Prabodhanm Weekly

Pages

Search

2017 നവംബര്‍ 17

3026

1439 സഫര്‍ 28

ഇസ്‌ലാമിക നിയമവ്യവസ്ഥയിലെ പ്രകൃതി, പ്രമാണം, യുക്തി

പി.പി അബ്ദുര്‍റസ്സാഖ്

ഇസ്‌ലാം വിശ്വാസമായാലും കര്‍മമായാലും പ്രകൃതിപരവും (ഫിത്വറി) പ്രാമാണികവും (നഖ്‌ലി ) യുക്തിപരവും (അഖ്‌ലി) ആണ്.  ഇവ മൂന്നും ഇസ്‌ലാമില്‍ പരസ്പരവിരുദ്ധങ്ങളല്ല.  മറിച്ച്, ആശയപരമായി പരസ്പരപൂരകങ്ങളും ഒന്ന് മറ്റൊന്നിനെ പിന്‍ബലപ്പെടുത്തുന്നതുമാണ്. ഇസ്‌ലാം അടിസ്ഥാനപരമായി ഒരു പ്രകൃതിമതമാണ് എന്ന് പറയുമ്പോള്‍  ഉദ്ദേശിക്കപ്പെടുന്ന കാര്യങ്ങളില്‍ താഴെ പറയുന്നവ പ്രാധാന്യമര്‍ഹിക്കുന്നു:

1.

മനുഷ്യന് നല്‍കിയ സ്വാതന്ത്ര്യത്തിന്റെ തലം ഒഴിച്ചുനിര്‍ത്തിയാല്‍ പ്രപഞ്ചം മുഴുവന്‍ പ്രകൃത്യാ അല്ലാഹുവിന്റെ നിയമങ്ങള്‍ അനുസരിക്കുന്നുണ്ട്.  ഇതിനെയാണ് നാം അലംഘനീയമായ പ്രകൃതിനിയമങ്ങള്‍ എന്ന് പറയുന്നത്.  ഖുര്‍ആന്‍  പറയുന്നത് പ്രകൃതിയുടെ പൊതുധാരയോട് സമരസപ്പെട്ടുകൊണ്ട് മനുഷ്യനും, തനിക്ക് സ്വാതന്ത്ര്യം നല്‍കപ്പെട്ട മേഖലയില്‍ കൂടി അല്ലാഹുവിന്റെ നിയമങ്ങള്‍ക്കും ഹിതത്തിനും അനുസരിച്ച് ജീവിതം ചിട്ടപ്പെടുത്തണം എന്നാണ്. 'ഇസ്‌ലാം'  എന്ന പദത്തിന്റെ അര്‍ഥവും ഇസ്‌ലാമിന്റെ ഈ പ്രകൃതിപരതയെ പിന്‍ബലപ്പെടുത്തുന്നുണ്ട്.  ദീന്‍, റബ്ബ്, ഇലാഹ് എന്നീ പദങ്ങളും ഭാഷാ ശാസ്ത്രമനുസരിച്ചും,   പ്രാമാണികമായും ഇതേ ആശയത്തെ പിന്‍ബലപ്പെടുത്തുന്നതും ഊട്ടിയുറപ്പിക്കുന്നതുമാണ്.

2.

സൃഷ്ടി പ്രകൃതി, ജൈവപ്രകൃതി,  മനുഷ്യപ്രകൃതി എന്നീ മൂന്നു തരം പ്രകൃതി പ്രതിനിധാനമുണ്ട്. ഇതില്‍ സൃഷ്ടിപ്രകൃതി എന്നത് ഈ പ്രപഞ്ചത്തിലെ മുഴുവന്‍ പ്രതിഭാസങ്ങളും പൊതുവായി പങ്കുവെക്കുന്ന കാര്യങ്ങളാണ്.   പ്രപഞ്ചവും അതില്‍ കാണപ്പെടുന്ന സകല പ്രതിഭാസങ്ങളും മനുഷ്യനെപ്പോലെ സൃഷ്ടികളാണ്. പ്രപഞ്ചത്തില്‍ കാണപ്പെടുന്ന മൂലകങ്ങളില്‍നിന്നു തന്നെയാണ് മനുഷ്യനുള്‍പ്പടെ സകലവും ഭൗതികമായി  സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. പ്രപഞ്ചത്തിലെ എല്ലാ പ്രതിഭാസങ്ങള്‍ക്കും പ്രപഞ്ചത്തിനു തന്നെയും ഒരു തുടക്കവും ഒടുക്കവും ഉണ്ട്. പ്രപഞ്ചത്തിലെ മനുഷ്യനുള്‍പ്പെടെയുള്ള മുഴുവന്‍ പ്രതിഭാസങ്ങളും പ്രകൃത്യാ ദൈവത്തിന്റെ നിയമങ്ങളാണ് അനുസരിക്കുന്നത്. ഇതൊക്കെയാണ് പ്രപഞ്ചത്തിലെ മുഴുവന്‍ പ്രതിഭാസങ്ങളും പൊതുവായി പങ്കുവെക്കുന്ന കാര്യങ്ങള്‍. ജൈവപ്രകൃതി എന്നതുകൊണ്ട്  ഉദ്ദേശിക്കപ്പെടുന്നത് ഈ സൃഷ്ടിലോകത്ത് ജീവജാലങ്ങള്‍ക്ക് പൊതുവായുള്ള പ്രകൃതിയെയാണ്. വര്‍ഗപരമായ നിലനില്‍പ്പിനു വേണ്ടി സംവിധാനിക്കപ്പെട്ടിട്ടുള്ള ലൈംഗികതയും പ്രജനനപ്രക്രിയയും, ശാരീരിക വളര്‍ച്ചക്കും പോഷണത്തിനും ഊര്‍ജ ഉല്‍പാദനത്തിനും വേണ്ടി സംവിധാനിക്കപ്പെട്ടിരിക്കുന്ന വിശപ്പും ഭക്ഷണവും  ഒക്കെ ഇതിന് ഉദാഹരണങ്ങളാണ്.  മനുഷ്യപ്രകൃതി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഇതര ജീവജാലങ്ങളില്‍നിന്ന് മനുഷ്യനെ മനുഷ്യനാക്കിത്തീര്‍ക്കുന്ന, എല്ലാ മനുഷ്യരും പൊതുവായി പങ്കിടുന്ന മനുഷ്യനില്‍ പ്രകൃത്യാ കണ്ടുവരുന്ന ശാരീരികവും മാനസികവുമായ  സവിശേഷഭാവങ്ങളും ചോദനകളും ജന്മ വാസനകളും ജന്മസിദ്ധികളും സാമൂഹിക-രാഷ്ട്രീയ- സാംസ്‌കാരിക പ്രതിനിധാനങ്ങളുമെല്ലാമാണ്.  ഇസ്‌ലാം പ്രകൃതിമതമാണെന്ന് പറയുമ്പോള്‍ മനുഷ്യനിലെ സൃഷ്ടി പ്രകൃതിക്കോ ജൈവ പ്രകൃതിക്കോ മനുഷ്യ പ്രകൃതിക്കോ അത് ഒരിക്കലും വിരുദ്ധമാവില്ലെന്നു കൂടിയാണ് അതുകൊണ്ട് അര്‍ഥമാക്കുന്നത്.  ഇസ്‌ലാമിക പ്രമാണങ്ങള്‍  മനുഷ്യനിലെ ഈ പ്രകൃതിപരതക്ക് വിരുദ്ധമാകില്ലെന്നര്‍ഥം. 

