ഫലസ്ത്വീന്‍: അമേരിക്കന്‍ ധാര്‍ഷ്ട്യവും ഒ.ഐ.സിയുടെ നിസ്സഹായതയും
അധിനിവേശ കിഴക്കന്‍ ജറൂസലം നഗരത്തെ ഇസ്രയേല്‍ തലസ്ഥാനമായി അംഗീകരിക്കാനും അമേരിക്കന്‍ എംബസി ഇസ്രയേല്‍ തലസ്ഥാനമായ തെല്‍അവീവില്‍നിന്ന് ജറൂസലമിലേക്ക് മാറ്റാനുമുള്ള യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനത്തിനെതിരെ ലോകവ്യാപകമായി പ്രതിഷേധം ആഞ്ഞടിക്കുകയാണ്. പ്രക്ഷോഭം രൂക്ഷമായ അധിനിവേശ ഫലസ്ത്വീനില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ നിഷ്ഠുരമായ ആക്രമണങ്ങളില്‍ ഇതിനകം ഒമ്പതു പേര്‍ രക്തസാക്ഷികളാവുകയും രണ്ടായിരത്തിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ട്രംപിന്റെ പ്രഖ്യാപനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുന്ന യു.എന്‍ രക്ഷാസമിതി പ്രമേയം അമേരിക്ക വീറ്റോ ചെയ്തെങ്കിലും മറ്റു 14 അംഗ രാജ്യങ്ങള്‍ പ്രമേയത്തിന് അനുകൂലമായി വോട്ടു ചെയ്തതോടെ വാഷിംഗ്ടണ്‍ തീര്‍ത്തും ഒറ്റപ്പെട്ടിരിക്കുകയാണ്.
ഡിസംബര്‍ ആറിനാണ് ട്രംപിന്റെ പ്രഖ്യാപനം വരുന്നത്. സയണിസ്റ്റുകള്‍ക്ക് അനുകൂലമായ തന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പാക്കുമെന്ന് കുറേ നാളുകളായി യു.എസ് പ്രസിഡന്റ് പറഞ്ഞുകൊണ്ടേയിരിക്കുകയായിരുന്നു. എന്നാല്‍ യു.എസ് പ്രസിഡന്റിന്റെ മുസ്‌ലിംവിരുദ്ധ നിലപാടുകള്‍ക്കെതിരെ ശബ്ദിക്കാനോ അപകടകരമായ നീക്കങ്ങളില്‍നിന്ന് പിന്തിരിപ്പിക്കാനോ ട്രംപിന്റെ ഏറ്റവുമടുത്ത സുഹൃത്തുക്കളായ മുസ്‌ലിം ഭരണാധികാരികള്‍ ഇക്കാലമത്രയും തയാറായില്ല. പകരം ഉച്ചകോടികളില്‍ ട്രംപിനെ മുഖ്യാതിഥിയായി ക്ഷണിച്ചുവരുത്തി ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കും ദോഷം വരുത്തുന്ന പ്രവര്‍ത്തനങ്ങളില്‍ കൈയൊപ്പ് ചാര്‍ത്തിക്കാനാണ് അവര്‍ സമയം കണ്ടത്. തന്റെ തീരുമാനം പ്രഖ്യാപിക്കുന്നതിനു മുമ്പ് ചില മുസ്‌ലിം ഭരണാധികാരികളെ ഫോണില്‍ വിളിച്ച് ട്രംപ് നിലപാട് വ്യക്തമാക്കിയെന്നും അരുതെന്ന് അവര്‍ പറഞ്ഞുവെന്നും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തത് മാത്രമാണ് നാം അറിയുന്ന ട്രംപിന്റെ പ്രഖ്യാപനവും അതിനോടുള്ള മുസ്‌ലിം ലോകത്തിന്റെ പ്രതിരോധവും.
