പളുങ്കുപോലെയാണ് മനസ്സെങ്കില്‍
മധുരതരമാണ് സ്വപ്‌നങ്ങളെങ്കില്‍ അലകടല്‍പോലെയാണ് പ്രശ്‌നങ്ങള്‍. എന്നാല്‍, എല്ലാ പ്രശ്‌നങ്ങളെയും നേരിടാനുള്ള കരുത്ത് കൈവരിക്കാനാകും. 'മന്‍ചങ്കാ ഹേതൊ, കടൗത്തി മേ ഗംഗ' എന്ന് പഴയ ഈരടി. പളുങ്കുപോലെ മനസ്സെങ്കില്‍ ചെരുപ്പു കഴുകുന്ന തോല്‍പാത്രത്തിലും വിശുദ്ധ ജലം. വിത്ത് പാകുന്നത് മനസ്സാണ്. സ്‌നേഹിക്കണമെന്നും വെറുക്കണമെന്നും സ്വീകരിക്കണമെന്നും തള്ളണമെന്നും തീരുമാനിക്കുന്നത് മനസ്സാണ്. മനസ്സ് പ്ലാനിടുന്നത് ശരീരം ഏറ്റെടുക്കുന്നു. 'എല്ലാവരെയും സ്‌നേഹിക്കുക, ചിലരെ മാത്രം വിശ്വസിക്കുക, ആര്‍ക്കും ഉപദ്രവം ചെയ്യാതിരിക്കുക' എന്ന ഷേക്‌സ്പിയറുടെ വാക്കുകള്‍ ജീവിതയാത്രയില്‍ വെളിച്ചം പകരുന്നതാണ്.
ഉണ്ണാനും ഉടുക്കാനും ഉറങ്ങാനും മാത്രമല്ല ജീവിതം. സ്വതന്ത്രമായ മഹാ ലോകമാണത്. ജയിലില്‍ കിടക്കുന്നവരുടെ കാര്യമാലോചിച്ചാല്‍ സ്വാതന്ത്ര്യത്തിന്റെ വിലയറിയും. ചിരിക്കാനും ചിന്തിക്കാനും സമൂഹത്തിലെ പ്രശ്‌നങ്ങളിലിടപെടാനും പരിഹരിക്കാന്‍ സാധിക്കുന്നത് പരിഹരിക്കാനും കഴിയണം. ജീവിതമെന്നാല്‍ ചുമതലകള്‍ നിര്‍വഹിക്കലാണ്. ഒറ്റവാക്കില്‍ പറഞ്ഞാല്‍ ജീവിതം സേവനമാണ്. സേവനം ചെയ്യാത്തവന് ജീവിതമില്ല.
സ്വന്തം കാര്യം മാത്രം പരിഗണിക്കുകയും മറ്റുള്ളവരുടെ കാര്യം അവഗണിക്കുകയും ചെയ്യുന്നവന്‍ അസ്വസ്ഥന്‍ മാത്രമല്ല, ജീവിക്കാന്‍ കൊള്ളാത്തവനുമാണെന്ന് ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍. ലോകത്തുള്ള എല്ലാ സൃഷ്ടികളും മറ്റുള്ളവര്‍ക്കു വേണ്ടി സേവനം ചെയ്യുന്നതായി കാണാം. കൊച്ചു ചെടി മുതല്‍ ഭീമന്‍ ഗോളങ്ങള്‍ വരെ സേവനം പ്രസരിച്ചുകൊണ്ടേയിരിക്കുന്നു. മനുഷ്യന്‍ മാത്രമാണ് സ്വാര്‍ഥനും പിശുക്കനും ദുഷ്ടനുമാകുന്നത്. ചിന്താശൂന്യതയാണ് മനുഷ്യജീവിതത്തിന് വിലയില്ലാതാക്കുന്നത്. ഒരാള്‍ ചീത്തയാകുമ്പോള്‍ പലരാണ് ഉപദ്രവം ഏല്‍ക്കേണ്ടിവരുന്നത്. ഒരു തിന്മ അനേകം തിന്മകളെ വളര്‍ത്തുന്നു.