3. 

ഇസ്‌ലാം അനുശാസിക്കുന്ന ഒരു നന്മയും പുണ്യവും മനുഷ്യന്റെപ്രകൃതിപരതക്കു വിരുദ്ധമാകില്ല.  അതേപോലെ  അത് നിരോധിച്ച കാര്യങ്ങളൊന്നും മനുഷ്യന്റെ പ്രകൃതിപരതയെ നിഷേധിക്കുന്നതും ആകില്ല.   ഇസ്‌ലാം അനുശാസിച്ച   നന്മകളും പുണ്യങ്ങളും ചെയ്യുന്നതുകൊണ്ടോ അത് നിരോധിച്ച കാര്യങ്ങളില്‍നിന്ന് വിട്ടുനില്‍ക്കുന്നതുകൊണ്ടോ മനുഷ്യന്റെ വര്‍ഗപരമോ നാഗരികമോ സാംസ്‌കാരികമോ ആയ വളര്‍ച്ച നിലക്കുകയോ മുരടിക്കുകയോ ചെയ്യില്ല. മറിച്ച്, അത് സനിഷ്‌കര്‍ഷം പാലിക്കുന്നത് മനുഷ്യനെ വൈയക്തികമായും സാമൂഹികമായും പൂര്‍ണ മനുഷ്യനായി ജീവിക്കാന്‍  സഹായിക്കുകയും അവന്റെ നാഗരികവും സാംസ്‌കാരികവുമായ വികാസത്തെ ആരോഗ്യകരമായ രീതിയില്‍ ത്വരിതപ്പെടുത്തുകയും ചെയ്യും.

4. 

മനുഷ്യനിലെ നന്മയെ വിശുദ്ധ  ഖുര്‍ആന്‍ വിശേഷിപ്പിക്കുന്നത് പ്രകൃത്യാ  ജ്ഞാതം,  പരിചിതം, അറിയപ്പെട്ടത് എന്നൊക്കെ അര്‍ഥമുള്ള  'മഅ്‌റൂഫ്' എന്ന പദം ഉപയോഗിച്ചാണ്.  ഇത് വ്യക്തമാക്കുന്നത് മനുഷ്യനിലെ നന്മകള്‍ എല്ലാം പ്രകൃതിപരമാണെന്നും, പ്രകൃതിപരമായുള്ള മനുഷ്യനിലെ എല്ലാ സവിശേഷഭാവങ്ങളും സിദ്ധികളും എല്ലാം അടിസ്ഥാനപരമായി നന്മകളാണെന്നുമാണ്.  ഇതേപോലെ,  തിന്മയെ വിശേഷിപ്പിക്കാന്‍ വിശുദ്ധ ഖുര്‍ആന്‍ ഉപയോഗിച്ച പദം പ്രകൃത്യാ അജ്ഞാതം, അപരിചിതം എന്നൊക്കെ അര്‍ഥങ്ങളുള്ള 'മുന്‍കര്‍' എന്നാണ്.  ഇത് വ്യക്തമാക്കുന്നത് തിന്മകളെല്ലാം മനുഷ്യന്റെ സ്വഛ പ്രകൃതിക്ക് അന്യമാണെന്നും മനുഷ്യന്റെ സ്വഛ പ്രകൃതിക്ക് അന്യമായതെല്ലാം തിന്മയാണെന്നും കൂടിയാണ്.

5

ജന്മസിദ്ധികളും ജന്മവാസനകളും നൈസര്‍ഗികാവശ്യങ്ങളുമെല്ലാം ഇസ്‌ലാമിക ദൃഷ്ട്യാ അനുഗ്രഹങ്ങളാണ്. എന്തിനു വേണ്ടി ഉപയോഗപ്പെടുത്തി എന്ന് നാളെ പരലോകത്ത് ചോദ്യം ചെയ്യപ്പെടുന്ന അനുഗ്രഹങ്ങള്‍. ഒരിക്കലും അവ സ്വയം പാപമല്ല; ഇസ്‌ലാമികമായി തെറ്റായ ലക്ഷ്യങ്ങള്‍ക്ക് ദുരുപയോഗം ചെയ്യപ്പെടാത്ത കാലത്തോളം പാപമാവുകയുമില്ല.

 

നിയമം രൂപപ്പെടുന്ന സാഹചര്യം

പ്രകൃതിപരതയിലെന്നപോലെ, ഇസ്‌ലാം അടിസ്ഥാനപരമായി യുക്തിപരതയിലും അധിഷ്ഠിതമായ ജീവിതവ്യവസ്ഥയാണ്. ഇസ്‌ലാം ബുദ്ധിപരമായി ബോധ്യപ്പെടാത്ത ഒരു കാര്യവും പിന്തുടര്‍ന്നു പോകരുത് എന്ന് അസന്ദിഗ്ധമായി അനുശാസിച്ച ദര്‍ശനമാണ് (ഖുര്‍ആന്‍ 17:36).  ഇസ്‌ലാം   എല്ലാ കാര്യങ്ങളെയും അനുഭവത്തിന്റെയും യുക്തിയുടെയും തലങ്ങളില്‍ നോക്കിക്കാണാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നു.  തെളിവിന്റെ പിന്‍ബലമില്ലാതെ ഒരു  കാര്യവും സ്വീകരിക്കരുത് എന്നത് അഭിസംബോധിതരോടുള്ള വിശുദ്ധ ഖുര്‍ആന്റെ പൊതുകല്‍പനയാണ്. ഊഹങ്ങളും നിഗമനങ്ങളും അനുഭവത്തിനു തുല്യമോ പകരമോ ആവില്ല എന്നതും വിശുദ്ധ ഖുര്‍ആനിന്റെ പ്രഖ്യാപനമാണ് (53:28). 

