ജസ്റ്റിസ് വി. ഖാലിദ് എട്ട് ദശകത്തിന്റെ ജീവിതസാക്ഷ്യം
നവംബര്‍ 15-ന് 96-ാം വയസ്സില്‍ നമ്മെ വിട്ടുപിരിഞ്ഞ ജസ്റ്റിസ് വി. ഖാലിദ് പ്രസിദ്ധിയും പ്രശസ്തിയും ആഗ്രഹിക്കാത്ത, സൗമ്യതയും മിതഭാഷണവും ശീലമാക്കിയ ഉന്നത വ്യക്തിത്വത്തിനുടമയായിരുന്നു. പലപ്പോഴും അദ്ദേഹത്തെ കാണാനും ഇടപഴകാനും അവസരങ്ങളുണ്ടായിട്ടുണ്ട്. അപ്പോഴൊക്കെ 'നിറകുടം തുളുമ്പില്ല' എന്ന പഴമൊഴി അനുഭവിച്ചറിയുകയായിരുന്നു. മാന്യത നിറഞ്ഞുനില്‍ക്കുന്ന വിനയവും ഊഷ്മളതയാര്‍ന്ന സൗമ്യതയും ഹൃദ്യവും മൃദുലവുമായ സംസാരരീതിയും അദ്ദേഹത്തില്‍ കാണാനായ അനുകരണീയ മാതൃകകള്‍ തന്നെയാണ്. പ്രശസ്തി മോഹം അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. മുന്‍ സുപ്രീം കോടതി ജഡ്ജിയെന്ന നിലക്ക് ആനുകാലിക വിഷയങ്ങളിലും സംവാദങ്ങളിലും ഇടപെട്ട് പ്രസ്താവനകളിറക്കിയും മറ്റും പത്രകോളങ്ങളില്‍ നിറഞ്ഞുനില്‍ക്കാമായിരുന്നു. പക്ഷേ, Generally I am not a publicity man എന്നാണ് അദ്ദേഹം പറയാറ്. മദ്രാസിലെ എം.ജി.ആര്‍ മെഡിക്കല്‍ യൂനിവേഴ്‌സിറ്റിയുടെ ഡീനും പില്‍ക്കാലത്ത് തമിഴ്‌നാട് ന്യൂനപക്ഷ കമീഷന്റെ ഉപാധ്യക്ഷനുമായിരുന്ന ഡോ. ടി. കമാല്‍ ശരീഫ്, ജ. ഖാലിദുമായി അടുത്തിടപഴകിയ വ്യക്തിയാണ്. 'കഴിയുന്നതും ഉള്‍വലിയുക; വളരെ അത്യാവശ്യത്തിനു മാത്രം കരുതലോടെ സംസാരിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രത്യേകത. എന്നാല്‍ വൈജ്ഞാനിക ചര്‍ച്ചകള്‍ക്ക്, വിശിഷ്യാ മുസ്‌ലിം സമുദായവുമായും ഇസ്‌ലാമുമായും ബന്ധപ്പെട്ട വിഷയങ്ങള്‍ക്ക് അദ്ദേഹം സന്തോഷപൂര്‍വം താല്‍പര്യം കാണിക്കാറുണ്ടായിരുന്നു. മദ്രാസ് പെരിയമേട്ട് പള്ളിയില്‍ ദീര്‍ഘകാലം ഖത്വീബായിരുന്ന മര്‍ഹൂം മുഹമ്മദ് ഖാസിം ഭോപാലിലുമായി ദീനീ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടത്താറുണ്ടായിരുന്നു. പരിശുദ്ധ ഖുര്‍ആനുമായി ഗാഢബന്ധം പുലര്‍ത്തിയിരുന്നു...' ഇതായിരുന്നു കമാല്‍ ശരീഫിന്റെ പ്രതികരണം.