നിങ്ങളുടെ ദൈനംദിന ജീവിതം തന്നെയാണ് നിങ്ങളുടെ ആരാധനാ കേന്ദ്രവും മതവും എന്ന് ഖലീല്‍ ജിബ്രാന്‍. ചലനാത്മകമായ ജീവിതമാണ് സ്വന്തത്തിനും സഹചാരികള്‍ക്കും നന്മ വരുത്തുക. ആരാധനാ കേന്ദ്രവും മതവും മനുഷ്യനെ ഊര്‍ജസ്വലനാക്കേണ്ടതാണ്. നിഷ്‌ക്രിയനായിരിക്കാനല്ല, പുതിയൊരു പന്ഥാവിലേക്ക് ഉയിര്‍ത്തെഴുന്നേല്‍ക്കാനാണ് ആരാധനാലയങ്ങള്‍ പ്രേരണയാകേണ്ടത്. 'മതമെന്നാല്‍ ദൈവത്തെയും മനുഷ്യനെയും സ്‌നേഹിക്കുക എന്നല്ലാതെ മറ്റൊന്നുമല്ല' എന്ന് വില്യം പെന്‍. മതമെന്നാല്‍ മാനുഷിക മൂല്യങ്ങളാണ്. അവ നല്‍കിയത് ദൈവമാണ്. പ്രവാചകന്മാരാണ് യഥാര്‍ഥ വിമോചകര്‍.
ദുഃഖങ്ങളെല്ലാം ദുരന്തങ്ങളല്ല. ദുഃഖങ്ങള്‍ മനഃസംസ്‌കരണത്തിന് ഉതകുന്നവയാകും. ദുഃഖങ്ങളെ വിജയത്തിലേക്കുള്ള മാര്‍ഗങ്ങളായി മാറ്റാമോ എന്ന് ചിന്തിക്കേണ്ടതാണ്. നല്ല മനസ്സുകള്‍ക്ക് ദുഃഖങ്ങള്‍ പുതിയ വഴികള്‍ തുറക്കാനുള്ള പ്രേരണ നല്‍കും. മഴവില്ലു കാണണമെങ്കില്‍ മേഘങ്ങള്‍ വേണം. ദുഃഖങ്ങള്‍ മേഘങ്ങള്‍ പോലെയാണ്. ജീവിതത്തിലെ മഴവില്ലുകാണാന്‍ സഹായിക്കുന്ന മേഘങ്ങള്‍. അതാണ് എസ്.എച്ച് വിന്‍സെന്റ് പറഞ്ഞത്: 'മഴമേഘങ്ങളും കാറ്റുമില്ലാതെ മഴവില്ലുണ്ടാവില്ല.'
വെറുപ്പിന്റെ ശക്തികള്‍ രാജ്യം ഭരിക്കുമ്പോള്‍ ഭയമാണ് പ്രജകള്‍ക്ക് കിട്ടുന്ന സമ്മാനം. വലിയൊരാദര്‍ശത്തിനു മാത്രമേ മനസ്സിനെ നിയന്ത്രിക്കാനും വളര്‍ത്താനും കഴിയൂ. കാലത്തിന്റെ ഏതോ ഉറവയില്‍നിന്ന് ഒഴുകിവന്ന ധിക്കാരമല്ല നമ്മെ വഴിനടത്തേണ്ടത്. വെറുപ്പ് എല്ലാം നശിപ്പിക്കുകയേ ഉള്ളൂ. സ്‌നേഹമാണ് ജീവിതത്തിന്റെ വളം. സ്‌നേഹത്തിന്റെ വളം നല്‍കിയാലേ ബന്ധങ്ങള്‍ തളിര്‍ക്കൂ. ശാന്തിതേടി ഗുഹയില്‍ ഒളിച്ചിരുന്ന് തപം ചെയ്ത മുഹമ്മദ്(സ), നബിയായതിനു ശേഷം ഗുഹയിലേക്ക് തിരിച്ചുപോയില്ല. ഗുഹയും ജയിലും ജീവിതത്തെ തടഞ്ഞുവെക്കുകയും തകര്‍ക്കുകയും ചെയ്‌തേക്കാം. ഗുഹയില്‍നിന്ന് പുറത്തുവന്ന നബി ജനസേവനത്തിന്റെയും മനുഷ്യസ്‌നേഹത്തിന്റെയും വിശാലമായ മേച്ചില്‍ പുറങ്ങളിലാണ് ജീവിച്ചത്.
