പലിശമുക്ത അയല്‍കൂട്ടായ്മയും സുസ്ഥിര വികസനവും
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെന്നപോലെ ഇന്ത്യയിലും പലിശരഹിത വായ്പാ സംവിധാനങ്ങള്‍ ദശകങ്ങള്‍ക്കു മുമ്പേ വ്യാപകമായിട്ടുണ്ട്. ഇസ്‌ലാമിക പ്രസ്ഥാനങ്ങളാണ് ഈ രംഗത്ത് മുന്നില്‍ നില്‍ക്കുന്നത്. കേരളത്തില്‍ 1970 മുതല്‍ പലിശ രഹിത വായ്പാ നിധികള്‍ ആരംഭിക്കുകയുായി. 1990-കള്‍ വരെ 50-ല്‍ താഴെ ഘടകങ്ങളാണ് ഉണ്ടായിരുന്നത്. 1999-ല്‍ പലിശക്കെതിരെ സംസ്ഥാന തലത്തില്‍ കാമ്പയിന്‍ നടന്നതോടെ അവയുടെ എണ്ണം ക്രമത്തില്‍ 400 വരെയായി ഉയര്‍ന്നു. കാമ്പയിന്‍ കാലയളവില്‍ പലിശക്കെതിരെ ജനങ്ങളെ ബോധവല്‍ക്കരിക്കുക മാത്രമല്ല പൊതുജനങ്ങളില്‍നിന്ന് ഒപ്പു ശേഖരിച്ച് മന്ത്രിക്കും ഗവര്‍ണര്‍ക്കും ഭീമ ഹരജി സമര്‍പ്പിക്കുകയുമുണ്ടായി.
മൈക്രോ ഫിനാന്‍സ്
മികച്ച സാമൂഹിക സേവന സംരംഭമായാണ് പലിശരഹിത വായ്പാ സംവിധാനങ്ങള്‍ വിലയിരുത്തപ്പെടുന്നത്. വായ്പകള്‍ അനുവദിക്കുന്നതില്‍ മാത്രമല്ല, ചെറുകിട സംരംഭങ്ങളില്‍ നിക്ഷേപം നടത്തി ജനങ്ങളുടെ സമ്പത്ത് വര്‍ധിപ്പിക്കുന്നതിലും തൊഴില്‍ സൃഷ്ടിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളിലും വ്യാപൃതരായിട്ടുണ്ട്. ഇത്തരം സംരംഭങ്ങളുടെ വളര്‍ച്ച പ്രതീക്ഷിച്ചതിലും വേഗത്തിലാണ്.
മൈക്രോ ഫിനാന്‍സ് പ്രസ്ഥാനം പലതരം സാമ്പത്തിക പിന്‍ബലത്തില്‍ 1990-കളോടെ ലോകമെങ്ങും വ്യാപിച്ചു. ദാരിദ്ര്യ നിര്‍മാര്‍ജനത്തിനുള്ള വഴിയായി യു.എന്‍ പോലും ഇതിനെ അവതരിപ്പിക്കുന്നുണ്ട്. സര്‍ക്കാര്‍ മുന്‍കൈയെടുത്തും സ്വകാര്യ മേഖലയിലും ധാരാളം സംരംഭങ്ങളാണ് കഴിഞ്ഞ രണ്ട് ദശകങ്ങളിലായി വളര്‍ന്നുവന്നത്. കേരളത്തില്‍ സര്‍ക്കാര്‍ സഹായത്തോടെയും മത - സാമൂഹിക - സാംസ്‌കാരിക വിഭാഗങ്ങളിലൂടെയും പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഒകളായി അറിയപ്പെടുന്നത് മൈക്രോ ഫിനാന്‍സ് പ്രസ്ഥാനങ്ങളാണ്. ഈ പ്രസ്ഥാനങ്ങള്‍ക്ക് വമ്പിച്ച രാഷ്ട്രീയ സമ്മര്‍ദശേഷിയുണ്ടെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. മൈക്രോ ഫിനാന്‍സ് സംരംഭങ്ങള്‍ ഈടാക്കുന്ന പലിശ 25 ശതമാനം മുതല്‍ 35 ശതമാനം വരെ ഉയര്‍ന്നു. അതിനാല്‍ തന്നെ സ്വകാര്യ മുതലാളിമാര്‍ വന്‍ ലാഭം ലക്ഷ്യമിട്ട് ഈ രംഗത്തേക്ക് കാലെടുത്തുവെച്ചത് മേഖലയെ കൊഴുപ്പിച്ചു. അതോടൊപ്പം ചൂഷണത്തിന്റെ മറ്റൊരു രൂപമായി പലിശാധിഷ്ഠിത മൈക്രോ ഫിനാന്‍സ് സംരംഭങ്ങള്‍ മാറുന്നതായി സര്‍ക്കാര്‍ ഏജന്‍സികള്‍ പോലും ചൂണ്ടിക്കാണിക്കുന്നു.