മുസ്‌ലിം ലോകത്തിന് പിന്നെ ചെയ്യാനുള്ളത് ഉച്ചകോടി വിളിച്ചുചേര്‍ത്ത് ഭാവി പരിപാടികള്‍ തീരുമാനിക്കലാണ്. ട്രംപിന്റെ വിവാദ ഉത്തരവ് ചര്‍ച്ച ചെയ്യാന്‍ തുര്‍ക്കി പ്രസിഡന്റും ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോ-ഓപറേഷന്‍ (ഒ.ഐ.സി) ചെയര്‍മാനുമായ റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ ഇസ്തംബൂളില്‍ വിളിച്ചു ചേര്‍ത്ത പ്രത്യേക ഉച്ചകോടി എന്തെങ്കിലും ക്രിയാത്മക തീരുമാനങ്ങള്‍ എടുക്കുമെന്ന് മുസ്‌ലിം ലോകം ന്യായമായും പ്രതീക്ഷിച്ചു. പക്ഷേ, മുസ്‌ലിം ജനത അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളില്‍ ഒ.ഐ.സി രാജ്യങ്ങളുടെ ഉത്കണ്ഠ എത്രയുണ്ടെന്നതിന്റെ വ്യക്തമായ ഉദാഹരണമായിരുന്നു ഉച്ചകോടി. മുസ്‌ലിം ലോകത്തെ ബാധിക്കുന്ന ഗൗരവമായ വിഷയം ചര്‍ച്ചയാവേണ്ട സമ്മേളനത്തില്‍നിന്ന് അമേരിക്കയോട് ആഭിമുഖ്യം പുലര്‍ത്തുന്ന രാജ്യങ്ങള്‍ വിട്ടുനിന്നു എന്നു പറയുന്നതാവും ശരി. രാഷ്ട്രത്തലവന്മാര്‍ പങ്കെടുക്കേണ്ട ഉച്ചകോടിയിലേക്ക് പല രാജ്യങ്ങളും അയച്ചത് ജൂനിയര്‍ മന്ത്രിമാരെ. സ്വന്തം നിലയില്‍ 'ഫലസ്ത്വീനികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച്' സായൂജ്യം കണ്ടെത്തിയവരുമുണ്ട്.
ഉച്ചകോടിയുടെ ഫൈനല്‍ കമ്യൂണിക്കെ നിരാശയാണ് സമ്മാനിച്ചത്. മേലനങ്ങുന്ന എന്തെങ്കിലും പ്രഖ്യാപനങ്ങള്‍ നടത്തുന്നതില്‍ ഒ.ഐ.സി പതിവുപോലെ പരാജയപ്പെട്ടെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തില്‍ ചെയ്യാന്‍ പറ്റുന്ന ചില നടപടികള്‍ സമ്മേളനത്തിലുണ്ടായി എന്നത് വിസ്മരിക്കുന്നില്ല. സ്വതന്ത്ര ഫലസ്ത്വീന്‍ രാഷ്ട്രത്തിന്റെ (അത് എന്ന് യാഥാര്‍ഥ്യമാകുമെന്ന് ആര്‍ക്കും നിശ്ചയമില്ല) തലസ്ഥാനമായിരിക്കും കിഴക്കന്‍ ജറൂസലമെന്ന് കമ്യൂണിക്കെ പ്രഖ്യാപിച്ചതും ഫലസ്ത്വീന്‍ പ്രശ്‌ന പരിഹാര പ്രക്രിയയില്‍ ഇനി അമേരിക്ക മാധ്യസ്ഥന്റെ റോളില്‍ വരേണ്ടെന്ന് തുറന്നടിച്ചതും ഫലസ്ത്വീനെ ഇതുവരെ അംഗീകരിച്ചിട്ടില്ലാത്ത രാജ്യങ്ങളോട് പ്രസ്തുത നടപടിക്ക് തയാറാവണമെന്ന അഭ്യര്‍ഥനയുമാണ് ഉച്ചകോടിയിലെ പ്രധാന ആവശ്യങ്ങള്‍. ഒ.ഐ.സി തീരുമാനങ്ങള്‍ നടപ്പാക്കുന്നതിന് മുന്നില്‍ നില്‍ക്കാന്‍ തുര്‍ക്കി തന്നെ രംഗത്തുവരുന്നതും കണ്ടു. കിഴക്കന്‍ ജറൂസലമില്‍ തന്റെ രാജ്യം എംബസി തുറക്കുമെന്ന ഉര്‍ദുഗാന്റെ പ്രഖ്യാപനം ഇസ്രയേലുമായുള്ള നയതന്ത്ര ബന്ധം വിഛേദിക്കുമെന്ന ആദ്യ പ്രഖ്യാപനത്തില്‍നിന്ന് വ്യത്യസ്തമായ ഒരു ചുവടുവെപ്പായി കാണാം.
