Prabodhanm Weekly

Pages

Search

2017 നവംബര്‍ 17

3026

1439 സഫര്‍ 28

പ്രസ്ഥാന പ്രവര്‍ത്തനത്തില്‍ കൂറ് കുടിയൊഴിയുമ്പോള്‍

ഡോ. സയ്യിദ് മുഹമ്മദ് നൂഹ്

പ്രസ്ഥാനത്തോടുള്ള കൂറും കടപ്പാടും കുറക്കുന്ന ഒരു പ്രധാന ഘടകം ഉത്തരവാദപ്പെട്ടവരില്‍നിന്നുള്ള അന്വേഷണത്തിന്റെയും പ്രോത്സാഹനത്തിന്റെയും അഭാവമാണ്. നബി(സ) അത്യധികം ശ്രദ്ധയൂന്നിയ തലമാണിത്. അനുയായികളുടെ ആത്മവീര്യം ഉയര്‍ത്താനും ഇഛാശക്തി വളര്‍ത്താനും കര്‍മോത്സുകതയേറ്റാനും ഓരോ നിമിഷവും നബി (സ) ശ്രദ്ധിച്ചു. തന്റെ അന്വേഷണങ്ങള്‍ അനുചരന്മാരില്‍ ഉണ്ടാക്കുന്ന ഗുണപരമായ മാറ്റത്തെക്കുറിച്ച് ബോധവാനായിരുന്നു നബി(സ). അബൂഹുറയ്‌റ ഓര്‍ക്കുന്ന ഒരു സന്ദര്‍ഭം: ഒരു ദിവസം നബി(സ) ചോദിച്ചു: ''നിങ്ങളില്‍ ആര്‍ക്കാണ് ഇന്ന് നോമ്പുള്ളത്?''

അബൂബക്ര്‍: ''എനിക്കിന്ന് നോമ്പുണ്ട്.''

നബി: ''നിങ്ങളില്‍ ആരാണ് ഇന്ന് ഒരു ജനാസയെ അനുഗമിച്ചത്?''

അബൂബക്ര്‍: ''ഞാന്‍ അനുഗമിച്ചിട്ടുണ്ട്.''

നബി: ''നിങ്ങളില്‍ ആരാണ് ഇന്ന് ഒരു സാധുവിന് ആഹാരം നല്‍കിയത്?''

അബൂബക്ര്‍: ''ഞാന്‍.''

നബി(സ): ''നിങ്ങളില്‍ ആരുണ്ട് ഇന്ന് ഒരു രോഗിയെ സന്ദര്‍ശിച്ചവന്‍?''

അബൂബക്ര്‍: ''ഞാന്‍.''

നബി(സ): ''ഈ ഗുണങ്ങള്‍ അത്രയും മേളിച്ചവന്‍ സ്വര്‍ഗത്തില്‍ പ്രവേശിച്ചതു തന്നെ'' (മുസ്‌ലിം).

പ്രതിബദ്ധതാരാഹിത്യം വരുത്തിവെക്കുന്ന വിനാശകരമായ പ്രത്യാഘാതങ്ങളെക്കുറിച്ച ബോധമില്ലായ്മയും കൂറ് നഷ്ടപ്പെടുത്തും.