ഇവിടെയാണ് പലിശരഹിത മൈക്രോ ഫിനാന്‍സിന്റെ പ്രാധാന്യം വര്‍ധിക്കുന്നത്. നേരത്തേ നിലവിലുള്ള സാമ്പത്തിക സഹകരണ സംവിധാനങ്ങളെ പുതിയ കാലഘട്ടത്തിനനുസരിച്ച് പുനഃക്രമീകരിക്കുകയാണ് ഇസ്‌ലാമിക് മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍. പഞ്ചായത്ത്‌തോറും പലിശരഹിത അയല്‍ കൂട്ടത്തിന്റെ രൂപീകരണവും പ്രചാരണവും മൈക്രോ ഫിനാന്‍സ് പ്രവര്‍ത്തനങ്ങളില്‍ മാര്‍ഗനിര്‍ദേശങ്ങളും ശില്‍പശാലകളും സോഷ്യല്‍ ആന്റ് ഫിനാന്‍ഷ്യല്‍ ഓഡിറ്റിംഗുമാണ് ഇന്‍ഫാകിന്റെ പ്രവര്‍ത്തനങ്ങള്‍.
2015 ജനുവരി 31-നായിരുന്നു ഇന്‍ഫാകിന്റെ ഔദ്യോഗിക ലോഞ്ചിംഗ്. ജമാഅത്തെ ഇസ്‌ലാമിയുടെ അന്നത്തെ സംസ്ഥാന അധ്യക്ഷന്‍ ടി. ആരിഫലി, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, സാമ്പത്തിക വിദഗ്ധന്‍ സി.പി ജോണ്‍, ഇന്ത്യന്‍ അസോസിസിയേഷന്‍ ഫോര്‍ ഇസ്‌ലാമിക് ഇക്കണോമിക്‌സിന്റെ അഖിലേന്ത്യ ഭാരവാഹിയും അലീഗഢ് മുസ്‌ലിം യൂനിവേഴ്‌സിറ്റിയിലെ മാനേജ്‌മെന്റ് വിഭാഗം തലവനുമായ ഡോ. വലീദ് അന്‍സാരി തുടങ്ങിയവരായിരുന്നു പ്രഖ്യാപന സമ്മേളനത്തിലെ മുഖ്യാതിഥികള്‍.
അയല്‍കൂട്ടങ്ങള്‍ക്കും അവയുടെ പ്രവര്‍ത്തന മികവിന് സഹായിക്കുന്ന പ്രാദേശിക സന്നദ്ധ സംഘടനകള്‍ക്കും നിരന്തര പരിശീലനവും പ്രാത്സാഹനവുമാണ് ഇന്‍ഫാക് നല്‍കുന്നത്. അയല്‍കൂട്ട അംഗങ്ങളുടെ നേതൃഗുണം വര്‍ധിപ്പിക്കുന്നതിനും സാമൂഹിക പുരോഗതിക്കും ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ ഇന്‍ഫാക് നിര്‍വഹിച്ചുവരുന്നു. കേരളത്തിന്റെ സാമൂഹിക മേഖലയില്‍ ചൂഷണമുക്തമായ മൈക്രോ ഫിനാന്‍സ് സംവിധാനം ശക്തിപ്പെടുത്താന്‍ ഇന്‍ഫാകിന് സാധിച്ചിട്ടുണ്ട്.