ഇസ്രയേലിനേക്കാള്‍ ട്രംപിന്റെ അമേരിക്കക്കെതിരെ ആയിരുന്നു ഒ.ഐ.സി രംഗത്തുവരേണ്ടിയിരുന്നത്. മുസ്‌ലിം രാജ്യങ്ങള്‍ ഒന്നടങ്കം അമേരിക്കന്‍ സ്ഥാനപതിമാരെ പുറത്താക്കുമെന്ന ഒരൊറ്റ പ്രഖ്യാപനം ഉണ്ടായിരുന്നെങ്കില്‍ അതായിരുന്നു ട്രംപിനും കൂട്ടാളികള്‍ക്കും നല്‍കാമായിരുന്ന ഷോക്ക് ട്രീറ്റ്‌മെന്റ്. ഇത്തരമൊരു നിലപാട് സ്വീകരിക്കണമെന്ന ആവശ്യം ഉച്ചകോടിക്കിടയില്‍ ഉയര്‍ന്നുവന്നതുമാണ്. ചരിത്രം ആവശ്യപ്പെടുന്ന ഈ നിലപാട് സ്വീകരിക്കണമെങ്കില്‍ ഒ.ഐ.സി വേറെ ജനിക്കണമെന്നാണ് ഒരു നിരീക്ഷകന്‍ അഭിപ്രായപ്പെട്ടത്. കിഴക്കന്‍ ജറൂസലമിനു പകരം ജറൂസലം ഗവര്‍ണറേറ്റില്‍ ഉള്‍പ്പെടുന്ന അബൂദിസ് തലസ്ഥാനമായി സ്വതന്ത്ര ഫലസ്ത്വീന്‍ രാഷ്ട്രം മതിയെന്ന നിര്‍ദേശം വരെ രണ്ട് അറബ് രാജ്യങ്ങള്‍ ഫലസ്ത്വീന്‍ അതോറിറ്റിക്കു മുമ്പാകെ വെച്ചുവെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ട്രംപിന്റെ പ്രഖ്യാപനം ഒ.ഐ.സിയിലെ ഈ പ്രമുഖാംഗങ്ങളുടെ അനുവാദത്തോടെയാണെന്ന ആരോപണങ്ങളും ശക്തിപ്പെട്ടിരിക്കുന്നു.
ഖുദ്‌സിന്റെ (ജറൂസലം) പേരിലാണ് മുസ്‌ലിം രാജ്യങ്ങളുടെ ആഗോള കൂട്ടായ്മയായി ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോണ്‍ഫറന്‍സ് അഥവാ ഒ.ഐ.സി (ഇപ്പോള്‍ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോ-ഓപറേഷന്‍) 1969-ല്‍ രൂപം കൊള്ളുന്നത്. 1967-ലെ യുദ്ധത്തില്‍ ഇസ്രയേല്‍ കൈയടക്കിയ കിഴക്കന്‍ ജറൂസലമിന്റെ ഭാഗമായ മസ്ജിദുല്‍ അഖ്‌സ്വാക്ക് സയണിസ്റ്റുകള്‍ തീയിട്ടത് ആഗോള പ്രതിഷേധത്തിന് ഇടയാക്കി. ആസ്‌ട്രേലിയന്‍ സയണിസ്റ്റായ ഡെന്നിസ് മിഷേല്‍ റോഹനാണ് ഇസ്രയേലി ജൂതന്മാരുടെ സഹായത്താല്‍ ഈ നീചപ്രവൃത്തി ചെയ്തത്. മരത്തില്‍ പണിത പള്ളിയുടെ മേല്‍ക്കൂരയും പ്രസംഗ പീഠവും കത്തിനശിച്ചു. അന്നത്തെ മുഫ്തി അമീനുല്‍ ഹുസൈന്റെ അഭ്യര്‍ഥന പ്രകാരം സുഊദി ഭരണാധികാരി ഫൈസല്‍ രാജാവ് മുന്‍കൈയെടുത്ത് 1969 സെപ്റ്റംബര്‍ 25-ന് മൊറോക്കോ തലസ്ഥാനമായ റബാത്തില്‍ മുസ്‌ലിം രാജ്യങ്ങളുടെ സമ്മേളനം വിളിച്ചുകൂട്ടി. 24 രാജ്യങ്ങള്‍ സമ്മേളനത്തില്‍ പങ്കെടുത്തു. ആറു മാസത്തിനു ശേഷം മുസ്‌ലിം രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരുടെ പ്രഥമ സമ്മേളനം ജിദ്ദയില്‍ ചേരുകയും ഇസ്‌ലാമിന്റെയും മുസ്‌ലിംകളുടെയും പൊതു പ്രശ്‌നങ്ങളില്‍ യോജിച്ചുനീങ്ങാന്‍ തീരുമാനിക്കുകയും ചെയ്തു. ഒ.ഐ.സി ക്രമേണ വിപുലീകരിക്കപ്പെട്ടു. ഇന്ന് 57 മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങള്‍ സംഘടനയില്‍ അംഗങ്ങളാണ്.
