Prabodhanm Weekly

Pages

Search

2017 നവംബര്‍ 17

3026

1439 സഫര്‍ 28

അര്‍ഥലോപം സംഭവിച്ച ഫിഖ്ഹ്

സദ്‌റുദ്ദീന്‍ വാഴക്കാട്

ആശയങ്ങളുടെ ആകാശവിശാലതയുള്ള ഖുര്‍ആനിക സംജ്ഞകള്‍ക്ക് അര്‍ഥലോപം സംഭവി(പ്പി)ച്ചാല്‍ അനര്‍ഥങ്ങള്‍ ഏറെയുണ്ടാകും. വേദസാരത്തിന്റെ ഉള്‍ക്കാമ്പ് ചോര്‍ന്നുപോകാനും ഇസ്‌ലാമിക സത്യത്തിന്റെ സൗന്ദര്യം കെടുത്തിക്കളയാനും അത് നിമിത്തമാകുമെന്നുറപ്പ്. ഇങ്ങനെ അര്‍ഥലോപം സംഭവിച്ച സംജ്ഞകള്‍ക്ക് മകുടോദാഹരണമാണ് ഫിഖ്ഹ്. മുസ്‌ലിം ലോകത്ത് പ്രചുരമായ ഫിഖ്ഹും ഫഖീഹും, ഖുര്‍ആനിക ഫിഖ്ഹും അതിന്റെ രൂപഭേദങ്ങളും തമ്മിലുള്ള അകലമെത്രയെന്ന് അളന്നുനോക്കുക. ഖുര്‍ആന്‍ സാഗരസൗന്ദര്യം കാണിച്ചുതന്നപ്പോള്‍, നാമതിനെ ചെറിയ തോടാക്കി ചുരുക്കി എഴുതിയതാണ് ഫിഖ്ഹിന് സംഭവിച്ച അര്‍ഥലോപം. ഫിഖ്ഹിന് അര്‍ഥലോപം വന്നപ്പോള്‍, ഇസ്‌ലാമിക ദര്‍ശനത്തെ, വൈജ്ഞാനിക മണ്ഡലത്തെ, പ്രമാണ വായനയെ, വികാസ ക്ഷമതയെ, സാമൂഹിക ബോധത്തെ എല്ലാംതന്നെ അത് പ്രതികൂലമായി ബാധിച്ചു.  

ആരാണ് യഥാര്‍ഥ ഫഖീഹ്?

ഖുര്‍ആനിലും സുന്നത്തിലും സമഗ്രാവബോധവും ഇസ്‌ലാമിക സംസ്‌കാര-നിയമ ലോകത്തെ കുറിച്ച അറിവിന്റെ ആഴവും ബുദ്ധിവൈഭവവും ദീര്‍ഘ ദര്‍ശന ശേഷിയും സാമൂഹിക ബോധവും ഒത്തിണങ്ങിയവനെ മാത്രമേ നിപുണനായ പണ്ഡിതന്‍ (ഫഖീഹ്)എന്ന് പറയാന്‍ പറ്റൂ. അത്തരമൊരു വ്യക്തിത്വത്തിനാണ് പ്രമാണവ്യാഖ്യാനത്തിന് യോഗ്യതയുള്ളത്. എന്നാല്‍, ആരാധന-അനുഷ്ഠാനങ്ങളുടെ നിയമവിധികള്‍ അറിഞ്ഞാല്‍, ഏതാനും മസ്അലകള്‍ പഠിച്ചാല്‍, കര്‍മശാസ്ത്ര കൃതികളിലെ വാചകങ്ങള്‍(ഇബാറത്ത്) ഉദ്ധരിക്കാനായാല്‍, സാധാരണക്കാരന്റെ മുമ്പില്‍ പൊതുവായ മതവിധികള്‍ (ഫത്‌വകള്‍) ഉരുവിടാന്‍ സാധിച്ചാല്‍ അയാള്‍ ഫഖീഹായി അംഗീകരിക്കപ്പെടുന്നതാണ് പൊതുവായ അവസ്ഥ. ജനം അദ്ദേഹത്തെ അവലംബമായി, ദീനിന്റെ ആധികാരിക ശബ്ദമായി കാണുന്നു. താന്‍ ഒരൊത്ത പണ്ഡിതനാണെന്ന് അയാള്‍ക്കുതന്നെ തോന്നുകയും ചെയ്യുന്നു! വാക്ചാതുരിയും വേഷഭൂഷകളും ഹാവഭാവങ്ങളുമൊക്കെ കൈമുതലായുള്ളവര്‍ ചില ആയത്തുകളുടെയും ഹദീസുകളുടെയും അറബി ഉദ്ധരണികളുടെയും പിന്‍ബലത്തില്‍ 'ഫഖീഹാ'യി സ്ഥാനമെടുക്കുന്ന സ്ഥിതിവിശേഷം ആശാവഹമല്ല.