ഒരു നിയമം  രൂപപ്പെടുന്നതിന് ഖുര്‍ആനികമായി രണ്ടു സ്വഭാവത്തിലുള്ള പശ്ചാത്തലങ്ങള്‍ ഉണ്ടാവാം: ഒന്ന്, അത്തരത്തിലുള്ള നിയമങ്ങള്‍ അവതീര്‍ണമാകുന്നതിന് നിമിത്തമായ പ്രത്യേക പശ്ചാത്തലം (Specific Context).വ്യഭിചാരാരോപണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ അവതീര്‍ണങ്ങളായ നിയമങ്ങള്‍ പോലെ. ഇത്തരം വിഷയങ്ങളില്‍ പശ്ചാത്തലത്തിന്റെ പരിമിതിയേക്കാള്‍ പദത്തിന്റെയും സൂക്തത്തിന്റെയും അര്‍ഥവ്യാപ്തിക്കാണ് പ്രസക്തി. സ്വാഭാവികമായും നിയമം ആ പ്രത്യേക പശ്ചാത്തലത്തില്‍ മാത്രം പരിമിതമാവില്ലെന്നര്‍ഥം.   രണ്ടാമത്തെ പശ്ചാത്തല സ്വഭാവം നിയമം അവതരിക്കുന്നതിലെ   പൊതുവായ സാമൂഹികവും രാഷ്ട്രീയവും ആയ അവസ്ഥകളാണ് (General Socio -Political Context).  ചില നിയമങ്ങള്‍ രൂപപ്പെട്ടതിനും  ചില  സാഹചര്യങ്ങള്‍ ഇല്ലാതാക്കുന്നതിന് അന്തിമ നിയമം അവതരിപ്പിക്കപ്പെടാതിരുന്നതിനും ഈ പൊതുവായ സാമൂഹിക-രാഷ്ട്രീയ സാഹചര്യം കാരണമാവാം. 

തികച്ചും അനഭിലഷണീയവും ഇസ്‌ലാമിന്റെ ആദര്‍ശപരമായ വ്യതിരിക്തതക്കു യോജിക്കാത്തതുമായ ചില സാഹചര്യം പൂര്‍ണമായും ഇല്ലാതാക്കുന്നതിന് അന്തിമമായ നിയമം നിലവിലെ സാമൂഹിക-രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്ത് അവതരിക്കപ്പെടാതെ പോയതിനു ഉദാഹരണമാണ് അടിമത്തം. മനുഷ്യനെ മനുഷ്യന്‍ അടിമയാക്കിവെക്കുക എന്നത്   ഇസ്‌ലാമിന്റെ തൗഹീദീസങ്കല്‍പവുമായി നേര്‍ക്കുനേരെ ഏറ്റുമുട്ടുന്ന പ്രശ്‌നമാണ്. ഒരു വിശ്വാസിയുടെ പ്രഥമ ഉത്തരവാദിത്തമായി അടിമമോചനത്തെ വിശേഷിപ്പിച്ച ഇസ്‌ലാം അടിമ വ്യവസ്ഥയെ ഇല്ലായ്മ ചെയ്യുന്നതിന് നിരവധി പ്രായോഗിക മാര്‍ഗങ്ങളാണ് ആവിഷ്‌കരിച്ചത്.  ശത്രുക്കള്‍ മുസ്‌ലിം യുദ്ധത്തടവുകാരെ അടിമകളായിവെക്കുന്നു എന്ന സാമൂഹിക-രാഷ്ട്രീയ സാഹചര്യം  നിലനില്‍ക്കുവോളം കാലം അന്യോന്യതയുടെ തലത്തില്‍നിന്നുകൊണ്ട് അടിമത്തത്തെ സമ്പൂര്‍ണമായി നിരോധിക്കുന്നതില്‍നിന്ന് അത് വിട്ടുനിന്നു.  ചൈന എന്‍.പി.ടിയിലും സി.ടി.ബി.ടിയിലും ഒപ്പുവെക്കാത്ത കാലത്തോളം ഇന്ത്യയും ഒപ്പുവെക്കില്ല എന്നു പറയുന്നതുപോലുള്ള സമീപനമായിരുന്നു ഇസ്‌ലാം ഈ വിഷയത്തില്‍ സ്വീകരിച്ചത് എന്നര്‍ഥം. എന്നാല്‍ ലോകം പൊതുവായി അടിമത്തത്തെ നിരോധിക്കുന്ന വിഷയത്തിലും യുദ്ധത്തടവുകാരെ  അടിമകളാക്കിവെക്കാന്‍ പാടില്ല  എന്ന വിഷയത്തിലും  ഒരു തീരുമാനത്തിലെത്തിയിരിക്കെ യുദ്ധത്തടവുകാരെ അടിമകളാക്കി വെക്കുക എന്നത് മുസ്‌ലിംകള്‍ക്ക് സ്വാഭാവികമായിത്തന്നെ നിരോധിതമായിത്തീരും. ഇവിടെയാണ് നിയമങ്ങള്‍ വികസിച്ചുവന്നതിലെ കാലഗണനയും (Chronology) ക്രമാനുഗതികത്വവും  ഒക്കെ പഠനവിധേയമാക്കേണ്ടതും അവക്കു ഇനിയുമുണ്ടാകാവുന്ന വികാസക്ഷമത പരിഗണനീയ വിഷയമാകുന്നതും.       

