മാതാപിതാക്കള്‍ അന്യോന്യമുള്ള പെരുമാറ്റത്തിനുമിടയില്‍ വ്യത്യാസമുണ്ടെന്ന് അവന്‍ അറിയണം. ഈ ഒരു ബോധം വളര്‍ത്തിക്കൊണ്ടുവരുന്നത് പ്രയാസകരമാണ്. എന്നിരുന്നാലും കുട്ടി ഈ ധാരണയോടെ വളരേണ്ടത് ആവശ്യമാണ്. മാതാപിതാക്കളില്‍ ആരെയെങ്കിലും കുറിച്ച് കുട്ടിയുടെ മനസ്സില്‍ തെറ്റായ ധാരണ രൂപപ്പെട്ടാല്‍, തങ്ങളോടുള്ള കുട്ടിയുടെ പെരുമാറ്റത്തിലും അത് പ്രതിബിംബിക്കുമെന്ന് അവര്‍ അറിയേണ്ടതുണ്ട്. പെരുമാറ്റ വൈകല്യം മാതാപിതാക്കളോടുള്ള സമീപനത്തില്‍ ഒതുങ്ങിനില്‍ക്കില്ല. തന്റെ സമപ്രായക്കാരുമായുള്ള കുട്ടിയുടെ പെരുമാറ്റത്തെയും ഇത് ദോഷകരമായി ബാധിക്കും.

കുട്ടി ഉമ്മയുടെ സംരക്ഷണത്തില്‍ കഴിയുന്ന അവസ്ഥയില്‍ പിതാവിന് നമുക്ക് നല്‍കാനുള്ള ഉപദേശം ഇതാണ്; കുട്ടികളുടെ മാനസികാരോഗ്യം മുന്‍നിര്‍ത്തിയാണ് ഈ നിര്‍ദേശങ്ങള്‍:

ഒന്ന്: സന്ദര്‍ശനവേളയില്‍ അവരെ കാണുമ്പോള്‍ തനിക്കുള്ള സന്തോഷവും ആഹ്ലാദവും പിതാവ് തുറന്നു പ്രകടിപ്പിക്കണം.

രണ്ട്: ദിനേനയെന്നോണം അവരുമായി ആശയവിനിമയം വേണം, സംസാരം വേണം. നവമാധ്യമങ്ങളുടെ സൗകര്യങ്ങള്‍ വേണ്ടുവോളമുള്ള ഇക്കാലത്ത് അത് പ്രയാസകരമല്ല.

മൂന്ന്: മക്കളെ കാണാത്തതിലുള്ള നഷ്ടബോധത്തിന് പരിഹാരമെന്നോണം അവര്‍ ചോദിക്കുന്നതെന്തും വാങ്ങിക്കൊടുക്കുന്ന ശീലം നല്ലതല്ല, അവരുടെ വാശികള്‍ക്കും ശാഠ്യങ്ങള്‍ക്കും അനുസരണക്കേടിനും കാരണം വിവാഹമോചനമായിരുന്നു എന്ന് വിലയിരുത്തപ്പെടും അപ്പോള്‍. അത് കുട്ടിയുടെ സ്വഭാവം നശിപ്പിക്കും.

നാല്: കുട്ടിക്ക് ചെലവിന് കൊടുക്കുന്നത് തുടര്‍ന്നുകൊണ്ടേയിരിക്കണം. ഉമ്മയാണ് ചെലവ് ചെയ്യുന്നതെന്ന തോന്നല്‍ അവര്‍ക്കുണ്ടാവരുത്. ചെലവിന് ചിട്ടയോടെ കൊടുക്കാത്തതു കാരണം മക്കളുടെ ക്രോധത്തിനും വെറുപ്പിനും വിധേയരായിത്തീര്‍ന്ന നിരവധി പിതാക്കളെ എനിക്കറിയാം. ഈ അവസ്ഥയില്‍ ജീവസന്ധാരണത്തിന് ഉമ്മ ചെലവിട്ടേ മതിയാവൂ. മക്കള്‍ക്ക് പിതാവിനോടുള്ള ബന്ധം അറ്റുപോവുകയും അവര്‍ പിതാവുമായി നിരന്തര യുദ്ധത്തില്‍ ഏര്‍പ്പെടുകയുമാവും ഇതിന്റെ ഫലം. തങ്ങളെ ശുശ്രൂഷിക്കുകയോ പരിഗണിക്കുകയോ ചെയ്യാത്ത ഒരു പിതാവിനെ അവര്‍ എന്തിന് സ്‌നേഹിക്കണം!

അഞ്ച്: മക്കള്‍ പിതാവിന്റെ തെറ്റുകളും വീഴ്ചകളും ചൂണ്ടിക്കാണിച്ചാല്‍ അയാള്‍ മക്കള്‍ക്ക് ഉചിതമായ മറുപടി നല്‍കുകയും അവരുടെ സംശയങ്ങള്‍ ദൂരീകരിക്കുകയും വേണം.

ആറ്: കൗമാരപ്രായമെത്തിയ കുട്ടി ഉമ്മയോടോ പിതാവിനോടോ സംസാരിക്കുന്നതിലും ഇടപെടുന്നതിലും വിമുഖത കാട്ടുന്നു എന്ന് തോന്നിയാല്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന്റെ സേവനം തേടണം.

ഏഴ്: മാതാവോ പിതാവോ കുട്ടിയുടെ സംരക്ഷണത്തില്‍ വീഴ്ച വരുത്തിയാല്‍ ഒടുവിലെ അഭയം കോടതിയാണ്. വീഴ്ച വരുത്തുന്നവരെ സംരക്ഷണ ചുമതലയില്‍നിന്ന് മാറ്റിനിര്‍ത്താന്‍ കോടതിക്ക് കഴിയും. 

വിവ: പി.കെ ജമാല്‍

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-27 / അന്നംല് - (57-61)
എ.വൈ.ആര്‍