മുസ്‌ലിം ലോകം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളില്‍ സമയാസമയം ഇടപെട്ട് കൂട്ടായ തീരുമാനമെടുക്കുകയും യു.എന്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര വേദികളില്‍ വിഷയം ഉന്നയിച്ച് പരിഹാരം കണ്ടെത്തുകയും ചെയ്യുകയെന്ന ഉത്തരവാദിത്തം നിര്‍വഹിക്കുന്നതില്‍ ഒ.ഐ.സി പരാജയപ്പെടുന്നതാണ് ഇക്കാലമത്രയും കണ്ടത്. ഇസ്‌ലാമിക താല്‍പര്യങ്ങള്‍ക്കപ്പുറം നിക്ഷിപ്ത നിലപാടുകളാണ് ഒ.ഐ.സിയിലെ പ്രമുഖ രാജ്യങ്ങള്‍ സ്വീകരിച്ചുപോരുന്നത് എന്നതാണ് ഇതിനു കാരണം. അംഗരാജ്യങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ യുദ്ധങ്ങളിലേക്കുവരെ എത്തിയിട്ടും ക്രിയാത്മകമായി ഇടപെടുന്നതിനു പകരം വ്യക്തമായി പക്ഷം പിടിച്ചും (ഇറാന്‍-ഇറാഖ് യുദ്ധം) ഒരു അംഗരാജ്യം അയല്‍രാജ്യത്ത് അധിനിവേശം നടത്തിയപ്പോള്‍ അമേരിക്ക ഇടപെട്ട് നടത്തിയ യുദ്ധം തടയാതെയും മുസ്‌ലിം ന്യൂനപക്ഷം ക്രൂരമായി വേട്ടയാടപ്പെട്ട ബോസ്‌നിയ മുതല്‍ മ്യാന്മര്‍ വരെയുള്ള പ്രശ്‌നങ്ങളില്‍ നിസ്സംഗത പാലിച്ചും ഒ.ഐ.സി ഉത്തരവാദിത്തങ്ങളില്‍നിന്ന് ഒളിച്ചോടുന്നതാണ് കണ്ടത്.
