Prabodhanm Weekly

Pages

Search

2017 നവംബര്‍ 17

3026

1439 സഫര്‍ 28

പ്രവാചക രാഷ്ട്രീയം സമകാലിക സാമൂഹികതയില്‍ ഇടപെടുമ്പോള്‍ സഖാവേ, നമുക്ക് സംവാദം തുടരാം

ടി. മുഹമ്മദ് വേളം

''2005-ല്‍ ടാറ്റ ടീ ജീവനക്കാരുടെ കമ്പനിയായ കണ്ണന്‍ ദേവന്‍ ഹാരിസ് പ്ലാന്റേഷന്‍ കമ്പനിക്ക് മൂന്നാറിലെ എസ്റ്റേറ്റുകളുടെ ഉടമാവകാശം കൈമാറിയപ്പോള്‍ ആദ്യമായി രംഗത്തെത്തിയത് ജമാഅത്തെ ഇസ്‌ലാമി എന്ന മതമൗലികവാദ സംഘടനയുടെ പോഷക സംഘടനായ സോളിഡാരിറ്റിയായിരുന്നു. കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചിരുന്ന സിമിയുടെ പിതൃത്വം ഈ സംഘടനക്കായിരുന്നു. അധോലോകവുമായി ബന്ധപ്പെട്ട വ്യക്തികള്‍ കേരളത്തിന്റെ തീരപ്രദേശങ്ങളില്‍ ധാരാളം സ്ഥലം വാങ്ങിക്കൂട്ടിയതിനെ തുടര്‍ന്ന് കോസ്റ്റ് ഗാര്‍ഡുകളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തിയതോടെയാണ് വിധ്വംസന പ്രവര്‍ത്തനങ്ങളില്‍ സജീവമായ വ്യക്തികളും പ്രസ്ഥാനങ്ങളും മലയോര പ്രദേശങ്ങളിലേക്ക് കുടിയേറിപ്പാര്‍പ്പു തുടങ്ങിയത്. മൂന്നാറില്‍ പ്രകടനം നടത്തിയ സോളിഡാരിറ്റിക്ക് പ്രചാരണം  കൊടുക്കുന്നത് ജമാഅത്തെ ഇസ്‌ലാമിയുടെ മുഖപത്രമാണ്. ജമാഅത്തെ ഇസ്‌ലാമി സാമ്പത്തിക സഹായം നല്‍കി എന്നാരോപിക്കപ്പെടുന്ന ഒരു ഇലക്‌ട്രോണിക് മാധ്യമവും ദിനപത്രവും മൂന്നാറില്‍ ടാറ്റക്കെതിരെ കുപ്രചാരണങ്ങള്‍ അഴിച്ചുവിടുകയാണ്. സത്യവുമായി പുലബന്ധം പോലുമില്ലാത്ത നുണകളാണ് ഈ രണ്ടു മാധ്യമങ്ങളും ദിനംപ്രതി പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നത്. ടാറ്റക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് അവരെ മൂന്നാറില്‍ ദുര്‍ബലമാക്കുകയാണ് അവരുടെ ലക്ഷ്യമെന്ന് തോന്നുന്നു'' (മൂന്നാര്‍ രേഖകള്‍, ടി. ദാമു, പേജ് 65. 2010-ല്‍ പ്രസിദ്ധീകരിച്ചത്). ഇത് മൂന്നാറിലെ ടാറ്റയുടെ നടത്തിപ്പുകാരന്‍ എഴുതിയ പുസ്തകത്തിലെ വരികളാണ്. 