പ്രതിബദ്ധതയില്ലായ്മ, തിന്മയുടെയും അധര്‍മത്തിന്റെയും വ്യാപനത്തിലേക്ക് നയിക്കും. തന്നെയും തന്റെ ഉറ്റവരെയും പിടികൂടുമ്പോഴാണ് അതിന്റെ ഗൗരവം ബോധ്യമാവുക. ആരാധനയുടെയും അനുഷ്ഠാനത്തിന്റെയും പ്രാഥമിക സൗകര്യങ്ങള്‍ പോലും വിനഷ്ടമാവുന്ന സാഹചര്യങ്ങള്‍ വന്നു ഭവിക്കുമ്പോള്‍, തിരിഞ്ഞുനടത്തം സാധ്യമാവാത്തവിധം മാര്‍ഗഭ്രംശത്തില്‍ അകപ്പെട്ടുകഴിഞ്ഞിരിക്കും. കമ്യൂണിസ്റ്റ് രാജ്യങ്ങളില്‍ ഉണ്ടായ ദുര്യോഗം ഉത്തമോദാഹരണം. ദൈവിക ദീനിന്റെ ചില വശങ്ങള്‍ മാത്രം കൈക്കൊണ്ടും മറ്റുള്ളവ അവഗണിച്ചും ജീവിച്ച ജനവിഭാഗത്തിന്റെ ദുര്‍ഗതി ചരിത്രം പറഞ്ഞുതരുന്നുണ്ട്. മുസ്‌ലിം സമൂഹത്തിന്റെ സ്വത്വവും പേരും കുറിയും തുടച്ചുമാറ്റാനും സാംസ്‌കാരിക സവിശേഷതകള്‍ നശിപ്പിക്കാനും ഭരണകൂടം നടത്തിയ തീവ്ര ശ്രമങ്ങളുടെ ഫലമായി വ്യക്തിജീവിതത്തില്‍നിന്നുപോലും ഇസ്‌ലാം അകറ്റിനിര്‍ത്തപ്പെട്ടു. വിവാഹം, വിവാഹമോചനം, കുടുംബ പരിപാലനം തുടങ്ങി അവശേഷിച്ച ജീവിതവ്യവഹാരങ്ങളില്‍ പോലും മതത്തിന്  പ്രവേശനം നിഷേധിക്കപ്പെട്ടു. പള്ളികള്‍ കുതിരപ്പന്തികളായി മാറ്റപ്പെട്ടു. ഖുര്‍ആന്‍ വചനങ്ങള്‍ ഉള്‍ക്കൊ കടലാസുകള്‍ പോലും കൊണ്ടു നടക്കുന്നത് ശിക്ഷാര്‍ഹമായ കുറ്റമായി ഗണിക്കപ്പെട്ടു. ഇസ്‌ലാമിനോടുള്ള പ്രതിബദ്ധതാരാഹിത്യത്തിന് ഒരു സമൂഹം നല്‍കിയ വിലയായിരുന്നു അത്.

പ്രതിബദ്ധതയും കൂറും നഷ്ടപ്പെട്ടവന്റെ വാക്കുകള്‍ക്ക് വിലയുണ്ടാവില്ല. ജനങ്ങള്‍ക്ക് അയാളിലുള്ള വിശ്വാസം നഷ്ടപ്പെടുന്നതു മൂലമാണിത്. അയാള്‍ക്കുണ്ടാവുന്ന നഷ്ടം ഏറെയാണ്. മനസ്സിന്റെ ചുക്കാന്‍ ഇല്ലാത്ത വഞ്ചി വെള്ളത്തില്‍ അലക്ഷ്യമായി ഒഴുകി നടക്കുന്നതുപോലെ ജീവിതയാത്രയില്‍ ദിശാബോധം വിനഷ്ടമായ ഹതഭാഗ്യനായിത്തീരും അയാള്‍. മനസ്സിന് സ്വാസ്ഥ്യം പകരുന്ന വിശ്വാസം അല്ലാഹു നല്‍കുന്ന മഹത്തായ അനുഗ്രഹമാണ്. വിശ്വാസത്തിന്റെ അഭാവത്തില്‍ വ്യക്തി ചഞ്ചലചിത്തനാകും. ''അല്ലാഹുവില്‍ വിശ്വസിക്കുന്ന പക്ഷം അവന്റെ ഹൃദയത്തെ അവന്‍ നേര്‍വഴിയിലാക്കുന്നതാണ്'' (അത്തഗാബൂന്‍ 11). ''ഓര്‍ക്കുക, അല്ലാഹുവിനെക്കുറിച്ചുള്ള ഓര്‍മ കൊണ്ടാകുന്നു മനസ്സ് ശാന്തമായിത്തീരുന്നത്'' (അര്‍റഅ്ദ് 28). ''എന്നെക്കുറിച്ചുള്ള ഓര്‍മയില്‍നിന്നും വല്ലവനും തിരിഞ്ഞുമാറി ജീവിച്ചാല്‍ അവന് ഇടുങ്ങിയ ജീവിതമാണ് ഉണ്ടാവുക'' (ത്വാഹാ 124).

