Prabodhanm Weekly

Pages

Search

2017 നവംബര്‍ 17

3026

1439 സഫര്‍ 28

ഇസ്‌ലാമിന്റെ ജീവിത വീക്ഷണം

ഡോ. മുഹമ്മദ് അലി അല്‍ഖൂലി

എന്റെ ജീവിത ലക്ഷ്യം എന്ത്,  എന്താണ് നിങ്ങളുടെ ജീവിത ലക്ഷ്യം,  നമ്മുടെ ജീവിത ലക്ഷ്യം എന്തായിരിക്കണം തുടങ്ങിയ ചോദ്യങ്ങള്‍ നാം ഇടക്കിടെ അഭിമുഖീകരിക്കാറുണ്ട്.  പലരും പല വിധത്തിലാണ് ഇതിന് ഉത്തരം നല്‍കുക. സമ്പന്നനാവുകയാണ് ജീവിത ലക്ഷ്യം എന്ന് വിശ്വസിക്കുന്നവരെ കാണാം.  എന്നാല്‍ സമ്പന്നനായ ശേഷം തങ്ങളുടെ ജീവിത ലക്ഷ്യം എന്താണെന്ന് ഇത്തരം ആളുകള്‍ ആലോചിക്കുന്നില്ല. ശതകോടി തുക അവര്‍ സമ്പാദിച്ചുവെന്ന് വരാം. എന്നിട്ട് എന്ത് കാര്യം? ഈ വന്‍ സമ്പാദ്യം സ്വായത്തമാക്കിയതിനു ശേഷം എന്ത് ചെയ്യും? സമ്പന്നനാവുകയാണ് ജീവിത ലക്ഷ്യമായി കാണുന്നതെങ്കില്‍ അത് നേടിക്കഴിഞ്ഞ ശേഷം അയാള്‍ക്ക് മറ്റൊരു ലക്ഷ്യവും ഉണ്ടാവുകയില്ല. ഇവിടെയാണ് നിരീശ്വരവാദികളുടെയും അബദ്ധ വിശ്വാസം വെച്ചുപുലര്‍ത്തുന്നവരുടെയും പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നത്. അവരുടെ ജീവിതത്തിന്റെ ചില ഘട്ടങ്ങളില്‍ പണം സമ്പാദിക്കല്‍ ജീവിത ലക്ഷ്യമായി സ്വീകരിക്കുന്നു. തങ്ങള്‍ സ്വപ്‌നം കണ്ട പണം സ്വരൂപിച്ചാല്‍ അവരുടെ ജീവിതത്തിന്റെ തിളക്കം നഷ്ടപ്പെടുന്നു. പിന്നെ അവര്‍ മാനസിക സംഘര്‍ഷത്തിന് അടിപ്പെടുകയും അലക്ഷ്യമായി ജീവിതം തള്ളിനീക്കുകയുമായിരിക്കും.

 

സമ്പത്ത് ലക്ഷ്യമാകുമോ?

ധനാഢ്യരായ ആളുകള്‍ ആത്മഹത്യ ചെയ്യുന്നത് നാം പലപ്പോഴും കേള്‍ക്കാറുണ്ട്. അയാള്‍ മാത്രമല്ല ചിലപ്പോള്‍ അയാളുടെ ഭാര്യയും മകനും മകളും ആത്മഹത്യ ചെയ്തുവെന്നും വരാം. നമ്മുടെ ചോദ്യം ഇതാണ്:  ധനസമ്പാദനം ലക്ഷ്യമായി സ്വീകരിക്കുന്നത് വ്യക്തികള്‍ക്ക് സന്തോഷം ലഭിക്കുന്ന കാര്യമാണോ? ഒരിക്കലുമല്ല എന്നാണ് ഉത്തരം. പണം സമ്പാദിക്കുക എന്ന ലക്ഷ്യം നിലനില്‍ക്കാന്‍ കൊളളുന്ന ഒരു ലക്ഷ്യമാണോ? അഞ്ചു വയസ്സായ ഒരു കുട്ടിക്ക് പണത്തിനോട് എന്ത് താല്‍പര്യമാണുണ്ടാവുക എന്ന് നമുക്ക് അറിയാം.  അനേകായിരം ഡോളറിനേക്കാള്‍ അവന്‍ മുന്‍ഗണന കൊടുക്കുന്നത് നിസ്സാരമായ കളിക്കോപ്പുകള്‍ക്കാണല്ലോ. പതിനെട്ട് വയസ്സായ ഒരു കൗമാരക്കാരനെ സംബന്ധിച്ചേടത്തോളം സമ്പത്തല്ല അയാള്‍ സ്വപ്‌നം കാണുന്നത്. അയാള്‍ മറ്റു ചില കാര്യങ്ങളുമായി വലിയ തിരക്കിലായിരിക്കും.  തൊണ്ണൂറ് വയസ്സായ ഒരു വൃദ്ധന് എന്ത് പണം?  അയാള്‍ തന്റെ ആരോഗ്യത്തെ കുറിച്ചാണ് കൂടുതല്‍ ആശങ്കാകുലനായിക്കൊണ്ടിരിക്കുന്നത്.  ഒരു വ്യക്തിയെ സംബന്ധിച്ചേടത്തോളം ധനസമ്പാദനം എന്നത് തുടര്‍ച്ചയായി നിലനില്‍ക്കാന്‍ അര്‍ഹതയുള്ള ലക്ഷ്യമേയല്ല. 