ഫിഖ്ഹിന് സംഭവിച്ച അര്‍ഥലോപമാണ് ഇതിന്റെ ഒരു പ്രധാന കാരണം. ഇന്ന് പ്രചുരമായ 'ഫിഖ്ഹ്' എന്ന പ്രയോഗംതന്നെ ഒരുപാട് ആശയങ്ങളെ റദ്ദ് ചെയ്യുന്നുണ്ട്. പ്രമാണ വായനയുടെ പ്രകൃതത്തെ ന്യൂനീകരിക്കുകയും വ്യാഖ്യാന യോഗ്യതയുടെ മാനദണ്ഡത്തെ ലഘൂകരിക്കുകയും ചെയ്യുന്നതില്‍ ഫിഖ്ഹിനു വന്നുപെട്ട അര്‍ഥലോപം പ്രധാന വില്ലനാണ്. അര്‍ഥവൈപുല്യവും ആശയഗാംഭീര്യവുമുള്ള ഫിഖ്ഹിനെ പരിമിതീകരിച്ച്, ആരാധനാ-അനുഷ്ഠാനങ്ങളുടെ കേവല നിയമവിധികളിലേക്ക് ചുരുക്കിയതാണ് പില്‍ക്കാലത്ത് സംഭവിച്ച അപചയം. ഖുര്‍ആനും സുന്നത്തും പ്രയോഗിച്ചതില്‍നിന്നു ഭിന്നമായാണ് പില്‍ക്കാലത്ത് ഫിഖ്ഹിന് സാങ്കേതിക നിര്‍വചനം നല്‍കപ്പെട്ടത്. ആരാധനാ-അനുഷ്ഠാന നിയമങ്ങള്‍ ചര്‍ച്ച ചെയ്യുന്ന പൗരാണിക കര്‍മശാസ്ത്ര കൃതികള്‍ പഠിക്കുകയും അതനുസരിച്ച് മസ്അലകള്‍ കുരുക്കഴിക്കാന്‍ ശേഷി നേടുകയും ചെയ്തവരാണ് പൊതുവെ ഫഖീഹ്/ ആലിം എന്നൊക്കെ അറിയപ്പെടുന്നത്. ഒരാള്‍ 'വലിയ ആലിമാണ്, നല്ല ഫഖീഹാണ്' എന്നൊക്കെ പറയുമ്പോള്‍, പൊതുവില്‍ നമ്മുടെ മുമ്പില്‍ തെളിയുന്നൊരു ചിത്രമുണ്ട്. ആരാധനാപരമായ അംഗവിക്ഷേപങ്ങളും അവയ്ക്കിടയിലെ മന്ത്രോച്ചാരണങ്ങളും അവയുടെ സൂക്ഷ്മവിധികളും 'ഫിഖ്ഹ്' എന്ന് വിളിക്കപ്പെട്ടാല്‍ പിന്നെ 'ഫഖീഹ്' നിറംകെട്ടു പോവുക എളുപ്പമാണല്ലോ! 

ഖുര്‍ആനും സുന്നത്തും പ്രയോഗിച്ചതില്‍നിന്ന് വിഭിന്നമായാണ് പില്‍ക്കാലത്ത് ഫിഖ്ഹിന് സാങ്കേതിക നിര്‍വചനം (ഇസ്ത്വിലാഹ്) നല്‍കപ്പെട്ടത്. പ്രപഞ്ചത്തെ സംബന്ധിച്ച അറിവാഴവും, ദൈവത്തെ സംബന്ധിച്ച അവബോധവും ഇസ്‌ലാമിനെ സംബന്ധിച്ച സമഗ്ര പരിജ്ഞാനവും 'ഫിഖ്ഹി'ന്റെ ഖുര്‍ആനിക പാഠമാണെങ്കില്‍, പണ്ഡിതന്മാരുടെ സാങ്കേതിക ഭാഷയില്‍ ഫിഖ്ഹ്  ചെറിയൊരു വൃത്തമായിച്ചുരുങ്ങി. സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദിയുടെ നിരീക്ഷണം ശ്രദ്ധേയമാണ്: ''ഖുര്‍ആന്‍ സൂക്തത്തിലെ 'ദീനില്‍ വ്യുല്‍പത്തി നേടുന്നതിന്' (ലിയതഫഖഹൂ ഫിദ്ദീന്‍) എന്ന പ്രയോഗം പില്‍ക്കാലത്ത് ആളുകളില്‍ വിചിത്രമായ തെറ്റിദ്ധാരണ സൃഷ്ടിച്ചിരുന്നു. അതിന്റെ വിഷലിപ്തമായ സ്വാധീനം ദീര്‍ഘകാലമായി മുസ്‌ലിംകളുടെ മതവിദ്യാഭ്യാസത്തെയെന്നല്ല മതജീവിതത്തെ തന്നെ ഗ്രസിച്ചുകഴിഞ്ഞിരിക്കുന്നു. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം 'തഫഖുഹ് ഫിദ്ദീന്‍' ആണെന്ന് ഖുര്‍ആന്‍ പ്രഖ്യാപിച്ചപ്പോള്‍ ദീന്‍ മനസ്സിലാക്കുക, അതിന്റെ ഘടനയില്‍ ഉള്‍ക്കാഴ്ച നേടുക, ദീനിന്റെ സംസ്‌കാരവും ചൈതന്യവും ഉള്‍ക്കൊള്ളുക, നാനാ ജീവിതമേഖലകളില്‍ ഏത് ചിന്താകര്‍മരീതിയാണ് ദീനിന്റെ ആത്മാവുമായി ഇണങ്ങുന്നതെന്ന് വിവേചിച്ചറിയുക എന്നൊക്കെയാണ് അതുകൊണ്ട് അര്‍ഥമാക്കിയത്. എന്നാല്‍, പില്‍ക്കാലത്ത് ഫിഖ്ഹ് എന്ന സാങ്കേതിക നാമത്തില്‍ വ്യവഹരിക്കപ്പെടുകയും അചിരേണ ഇസ്‌ലാമിക ജീവിതത്തിന്റെ ബാഹ്യരൂപത്തെ (ആന്തര ചൈതന്യത്തെയല്ല)വിശദീകരിക്കുകയും ചെയ്യുന്ന കര്‍മശാസ്ത്ര ശാഖ പ്രചാരം നേടിയപ്പോള്‍, അതാണ് ദൈവവിധി പ്രകാരം വിജ്ഞാനത്തിന്റെ പരമലക്ഷ്യമായി പ്രഖ്യാപിക്കപ്പെട്ട വസ്തുവെന്ന് പദസാദൃശ്യം മൂലം ജനങ്ങള്‍ ധരിച്ചുവശായി. അതാവട്ടെ മുഴുവന്‍ ലക്ഷ്യമായിരുന്നില്ല. ലക്ഷ്യത്തിന്റെ ഒരംശം മാത്രമായിരുന്നു. ഈ ഭീമമായ അബദ്ധ ധാരണകളുടെ ഫലമായി ദീനിനും അതിന്റെ അനുയായികള്‍ക്കും സംഭവിച്ച നഷ്ടങ്ങള്‍ വിലയിരുത്താന്‍ ഒരു വലിയ ഗ്രന്ഥംതന്നെ വേണ്ടിവരും. മുസ്‌ലിംകളുടെ ദീനീവിദ്യാഭ്യാസത്തെ ചൈതന്യശൂന്യമാക്കി മതത്തിന്റെ ജഢത്തെയും രൂപത്തെയും കുറിച്ച വിശദീകരണത്തില്‍ അതിനെ കേന്ദ്രീകരിച്ചു നിര്‍ത്തുകയും ഒടുവില്‍ മുസ്‌ലിംകളുടെ ജീവിതത്തില്‍ കേവലം നിര്‍ജീവമായ ബാഹ്യനിഷ്ഠ, മതനിഷ്ഠയുടെ പരമലക്ഷ്യമായിത്തീരാന്‍ കാരണമാവുകയും ചെയ്തത് വലിയൊരു അളവോളം ഈ അബദ്ധ ധാരണയാണ്.''1 ഫിഖ്ഹിന് പില്‍ക്കാല പണ്ഡിതന്മാര്‍ നല്‍കിയ സാങ്കേതികാര്‍ഥത്തിന്റെ ദുരന്തം ഇതിലപ്പുറം എന്ത് വിശദീകരിക്കാന്‍!?