ഇന്‍ഫാക് സുസ്ഥിര വികസന സൊസൈറ്റി
ഇന്‍ഫാക് സസ്റ്റയിനബ്ള്‍ ഡെവലപ്‌മെന്റ് സൊസൈറ്റി കേരളത്തിലുടനീളം പ്രാദേശിക തലങ്ങളില്‍ ഇത്തരം അയല്‍കൂട്ടങ്ങള്‍ രൂപീകരിക്കുന്ന പലിശരഹിത രീതികളിലൂടെ സാമ്പത്തിക സഹകരണം ശക്തമാക്കി അതുവഴി ജനക്ഷേമം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ രൂപവത്കരിച്ച എന്‍.ജി.ഒ ആണ്. പ്രസ്ഥാന നിയന്ത്രണത്തിലും മാര്‍ഗ നിര്‍ദേശത്തിലും നടക്കുന്ന സേവന പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതും പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ സഹായ സഹകരണങ്ങള്‍ ലഭ്യമാക്കുന്നതും പഞ്ചായത്ത് തലത്തില്‍ രൂപവല്‍ക്കരിക്കുന്ന പ്രാദേശിക സന്നദ്ധ സംഘടനകളാണ്.
സര്‍ക്കാര്‍ തലത്തിലും മത സാംസ്‌കാരിക സംഘടനകളുടെ മേല്‍നോട്ടത്തിലും പ്രവര്‍ത്തിക്കുന്ന പതിനായിരക്കണക്കിന് അയല്‍കൂട്ടങ്ങള്‍ കേരളത്തിന്റെ പുരോഗതിയില്‍ വലിയ പങ്കാളിത്തം വഹിക്കുന്ന സ്ഥാപനങ്ങളായി വളരുകയാണ്. പലിശരഹിത മൈക്രോ ഫിനാന്‍സ് സംവിധാനമെന്ന നിലയില്‍ ശ്രദ്ധേയമാവുകയാണ് സംഗമം അയല്‍കൂട്ടങ്ങള്‍.
മലപ്പുറം കോട്ടക്കല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍ഫാക് സസ്റ്റയിനബ്ള്‍ ഡെവലപ്‌മെന്റ് സൊസൈറ്റിയാണ് സംഗമം അയല്‍കൂട്ട പ്രവര്‍ത്തനങ്ങള്‍ക്ക് കാര്‍മികത്വം വഹിക്കുന്നത്. പീപ്പ്ള്‍സ് ഫൗണ്ടേഷന്‍ ഇന്‍ഫാക് പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുകയും ചെയ്യുന്നു.
ഓരോ പ്രദേശത്തെയും അയല്‍പക്ക വീടുകളിലെ 20 പേര്‍ ചേര്‍ന്നതാണ് ഒരു അയല്‍കൂട്ടം. അയല്‍കൂട്ടത്തിലെ ഓരോ അംഗവും അവരുടെ സമ്പാദ്യം അയല്‍കൂട്ടങ്ങളില്‍ നിക്ഷേപിച്ച് കടമായും നിക്ഷേപമായും സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുന്നു.
ഭൗതിക വിഭവങ്ങളുടെ സിംഹഭാഗവും 15 ശതമാനം വരുന്ന ന്യൂനപക്ഷം കൈയടക്കിവെച്ചിരിക്കുന്ന ലോകസാഹചര്യത്തില്‍ ദരിദ്ര വിഭാഗങ്ങളുടെ പുരോഗതിക്ക് സാമൂഹികസാമ്പത്തിക മുന്നേറ്റം അനിവാര്യമാണ്. സൂക്ഷ്മതല സാമ്പത്തിക പ്രവര്‍ത്തനങ്ങളും അയല്‍കൂട്ട പ്രവര്‍ത്തനവും പിന്നാക്ക വിഭാഗങ്ങളെ പുരോഗതിയിലേക്ക് നയിക്കുന്ന സംവിധാനങ്ങളാണ്. അയല്‍കൂട്ടങ്ങളുടെ പ്രവര്‍ത്തനത്തിലേക്ക് സ്ത്രീകളുടെ ശേഷിയും പങ്കാളിത്തവും കൈമുതലാക്കി ക്രിയാത്മകമായ മുന്നേറ്റത്തിനാണ് മലയാളനാട് സാക്ഷ്യം വഹിക്കുന്നത്; സ്ത്രീ ശാക്തീകരണത്തിന്റെ ഉത്തമ മാതൃക അതുവഴി നടപ്പാക്കുകയാണ്.