തഫ്ഹീമുല്‍ ഖുര്‍ആന്‍ ഉര്‍ദുവില്‍തന്നെ വായിക്കുകയായിരുന്നു അദ്ദേഹത്തിന്റെയും പത്‌നി റാബിയയുടെയും പതിവ്. അതിന്റെ കര്‍ത്താവ് മൗലാനാ മൗദൂദിയുടെ ശ്രദ്ധേയമായ ചില നിരീക്ഷണങ്ങളെ പറ്റിയും അത് നല്‍കുന്ന ഉള്‍ക്കാഴ്ചയെ പറ്റിയും ഈയുള്ളവനോട് സംസാരിക്കാറുണ്ടായിരുന്നു. മത സംഘടനകള്‍ തമ്മിലുള്ള അസഹിഷ്ണുതയും അമാന്യമായ കലഹവും അദ്ദേഹത്തെ വല്ലാതെ വേദനിപ്പിച്ചു. മുസ്‌ലിം സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ പരസ്പരസഹായകം (Complementary) ആവണമെന്നും പരസ്പരവിരുദ്ധം (Cotradictory) ആകരുതെന്നും ഊന്നിപ്പറയാറുണ്ടായിരുന്നു. അന്ധവിശ്വാസങ്ങളോടും അനാചാരങ്ങളോടും കടുത്ത വിയോജിപ്പ് പുലര്‍ത്തിയപ്പോഴും വിമര്‍ശനങ്ങളും വിയോജിപ്പുകളും രചനാത്മക ശൈലിയിലാവണമെന്ന നിഷ്‌കര്‍ഷ പുലര്‍ത്തി. ഏറെ അനുഭവസമ്പത്തുള്ള വ്യക്തിയാണെങ്കിലും മറ്റുള്ളവരുടെ സംസാരം സശ്രദ്ധം ശ്രവിക്കുന്നതിലായിരുന്നു, സംസാരിക്കുന്നതിനേക്കാള്‍ ഏറെ താല്‍പര്യം. റിട്ടയര്‍മെന്റിനു ശേഷം തീര്‍ത്തും ഉള്‍വലിഞ്ഞ ഖാലിദ് സാഹിബില്‍നിന്ന് കിട്ടേണ്ടതായ വിലപ്പെട്ട ഓര്‍മക്കുറിപ്പുകള്‍ കിട്ടാതെ പോകുന്നത് വലിയ നഷ്ടമാണെന്ന് അദ്ദേഹവുമായി സംസാരിച്ചപ്പോഴൊക്കെ തോന്നിയിരുന്നു. അന്തര്‍മുഖത്വമാവാം എഴുത്തില്‍നിന്ന് അദ്ദേഹത്തെ പിന്തിരിപ്പിച്ചത്.
തന്റെ പത്താമത്തെ വയസ്സില്‍ പിതാവ് നഷ്ടപ്പെട്ട ഖാലിദ് സാഹിബ് അശ്രാന്ത പരിശ്രമങ്ങളിലൂടെയാണ് വളര്‍ച്ചയുടെ പടവുകള്‍ കയറിയത്. മദ്രാസ് പ്രസിഡന്‍സി കോളേജില്‍നിന്ന് ഗണിതത്തില്‍ ബിരുദമെടുത്ത ശേഷം മലപ്പുറം ഗവ. ഹൈസ്‌കൂള്‍ അധ്യാപകനായിത്തീര്‍ന്ന അദ്ദേഹം പിന്നീട് നിയമപഠനത്തിനായി മദ്രാസ് ലോ കോളേജില്‍ എത്തുകയായിരുന്നു. കണ്ണൂര്‍ മുന്‍സിഫ് കോടതിയിലും തലശ്ശേരിയിലെ ജില്ലാ കോടതിയിലും വക്കീലായി ഒന്നര ദശകക്കാലം പ്രാക്ടീസ് ചെയ്തു. പിന്നീട് പ്രാക്ടീസ് ഹൈക്കോടതിയിലേക്ക് മാറ്റി. 1972-ല്‍ കേരള ഹൈക്കോടതിയില്‍ ജഡ്ജിയായി നിയമിക്കപ്പെട്ടു.