 

ലക്ഷ്യവും കാരണവും

ഇതേ പോലെതന്നെ പ്രധാനമാണ് ഒരു നിയമം നല്‍കപ്പെട്ടതിന്റെ പിന്നിലെ ലക്ഷ്യവും കാരണവും തിരിച്ചറിയുക എന്നതും. 'ഭൂമിയിലുള്ളത് മുഴുവന്‍ മനുഷ്യന്റെ പ്രയോജനത്തിനു വേണ്ടി സൃഷ്ടിച്ചു'(2:29) എന്നതാണ് ഒന്നാമത്തെ അടിസ്ഥാന പ്രമാണം. രണ്ടാമത്തെ പ്രമാണം എല്ലാം അനുവദനീയമാണ്, നിഷിദ്ധമാക്കിയത് ഒഴിച്ച് എന്നതാണ്. നിര്‍മാണാത്മകവും സംഹാരാത്മകവുമായ നിരവധി ഉപയുക്തതകള്‍ ഭൂമിയിലെ വിഭവങ്ങളില്‍ ഉണ്ടാവുക സ്വാഭാവികമാണ്.  ഇതില്‍ ഏതെങ്കിലും വിഭവത്തിന്റെ ഏതെങ്കിലും സ്വഭാവത്തിലുള്ള ഉപഭോഗമോ ഉപയോഗമോ നിഷിദ്ധമാക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അതിന്റെ പിന്നില്‍ കൃത്യമായ ലക്ഷ്യവും കാരണവും ഉണ്ടായിരിക്കും. എന്നാല്‍ നിര്‍മാണാത്മകമായ ലക്ഷ്യങ്ങള്‍ക്ക് അതേ വിഭവങ്ങള്‍  ഉപയോഗപ്പെടുത്തുന്നതിന്റെ സാധ്യതകള്‍ ആരായുന്നതിന് ഈ നിരോധനം തടസ്സമാവേണ്ടതില്ല. ഉദാഹരണത്തിന്,  മദ്യം ഒരു പാനീയമെന്ന നിലയില്‍ നിരോധിക്കപ്പെട്ടിരിക്കുന്നത് ലഹരി കാരണമായാണ്. ലഹരിയുണ്ടാക്കുന്നതെന്തും, അത് പാനീയമാകട്ടെ മറ്റെന്തെങ്കിലുമാകട്ടെ നിരോധിതവുമാണ്.  ഇവിടെ രണ്ടു കാര്യങ്ങള്‍ പ്രത്യേകം പ്രസ്താവ്യമാണ്:

ഒന്ന്, മാധ്യമം എന്തുമാകട്ടെ പ്രത്യാഘാതം എന്ത് എന്ന് നോക്കിയാണ് നാം സദൃശനിഗമനം (Analogy/ഖിയാസ്) നടത്തുന്നത്. ഒരേ ഇഫക്റ്റ് നല്‍കുന്ന വ്യത്യസ്ത മാധ്യമങ്ങള്‍ക്ക് മാധ്യമങ്ങളുടെ വ്യത്യാസം നോക്കി വ്യത്യസ്ത വിധി നല്‍കാവതല്ല. ഒരാള്‍ തന്റെ വായ കൊണ്ടു വയലിന്റെ ശബ്ദം ഉണ്ടാക്കുന്നു. മറ്റൊരാള്‍ വയലിന്‍ ഉപയോഗിച്ചും അതേ ശബ്ദം ഉണ്ടാക്കുന്നു. രണ്ടായാലും ഇത് കേള്‍ക്കുന്ന ആളില്‍ ഉണ്ടാക്കുന്ന ഇഫെക്ട് ഒന്നാണ്. ഇവിടെ ശബ്ദം ഉണ്ടാക്കുന്ന മാധ്യമങ്ങള്‍ മാറി എന്നത് വ്യത്യസ്ത വിധികള്‍ ഉണ്ടാവുന്നതിന് കാരണമാവുകയില്ല. 

രണ്ട്, നിരോധിതമല്ലാത്ത, നിര്‍മാണാത്മക ഫലങ്ങള്‍  നല്‍കുന്ന മറ്റു പലതിനും വേണ്ടി ആ മാധ്യമങ്ങളൊക്കെയും നമുക്ക് ഉപയോഗപ്പെടുത്താവുന്നതാണ്.  അങ്ങനെ ആ മാധ്യമങ്ങളില്‍ മറ്റു നിര്‍മാണാത്മക വശങ്ങള്‍ കണ്ടെത്തുക എന്നത് മനുഷ്യന്റെ ധൈഷണിക പ്രവര്‍ത്തനങ്ങളുടെ  ഭാഗവുമാണ്.   ഈ വീക്ഷണതലത്തില്‍നിന്നുകൊണ്ടാണ് ക്ലാസിക്കല്‍ കര്‍മശാസ്ത്ര ഗ്രന്ഥങ്ങള്‍ മുഴുവന്‍ കള്ള് സുര്‍ക്കയായി  മാറിയാല്‍ അത് ഉപയോഗിക്കുന്നത് അനുവദനീയമാണ് എന്ന് പറയുന്നത്. 'സുര്‍ക്ക എന്തൊരു നല്ല ഭക്ഷണമാണ്' എന്ന ഹദീസ് അതിന് തെളിവായി ഉദ്ധരിക്കുകയും ചെയ്യുന്നു. പ്രവാചകന്‍ കേവലം ഭൗതിക ഉല്‍പന്നങ്ങളുടെ കാര്യത്തില്‍ മാത്രമല്ല ഈ സമീപനം കൈക്കൊണ്ടിട്ടുള്ളത്. ബഹുദൈവത്വപരമായ ആചാരാനുഷ്ഠാനങ്ങള്‍ കടന്നുവരുമോ എന്ന് ഭയന്ന് ശ്മശാന സന്ദര്‍ശനം തുടക്കത്തില്‍ നിരോധിച്ച നബി, സാഹചര്യം മാറിയപ്പോള്‍  മരണത്തെ ഓര്‍മിപ്പിക്കുക എന്ന മറ്റൊരു നിര്‍മാണാത്മക ലക്ഷ്യത്തിന് അതേ ശ്മാശാന   സന്ദര്‍ശനം അനുവദിക്കുകയുണ്ടായി.

