എല്ലാ മതക്കാര്‍ക്കും വേണ്ടിയാണ് ഇസ്‌ലാമിക് ഫിനാന്‍സ്
ഇന്ത്യയെപ്പോലൊരു രാജ്യത്ത് എന്താണ് ഇസ്‌ലാമിക് ബാങ്കിംഗിന്റെയും ഫിനാന്‍സിന്റെയും പ്രസക്തി? സാമാന്യ ജനം ഇസ്‌ലാമിക് ഫിനാന്‍സും പരമ്പരാഗത ഫിനാന്‍സും തമ്മിലുള്ള വ്യത്യാസം എങ്ങനെയാണ് മനസ്സിലാക്കേത്?
ഇന്ത്യയിലെ ഓരോ പൗരനെ സംബന്ധിച്ചും, അയാള്‍ ഹിന്ദുവോ ക്രിസ്ത്യാനിയോ മുസ്‌ലിമോ ആവട്ടെ, ഇസ്‌ലാമിക് ഫിനാന്‍സ് വളരെ പ്രാധാന്യമര്‍ഹിക്കുന്നു. കാരണം ഇസ്‌ലാമിക് ഫിനാന്‍സ് മതാധിഷ്ഠിതമായ ഒരു ആശയമല്ല. ഒരു ബാങ്കിംഗ് നിയമാവലിയായി കാണാവുന്ന ആശയമാണ്. ഇസ്‌ലാമിക് ഫിനാന്‍സ് നിയമങ്ങള്‍ ബാങ്കിംഗ് മേഖലയില്‍ നടപ്പാക്കിയാല്‍ ബാങ്കിംഗ് മേഖല ഉടന്‍ തന്നെ മെച്ചപ്പെട്ട രീതിയില്‍ പ്രവര്‍ത്തനക്ഷമമാകും എന്നതാണ് യാഥാര്‍ഥ്യം. മറ്റൊരു വാക്കില്‍, സാമ്പത്തിക മേഖലയില്‍ എന്ത് ലക്ഷ്യം നേടണമെന്നാണ് ഉദ്ദേശിക്കപ്പെട്ടിട്ടുള്ളത്, ആ യഥാര്‍ഥ ധര്‍മം നിര്‍വഹിക്കാന്‍ അതിനെ പ്രാപ്തമാക്കുകയാണ് ഇസ്‌ലാമിക് ഫിനാന്‍സ് ചെയ്യുന്നത്. സാമ്പത്തിക രംഗത്ത് കാണപ്പെടുന്ന പ്രശ്‌നങ്ങളെയും തടസ്സങ്ങളെയും വൈമുഖ്യങ്ങളെയും അത് ഇല്ലാതാക്കും. ഇതെങ്ങനെ സാധ്യമാവുമെന്ന് ഞാന്‍ വിശദീകരിക്കാം. സാമ്പത്തിക വിപണിയെ യഥാര്‍ഥ വിപണിയുമായി കണിശമായി ബന്ധിപ്പിച്ചുകൊണ്ടാണ് ഇത് സാധ്യമാവുക. ഈ ബന്ധിപ്പിക്കല്‍ വളരെ പ്രധാനമാണ്.
സാമാന്യ ജനം മനസ്സിലാക്കുന്ന പോലെ, ഒട്ടും സങ്കീര്‍ണമല്ല ഇസ്‌ലാമിക് ഫിനാന്‍സ്. ചരക്കുകള്‍ യഥാര്‍ഥ ഉപയോഗത്തിന് ലഭ്യമാക്കുന്ന മുറാബഹ, ആസ്തികളുടെ പ്രയോജനങ്ങള്‍ ലഭ്യമാക്കുന്ന ഇജാറ, പദ്ധതികള്‍ക്കാവശ്യമായ മൂലധനം ലഭ്യമാക്കുന്ന മുശാറക ഇതെല്ലാം അതിന്റെ ഭാഗമാണ്. ഇവയെല്ലാം തന്നെ ഇന്ത്യയില്‍ നിലവിലുള്ള വാണിജ്യ നിയമങ്ങളുടെ ഭാഗവുമാണ്. ഇസ്‌ലാമിക് ഫിനാന്‍സ് ഇതല്ലാതെ മറ്റൊന്നുമല്ല. എന്നാല്‍, ഒരു ഇസ്‌ലാമിക സാമ്പത്തിക സ്ഥാപനം (Islamic Financial Institution) വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്നത് സാമ്പത്തിക ഉദ്ദേശ്യത്തോടു കൂടിയായിരിക്കും. അതാകട്ടെ, നിരന്തര വാണിജ്യ പ്രവര്‍ത്തനം എന്ന നിലക്കുമായിരിക്കില്ല. ഉദാഹരണത്തിന്, വിപണിയില്‍ ലഭ്യമായ ഒരു വാഹനമോ യന്ത്രമോ വാങ്ങുന്നതിന് ഒരാള്‍ ഇസ്‌ലാമിക് ബാങ്കിനെ സമീപിക്കുകയാണെങ്കില്‍, വിപണിയില്‍നിന്ന് അത് വാങ്ങി ലാഭത്തോടു കൂടി അത് അയാള്‍ക്ക് വില്‍ക്കുകയാണ് ചെയ്യുക. വില ഒരു ഉടമ്പടിയുടെ അടിസ്ഥാനത്തില്‍ തവണകളായി ഒടുക്കിയാല്‍ മതിയാവും. ഇസ്‌ലാമിക് ഫിനാന്‍സ് ജീവകാരുണ്യ പ്രവര്‍ത്തനമല്ല. അത് ലാഭാധിഷ്ഠിതമാണ്. രണ്ട് ഉദ്ദേശ്യങ്ങള്‍ക്കും ഇസ്‌ലാം അതിന്റെ മാര്‍ഗങ്ങള്‍ നിര്‍ണയിച്ചിട്ടുണ്ട്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി സകാത്ത്, വഖ്ഫ് പോലുള്ള സംവിധാനങ്ങളുണ്ട്. നിങ്ങള്‍ ഒരു വാഹനമോ യന്ത്രമോ ആവശ്യപ്പെടുകയും ലഭ്യമാക്കിയാല്‍ അത് വാങ്ങാം എന്ന് ഉടമ്പടിയിലേര്‍പ്പെടുകയും ചെയ്യുമ്പോള്‍ മാത്രമേ ഇസ്‌ലാമിക് ബാങ്ക് അത് ലഭ്യമാക്കുകയുള്ളൂ. ഇത്തരം സാമഗ്രികള്‍, നിരന്തര വ്യാപാരം നടത്തുന്ന ഒരു സ്ഥാപനമല്ല ഇസ്‌ലാമിക് ബാങ്ക്. ഇതിനാലാണ് ഇസ്‌ലാമിക് ബാങ്ക് ഇന്ത്യയിലും സാധ്യമാണ് എന്ന് ഞാന്‍ പറയുന്നത്. ഇതില്‍ നിയമവിരുദ്ധമായി എന്താണുള്ളത്? ഒരു നിയമത്തിനും ഇതിനെ നിരോധിക്കാന്‍ സാധ്യമല്ല. ബാങ്കുകളെ വ്യാപാര പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ബാങ്കിംഗ് നിയമങ്ങള്‍ അനുവദിക്കുന്നില്ല എന്നാണ് പറയുന്നതെങ്കില്‍, ഇസ്‌ലാമിക് ബാങ്കുകള്‍ വ്യാപാര സ്ഥാപനങ്ങളല്ല. ഒരു വ്യക്തി ആവശ്യപ്പെട്ടാല്‍ മാത്രമാണ് ഇസ്‌ലാമിക് ബാങ്കുകള്‍ വാങ്ങുകയോ വില്‍ക്കുകയോ ചെയ്യുന്നത്. അവ ചരക്കുകള്‍ വാങ്ങി സൂക്ഷിക്കുന്നില്ല. അതൊരു വ്യാപാര പ്രവര്‍ത്തനമല്ല; ശുദ്ധ സാമ്പത്തിക പ്രവര്‍ത്തനം മാത്രമാണ്. 