ഒരു അവിശ്വാസിയെ സന്തോഷവാനാക്കുന്നതില്‍ സമ്പത്തിന് അല്‍പം മാത്രമേ പങ്കു വഹിക്കാനുള്ളൂ. കാരണം തന്റെ ഭാവി ഭാഗധേയത്തെ കുറിച്ച് അയാള്‍ക്ക് യാതൊരു ഉറപ്പുമില്ല.  ഒരു അവിശ്വാസി തന്റെ ജീവിതലക്ഷ്യത്തെ കുറിച്ച് ബോധവാനല്ല. ഇനി അഥവാ ഒരു ലക്ഷ്യമുണ്ടെങ്കില്‍തന്നെ അത് താല്‍ക്കാലികമോ വിനാശകരമോ ആയിരിക്കാനാണ് സാധ്യത.  ഒരു അവിശ്വാസിക്ക് തന്റെ അന്ത്യത്തെ കുറിച്ച് ഭയമാണെങ്കില്‍, എല്ലാറ്റിനെ കുറിച്ചും അയാള്‍ സന്ദേഹവാദിയാണെങ്കില്‍ തന്റെ സമ്പത്ത് കൊണ്ട് എന്ത് പ്രയോജനമാണുള്ളത്? ഒരു അവിശ്വാസി ധാരാളം പണം സമ്പാദിച്ചു എന്നു വരാം. പക്ഷേ അയാള്‍ക്ക് പലതും നഷ്ടപ്പെടുന്നു എന്നതാണ് സത്യം. 

 

ദൈവാരാധന ജീവിത ലക്ഷ്യം

നേരെമറിച്ച് അല്ലാഹുവിലുള്ള വിശ്വാസം ഒരു വിശ്വാസിക്ക് തന്റെ ജീവിതത്തിന് വേണ്ട ഊര്‍ജം നല്‍കുന്നു.  അല്ലാഹുവിനെ ആരാധിക്കലും അനുസരിക്കലുമാണ് ഇസ്‌ലാമില്‍ ജീവിത ലക്ഷ്യം. അല്ലാഹുവിനുള്ള എല്ലാ വിധത്തിലുമുള്ള അനുസരണത്തെയും കീഴ്‌വണക്കത്തെയുമാണ് ആരാധന എന്നതുകൊണ്ട് ഉദ്ദേശിച്ചിട്ടുള്ളത്.  ഇസ്‌ലാമിലെ ഈ ജീവിത ലക്ഷ്യം സ്ഥായിയാണ്.  ഒരു മുസ്‌ലിം, അയാള്‍ ഒരു ശിശുവോ കൗമാരക്കാരനോ യുവാവോ മുതിര്‍ന്നവനോ ആരുമാവട്ടെ, തന്റെ ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും ഈ ഒരു ഉദ്ദേശ്യത്തില്‍ അടിയുറച്ചു നില്‍ക്കുന്നു.  അല്ലാഹുവിനെ ആരാധിക്കല്‍, അവന് വഴിപ്പെടല്‍ ജീവിതത്തെ ലക്ഷ്യബോധമുള്ളതും അര്‍ഥപൂര്‍ണവുമാക്കുന്നു.  

ഇസ്‌ലാമിന്റെ കാഴ്ചപ്പാടില്‍ നമ്മുടെ ഈ ലൗകിക ജീവിതം ഹ്രസ്വമായ ഒരു ഘട്ടം മാത്രമാണ്. അതിനു ശേഷം മറ്റൊരു ജീവിതമുണ്ട്.  ആദ്യ ജീവിതത്തെയും രണ്ടാമത്തെ ജീവിതത്തെയും വേര്‍പ്പെടുത്തുന്നത് മരണഘട്ടമാണ്.  ആദ്യ ഘട്ട ജീവിതത്തിന്റെയും രണ്ടാം ഘട്ട ജീവിതത്തിന്റെയും ഇടയിലെ മര്‍മപ്രധാനമായ ഒരു ഘട്ടമാണത്.  രണ്ടാം ഘട്ട ജീവിതത്തിന്റെ രീതി നമ്മുടെ ഒന്നാം ഘട്ട ജീവിതത്തിലെ പ്രവര്‍ത്തനത്തെ പൂര്‍ണമായും ആശ്രയിച്ചാണ് നിലകൊള്ളുന്നത്.  രണ്ടാം ഘട്ടത്തിന്റെ അവസാനത്തില്‍ വിധിദിനം വരുന്നു. ഈ ദിവസം അല്ലാഹു ആളുകളെ ആദ്യ ജീവിതത്തിലെ പ്രവര്‍ത്തനത്തിന്റെ ഫലമായി പ്രതിഫലം നല്‍കുകയോ ശിക്ഷിക്കുകയോ ചെയ്യുന്നു. 

