ഗുജറാത്തും ഹിന്ദുത്വത്തിന്റെ രാഷ്ട്രീയ ഭാവിയും
ഗുജറാത്ത് തെരഞ്ഞെടുപ്പിലെ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ദലിത് നേതാവ് ജിഗ്‌നേഷ് മേവാനിക്കൊപ്പമുണ്ടായിരുന്ന ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തകന്‍ കൂടിയായ സോഷ്യല്‍ ആക്ടിവിസ്റ്റ് നദീം ഖാന്‍ രണ്ടാം ഘട്ടത്തില്‍ വഡ്ഗാം മണ്ഡലത്തിലെ ബൂത്തുകള്‍ സന്ദര്‍ശിച്ച ശേഷം രാത്രി വിളിച്ചു. ഇനി ഇന്ത്യയില്‍ തെരഞ്ഞെടുപ്പ് വേണ്ടിവരില്ലെന്നും അത്രക്കും ഗുരുതരമാണ് മേവാനിയുടെ മണ്ഡലത്തിലെ ബൂത്തുകളില്‍ സംഭവിച്ചതെന്നും നദീം ഖാന്‍ പറഞ്ഞു. 40 ബൂത്തുകളിലാണ് വോട്ടു യന്ത്രങ്ങളെ കുറിച്ചുള്ള പരാതിയെ തുടര്‍ന്ന് വോട്ടെടുപ്പ് തടസ്സപ്പെട്ടത്.
താമരക്ക് മാത്രം വോട്ടു വീഴുകയും മേവാനിയുടെ തയ്യല്‍ മെഷീന്‍ ചിഹ്നത്തില്‍ വോട്ടു വീഴാതിരിക്കുകയും ചെയ്യുന്നുവെന്ന പരാതിയായിരുന്നു കൂടുതല്‍ ഉയര്‍ന്നത്. ഇത് ശ്രദ്ധയില്‍പെടുകയും പരാതിയാവുകയും ചെയ്ത സ്ഥലങ്ങളില്‍ തന്നെ വോട്ടുയന്ത്രം മാറ്റിവെക്കാന്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ തയാറാകുന്നില്ല. മണ്ഡലത്തിന് പുറത്തുള്ള നിരവധി ആക്ടിവിസ്റ്റുകള്‍ മേവാനിയുടെ മണ്ഡലത്തിലുണ്ടായിരുന്നതിനാല്‍ ഇവരെല്ലാം ചേര്‍ന്ന് പ്രതിഷേധവും ബഹളവുമുണ്ടാക്കിയതോടെ ചിലയിടങ്ങളില്‍ മാറ്റിവെച്ചു. ചിലയിടങ്ങളില്‍ മാറ്റിവെച്ചതുതന്നെ സമാന പരാതിയുള്ളവയാണെന്ന് വന്നപ്പോള്‍ വോട്ടുയന്ത്രങ്ങള്‍ വരുന്നതുവരെ വൃദ്ധരും സ്ത്രീകളുമടക്കമുള്ള വോട്ടര്‍മാര്‍ക്ക് മണിക്കൂറുകളോളം വരിയില്‍ നില്‍ക്കേണ്ടിവന്നു. ചിലയിടങ്ങളില്‍ മേവാനിയുടെ വോട്ടര്‍മാരെ ബൂത്തിന് മുന്നില്‍ തടഞ്ഞുനിര്‍ത്തി തിരിച്ചയച്ചതിനെ തുടര്‍ന്ന് വോട്ടുചെയ്യാനാവാത്തതായിരുന്നു പരാതി. മൂന്ന് ബൂത്തുകളില്‍ വോട്ടര്‍മാര്‍ പിരിഞ്ഞുപോവുകയും ഉച്ചക്ക് ഒന്നര മണിവരെ നീതിപൂര്‍വകമായ തെരഞ്ഞെടുപ്പിന് സൗകര്യമേര്‍പ്പെടുത്താനാകാതിരിക്കുകയും ചെയ്ത സാഹചര്യത്തില്‍ റീപോളിംഗിനായി ആവശ്യപ്പെട്ടെങ്കിലും ആദ്യം സമ്മതിച്ചില്ല. തുടര്‍ന്ന് പ്രവര്‍ത്തകരെത്തി പ്രതിഷേധമുയര്‍ത്തിയതിനെ തുടര്‍ന്ന് വോട്ടെടുപ്പ് നിര്‍ത്തിവെച്ച് റീപോളിംഗ് നടത്തുമെന്ന് കമീഷന് പ്രഖ്യാപിക്കേണ്ടിവന്നു.