1999-ല്‍ കണ്‍ട്രോളര്‍ ഓഫ് ഫെഡറല്‍ ബാങ്ക് ഇന്‍ അമേരിക്കയോട് ഇവ്വിഷയകമായി സര്‍ക്കാര്‍ വിശദീകരണം ആവശ്യപ്പെടുകയുണ്ടായി. ഇത് തികച്ചും ഒരു ബാങ്കിംഗ് ഇടപാടാണെന്നും വ്യാപാര ഇടപാടല്ലെന്നുമാണ് അദ്ദേഹം നല്‍കിയ വിശദീകരണം. അതിനാല്‍തന്നെ ഇത് ഇന്ത്യയിലെയും ഒരു ബാങ്കിംഗ് നിയമത്തെയും ലംഘിക്കുന്നില്ല. അമേരിക്കയില്‍ ഇത്തരം ഇടപാടുകള്‍ വാണിജ്യ നികുതിക്ക് വിധേയമല്ല. ഇതിനു പകരമായി ഒരു പലിശാധിഷ്ഠിത വായ്പയാണ് നിങ്ങള്‍ നല്‍കുന്നതെങ്കില്‍, അത് മറ്റു പലതിനും ഉപയോഗിക്കപ്പെട്ടു എന്നു വരാം. യഥാര്‍ഥ ആവശ്യത്തില്‍നിന്നും വായ്പകളെ അകറ്റാനും അമിതമായി വായ്പ സൃഷ്ടിക്കാനും ഇത് കാരണമായിത്തീരുന്നതാണ്. ആഗോള സാമ്പത്തിക തകര്‍ച്ച അമിതമായി വായ്പ സൃഷ്ടിച്ചതു മൂലം ഉണ്ടായതാണ്. എന്നാല്‍, ഇസ്‌ലാമിക് ഫിനാന്‍സില്‍ യഥാര്‍ഥ പദ്ധതിക്കു വേണ്ടിയോ ആസ്തിയുമായി ബന്ധപ്പെട്ടോ മാത്രമേ ഒരു വായ്പ ഉടലെടുക്കുകയുള്ളൂ. ഇത് വളരെ കാതലായ ഒരു വ്യത്യാസമാണ്.
ലോക ഇസ്‌ലാമിക് ഫിനാന്‍സ് വിപണി മൂന്ന് ട്രില്യന്‍ ഡോളറിനോടടുത്ത മൂല്യത്തിലെത്തി നില്‍ക്കുന്നു. ലോകത്തെതന്നെ രണ്ടാമത്തെ ഏറ്റവും വലിയ മുസ്‌ലിം ജനസംഖ്യയാണ് ഇന്ത്യയിലുള്ളത്. എന്നാല്‍, ഇസ്‌ലാമിക് ഫിനാന്‍സ് രംഗത്ത് ഇന്ത്യയില്‍ കാര്യമായി ഒന്നും തന്നെ നടന്നിട്ടില്ല. ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് ഇന്ത്യയിലെ ബാങ്കിംഗ് നിയമങ്ങളാണ്. എന്നാല്‍, ഞാന്‍ മനസ്സിലാക്കുന്നത് ഇസ്‌ലാമിക് ഫിനാന്‍സിലെ ഒരുപാട് ബാങ്കിംഗ് ഇതര പ്രവര്‍ത്തനങ്ങള്‍ ശക്തമായ സംരംഭകത്വമുണ്ടെങ്കില്‍ പ്രാവര്‍ത്തികമാക്കി വിജയിപ്പിക്കാം എന്നാണ്. ഇവ്വിഷയകമായി താങ്കളുടെ അഭിപ്രായമെന്താണ്?
ബാങ്കിംഗ് നിയമങ്ങള്‍ ഇസ്‌ലാമിക് ഫിനാന്‍സിന് ഇന്ത്യയില്‍ തടസ്സമാണ് എന്ന വാദം ഞാന്‍ പാടേ തള്ളിക്കളയുന്നു. നിയമങ്ങളല്ല, നിയമങ്ങളുടെ പ്രതിലോമ വായനയാണ് യഥാര്‍ഥ പ്രശ്‌നം. ബാങ്കുകള്‍ കച്ചവടത്തില്‍ ഏര്‍പ്പെടരുത് എന്ന നിയമം നിലനില്‍ക്കുന്നു എന്നത് ശരിതന്നെ. എന്നാല്‍, ഇസ്‌ലാമിക ബാങ്കുകള്‍ കച്ചവട സ്ഥാപനങ്ങളല്ല. സാമ്പത്തിക ഉദ്ദേശ്യത്തോടു കൂടി ഉപഭോക്താവിന്റെ ആവശ്യാനുസരണം ഒരു കച്ചവട ഉടമ്പടിയില്‍ അവ ഏര്‍പ്പെട്ടേക്കാം. അതുകൊണ്ട് അവ കച്ചവട സ്ഥാപനങ്ങളുടെ പരിധിയില്‍ വരുന്നില്ല. 2006-ല്‍ ദല്‍ഹിയില്‍ നടന്ന അന്താരാഷ്ട്ര കോണ്‍ഫറന്‍സില്‍ ഒരാള്‍ ഇതേ വാദം ഉന്നയിക്കുകയുണ്ടായി. ഇസ്‌ലാമിക് ബാങ്കുകള്‍ കച്ചവടത്തിലേര്‍പ്പെടുന്നു, എന്നാല്‍ ഇന്ത്യയിലെ ബാങ്കിംഗ് നിയമങ്ങള്‍ ഇതനുവദിക്കുന്നില്ല എന്ന അതേ വാദം. ഞാന്‍ അദ്ദേഹത്തോട്, താങ്കളുടെ വാദം തികച്ചും തെറ്റാണെന്നും നിയമത്തെ താങ്കള്‍ തെറ്റായി മനസ്സിലാക്കിയിരിക്കുകയാണെന്നും പറഞ്ഞു. ഒരു സ്ഥാപനം ചില ചരക്കുകള്‍ നിരന്തരം കച്ചവടം നടത്തിക്കൊണ്ടിരിക്കുന്നതു പോലെയല്ല, ഒരു സാമ്പത്തിക സ്ഥാപനം ഉപഭോക്താവിന്റെ മുന്‍കൂട്ടിയുള്ള നിര്‍ദേശപ്രകാരം ഒരു വസ്തു വാങ്ങി ലഭ്യമാക്കുന്നത്. ആദ്യത്തേത് ഒരു Commercial Transaction ആണെങ്കില്‍ രണ്ടാമത്തേത് ഒരു Financial Transaction ആണ്. രണ്ടും നിയമത്തിനു മുന്നില്‍ ഒരുപോലെയല്ല. അതിനാല്‍, ഇസ്‌ലാമിക് ബാങ്കുകള്‍ ഇന്ത്യയിലെ ഒരു നിയമത്തെയും ലംഘിക്കുന്നവയല്ല എന്ന് ഞാന്‍ ഇവിടത്തെ കേന്ദ്ര ബാങ്ക് അധികൃതരോട് ഉറപ്പിച്ചു പറയുന്നു.
