ദാമ്പത്യകലഹങ്ങളെ അതിജീവിക്കണമെങ്കില്‍
മിക്ക സന്ദര്‍ഭങ്ങളിലും ദമ്പതിമാര്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാക്കുന്നത് വഴക്കിനും കലഹത്തിനുമിടയില്‍ അവര്‍ സ്വീകരിക്കുന്ന സംസാരശൈലിയാണ്. സാധാരണ ഗതിയില്‍ തുടങ്ങുന്ന വര്‍ത്തമാനം കത്തിക്കയറി വികാരങ്ങളെ വ്രണപ്പെടുത്തുന്ന പദപ്രയോഗങ്ങളിലേക്കും ആക്രോശങ്ങളിലേക്കും മൂര്‍ച്ചയേറിയ നോട്ടങ്ങളിലേക്കും രോഷപ്രകടനത്തിലേക്കും വഴിമാറുന്നു. അതോടെ ലളിതമായി തീര്‍ക്കാവുന്ന പ്രശ്‌നം അപരിഹാര്യമായിത്തീരുന്നു. രണ്ട് കാര്യങ്ങളെക്കുറിച്ചുള്ള അജ്ഞത ദാമ്പത്യകലഹങ്ങളുടെ വ്യാപ്തി വര്‍ധിപ്പിക്കുന്നുണ്ട്. ഒന്ന്, കലഹത്തിനിടയില്‍ ആരോഗ്യകരമായ രീതിയിലുള്ള സംസാരത്തിന്റെ അഭാവം. രണ്ട്, പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്ന രീതികളെക്കുറിച്ച വിവരമില്ലായ്മ.
ഒന്നാമത്തേത് ആരോഗ്യകരമായ സംസാരശൈലി. വഴക്കും കലഹവും ഉത്ഭവിക്കുമ്പോള്‍ ഓര്‍മ വെക്കേണ്ട പത്ത് പ്രധാന വസ്തുതകള്‍ ചൂണ്ടിക്കാട്ടാം.
ഒന്ന്: മറുകക്ഷിയോടു സംസാരിക്കുമ്പോള്‍ അയാള്‍ തന്റെ ജീവിതത്തില്‍ പ്രധാന ഘടകമാണെന്നും അയാളെ ഇഷ്ടപ്പെടുന്നുവെന്നും വ്യക്തമാക്കിക്കൊടുക്കുക. തങ്ങള്‍ക്കിടയിലെ പ്രശ്‌നം താല്‍ക്കാലികമാണെന്നും അത് സ്വാഭാവികമാണെന്നും അതോടെ തോന്നിത്തുടങ്ങണം.
രണ്ട്: സംസാരത്തിനിടക്ക് ശബ്ദം ഉയര്‍ത്താതിരിക്കുക. ഒച്ചയിട്ടു സംസാരിക്കുന്നതോടെയാണ് രംഗം വഷളാകുന്നത്. അട്ടഹാസം ഒഴിവാക്കുക.
മൂന്ന്: വീഴ്ച പറ്റിയെങ്കില്‍ ക്ഷമ ചോദിക്കുക. നിങ്ങള്‍ക്ക് തെറ്റു പറ്റിയില്ലെങ്കില്‍ കൂടി, മാപ്പ് ചോദിക്കുന്നത് രംഗം ശാന്തമാക്കാനും കോപാഗ്നി കെടുത്താനും ഉതകും. പ്രശ്‌നപരിഹാരത്തിനുള്ള സമര്‍ഥമായ രീതിയാണിത്.
നാല്: ഏതെങ്കിലും ഒരു സന്ദര്‍ഭമോ സംഭവമോ ഉദാഹരിച്ചുവേണം സംസാരിക്കുന്നത്. പൊന്തയില്‍ തല്ലുന്ന രീതി പാടില്ല. ഒരു സംഭവം ഉദാഹരണമായി ഉദ്ധരിക്കുന്നത് നിങ്ങളുടെ കാഴ്ചപ്പാട് വ്യക്തമാക്കാന്‍ സഹായിക്കും. തെറ്റായ ധാരണകള്‍ ഒഴിവാക്കാന്‍ ഉതകും.
