Prabodhanm Weekly

Pages

Search

2017 നവംബര്‍ 17

3026

1439 സഫര്‍ 28

ടി. അലി ഹസന്‍ മൗലവി

എം.എ വാണിമേല്‍

തോട്ടത്തില്‍ അലി ഹസന്‍ മൗലവി വിദ്യാര്‍ഥിജീവിതം മുതല്‍ തന്നെ ഇസ്‌ലാമിക പ്രസ്ഥാനവുമായി ബന്ധപ്പെട്ട വ്യക്തിയാണ്. നരിപ്പറ്റയാണ് ജന്മദേശമെങ്കിലും അദ്ദേഹത്തിന്റെ പ്രവര്‍ത്തനരംഗം വാണിമേലിലും സമീപ പ്രദേശങ്ങളിലുമായിരുന്നു.

ശാന്തപുരം ഇസ്‌ലാമിയാ കോളേജിലെ ഏഴംഗ പ്രഥമ ബാച്ചിലെ അവസാനത്തെ കണ്ണികളിലൊരാളായിരുന്നു അലി ഹസന്‍ മൗലവി (വി.കെ ജലീല്‍ സാഹിബിന്റെ സഹോദരന്‍ റശീദ് സാഹിബ് മാത്രമാണ് ആദ്യ ബാച്ചില്‍ ഇപ്പോള്‍ ജീവിച്ചിരിപ്പുള്ളത്). ആരോഗ്യപരമായ കാരണങ്ങളാല്‍ അലി ഹസന്‍ മൗലവിക്ക് ശാന്തപുരത്തെ ഫൈനല്‍ പരീക്ഷ എഴുതാന്‍ സാധിച്ചിരുന്നില്ല. ശാന്തപുരം ഇസ്‌ലാമിയാ കോളേജിലെ പഠനത്തിനു ശേഷം മക്ക ഉമ്മുല്‍ ഖുറാ യൂനിവേഴ്‌സിറ്റിയില്‍ ഉപരിപഠനത്തിന് ചേര്‍ന്നു. ഒരുപക്ഷേ, ഉമ്മുല്‍ ഖുറാ സര്‍വകലാശാലയില്‍ പ്രവേശനം ലഭിച്ച ആദ്യത്തെ മലയാളി വിദ്യാര്‍ഥിയായിരിക്കണം അദ്ദേഹം. ദീര്‍ഘകാലം മര്‍കസുദ്ദഅ്‌വയുടെ കീഴില്‍ ഖത്തറില്‍ പള്ളി ഇമാമായും ദാഇയായും പ്രവര്‍ത്തിക്കുകയുണ്ടായി. അക്കാലത്ത് വിവിധ ആവശ്യങ്ങള്‍ക്കായി ഖത്തറിലെത്തുന്ന മലയാളികള്‍ക്ക് വലിയ അത്താണിയായിരുന്നു അലി ഹസന്‍ മൗലവി. അറബി ഭാഷയില്‍ അദ്ദേഹത്തിനുണ്ടായിരുന്ന പ്രാവീണ്യം ഖത്തറിലെത്തുന്ന നാട്ടുകാര്‍ക്കും സ്ഥാപന മേധാവികള്‍ക്കും ഉപയോഗപ്പെട്ടിരുന്നു.

കുറച്ചുകാലം വാണിമേല്‍ എം.യു.പി സ്‌കൂളില്‍ അറബി അധ്യാപകനായി സേവനമനുഷ്ഠിക്കുകയുണ്ടായി. വാണിമേല്‍ ദാറുല്‍ ഹുദാ അറബിക്കോളേജ്, കുറ്റിയാടി ഇസ്‌ലാമിയാ കോളേജ്, തിരൂര്‍ക്കാട് ഇലാഹിയാ കോളേജ്, ചേന്ദമംഗല്ലൂര്‍ ഇസ്‌ലാഹിയാ കോളേജ്, പേരാമ്പ്ര ദാറുന്നുജൂം യതീംഖാന, തലശ്ശേരി ചേറ്റംകുന്ന് വനിതാ ഇസ്‌ലാമിയാ കോളേജ്, കടവത്തൂര്‍ അറബിക്കോളേജ് തുടങ്ങി വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്തു. ഇതുവഴി വലിയൊരു ശിഷ്യസമ്പത്തിന്റെ ഉടമ കൂടിയായിരുന്നു അദ്ദേഹം.