രണ്ടാമതായി, ഇസ്‌ലാമിക് ഫിനാന്‍സ് എന്നാല്‍ ഇസ്‌ലാമിക് ബാങ്കിംഗ് മാത്രമല്ല. മറ്റു പല സ്ഥാപനങ്ങളും അതിനു കീഴില്‍ സാധ്യമാണ്. ഇസ്‌ലാമിക് ഫിനാന്‍സ് മുസ്‌ലിംകള്‍ക്കു വേണ്ടി മാത്രമുള്ളതല്ല. ഹിന്ദുവും മുസ്‌ലിമും ക്രിസ്ത്യനും ജൂതനും ബൗദ്ധനുമൊക്കെ ഇസ്‌ലാമിക് ഫിനാന്‍സിന്റെ ഗുണഭോക്താവാണ്. അതിനാല്‍ ഇസ്‌ലാമിക് ഫിനാന്‍സ് സാമ്പത്തിക വ്യവസ്ഥയില്‍ ഏറെ ഗുണഫലങ്ങളുളവാക്കും. ബാങ്കുകള്‍ കൂടാതെ ഇസ്‌ലാമിക് ഫിനാന്‍സ് കമ്പനികള്‍, ഇസ്‌ലാമിക് ഹൗസിംഗ് ഫിനാന്‍സ് കമ്പനികള്‍, ഇസ്‌ലാമിക് കോ-ഓപറേറ്റീവ് സൊസൈറ്റികള്‍, ഇസ്‌ലാമിക് മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ എന്നിവയും ഇന്ത്യയില്‍ തീര്‍ച്ചയായും സാധ്യമാണ്. മൈക്രോ ഫിനാന്‍സ് സകാത്തുമായി അഭേദ്യമായി ബന്ധപ്പെട്ടു കിടക്കുന്നു. മൈക്രോ ഫിനാന്‍സ് സമൂഹത്തിന്റെ ഏറ്റവും താഴെ തട്ടിലുള്ളവരെയാണ് അഭിമുഖീകരിക്കുക. അവരുടെ അടിയന്തരമായ ഉപഭോഗാവശ്യങ്ങള്‍ നിറവേറ്റുന്നതോടൊപ്പം നിക്ഷേപത്തിനുമുള്ള സാമ്പത്തിക സംവിധാനങ്ങളും ഏര്‍പ്പെടുത്തണം. അടിസ്ഥാനപരമായ സാമ്പത്തിക വിദ്യാഭ്യാസം അവര്‍ക്ക് നല്‍കുന്നതിലും ശ്രദ്ധിക്കേണ്ടതുണ്ട്. സകാത്തുമായി ബന്ധപ്പെടുത്തുമ്പോള്‍ ഇത്തരം പദ്ധതികളുടെ പ്രവര്‍ത്തനച്ചെലവ് ഗണ്യമായി കുറയും. ഇങ്ങനെ, പരിപൂര്‍ണമായ ഒരു പദ്ധതിയാണ് നടപ്പിലാക്കുന്നതെങ്കില്‍ ഉയര്‍ന്ന പലിശനിരക്കുകളുള്ള മറ്റു മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ക്ക് കൃത്യമായ ബദലുകള്‍ സൃഷ്ടിക്കാന്‍ നമുക്ക് സാധിക്കും. ഇതിന്റെ ഏറ്റവും നല്ല ഉദാഹരണം നിങ്ങളുടെ അയല്‍ രാജ്യമായ ബംഗ്ലാദേശിലുണ്ട്. അവിടത്തെ ഗ്രാമീണ്‍ ബാങ്ക്, എന്‍.ജി.ഒകളില്‍നിന്നും സര്‍ക്കാറില്‍നിന്നും സംഭാവന സ്വീകരിക്കുന്ന ബാങ്കായിട്ടു കൂടി ആളുകളില്‍നിന്നും ഈടാക്കുന്ന വാര്‍ഷിക പലിശ 54 ശതമാനത്തോളമാണ്. ഇത് ധനികരായ ആളുകള്‍ വാണിജ്യ ബാങ്കുകള്‍ക്ക് നല്‍കുന്ന പലിശയേക്കാള്‍ മൂന്നിരട്ടിയാണ്. ഇതിനെ ബംഗ്ലാദേശ് ഇസ്‌ലാമിക് ബാങ്കിന്റെ പ്രവര്‍ത്തനങ്ങളുമായി താരതമ്യം ചെയ്തുനോക്കൂ. ഓഹരി മൂലധനത്തിനു പുറമെ സകാത്തിനെയും ഔഖാഫിനെയും കൂട്ടിയിണക്കിക്കൊണ്ടാണ് ആ ബാങ്ക് പ്രവര്‍ത്തിക്കുന്നത്. ദരിദ്രരുടെ അടിയന്തരമായ ഉപഭോഗാവശ്യങ്ങള്‍ സകാത്ത് ഫണ്ടില്‍നിന്ന് പൂര്‍ത്തീകരിക്കും. അവരുടെ തൊഴില്‍ പരിശീലനവും സാമ്പത്തിക വിദ്യാഭ്യാസവും ഔഖാഫിന്റെ ചുമതലയിലായിരിക്കും. അങ്ങനെ ഇസ്‌ലാമിക് മൈക്രോ ഫിനാന്‍സില്‍ പ്രവര്‍ത്തനച്ചെലവ് ഗണ്യമായി കുറയുന്നു. അതിന്റെ പ്രയോജനം ദരിദ്രരില്‍ ദരിദ്രരായ ആളുകള്‍ക്കാണ്. ഗ്രാമീണ ബാങ്ക് ദരിദ്രരായ ആളുകള്‍ക്കു നല്‍കുന്ന തൊഴില്‍ പരിശീലനത്തിന്റെയും അടിസ്ഥാന ഉപഭോഗ വായ്പകളുടെയും ചെലവ് അവരില്‍നിന്നുതന്നെയാണ് ഈടാക്കുന്നത്. ഇതാണ് ഇത്തരം പദ്ധതികളുടെ ചെലവ് വളരെ കൂടുതലാകാന്‍ കാരണം. അതിന്റെ ബുദ്ധിമുട്ടനുഭവിക്കുന്നത് ഏറ്റവും ദരിദ്രരായ ആളുകളുമാണ്.
അപ്പോള്‍ താങ്കള്‍ പറയുന്നത്, നിയമപരമായ പരിമിതികള്‍ക്കപ്പുറം കഴിവുറ്റ സംരംഭകത്വത്തിന്റെയും ക്രിയാത്മക വീക്ഷണത്തിന്റെയും അഭാവമാണ് ഇസ്‌ലാമിക സാമ്പത്തിക സംവിധാനങ്ങള്‍ അഭിമുഖീകരിക്കുന്ന പരിമിതി എന്നാണോ?