മനുഷ്യന്റെ   പഞ്ചേന്ദ്രിയങ്ങളെ കുറിച്ച് ചിന്തിച്ചാല്‍ അവയോരോന്നും അല്ലാഹു നിഷിദ്ധമാക്കിയതല്ലാത്ത രൂപത്തില്‍ വൈവിധ്യങ്ങള്‍ ആസ്വദിക്കാനുള്ള സംവിധാനത്തോടുകൂടിയാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് എന്ന് മനസ്സിലാക്കാം. നമ്മുടെ കണ്ണുകള്‍ വര്‍ണവൈവിധ്യത്തെ അനുഭവിക്കാനും ആസ്വദിക്കാനും സാധിക്കുന്ന രൂപത്തിലാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.   നമ്മുടെ നാവിനാവട്ടെ നല്ല രുചിവൈവിധ്യം ആസ്വദിക്കുന്നതിന് എണ്ണിയാലൊടുങ്ങാത്ത രുചിമുകുളങ്ങള്‍ നല്‍കപ്പെട്ടിരിക്കുന്നു. നമ്മുടെ നാസാരന്ദ്രങ്ങള്‍ പല രൂപത്തിലുള്ള പരിമളങ്ങള്‍ അനുഭവിക്കാന്‍ നമ്മെ സഹായിക്കുന്നു. നമ്മുടെ സ്പര്‍ശനശേഷിയും നമ്മെ വ്യത്യസ്ത സ്വഭാവത്തിലുള്ള വസ്തുക്കളെ സ്പര്‍ശിക്കാനും ആസ്വദിക്കാനും തിരിച്ചറിയാനും സഹായിക്കുന്നു. ഇവിടെയൊന്നും പൊതുവായ നിരോധം ഒന്നുമില്ല. തെറ്റായ ലക്ഷ്യങ്ങള്‍ക്കു വേണ്ടി ആയിരിക്കരുത് എന്ന ഉപാധി മാത്രമേയുള്ളൂ. ദുഷിച്ച കാര്യങ്ങള്‍ കാണരുത്, മണക്കരുത്, രുചിക്കരുത് എന്നിങ്ങനെ.  നമ്മുടെ ശ്രവണേന്ദ്രിയങ്ങളും ഇതുപോലെ ഭിന്നതരം ശബ്ദങ്ങളെ കേള്‍ക്കാന്‍ സാധിക്കുന്ന സംവിധാനത്തോടു കൂടിയാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.  ദുഷിച്ച കാര്യങ്ങള്‍ കേള്‍ക്കരുത്,  ദുഷിച്ച ലക്ഷ്യങ്ങള്‍ക്കു വേണ്ടി കേള്‍ക്കരുത് എന്നല്ലാതെ,  ഏതെങ്കിലും താളാത്മകമോ സുന്ദരമോ  ആയ ശബ്ദം കേള്‍ക്കരുത് എന്നോ കേള്‍പ്പിക്കരുത് എന്നോ ഉള്ള നിരോധം ഇസ്‌ലാമില്‍ ഇല്ല.   പ്രകൃതിപരതയുടെ തലത്തില്‍നിന്നുകൊണ്ട് ഇസ്‌ലാമില്‍ അത് ഉണ്ടാവുക സംഭവ്യവുമല്ല. കാതിനു സംഗീതം എന്നത്, നയനങ്ങള്‍ക്കു വര്‍ണങ്ങള്‍ പോലെയും നാസാരന്ദ്രങ്ങള്‍ക്കു പരിമളം പോലെയും നാവിനു മധുരം പോലെയും ആണ്. വര്‍ണങ്ങളും പരിമളവും മധുരവും ഒന്നും തെറ്റായ ലക്ഷ്യങ്ങള്‍ക്ക് ഉപയോഗിക്കപ്പെടാത്ത കാലത്തോളം നിഷിദ്ധമല്ലെങ്കില്‍ സംഗീതവും തെറ്റായ ലക്ഷ്യങ്ങള്‍ക്ക് ഉപയോഗിക്കപ്പെടാത്ത കാലത്തോളം നിഷിദ്ധമാവേണ്ടതില്ല. 'അല്ലാഹു സൗന്ദര്യത്തെ ഇഷ്ടപ്പെടുന്നു' എന്ന പ്രവാചകവചനത്തിന്റെ താല്‍പര്യം ദൃശ്യസൗന്ദര്യത്തില്‍ മാത്രം ഒതുക്കേണ്ടതുമില്ല. സൗന്ദര്യം നമ്മുടെ പഞ്ചേന്ദ്രിയങ്ങളില്‍ ഓരോന്നിനും വ്യത്യസ്തമാണ്.             

 

അളവുകോലുകള്‍

ഇസ്‌ലാം ഈ ഭൂമിയെയും അതിലെ വിഭവങ്ങളെയും നോക്കിക്കാണുന്നത് മനുഷ്യനെ മാത്രം  മാനദണ്ഡമാക്കിയാണ്.   'ഭൂമിയിലുള്ളത് മുഴുക്കെ അവന്‍ നിങ്ങള്‍ക്കു (മനുഷ്യര്‍ക്കു) വേണ്ടി സൃഷ്ടിച്ചിരിക്കുന്നു' (ഖുര്‍ആന്‍ 2:29) എന്നും  'മനുഷ്യന് ഉപകരിക്കുന്നതേ ഭൂമിയില്‍ നിലനില്‍ക്കുകയുള്ളൂ' (13:17) എന്നുമൊക്കെ പറയുമ്പോള്‍ അതുകൂടിയാണ് ഉദ്ദേശിക്കപ്പെടുന്നത്. മനുഷ്യനെന്ന് പറയുമ്പോള്‍ വംശപരമോ ദേശപരമോ വര്‍ണപരമോ ചരിത്രപരമോ ഏതെങ്കിലും നിലക്കുള്ള വിവേചനപൂര്‍ണമായ വിഭജനത്തെ വിശുദ്ധ ഖുര്‍ആന്‍ അനുവദിക്കുന്നില്ല. പ്രവാചകന്‍ കല്‍പിച്ചതാകട്ടെ, അവസാനത്തെ മനുഷ്യനെ പോലും മുന്നില്‍ കണ്ടുകൊണ്ട് എന്നെന്നും ഈ ഭൂമിയില്‍ ജീവിക്കുന്നവനെ പോലെ ഭൗതികമായി ഈ ജീവിതത്തെ നോക്കിക്കാണാനുമാണ്.  മനുഷ്യന്റെ ഭിന്ന വിരുദ്ധങ്ങളായ എല്ലാ കര്‍മങ്ങളെയും ഒരൊറ്റ സ്‌കെയില്‍ ഉപയോഗിച്ച് അളക്കുന്നത് ഇസ്‌ലാം അംഗീകരിക്കുന്നുമില്ല. വിശുദ്ധ ഖുര്‍ആന്‍ നാലിടങ്ങളില്‍ മനുഷ്യന്റെ കര്‍മങ്ങളുമായി ബന്ധപ്പെട്ട് പറഞ്ഞ സൂക്തങ്ങളുടെ ചില പൊതുസ്വഭാവങ്ങള്‍ വളരെ ശ്രദ്ധേയമാണ്. ഒരു സൂക്തം മാത്രം ഉദ്ധരിക്കാം: ''ആരുടെ ത്രാസുകള്‍ കനം കൂടിയോ അവന്‍ സംതൃപ്ത ജീവിതത്തിലായിരിക്കും; ആരുടെ ത്രാസുകള്‍  കനം കുറഞ്ഞുവോ  അവന്റെ സങ്കേതം അഗാധ ഗര്‍ത്തം ആയിരിക്കും''(ഖുര്‍ആന്‍ 101:6-8). 