പെണ്‍കുട്ടികളുടെ വിദ്യാഭ്യാസമുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അദ്ദേഹം അതീവ തല്‍പരനായിരുന്നു. മുസ്‌ലിം സ്ത്രീകളുടെ വേദനകളും അവരനുഭവിക്കുന്ന സങ്കീര്‍ണ പ്രശ്‌നങ്ങളും അദ്ദേഹത്തിന്റെ മനസ്സിനെ മഥിച്ചു. കണ്ണൂര്‍ സിറ്റിയിലെയും തലശ്ശേരിയിലെയും മുസ്‌ലിം ജീവിതത്തിന്റെയും പില്‍ക്കാലത്ത് ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്തപ്പോഴുള്ള അനുഭവങ്ങളുടെയും മറ്റും പശ്ചാത്തലത്തില്‍ കൃത്യമായ നിലപാട് അക്കാര്യത്തില്‍ അദ്ദേഹത്തിനുണ്ടായിരുന്നു. മുസ്‌ലിം സമുദായം അവരുടെ സ്ത്രീകളോട് നീതി ചെയ്യുന്നില്ലെന്ന് അദ്ദേഹം സങ്കടപ്പെട്ടു. ഈയൊരു ചുറ്റുപാടില്‍ അദ്ദേഹം ഹൈക്കോടതി ജഡ്ജിയായിരിക്കെ മുസ്‌ലിം സമുദായത്തിലെ വിവാഹമോചന രീതികളുമായി ബന്ധപ്പെട്ട് നടത്തിയ അഭിപ്രായങ്ങള്‍ അക്കാലത്ത് വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. പില്‍ക്കാലത്ത്, തന്റെ ആ നിലപാട് വേണ്ടത്ര ഭദ്രമോ പക്വമോ ആയിരുന്നില്ലെന്ന അഭിപ്രായവും അദ്ദേഹത്തിനുണ്ടായിരുന്നെന്നു തോന്നുന്നു. അദ്ദേഹം പറഞ്ഞു: ''ഞാന്‍ സുപ്രീം കോടതിയില്‍നിന്ന് വിരമിക്കുന്നതുവരെ എന്റെ അബദ്ധം തിരുത്താനുള്ള ഒരവസരത്തിന് കാത്തിരിക്കുകയായിരുന്നു. പക്ഷേ അങ്ങനെ ഒരവസരം ഉണ്ടായില്ല. ആരെങ്കിലും ഭാവിയില്‍ അത് തിരുത്തുമെന്ന് ഞാന്‍ പ്രത്യാശിക്കുന്നു.'' വനിതാ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെപ്പറ്റി അദ്ദേഹം ഊന്നിപ്പറഞ്ഞു.
നല്ല അനുഷ്ഠാന നിഷ്ഠ പുലര്‍ത്തിയ ഭക്തനായിരുന്നു പരേതന്‍. ഏക സിവില്‍കോഡ് നടപ്പാക്കുന്നതിന് അദ്ദേഹം തീര്‍ത്തും എതിരായിരുന്നു. ഇന്ത്യന്‍ ഭരണഘടന വളരെ ഭേദപ്പെട്ടതും മെച്ചപ്പെട്ടതുമാണെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ''അതിന്റെ ശില്‍പികളില്‍ 85 ശതമാനം പേരും ഹിന്ദുക്കളായിരുന്നിട്ടും വിഭജനത്തിന്റെ പല സങ്കീര്‍ണതകളും സജീവമായിരുന്നിട്ടും ഭരണഘടനാ ശില്‍പികള്‍ ഇന്ത്യയെ ഒരു ഹിന്ദു രാഷ്ട്രമാക്കാതെ സെക്യുലര്‍ സ്റ്റേറ്റായി രൂപപ്പെടുത്തിയെന്നത് എടുത്തു പറയേണ്ട നന്മയാണ്.'' മുസ്‌ലിം വ്യക്തിനിയമത്തെ യഥാര്‍ഥ ശരീഅത്തിനനുസൃതമായി പുനഃക്രോഡീകരിക്കേണ്ടത് വളരെ അത്യാവശ്യമാണെന്ന ഉറച്ച അഭിപ്രായം അദ്ദേഹത്തിനുണ്ടായിരുന്നു. നിലവിലുള്ള മുഹമ്മദന്‍ ലോയും ശരീഅത്തും തമ്മിലുള്ള പൊരുത്തക്കേടുകളും വിടവുകളും തിരുത്തപ്പെടുകയോ പരമാവധി ചുരുക്കിയെടുക്കുകയോ വേണ്ടതുണ്ട്. നിലവിലുള്ള മുസ്‌ലിം വ്യക്തിനിയമത്തിലെ വിവാഹമോചന ചട്ടങ്ങള്‍ പൂര്‍ണമായും ശരീഅത്തിനനുസരിച്ച് പരിഷ്‌കരിക്കണമെന്നും വാദിച്ചു. മുത്ത്വലാഖിനെ അദ്ദേഹം ഒട്ടും അനുകൂലിച്ചിരുന്നില്ല.