വികസനവുമായി ബന്ധപ്പെട്ട സമരത്തിലും സംവാദത്തിലും ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ഇടപെടലുകളെക്കുറിച്ച് ജനവിരുദ്ധ മൂലധനത്തിന്റെ വക്താവും നടത്തിപ്പുകാരനുമായ ദാമു പറയുന്നതില്‍നിന്ന് എന്ത് വ്യത്യാസമാണ് സി.പി.എം പറയുന്നതിനുള്ളത്? ഏത് ജനകീയ സമരത്തിനു പിന്നിലാണ് സി.പി.എം തീവ്രവാദ ബന്ധം ആരോപിക്കാതിരുന്നിട്ടുള്ളത്, പ്രത്യേകിച്ച് സി.പി.എം ഭരണത്തിലിരിക്കുമ്പോള്‍ നടത്തുന്ന സമരങ്ങളില്‍? ആരൊക്കെയാണ് ഇന്ത്യയിലെ ഇത്തരം തീവ്രവാദികള്‍? നര്‍മദ അണക്കെട്ടിനെതിരെ പതിറ്റാണ്ടുകളായി സമരം നടത്തിക്കൊണ്ടിരിക്കുന്ന മേധാ പട്കര്‍, കൂടംകുളത്ത് ആണവനിലയത്തിനെതിരെ സമരം ചെയ്ത മത്സ്യത്തൊഴിലാളികളും എസ്.പി ഉദയകുമാറും, പ്ലാച്ചിമട, ചെങ്ങറ, പുതുവൈപ്പിന്‍ സമരക്കാര്‍. ഇവര്‍ ഒരര്‍ഥത്തില്‍ തീവ്രവാദികള്‍ തന്നെയാണ്.  ആയുധമെടുത്ത് പ്രവര്‍ത്തിക്കുന്നു എന്ന അര്‍ഥത്തിലല്ല; വ്യവസ്ഥയെ ചോദ്യം ചെയ്യുന്നു എന്ന അര്‍ഥത്തിലാണ്. നിലനില്‍ക്കുന്ന വികസന വ്യവസ്ഥയെ തന്നെയാണ് എല്ലാ ജനകീയ സമരങ്ങളും ചോദ്യം ചെയ്യുന്നത്. ഭരണവര്‍ഗ വ്യവഹാരത്തില്‍ തീവ്രവാദി എന്നതിന്റെ അര്‍ഥം വ്യവസ്ഥയെ ചോദ്യം ചെയ്യുന്നവന്‍ എന്നാണ്. ഈ ഭരണവര്‍ഗ ഭാഷ്യമാണ് ആവശ്യാനുസരണം സി.പി.എം എടുത്തുപയോഗിക്കുന്നത്. 

വികസനത്തെക്കുറിച്ച് അമേരിക്കയുടേതില്‍നിന്ന് ഭിന്നമായ കാഴ്ചപ്പാടില്ലാതെ പോയതാണ് സോവിയറ്റ് യൂനിയന്റെ പതനത്തിനു കാരണമെന്ന് സോവിയറ്റ് യൂനിയനില്‍ കുറച്ചുകാലം പഠിച്ച കമ്യൂണിസ്റ്റുകാരനും ശാസ്ത്രകാരനും എഴുത്തുകാരനുമായ എം.പി പരമേശ്വരന്‍ തന്റെ 'നാലാം ലോകം' എന്ന പുസ്തകത്തില്‍ പറയുന്നുണ്ട്. ഒരു കമ്യൂണിസ്റ്റ് രാഷ്ട്രമായിട്ടും സോവിയറ്റ് യൂനിയന്‍ ശ്രമിച്ചത് വികസനത്തിന്റെ കാര്യത്തില്‍ മികച്ച അമേരിക്കയാകാനാണ്. മികച്ച അമേരിക്കയാവാന്‍ കഴിയുക അമേരിക്കക്കു തന്നെയാണ്. അതുകൊണ്ടുതന്നെ ആ മത്സരത്തില്‍ വിജയിക്കാന്‍ റഷ്യക്കു കഴിഞ്ഞില്ല, എന്നു മാത്രമല്ല തകര്‍ന്നു തരിപ്പണമാവുകയും ചെയ്തു എന്ന് എം.പി പരമേശ്വരന്‍ നിരീക്ഷിക്കുന്നുണ്ട്. നന്ദിഗ്രാം ഇതിന്റെ ഇന്ത്യന്‍ ഉദാഹരണമാണ്. കേരളത്തില്‍ നിരന്തര ഭരണം കിട്ടാത്തതുകൊണ്ട് രക്ഷപ്പെട്ടുപോകുന്നു എന്നുമാത്രം.