ഈ സൂക്തത്തിലെന്ന പോലെ മനുഷ്യന്റെ കര്‍മങ്ങളെ അളക്കുന്നതിനെ സംബന്ധിച്ച്  പറഞ്ഞ എല്ലായിടങ്ങളിലും (7:89; 21:47; 23:102,103)  വിശുദ്ധ ഖുര്‍ആന്‍ 'ത്രാസുകള്‍' എന്ന ബഹുവചന നാമരൂപമാണ് പ്രയോഗിച്ചിട്ടുള്ളത്. എന്നു മാത്രമല്ല വിശുദ്ധ ഖുര്‍ആനില്‍ ഈ പദം ബഹുവചനരൂപത്തില്‍ പ്രയോഗിച്ചിട്ടുള്ളത് മനുഷ്യന്റെ കര്‍മങ്ങളെ അളക്കുന്നതിനെ സംബന്ധിച്ച് പറയുന്നിടത്ത് മാത്രമാണ്. മറ്റെല്ലായിടങ്ങളിലും ഈ പദത്തിന്റെ ഏകവചനരൂപമാണുള്ളത്. ഇത് വ്യക്തമാക്കുന്നത് മനുഷ്യന്റെ ഭിന്നവിരുദ്ധങ്ങളായ കര്‍മങ്ങളെ ഒരൊറ്റ സ്‌കെയില്‍ വെച്ച്  അളക്കാവതല്ല എന്നാണ്. ചിലപ്പോള്‍ ഒരേ കര്‍മത്തെത്തന്നെ പല സ്‌കെയിലുകള്‍ ഉപയോഗിച്ച് അളക്കേണ്ടുന്ന സാഹചര്യവും ഉണ്ടാവും. നൂറു മീറ്റര്‍ ഓട്ട മത്സരത്തെയും ജിംനാസ്റ്റിക്‌സ് മത്സരത്തെയും ഒരേ അളവുകോല്‍ വെച്ച് വിലയിരുത്താനാവില്ലല്ലോ.   

ത്രാസ് പരാമര്‍ശിക്കപ്പെടുന്ന സൂക്തങ്ങളിലെവിടെയും  'ത്രാസുകള്‍ക്കു കനംതൂങ്ങുക' എന്ന് പറഞ്ഞപ്പോള്‍  'നന്മകൊണ്ട്' എന്ന് പ്രത്യേകം പറഞ്ഞിട്ടില്ല. ദുരന്തപര്യവസായിയായ ജീവിതത്തെ സൂചിപ്പിക്കുമ്പോള്‍ 'ത്രാസുകള്‍ തിന്മകൊണ്ട് ഭാരം  കൂടി'  എന്ന്  പറയാതെ 'ത്രാസുകള്‍ക്കു ഭാരം കുറയുക' എന്നു മാത്രമാണ് പറയുന്നത്. 'നന്മ' എന്ന് പ്രത്യേകം പറയാതെത്തന്നെ 'നന്മ' അവിടെ ഉദ്ദേശിക്കപ്പെടുന്നുണ്ട്. ഏതൊരു കര്‍മത്തിലെയും നന്മയുടെ തലത്തെയാണ് അളക്കേണ്ടത് എന്നൊരു സന്ദേശം അത് നല്‍കുന്നുണ്ട്. എത്ര മാത്രം നന്മ കൂടി, എത്രമാത്രം നന്മ കുറഞ്ഞു  എന്നതും ഒരു അളവുകോലാണ്.

മൊത്തത്തില്‍ നമ്മുടെ ജീവിതത്തിലും ജീവിതത്തിലെ ഓരോ കര്‍മത്തിലും നന്മ കൂടുതല്‍ ഉണ്ടാവുക എന്നതാണ് പ്രധാനം.  ഒരു കര്‍മം ആത്യന്തികമായി നല്ലതാണോ ചീത്തയാണോ എന്ന് തീരുമാനിക്കുന്നതിന് മാനദണ്ഡവും, ഖുര്‍ആനികമായി എത്രമാത്രം നന്മ കൂടുതല്‍  ഉണ്ട്, എത്രമാത്രം നന്മ കുറഞ്ഞു എന്നതാണ്.  കാരണം, മനുഷ്യനെ മാനദണ്ഡമാക്കി ചിന്തിക്കുമ്പോള്‍, മനുഷ്യനുമായി ബന്ധപ്പെട്ട എല്ലാ കര്‍മങ്ങളും അവന്‍ ഉപയോഗിക്കുന്ന വിഭവങ്ങളും  കേവലാര്‍ഥത്തില്‍ സമ്പൂര്‍ണമായും നന്മയായിരിക്കുകയില്ല.  സൂക്ഷ്മതലങ്ങളില്‍ നോക്കിയാല്‍, അവന് ആ കര്‍മങ്ങളില്‍നിന്നും വിഭവങ്ങളില്‍നിന്നും ലഭിക്കുന്ന നന്മയുമായും പ്രയോജനവുമായും താരതമ്യം ചെയ്യുമ്പോള്‍ ചെറിയ തിന്മകളും ദോഷങ്ങളും അതില്‍ ഉള്‍ച്ചേര്‍ന്നിട്ടുണ്ടാവും. നമ്മള്‍ കഴിക്കുന്ന ഭക്ഷണത്തിലും കുടിക്കുന്ന വെള്ളത്തിലുമെല്ലാം നമ്മുടെ ശരീരത്തിന് ആവശ്യമില്ലാത്ത മാലിന്യങ്ങള്‍ കൂടി അടങ്ങിയിട്ടുണ്ട്.  അത് പുറംതള്ളുന്നതിന് അല്ലാഹു നമ്മുടെ ശരീരത്തിന് ഒരു മെക്കാനിസവും നല്‍കിയിട്ടുണ്ട്.  ഈ വേസ്റ്റ് ഉണ്ട് എന്ന് കരുതി ആ വിഭവങ്ങള്‍ നിഷിദ്ധമല്ലല്ലോ. എന്നാല്‍ വേസ്റ്റ് കൂടുകയും പ്രയോജനം കുറയുകയും ചെയ്യുമ്പോള്‍ അത്  സ്വാഭാവികമായും നിഷിദ്ധമായതായിത്തീരുകയും ചെയ്യും.  മദ്യം നിഷിദ്ധമാക്കുമ്പോള്‍ വിശുദ്ധ ഖുര്‍ആന്‍ പറഞ്ഞ പ്രഥമ ന്യായവും 'അതില്‍ പ്രയോജനത്തേക്കാള്‍ കൂടുതല്‍  ഉപദ്രവമാണുള്ളത്' എന്നാണല്ലോ. ഇതിന്റെ വിപര്യയുക്തി,  'ഉപദ്രവത്തേക്കാള്‍ കൂടുതല്‍ പ്രയോജനമുള്ളത് അനുവദനീയമാകും' എന്നാണ്.   