അറബി, ഉര്‍ദു ഭാഷകളിലും ഇസ്‌ലാമിക വിഷയങ്ങളിലും അവഗാഹമുള്ള പണ്ഡിതനായിരിക്കെത്തന്നെ സാധാരണക്കാരന്റെ ജീവിതമായിരുന്നു അദ്ദേഹം നയിച്ചിരുന്നത്. അറിവിന്റെ തലക്കനവും പാണ്ഡിത്യത്തിന്റെ പ്രകടനാത്മകതയും അദ്ദേഹം ഒരിക്കലും ഇഷ്ടപ്പെട്ടിരുന്നില്ല. തികഞ്ഞ വിനയവും ലാളിത്യവുമായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര. ഇറങ്ങി നടക്കുമ്പോള്‍ മാത്രം ആഴം അറിയുന്ന നദി പോലെ അദ്ദേഹം ജീവിതവീഥിയില്‍ ശാന്തമായി ഒഴുകുകയായിരുന്നു. എങ്കിലും തിന്മകളും അരുതായ്മകളും കാണുമ്പോള്‍ ആര്‍ത്തലക്കുന്ന അലകടലായി മാറുന്ന പ്രകൃതവും അദ്ദേഹത്തിനുണ്ടായിരുന്നു.

നാട്ടില്‍ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ നേതൃനിരയില്‍ പ്രവര്‍ത്തിക്കുമ്പോള്‍തന്നെ ഇതര മുസ്‌ലിം സംഘടനകളിലെ നേതാക്കളും പ്രവര്‍ത്തകരുമായി അദ്ദേഹം ഉറ്റ ബന്ധം പുലര്‍ത്തിയിരുന്നു. ഇന്ത്യന്‍ ഇസ്‌ലാഹി മൂവ്‌മെന്റ് നേതാവും കെ.എന്‍.എം സംസ്ഥാന വൈസ് പ്രസിഡന്റുമായ ഡോ. ഹുസൈന്‍ മടവൂര്‍ അടക്കം ഒട്ടേറെ പ്രമുഖര്‍ അദ്ദേഹത്തെ രോഗശയ്യയില്‍ വീട്ടില്‍ സന്ദര്‍ശിക്കുകയുണ്ടായി. 

നരിപ്പറ്റ ജമാഅത്തെ ഇസ്‌ലാമി കാര്‍കുന്‍ ഹല്‍ഖയുടെ ആദ്യ നാസിമായിരുന്നു അലി ഹസന്‍ മൗലവി. വാണിമേല്‍ ദാറുസ്സലാം ചാരിറ്റബ്ള്‍ ട്രസ്റ്റിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളായിരുന്ന അദ്ദേഹം ട്രസ്റ്റിന്റെ വൈസ് ചെയര്‍മാന്‍ പദവിയിലിരിക്കെയാണ് മരണപ്പെട്ടത്.

പരേതനായ കെ. മൊയ്തു മൗലവിയുടെ സഹോദരന്‍ മമ്മു സാഹിബിന്റെ മകള്‍ ജമീലയാണ് ഭാര്യ. അധ്യാപകനായ നഈം തോട്ടത്തില്‍, പത്രപ്രവര്‍ത്തകനും ഗാനരചയിതാവുമായ ശരീഫ് നരിപ്പറ്റ, പ്രവാസിയായ അന്‍വര്‍, സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ചെയ്യുന്ന ഇല്‍യാസ്, മുന്‍ വേളം ഗ്രാമപഞ്ചായത്ത് അംഗം താരാ റഹീമിന്റെ ഭാര്യ ബുശ്‌റ എന്നിവര്‍ മക്കളാണ്.