 

ഇഹലോക ജീവിതം ഒരു പരീക്ഷണം 

മനുഷ്യനുള്ള പരീക്ഷണ ഘട്ടമായിട്ടാണ് ഇസ്‌ലാം ജീവിതത്തിന്റെ പ്രഥമ ഘട്ടമായ ഇഹലോക ജീവിതത്തെ പരിഗണിക്കുന്നത്. ഇഹലോക ജീവിതം മനുഷ്യന് പരീക്ഷണമാണെന്ന കാര്യത്തില്‍ സംശയമില്ല. ആദ്യഘട്ട പരീക്ഷണത്തിനു ശേഷമുള്ള വിശ്രമ ജീവിതത്തിന് സദൃശമാണ് മരണ ഘട്ടം.  ഒരു പരീക്ഷകന്റെ ഫല പ്രഖ്യാപന ദിനം പോലെയാണ് രണ്ടാം ജീവിതത്തിലെ വിധി പ്രഖ്യാപനദിനം. ഓരോ പരീക്ഷകനും തന്റെ പരീക്ഷണ ഘട്ടത്തിലെ പെരുമാറ്റത്തിന്റെ പ്രതിഫലം പറ്റുകയോ ശിക്ഷ ഏറ്റുവാങ്ങുകയോ ചെയ്യേണ്ടിവരുന്ന ഘട്ടമാണ് രണ്ടാം ജീവിതം കൊണ്ട് അര്‍ഥമാക്കുന്നത്.

ഇസ്‌ലാമില്‍ മനുഷ്യന്റെ ജീവിത വീക്ഷണം വളരെ വ്യക്തവും ലളിതവും യുക്തിഭദ്രവുമാണ്.  അതിനെ നമുക്ക് ഇങ്ങനെ സംഗ്രഹിക്കാം: ആദ്യ ജീവിതം, അതിനു ശേഷം മരണം, പിന്നെ വിധി പ്രഖ്യാപനദിനം. ശേഷം രണ്ടാമത്തെ ജീവിതം. ഈ സുവ്യക്തമായ ജീവിത വീക്ഷണത്തോടൊപ്പം ഒരു മുസ്‌ലിമിന് വ്യക്തമായ ജീവിതലക്ഷ്യവുമുണ്ട് എന്ന കാര്യത്തില്‍ തര്‍ക്കമില്ല.  തന്നെ സൃഷ്ടിച്ചത് അല്ലാഹുവാണ് എന്ന് ഒരു മുസ്‌ലിം മനസ്സിലാക്കുന്നു.  ഈ ആദ്യ ഘട്ട ജീവിതത്തില്‍ താന്‍ കുറച്ച് വര്‍ഷങ്ങള്‍ ഇവിടെ ചെലവഴിക്കുമെന്ന് ഒരു മുസ്‌ലിമിന് അറിയാം.  ആ ഘട്ടത്തില്‍ അവന് ദൈവത്തെ അനുസരിക്കേണ്ടതുണ്ട്.   കാരണം രഹസ്യമായും പരസ്യമായും അവന്‍ ചെയ്ത എല്ലാ പ്രവര്‍ത്തനങ്ങളെ കുറിച്ചും അല്ലാഹു ചോദ്യം ചെയ്യുന്നതാണ്. സര്‍വ കാര്യങ്ങളും അറിയുന്നത് അവന്‍ മാത്രം.  തന്റെ ആദ്യ ജീവിതത്തിലെ പ്രവര്‍ത്തനങ്ങളാണ് തന്റെ രണ്ടാമത്തെ ജീവിതത്തിന്റെ രീതിയെ നിര്‍ണയിക്കുന്നതെന്ന് ഒരു മുസ്‌ലിമിന് അറിയാം. അതുപോലെ ഈ ജീവിതം വളരെ ഹ്രസ്വമാണെന്നും എന്നാല്‍ തന്റെ രണ്ടാമൂഴം അനശ്വരമാണെന്നും അവന്‍ ഗ്രഹിക്കുന്നു.