അഞ്ച്: സംസാരത്തിനിടയില്‍ മറുകക്ഷിയെ പരിഹസിക്കാനോ അവഹേളിക്കാനോ കുത്തിനോവിക്കാനോ പാടില്ല.
ആറ്: മറുകക്ഷിയെ പ്രകോപിപ്പിക്കാത്ത രീതിയിലാവണം സംസാരം. 'നീ അങ്ങനെ ചെയ്തു', 'നീ അങ്ങനെ പറഞ്ഞു' എന്ന ശൈലിക്ക് പകരം, 'എനിക്ക് അങ്ങനെ തോന്നി', 'ഞാന്‍ മനസ്സിലാക്കുന്നത്', 'ഞാന്‍ കരുതിയത്' തുടങ്ങിയ വാക്കുകള്‍ ഉപയോഗിക്കണം.
ഏഴ്: സംസാരം ചൂടുപിടിച്ച് കലഹത്തിലേക്ക് കടക്കുന്നു എന്ന് തോന്നിയാല്‍ 'നമുക്ക് ഇപ്പോള്‍ സംസാരം നിര്‍ത്താം, കുറച്ചു കഴിഞ്ഞ് തുടരാം' എന്ന തീര്‍പ്പില്‍ എത്താന്‍ ഇരുവര്‍ക്കും സാധിക്കണം.
എട്ട്: പണ്ട് കഴിഞ്ഞുപോയ കലഹത്തിന്റെ കഥകളും ഭിന്നതകളുടെ പഴംപുരാണങ്ങളും പുതിയ പ്രശ്‌നങ്ങള്‍ സംസാരിക്കുമ്പോള്‍ എടുത്തിടരുത്. അത് അകല്‍ച്ച കൂട്ടാനേ ഉതകൂ.
ഒമ്പത്: നിങ്ങള്‍ പരസ്പരം അറിയാനും അടുക്കാനും ഇടയായ സാഹചര്യങ്ങള്‍ ഓര്‍ത്തെടുക്കുക.
പത്ത്: ശരി ഏതെന്നിലായിരിക്കണം സംസാരത്തിന്റെ കേന്ദ്രീകരണം. ആരുടെ ഭാഗത്താണ് സത്യം എന്ന വ്യക്തികേന്ദ്രീകൃത ശൈലിയിലേക്ക് സംസാരം നീങ്ങരുത്.
രണ്ടാമത്തേത് പ്രശ്‌നം കൈകാര്യം ചെയ്യുന്ന രീതിയാണ്. ഇത് ദമ്പതികളുടെ മാനസികാവസ്ഥയെ ആശ്രയിച്ചാണ് നിര്‍ണയിക്കേണ്ടത്. ദമ്പതികളില്‍ ഒരാള്‍ ബുദ്ധിപരമായ കാര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന സ്വഭാവക്കാരനാണെങ്കില്‍, അയാളോടുള്ള സമീപനം ആ രീതിയില്‍ ബുദ്ധിപരമായിട്ടു വേണം. ഇനി ഒരാളില്‍ വൈകാരികതയാണ് മുന്നിട്ടുനില്‍ക്കുന്നതെങ്കില്‍ സമീപനം വൈകാരികമായി വേണം. ഒരു അനുഭവം പറയാം: വികാരജീവിയായ ഭര്‍ത്താവും ബൗദ്ധികമായി കാര്യങ്ങള്‍ നോക്കിക്കാണുന്ന ഭാര്യയും തമ്മിലാണ് പ്രശ്‌നം. ഇരുവരും ഒന്നിച്ച് സംസാരിച്ചെങ്കിലും പ്രശ്‌നം