 

 

കെ.ടി മുഹമ്മദ് മദനി

പണ്ഡിതനും പ്രഭാഷകനും അധ്യാപകനും സര്‍വോപരി ഇസ്‌ലാമിക പ്രസ്ഥാന നേതൃനിരയിലെ സജീവ സാന്നിധ്യവുമായ കെ.ടി മുഹമ്മദ് മദനി പ്രതിഫല ലോകത്തേക്ക് യാത്രയായി. ഇളകിയാടുന്ന ഒരു പാലത്തില്‍നിന്ന് ചിത്രം വരക്കുന്നതുപോലെ ഇത്രയും കരുതലെടുത്ത് ജീവിച്ചുതീര്‍ക്കണമെങ്കില്‍ അത്യസാധാരണമായ ഒരു വിശ്വാസ ജാഗ്രത തീക്ഷ്ണമായി അനുഷ്ഠിക്കേതു്. തന്റെ എണ്‍പതാ് നീ ആയുസ്സത്രയും ഇങ്ങനെ ചിട്ടപ്രധാനവും ക്രമബദ്ധവുമായിരിക്കാന്‍ ശാഠ്യപ്പെട്ട ഒരാളായിരുന്നു കെ.ടി മുഹമ്മദ് മദനിയെന്ന സാത്വിക ജീവിതം. ചേന്ദമംഗല്ലൂര്‍ കാഞ്ഞിരത്തൊടി ഉണ്ണിമോയിന്റെ മകനായി ആയിരത്തിത്തൊള്ളായിരത്തി മുപ്പത്തിഏഴില്‍ ജനിച്ച മൗലവി പ്രാഥമിക സ്‌കൂള്‍ പഠനത്തിനുശേഷം എത്തിച്ചേരുന്നത് വാഴക്കാട് ദാറുല്‍ ഉലൂമില്‍, പിന്നീട് പുളിക്കല്‍ മദീനത്തുല്‍ ഉലൂമിലും. ദീര്‍ഘിച്ച ഒമ്പതു വര്‍ഷത്തെ പഠനത്തിലൂടെയാണ് മുഹമ്മദ് മദനി ഇസ്‌ലാമിക പ്രമാണപാഠങ്ങളില്‍ ഗഹനത നേടിയത്. തുടര്‍ന്ന് തൃക്കളയൂര്‍, കീഴുപറമ്പ്, ആക്കോട് തുടങ്ങിയ സ്ഥലങ്ങളില്‍ അദ്ദേഹം മദ്‌റസാധ്യാപകനായി ജോലി നോക്കി. 1964-ല്‍ ചേന്ദമംഗല്ലൂര്‍ ഹൈസ്‌കൂള്‍ സ്ഥാപിതമായപ്പോള്‍ അവിടെ അധ്യാപകനായി. അധ്യാപന മണ്ഡലത്തില്‍ ഇദ്ദേഹം സമര്‍ഥമായി തൊഴില്‍ ചെയ്തു. ക്ലാസ് മുറികള്‍ വിട്ടാല്‍ തന്റെ ചുമതലകള്‍ അവസാനിച്ചെന്നു കരുതുന്ന സാമ്പ്രദായിക അധ്യാപകനായിരുന്നില്ല മൗലവി. സ്വന്തം