വിശുദ്ധ ഖുര്‍ആന്‍ അവതരണത്തിന് രണ്ട് ഘട്ടങ്ങളുണ്ട്, മുഹമ്മദ് നബിയുടെ മക്കാ ജീവിതവും മദീനാ കാലഘട്ടവും. മക്കയിലെ പതിമൂന്ന് വര്‍ഷങ്ങള്‍ക്കുശേഷമുള്ള മദീനാഘട്ടത്തിലെ പത്തു വര്‍ഷങ്ങളിലാണ് ഇസ്‌ലാമിക ആരാധനാ-അനുഷ്ഠാനങ്ങളുടെയും ഇടപാടുകളുടെയും നിയമവിധികളില്‍ മഹാഭൂരിപക്ഷവും അവതീര്‍ണമാകുന്നത്. വിശ്വാസ തത്ത്വങ്ങളും സാമൂഹിക ബോധവും സാംസ്‌കാരികാടിത്തറകളുമൊക്കെയാണ് മക്കാകാലത്തെ പതിമൂന്ന് വര്‍ഷങ്ങളിലെ മര്‍മ ഭാഗങ്ങള്‍. ഇസ്‌ലാമിന്റെ ഇത്തരമൊരു ആശയ ലോകത്തേക്ക് വാതില്‍ തുറക്കുംവിധം ഖുര്‍ആന്‍ മക്കീ അധ്യായങ്ങളില്‍ തന്നെ  'ഫിഖ്ഹും' അതിന്റെ രൂപഭേദങ്ങളും ഉപയോഗിച്ചതു കാണാം. അടിസ്ഥാന ആരാധനയായ നമസ്‌കാരത്തിന്റെ വിശദാംശങ്ങള്‍ പോലും നല്‍കപ്പെട്ടിട്ടില്ലാത്ത മക്കയില്‍ ഖുര്‍ആന്‍ 'ഫിഖ്ഹ്' പ്രതിപാദിച്ചതിന്റെ അര്‍ഥെമന്താണ്? കല്‍പനകളും നിരോധങ്ങളും  ഉള്‍െപ്പടുന്ന സവിസ്തരമായ നിയമശാസനകളും നിര്‍ബന്ധ കര്‍മങ്ങളും (ഫര്‍ദ്) ശിക്ഷാവിധികളും (ഹുദൂദ്) വിശദീകരിക്കപ്പടുന്നതിനുമുമ്പ് ഫിഖ്ഹിന്റെ അടിസ്ഥാന രൂപങ്ങള്‍ ഖുര്‍ആനില്‍ പ്രയോഗിക്കപ്പട്ടിട്ടുണ്ട്. കര്‍മാനുഷ്ഠാന വിധികള്‍ (അല്‍ അഹ്കാമുല്‍ അമലിയ്യ) മാത്രമല്ല അവയുള്‍ക്കൊള്ളുന്നത്; മറിച്ച്, വ്യക്തിയിലും സമൂഹത്തിലും നിയമരൂപീകരണത്തിലുമുള്ള അല്ലാഹുവിന്റ നടപടിക്രമങ്ങളെ സംബന്ധിച്ച തിരിച്ചറിവും അവബോധവുമൊക്കയാണ് അവയുടെ ഉള്ളടക്കം. സാങ്കേതികാര്‍ഥത്തിലെ ഫിഖ്ഹല്ല, ഖുര്‍ആനിന്റെ ഭാഷയിലെ ഫിഖ്ഹ്. അല്ലാഹുവിന്റ ദൃഷ്ടാന്തങ്ങളെ സംബന്ധിച്ച ഉത്തമബോധവും പ്രാപഞ്ചിക പ്രതിഭാസങ്ങളിലും വ്യക്തി-സമൂഹ ജീവിതത്തിലുള്ള അല്ലാഹുവിന്റെ നടപടിക്രമങ്ങളെ ചൂഴ്ന്നുനില്‍ക്കുന്ന തിരിച്ചറിവുമൊെക്കയാണ് ആ ഫിഖ്ഹ്. ദീനിന്റെ സമ്പൂര്‍ണ നിയമങ്ങളെ സംബന്ധിച്ച സമഗ്രാവബോധം എന്ന അര്‍ഥത്തിലാണ് നബിവചനങ്ങളിലും ഫിഖ്ഹിന്റെ രൂപഭേദങ്ങള്‍ ഉപയോഗിച്ചിട്ടുള്ളത്; കര്‍മാനുഷ്ഠാന വിധികളില്‍ പരിമിതമല്ല സുന്നത്തിലെ ഫിഖ്ഹ്. ''അല്ലാഹു ആര്‍ക്കെങ്കിലും നന്മ ഉദ്ദേശിച്ചാല്‍ അവന് ദീനില്‍ അവഗാഹം (തഫഖുഹ്) നല്‍കുന്നു.''2 എന്ന പ്രവാചക വചനത്തില്‍ ദീന്‍ പൂര്‍ണമായി ഉള്‍ക്കൊള്ളുന്നുണ്ട്. 'ആത്മാവിനെയും അതിന്റെ അവകാശങ്ങളെയും ബാധ്യതകളെയും തിരിച്ചറിയലാണ് ഫിഖ്ഹ്'3 എന്ന ഇമാം അബൂഹനീഫയുടെ നിര്‍വചനം, മനുഷ്യജീവിതത്തെ മുച്ചൂടും ചൂഴ്ന്നുനില്‍ക്കുന്നതാണ് ഫിഖ്ഹ് എന്ന് ബോധ്യപ്പെടുത്തുന്നു. വിശ്വാസം (അഖീദ), ആരാധനാ-അനുഷ്ഠാനങ്ങള്‍ (ഇബാദത്ത്), സ്വഭാവ ചര്യകള്‍ (അഖ്‌ലാഖ്), ഇടപാടുകള്‍ (മുആമലാത്ത്) എന്നിവയുമായി ബന്ധപ്പെട്ട് ഖുര്‍ആനിലും സുന്നത്തിലും വന്നിട്ടുള്ള തത്ത്വങ്ങളും നിയമങ്ങളുമാണ് ശരീഅത്തെങ്കില്‍, ആ തത്ത്വങ്ങളും നിയമങ്ങളും ഗ്രഹിക്കലും (ഫഹ്മ്) അവയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ (മഖാസ്വിദ്) തിരിച്ചറിയലുമാണ് ഫിഖ്ഹ്.4 