നിരവധി ബുത്തുകളില്‍ വോട്ടുയന്ത്രത്തില്‍ ബ്ലൂടൂത്ത് ഓണ്‍ ആയത് ശ്രദ്ധയില്‍പെട്ടപ്പോള്‍ ബഹളം വെച്ചതുകൊണ്ടാണ് അത്തരം വോട്ടുയന്ത്രങ്ങള്‍ മാറ്റി സ്ഥാപിച്ചത്. ഇത്രയും വളണ്ടിയര്‍മാരുണ്ടായിരുന്നതുകൊണ്ട് വഡ്ഗാമില്‍ ഇത് സാധ്യമായെങ്കിലും ബൂത്ത് തലത്തില്‍ കോണ്‍ഗ്രസിന് പ്രവര്‍ത്തകരില്ലാത്ത മണ്ഡലങ്ങളുടെ സ്ഥിതിയെന്തായിരിക്കുമെന്ന ആശങ്കയും നദീം പങ്കുവെച്ചു. തെരഞ്ഞെടുപ്പ് കമീഷനോട് പരാതിപ്പെട്ടിട്ടും ഒരാളും ശ്രദ്ധിക്കുന്നില്ല. തെരഞ്ഞെടുപ്പ് കമീഷന്‍ തന്നെ കക്ഷിയായതോടെ ഇനിയെന്ത് ചെയ്യാനാണെന്ന് നദീം ഖാന്‍ നിസ്സഹായതയോടെ ചോദിച്ചു.
ഒന്നാം ഘട്ട വോട്ടെടുപ്പ് നാളില്‍ ഗുജറാത്തില്‍ തന്നെയായിരുന്നതിനാല്‍ നിരാശയും രോഷവും കലര്‍ന്ന നദീം ഖാന്റെ വിളിയില്‍ അത്ഭുതമൊന്നും തോന്നിയില്ല. ഒന്നാം ഘട്ട വോട്ടെടുപ്പ് കാണാന്‍ ഗുജറാത്തിലുണ്ടായിരുന്നതിനാല്‍ ഒമ്പത് മണിയാകുമ്പോഴേക്ക് വോട്ടുയന്ത്രങ്ങളെ കുറിച്ചുള്ള പരാതികള്‍ വാട്ട്‌സ് ആപ് വഴി പ്രവഹിച്ചുതുടങ്ങിയിരുന്നു. വോട്ടുയന്ത്രങ്ങളില്‍ ബ്ലൂടുത്ത് ഘടിപ്പിച്ചതും താമരക്ക് മാത്രം വോട്ടുവീഴുന്നതും എതിര്‍ സ്ഥാനാര്‍ഥിക്ക് വോട്ടുവീഴാതിരിക്കുന്നതും തന്നെയായിരുന്നു പരാതികളില്‍ മുഖ്യം. എല്ലാവരും മൊബൈലില്‍ സ്‌ക്രീന്‍ ഷോട്ട് എടുത്ത് തെളിവു സഹിതമാണ് പരാതികള്‍ സമര്‍പ്പിച്ചിരുന്നത്. അല്‍പേഷ് ഠാകൂറിന്റെ ഠാകൂര്‍ സേനയും ഹാര്‍ദിക് പട്ടേലിന്റെ ആന്ദോളന്‍ സമിതി പ്രവര്‍ത്തകരും ഇറങ്ങിയ ബൂത്തുകളിലും ഇതെല്ലാം ഒരു പരിധി വരെ തടയാന്‍ കഴിഞ്ഞുവെങ്കിലും വോട്ടുയന്ത്രങ്ങളിലെ കൃത്രിമം പഴുതടച്ച് പ്രതിരോധിക്കാന്‍ കഴിഞ്ഞില്ലെന്ന് തെരഞ്ഞെടുപ്പ് ഫലത്തിലും ചെയ്ത വോട്ടിലും കാണപ്പെട്ട അന്തരങ്ങള്‍ തെളിയിച്ചു.