സമരക്കാര്‍ ഇസ്‌ലാം മതചിഹ്നങ്ങള്‍ സമരത്തിനുപയോഗിക്കുന്നു എന്നതായിരുന്നു സിപി.എം കോഴിക്കോട് ജില്ലാ കമ്മിറ്റി സമരത്തിനെതിരെ പുറത്തിറക്കിയ പ്രസ്താവനയിലെ ഒരു ആരോപണം. സമര പന്തലിലെ ഇസ്‌ലാം മതവിശ്വാസികള്‍ വെള്ളിയാഴ്ച സമരസ്ഥലത്ത് വെച്ചുതന്നെ വെള്ളിയാഴ്ച പ്രാര്‍ഥന (ജുമുഅ) നടത്തിയതായിരുന്നു സി.പി.എമ്മിനെ പ്രകോപിപ്പിച്ചത്.  ഇതിന്റെ നേര്‍ എതിര്‍ദിശയില്‍ നടന്ന ഗാര്‍ഗില്‍ റിപ്പോര്‍ട്ടിനെതിരായ കത്തോലിക്ക സഭ നേതൃത്വം നല്‍കിയ സമരത്തില്‍ മതചിഹ്നങ്ങളല്ല മതസ്ഥാപനം തന്നെ അതിന്റെ എല്ലാ അടയാളങ്ങളോടെയും അക്രമാസക്തമായി സമരം നടത്തിയിട്ടും ഇപ്പോള്‍ ഗെയില്‍ സമരം നടക്കുന്നതിന്റെ തൊട്ടപ്പുറത്ത് താമരശ്ശേരിയില്‍ റവന്യൂ ഓഫീസ് കത്തിക്കുക വരെ ചെയ്തിട്ടും അതില്‍ ഒരു മതസാന്നിധ്യ പ്രശ്‌നവും സി.പി.എമ്മിന് തോന്നിയിരുന്നില്ല. ആ സമരത്തെ സമ്പൂര്‍ണമായി പിന്തുണക്കുകയും അങ്ങനെ കേരളത്തിന്റെ പരിസ്ഥിതിയെ രക്ഷിക്കാനുള്ള ഒരു ശ്രമത്തെ തകര്‍ത്തു തരിപ്പണമാക്കുകയും അതുവഴി കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടുക്കി ജില്ലയില്‍നിന്ന് ഒരു എം.പിയെ നേടുകയുമാണ് സി.പി.എം ചെയ്തത്. 

ഹിന്ദു ഐക്യവേദി നിര്‍ണായക പങ്കുവഹിച്ച, പൈതൃകത്തെ കുറിച്ച അവകാശവാദങ്ങള്‍ മുന്നോട്ടുവെച്ച ആറന്‍മുള വിമാനത്താവളവിരുദ്ധ സമരത്തില്‍ അന്നത്തെ ഹിന്ദു ഐക്യവേദി കണ്‍വീനര്‍ കുമ്മനം രാജശേഖരനൊപ്പം സമരത്തില്‍ പങ്കെടുക്കുന്നതിന് സഖാവ് എം.എ ബേബിക്ക് വര്‍ഗീയ, മതസാന്നിധ്യം ഒരു തടസ്സമേ അല്ലായിരുന്നു. അതിനു കാരണം രണ്ടാണ്. സമരത്തിലെ മത- മതേരത്വങ്ങളേക്കാള്‍ പ്രസ്തുത വിഷയത്തില്‍ സി.പി.എം ഏതു പക്ഷത്താണ് എന്നതാണ് ഒന്നാമത്തെ കാര്യം. ഗെയിലിനെതിരായ സമരത്തില്‍ മതമുണ്ട് എന്നതല്ല, ഗെയിലിനൊപ്പം ഞങ്ങളുണ്ട് എന്നതാണ് പാര്‍ട്ടിയുടെ പ്രശ്‌നം. രണ്ടാമത്തേത് സി.പി.എമ്മിന് എല്ലാ മതങ്ങളും ഒരുപോലെയല്ല. മുതലാളിത്തത്തിന്റെ വികസന കാഴ്ചപ്പാട് മാത്രമല്ല, മുതലാളിത്തത്തിന്റെ ഇസ്‌ലാം കാഴ്ചപ്പാടും പങ്കുപറ്റുന്നവരാണ് ഇന്ത്യയിലെ മുഖ്യധാരാ കമ്യൂണിസ്റ്റുകാര്‍. ഇക്കാര്യത്തിലൊന്നും മുതലാളിത്തത്തില്‍നിന്നും മുഖ്യധാരയില്‍നിന്നും വ്യത്യസ്തമായ ഒരു കാഴ്ചപ്പാട് ഉണ്ടാക്കിയെടുക്കാന്‍ കമ്യൂണിസ്റ്റുകാര്‍ക്ക് കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ മുതലാളിത്ത സാമ്രാജ്യത്വത്തെ പോലെ തന്നെ കമ്യുണിസ്റ്റുകാരും സമരമുഖത്ത് പൊതു ഇടത്തില്‍ കൊന്തയും ളോഹയും കണ്ടാല്‍ ഭയപ്പെടില്ല. വെറുപ്പ് തോന്നില്ല. ജുമുഅയും നമസ്‌കാരവും കണ്ടാല്‍ വെറുപ്പും ഭയവും ഒന്നിച്ചുണ്ടാകും. ഇന്ത്യയിലെ സവര്‍ണ ബോധ മുഖ്യധാരയെ പോലെതന്നെ നിലവിളക്ക് കണ്ടാല്‍ സ്വാഭാവികതയായും, ഇസ്‌ലാം ചിഹ്നങ്ങള്‍ കണ്ടാല്‍ തീവ്രവാദമായും മനസ്സിലാക്കും.