 

രണ്ടാം ജീവിതത്തിന്റെ അനശ്വരത 

നമ്മുടെ രണ്ടാം ഘട്ടമായ പരലോക ജീവിതം അനശ്വരമാണെന്ന കാഴ്ചപ്പാടിന് മുസ്‌ലിംകളുടെ ഇഹലോക ജീവിതത്തില്‍ വലിയ സ്വാധീനമാണുള്ളത്. കാരണം തന്റെ ആദ്യഘട്ട ജീവിതമാണ് രണ്ടാം ഘട്ട ജീവിതത്തിന് രൂപം കൊടുക്കുന്നതെന്നാണ് അയാളുടെ ഉറച്ച വിശ്വാസം. കൂടാതെ ഈ ദൃഢനിശ്ചയം സര്‍വശക്തനും നീതിമാനുമായ അല്ലാഹുവിന്റെ വിധിതീര്‍പ്പിന് വിധേയമാവുകയും ചെയ്യുന്നതാണ്.  

രണ്ടാം ജീവിത ഘട്ടത്തെയും വിധിദിനത്തെയും കുറിച്ച വിശ്വാസവും ഒരു മുസ്‌ലിമിന്റെ ജീവിതത്തെ സാധ്യമാകുന്നത്ര ലക്ഷ്യപൂര്‍ണവും അര്‍ഥസമ്പുഷ്ടവുമാക്കുന്നു.  ഒരു മുസ്‌ലിമിന്റെ ആത്യന്തികമായ ജീവിതലക്ഷ്യം തന്നെ സ്വര്‍ഗത്തില്‍ പ്രവേശിക്കുക എന്നതാണ്.  മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ അല്ലാഹുവിനെ അനുസരിക്കുക, അവന് സര്‍വാത്മനാ കീഴടങ്ങുക, അവന്റെ കല്‍പനകള്‍ നടപ്പാക്കുക, നമസ്‌കാരത്തിലൂടെയും വ്രതാനുഷ്ഠാനത്തിലൂടെയും സകാത്തിലൂടെയും ഹജ്ജിലൂടെയും നിരന്തരമായി അല്ലാഹുവുമായി ബന്ധപ്പെടുക എന്നതാണ് അവന്റെ പരമമായ ജീവിതലക്ഷ്യം.

 

സ്ഥായിയായ ജീവിതലക്ഷ്യം 

പണം സമ്പാദിക്കുക, ലൈംഗികാസക്തി പൂര്‍ത്തീകരിക്കുക, തിന്നുക, കുടിക്കുക, വിനോദങ്ങളിലേര്‍പ്പെടുക തുടങ്ങിയവയാണ് അവിശ്വാസികള്‍ അവരുടെ ജീവിതലക്ഷ്യമായി സ്വീകരിക്കാറുള്ളത്. പക്ഷേ ഇതെല്ലാം ക്ഷണികവും നൈമിഷികവുമായ ലക്ഷ്യങ്ങള്‍ മാത്രം.  ഈ ലക്ഷ്യങ്ങളെല്ലാം വരികയും പോവുകയും ചിലപ്പോള്‍ കൂടുകയും കുറയുകയുമെല്ലാം ചെയ്യും.  പണത്തിന്റെ കാര്യം തന്നെ നോക്കുക. അത് ശാശ്വതമല്ല. ആരോഗ്യവും തഥൈവ.  ലൈംഗിക തൃഷ്ണയാകട്ടെ ശാശ്വതമായി നിലനില്‍ക്കില്ലല്ലോ?  പണം, ഭക്ഷണം, ലൈംഗികത തുടങ്ങിയ മനുഷ്യസഹജമായ തൃഷ്ണകള്‍ക്കൊന്നും  അതിനു ശേഷം എന്ത് എന്ന ഒരു വ്യക്തിയുടെ ചോദ്യത്തിന് ഉത്തരം നല്‍കാന്‍ കഴിയില്ല.

മുസ്‌ലിംകളെ സംബന്ധിച്ചേടത്തോളം അത്തരം ചോദ്യങ്ങള്‍ പ്രസക്തമല്ല.  കാരണം  പരലോക ജീവിതത്തില്‍ തന്റെ സ്വര്‍ഗലബ്ധിക്കായി അല്ലാഹുവിനെ അനുസരിക്കലാണ് തന്റെ ശാശ്വത ജീവിത ലക്ഷ്യമെന്ന് ഇസ്‌ലാം അതിന്റെ അനുയായികളെ ആദ്യം മുതല്‍ക്കേ പഠിപ്പിക്കുന്നുണ്ട്.

വിവ: ഇബ്‌റാഹീം ശംനാട്

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-27 / അന്നംല് - (32-35)
എ.വൈ.ആര്‍