തീര്‍ച്ചയായും ഞാന്‍ അതുതന്നെയാണ് പറയാന്‍ ഉദ്ദേശിക്കുന്നത്. മുസ്‌ലിംകള്‍ തുടക്കം കുറിച്ചതിനാല്‍ ഇത് ഇസ്‌ലാമിക് ഫിനാന്‍സ് എന്നറിയപ്പെടുന്നു. എന്നാല്‍, ഇതിന്റെ ഉള്ളടക്കം സാര്‍വത്രികവും സാര്‍വജനീനവുമാണ്. ആര്‍ക്കും ഇതു ചെയ്യാവുന്നതാണ്. എന്നാല്‍, അതിന് മുസ്‌ലിംകള്‍ നേതൃത്വം കൊടുക്കണം എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അവരില്‍നിന്ന് കരുത്തുറ്റ സംരംഭകര്‍ ഉയര്‍ന്നുവരണം. ലോകത്തെല്ലായിടത്തും അതിന് മുസ്‌ലിംകളാണ് നേതൃത്വം കൊടുത്തുകൊണ്ടിരിക്കുന്നത്. ഇന്ത്യയില്‍ ഇത്തരം സംരംഭകത്വങ്ങള്‍ ആരംഭിക്കേണ്ട സമയം എന്നോ അതിക്രമിച്ചിരിക്കുന്നു. നേതൃത്വം നല്‍കാന്‍ മുസ്‌ലിം സമൂഹം മുന്നോട്ടുവരണം. ഇസ്‌ലാമിക് ഇന്‍വെസ്റ്റ്‌മെന്റ് കമ്പനികള്‍ രൂപീകരിക്കുക, നിക്ഷേപകരെ ക്ഷണിക്കുക, ഇസ്‌ലാമിക് ഹൗസിംഗ് ഫിനാന്‍സ് കമ്പനികള്‍ രൂപീകരിക്കുക ഇതൊക്കെയാണ് ചെയ്യാനുള്ളത്. കാനഡയിലെ ടൊറണ്ടോയിലുള്ള ഇസ്‌ലാമിക് ഹൗസിംഗ് ഫിനാന്‍സ് കമ്പനി ഇന്ന് വലിയ ഒരു കോര്‍പ്പറേഷനായി മാറിയിരിക്കുന്നു. വാഹനം, വ്യാവസായിക യന്ത്രങ്ങള്‍, വാണിജ്യ മൂലധനം തുടങ്ങിയ മേഖലകളിലെല്ലാം ഇത്തരം കമ്പനികള്‍ ഉണ്ടായി വരണം. അതോടൊപ്പം ദരിദ്രരുടെ ഉന്നമനത്തിനുള്ള മൈക്രോ ഫിനാന്‍സിന് കാര്യമായ ഊന്നല്‍ നല്‍കണം.
ഇന്ത്യ ഒരു കാര്‍ഷിക രാജ്യമാണ്. ഈ രാജ്യത്തെ 70 ശതമാനം ജനങ്ങളും പ്രത്യക്ഷമായോ പരോക്ഷമായോ കൃഷിയുമായി ബന്ധപ്പെട്ടു ജീവിക്കുന്നവരാണ്. ദേശീയ ഉല്‍പാദനത്തിന്റെ 14 ശതമാനം കൃഷിയില്‍നിന്നാണ്. എന്നാല്‍, വര്‍ഷം തോറും കാര്‍ഷിക മേഖല തകര്‍ന്നുകൊണ്ടിരിക്കുന്നു. ശരാശരി 15000 കര്‍ഷകര്‍ ഓരോ വര്‍ഷവും ഇന്ത്യയില്‍ ആത്മഹത്യ ചെയ്യുന്നു. ഈ സാഹചര്യത്തെ അഭിമുഖീകരിച്ചുകൊണ്ട് ഇന്ത്യയിലെ കര്‍ഷകര്‍ക്കു വേണ്ടി ഇസ്‌ലാമിക് ഫിനാന്‍സിന് എന്താണ് ചെയ്യാന്‍ സാധിക്കുക?
ഞാന്‍ മുമ്പ് സൂചിപ്പിച്ചതുപോലെ ഇസ്‌ലാമിക് ഫിനാന്‍സ് യഥാര്‍ഥ സാമ്പത്തിക വികസന പ്രവര്‍ത്തനങ്ങളുമായി അഭേദ്യമായ ബന്ധമുള്ള പ്രായോഗിക പദ്ധതിയാണ്. കൃഷിയെ സംബന്ധിച്ചു പറയുമ്പോള്‍ അതിന് പരിഗണനീയമായ ധാരാളം പ്രത്യേകതകളുണ്ട്. കര്‍ഷകര്‍ക്കു വേണ്ടത് ഋതുസംബന്ധിയായ ധനസഹായം (Seasonal Financing) ആണ്. കൃഷിയുമായി ബന്ധപ്പെട്ട സാമ്പത്തിക വിതരണത്തില്‍ വികേന്ദ്രീകൃതമായ തദ്ദേശ സ്ഥാപനങ്ങള്‍ക്കാണ് വാണിജ്യ ബാങ്കുകളേക്കാള്‍ വലിയ സേവനം നല്‍കാന്‍ സാധിക്കുക. ആത്മഹത്യ ചെയ്യുന്നത് വലിയ കര്‍ഷകരല്ല എന്നതു വ്യക്തമാണല്ലോ. ചെറിയ കര്‍ഷകര്‍ക്കിടയില്‍ ഏറ്റവും ക്രിയാത്മകമായി പ്രവര്‍ത്തിക്കാന്‍ സാധിക്കുക സഹകരണാടിസ്ഥാനത്തില്‍ നിലവില്‍ വരുന്ന തദ്ദേശ സ്ഥാപനങ്ങള്‍ക്കായിരിക്കും. ഇന്ത്യയിലെ സഹകരണ പ്രസ്ഥാനം എത്രത്തോളം ശക്തമാണ് എന്നെനിക്ക് അറിഞ്ഞുകൂടാ. ഈ പ്രതിസന്ധിയെ അഭിമുഖീകരിക്കാന്‍ നമുക്കാവശ്യം കാര്‍ഷിക സഹകരണ സ്ഥാപനങ്ങള്‍ (Islamic Co-Operative Agricultural Institutions) ആണ്. ഇസ്‌ലാമിക് ഫിനാന്‍സില്‍ അന്തര്‍ലീനമായിട്ടുള്ള ഇസ്‌ലാമിക മൂല്യങ്ങള്‍ക്ക് ഇവിടെ വലിയ പങ്ക് വഹിക്കാനുണ്ട്. ബംഗ്ലാദേശിലെ ഗ്രാമീണ്‍ ബാങ്കിന്റെ പിരിവുകാര്‍ കടമെടുത്തവരുടെ വീടുകള്‍ ആക്രമിച്ചു തകര്‍ത്ത ഒരുപാട് സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍, ഇതേ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അവിടത്തെ 'ഇസ്‌ലാമി ബാങ്ക് ബംഗ്ലാദേശി'ന്റെ ഭാഗത്തുനിന്ന് ഇത്തരത്തിലുള്ള യാതൊരു നീക്കവും ഉണ്ടായിട്ടില്ല. ഇതിനു കാരണം അവര്‍ വെച്ചുപുലര്‍ത്തുന്ന ഇസ്‌ലാമിക സാമ്പത്തിക മൂല്യബോധമാണ്. ഇവിടെ പരാമര്‍ശിക്കേണ്ട മറ്റൊരു ഘടകം സഹകരണാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന തദ്ദേശ സ്ഥാപനങ്ങള്‍ ആളുകളില്‍ ഊട്ടിയുറപ്പിക്കുന്ന സഹകരണ മനോഭാവമാണ്. സ്ഥാപനത്തില്‍ പങ്കാളികളായ ആരെങ്കിലും പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ടെങ്കില്‍, അതേ സ്ഥാപനത്തിലെ മറ്റുള്ളവര്‍ അഥവാ സഹകാരികള്‍ ആ പ്രശ്‌നത്തിന് ഒറ്റക്കെട്ടായി പരിഹാരം കാണുന്ന അനുഭവമാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഇത് സാമ്പത്തിക രംഗത്തെ വികേന്ദ്രീകരണത്തിന്റെ വലിയൊരു ഗുണഫലമാണ്. ഇവിടെയും മറ്റു പലിശാധിഷ്ഠിത സഹകരണ സംവിധാനങ്ങളില്‍നിന്ന് വലിയ അളവില്‍ വ്യതിരിക്തമാകാനും അവരെ ബഹുദൂരം പിന്നിലാക്കാനും നമുക്ക് സാധിക്കുക സകാത്തിനെയും ഔഖാഫിനെയും ഈ സംവിധാനത്തില്‍ ഉള്‍ച്ചേര്‍ക്കുമ്പോഴാണ്. കാര്‍ഷിക രംഗത്തെയും പാവപ്പെട്ട കര്‍ഷകരെയും രക്ഷിച്ചെടുക്കാന്‍ ഞാന്‍ ഇവിടെ വിവരിച്ച സംവിധാനത്തിനു സാധിക്കും. ഇസ്‌ലാമിക പ്രസ്ഥാനം ഉടന്‍ തന്നെ ഇതിന് തുടക്കം കുറിക്കണമെന്നാണ് ഞാന്‍ ആവശ്യപ്പെടുന്നത്. ഈ സംവിധാനം വികേന്ദ്രീകൃതവും തദ്ദേശ സഹകരണാടിസ്ഥാനത്തിലുള്ളതുമാകണമെന്നത് വളരെ പ്രധാനമാണ്.