ഗുജറാത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒരു കാര്യം മാത്രം ശ്രദ്ധിച്ചാല്‍ മതി. 49 ശതമാനം വോട്ടുകിട്ടിയ ബി.ജെ.പിക്ക് 99 സീറ്റും 41.5 ശതമാനം വോട്ടുകിട്ടിയ കോണ്‍ഗ്രസിന് 77-ഉം ആണല്ലോ ഫലം. 16 സീറ്റുകളില്‍ കോണ്‍ഗ്രസ് തോറ്റത് 250 മുതല്‍ 3000 വരെ വോട്ട് വ്യത്യാസത്തിനാണ്. ഇവിടെ ഇത്രയും വോട്ടിന് കോണ്‍ഗ്രസ് ജയിച്ചാലും മൊത്തം വോട്ടില്‍ അര ശതമാനം പോലും വര്‍ധിക്കുകയില്ല. അപ്പോള്‍ 49 ശതമാനം വോട്ടു നേടിയ ബി.ജെ.പി പ്രതിപക്ഷത്തു നില്‍ക്കുകയും 42 ശതമാനം വോട്ടുകിട്ടിയ കോണ്‍ഗ്രസ് സര്‍ക്കാറുണ്ടാക്കുകയും ചെയ്യുമായിരുന്നു. രണ്ട് കക്ഷികള്‍ നേരിട്ട് ഏറ്റുമുട്ടിയ ഒരു തെരഞ്ഞെടുപ്പില്‍ അതെങ്ങനെ സംഭവിക്കുമെന്ന് ആലോചിച്ചാല്‍ മനസ്സിലാക്കാന്‍ സാമാന്യബുദ്ധി മതി. ഈ കൃത്രിമം കാണാതെ ബി.ജെ.പിക്ക് ആറ് ശതമാനത്തിലേറെ ലീഡുണ്ടായിട്ടും എങ്ങനെ സീറ്റ് കുറഞ്ഞുവെന്ന് മൂന്ന് ദിവസം തലപുകഞ്ഞ് ചര്‍ച്ച ചെയ്തിട്ടും ദേശീയ തലത്തില്‍ പുകള്‍പെറ്റ രാഷ്ട്രീയ വിശാരദന്മാര്‍ക്കൊന്നും പറയാന്‍ കഴിയാത്തത്. കേവലം രണ്ട് ശതമാനം വോട്ടു മതി സര്‍ക്കാറുകള്‍ മറിയാന്‍ എന്ന് നാം മനസ്സിലാക്കണം.
ഫാഷിസ്റ്റ്‌വിരുദ്ധര്‍ക്ക് പിണയുന്ന അമളി
ഇന്ത്യയില്‍ ബാലറ്റിലൂടെയാണ് ഫാഷിസം കടന്നുവന്നത് എന്ന് പറയുന്നത് അപ്പടിയങ്ങ് വിശ്വസിക്കാന്‍ കഴിയില്ലെന്നാണ് ഗുജറാത്ത് തെരഞ്ഞെടുപ്പും നമ്മോട് പറയുന്നത്. ഒരു നൂറ്റാണ്ടോളമായി ഇന്ത്യ കീഴ്‌പ്പെടുത്താന്‍ ഹിന്ദുത്വം നടത്തുന്ന പ്രോപഗണ്ടകളുടെ ഒരു ഭാഗം മാത്രമാണ് അവര്‍ക്ക് തെരഞ്ഞെടുപ്പ്. വ്യാജ ഏറ്റുമുട്ടലുകള്‍ക്കും വംശഹത്യകള്‍ക്കും മേല്‍ വികസനത്തിന്റെ മൂടുപടമിടാന്‍ കഴിയുന്ന പ്രോപഗണ്ടാ യുദ്ധത്തിന്റെ ഭാഗമായി മാത്രം തെരഞ്ഞെടുപ്പും അതിന്റെ പ്രചാരണങ്ങളും കാണാന്‍ കഴിഞ്ഞാല്‍ ഇനിയും നമുക്കിടയില്‍നിന്ന് അങ്ങനെയൊക്കെ സംഭവിക്കുമോ എന്ന ചോദ്യം ഉയര്‍ന്നുവരില്ല.