സമരമുഖത്ത് ജുമുഅ പ്രസംഗവും നമസ്‌കാരവുമൊന്നും ഇരുപത്തൊന്നാം നൂറ്റാണ്ടിന് അപരിചിതമായ കാര്യങ്ങളല്ല. വിപ്ലവം തോക്കിന്‍ കുഴല്‍ ഉപേക്ഷിച്ച് പൂവായി വിരിഞ്ഞ 2011-ലെ അറബ് വസന്തത്തിന്റെ വിജയപ്രഖ്യാപനം ഏകാധിപത്യ ഭരണാധികാരികള്‍ കാരണം ജന്‍മനാടുപേക്ഷിക്കേണ്ടി വന്ന വിശ്വപ്രസിദ്ധ ഈജിപ്ഷ്യന്‍ ഇസ്‌ലാമിക പണ്ഡിതന്‍ ഡോ. യൂസുഫുല്‍ ഖറദാവി സമരാസ്ഥാനമായ കയ്‌റോയിലെ തഹ്‌രീര്‍ സ്‌ക്വയറില്‍ വെള്ളിയാഴ്ച പ്രസംഗത്തിനും പ്രാര്‍ഥനക്കും നേതൃത്വം നല്‍കിക്കൊണ്ടാണ് നടത്തിയത്. ഇസ്‌ലാം മതവിശ്വാസികളും മറ്റു വിശ്വാസങ്ങള്‍ വെച്ചുപുലര്‍ത്തുന്നവരും അവിശ്വാസികളുമായ ലക്ഷക്കണക്കിന് വിമോചനപ്പോരാളികളാണ് ആ ജുമുഅയില്‍ പങ്കെടുത്തത്. ആ പ്രാര്‍ഥനാപ്രസംഗം വിശ്വാസികളെ മാത്രമല്ല, എല്ലാ വിഭാഗം സമരസേനാനികളെയും അഭിസംബോധന ചെയ്യുന്നതായിരുന്നു. ലോകത്തിന്റെ നാനാഭാഗത്തും സ്വാതന്ത്ര്യത്തിനായി പൊരുതുന്ന വ്യത്യസ്ത നിറങ്ങളിലുള്ള പോരാളികള്‍ക്കൊന്നും അതൊരു ഏഴാം നൂറ്റാണ്ടായി അനുഭവപ്പെട്ടിരുന്നില്ല. എരഞ്ഞിമാവിലെ സമരമുഖത്തെ ജുമുഅ യഥാര്‍ഥത്തില്‍ ആത്മീയതയുടെ വളരെ ഉദ്ദേശ്യപൂര്‍ണമായ രാഷ്ട്രീയ പ്രയോഗമൊന്നുമായിരുന്നില്ല. സ്ഥലം അക്വയര്‍ ചെയ്യാന്‍ ഉദ്യോഗസ്ഥരും പോലീസും ബോധപൂര്‍വം ഉച്ചക്ക് പന്ത്രണ്ടുമണിക്കു തന്നെ വന്നപ്പോള്‍ സ്ഥലം ഉപേക്ഷിച്ച് പള്ളിയില്‍ പോയാല്‍ അധികാരികള്‍ നടപടികളിലേക്ക് പ്രവേശിക്കും എന്നു ഭയപ്പെട്ട നിസ്സഹായരായ ജനം നടുറോഡില്‍ അവരുടെ നിര്‍ബന്ധ മതാനുഷ്ഠാന ബാധ്യത നിര്‍വഹിക്കുകയായിരുന്നു. ജീവിതത്തില്‍ മതം വെച്ചുപുലര്‍ത്തുന്ന ഒരു സമൂഹത്തിന്റെ ഭൗതിക ജീവിത നിസ്സഹായതയെങ്കിലും തിരിച്ചറിയാന്‍ കമ്യൂണിസ്റ്റുകാര്‍ക്ക് കഴിയണമായിരുന്നു. പുതിയ നൂറ്റാണ്ടില്‍ മാത്രമല്ല പ്രവാചക ആഗമനം മുതല്‍ ഇന്നുവരെ നീതിക്കുവേണ്ടിയുള്ള പോരാട്ടങ്ങളില്‍ ഇസ്‌ലാം സജീവമായ സാന്നിധ്യമാണ്. പതിനാറാം നൂറ്റാണ്ടു മുതലുള്ള അഥവാ കമ്യൂണിസം പിറവിയെടുക്കുന്നതിനും നൂറ്റാണ്ടുകള്‍ക്കു മുമ്പ് മുതല്‍ മൂന്നാം ലോകത്തിന്റെ ഒരുപാട് ഭാഗങ്ങളില്‍ സാമ്രാജ്യത്വത്തിനെതിരായ പോരാട്ടങ്ങളില്‍ മുന്നണിപ്രത്യയശാസ്ത്രം ഇസ്‌ലാമായിരുന്നു.