കാര്‍ഷികാവശ്യങ്ങള്‍ക്ക് ഇസ്‌ലാമിക് ഫിനാന്‍സിലെ ഏതേത് ഉപകരണങ്ങളാണ് ഉപയോഗപ്പെടുത്താന്‍ സാധിക്കുക? സലം, മുസാറഅ, മുസാഖാത്ത് തുടങ്ങി?
ഏതു പ്രത്യേക ഉപകരണമാണ് വേണ്ടത് എന്നത് കൃഷിയുടെ സ്വഭാവം, ദൈര്‍ഘ്യം തുടങ്ങിയവ അടിസ്ഥാനപ്പെടുത്തി തീരുമാനിക്കാവുന്നതാണ്. എന്നാല്‍, ഏറ്റവും പ്രധാനമായിട്ടുള്ളത് സകാത്തിനെയും വഖ്ഫുകളെയും പദ്ധതിയില്‍ ഉള്‍ച്ചേര്‍ക്കുക എന്നതാണ്. സുഡാനില്‍നിന്നുള്ള ഒരു ഉദാഹരണം പറയാം. സുഡാനിലെ ഔദ്യോഗിക സര്‍ക്കാര്‍ സകാത്ത് സംവിധാനം കര്‍ഷകര്‍ക്കു വേണ്ടി ഒരു പദ്ധതിക്ക് രൂപം നല്‍കി. അതിന്റെ പദ്ധതിച്ചെലവ് മൂന്നു ലക്ഷം ഡോളര്‍ മാത്രമായിരുന്നു. അതിലൂടെ 7000 കര്‍ഷക കുടുംബങ്ങള്‍ക്ക് പ്രയോജനമെത്തിക്കാന്‍ അവര്‍ക്ക് സാധിച്ചു. കര്‍ഷകര്‍ക്ക് വേണ്ട വിത്ത്, വളം, പണിയായുധങ്ങള്‍ തുടങ്ങിയവ ബൈത്തുസ്സകാത്ത് നല്‍കി. അതിന്റെ വില വിളവെടുപ്പു സമയത്ത് തിരിച്ചു നല്‍കേണ്ട കടമായി നിര്‍ണയിച്ചു. ഈ പദ്ധതിയുടെ ഫലം അത്ഭുതാവഹമായിരുന്നു. നിങ്ങള്‍ വിശ്വസിക്കുകയില്ല. വിളവെടുപ്പ് സമയത്ത് ബൈത്തുസ്സകാത്തിന് കര്‍ഷകരുടെ വിളവുകളില്‍നിന്ന് ലഭിച്ച സകാത്ത് മാത്രം പദ്ധതിച്ചെലവിന്റെ 80 ശതമാനമാണ്- 240000 ഡോളര്‍. സകാത്തിനെക്കുറിച്ചാണ് ഞാന്‍ പറയുന്നത്, വായ്പ തിരിച്ചടച്ച തുകയെ കുറിച്ചല്ല. കൊടുത്ത വായ്പകള്‍ നൂറു ശതമാനവും തിരിച്ചുവന്നു. ഇത് വളരെ പ്രധാനപ്പെട്ട ഒരു സാമ്പത്തിക പ്രതിഭാസമാണ്. ഇങ്ങനെ സൂക്ഷ്മ തലത്തില്‍ പ്രവര്‍ത്തിക്കുന്ന തദ്ദേശ സഹകരണ സ്ഥാപനങ്ങളിലെല്ലാം വായ്പയുടെ തിരിച്ചടവിന്റെ തോത് വളരെ ഉയര്‍ന്നതാണെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളതാണ്. ഇത് സുഡാനില്‍ മാത്രമല്ല, വടക്കേ അമേരിക്കയില്‍ തിരിച്ചടവ് 98 ശതമാനമാണ്. എല്ലാവര്‍ക്കും എല്ലാവരെയും അറിയാം എന്നതാണിതിന് പ്രധാന കാരണം.
ഇന്ത്യയിലെ Micro, Small & Medium Enterprises (MSMEs), വ്യാവസായിക തൊഴിലിന്റെ 70 ശതമാനം നല്‍കുന്നതോടൊപ്പം തന്നെ ദേശീയ ഉല്‍പാദനത്തിന്റെ 50 ശതമാനം നല്‍കുന്നവയാണ്. എന്നാല്‍ വിവിധ സര്‍വേകള്‍ സൂചിപ്പിക്കുന്നത്, ഈ മേഖല അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നം ബാങ്ക് വായ്പകള്‍ കൃത്യസമയത്ത് തിരിച്ചു ലഭിക്കുന്നില്ല എന്നതാണ്. എന്താണ് ഇവിടെ ഇസ്‌ലാമിക് ഫിനാന്‍സിന് മുന്നോട്ടുവെക്കാനുള്ള പരിഹാരം?
ഇത് വളരെ പ്രധാനപ്പെട്ട ഒരു മേഖലയാണ്. ഒരു രാജ്യത്തിന്റെ പുരോഗതിയുടെ നട്ടെല്ലാണ് MSME സെക്ടര്‍. അവിടെ ജോലി ചെയ്യുന്നത് താഴെക്കിടയിലുള്ളവരും മധ്യവര്‍ഗവുമാണ്. പലിശാധിഷ്ഠിത ബാങ്കിംഗ് സംവിധാനം സാമ്പത്തിക ഈടിനെFinancial Collateral Basis) അടിസ്ഥാനപ്പെടുത്തി പ്രവര്‍ത്തിക്കുമ്പോള്‍ ഇസ്‌ലാമിക് ബാങ്കിംഗ് പദ്ധതി നിര്‍വഹണത്തില്‍ (Financial Viability Basis) ഊന്നിയാണ് പ്രവര്‍ത്തിക്കുന്നത്. ഈ വ്യത്യാസം നിസ്സാരമല്ല. ഒരു സാമ്പത്തിക സംവിധാനത്തില്‍ സമുദ്രസമാനമായ വ്യത്യാസം സൃഷ്ടിക്കാന്‍ കഴിയുന്നതാണീ വ്യതിരിക്തത. നിലവിലുള്ള നിയമഘടനയില്‍നിന്നുകൊണ്ടുതന്നെ വ്യാവസായിക മേഖലക്ക് ഇസ്‌ലാമിക ഫിനാന്‍സ് സംവിധാനമൊരുക്കാന്‍ നമുക്ക് സാധ്യമാണ്. Islamic Industrial Finance Institution എത്രയും വേഗം ആരംഭിക്കുകയാണ് പരിഹാരം.
ഇന്ത്യയിലെ അടിസ്ഥാന സൗകര്യ വികസനമേഖലയില്‍ വര്‍ഷം തോറും 500 ബില്യന്‍ ഡോളറിന്റെ നിക്ഷേപം ആവശ്യമാണ്. ഗവണ്‍മെന്റിന്റെ കൈയില്‍ ഇത്രയും പണം നിക്ഷേപിക്കാനില്ല. ഇവിടെ ഇസ്‌ലാമിക് ഫിനാന്‍സിന് എന്താണ് ചെയ്യാനാവുക? സുകൂകിനെ (Sukuk) സംബന്ധിച്ച് വിശദീകരിക്കാമോ?