പ്രസ്ഥാന പ്രവര്‍ത്തനത്തിന് പ്രതിബദ്ധതയുടെയും കൂറിന്റെയും അഭാവം വരുത്തിവെക്കുന്ന വിനകള്‍ വമ്പിച്ചതാണ്. മാരകശേഷിയുള്ള പ്രഹരമേല്‍പിക്കാന്‍ പ്രതിയോഗികള്‍ക്ക് അത് വഴിയൊരുക്കും. അനുയായിവൃന്ദത്തെ നഷ്ടപ്പെടുത്തും. പൊതുജനദൃഷ്ടിയില്‍ പ്രസ്ഥാനത്തെ ഇകഴ്ത്താനും മുഖം വികൃതമാക്കി അവതരിപ്പിക്കാനും ശത്രുക്കള്‍ക്ക് അവസരം നല്‍കും. ദൈവിക സഹായത്തിന്റെ കവാടങ്ങള്‍ അത് കൊട്ടിയടക്കും. ആദര്‍ശത്തോടുള്ള പ്രതിജ്ഞാപാലനത്തിന്റെ ഉത്തമോദാഹരണമായ ഒരു സംഭവം ഹുദൈഫ(റ)യുടെ ജീവിതത്തില്‍ നമുക്ക് വായിക്കാം. അഹ്‌സാബ് യുദ്ധവേളയിലെ ഒരു രാവ്. അതിശൈത്യമുള്ള ആ രാത്രിയില്‍ ഘോരശബ്ദത്തോടെ കാറ്റടിച്ചുവീശുന്നു. അന്നേരമാണ് റസൂലിന്റെ ചോദ്യം: ''ശത്രുപക്ഷത്തിന്റെ വാര്‍ത്തകള്‍ നമുക്കെത്തിച്ചുനല്‍കാന്‍ തയാറുള്ള ആരെങ്കിലും നിങ്ങളുടെ കൂട്ടത്തിലുണ്ടെങ്കില്‍ അയാള്‍ ഖിയാമത്ത്‌നാളില്‍ എനിക്കൊപ്പമായിരിക്കും.'' ആരും ഉത്തരം നല്‍കാതെ മിണ്ടാതിരുന്നു. നബി(സ) ചോദ്യം ആവര്‍ത്തിച്ചു. ആരും മിിയില്ല. അപ്പോള്‍ നബി(സ): ''ഹുദൈഫ, താങ്കള്‍ ചെന്ന് നോക്കി വിവരം കൊണ്ടുവരൂ.'' എന്റെ പേരെടുത്ത് നബി(സ) ആവശ്യം ഉന്നയിച്ചപ്പോള്‍ എനിക്ക് പോവുകയേ നിര്‍വാഹമുണ്ടായുള്ളൂ. നബി(സ) നിര്‍ദേശം  നല്‍കി: ''നിങ്ങള്‍ പോയി വിവരം കൊണ്ടുവരിക. അവരെ പ്രകോപിപ്പിക്കരുത്.'' ഞാന്‍ പോയി. അവിടെ എത്തിയപ്പോള്‍ കാണുന്നത് അബൂസുഫ്‌യാന്‍ തീ കായുകയാണ്. ആവനാഴിയില്‍നിന്ന് ഒരമ്പെടുത്ത് എയ്യാന്‍ എന്റെ മനസ്സ് കൊതിച്ചു. പക്ഷേ, നബി(സ)യുടെ വാക്ക് ഞാന്‍ ഓര്‍ത്തു; 'അവരെ പ്രകോപിപ്പിക്കരുത്.' അബൂസുഫ്‌യാനെ എയ്തു വീഴ്ത്താന്‍ നല്ലൊരവസരമായിരുന്നു അത്. ഞാന്‍ തിരിച്ചു ചെന്ന് നബിക്ക് ശത്രുപക്ഷത്തിന്റെ എല്ലാ വിവരവും കൈമാറി. ഞാന്‍ തണുത്തു വിറക്കുകയാണ്. നബി(സ) നിന്ന് നമസ്‌കരിച്ചിരുന്ന വിരിപ്പിന്റെ ബാക്കി ഭാഗം കൊണ്ട് എന്നെ പുതപ്പിച്ചു. നന്നായി ഉറങ്ങി. നേരം പുലര്‍ന്നാണ് ഞാന്‍ അറിഞ്ഞത്. 'ഉറങ്ങുന്നവനേ ഉണരൂ' എന്ന നബി(സ)യുടെ വാക്കു കേട്ട് ഞാന്‍ ഉണര്‍ന്നു'' (മുസ്‌ലിം).