കേരളത്തിലെ പ്രമാദമായ രാജന്‍ കേസ് വിധിയില്‍ ജസ്റ്റിസ് ഖാലിദ് പങ്കാളിയായിരുന്നു. ഇന്ദിരാഗാന്ധിയുടെ ഘാതകരുടെ അപ്പീല്‍ പരിഗണിച്ചതും അദ്ദേഹം ഉള്‍പ്പെടെയുള്ള ബെഞ്ചായിരുന്നു. ''...പ്രതികളുടെ ഹരജി അപ്പോള്‍ തന്നെ തള്ളിയാല്‍ മൂന്നു പേരെയും തൂക്കിക്കൊല്ലും. എന്റെ മനസ്സില്‍ പ്രതികള്‍ സമര്‍പ്പിച്ച ഹരജി തള്ളണമെന്നായിരുന്നു ഉണ്ടായിരുന്നത്. അത്രയും ക്രൂരവും നിന്ദ്യവുമായിരുന്നു ഇന്ദിരാ ഗാന്ധിയുടെ കൊലപാതകം. പക്ഷേ, ഞാനത് ചെയ്തില്ല. ഉച്ചഭക്ഷണത്തിനു ശേഷം എട്ടുമണിവരെ സമര്‍പ്പിച്ച ഹരജി മുഴുവനും ഞാന്‍ വായിച്ചുതീര്‍ത്തു. പ്രതികളുടെ വക്കീല്‍ രാം ജത്മലാനിയാണ്. ജസ്റ്റിസ് ജി.എല്‍ ഓസയായിരുന്നു എന്റെ കൂടെയുള്ളത്. പ്രതികളില്‍ ഒരാള്‍ അവരെ നേരിട്ട് വെടിവെച്ചയാളാണ്. അയാള്‍ക്കെതിരെ തെളിവ് കൃത്യവും. പ്രതികളുടെ വിചാരണ കോടതിയിലായിരുന്നില്ല. ജയിലില്‍ വെച്ചായിരുന്നു. പിറ്റെ ദിവസം വാദത്തില്‍ രാം ജത്മലാനി അതൊരു ലീഗല്‍ പോയിന്റായി എടുത്തുന്നയിച്ചു. നാല്‍പത്തഞ്ച് മിനിറ്റോളം അദ്ദേഹം തന്റെ വാദമവതരിപ്പിച്ചു. അതിനു ശേഷം ഞാന്‍ ഓസയോട് പറഞ്ഞു: ഒന്നാം പ്രതിയുടെ ഹരജി തള്ളാമെന്ന്; എന്നാല്‍ അയാള്‍ അത് സമ്മതിച്ചില്ല, പേടിയായിരുന്നു. നോ, ബ്രദര്‍ അയാള്‍ക്കുമുണ്ടല്ലോ കോമണ്‍ പോയിന്റ്... ഈ കേസില്‍ ലീവ് തന്നെ കിട്ടണമെന്നാവശ്യപ്പെട്ടു. ഞങ്ങളത് നല്‍കി. ക്രിമിനല്‍ നിയമജ്ഞനെന്ന നിലയില്‍ ഒരു ലെജന്റാണ് രാം ജത്മലാനി. വിരമിച്ചതിനു ശേഷം എനിക്കും ഏറാടിക്കും സെന്റ്ഓഫ് ഉണ്ടായിരുന്നു. ആ ദിവസം ജത്മലാനി അടുത്തേക്ക് വന്നു പറഞ്ഞു: Judge, normally I am not sorry when a judge leaves the Supreme Court,. But in your case, I feel sorry. പ്രതികള്‍ക്കും നിയമസംവിധാനത്തില്‍ കൃത്യമായ അവകാശങ്ങളുണ്ട് എന്ന നിലപാട് പ്രസ്തുത കേസ് വേളയില്‍ ഉയര്‍ത്തിപ്പിടിച്ചത് പലരെയും അന്ന് അമ്പരപ്പിച്ചിരുന്നു.''