നൈജീരിയയില്‍ 2015-ലെ തെരഞ്ഞെടുപ്പില്‍ വിജയിച്ച ഉടനെ പ്രസിഡന്റ് മുഹമ്മദ് ബുഹാരി ചെയ്തത് നിങ്ങള്‍ ശ്രദ്ധിച്ചുകാണും. രാജ്യത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് പുറമെ നിന്നും കടമെടുക്കുന്നത് അദ്ദേഹം നിര്‍ത്തലാക്കി. സ്വന്തം ജനങ്ങളില്‍നിന്ന് അതിനുള്ള പണം കണ്ടെത്തുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ജനങ്ങളുടെ പക്കല്‍ പണമുണ്ട്. അത് സാധാരണ ഗതിയില്‍ അവര്‍ സര്‍ക്കാറില്‍നിന്ന് മറച്ചുവെക്കും. ജനങ്ങള്‍ക്ക് സുകൂക് വിതരണം ചെയ്തുകൊണ്ട് അദ്ദേഹം സമാഹരിച്ചത് 100 ബില്യന്‍ നൈറയാണ്. ഒരു ഡോളര്‍ 357 നൈറയാണ്. മൂന്നാഴ്ച മുമ്പാണ് ഈ സുകൂക് വിപണിയിലേക്കു വന്നത്. ദിവസങ്ങള്‍ക്കുള്ളില്‍ 100 ബില്യന്‍ നൈറയുടെ സുകൂകും വിറ്റഴിക്കപ്പെട്ടു. റോഡ് നിര്‍മാണത്തിനും അറ്റകുറ്റപ്പണികള്‍ക്കുമാണ് ഈ സുകൂക് ഇഷ്യു ചെയ്തത്. നൈജീരിയയേക്കാള്‍ എത്രയോ കൂടുതല്‍ പണം ഇന്ത്യയിലെ ജനങ്ങളുടെ പക്കല്‍ ഉണ്ടെന്നതില്‍ യാതൊരു സംശയവുമില്ല. നിങ്ങള്‍ ജനങ്ങള്‍ക്ക് കൃത്യമായ പദ്ധതികള്‍ കാണിച്ചുകൊടുക്കുക. അതിന്റെ ഫലങ്ങള്‍ ദൃശ്യമാകുന്നതോടു കൂടി, അഴിമതിരഹിതവും സുതാര്യവുമായി അത് നടപ്പില്‍ വരുന്നതോടു കൂടി നിങ്ങള്‍ക്ക് അടിസ്ഥാന സൗകര്യവികസനത്തിനു വേണ്ട മുഴുവന്‍ തുകയും ജനങ്ങളില്‍നിന്നുതന്നെ സമാഹരിക്കാനാവും. അറബ് നാടുകളില്‍നിന്നും നിങ്ങള്‍ക്ക് പണം കിട്ടുമെന്നാണ് നിങ്ങള്‍ വിചാരിക്കുന്നതെങ്കില്‍ അത് സംഭവിക്കാന്‍ പോകുന്നില്ല. അറബികളുടെ പണം പോകുന്നത് അമേരിക്കയിലേക്കും യൂറോപ്പിലേക്കും കാനഡയിലേക്കും ആസ്‌ത്രേലിയയിലേക്കുമാണ്. അതിങ്ങോട്ടുവരാന്‍ പോകുന്നില്ല. അതിനാല്‍ നിങ്ങള്‍ നിങ്ങളുടെ ജനങ്ങളെ വിട്ട് അവിടേക്ക് തിരിയുന്നതില്‍ അര്‍ഥമില്ല. നിങ്ങളുടെ സ്വന്തം ജനങ്ങളുടെ കഴിവിനെ നിങ്ങള്‍ കുറച്ചുകാണരുത്. അവരെ നിങ്ങള്‍ പൂര്‍ണമായും വിശ്വാസത്തിലെടുക്കണം. സുകൂക് എന്ന ആശയം ബോണ്ടുകളേക്കാള്‍ വികസനോന്മുഖമാണ്. കാരണം, ഗവണ്‍മെന്റുകള്‍ ചെയ്യുന്നതുപോലെ ബജറ്റ് കമ്മി നികത്താന്‍ ഒരിക്കലും സുകൂക് ഉപയോഗിക്കാന്‍ സാധിക്കുകയില്ല. ബോണ്ടുകള്‍ കൊണ്ട് പലപ്പോഴും അതാണ് ചെയ്യുന്നത്. ഒരു ആസ്തി രൂപപ്പെടുത്താന്‍ വേണ്ടി മാത്രമേ സുകൂക് ഇഷ്യൂ ചെയ്യാന്‍ സാധിക്കുകയുള്ളൂ. കൃത്യമായ പദ്ധതികളുണ്ടെങ്കില്‍ മാത്രമേ സുകൂകുകള്‍ ഇറക്കാന്‍ ഇസ്‌ലാമിക സാമ്പത്തിക നിയമങ്ങള്‍ അനുവദിക്കുകയുള്ളൂ. ഇന്ത്യയിലെ സര്‍ക്കാര്‍ ജനങ്ങളിലേക്ക് Infrastructure Sukuk-കള്‍ ഇഷ്യൂ ചെയ്യാന്‍ സന്നദ്ധമായാല്‍ അവര്‍ക്ക് ഇവിടെ നിന്നുതന്നെ അടിസ്ഥാന സൗകര്യ വികസനത്തിനാവശ്യമായ മുഴുവന്‍ പണവും കണ്ടെത്താന്‍ സാധിക്കുമെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു.
ഇന്ത്യയിലെ ഇസ്‌ലാമിക് ഫിനാന്‍സിന്റെ വികസനത്തിന് ഒരു മാതൃകയോ മാര്‍ഗരേഖയോ ലഭ്യമാണോ? താങ്കള്‍ ബംഗ്ലാദേശിനെ കുറിച്ച് സംസാരിച്ചു. കാനഡ, യൂറോപ്പ് തുടങ്ങിയ പ്രദേശങ്ങളില്‍നിന്നുള്ള മാതൃകകള്‍ അനുകരണീയമാണോ? എവിടെനിന്നാണ് തുടങ്ങേണ്ടത്? എങ്ങനെയാണ് മുന്നോട്ടുപോകേണ്ടത്?