1947-ല്‍ അറബ്-മുസ്‌ലിം രാജ്യങ്ങളുടെ എതിര്‍പ്പുകള്‍ക്കിടയില്‍ ഇസ്രയേലിനെ ഐക്യരാഷ്ട്ര സഭ അംഗീകരിച്ചെങ്കിലും ഇസ്‌ലാം, ക്രൈസ്തവ, ജൂത മതവിഭാഗങ്ങള്‍ പുണ്യം കല്‍പിക്കുന്ന ജറൂസലം നഗരം സൈനികമുക്ത മേഖലയായി നിലനിര്‍ത്താനാണ് യു.എന്‍ വിഭജന പദ്ധതി ശിപാര്‍ശ ചെയ്തത്. എന്നാല്‍ രാഷ്ട്രപ്രഖ്യാപനത്തിനു പിന്നാലെ 1948-ല്‍ അറബ്-ഇസ്രയേല്‍ യുദ്ധം ഉണ്ടാവുകയും അന്താരാഷ്ട്ര തീരുമാനത്തിന് വിരുദ്ധമായി ജറൂസലം ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ ഇസ്രയേല്‍ കൈയടക്കുകയും ചെയ്തു. ഇസ്രയേല്‍ പിടിച്ചെടുത്ത ഭാഗം വെസ്റ്റ് ജറൂസലം എന്നറിയപ്പെട്ടു. ഇവിടെ ജൂതന്മാരെ ധാരാളമായി താമസിപ്പിക്കുക മാത്രമല്ല, പടിഞ്ഞാറന്‍ ജറൂസലമിലെ അറബ് നിവാസികളെ നിര്‍ബന്ധപൂര്‍വം പുറത്താക്കുകയും ചെയ്തു ഇസ്രയേല്‍. 1950-ല്‍ മാത്രമാണ് അറബികള്‍ക്ക് ഭൂരിപക്ഷമുള്ള കിഴക്കന്‍ ജറൂസലമിന്റെ നിയന്ത്രണം ജോര്‍ദാന് ലഭിക്കുന്നത്. സയണിസ്റ്റുകളാവട്ടെ, മസ്ജിദുല്‍ അഖ്‌സ്വാ ഉള്‍പ്പെടുന്ന കിഴക്കന്‍ ജറൂസലമും ഉള്‍പ്പെടുത്തി വിശാല ജറൂസലം പദ്ധതി പൂര്‍ത്തിയാക്കാന്‍ അവസരം കാത്തിരിക്കുകയായിരുന്നു. 1967-ലെ ആറു ദിവസം നീണ്ട യുദ്ധത്തോടെ പുണ്യനഗരം പൂര്‍ണമായി അവരുടെ അധീനതയിലായി. കിഴക്കന്‍ ജറൂസലം ഉള്‍പ്പെടുന്ന വെസ്റ്റ് ബാങ്ക് മാത്രമല്ല, ഗസ്സയും സിറിയയുടെ ഭാഗമായിരുന്ന ജൂലാന്‍ കുന്നുകളും ഈജിപ്തിന്റെ ഭാഗമായിരുന്ന സീനായ് പ്രദേശവും ഈ യുദ്ധത്തോടെ ഇസ്രയേല്‍ അധീനപ്പെടുത്തി. കിഴക്കന്‍ ജറൂസലം കൈയടക്കിയതോടെ സയണിസ്റ്റുകളുടെ ഗൂഢതന്ത്രങ്ങള്‍ ഒന്നൊന്നായി പുറത്തുവന്നു. പ്രവാചകന്‍ സുലൈമാന്റെ ദേവാലയം (ഹൈക്കല്‍) കണ്ടെത്താനെന്ന പേരില്‍ മസ്ജിദുല്‍ അഖ്‌സ്വായുടെ ചുവട്ടില്‍ ഉത്ഖനനം നടത്തിയായിരുന്നു തുടക്കം.