സാധാരണക്കാര്‍ക്കും ദരിദ്രര്‍ക്കും അത്താണിയാവേണ്ടുന്ന മൈക്രോ ഫിനാന്‍സ് സംരംഭങ്ങള്‍ കഴുത്തറപ്പന്‍ പലിശക്കെണിയില്‍ അകപ്പെടുത്തി ഗുണഭോക്താക്കളെ വഞ്ചിക്കുമ്പോള്‍ ജനകീയവും പലിശമുക്തവുമായ പദ്ധതികളിലൂടെ സമൂഹവികസനത്തിന് കളമൊരുക്കുകയാണ് അയല്‍കൂട്ടങ്ങള്‍. കേരളത്തിലെ എല്ലാ ജില്ലകളിലും സംഗമം അയല്‍ കൂട്ടങ്ങളും ലോക്കല്‍ എന്‍.ജി.ഒകളും സാധാരണക്കാരന്റെ ജീവിത സങ്കല്‍പങ്ങള്‍ക്ക് ശക്തി പകരുന്നു്. ചൂഷണമുക്തമായ പ്രായോഗിക ബദല്‍ കേരളത്തിന് പരിചയപ്പെടുത്തുകയാണ് ഇന്‍ഫാക് സൊസൈറ്റി.
കാല്‍ലക്ഷത്തോളം അംഗങ്ങളും 1350 അയല്‍കൂട്ടങ്ങളും അവക്ക് താങ്ങും തണലുമായ 100 പ്രാദേശിക എന്‍.ജി.ഒകളുമായി മറ്റു അയല്‍കൂട്ട സംവിധാനങ്ങളില്‍നിന്നും വ്യതിരിക്തമായ പലിശരഹിത അയല്‍കൂട്ടായ്മ എന്ന ആശയം മുന്നോട്ടു വെക്കുന്നു എന്നതാണ് ഇന്‍ഫാകിന്റെ വളര്‍ച്ചയുടെ അടിസ്ഥാന കാരണം. പലിശരഹിത സംവിധാനത്തിന് സാമൂഹിക വളര്‍ച്ചയിലും പുരോഗതിയിലും വഹിക്കാന്‍ കഴിയുന്ന പങ്ക് അടയാളപ്പെടുത്തുകയാണ് സംഗമം അയല്‍കൂട്ടങ്ങള്‍. സാധാരണക്കാരില്‍ സമ്പാദ്യശീലം, സ്വാശ്രയബോധം, വിശ്വാസ്യത, വാഗ്ദത്ത പാലനം, സ്വാഭിമാനം, നേതൃശേഷി, പരസ്പര സഹായ-സേവന സന്നദ്ധത, കൃത്യനിഷ്ഠ തുടങ്ങിയ മൂല്യങ്ങള്‍ വളര്‍ത്തുകയും ധൂര്‍ത്ത്, ദുര്‍വ്യയം തുടങ്ങിയ തിന്മകളില്‍നിന്ന് അവരെ തടയുകയും ചെയ്തുകൊ് നന്മേഛുക്കളുടെ ഒരു വലിയ സംഘത്തെ വാര്‍ത്തെടുക്കുക കൂടി ചെയ്യുന്നു സംഗമം അയല്‍കൂട്ടങ്ങള്‍. നവ സമൂഹത്തിന്റെ രചനാത്മകമായ സൃഷ്ടിപ്പിന് വലിയ മുതല്‍ക്കൂട്ടാവും ഈ പുതിയ കാല്‍വെപ്പ്.
സംഗമം അയല്‍കൂട്ടായ്മയുടെ നേതൃസംഗമം 2018 ജനുവരി 2-ന് തിരൂര്‍ വാഗണ്‍ ട്രാജഡി ടൗണ്‍ ഹാളില്‍ നടക്കുകയാണ്. സംഗമം അയല്‍കൂട്ടായ്മയുടെ സംസ്ഥാന ലോഞ്ചിംഗും സംരംഭകത്വ സദസ്സും കലാവിരുന്നും ഉള്‍പ്പെടെയുള്ള പരിപാടിയില്‍ സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങള്‍ സംബന്ധിക്കുന്നു. സംഗമം അയല്‍കൂട്ട ഭാരവാഹികളെയും പ്രാദേശിക സന്നദ്ധ സംഘടനാ പ്രവര്‍ത്തകരെയുമാണ് ഇതിലേക്ക് ക്ഷണിച്ചിരിക്കുന്നത്.
Comments