ഇന്ത്യയില്‍ ഓഹരി വിപണിയുമായി ബന്ധപ്പെട്ട് ചില വികസനങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇന്നിവിടെ Standard & Poor-ന്റെ (S&P BSE Shariah Index) ശരീഅഃ സ്റ്റോക്ക് ഇന്‍ഡക്‌സ് ഉണ്ട്. ശരീഅ അധിഷ്ഠിതമായ മ്യൂച്വല്‍ ഫണ്ടുകളും യൂനിറ്റ് ലിങ്ക്ഡ് ഇന്‍ഷുറന്‍സ് പ്ലാനുകളും (ULIPs) ഒക്കെ വന്നു തുടങ്ങിയിരിക്കുന്നു. ഇതെല്ലാം അതതിന്റെ സ്ഥാനങ്ങളില്‍ സ്വീകാര്യമാണ്. എന്നാല്‍ അടിസ്ഥാന ജനങ്ങളിലേക്ക് ഇതിന്റെ പ്രയോജനങ്ങള്‍ എത്തണമെന്നത് വളരെ പ്രധാനമാണ്. ജോര്‍ദാന്റെ മാതൃക ഇന്ത്യയെ സംബന്ധിച്ച് അനുകരണീയമാണ്. ജോര്‍ദാന്റെ സാമ്പത്തിക വ്യവസ്ഥ ഒരു വരേണ്യ വ്യവസ്ഥയല്ല. അതിസമ്പന്നരായ ഒരു ന്യൂനപക്ഷമുണ്ടെന്നത് ശരിതന്നെ. പക്ഷേ, അവര്‍ യഥാര്‍ഥത്തില്‍ ജോര്‍ദാന്‍ സാമ്പത്തിക വ്യവസ്ഥയുടെ ഭാഗമല്ല. അവര്‍ വിദേശത്ത് താമസിക്കുന്നു. അവരുടെ ആസ്തികളിലധികവും വിദേശത്താണ്. രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുമ്പോഴോ ഗവണ്‍മെന്റുകള്‍ മാറുമ്പോഴോ ആണവര്‍ സ്വദേശത്തേക്ക് വരുന്നത്. കാബിനറ്റിലെയും എക്‌സിക്യൂട്ടീവിലെയും അംഗത്വത്തിന് വേണ്ടിയാണത്. ജോര്‍ദാന്‍ ഇസ്‌ലാമിക് ബാങ്ക്, നിങ്ങള്‍ മുമ്പ് പറഞ്ഞതുപോലെ, MSME മേഖലയില്‍ ഊന്നിയാണ് പ്രവര്‍ത്തിക്കുന്നത്. രാജ്യത്തെ ടാക്‌സി ഡ്രൈവര്‍മാര്‍ക്കു വേണ്ടിയുള്ള വലിയ ഒരു പദ്ധതി അവര്‍ നടപ്പില്‍ വരുത്തുകയുണ്ടായി. മൂന്നോ നാലോ വര്‍ഷം കൊണ്ട് ഡ്രൈവര്‍ വാഹനത്തിന്റെ ഉടമയാകുന്ന തരത്തിലാണ് ഈ പദ്ധതി. വാഹനത്തില്‍ ബാങ്കിന്റെ ഉടമസ്ഥത ക്രമാനുഗതമായി കുറഞ്ഞുവന്ന് ഒടുവിലത് ഡ്രൈവറുടെ ഉടമസ്ഥതയിലേക്ക് നീങ്ങുന്നു. ഓരോ ദിവസത്തെയും കളക്ഷനില്‍ ഡ്രൈവര്‍ സ്വന്തം ചെലവിനു വേണ്ട തുക കഴിച്ച് ബാങ്കിന്റെ ശാഖയില്‍ നിക്ഷേപിക്കുന്നു. ഓരോ മാസാന്ത്യത്തിലും നിങ്ങള്‍ നിക്ഷേപിക്കുന്ന തുകക്ക് ആനുപാതികമായി വാഹനത്തില്‍ നിങ്ങള്‍ക്ക് ഉടമസ്ഥത കൈവരുന്നു. വാഹനത്തിന്റെ വിലയ്ക്ക് തുല്യമായ തുക നിങ്ങള്‍ പൂര്‍ത്തീകരിക്കുന്നതോടു കൂടി അത് നിങ്ങളുടെ പൂര്‍ണ ഉടമസ്ഥതയിലേക്ക് വരുന്നു. ഇത് ഒരുപാട് ഡ്രൈവര്‍മാരുടെ ജീവിതത്തില്‍ ഗുണപരമായ മാറ്റങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. ഇത്തരം സ്ഥാപനങ്ങളാണ് ഇന്ത്യയിലും കൂടുതല്‍ അനുയോജ്യമായിട്ടുള്ളത്. ഇത്തരം പദ്ധതികള്‍ക്ക് താരതമ്യേന കുറഞ്ഞ മൂലധനം മാത്രമേ ആവശ്യമുള്ളൂ. ഇതെല്ലാം തന്നെ നിങ്ങള്‍ക്ക് വളരെ എളുപ്പത്തില്‍ പ്രാവര്‍ത്തികമാക്കാവുന്നവയാണ്.
ഇസ്‌ലാമിക സാമ്പത്തിക സേവനങ്ങള്‍ പലിശാധിഷ്ഠിത സാമ്പത്തിക സേവനങ്ങളേക്കാള്‍ ചെലവേറിയതാണെന്ന ആരോപണത്തെക്കുറിച്ച്?
ഇസ്‌ലാമിക സാമ്പത്തിക സേവനങ്ങള്‍ പലിശാധിഷ്ഠിത സാമ്പത്തിക സേവനങ്ങളേക്കാള്‍ ചെലവേറിയതാകുന്നതിനോട് എനിക്കൊരിക്കലും യോജിക്കാന്‍ കഴിയില്ല. കാരണം രണ്ടും ഒരേ വിപണിയിലാണ് പ്രവര്‍ത്തിക്കുന്നത്. നമ്മള്‍ അവരോട് മത്സരക്ഷമമാകേണ്ടതുണ്ട്. അത് അങ്ങനെയല്ലാതായിത്തീരുന്നുണ്ടെങ്കില്‍ എവിടെയോ ചൂഷണാത്മക ശക്തികള്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്നാണ് നാം മനസ്സിലാക്കേണ്ടത്. നിങ്ങള്‍ക്ക് അവരിലുള്ള വിശ്വാസത്തിന്റെ വിലയാണ് അവര്‍ ഈടാക്കുന്നത്. അവര്‍ക്ക് നിങ്ങളിലുള്ള വിശ്വാസത്തിന് അധിക വിലയൊടുക്കാന്‍ അവര്‍ തയാറല്ല. ഇത് തികച്ചും അസ്വീകാര്യവും എതിര്‍ക്കപ്പെടേതുമാണ്. പലിശാധിഷ്ഠിത സാമ്പത്തിക സേവനങ്ങള്‍ ലഭിക്കുന്ന അതേ നിരക്കുകളില്‍ ഇസ്‌ലാമിക സാമ്പത്തിക സേവനങ്ങളും ലഭിക്കേണ്ടതുണ്ട്. ഇസ്‌ലാമിക് ഫിനാന്‍സില്‍ ധനസഹായം നല്‍കുന്നയാള്‍ (Financier) അധിക റിസ്‌ക് എടുക്കുന്നു എന്നതു ശരി തന്നെ. പക്ഷേ, ആ റിസ്‌കിനെ മിനിമത്തില്‍ നിര്‍ത്താന്‍ നമുക്ക് സാധിക്കും. കാരണം അദ്ദേഹം നടത്തുന്നത് ഒരു Financial Buy അല്ലെങ്കില്‍ Financial Sell ആണ്. അത് അധിക വില ഈടാക്കുന്നതിനുള്ള ഒരു ന്യായീകരണം ആകുന്നില്ല. മുറാബഹയുടെ ഉദാഹരണം എടുക്കുക. മുറാബഹ ചെയ്യുമ്പോള്‍ ചരക്കുകള്‍ മുന്‍കൂറായി വാങ്ങി സൂക്ഷിക്കുന്നില്ല. ഉപഭോക്താവിന്റെ ആവശ്യപ്രകാരം മാത്രമാണ് വാങ്ങുന്നത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ വില്‍പന നടത്തുകയും ചെയ്യുന്നു. ഉപഭോക്താവിനെ തന്നെ ചരക്ക് കൈപ്പറ്റാന്‍ ചുമതലപ്പെടുത്താവുന്നതുമാണ്. ഇവിടെ ഉടമസ്ഥതയുമായി ബന്ധപ്പെട്ട റിസ്‌ക് വളരെ ചുരുങ്ങിയ സമയത്തേക്കു മാത്രമാണ്. ഈ ചുരുങ്ങിയ സമയം കൊണ്ട് ചരക്കുകള്‍ക്ക് എന്തെങ്കിലും അപകടം സംഭവിക്കുക എന്നത് താത്ത്വികമായ ഒരു സാധ്യത മാത്രമാണ്. അത് പലിശാധിഷ്ഠിത വായ്പയിലുള്ളതിനേക്കാള്‍ വില വര്‍ധിപ്പിക്കുന്നതിനുള്ള സാധുത നല്‍കുന്നില്ല. രണ്ടാമതായി, ഇസ്‌ലാമിക് ഫിനാന്‍സിനെ നിങ്ങള്‍ക്ക് ജനകീയമായി കാണണമെന്നുണ്ടെങ്കില്‍ നിങ്ങള്‍ പലിശാധിഷ്ഠിത ബാങ്കുകളോട് മത്സരക്ഷമത പുലര്‍ത്തിയേ തീരൂ. ജനങ്ങള്‍ക്ക് ഇതിന്റെ പ്രയോജനങ്ങള്‍ അനുഭവവേദ്യമാകണം. അതല്ലാത്ത അവസരത്തില്‍ നമ്മുടെ സാധ്യതകള്‍ നന്നേ ചുരുങ്ങിപ്പോകും.