കേരളത്തിലെ ജമാഅത്തെ ഇസ്‌ലാമിക്കാര്‍ ഇടതുപക്ഷക്കാരില്‍നിന്നാണ് സമരം പഠിച്ചതെന്നു പറയുന്ന തോമസ് ഐസക്, സ്വന്തം ചിന്താ പബ്ലിക്കേഷന്‍ പുറത്തിറക്കിയ മമ്പുറം തങ്ങളെക്കുറിച്ച പുസ്തകമെങ്കിലും ഒരാവൃത്തി വായിക്കുന്നത് നല്ലതാണ്. നീതിക്കു വേണ്ടിയുള്ള പോരാട്ടം ഇസ്‌ലാമിന്റെ വിത്തിലുള്ള ഗുണമാണ്. ഒരു സംവാദാത്മക ബന്ധവും ഇടതുപക്ഷവുമായി ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ക്കില്ല എന്നല്ല ഇതിന്റെ അര്‍ഥം. തീര്‍ച്ചയായും അതുണ്ട്. അതിന്റെ മനോഹരമായ ചിത്രം ലഭിക്കാന്‍ അറബ് വസന്തത്തിന് പശ്ചാത്തലമൊരുക്കിയ ഉത്തരാഫ്രിക്കന്‍ രാജ്യമായ തുനീഷ്യയിലെ അന്നഹ്ദ എന്ന ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ നേതാവ് റാശിദുല്‍ ഗന്നൂശിയുടെ, ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസ് മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത് പ്രസിദ്ധീകരിച്ച ആത്മകഥ വായിച്ചാല്‍ മതി. വിമോചനാത്മകമായ സാമൂഹിക പ്രസ്ഥാനങ്ങള്‍ക്കിടയില്‍ സംവാദങ്ങളും കൊടുക്കല്‍ വാങ്ങലുകളും സ്വാംശീകരണങ്ങളും സ്വാഭാവികമാണ്. ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ക്കതില്‍ ലജ്ജയോ കുറ്റബോധമോ ഇല്ല. അത് ഇസ്‌ലാമിന്റെ സഹജപ്രകൃതമാണ്. പുറത്തുനിന്നുള്ള നന്‍മകളെയും പ്രയോജനങ്ങളെയും സ്വാംശീകരിച്ച് വികസിച്ചതാണ് ഇസ്‌ലാം. പക്ഷേ ഇസ്‌ലാമിക പ്രസ്ഥാനങ്ങളോടും കീഴാള മുന്നേറ്റങ്ങളോടും മുതലാളിത്ത വിരുദ്ധമായ കമ്യൂണിസ്റ്റിതര സമരങ്ങളോടും പരിസ്ഥിതി-മനുഷ്യാവകാശ പ്രസ്ഥാനങ്ങളോടും ഇത്തരം സംവാദാത്മക സ്വാംശീകരണ ബന്ധം പുലര്‍ത്തി സ്വയം നവീകരിക്കാന്‍ കഴിയാതെ പോയതുകൊണ്ടാണ് കമ്യൂണിസ്റ്റുകാര്‍ ഇരുപതാം നൂറ്റാണ്ടിന്റെ പ്രത്യയശാസ്ത്രക്കാര്‍ മാത്രമായി തുടരുന്നത്; സാമ്രാജ്യത്വത്തിന്റെയും സവര്‍ണബോധത്തിന്റെയും മാറ്റൊലികളായി മാറുന്നത്.