അര നൂറ്റാണ്ടായി തുടരുന്ന ജറൂസലമിലെ അധിനിവേശം മുസ്‌ലിം രാജ്യങ്ങള്‍ മാത്രമല്ല, അന്താരാഷ്ട്ര സമൂഹവും അംഗീകരിച്ചിട്ടില്ല. ജറൂസലമില്‍നിന്ന് പിന്മാറാന്‍ 1967-ല്‍ ഐക്യരാഷ്ട്രസഭാ രക്ഷാസമിതി പാസ്സാക്കിയ 242-ാം നമ്പര്‍ പ്രമേയം ഇസ്രയേല്‍ പാലിച്ചില്ലെന്നു മാത്രമല്ല, മുസ്‌ലിം ലോകത്തിന്റെ പ്രതിഷേധങ്ങള്‍ വകവെക്കാതെ ജറൂസലം തലസ്ഥാനമായി പ്രഖ്യാപിച്ച് 1980-ല്‍ നിയമം പാസ്സാക്കി. പ്രസ്തുത നടപടി 478-ാം നമ്പര്‍ പ്രമേയത്തിലൂടെ നിയമവിരുദ്ധമാണെന്ന് യു.എന്‍ പ്രഖ്യാപിച്ചെങ്കിലും സയണിസ്റ്റ് ഭരണകൂടം വഴങ്ങിയില്ല. രക്ഷാസമിതി പ്രമേയങ്ങള്‍ക്ക് പുല്ലുവില കല്‍പിച്ച ഇസ്രയേല്‍, ഭരണസിരാ കേന്ദ്രങ്ങള്‍ ജറൂസലമിലേക്ക് മാറ്റാന്‍ തുടങ്ങി. പാര്‍ലമെന്റ് (നെസറ്റ്) മന്ദിരവും പ്രധാനമന്ത്രിയുടെയും പ്രസിഡന്റിന്റെയും ഭവനവുമൊക്കെ അവിടെ പണിത് ജറൂസലം എക്കാലവും ജൂതരാഷ്ട്രത്തിന്റെ അവിഭാജ്യഘടകമാണെന്ന് പഖ്യാപിക്കുകയായിരുന്നു. 1967-ലെ യുദ്ധത്തില്‍ പിടിച്ചെടുത്ത പ്രദേശങ്ങളില്‍നിന്ന് ഇസ്രയേല്‍ പിന്മാറുകയും കിഴക്കന്‍ ജറൂസലം ആസ്ഥാനമായി സ്വതന്ത്ര രാഷ്ട്രം രൂപംകൊള്ളുകയും ചെയ്യുന്ന ഒരു ദിനം ഫലസ്ത്വീനികള്‍ ഏറെക്കാലമായി സ്വപ്‌നം കാണുന്നു. എന്നാല്‍ ജറൂസലം ഇസ്രയേലിന്റെ അവിഭാജ്യ ഭാഗമാണെും അതേക്കുറിച്ച ചര്‍ച്ച പോലുമില്ലെന്നാണ് സയണിസ്റ്റുകളുടെ നിലപാട്. ലോക നിയമങ്ങളെ വെല്ലുവിളിക്കുന്ന ഇസ്രയേലിന്റെ ധിക്കാരത്തിന് വെള്ള പൂശുകയാണ് ട്രംപ്.
തെല്‍അവീവില്‍നിന്ന് ജറൂസലമിലേക്ക് എംബസി മാറ്റാന്‍ സയണിസ്റ്റ് താല്‍പര്യപ്രകാരം അമേരിക്കന്‍ കോണ്‍ഗ്രസ് 1995-ല്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് വിരുദ്ധമായതിനാലും ദേശീയ താല്‍പര്യം പരിഗണിച്ചും ആറു മാസം കൂടുമ്പോള്‍ പ്രസ്തുത തീരുമാനം നീട്ടിവെക്കാന്‍ പ്രസിഡന്റിനുള്ള അധികാരം ബില്‍ ക്ലിന്റന്‍ പ്രയോഗിച്ചതിനാല്‍ അത് നടന്നില്ല. എംബസി ജറൂസലമിലേക്ക് മാറ്റണമെന്ന നിലപാടുള്ള റിപ്പബ്ലിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ഡബ്ല്യു. ബുഷും ലോകത്തിന്റെ പ്രതിഷേധം ഭയന്ന് അവിവേകത്തിന് മുതിര്‍ന്നില്ല. ഇതു തന്നെയാണ് ബറാക് ഒബാമയും പിന്തുടര്‍ന്നത്. തന്റെ മുന്‍ഗാമികള്‍ നടപ്പാക്കാന്‍ ഭയന്ന ഒരു കാര്യം താന്‍ നടപ്പിലാക്കിയെന്ന് പ്രഖ്യാപിക്കുക വഴി ഫലസ്ത്വീന്‍ രാഷ്ട്രത്തെ ഇല്ലാതാക്കാനാണ് ട്രംപ് ശ്രമിക്കുന്നത്.