ഇസ്‌ലാമിക് ഫിനാന്‍സ് വിദ്യാഭ്യാസ രംഗത്ത് ആഗോള സ്ഥാനം കൈവരിക്കാന്‍ എന്തെല്ലാമാണ് ശാന്തപുരത്തെ അല്‍ ജാമിഅ അല്‍ ഇസ്‌ലാമിയ്യ പോലുള്ള സ്ഥാപനങ്ങള്‍ക്ക് ചെയ്യാന്‍ സാധിക്കുക?
ഭാഷ വളരെ പ്രധാനമാണ്. ഇംഗ്ലീഷ് ഭാഷക്ക് വലിയ പരിഗണന നല്‍കണം. സ്ഥാപനത്തില്‍ എല്ലാ തലത്തിലും ഇംഗ്ലീഷ് ഭാഷാ പഠനം കാര്യക്ഷമമാക്കുന്നതിന് ഒരു വിദഗ്ധ സമിതി രൂപീകരിക്കേണ്ടതുണ്ട്. അറബി ഭാഷ ഇസ്‌ലാമിക വിജ്ഞാനീയങ്ങളുടെ അടിസ്ഥാനമാണ്. എന്നാല്‍ സമകാലിക ലോകത്ത് ഇംഗ്ലീഷ് കൂടുതല്‍ പ്രധാനമാണ്. ഇസ്‌ലാമിക് ഫിനാന്‍സിലും അടിസ്ഥാന വിജ്ഞാനം അറബിയിലാണ്. ഇസ്‌ലാമിക് ഫിനാന്‍സ് അധ്യാപകര്‍/ പരിശീലകര്‍ എന്ന നിലയില്‍ അറബി അറിയുക എന്നത് മൗലികപ്രധാനമാണ്. ഇസ്‌ലാമിക് ഫിനാന്‍സ് ഗ്രഹിക്കുന്നതിനും പഠിപ്പിക്കുന്നതിനും ഇതു മാത്രം മതിയാവുകയില്ല. ഇസ്‌ലാമിക് ഫിനാന്‍സ് അധ്യാപകര്‍ ഫിനാന്‍സിനെ കുറിച്ചോ സാമ്പത്തിക ശാസ്ത്രത്തെ കുറിച്ചോ അടിസ്ഥാന വിവരങ്ങള്‍ പോലുമില്ലാത്തവരാണെന്ന് അനുഭവത്തില്‍നിന്ന് എനിക്ക് പറയാന്‍ കഴിയും. ഫിനാന്‍സോ ഇകണോമിക്‌സോ അറിയാതെ ഇസ്‌ലാമിക് ഫിനാന്‍സിന്റെ അധ്യാപനമോ പ്രയോഗവത്കരണമോ സാധ്യമല്ല. ഇവിടെയാണ് ഇംഗ്ലീഷ് ഭാഷ അതിപ്രധാനമാകുന്നത്. ഉദാഹരണത്തിന്, പലിശ നിരോധനം എന്ന വിഷയമെടുക്കുക. നമ്മുടെ യൂനിവേഴ്‌സിറ്റികളിലും സ്ഥാപനങ്ങളിലും ഇതിനെ സംബന്ധിച്ച് പഠിപ്പിക്കപ്പെടുന്നത് ഒരു സാമ്പത്തിക പരിപ്രേക്ഷ്യത്തോടെയല്ല. വളരെ ഇടുങ്ങിയ കോണുകളിലൂടെ കര്‍മശാസ്ത്ര പ്രശ്‌നമായാണ് അത് അവതരിപ്പിക്കപ്പെടുന്നത്. പലപ്പോഴും ഇത്തരം കര്‍മശാസ്ത്രപരമായ അവതരണത്തിനും അധ്യാപനത്തിനും സമകാലിക ലോകത്ത് ഒരു പ്രസക്തിയും ഉണ്ടായിരിക്കില്ല. ഈ പെട്ടിയില്‍നിന്നും നാം പുറത്തുചാടേണ്ടതുണ്ട്. ഞാന്‍ ഇസ്‌ലാമിക സാമ്പത്തിക ഉടമ്പടികള്‍ എഴുതുകയും അധ്യാപനം നടത്തുകയും ചെയ്തിട്ടുണ്ട്. പലിശ എന്തുകൊണ്ട് നിരോധിക്കപ്പെട്ടു എന്നു ചോദിച്ചാല്‍ അത് അയഥാര്‍ഥവും നിലനില്‍ക്കാത്തതുമായ ഒരാശയമായതുകൊണ്ടാണെന്ന് യുക്തിഭദ്രമായി നമുക്കിന്ന് തെളിയിക്കാന്‍ സാധിക്കും. പലിശക്കു വേണ്ടി ആരെങ്കിലും വാദിച്ചാല്‍, അയാളുടെ വാദങ്ങള്‍ അബദ്ധജഡിലവും നിലനില്‍ക്കാത്തതുമാണെന്ന് സ്ഥാപിക്കാന്‍ നമുക്ക് ഒരു പ്രയാസവുമില്ല. അത്തരക്കാരെ പരാജയപ്പെടുത്തുക വളരെ എളുപ്പമാണ്. ഒരു കടത്തിന്മേലുള്ള വര്‍ധനവല്ലാതെ മറ്റെന്താണ് പലിശ? എങ്ങനെയാണ് കടങ്ങള്‍ വര്‍ധിക്കുക? കടങ്ങളെ വര്‍ധിപ്പിക്കാം എന്നാണ് നിങ്ങളുടെ വാദമെങ്കില്‍ സാമ്പത്തിക വ്യവസ്ഥയുടെ അടിസ്ഥാന പ്രവര്‍ത്തനങ്ങളില്‍ നിങ്ങള്‍ അജ്ഞനാണ്. ഇത്തരത്തില്‍ കൃത്യമായ വൈജ്ഞാനിക പിന്‍ബലത്തോടെയാണ് വിഷയങ്ങളുടെ അധ്യാപനം നടക്കേത്. വിദ്യാര്‍ഥികളില്‍ തെളിഞ്ഞ അവബോധവും ആധികാരികമായ ആശയ സൃഷ്ടിയും നടക്കേണ്ടതുണ്ട്. 'അഹല്ലല്ലാഹുല്‍ ബയ്അ വ ഹര്‍റമര്‍രിബ' എന്ന സൂക്തശകലത്തിനപ്പുറത്തേക്ക് നമ്മുടെ അധ്യാപന വിശദീകരണങ്ങള്‍ വളരുന്നില്ല. അതിന്റെ സാമ്പത്തികമായ യുക്തിയെന്ത് എന്ന് ഒരു വിദ്യാര്‍ഥി ചോദിച്ചാല്‍ അല്ലാഹുവിന്റെ ദീന്‍ അങ്ങനെയാണ് എന്നു മാത്രമാണ് അവന് ലഭിക്കുന്ന ഉത്തരം. അതിനാല്‍ നമ്മുടെ അധ്യാപകരെ നാം ആദ്യം പരിശീലിപ്പിക്കുക.
Comments