ശിഷ്യഗണങ്ങളുടെ ജ്ഞാനദാഹങ്ങളെ എന്നുമദ്ദേഹം സ്വന്തമെന്നപോലെ ഏറ്റുവാങ്ങി. പുളിക്കല്‍ മദീനത്തുല്‍ ഉലൂമില്‍ മദനി ബിരുദത്തിന് പഠിക്കുമ്പോള്‍ തന്നെ ഗഹന പാരായണം അദ്ദേഹം സ്വന്തമാക്കിയിരുന്നു. ഇസ്‌ലാമിക സാമൂഹികതയില്‍ ത്രസിച്ചുനിന്നിരുന്ന സര്‍വ സംവാദങ്ങളെയും ആ യുവാവ് നിതാന്തമായി ശ്രദ്ധിച്ചു. സ്വാഭാവികമായും സയ്യിദ് മൗദൂദിയും ഹാജി സാഹിബും കെ.സി അബ്ദുല്ല മൗലവിയും ജമാഅത്തെ ഇസ്‌ലാമിയും അദ്ദേഹത്തിന്റെ അന്വേഷണത്തിലേക്ക് ഒഴുകിയെത്തി. അന്നു മുതല്‍ തന്റെ അവസാന ദിനം വരെ ആഹ്ലാദപൂര്‍വം മുഹമ്മദ് മദനി ഇസ്‌ലാമിക പ്രസ്ഥാനത്തെ ആശ്ലേഷിച്ചുനിന്നു. ദീര്‍ഘകാലത്തെ അധ്യാപക ജീവിതത്തിനിടയിലും പ്രസ്ഥാന പ്രവര്‍ത്തനത്തില്‍ ഗാഢമായി. ജില്ലാ സമിതിയംഗം, ഫര്‍ഖ കണ്‍വീനര്‍, പ്രാദേശിക അമീര്‍, ഹല്‍ഖാ നാസിം, മഹല്ല് കമ്മിറ്റി അംഗം, ഇസ്‌ലാഹിയാ അസോസിയേഷന്‍ അംഗം ഈദൃശ മണ്ഡലങ്ങളിലൊക്കെയും സജീവമായി പ്രവര്‍ത്തിച്ചു. നല്ല ഒരു പ്രഭാഷകനായിരുന്ന മദനി ഈയൊരു സിദ്ധി സാധകം എന്നും ഉപയോഗിച്ചത് തന്റെ പ്രിയപ്പെട്ട പ്രസ്ഥാനത്തിനുവേി മാത്രമാണ്. അടിയന്തരാവസ്ഥക്കാലത്ത് തടവിലടക്കപ്പെട്ട പ്രസ്ഥാന പ്രവര്‍ത്തകരില്‍ മൗലവിയും ഉായിരുന്നു. പ്രസ്ഥാന താല്‍പര്യങ്ങള്‍ക്ക് എന്നും പ്രാധാന്യം നല്‍കിയ അദ്ദേഹത്തിന് തന്റെ കുടുംബത്തെ ഒന്നാകെ പ്രസ്ഥാന പരിവൃത്തത്തിനകത്ത് നിര്‍ത്താനായി. ഭാര്യയും എട്ടു മക്കളും സജീവമായി തന്നെ ഇസ്‌ലാമികരംഗത്തു്.

