Prabodhanm Weekly

Pages

Search

2017 നവംബര്‍ 17

3026

1439 സഫര്‍ 28

ടൈം ടേബ്ള്‍ (കവിത)

പി.പി റഫീന, തളിപ്പറമ്പ്

പിരിയഡ് 1 : ഇംഗ്ലീഷ് 

           വസന്തം നെയ്തെടുക്കുന്ന 

           കവിതയിലെ ചിലന്തി.

           സാഹിത്യം വമിക്കുന്ന 

           ബ്രിട്ടീഷ് പീരങ്കികള്‍ 

 

പിരിയഡ് 2 : മലയാളം 

            നിലയില്ലാതൊഴുകുന്ന

            നിളാനദിയുടെ പരിസമാപ്തി.

            ബഷീറിന്റെ പ്രേമലേഖന-

            ങ്ങളുടെ കൂമ്പാരവും 

            സുഹറയുടെ തേഞ്ഞു 

            വികൃതമായ നഖങ്ങളും.

 

ഇന്റര്‍വെല്‍ :

           ഒരു ചെറു നിശ്വാസം 

           പോകേണ്ടിടത്ത് പോകാം 

           വല്ലതും കൊറിക്കാം.

 

പിരിയഡ് 3 : കണക്ക് 

           മുനയൊടിഞ്ഞുപോയ 

           കോമ്പസ്സിന്റെ ഓര്‍മകള്‍.

           ജിയോമെട്രി ബോക്‌സില്‍ 

           ഡിവൈഡറിന്റെ കുത്തി-

           യിരിപ്പു സമരം.

 

പിരിയഡ് 4 : ശാസ്ത്രം 

           പെട്ടെന്ന് കറുത്തിരുളുന്ന 

           കാര്‍മേഘച്ചുരുളുകള്‍.

           മഴമാപിനിയില്‍ 

           അളന്നു തിട്ടപ്പെടുത്തിയ  

           മഴവെള്ളത്തിന്റെ 

           കൂട്ടക്കരച്ചില്‍.

 

ലഞ്ച് ബ്രേക്ക്:

           ഒരു ദീര്‍ഘ നിശ്വാസം.

           പാത്രങ്ങള്‍ കഴുകി 

           പഠിക്കാനുള്ള പിരിയഡ്.

           താളം കെട്ടി നില്‍ക്കുന്ന 

           വെള്ളത്തിലെ 

           കൊതുകു വളര്‍ത്തല്‍.

 

പിരിയഡ് 5 : സാമൂഹിക ശാസ്ത്രം 

           ഭൂപടത്തിലേക്ക് ഒഴുക്കിവിട്ട 

           മഹാസമുദ്രങ്ങള്‍.

           എത്ര പറഞ്ഞാലും 

           തീരാത്ത, ഉണങ്ങിയ 

           ചരിത്രമുറങ്ങുന്ന 

           മഞ്ഞക്കടലാസ്.

 

പിരിയഡ് 6 : ഐ ടി 

           വിരല്‍ത്തുമ്പിലെ 

           വിസ്മയലോകം.

           സര്‍വവിജ്ഞാനങ്ങളുടെയും 

           അക്ഷയപാത്രം.

           ആത്മഹത്യ ചെയ്യാനുള്ള 

           ഏറ്റവും വലിയ മുനമ്പ്

 

ഇന്റര്‍വെല്‍ :

           ഒരു ചെറു നിശ്വാസം കൂടി 

           പരസ്യങ്ങളില്ലാത്ത 

           ഇടവേള.

 

പിരിയഡ് 7 : ഹിന്ദി 

           നിര്‍ത്തിയിട്ട 

           ബോഗികള്‍ പോലെ 

           അനക്കമില്ലാത്തയക്ഷരങ്ങള്‍.

           ഇടക്ക് ഇലക്ട്രിക്ക് കമ്പി-

           യിലേക്കെന്ന പോലെ 

           മുകളിലേക്ക് പോകുന്ന 

           *മാത്രകള്‍.

 

പിരിയഡ് 8 : അറബിക് 

           ആളില്ലാതെ തുഴയുന്ന 

           നക്ഷത്രക്കമ്മലിട്ട 

           ചെറു വള്ളങ്ങള്‍.

           ഫഌഗ് ഓഫ് ചെയ്ത 

           *അലിഫുകള്‍ 

 

 

* മാത്രകള്‍ - ചിഹ്നം 

* അലിഫുകള്‍ - ഒരു അറബി അക്ഷരം 

 

 

*************************************************

 

 

ഇരുളും വെളിച്ചവും നിന്നോട്...

-അശ്‌റഫ് കാവില്‍-


1

വെളിച്ചം 

കാണിച്ചതെല്ലാം

ഭ്രമക്കാഴ്ചകളെന്നു

ധരിച്ചു

മാറിനിന്നു...

ഇരുട്ടിന്റെ തോളില്‍

കൈയിട്ടു നടന്നു...

 

2

പകല്‍

പകര്‍ന്നുതന്ന

പാല്‍ രുചിച്ചില്ല

പകരം

രാത്രി

വാറ്റിയെടുത്തത്

മൂക്കറ്റം മോന്തി...

 

3

ഓരോ ചുവടിലും

ആത്മസുഹൃത്തിനെപ്പോലെ

വെളിച്ചം

കൂടെ വന്നു കെഞ്ചി

അപഥങ്ങളിലേക്ക്

വളകിലുക്കി

ഇരുട്ട്

നിഴലായ്

കൂടെ വന്നു ചതിച്ചു...

 

4

ഒന്നും 

മറച്ചുവെക്കാത്ത

ശുദ്ധനാണ്

വെളിച്ചമെന്ന സത്യം

ഇരുട്ടിന്റെ

ഒടുവിലത്തെ

പ്രഹരമേല്‍ക്കും മുമ്പേ

നീ തിരിച്ചറിഞ്ഞേക്കും...

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-27 / അന്നംല് - (32-35)
എ.വൈ.ആര്‍