ഇവിടെ ഫാഷിസ്റ്റ്‌വിരുദ്ധര്‍ക്ക് പിണയുന്ന അമളിയുണ്ട്. ഏതെങ്കിലും സംസ്ഥാനത്ത് ബി.ജെ.പി ജയിച്ചാല്‍ തങ്ങളുടെ മുമ്പില്‍ കിട്ടിയ തെരഞ്ഞെടുപ്പ് ഫലമുപയോഗിച്ച് ആ സംസ്ഥാനത്തെ ഭൂരിഭാഗവും വര്‍ഗീയവാദികളായി മാറിയെന്ന് വിധിയെഴുതി കളയുക! സംസ്ഥാനത്തെ ആകെ ജനസംഖ്യ എത്രയെന്നോ അതിലെത്ര പേര്‍ 18 വയസ്സ് പൂര്‍ത്തിയായ വോട്ടര്‍മാരാണെന്നോ, അവരിലെത്ര പേര്‍ പോളിംഗ് ബൂത്തിലെത്തിയെന്നോ, അതില്‍ ശരിക്കും എത്ര പേര്‍ ബി.ജെ.പിക്ക് തന്നെ വോട്ടു ചെയ്തുവെന്നോ എന്ന് കണക്കറിയില്ലെങ്കില്‍ കാല്‍ക്കുലേറ്റര്‍ എടുത്ത് ഗണിച്ചുനോക്കാന്‍ പോലുമുള്ള സാവകാശം ഇല്ലാതെയാണ് നാം സംസ്ഥാനങ്ങളെയും അവിടത്തെ ജനങ്ങളെയും ഒന്നടങ്കം ഫാഷിസ്റ്റ് പട്ടികയിലേക്ക് പതിച്ചുകൊടുക്കുന്നത്. ആ സംസ്ഥാനത്തെ മഹാഭൂരിഭാഗവും ഇനിയുമിവരോടൊപ്പം ചേര്‍ന്നിട്ടില്ലെന്ന സത്യത്തെയാണ് നാം ഇതുവഴി തള്ളിക്കളയുന്നത്. ഫാഷിസ്റ്റുകള്‍ അധികാരത്തിലെത്തുന്നതിനേക്കാള്‍ ശരിക്കും നമ്മെ ആശങ്കയിലാക്കേണ്ടത് നാം ഫാഷിസ്റ്റുകളാകാത്തവരെ ആ കള്ളിയില്‍ ചേര്‍ക്കാന്‍ ഇത്തരം തെരഞ്ഞെടുപ്പുകള്‍ കാരണമാകുമല്ലോ എന്നതാണ്. നമ്മുടെ ഈ പ്രചാരണമാണ് ഫാഷിസ്റ്റുകള്‍ ശരിക്കും ആഗ്രഹിക്കുന്നതും. ഫാഷിസ്റ്റുപക്ഷത്തേക്ക് ഇനിയുമെത്തിച്ചേര്‍ന്നിട്ടില്ലാത്ത മഹാഭൂരിപക്ഷത്തെ അവരിലേക്ക് ചേര്‍ത്തുവെക്കുന്ന വിശകലനങ്ങളും സമീപനങ്ങളും നമുക്ക് ഗുണകരമേ അല്ല.