പി.ടി കുഞ്ഞാലി ചേന്ദമംഗല്ലൂര്‍

 

 


പിലാക്കാടന്‍ മൊയ്തീന്‍കുട്ടി മാസ്റ്റര്‍

വിശ്രമമില്ലാത്ത ജീവിതത്തിന്റെ ഉടമയായിരുന്നു പൂക്കോട്ടൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ അറബിക് അധ്യാപകനായിരുന്ന പിലാക്കാടന്‍ മൊയ്തീന്‍കുട്ടി മാസ്റ്റര്‍. അത്താണിക്കല്‍ വെള്ളൂര്‍ സ്വദേശിയായ അദ്ദേഹം ജമാഅത്തെ ഇസ്‌ലാമി പ്രാദേശിക ഘടകത്തിന്റെ സാരഥിയായിരുന്നു. ആകസ്മികമായിരുന്നു മരണം.  വിദ്യാര്‍ഥികള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കുമിടയില്‍ സ്‌കൂളിന്റെ ഐ.ടി ലാബില്‍ കുഴഞ്ഞു വീണു മരിക്കുകയായിരുന്നു. വിദ്യാര്‍ഥികള്‍ക്കു വേണ്ടി ഉഴിഞ്ഞുവെച്ച ജീവിതം കര്‍മനിരതനായിക്കൊണ്ടു തന്നെ അവസാനിപ്പിക്കാന്‍ അദ്ദേഹത്തിന് ഭാഗ്യം ലഭിച്ചു. മരണപ്പെട്ട ദിവസം രാവിലെ മുതല്‍ വല്ലാത്ത ആവേശത്തോടെ സ്‌കൂളിലെ പി.ടി.എ എക്‌സിക്യൂട്ടീവില്‍ പങ്കെടുത്ത് സ്‌കൂള്‍ ബസ്സിന്റെ കണക്കുകള്‍ അവതരിപ്പിച്ച് പ്രസ്തുത വിഷയത്തിലുള്ള ഇടപാടുകള്‍ തീര്‍ത്ത് ജുമുഅ നമസ്‌കാരത്തിന് അത്താണിക്കല്‍ ഹിറാ മസ്ജിദില്‍ പതിവുപോലെ പങ്കെടുത്തു. ജുമുഅ കഴിഞ്ഞ് നേരെ പോയത് പോസ്റ്റാഫീസിലേക്കായിരുന്നു; ഒരു വിദ്യാര്‍ഥിക്കു വേണ്ടി ആസാദ് ഫൗണ്ടേഷന്‍ സ്‌കോളര്‍ഷിപ്പിന്റെ അപേക്ഷ പോസ്റ്റ് ചെയ്യാന്‍ വേി. തുടര്‍ന്ന് ഭക്ഷണത്തിന് വേണ്ടി വീട്ടിലേക്ക്. അതു കഴിഞ്ഞ് സ്‌കൂള്‍ രജിസ്റ്ററില്‍ ഒപ്പിട്ട് ഐ.ടി ലാബില്‍ പ്രവേശിച്ചു ഒരു വിദ്യാര്‍ഥിനിയുടെ ഗാനാവതരണവുമായി ബന്ധപ്പെട്ട് ഇന്റര്‍നെറ്റ് പരതുമ്പോള്‍ കുഴഞ്ഞുവീണു മരിച്ചു.

വിവിധ തരം സ്‌കോളര്‍ഷിപ്പുകള്‍, കോഴ്സുകള്‍, ഗവണ്‍മെന്റ് സഹായങ്ങള്‍, പെന്‍ഷനുകള്‍ തുടങ്ങിയവയുടെ ഒരു അക്ഷയകേന്ദ്രമായിരുന്നു സ്‌കൂളിലും നാട്ടിലും മൊയ്തീന്‍കുട്ടി മാസ്റ്റര്‍. പ്രസ്ഥാനത്തിന്റെ ജനകീയ സാന്നിധ്യമായിരുന്നു അദ്ദേഹം. വെള്ളൂര്‍ എന്ന പ്രദേശത്ത് പ്രസ്ഥാനത്തിന്റെ വക്താവായി ഉയര്‍ന്നുനില്‍ക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. മഹല്ലിലെ രക്ഷിതാക്കളുടെയും വിദ്യാര്‍ഥികളുടെയും മുഖ്യ ആശ്രയമായിരുന്നു അദ്ദേഹം. പ്ലസ് വണ്‍ അഡ്മിഷന്‍ സമയത്ത് അദ്ദേഹത്തിന്റെ വീട് ഒരു ഓഫീസായി മാറും. എത്രയോ പേരെ വിവിധ തസ്തികകളിലെത്തിക്കാന്‍ അദ്ദേഹത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ കാരണമായി. സഹപ്രവര്‍ത്തകരായ അധ്യാപകരുടെ വ്യക്തിപരമായ ആവശ്യങ്ങള്‍ നിറവേറ്റുന്നതിലെ നിതാന്ത ജാഗ്രത, എപ്പോഴും കര്‍മനിരതനായിരിക്കുക, മുഖത്തുള്ള പുഞ്ചിരി, മാതൃകാപരമായ വ്യക്തി ബന്ധങ്ങള്‍. കലഹങ്ങളില്ല, തര്‍ക്കവിതര്‍ക്കങ്ങളില്ല, പരിഭവങ്ങളോ പരാതിയോ ഇല്ല, സൈദ്ധാന്തിക  പ്രഭാഷണങ്ങളില്ല. 'പ്രവര്‍ത്തിക്കുക' ഇതായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര. പ്രദേശത്തെ ബി.എല്‍.ഒ ആയിരുന്നു അദ്ദേഹം. അത്താണിക്കല്‍ എം.സി.ടി ട്രസ്റ്റ് മെമ്പറും കാരുണ്യ കേന്ദ്രം പാലിയേറ്റീവ് കെയറിന്റെ സജീവ മെമ്പറുമായിരുന്നു. ജനാസ നമസ്‌കാരത്തിനു മുമ്പുള്ള പള്ളി ഇമാമിന്റെ കണ്ണു നനയിപ്പിക്കുന്ന പ്രഭാഷണം അദ്ദേഹത്തിന്റെ മഹല്ലിലെ ഇടപെടലിന്റെയും വിദ്യാഭ്യാസ- ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെയും വിളംബരമായിരുന്നു.