1967-നും 1989-നുമിടയില്‍ മാത്രം ഫലസ്ത്വീന്‍- ഇസ്രയേല്‍ വിഷയത്തില്‍ 131 പ്രമേയങ്ങളാണ് യു.എന്‍ രക്ഷാസിമിതി കൊണ്ടുവന്നത്. ഇതില്‍ ജറൂസലമുമായി ബന്ധപ്പെട്ട് മാത്രം 29 പ്രമേയങ്ങളുണ്ട്. 2015 വരെ യു.എന്‍ മനുഷ്യാവകാശ കൗണ്‍സില്‍ ഇസ്രയേലിനെ അപലപിച്ച് പാസ്സാക്കിയ പ്രമേയങ്ങളുടെ എണ്ണം നാല്‍പത്തഞ്ച്. 1980-ലും '90-ലും പാസ്സാക്കിയ 478, 672 പ്രമേയങ്ങള്‍ മുന്‍നിര്‍ത്തി അധിനിവേശ പ്രദേശങ്ങളില്‍ നിയമവിരുദ്ധ കുടിയേറ്റ കേന്ദ്രങ്ങള്‍ നിര്‍മിക്കരുതെന്നും ജറൂസലം നഗരത്തിന്റെ സ്വതന്ത്ര സ്വഭാവത്തെ ബാധിക്കുന്ന പ്രസ്തുത നടപടികള്‍ ജനീവ കണ്‍വെന്‍ഷന് വിരുദ്ധമാണെന്നും യു.എന്‍ നല്‍കിയ മുന്നറിയിപ്പിന് പുല്ലുവിലയാണ് ഇസ്രയേല്‍ കല്‍പിച്ചത്. ജറൂസലമില്‍ ഒരു രാജ്യത്തിന്റെയും എംബസികള്‍ പ്രവര്‍ത്തിക്കുന്നില്ല. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളായ എല്‍സാല്‍വദോറും കോസ്റ്ററിക്കയും കാര്യാലയങ്ങള്‍ തെല്‍ അവീവില്‍നിന്ന് പറിച്ചുനട്ടെങ്കിലും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമായതിനാല്‍ തിരുമാനം മാറ്റി. ജൂത മത വിശ്വാസിയായ മരുമകന്‍ കുഷ്‌നറെ പ്രത്യേക ഉപദേശകനാക്കി ഫലസ്ത്വീന്‍ പ്രശ്‌ന പരിഹാരത്തിന് നിയോഗിക്കുകയും മറുഭാഗത്ത് ഫലസ്ത്വീന്‍ രാഷ്ട്രത്തെ ഇല്ലാതാക്കുകയുമെന്ന കൊടും വഞ്ചനയാണ് വിവാദ പ്രഖ്യാപനത്തിലൂടെ ട്രംപ് ചെയ്തിരിക്കുന്നത്.
ഗസ്സയും വെസ്റ്റ് ബാങ്കിലെ ചില പ്രദേശങ്ങളും ഈജിപ്തിന്റെ ഭാഗമായ സീനായുടെ ഭാഗങ്ങളും ഉള്‍പ്പെടുത്തി സ്വതന്ത്ര ഫലസ്ത്വീന്‍ രാഷ്ട്രം തട്ടിക്കൂട്ടാനുള്ള ആലോചനകളും നേരത്തേ നടന്നിരുന്നു. ഗസ്സയില്‍ ഹമാസിന്റെ ചെറുത്തുനില്‍പ് സയണിസ്റ്റ് രാഷ്ട്രത്തിന് വലിയ തലവേദനയാണ്. ഗസ്സക്കുമേല്‍ നടത്തിയ മൂന്നു യുദ്ധങ്ങള്‍ സയണിസ്റ്റ് ഭരണകൂടത്തിന് അപരിഹാര്യമായ നഷ്ടങ്ങളാണ് വരുത്തിവെച്ചത്. ഒരു ജനതയെ ഉന്മൂലനം ചെയ്യാന്‍ ഇസ്രയേല്‍ നടത്തുന്ന കാടത്തം അന്താരാഷ്ട്ര തലത്തില്‍ തന്നെ ശക്തമായ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കുകയുണ്ടായി. അറബികള്‍ ഭൂരിപക്ഷമുള്ള ഗ്രാമങ്ങള്‍ ഫലസ്ത്വീന്‍ അതോറിറ്റിക്ക് വിട്ടുകൊടുക്കുകയും പകരം വെസ്റ്റ്ബാങ്കിലെ ജൂത കുടിയേറ്റ കേന്ദ്രങ്ങള്‍ ഇസ്രയേലിനു കൈമാറുകയും ചെയ്യുകയെന്ന അത്യന്തം അപകടകരമായ ഈ നിര്‍ദേശം ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹുവാണ് മുന്നോട്ടുവെച്ചത്. ഇതിലൂടെ രണ്ട് കാര്യങ്ങളാണ് സയണിസ്റ്റുകള്‍ ഉന്നം വെക്കുന്നത്. ഒന്ന്, അറബികളെ രാജ്യത്തുനിന്ന് ഒഴിവാക്കുക. ഇസ്രയേല്‍ പൗരത്വമുള്ള അറബികളെ പിന്തള്ളുന്നതിലൂടെ സമ്പൂര്‍ണ ജൂത രാഷ്ട്രമെന്ന ആത്യന്തിക ലക്ഷ്യം കൈവരിക്കാനാവും. രണ്ടാമതായി, ഇപ്പോള്‍ ഫലസ്ത്വീന്‍ സ്വയം ഭരണ പ്രദേശമായ വെസ്റ്റ് ബാങ്കിലെ കുടിയേറ്റ കേന്ദ്രങ്ങള്‍ നിയമപരമായി ഇസ്രയേലിന്റെ ഭാഗമാക്കാം. അതോടെ അവിടെ നടക്കുന്ന ഫലസ്ത്വീനികളുടെ ചെറുത്തുനില്‍പ് എന്നെന്നേക്കുമായി അവസാനിപ്പിക്കാം.