'ആയിരം അനുഷ്ഠാനക്കാരേക്കാള്‍ (ആബിദ്) പിശാചിന് കഠിനതരം ഒരു ഫഖീഹ്' ആണെന്ന് അബൂഹുറയ്‌റ നിവേദനം ചെയ്തതു കാണാം. അനുഷ്ഠാനങ്ങള്‍ക്കും അവയുടെ നിയമങ്ങള്‍ക്കും അപ്പുറത്താണ് 'ഫിഖ്ഹ്' എന്ന് ഇത് സംശയലേശമന്യേ പഠിപ്പിക്കുന്നു. എന്നിട്ടും എന്തടിസ്ഥാനത്തിലാണ് 'അനുഷ്ഠാന നിയമങ്ങളുടെ വിജ്ഞാനീയങ്ങളിലേക്ക്' ഫിഖ്ഹിനെ പരിമിതപ്പെടുത്തിയത്? ഇബ്‌നു ഖയ്യിമുല്‍ ജൗസിയ്യ പറയുന്നത് കാണുക: ''ഇസ്‌ലാമിക തത്ത്വങ്ങളുടെയും നിയമങ്ങളുടെയും സാകല്യത്തെയാണ് ആദ്യഘട്ടത്തില്‍ 'ഫിഖ്ഹ്' എന്ന സംജ്ഞ സൂചിപ്പിച്ചിരുന്നത്. വിശ്വാസം, ആരാധനാ-അനുഷ്ഠാനങ്ങള്‍, അനുഭവജ്ഞാനങ്ങള്‍, സ്വഭാവചര്യ, സാമൂഹിക ഇടപാടുകള്‍ തുടങ്ങിയവയെല്ലാം അതില്‍ ഉള്‍ക്കൊണ്ടിരുന്നു. വിജ്ഞാനീയങ്ങളെ ഇനം തിരിക്കുന്നതിനു മുമ്പായിരുന്നു ഇത്. എന്നാല്‍, ഓരോ വിജ്ഞാന ശാഖക്കും സവിശേഷ പേരു നല്‍കി വിഭജിച്ചപ്പോള്‍, ഫിഖ്ഹിന് പുതിയ നിര്‍വചനമുണ്ടായി. അനുഷ്ഠാനങ്ങളും ഇടപാടുകളും സംബന്ധിച്ച ശാഖാപരമുള്‍പ്പെടെയുള്ള കര്‍മവിധികളായി ഫിഖ്ഹ്. തൗഹീദീ വിജ്ഞാനീയങ്ങളുള്‍ക്കൊള്ളുന്ന വിശ്വാസമണ്ഡലം (അഖാഇദ്), ആത്മീയ സംസ്‌കരണ പാഠങ്ങളുടെ 'തസ്‌കിയ' മേഖല തുടങ്ങിയവ അതില്‍നിന്ന് മാറ്റിനിര്‍ത്തപ്പെട്ടു. തെളിവുകളും ന്യായങ്ങളും ആധാരമാക്കി അനുഷ്ഠാനങ്ങള്‍ ചിട്ടപ്പെടുത്തുന്നതില്‍ ഫിഖ്ഹ് ചുരുങ്ങുകയും ചെയ്തു.''5