അബൂബക്‌റി(റ)ന്റെ ജീവിതത്തിലെ ഒരു സംഭവം. അന്ന് വിശ്വാസികള്‍ മുപ്പത്തെട്ട് പേരേയുള്ളൂ. 'നമുക്ക് ഇനി പരസ്യമായി രംഗത്തിറങ്ങാം' എന്ന് ശഠിച്ച അബൂബക്‌റിനോട് നബി(സ): 'അബൂബക്ര്‍! നാം കുറച്ചു പേരേയുള്ളൂ.' എഴുന്നേറ്റുനിന്ന് പ്രസംഗിക്കാനൊരുങ്ങിയ അബൂബക്‌റിനു നേരെ ഖുറൈശിക്കൂട്ടം ചാടിവീണു മര്‍ദിച്ചവശനാക്കി. ഉത്ബതുബ്‌നു റബീഅയുടെ ചെരിപ്പു കൊണ്ട് അടിയേറ്റ അബൂബക്‌റിന്റെ മുഖത്തു നിന്ന് രക്തം വാര്‍ന്നൊഴുകി. തിരിച്ചറിയാനാവാത്തവിധം മുഖം ചതഞ്ഞരഞ്ഞ അബൂബക്‌റിനെ താങ്ങിയെടുത്തു. സന്ധ്യ മയങ്ങി ബോധം തെളിഞ്ഞപ്പോള്‍ അബൂബക്‌റിന് ഒരു ചോദ്യമേയുള്ളൂ: 'റസൂലിന് എന്തെങ്കിലും സംഭവിച്ചോ?' ഉമ്മയോടായിരുന്നു ചോദ്യം. അവര്‍ കൈമലര്‍ത്തി, ഉമറിന്റെ സഹോദരി ഉമ്മു ജമീലിനോട് ചോദിക്കാന്‍ ആവശ്യപ്പെട്ടു. ദാറുല്‍ അര്‍ഖമില്‍ വിശ്രമിക്കുകയായിരുന്ന റസൂലിനെ നേരില്‍ കണ്ടേ അബൂബക്‌റിന് സമാധാനമായുള്ളൂ. ഉമ്മു ജമീലും അബൂബക്‌റിന്റെ ഉമ്മയും താങ്ങിപ്പിടിച്ച് നബി(സ)യുടെ  സന്നിധിയില്‍ ഇരുത്തിയപ്പോള്‍ റസൂല്‍ മുട്ടുകുത്തിനിന്ന് അബൂബക്‌റിന്റെ ശിരസ്സില്‍ മുത്തമിട്ടു. 'റസൂലേ! എനിക്ക് കുഴപ്പമൊന്നുമില്ല. അധര്‍മിയായ ഉത്ബ ചെരിപ്പു കൊണ്ട് മുഖത്തടിച്ച ക്ഷതമേയുള്ളൂ. മകനോട് അങ്ങേയറ്റം വാത്സ്യമുള്ള ഈ ഉമ്മക്കു വേണ്ടി, അവരുടെ ഇസ്‌ലാം സ്വീകരണത്തിന് അല്ലാഹുവിനോട് പ്രാര്‍ഥിക്കുകയും അങ്ങ് എന്റെ പ്രിയപ്പെട്ട ഉമ്മയെ ഇസ്‌ലാമിലേക്ക് ക്ഷണിക്കുകയും വേണം.' നബി(സ) അപ്രകാരം  ചെയ്തു. ആ മാതാവ് ഇസ്‌ലാം സ്വീകരിച്ചു'' (അല്‍ബിദായത്തു വന്നിഹായ 3:30,31). ഇതാണ് പ്രതിബദ്ധത. 

സംഗ്രഹം: പി.കെ.ജെ

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-27 / അന്നംല് - (32-35)
എ.വൈ.ആര്‍