 

നിയമങ്ങളുടെ സ്വഭാവം

നേരത്തേ മനുഷ്യകര്‍മങ്ങളെ അളക്കുന്ന സ്‌കെയിലുകളിലെ വ്യത്യാസം പറഞ്ഞതു പോലെ, എല്ലാ നിയമങ്ങളും ഒരുപോലെയല്ല എന്നും മനസ്സിലാക്കണം. എല്ലാ നിഷിദ്ധങ്ങളും ഭൗതികമായ അര്‍ഥത്തില്‍ ശിക്ഷാര്‍ഹമല്ല.  അവയെല്ലാം നിഷിദ്ധമാവാമെങ്കില്‍കൂടി സമവുമല്ല.  സ്വകാര്യ കുറ്റങ്ങളേക്കാള്‍, സാമൂഹിക കുറ്റങ്ങളെ ഇല്ലാതാക്കാനാണ് ഇസ്‌ലാം മുന്‍ഗണന നല്‍കുന്നത്.  മുഖ്യമായും സാമൂഹിക കുറ്റങ്ങള്‍ക്ക് മാത്രമേ ഇസ്‌ലാം ശിക്ഷാവിധികള്‍ നല്‍കിയിട്ടുള്ളൂ. അതുപോലും നടപ്പാക്കുമ്പോള്‍ കുറ്റം ചെയ്ത സാഹചര്യവും ശിക്ഷ നടപ്പാക്കുന്ന സാഹചര്യവും പരിഗണിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരിക്കുന്നു. ദാരിദ്യം കൊണ്ട് മോഷ്ടിച്ചവനെ ശിക്ഷിക്കാതിരുന്ന വിഷയത്തില്‍  കുറ്റം ചെയ്ത സാഹചര്യത്തെയാണ് പരിഗണിച്ചതെങ്കില്‍, ഗര്‍ഭിണിയെ ശിക്ഷിക്കാതിരുന്നപ്പോള്‍ ശിക്ഷ നടപ്പാക്കുന്ന സാഹചര്യത്തെയാണ് ഇസ്‌ലാം പരിഗണിച്ചത്.  

വിശുദ്ധ ഖുര്‍ആന്‍തന്നെ കുറ്റങ്ങളെ പല വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട് (4:31).  വ്യത്യസ്ത സ്വഭാവങ്ങളിലെ  തെറ്റുകുറ്റങ്ങളെ വ്യത്യസ്ത പദാവലികള്‍കൊണ്ട് വിശേഷിപ്പിച്ചിട്ടുണ്ട്. 'മുന്‍കര്‍', 'ഫാഹിശ', 'ദന്‍പ്', 'ഖത്തീഅത്ത്', 'സയ്യിആത്ത്', 'ജുര്‍മ്' 'ഇസ്മ്', 'കബാഇര്‍', 'ലമമ്', 'ഹറജ്', 'ജുനാഹ്' തുടങ്ങിയ പദങ്ങള്‍ ഉദാഹരണം.   ഇസ്‌ലാം വന്‍പാപങ്ങളായി  വിശേഷിപ്പിച്ച ഏഴു പാപങ്ങളില്‍ മൂന്ന് സാമൂഹിക കുറ്റങ്ങള്‍ക്ക് മാത്രമേ ഇസ്‌ലാമിക ക്രിമിനല്‍ നിയമവ്യവസ്ഥയില്‍ ശിക്ഷ  നിശ്ചയിട്ടുള്ളൂ. അനാഥയുടെ മുതല്‍ കൈയേറുന്നതുപോലുള്ള വന്‍പാപത്തിന്    നീതിനിര്‍വഹണത്തിന്റെ ഭാഗമായി അനാഥയുടെ താല്‍പര്യം സംരക്ഷിക്കപ്പെടുന്നു എന്ന് ഉറപ്പുവരുത്തുകയും കുറ്റക്കാരന് കോടതിക്ക് ഉചിതമെന്നു തോന്നുന്ന ശിക്ഷ വിധിക്കാനുള്ള സ്വാതന്ത്ര്യം നല്‍കുകയുമാണ് ഇസ്‌ലാം ചെയ്യുന്നത്.  എന്നാല്‍ ശിര്‍ക്, സിഹ്ര്‍ പോലുള്ള വ്യക്തിയുടെ വിശ്വാസപരമായ വന്‍പാപങ്ങള്‍ക്ക് ഭൗതികലോകത്ത് ശിക്ഷ നിശ്ചയിച്ചില്ല എന്ന് മാത്രമല്ല  അത് സമൂഹത്തില്‍ മറ്റു നിലക്കുള്ള സാമ്പത്തിക ചൂഷണത്തിനോ അനീതിക്കോ കാരണമാകാത്ത കാലത്തോളം വ്യക്തിയുടെ സ്വാതന്ത്ര്യത്തിനു വിടുകയാണ് ചെയ്തത്.  ഇസ്‌ലാമില്‍ എല്ലാ നന്മകള്‍ക്കും ഒരേ പ്രാധാന്യമല്ല. സാമൂഹികനന്മകള്‍ക്ക് വ്യക്തിയില്‍ ഒതുങ്ങുന്ന നന്മയേക്കാള്‍ ഇസ്‌ലാം പ്രാധാന്യം കല്‍പിക്കുന്നുണ്ട്.  