ആദ്യകാലത്ത് ഫിഖ്ഹിനുണ്ടായിരുന്ന ആശയവിശാലത പിന്നീട് ന്യൂനീകരിക്കപ്പട്ടത് വിവിധ വിജ്ഞാന ശാഖകള്‍ ഇനം തിരിക്കപ്പെട്ടതിന്റെ അനിവാര്യതയാണെന്ന് ലഘൂകരിക്കാന്‍ പാടില്ലാത്തതാണ്. ഈ ന്യൂനീകരണത്തിന്റെ പ്രത്യാഘാതങ്ങള്‍ അത്രമേല്‍ ഗുരുതരമായി തുടരുന്നുണ്ട്. ഇനം തിരിക്കപ്പെട്ടപ്പോള്‍, ഇത്ര അര്‍ഥവൈപുല്യമുള്ള ഖുര്‍ആനിക പ്രയോഗത്തെ ന്യൂനീകരിക്കാതെ, കര്‍മശാസ്ത്രത്തിന് മറ്റൊരു പദം ഉപയോഗിക്കലായിരുന്നു സൂക്ഷ്മത. ദീനിന്റെ അടിസ്ഥാന തത്ത്വങ്ങളും ശാഖാപരമായ വിധികളുമെല്ലാം ഉള്‍ക്കൊള്ളുന്ന വിജ്ഞാനീയങ്ങളായിട്ടാണ് പൂര്‍വികരിലെ ആദ്യകാലക്കാര്‍ ഫിഖ്ഹിനെ മനസ്സിലാക്കിയിരുന്നത്. എന്നാല്‍ പില്‍ക്കാലക്കാരാണ്, മുസ്‌ലിംകളുടെ അനുഷ്ഠാനങ്ങളും ഇടപാടുകളും കൈകാര്യം ചെയ്യുന്ന നിയമങ്ങളാണ് ഫിഖ്ഹ് എന്ന നിര്‍വചനം നല്‍കിയത്. തെളിവുകളുടെ വിശദാംശങ്ങളെ അടിസ്ഥാനപ്പെടുത്തി അനുവദനീയവും നിഷിദ്ധവും കല്‍പനകളും നിരോധങ്ങളും ചര്‍ച്ച ചെയ്യുന്ന ശര്‍ഈ വിധികളുടെ വിജ്ഞാന ശാഖയായി അതോടെ ഫിഖ്ഹ്.6 ഖുര്‍ആനിന്റെയും സുന്നത്തിന്റെയും വിഷയസംബന്ധിയായ പാഠങ്ങളെ പരിമിതപ്പെടുത്തുകയാണ് ഇത് ചെയ്തത്. അതോടെ അനുഷ്ഠാനങ്ങളുെടയും ഇടപാടുകളുടെയും ശര്‍ഈ മസ്അലകള്‍ അറിയുന്നവര്‍ 'ആലിമും ഫഖീഹു'മായി അംഗീകരിക്കപ്പെട്ടു. എന്നാല്‍, അലിയ്യുബ്‌നു അബീത്വാലിബിന്റെ ഒരു ഇടപെടല്‍, ഈ ധാരണകളെ തിരുത്തുന്നതും ഇക്കാലത്തെ പണ്ഡിതനാട്യങ്ങളെ നിരാകരിക്കുന്നതുമാണ്. ഒരിക്കല്‍ പള്ളിയിലെത്തിയ അലിയ്യുബ്‌നു അബീത്വാലിബ് ഒരാള്‍ വൈജ്ഞാനിക സദസ്സിന് നേതൃത്വം നല്‍കുന്നതു കണ്ടു. അലി, അയാളോട് ഖുര്‍ആനിലെ ദുര്‍ബലമാക്കുന്നതും (നാസിഖ്), ദുര്‍ബലമാക്കപ്പെട്ടതും (മന്‍സൂഖ്) ആയ സൂക്തങ്ങളെ കുറിച്ച് ചോദിച്ചു. അയാള്‍ക്ക് മറുപടിയൊന്നും ഉണ്ടായില്ല. ഇയാള്‍ പണ്ഡിതന്‍ (ആലിം) അല്ലെന്നു പറഞ്ഞ് അവിടെനിന്ന് പറഞ്ഞയക്കുകയാണ് അലി (റ) ചെയ്തത്.7 ചില പുസ്തകങ്ങള്‍ വായിച്ച് ഏതാനും 'മസ്അല'കള്‍ മനസ്സിലാക്കിയാല്‍ പണ്ഡിതനും ജ്ഞാനിയുമാകുമെന്ന തെറ്റിദ്ധാരണ തിരുത്തുകയാണ് അലിയ്യുബ്‌നു അബീത്വാലിബ് ചെയ്തത്. അദ്ദേഹം ജീവിച്ചിരുന്ന അക്കാലത്ത് ഇതാണ് അവസ്ഥയെങ്കില്‍, പില്‍ക്കാലത്ത് സംഭവിക്കാനിടയുള്ള അപചയം മനസ്സിലാക്കാവുന്നതേയുള്ളൂ.