യാഥാസ്ഥിതികതയോടും പട്ടിണിയോടും പൊരുതി വിദ്യാഭ്യാസം നേടിയ അദ്ദേഹത്തിന്റെ ജീവിതത്തിനു ഒരു വെളിച്ചമായി മാറിയത് പെരുമ്പിലാവ് അന്‍സാര്‍ സ്‌കൂളിലെ അധ്യാപന വൃത്തിയാണ്. അവിടന്നുള്ള പ്രസ്ഥാന ബന്ധത്തില്‍ ആദ്യം മസ്‌കത്തിലും പിന്നീട് ഖത്തറിലെ ഐഡിയല്‍ സ്‌കൂളിലും അധ്യാപകനായി. പ്രവാസ ജീവിതത്തിന്റെ ബാക്കിപത്രമായുണ്ടായ വ്യക്തിത്വ വികാസമാണ് അദ്ദേഹത്തിന്റെ അധ്യാപനവൃത്തിക്കും സാമൂഹിക-ജീവകാരുണ്യ പ്രവര്‍ത്തനത്തിനും ഇന്ധനമായി വര്‍ത്തിച്ചത്. വളരെ വൈകി ലഭിച്ച ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ അധ്യാപനവൃത്തി അദ്ദേഹം കര്‍മനിരതനായി ആഘോഷിക്കുകയായിരുന്നു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസപരവും തൊഴില്‍പരവുമായ മുന്നേറ്റത്തിന് സ്‌കൂളിലും നാട്ടിലും നിറസാന്നിധ്യമായ അദ്ദേഹത്തിന്റെ പൊടുന്നനെയുള്ള മരണം ഒരു വലിയ ശൂന്യതയാണ് വരുത്തിയിരിക്കുന്നത്. ജമാഅത്തെ ഇസ്‌ലാമി വള്ളുവമ്പ്രം ഏരിയാ സമിതി അംഗവും കഴിഞ്ഞ പ്രവര്‍ത്തന കാലയളവിലെ മലര്‍വാടി ബാലസംഘം കോര്‍ഡിനേറ്ററുമായിരുന്നു  അദ്ദേഹം. പ്രാദേശിക പ്രവര്‍ത്തനത്തിന്റെ ഓഫീസായി പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹത്തിന്റെ വീട് ജനങ്ങള്‍ക്ക് ഒരു അത്താണിയായിരുന്നു.

ജലീല്‍ മോങ്ങം

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-27 / അന്നംല് - (32-35)
എ.വൈ.ആര്‍