ജഡ്ജിമാരുടെ നിയമനത്തിന് കൊളീജിയം എന്ന ഘടന തെറ്റാണെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. 'കൊളീജിയം മാറേണ്ടത് അത്യാവശ്യം തന്നെയാണ്. കൊളീജിയത്തില്‍ ഒരുപാട് ഇടപെടലുകള്‍ക്ക് സാധ്യതയുണ്ട്. നിലവിലുള്ള രീതി മാറണം. ചീഫ് ജസ്റ്റിസ്, സുപ്രീം കോടതിയിലെ സീനിയര്‍ ജഡ്ജിമാര്‍, പ്രധാനമന്ത്രി എന്നിവടങ്ങിയ ബോഡിയാണ് അഭികാമ്യം.''
പ്രശ്‌നസങ്കീര്‍ണ പ്രദേശമായ കശ്മീരില്‍ ചീഫ് ജസ്റ്റിസായി ഒരു വര്‍ഷം സേവനമനുഷ്ഠിച്ച ഖാലിദ് സാഹിബ് അനുഭവങ്ങള്‍ പങ്കുവെക്കുന്നത് ഇങ്ങനെ: ''... ആ ഒരു വര്‍ഷം എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിനങ്ങളായിരുന്നു. ഇപ്പോള്‍ അവിടെ നടക്കുന്ന സംഭവങ്ങള്‍ അറിയുമ്പോള്‍ എന്റെ മനസ്സ് വല്ലാതെ വേദനിക്കുന്നു. കുറേ കാര്യങ്ങളിലെങ്കിലും നമ്മുടെ സര്‍ക്കാറിന്റെ കൈകാര്യം ചെയ്യലിലെ താളപ്പിഴകളാണ് കുഴപ്പമുണ്ടാക്കുന്നത്. ജഗ്‌മോഹനെ ഗവര്‍ണറാക്കി കശ്മീരില്‍ അയച്ചു എന്നതാണ് ഇന്ദിരാ ഗാന്ധി ചെയ്ത വലിയ തെറ്റ്. ജഗ്‌മോഹന്‍ കശ്മീരികളെ ഒട്ടും സ്‌നേഹിച്ചിരുന്നില്ല. ജഗ്‌മോഹന്‍ രണ്ടു പ്രാവശ്യം കശ്മീരിലുണ്ടായിരുന്നു. ബി.കെ നെഹ്‌റുവായിരുന്നു ഒരു ഘട്ടത്തില്‍ അവിടെ ഗവര്‍ണര്‍. അദ്ദേഹം വളരെ മാന്യനായിരുന്നു. അദ്ദേഹവുമായി നല്ല അടുപ്പത്തിലായിരുന്നു. വിരമിച്ചതിനു ശേഷവും അത് തുടര്‍ന്നു. ഇന്ദിരാ ഗാന്ധിയും ബി.കെ നെഹ്‌റുവും തമ്മില്‍ അത്ര രസത്തിലായിരുന്നില്ല, അവര്‍ ബന്ധുക്കളാണെങ്കിലും. ഇന്ദിരാ ഗാന്ധി ബി.കെ നെഹ്‌റുവിനോട് ഫാറൂഖ് അബ്ദുല്ലയെ ഡിസ്മിസ് ചെയ്യാനാവശ്യപ്പെട്ടപ്പോള്‍ അങ്ങനെ ചെയ്യില്ലെന്നും അസംബ്ലിയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ കഴിഞ്ഞില്ലെങ്കിലേ പിരിച്ചുവിടുകയുള്ളൂ എന്നുമുള്ള നിലപാടിലദ്ദേഹം ഉറച്ചുനിന്നു. അന്ന് ബി.കെ നെഹ്‌റു അമേരിക്കയിലൊക്കെ ലക്ചര്‍ ടൂറിന് പോകാറുണ്ടായിരുന്നു. അപ്പോഴദ്ദേഹം ലീവെടുക്കാറില്ല. ഞാന്‍ ചെന്ന കാലത്ത് പക്ഷേ യാത്രക്ക് ലീവെടുക്കാതെ ഇന്ദിരാ ഗാന്ധി സമ്മതിച്ചില്ല. അങ്ങനെ ഗവര്‍ണര്‍ പദവിയിലിരിക്കെ പത്തു ദിവസം അദ്ദേഹം ലീവെടുത്തു പോയി. ആ ദിവസങ്ങളില്‍ ഞാനായിരുന്നു ആക്ടിംഗ് ഗവര്‍ണര്‍. ഏറെ കഴിയുന്നതിനു മുമ്പേ ഇന്ദിരാ ഗാന്ധി അദ്ദേഹത്തെ ഗുജറാത്തിലേക്ക് മാറ്റിക്കളഞ്ഞു. അപ്പോഴാണ് ജഗ്‌മോഹന്‍ വന്നത്....