സൂക്ഷ്മ വായനകളിലൂടെയാണ് ജ്ഞാനശേഷികള്‍ പരിശോധിച്ച് പണ്ഡിതന്മാരെ വിലയിരുത്തുകയും ഉള്‍ക്കൊള്ളുകയും ചെയ്യേണ്ടത്. ചിലതെല്ലാം അറിയാെമന്നതുകൊണ്ടുമാത്രം ഒരാളും സ്വീകാര്യനായ പണ്ഡിതനാകണമെന്നില്ല. അത്തരക്കാര്‍ക്ക് ഗവേഷകരുടെ ആധികാരികത കല്‍പിച്ചരുളുന്നതിലും അര്‍ഥമില്ല. ഇബ്‌നു ജരീറിന്റെ ഒരു സമീപനം ചരിത്രത്തില്‍ ഉദ്ധരിക്കപ്പെട്ടത് ഇതിന് ഉദാഹരണമാണ്. ഇമാം അബൂഹനീഫ, ഇമാം മാലിക്, ഇമാം ശാഫിഈ എന്നിവരുടെ ജീവചരിത്രം നടത്തിയ ഇബ്‌നു ജരീറിനോട് താങ്കള്‍ എന്തുകൊണ്ട് ഇമാം അഹ്മദിന്റെ ജീവചരിത്രം പറയുന്നില്ലെന്ന് ചോദിച്ചപ്പോള്‍, അതിന് അദ്ദേഹം പറഞ്ഞ മറുപടി ശ്രദ്ധേയമാണ്: ''മൂന്ന് ഇമാമുമാരും ജ്ഞാനികളും (ഫുഖഹാഅ്) ഹദീസ് വിശാരദന്മാരും (മുഹദ്ദിസൂന്‍) ആണ്. എന്നാല്‍, ഇമാം അഹ്മദ് ഹദീസ് വിശാരദനും ജ്ഞാനിയും ആണ്. ഇമാം അഹ്മദില്‍ മികച്ചുനില്‍ക്കുന്ന ഗുണം മുഹദ്ദിസിന്റേതാണ്. എന്നാല്‍, മറ്റു മൂന്നു പേരില്‍ മികച്ചുനില്‍ക്കുന്നത് 'ഫഖീഹ്' എന്ന സവിശേഷതയാണ്.'' മുഹദ്ദിസിനും ഫഖീഹിനുമിടയിലുള്ള വ്യത്യാസത്തെക്കുറിച്ചും മനസ്സിലാക്കേണ്ടതായിട്ടുണ്ട്. ജ്ഞാനത്തിന്റെ അളവും സ്വഭാവവും തരവുമൊക്ക അനുസരിച്ച് പാണ്ഡിത്യം വ്യത്യാസപ്പെട്ടിരിക്കും. പ്രവാചകന്‍ പണ്ഡിതന്മാരെ ഭൂമിയോടുപമിച്ചിട്ടുണ്ട്. അബൂമൂസല്‍ അശ്അരി നിവേദനം ചെയ്യുന്നു; നബി (സ) പറഞ്ഞു: ''എനിക്ക് അല്ലാഹു തന്നയച്ച സന്മാര്‍ഗവും അറിവും മഴ പോലെയാണ്. മഴ ലഭിച്ച ഭൂമിയുടെ ചില ഭാഗങ്ങള്‍ വെള്ളം സ്വീകരിക്കുകയും പുല്ലു ചെടികള്‍ ധാരാളം മുളപ്പിക്കുകയും ചെയ്യും. ഭൂമിയുടെ മറ്റു ചില ഭാഗങ്ങള്‍ വരണ്ടതായിരിക്കും. അവ വെള്ളം സംഭരിച്ചുവെക്കുകയും മനുഷ്യനും മൃഗങ്ങളും കുടിക്കാനും കൃഷി ചെയ്യാനും ഉപയോഗിക്കുകയും ചെയ്യുന്നു. മറ്റു ചില ഭാഗങ്ങള്‍ തരിശു നിലങ്ങള്‍ (ഖീആന്‍) ആയിരിക്കും. അവ വെള്ളം സംഭരിച്ചുവെക്കുകയോ, പുല്ലും ചെടികളും മുളപ്പിക്കുകയോ ചെയ്യില്ല. ദീനില്‍ അവഗാഹം നേടുകയും അതുകൊണ്ട് പ്രയോജനമെടുക്കുകയും ചെയ്യുന്നവരുടെയും അത് സ്വീകരിക്കാന്‍ കഴിയാത്തവരുടെയും ഉപമയാണിത്.'' ഈ നബിവചനത്തിന്റെ അടിസ്ഥാനത്തില്‍ പണ്ഡിതന്മാരെയും വേര്‍തിരിക്കാം. ചില പണ്ഡിതന്മാര്‍ ഖുര്‍ആനും ഹദീസും മനഃപാഠമാക്കി സൂക്ഷിക്കുന്നവരായിരിക്കും. അവയുടെ നിവേദനങ്ങളും ടെക്സ്റ്റുകളും സൂക്ഷിക്കുക മാത്രമാണവര്‍ ചയ്യുന്നത്. അതില്‍നിന്ന് തത്ത്വങ്ങളും ആശയങ്ങളുമൊന്നും മുളപ്പിച്ചെടുക്കാന്‍ അവര്‍ക്ക് കഴിയില്ല. വെള്ളം സൂക്ഷിക്കുന്ന ഭൂമിപോലെയാണവര്‍. മറ്റൊരു വിഭാഗം പണ്ഡിതന്മാര്‍, ഖുര്‍ആന്‍ വ്യാഖ്യാനത്തിലും ഹദീസ് വിശദീകരണത്തിലും ശ്രദ്ധയൂന്നും. പുതിയ ആശയങ്ങളും ചിന്തകളും അവയില്‍നിന്ന് അവര്‍ രൂപപ്പെടുത്തും. പക്ഷേ, അവര്‍ കുറേ ടെക്സ്റ്റുകള്‍ മനഃപാഠമാക്കി സൂക്ഷിച്ചിട്ടുണ്ടാകില്ല. വെള്ളം സ്വീകരിച്ച് പുല്ലും ചെടികളും മുളപ്പിച്ച ഭൂമിയെപ്പോലെയാണിവര്‍. ഖുര്‍ആനും സുന്നത്തും പഠിക്കുകയോ, മനസ്സിലാക്കുകയോ ചെയ്യാത്ത മനുഷ്യരെയും കാണാം. ഇനിയുമൊരു വിഭാഗം ഉന്നത ശീര്‍ഷരായ പണ്ഡിതന്മാരുണ്ട്. ആദ്യ രണ്ട് വിഭാഗത്തെയും സമന്വയിപ്പിച്ചവരാണവര്‍. അവര്‍ക്ക് ഖുര്‍ആനും സുന്നത്തും മനഃപാഠമാക്കി സൂക്ഷിക്കാനും (ഹിഫഌ) അവയെ ആഴത്തില്‍ ഗ്രഹിക്കാനും (ഫഹ്മ്) അവയില്‍നിന്ന് തത്ത്വങ്ങളും നിയമങ്ങളും നിര്‍ധാരണം ചെയ്യാനും (ഇസ്ത്വിന്‍ബാത്വ്) അല്ലാഹു ശേഷി നല്‍കിയിരിക്കും. ദീനില്‍ അവഗാഹം നല്‍കപ്പെട്ട പണ്ഡിതന്മാരാണ് ഇവര്‍.