പരിഹൃതമായില്ല. രണ്ടു പേരെയും ഒന്നിച്ചിരുത്തി സംസാരിച്ചപ്പോഴാണ് ഭര്‍ത്താവിന്റെയും ഭാര്യയുടെയും വ്യത്യസ്ത ഭാവങ്ങള്‍ ശ്രദ്ധയില്‍പെട്ടത്. വികാരപരതക്ക് പ്രാമുഖ്യമുള്ള വ്യക്തിയാണ് ഭര്‍ത്താവ്. ഞാന്‍ ഭാര്യയോട് പറഞ്ഞു: 'നിങ്ങള്‍ എഴുന്നേറ്റു ചെന്ന് ഭര്‍ത്താവിന്റെ ശിരസ്സില്‍ ചുംബിക്കുക. അയാളെ ആശ്ലേഷിക്കുക, സ്‌നേഹം തുളുമ്പുന്ന രണ്ട് നല്ല വാക്കുകള്‍ പറയുക' എന്റെ നിര്‍ദേശം സ്വീകരിച്ച അവര്‍ ഇത്രയും കാര്യങ്ങള്‍ ചെയ്തതോടെ ഭര്‍ത്താവിന്റെ മുഖത്ത് പുഞ്ചിരി വിടര്‍ന്നു. ദേഷ്യഭാവം പോയി മറഞ്ഞു. എത്ര പെട്ടെന്നാണ് പ്രശ്‌നം പരിഹൃതമായതെന്ന് ഞാന്‍ അതിശയപ്പെട്ടു. മറ്റൊരു പ്രശ്‌നം എന്റെ അടുത്തെത്തി. ഇതില്‍ ഭര്‍ത്താവിന് ബുദ്ധിപരതയാണ് കൂടുതല്‍. ഭാര്യക്ക് വികാരപരതയും. ഇരുവരോടും ഏറെ സംസാരിച്ചുനോക്കിയെങ്കിലും ഒരു ഫലവും ഉണ്ടായില്ല. ആ ഭര്‍ത്താവ് ഭാര്യയെ പുണരുകയും ചുംബിക്കുകയും സ്‌നേഹാര്‍ദ്രമായ നല്ല വാക്കുകള്‍ പറയുകയും ചെയ്തതോടെ മഞ്ഞുമല ഉരുകി. ഇരുവരും ഒന്നും സംഭവിച്ചിട്ടില്ലാത്തതുപോലെ നടന്നു നീങ്ങി. ജനങ്ങള്‍ പല തരക്കാരാണ്. പ്രശ്‌നങ്ങളുമായി സമീപിക്കുന്നവരുടെ മനസ്സും പ്രകൃതവും സ്വഭാവവും അറിഞ്ഞ് പെരുമാറുകയാണ് പരിഹാരത്തിന്റെ വിജയകരമായ രീതി.
അധിക ദാമ്പത്യ കലഹങ്ങളും ഉടലെടുക്കുന്നത് പണം, മക്കള്‍, ബന്ധുക്കളും കുടുംബങ്ങളുമായുള്ള ബന്ധങ്ങള്‍, അവിഹിത ബന്ധങ്ങള്‍ എന്നിവയെച്ചൊല്ലിയാവും. കലഹത്തിനിടയില്‍ വിവേകം നഷ്ടപ്പെടാത്ത സംസാരരീതി സ്വീകരിച്ചുകൊണ്ടും പ്രശ്‌നപരിഹാരത്തിന് സഹായകമാകുന്ന രചനാത്മക സമീപനം കൈക്കൊണ്ടും പദാവലികള്‍ കരുതലോടെ തെരഞ്ഞെടുത്തും ഏത് ദാമ്പത്യ കലഹങ്ങളെയും അതിജീവിക്കാം.
വിവ: പി.കെ ജമാല്‍
Comments