കശ്മീരിന്റെ മാത്രം കാര്യമല്ല. ഹിമാചല്‍ പ്രദേശിനും അരുണാചല്‍ പ്രദേശിനുമെല്ലാമുണ്ട് ചില പ്രത്യേക അവകാശങ്ങള്‍. അവരെ നാം വിശ്വാസത്തിലെടുക്കുകയാണ് വേണ്ടത്. ഹിതപരിശോധനയാണ് പോംവഴി എന്ന് പറയാനിപ്പോള്‍ കഴിയില്ല. തെരഞ്ഞെടുപ്പ് നടത്തിയതോടെ ഹിതപരിശോധനയുടെ പ്രസക്തി നഷ്ടപ്പെട്ടു എന്നാണ് നമ്മുടെ വാദം. സിംല കരാര്‍ പ്രകാരമാണ് എല്ലാ പരിഹാരശ്രമങ്ങളും നടത്തേണ്ടത്. ഹിതപരിശോധനയില്ലാതെ കശ്മീര്‍ ജനതയുടെ മുഴുവന്‍ വിശ്വാസവും ആര്‍ജിച്ചെടുക്കാന്‍ കഴിയുന്ന പദ്ധതികളും പ്രവര്‍ത്തനങ്ങളുമാണ് പരിഹാര മാര്‍ഗം.''
ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യര്‍, പി.സി അലക്‌സാണ്ടര്‍ തുടങ്ങിയവരുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ഖാലിദ് സാഹിബ് ജഡ്ജിമാരെ പറ്റിയും കോടതികളെ പറ്റിയും പറഞ്ഞത് ഇങ്ങനെ സംക്ഷേപിക്കാം: ''മുഖ്യമായും സിവില്‍ പ്രൊസീജര്‍ കോഡ് ഘടനാപരമായി ഭേദഗതി ചെയ്യണം. കേസുകള്‍ സമയബന്ധിതമായി തീരാതിരിക്കാന്‍ കാരണം സിവില്‍ പ്രൊസീജറിന്റെ പോരായ്മ തന്നെയാണ്. കേസ് ഫയല്‍ ചെയ്ത് ഒരാള്‍ മരിച്ചാല്‍ അയാളുടെ അവകാശികളെ ചേര്‍ത്ത് പിന്നെ അയാള്‍ മരിച്ചാല്‍ വീണ്ടും അവകാശികളെ ചേര്‍ത്ത് പോകുന്ന പ്രൊസീജറിന് അറുതി വരുത്തണം. ബ്രിട്ടീഷുകാര്‍ ഉണ്ടാക്കിയ നിയമം ഇന്ത്യയില്‍ തുടര്‍ന്നുവരികയാണ്. അതിന് മാറ്റം വേണം....