പണ്ഡിതന്മാരുടെ വൈജ്ഞാനിക ശേഷിയെ സംബന്ധിച്ച ഈ ഗൗരവ ചിന്ത വഴിയിലെവിടെയോ വെച്ച് മുസ്‌ലിം സമൂഹത്തിന് നഷ്ടപ്പെട്ടു. ഖുര്‍ആനും സുന്നത്തും പഠിപ്പിച്ച വിശാല തലങ്ങള്‍ ചുരുങ്ങുകയും പ്രധാന മാനദണ്ഡങ്ങള്‍ അട്ടിമറിക്കപ്പെടുകയും ചെയ്തു. പ്രമാണ വ്യാഖ്യാനങ്ങളില്‍ അപകടകരമായ ലാഘവത്വവും ന്യൂനീകരണവും കടന്നുവരാന്‍ ഇത് കാരണമായിത്തീര്‍ന്നു. ഏതാനും ആയത്തുകളും ചില ഹദീസുകളും കുറച്ച് അറബി ഉദ്ധരണികളും അറിയാവുന്നവര്‍ ആധികാരിക പണ്ഡിതന്മാരായി ചമഞ്ഞു. അവര്‍ ദീനിന്റെ അവസാന വാക്കെന്ന നിലയില്‍ സംസാരിച്ചുതുടങ്ങി. അടര്‍ത്തിയെടുത്ത ആയത്തുകളും അക്ഷരങ്ങളില്‍ കണ്ട ഹദീസുകളും ഉദ്ധരിച്ച് അവര്‍ മതവിധികള്‍ നല്‍കാന്‍ ഉത്സുകരായി. ചില പ്രത്യേക ചരിത്ര സന്ദര്‍ഭങ്ങളില്‍ പ്രകടിപ്പിക്കപ്പെട്ട പണ്ഡിതാഭിപ്രായങ്ങള്‍ ചരിത്ര നിരപേക്ഷമായി പ്രമാണമാക്കാന്‍ അവര്‍ക്ക് മടിയുണ്ടായില്ല. പണ്ഡിതനല്ലെന്നു പറഞ്ഞ് അലി (റ) പള്ളിയില്‍നിന്ന് ഒഴിവാക്കിയതുപോലുള്ള വ്യക്തികള്‍ക്ക് 'നിരുപാധിക ഗവേഷകന്റെ' (മുജ്തഹിദ് മുത്വ്‌ലഖ്) കിരീടം അണിയിക്കപ്പെട്ടു. നൂറുകണക്കിന് മുജ്തഹിദ് മുത്വ്‌ലഖുകള്‍ക്ക് ജന്മം നല്‍കിയ അറബിക് കോളേജുകളെ കുറിച്ച് വരെ അഭിമാനംകൊണ്ട് രംഗപ്രവേശം ചെയ്യുവോളം ഈ ലാഘവത്വം 'വളര്‍ന്നു'! അങ്ങനെ, നബി (സ) താക്കീത് ചെയ്ത തെറ്റായ ഫത്‌വകളിലൂടെ മനുഷ്യനെ കുരുതി കൊടുക്കുന്ന മതപ്രഭാഷകരും മുഫ്തിമാരും രംഗത്തെത്തി. അറിവില്ലാത്തവരുടെ ഫത്‌വകള്‍ ഒരു മനുഷ്യനെ കൊന്ന ചരിത്രമുണ്ട് ഹദീസ് ഗ്രന്ഥങ്ങളില്‍. അബ്ദുല്ലാഹിബ്‌നു അബ്ബാസ് പറയുന്നു: നബി(സ)യുടെ കാലത്ത് ഒരാള്‍ക്ക് മുറിവേറ്റു, അതേ അവസ്ഥയില്‍ അയാള്‍ക്ക് സ്വപ്‌നസ്ഖലനമുണ്ടായി. കുളി നിര്‍ബന്ധമാണെന്ന് ആരോ അയാളോട് പറഞ്ഞു. അയാള്‍ കുളിച്ചു. അത് മരണത്തിന് കാരണമായി. വാര്‍ത്ത നബി(സ)യുടെ സന്നിധിയിെലത്തി. ''അവര്‍ അയാളെ കൊന്നു, അല്ലാഹു അവരെ ശപിക്കട്ടെ! അറിവില്ലായ്മക്കുള്ള ചികിത്സ അന്വേഷണമല്ലേ?'' ഇതായിരുന്നു നബി(സ)യുടെ പ്രതികരണം.7 'അവര്‍ അയാളെ കൊന്നു' എന്ന പ്രയോഗം ശ്രദ്ധിക്കുക. അന്ന് ആ തെറ്റായ ഫത്‌വ ഒരു മനുഷ്യന്റെ മരണത്തിനാണ് നിമിത്തമായതെങ്കില്‍, പില്‍ക്കാലത്തും സമകാലിക ലോകത്തും വികലമായ പ്രമാണ വ്യാഖ്യാനങ്ങളും വിധിതീര്‍പ്പുകളും ഇസ്‌ലാമിന്റെ ആത്മാവിനെത്തന്നെയാണ് വധിക്കുന്നത്. 

'ദീനിലെ അവഗാഹം' അത്രയെളുപ്പം കൈവരിക്കാവുന്ന ഒന്നല്ല. ഏതാനും വര്‍ഷത്തെ നിശ്ചിത സിലബസ് അനുസരിച്ചുള്ള കോളേജ് വിദ്യാഭ്യാസവും യൂനിവേഴ്‌സിറ്റി പരീക്ഷ പാസ്സാകലും മാത്രമോ, നിഘണ്ടുക്കള്‍ നോക്കി വാക്കുകളുടെ അര്‍ഥവും ഇംഗ്ലീഷ് നിഘണ്ടുക്കളുടെ സഹായത്തോടെ അറബി പദങ്ങളുടെ പരിഭാഷയും മനസ്സിലാക്കി താര്‍ക്കിക ബുദ്ധിയോടെ വിഷയങ്ങള്‍ സമര്‍ഥിക്കാനുള്ള ശ്രമങ്ങളോ അതിന് മതിയാകില്ല. ഖുര്‍ആനിന്റെയും സുന്നത്തിന്റെയും ആശയപ്രപഞ്ചത്തില്‍ നീണ്ട വൈജ്ഞാനിക തപസ്യതന്നെ അതിനു നിര്‍വഹിക്കേണ്ടതുണ്ട്. ദീനീ വിജ്ഞാനീയങ്ങളുടെ അടിസ്ഥാന സ്തംഭങ്ങള്‍ (ഉസ്വൂല്‍) പഠിച്ചെടുക്കേണ്ടതുണ്ട്. ഉലൂമുല്‍ ഖുര്‍ആന്‍ (ഖുര്‍ആന്‍ വിജ്ഞാനീയങ്ങള്‍), ഉസ്വൂലുല്‍ ഹദീസ് (ഹദീസ് നിദാന ശാസ്ത്രം), ഉസ്വൂലുല്‍ ഫിഖ്ഹ്( കര്‍മശാസ്ത്ര നിദാന തത്ത്വങ്ങള്‍) തുടങ്ങിയ ജ്ഞാനസാഗരത്തില്‍ മുങ്ങിത്തപ്പേണ്ടതുണ്ട്. അറബി സാഹിത്യമറിയണം, സാമൂഹിക ബോധമുണ്ടാകണം. 