ഏഴാം നൂറ്റാണ്ടിലെ ബോധമാണ് എരഞ്ഞിമാവില്‍ സമരക്കാര്‍ പ്രകടിപ്പിച്ചതെന്ന് സി.പി.എം ജില്ലാ കമ്മിറ്റിയുടെ പ്രസ്താവനയിലെ പരാമര്‍ശം വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ജില്ലാ കമ്മിറ്റി തന്നെ പ്രസ്താവനക്ക് വിശദീകരണവുമായി രംഗത്തുവരികയും ചെയ്തു. തീര്‍ച്ചയായും ജമാഅത്തെ ഇസ്‌ലാമിയിലൂടെയും അതിന്റെ പോഷക സംഘടനകളിലൂടെയും ഏഴാം നൂറ്റാണ്ടിലെ പ്രവാചകന്‍ ഇരുപത്തൊന്നാം നൂറ്റാണ്ടിലും നീതിയുടെ വേലിയേറ്റങ്ങളായ സമരമുഖങ്ങളില്‍ സജീവ സാന്നിധ്യമാണ്. മലയാളത്തിലെ പ്രമുഖ സാഹിത്യകാരനും ആക്ടിവിസ്റ്റുമായ പി. സുരേന്ദ്രന്‍ ചെങ്ങറ സമരത്തിലെ സോളിഡാരിറ്റിയുടെ സാന്നിധ്യത്തെക്കുറിച്ച് എഴുതിയ കാര്യം ഇവിടെ പ്രസക്തമാണ്. 