അതുപോലെ, ജഡ്ജിമാര്‍ ഉറച്ച നിലപാടുള്ളവരാണെങ്കില്‍ പുറത്ത് നിന്ന് ആര്‍ എന്ത് അഭിപ്രായം പ്രകടിപ്പിച്ചാലും വിധിയെ അത് സ്വാധീനിക്കാനൊരിക്കലും പാടില്ല. ജഡ്ജ് തെളിവുകളുടെയും നിയമത്തിന്റെയും അടിസ്ഥാനത്തിലായിരിക്കണം തീരുമാനമെടുക്കേണ്ടത്. മറ്റുള്ളവര്‍ എന്തു പറഞ്ഞാലും വഴങ്ങിക്കൊടുക്കാന്‍ പാടില്ല. പൊതുജനാഭിപ്രായത്തിന് ജഡ്ജി ഒരിക്കലും കീഴ്‌പ്പെട്ടുപോകാന്‍ പാടില്ല. എന്നാല്‍ ഇപ്പോള്‍ സംഭവിക്കുന്നത് മറിച്ചാണ്. ജഡ്ജിമാര്‍ക്ക് ചില പരിമിതികളുണ്ട്. അവരുടെ എല്ലാ സൗകര്യങ്ങളും സര്‍ക്കാര്‍ ഉറപ്പുവരുത്തുന്നുണ്ട്. ജഡ്ജിമാര്‍ ക്ലബ്ബില്‍ പോയി കൂട്ടുചേര്‍ന്നാലും പണക്കാര്‍ക്കൊപ്പം സഹവാസം തുടര്‍ന്നാലും ജഡ്ജ്‌മെന്റിനെ അത് സ്വാധീനിക്കുമെന്നുറപ്പാണ്. അതുകൊണ്ട് ചിലത് ജഡ്ജിമാര്‍ ത്യജിക്കേണ്ടിവരും. അവര്‍ക്ക് സത്യസന്ധതയും വിശ്വാസ്യതയും നിലനിര്‍ത്താന്‍ ബാധ്യതയുണ്ട്. ഇന്ത്യന്‍ നീതിവ്യവസ്ഥക്ക് മേല്‍ ഡെമോക്ലസിന്റെ വാള്‍ തൂങ്ങിനില്‍ക്കുന്നുവെന്ന തോന്നല്‍ ചെറിയ അളവിലുണ്ട്. ജുഡീഷ്യല്‍ ഇന്റഗ്രിറ്റി, ജുഡീഷ്യല്‍ ഇംപാര്‍ഷ്യാലിറ്റി, ജുഡീഷ്യല്‍ റസ്‌പെക്ട് എന്നിവ വേണം. ഒരു പൗരന്റെ ഏറ്റവും അവസാനത്തെ രക്ഷാകേന്ദ്രമാണ് കോടതി. അതില്ലാതായാല്‍ പൗരന് എന്ത് വിലയാണുണ്ടാവുക? ഒരു ജഡ്ജി കാശ് വാങ്ങി വിധിച്ചാല്‍ പിന്നെ നിയമത്തിനെന്ത് വിലയാണുണ്ടാവുക?'' (ഉദ്ധരണികള്‍, ചന്ദ്രിക ആഴ്ചപ്പതിപ്പ്, 2013 ജനുവരി 23).
1984 മുതല്‍ പന്ത്രണ്ടു വര്‍ഷത്തോളം സുപ്രീം കോടതി ജഡ്ജിയായി സേവനമനുഷ്ഠിച്ച പരേതന്‍ പിന്നീട് ചെന്നൈ കേന്ദ്രമായുള്ള റെയില്‍വേ ട്രൈബ്യൂണലിലും തമിഴ്‌നാട് പോലീസ് കമീഷനിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1988 മുതല്‍ 2008 വരെ പി.എം ഫൗണ്ടേഷന്റെ അധ്യക്ഷനായിരുന്നു. പിന്നീട് ഏതാണ്ട് കാല്‍നൂറ്റാണ്ടിലേറെ കാലം നിശ്ശബ്ദനായി, സൗമ്യനായി, ഖുര്‍ആന്റെ കൂട്ടുകാരനായി ഒരുതരം ധ്യാനത്തില്‍, വലുതായൊന്നും പൊതുരംഗത്ത് പ്രത്യക്ഷപ്പെടാതെ കഴിഞ്ഞുകൂടി. എന്നാല്‍, വിശുദ്ധ ഖുര്‍ആനുമായി ബന്ധപ്പെട്ട ഖുര്‍ആന്‍ സ്റ്റിഡി സെന്റര്‍ കേരളയുടെയും മറ്റും സംസ്ഥാനതല പരിപാടികളില്‍ അദ്ദേഹം സസന്തോഷം പങ്കെടുത്തിരുന്നു. അല്ലാഹു അദ്ദേഹത്തിന്റെ പാരത്രിക ജീവിതം ശോഭനമാക്കിക്കൊടുക്കട്ടെ- ആമീന്‍.
Comments