മറ്റൊരു കാര്യം ഓരോ നിരോധത്തിന്റെയും പിന്നിലെ ലക്ഷ്യം ഉറപ്പുവരുത്തി മറ്റു കാര്യങ്ങള്‍ ചെയ്യുന്നതിന് ഇസ്‌ലാം എതിരല്ല എന്നതാണ്. ഉദാഹരണത്തിന്  കള്ള് കുടിക്കുന്നതു മാത്രമേ ഇസ്‌ലാം നിരോധിച്ചിട്ടുള്ളൂ.   അത് എന്തെങ്കിലും വിധേന ഇന്ധനമായി ഉപയോഗിക്കാം എന്ന് കണ്ടുപിടിച്ചാല്‍ കള്ളിനെ അതിനുവേണ്ടി ഉപയോഗിക്കുന്നതില്‍ ഇസ്‌ലാമിന് വിരോധമൊന്നും ഉണ്ടാവില്ല.  ചിത്രങ്ങളും ഫോട്ടോയും ഒക്കെ ആരാധനാ ഭാവത്തോടുകൂടി എടുക്കുന്നതും സൂക്ഷിക്കുന്നതും ഇസ്‌ലാം വിലക്കിയിട്ടുണ്ട്. എന്നാല്‍ ഒരു വ്യക്തിയുടെ ഐഡന്റിറ്റി തെളിയിക്കുന്നതിനും കുറ്റാന്വേഷണത്തിനും അതുപോലുള്ള കാര്യങ്ങള്‍ക്കും ഫോട്ടോ എടുക്കുന്നതും  ചിത്രം വരക്കുന്നതും ഇസ്‌ലാം നിഷിദ്ധമാക്കിയിട്ടില്ല.

 

സംഗീതവും സിനിമയും

മനുഷ്യജീവിതത്തെ സമ്പൂര്‍ണമായും ഉള്‍ക്കൊള്ളുന്ന ഒരു സാമൂഹിക-സാംസ്‌കാരിക-നാഗരികവ്യവസ്ഥ എന്ന നിലയില്‍നിന്നും ഇസ്‌ലാം കേവല ആത്മീയ - ഭക്തിപ്രധാനമാത്രമായ കാര്യങ്ങളില്‍ ന്യൂനീകരിക്കപ്പെട്ടതു കാരണം, മറ്റെല്ലാ വിഷയങ്ങളിലുമെന്നപോലെ സിനിമ, സംഗീതം പോലുള്ള വിഷയങ്ങളെയും വ്യത്യസ്ത വീക്ഷണഗതിക്കാര്‍ വ്യത്യസ്ത തലങ്ങളില്‍ നോക്കിക്കാണുന്ന സാഹചര്യമുണ്ടായിട്ടുണ്ട്. കേവല ഭക്തിയിലും ആരാധനയിലും ഇസ്‌ലാമിനെ പരിമിതപ്പെടുത്തി കാണുന്നവര്‍ക്ക് സാമൂഹിക, സാംസ്‌കാരിക, നാഗരിക വ്യവസ്ഥിതി എന്ന നിലയില്‍ ഇസ്‌ലാമിനെ നോക്കിക്കാണുന്നവരുടെ വിഷന്‍ ഉണ്ടാവുകയില്ല.  ഓരോരുത്തരും  അവരവരുടെ കാഴ്ചപ്പാടനുസരിച്ചാണ് ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുക. ഇസ്‌ലാമുമായി ബന്ധപ്പെട്ട നിയമങ്ങള്‍ അതിന്റെ സാകല്യത്തില്‍ നോക്കിക്കാണാതിരിക്കുമ്പോള്‍ പലപ്പോഴും പ്രതിലോമപരമായി തോന്നിപ്പിക്കും. ഇസ്‌ലാമിക സമൂഹത്തില്‍ നടപ്പാക്കേണ്ട ക്രിമിനല്‍  നിയമങ്ങളില്‍ മാത്രം ശ്രദ്ധിക്കുന്ന ചില  ഭരണകൂടങ്ങള്‍ ഇസ്‌ലാമികമായ സാമൂഹിക-സാംസ്‌കാരിക പരിസരം സൃഷ്ടിക്കാതെ ആദ്യം തന്നെ ക്രിമിനല്‍ നിയമം മാത്രം നടപ്പാക്കുമ്പോള്‍ ഉണ്ടാകുന്ന ഏങ്കോണിപ്പുകള്‍ ഉദാഹരണം. സംഗീതത്തെയും നാടകത്തെയും സിനിമയെയുമൊക്കെ ഇസ്‌ലാമിന്റെ സാകല്യത്തില്‍നിന്ന് അടര്‍ത്തിമാറ്റി വേറൊരു പശ്ചാത്തലത്തില്‍ നിര്‍ത്തി വിശകലനം ചെയ്യുമ്പോഴും ഇതേ പ്രശ്‌നം ഉത്ഭവിക്കുന്നുണ്ട്. പിന്നെ ഓരോ കര്‍മത്തിനും നിയമത്തിനും സദാചാരസങ്കല്‍പ്പത്തിനും ഒരു രൂപഘടന ഉള്ളതു പോലെത്തന്നെ അതിന്റെ പിന്നില്‍ ഒരു ചൈതന്യവും ആത്മാവും ഉണ്ട്; മനുഷ്യനെയും ജീവജാലങ്ങളെയും പോലെത്തന്നെ. ജീവനില്ലാത്ത ശരീരത്തെ അങ്ങനെത്തന്നെ നിലനില്‍ക്കാന്‍ അനുവദിച്ചാല്‍ കെട്ടുനാറുന്നതുപോലെ, നിയമങ്ങള്‍ക്കു പിന്നിലെ ചൈതന്യം ചോര്‍ന്നുപോയാല്‍ അതും കെട്ടുനാറും.  മുസ്‌ലിം രാജ്യങ്ങളിലെ 'ഇസ്‌ലാമികം' എന്ന് പറയപ്പെടുന്ന   പല നിയമങ്ങളും കെട്ടുനാറുന്ന സാഹചര്യം ഉണ്ടായത് അവയെ അവയുടെ സാകല്യത്തില്‍ നടപ്പാക്കാത്തതുകൊണ്ടും അതിന്റെ പിന്നിലെ ചൈതന്യം നഷ്ടപ്പെട്ടതുകൊണ്ടും കൂടിയാണ്.  ആ ചൈതന്യത്തെ വീണ്ടും സന്നിവേശിപ്പിച്ച് സാകല്യത്തില്‍നിന്നുകൊണ്ട് നടപ്പാക്കുമ്പോഴേ ആ നിയമങ്ങളുടെയും അനുശാസനങ്ങളുടെയും സൗന്ദര്യം വീണ്ടെടുക്കാന്‍ സാധിക്കൂ.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-27 / അന്നംല് - (32-35)
എ.വൈ.ആര്‍