മുഹമ്മദ് നബി ഇപ്പോള്‍ തെരുവിലാണ്, ഏഴാം നൂറ്റാണ്ടില്‍ ജീവിച്ച പ്രവാചകനെ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ അനുഭവിപ്പിക്കുകയാണ് സമരസാന്നിധ്യങ്ങളിലൂടെ സോളിഡാരിറ്റി എന്നതായിരുന്നു ആ കുറിപ്പിന്റെ ഉള്ളടക്കം. നിസ്സഹായരായ മനുഷ്യരുടെ നീതിക്കു വേണ്ടിയുള്ള സമരങ്ങളില്‍ കമ്യൂണിസം ഇല്ലാതാവുകയും ഇസ്‌ലാം ഉണ്ടായിത്തുടരുകയും ചെയ്യുന്ന  യാഥാര്‍ഥ്യത്തെ ഏഴാം നൂറ്റാണ്ട് പരിഹാസം കൊണ്ട് മറികടക്കാനാവില്ല. അതിന് ഇസ്‌ലാമടക്കം സജീവലോകത്തിലെ വിമോചനാശയങ്ങളുമായി സംവാദാത്മക ബന്ധം പുലര്‍ത്തുകയും സ്വയം നവീകരിക്കാന്‍ സന്നദ്ധമാവുകയും വേണം. ജമാഅത്തെ ഇസ്‌ലാമിയെ തീവ്രവാദികള്‍ എന്നു തെറിവിളിക്കുമ്പോഴും വീണത് വിദ്യയാക്കാന്‍ വേണ്ടിയാണെങ്കിലും മദീനാ കരാര്‍ സി.പി.എം ജില്ലാ കമ്മിറ്റിയുടെ വിശദീകരണത്തില്‍ റഫര്‍ ചെയ്തത് ശുഭോദര്‍ക്കമാണ്. മാഗ്നാ കാര്‍ട്ട മാത്രമല്ല അതിനു മുമ്പ്  മദീനാ കരാറുമുണ്ട് വിമോചന ചരിത്രത്തില്‍ എന്ന് ബോധ്യമായല്ലോ. മദീനാ കരാറിന്റെയും പ്രവാചക രാഷ്ട്രീയത്തിന്റെയും തുടര്‍ച്ച സി.പി.എം ആണോ ജമാഅത്തെ ഇസ്‌ലാമിയാണോ എന്ന സംവാദം നമുക്കു തുടരാം. സമരസംബന്ധിയായ ചര്‍ച്ചകളില്‍ സി.പി.എം ആവനാഴിയിലെ ഏറ്റവും ദുര്‍ബലമായ അസ്ത്രം കണ്ണൂരിലെ ജമാഅത്തുമായി ബന്ധപ്പെട്ട ഒരു ട്രസ്റ്റില്‍ ഗെയിലിന്റെ പൈപ്പ് സൂക്ഷിക്കാന്‍ സ്ഥലം നല്‍കി വാടകപ്പണം വാങ്ങുന്നു എന്ന കണ്ടെത്തലായിരുന്നു. ഗെയില്‍ പൈപ്പ് ലൈന്‍ തന്നെ പാടില്ലാ എന്ന നിലപാട് സമരസമിതിക്കില്ല. സമരസമിതിയെ പിന്തുണക്കുന്ന ജമാഅത്തെ ഇസ്‌ലാമിക്കോ അതിന്റെ പോഷക സംഘടനക്കോ അത് പിന്തുണക്കുന്ന രാഷ്ട്രീയ സംഘടനക്കോ ഇല്ല. സമര സമിതി തന്നെ വ്യക്തമാക്കിയതുപോലെ അതിന്റെ അലൈന്‍മെന്റുമായും നഷ്ടപരിഹാരവുമായും ബന്ധപ്പെട്ടാണ് വിയോജിപ്പ്. സാധാരണ സമരവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുകേള്‍ക്കാറുള്ള ആരോപണം പണം വാങ്ങി സമരം ഒറ്റുകൊടുത്തു, ഒത്തുതീര്‍ത്തു എന്നൊക്കെയാണ്. ഗെയിലിനോട് ജമാഅത്തുമായി ബന്ധപ്പെട്ട ഒരു സ്ഥാപനം വാടക വാങ്ങിയിട്ടും സി.പി.എം തന്നെ ആരോപിക്കുന്നത് ജമാഅത്താണ് സമരത്തിന്റെ നട്ടെല്ല് എന്നാണ്. വാടക വാങ്ങിയിട്ടും സമരത്തില്‍നിന്നും പിന്‍മാറാത്ത, ഒത്തുതീര്‍പ്പിന് ശ്രമിക്കാത്ത ഒരു പ്രസ്ഥാനത്തിന്റെ കരുത്തിനെ അഭിനന്ദിക്കേണ്ട, തിരിച്ചറിയുകയെങ്കിലും ചെയ്യുകയല്ലേ ഭരണത്തിന്റെയും സമരത്തിന്റെയും പാരമ്പര്യമുള്ളവര്‍ ചെയ്യേണ്ടിയിരുന്നത്?

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-27 / അന്നംല് - (32-35)
എ.വൈ.ആര്‍