രാജ്യമിനിയും കൈവിട്ടിട്ടില്ല
രാജ്യമിനിയും സുമനസ്സുകളില്‍നിന്ന് കൈവിട്ടുപോയിട്ടില്ലെന്ന് തന്നെയാണ് ഒരു പ്രധാനമന്ത്രിയുടെ തന്നെ ഹീനമായ വര്‍ഗീയ പ്രചാരണങ്ങള്‍ക്കു ശേഷവും ബി.ജെ.പി അധ്യക്ഷന്റെ അതിലും തരംതാണ ബൂത്ത്തല മൈക്രോ മാനേജ്‌മെന്റിനു ശേഷവും ഗുജറാത്ത് നമ്മോട് പറയുന്നത്. സമാധാനപൂര്‍ണമായ ജീവിതമാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് ജിഗ്‌നേഷ് മേവാനിയിലൂടെയും അല്‍പേഷ് ഠാക്കൂറിലൂടെയും ഹാര്‍ദിക് പട്ടേലിലൂടെയും അവര്‍ ഇന്ത്യന്‍ ജനതയോട് പ്രഖ്യാപിച്ചിരിക്കുന്നു. തെരഞ്ഞെടുപ്പു ഫലം വന്ന ശേഷം നടത്തിയ അഭിമുഖങ്ങളില്‍ വിവിധ മത സമൂഹങ്ങള്‍ക്കിയിടലുള്ള സഹവര്‍ത്തിത്വത്തിന്റെ മനസിലേക്ക് ഗുജറാത്തിനെ കൊണ്ടുപോകാനാണ് ഇനിയുള്ള പോരാട്ടമെന്ന് 23 വയസ്സ് മാത്രമുള്ള ഹാര്‍ദിക് പട്ടേല്‍ പറയുന്നത് ഗുജറാത്തിലെ ഏറ്റവും വര്‍ഗീയമെന്ന് മുസ്‌ലിംകള്‍ കരുതുന്ന പാട്ടീദാര്‍ സമുദായത്തില്‍നിന്നാണെന്ന് നാം മനസ്സിലാക്കണം. സൂറത്തിന്റെ പരിസരങ്ങളില്‍ തൊപ്പിയും താടിയും പര്‍ദയുമുള്ള മുസ്‌ലിംകള്‍ കലാപശേഷവും ഇവരെ പേടിച്ചാണ് കഴിഞ്ഞിരുന്നത്. അമിത് ഷായെ ജാലിയന്‍വാലാബാഗില്‍ കൂട്ടക്കുരുതി നടത്തിയ ഡയറിന്റെ പേര് വിളിക്കാന്‍ ധൈര്യപ്പെട്ട ഹാര്‍ദികിനോളം ചങ്കൂറ്റമുള്ള മറ്റൊരു പട്ടേല്‍ നേതാവ് ഇന്ന് ഗുജറാത്തിലില്ല എന്ന് കൂടി മനസ്സിലാക്കുക. ആ അര്‍ഥത്തില്‍ മേവാനിയെയും അല്‍പേഷിനെയും പോലെ ഇന്ത്യയുടെ പ്രതീക്ഷയാവുകയാണ് ഹാര്‍ദിക്. ഫാഷിസ്റ്റുകളാക്കാന്‍ കള്ളി തിരിക്കുന്നതിന് കളയുന്ന സമയം ഓരോ ബൂത്തിലും ഫാഷിസത്തെ പ്രതിരോധിക്കാന്‍ വിനിയോഗിക്കേണ്ട കാലമാണിതെന്നാണ് ഗുജറാത്ത് പറയുന്നത്. അതിനെന്ത് ചെയ്യാന്‍ കഴിയുമെന്ന് രാജ്യം മതനിരപേക്ഷമായി നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്ന ഓരോ പൗരനും ഗൗരവപൂര്‍വം ചിന്തിക്കേണ്ട നിര്‍ണായകമായ നാളുകളാണ് മുന്നിലുള്ളത്.
Comments