പതിനേഴ് ലക്ഷത്തോളം അറബികള്‍ ഇസ്രയേലി നഗരങ്ങളിലും ഗ്രാമങ്ങളിലുമായി ജീവിക്കുന്നുണ്ടെന്നാണ് കണക്ക്. ഇവര്‍ നിയമപരമായി ഇസ്രയേല്‍ പൗരന്മാരാണെങ്കിലും ജൂതന്മാര്‍ക്ക് ലഭിക്കുന്ന പൗരാവകാശങ്ങള്‍ ഇവര്‍ക്ക് ലഭിക്കാറില്ല. കിഴക്കന്‍ ജറൂസലമിലെ നാലേ കാല്‍ ലക്ഷത്തോളം വരുന്ന ഫലസ്ത്വീനികളുടെ കാര്യം ഏറെ കഷ്ടമാണ്. അവര്‍ക്ക് ഇപ്പോഴും സ്ഥിരവാസ തിരിച്ചറിയല്‍ കാര്‍ഡ് മാത്രമാണുള്ളത്. ജോര്‍ദാന്‍ നല്‍കുന്ന താല്‍ക്കാലിക പാസ്‌പോര്‍ട്ടും ഇവരുടെ പക്കലുണ്ട്. താല്‍ക്കാലികം എന്നാല്‍ ജോര്‍ദാന്റെ ദേശീയ തിരിച്ചറിയല്‍ നമ്പറില്ല എന്നര്‍ഥം. അതിനാല്‍ അവരെ പൂര്‍ണാര്‍ഥത്തിലുള്ള ജോര്‍ദാനിയന്‍ പൗരന്മാരായും കണക്കാക്കാനാവില്ല. ജോര്‍ദാനില്‍ ജോലിയെടുക്കണമെങ്കില്‍ അവര്‍ക്ക് പെര്‍മിറ്റ് വേണം. ജറൂസലമിന്റെ പേരില്‍ ജീവന്മരണ പോരാട്ടത്തിന് തയാറെടുത്ത് മൂന്നാം ഇന്‍തിഫാദയുമായി ഇറങ്ങിയ ഫലസ്ത്വീനികള്‍ക്കൊപ്പമാണോ ലോക മുസ്‌ലിം രാജ്യങ്ങള്‍ എന്ന അതിപ്രധാനമായ ഒരു ചോദ്യമാണ് ഉയരുന്നത്. ഇസ്‌ലാമിന്റെ മൂന്നാമത്തെ പുണ്യപ്രദേശം പൂര്‍ണമായും അന്യാധീനപ്പെടുമ്പോള്‍ അതിനെതിരെ ചെറുവിരല്‍ അനക്കാന്‍ തയാറാവാതെ അക്രമികളുമായി സന്ധി ചെയ്യാനാണ് മുസ്‌ലിം രാഷ്ട്രങ്ങള്‍ തയാറാവുന്നതെങ്കില്‍ അതിന് കനത്ത വില നല്‍കേണ്ടിവരും. ഫലസ്ത്വീന്‍ വിഷയത്തില്‍ ലോകം ട്രംപിനൊപ്പമല്ല എന്ന പരമാര്‍ഥം മനസ്സിലാക്കി ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട നിര്‍ണായക സന്ദര്‍ഭമാണിത്.
Comments