കര്‍മശാസ്ത്രമെന്ന് ന്യൂനീകരിക്കപ്പെട്ട ഫിഖ്ഹിനുപോലും അതിന്റേതായ വിശാല കൈവഴികള്‍ വികസിച്ചുവന്നിട്ടുണ്ട്. മുന്‍ഗണനകളുടെ ഫിഖ്ഹ്, സംഭവ ലോകത്തെ ഫിഖ്ഹ്, ഉദ്ദേശ്യ ലക്ഷ്യങ്ങളുടെ ഫിഖ്ഹ്, സന്തുലനത്തിന്റെ ഫിഖ്ഹ് (ഫിഖ്ഹുല്‍ മുവാസനാത്ത്), ആവശ്യങ്ങളുടെ ഫിഖ്ഹ് (ഫിഖ്ഹുല്‍ മുഹ്താജ്), അനിവാര്യതകളുടെ ഫിഖ്ഹ്, ഭിന്നതകളുടെ ഫിഖ്ഹ്, വിശാലതയുടെയും ലാളിത്യത്തിന്റെയും ഫിഖ്ഹ്, നന്മ കല്‍പിക്കുന്നതിന്റെയും തിന്മ തടയുന്നതിന്റെയും ഫിഖ്ഹ്, സ്ഥിരതയുടെയും പരിവര്‍ത്തനങ്ങളുടെയും ഫിഖ്ഹ് (ഫിഖ്ഹു സവാബിതി വല്‍മുതഗയ്യിറാത്ത്) എന്നിങ്ങനെയുള്ളവയുടെ വിശദാംശങ്ങള്‍ ഒരു 'മുഫ്തി' അറിയേണ്ടതാണ്. എങ്കില്‍പിന്നെ പ്രമാണങ്ങളില്‍ ഗവേഷണം നടത്തുന്ന (മുജ്തഹിദ്) പണ്ഡിതന്റെ യോഗ്യതകള്‍ എത്ര വലുതായിരിക്കും, ഉത്തരവാദിത്തം എത്ര ഗൗരവപ്പെട്ടതായിരിക്കും!8 പക്ഷേ, ഈ ഗൗരവങ്ങള്‍ ചോര്‍ത്തിക്കളഞ്ഞ ശേഷം, പുസ്തകങ്ങള്‍ പരതി പ്രസംഗത്തിന് ടിപ്പണി കണ്ടത്തിയവര്‍ വേഷഭൂഷകളണിഞ്ഞ് വാക്ചാതുരി പ്രകടിപ്പിച്ചാല്‍ നിരുപാധിക ഗവേഷകനും (മുജ്തഹിദ് മുത്വ്‌ലഖ്) ദീനിന്റെ ആധികാരികമായ അവസാന വാക്കുമാകുന്നതാണ് നാം കാണുന്നത്. ഖുര്‍ആന്‍ ഈ ഉത്തരവാദിത്തമേല്‍പ്പിച്ചിരിക്കുന്നതാകട്ടെ തികവുറ്റ പണ്ഡിതനേതൃത്വത്തെയാണു താനും. 

 

കുറിപ്പുകള്‍

1. തഫ്ഹീമുല്‍ ഖുര്‍ആന്‍ 2/234 അത്തൗബ 122-ാം ആയത്തിന്റെ വ്യാഖ്യാനക്കുറിപ്പ്, ഏഴാം പതിപ്പ് 2002

2. കിതാബുല്‍ ഇല്‍മ്-സ്വഹീഹുല്‍ ബുഖാരി

3. ഉദ്ധരണം: അല്‍ഫര്‍ഖു ബൈന ശരീഅ വല്‍ഫിഖ്ഹി വല്‍ഖാനൂന്‍-മുഹമ്മദ് അന്‍വാര്‍, മുന്‍തദയാത്തു ത്വലബത്തി കുല്ലിയ്യത്തില്‍ ഉലൂമില്‍ ഖാനൂനിയ്യ, ഫാസ്. 

4. അതേ ലേഖനം

5. അതേ ലേഖനം

6. അല്‍ ഫിഖ്ഹുല്‍ ഇസ്‌ലാമി-ഡോ. സുലൈമാനുല്‍ അശ്ഖര്‍ 11-14, അല്‍ ഫിഖ്ഹുല്‍ ഇസ്‌ലാമി വ അദില്ലത്തുഹു-വഹബ സുഹൈലി 1/17-15, അല്‍ ഫിഖ്ഹു വല്‍ അഹമ്മിയത്തുത്തഫഖുഹ് ഫിദ്ദീന്‍-അലിയ്യുബ്‌നു മുഖ്താറുബ്‌നു മുഹമ്മദ് മഹ്ഫൂള്, അല്‍ ഫിഖ്ഹു വല്‍ഫഹ്മ്-ഡോ. മുഹമ്മദ് മുഖ്താര്‍ ജുമുഅ. 

7. അബൂദാവൂദ് ഉദ്ധരിച്ച ഈ ഹദീസ് ഹസന്‍ ആണ്.

8. അല്‍ഫിഖ്ഹു ഫിദ്ദീന്‍ ളറൂറത്തുല്‍ മുലഹ്ഹ ഫീ സമനില്‍ ഫിതനി വല്‍ഔലമ-ഡോ. അബ്ദുര്‍റഹ്മാന്‍ മദ്ഖലി

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-27 / അന്നംല് - (32-35)
എ.വൈ.ആര്‍