വര്‍ഗീയതയെ കൂട്ടുപിടിച്ച് നേടിയ വിജയം
സത്യാനന്തര കാലത്ത് ഗുജറാത്ത് നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പ് നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. ആറാം തവണയും ബി.ജെ.പി സംസ്ഥാനത്ത് ജയിച്ചുകയറിയെങ്കിലും അസുഖകരമായ ഒരുപാട് ചോദ്യങ്ങള്‍ അത് ബാക്കിവെക്കുന്നു. നോട്ട് നിരോധവും ജി.എസ്.ടിയുമെല്ലാം ജനങ്ങളുടെ ജീവിതമാര്‍ഗങ്ങള്‍ മുട്ടിക്കുകയും പലതരം നിയന്ത്രണങ്ങളാല്‍ അവര്‍ വരിഞ്ഞു മുറുക്കപ്പെടുകയും ചെയ്ത സന്ദര്‍ഭത്തില്‍ നടന്ന തെരഞ്ഞെടുപ്പായതിനാല്‍ വോട്ടിംഗില്‍ ജനരോഷം പ്രകടമാവുമെന്ന് ഉറപ്പായിരുന്നു. തെരഞ്ഞെടുപ്പ് ദിവസങ്ങള്‍ അടുത്ത് വരുംതോറും ഭരണകക്ഷിയായ ബി.ജെ.പിക്ക് അത് ശരിക്കും ബോധ്യപ്പെടുകയും ചെയ്തു. സ്വഛ് ഭാരത്, മെയ്ക് ഇന്‍ ഇന്ത്യ പോലുള്ള പ്രധാനമന്ത്രി പ്രഖ്യാപിച്ച പ്രധാന പദ്ധതികളെല്ലാം പരസ്യങ്ങളിലും വായ്ത്താരികളിലും ഒതുങ്ങിപ്പോയ സ്ഥിതിക്ക് പഴയ 'ഗുജറാത്ത് വികസന മാതൃക' വോട്ടര്‍മാരെ ആകര്‍ഷിക്കില്ലെന്നു മാത്രമല്ല, അവരെ അരിശം കൊള്ളിക്കുകയും ചെയ്യുമായിരുന്നു. പിന്നെ മുന്നിലുണ്ടായിരുന്ന മാര്‍ഗം രാഷ്ട്രീയ എതിരാളികളെക്കുറിച്ച് അസത്യങ്ങളും അര്‍ധസത്യങ്ങളും കൂട്ടിക്കുഴച്ച് അവരെ തേജോവധം ചെയ്യുക എന്നതായിരുന്നു. അതിനു വേണ്ടി ഏതോ കാലം മരിച്ചുപോയ രാജാക്കന്മാരെ എഴുന്നള്ളിച്ചുകൊണ്ടു വന്നു. പാകിസ്താനെ വലിച്ചിഴച്ച് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെതിരെ അപവാദങ്ങള്‍ പറഞ്ഞു പരത്തി. ഇതിനൊക്കെ പ്രധാനമന്ത്രി പദത്തില്‍ ഇരിക്കുന്ന ആള്‍ തന്നെ നേതൃത്വം കൊടുക്കുകയും ചെയ്തു. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളും രാഷ്ട്രീയ സംവാദങ്ങളും എത്രയധികം തരംതാണുപോയി എന്ന് കാട്ടിത്തരുന്നുണ്ട് ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ്.
അഞ്ചു തവണ തുടര്‍ച്ചയായി സംസ്ഥാനം ഭരിച്ചിട്ടും എടുത്തുപറയാന്‍ കാര്യമായൊന്നും ഇല്ലാതിരിക്കെ, സംഘ് പരിവാറിന്റെ സ്ഥിരം അജണ്ടയായ വര്‍ഗീയത സകല പൊയ്മുഖങ്ങളും നീക്കി പുറത്തുചാടുമെന്ന് ഉറപ്പായിരുന്നു. സംഭവിച്ചതും അതുതന്നെ. സംഘ് പരിവാറിന്റെ പ്രത്യക്ഷ വര്‍ഗീയ പ്രചാരണങ്ങളെ നട്ടെല്ല് നിവര്‍ത്തി നേരിടാനുള്ള കെല്‍പ്പ് കോണ്‍ഗ്രസ്സിനില്ല എന്നത് എത്രയോ തെരഞ്ഞെടുപ്പുകളിലൂടെ വ്യക്തമായതാണ്. സംഘ് പരിവാര്‍ തീവ്ര ഹിന്ദുത്വം പുറത്തെടുക്കുമ്പോള്‍, കോണ്‍ഗ്രസ് മൃദുഹിന്ദുത്വത്തിലേക്ക് മാറും എന്ന വ്യത്യാസമേയുള്ളൂ. ക്ഷേത്ര സന്ദര്‍ശനം നടത്തി പ്രചാരണ പരിപാടികള്‍ക്ക് തുടക്കം കുറിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, വേദികളിലും റാലികളിലും മുസ്‌ലിം സാന്നിധ്യം പരമാവധി കുറക്കാന്‍ പാടുപെടുന്നുണ്ടായിരുന്നു. മുസ്‌ലിം പ്രശ്‌നങ്ങളൊന്നും ചര്‍ച്ചയാക്കാതിരിക്കാനും പ്രത്യേകം ശ്രദ്ധിച്ചു. അത്തരം വിഷയങ്ങളില്‍ തൊടുന്നത് തിരിച്ചടിക്കും എന്ന് ഉപദേശകര്‍ അദ്ദേഹത്തെ നിരന്തരം ഓര്‍മിപ്പിച്ചിട്ടുണ്ടാവണം. മതേതരത്വത്തിലും ബഹുസ്വരതയിലും വിശ്വസിക്കുന്ന ദേശീയ കക്ഷികള്‍ വരെ ഈയൊരു നിലപാടിലേക്ക് മാറുന്നതിന്റെ അപകടങ്ങള്‍ ദേശീയതലത്തില്‍ ചര്‍ച്ചയാവേണ്ടതുണ്ട്.
ഹാര്‍ദികും അല്‍പേഷും ജിഗ്‌നേഷും ഉയര്‍ത്തിയ വെല്ലുവിളിയെപ്പോലും കടുത്ത മുസ്‌ലിംവിദ്വേഷം വളര്‍ത്തി നേരിടുകയായിരുന്നു സംഘ് പരിവാര്‍. അവരുടെ പേരിലെ ആദ്യാക്ഷരങ്ങള്‍ ചേര്‍ത്ത് HAJ എന്ന വാക്കുണ്ടാക്കി. രൂപാണി, അമിത് ഷാ, മോദി എന്നീ പേരുകളിലെ ആദ്യാക്ഷരമെടുത്ത് RAM എന്ന വാക്കും! 'രാമനെതിരെ ഹാജ്' എന്ന പ്രചാരണവും. അടുത്ത തെരഞ്ഞെടുപ്പുകളില്‍ ഇതിനേക്കാള്‍ തരംതാണ പ്രചാരണങ്ങള്‍ പ്രതീക്ഷിക്കാം.
Comments