എല്ലാം ദൈവത്തിലര്‍പ്പിക്കാന്‍ കഴിഞ്ഞാല്‍ പിന്നെ ഭയവും സ്വാര്‍ഥതയും നമ്മെ തൊടുകയില്ല. രോഗവും ധനനഷ്ടവുമെല്ലാം താല്‍ക്കാലികമായ അസൗകര്യങ്ങള്‍ മാത്രം. സ്വന്തത്തിനു വേണ്ടി മാത്രം സമ്പാദിക്കണമെന്ന മോഹമാണ് പലരെയും വഴിതെറ്റിക്കുന്നത്. പണമല്ല, ക്ഷമയും വിവേകവുമാണ് ജീവിതയാത്രയിലെ കരുതല്‍ധനം. പണത്തിന് ചെയ്യാന്‍ കഴിയുന്നത് താല്‍ക്കാലികമായ നടപടികളാണ്. യഥാര്‍ഥ സമാധാനം വിലയ്ക്കു വാങ്ങാനാവില്ല.
നിയമങ്ങള്‍ ഒരുപാടുള്ള രാജ്യം സമാധാനപൂര്‍ണമാകണമെന്നില്ല. കുരുട്ടുബുദ്ധികള്‍ എല്ലാ നിയമങ്ങളെയും മറികടക്കും. നല്ല സമൂഹത്തിനു മാത്രമേ നിയമങ്ങള്‍ വെളിച്ചമാകൂ. ഉത്തമമായ പെരുമാറ്റമാണ് നിയമങ്ങളേക്കാള്‍ ശ്രേഷ്ഠം എന്ന് എഡ്മണ്ട് ബര്‍ക്കെ.
എല്ലാ ഉത്തരവാദിത്തങ്ങളും മറന്ന് പ്രേമത്തിന്റെ പിന്നാലെ പായുന്നവരുണ്ട്. ജീവിതത്തിന് താങ്ങും തണലുമാകാന്‍ കരുത്തുപകരുമ്പോഴേ സ്‌നേഹം യഥാര്‍ഥമാകൂ. ശരീരത്തിന്റെ നിറമോ ആകൃതിയോ അല്ല കാര്യം. സുന്ദരിയുടെ/ സുന്ദരന്റെ ഹൃദയത്തിന് സ്‌നേഹമില്ലെങ്കില്‍ തൊലിയുടെ നിറം കൊണ്ട് കാര്യമില്ല. സഹകരിക്കാനുള്ള മനസ്സാണ് സര്‍വം മംഗളകരമാക്കുന്നത്.
പലരുടെയും പ്രവര്‍ത്തനങ്ങള്‍ പ്രശ്‌നങ്ങള്‍ കൂടുതലാക്കാനാണ് ഇടയാക്കുന്നത്. സൗമ്യമായ വാക്കുകളല്ല, പരുഷമായ ആക്രോശങ്ങളാണ് ചുണ്ടില്‍. സ്‌നേഹത്തിന്റെ കനിവല്ല, വെറുപ്പിന്റെ കനലാണ് കണ്ണില്‍. തലോടാനല്ല, തല്ലാനാണ് കൈകള്‍. പുതിയ ബന്ധങ്ങള്‍ സ്ഥാപിക്കാനല്ല, എല്ലാം തകര്‍ക്കാനാണ് ശ്രമം. മറ്റുള്ളവരെ സൈ്വര്യം കെടുത്തുന്നവര്‍ സ്വന്തം സൈ്വര്യവും ബലി കൊടുക്കുകയാണ്. അന്യനെ നശിപ്പിക്കുന്നവര്‍ സ്വയം നശിക്കുന്നു. നല്ല മനസ്സിന് ചേര്‍ന്നതല്ല പകയും പ്രതികാരവും. അതുകൊണ്ടാണ് ഖുര്‍ആന്‍ പറഞ്ഞത്; 'മാപ്പ് ചെയ്യുന്ന സ്വഭാവം സ്വീകരിക്കൂ' എന്ന്.
നബിയുടെ ജീവിതത്തിലെ ഏറ്റവും ശ്രേഷ്ഠമായ രണ്ട് ഗുണങ്ങള്‍ വിശ്വാസവും സ്ഥൈര്യവുമാണ്. നബിയുടെ വിശ്വാസത്തെ വെല്ലാന്‍ ഒന്നുമില്ലായിരുന്നു. സ്ഥൈര്യത്തെ വെല്ലുവിളിക്കാന്‍ ആരുമുണ്ടായില്ല. എല്ലാ ശക്തികളുടെയും പിന്നില്‍ അല്ലാഹുവുണ്ട് എന്ന ഒരൊറ്റ വിശ്വാസം മതി സര്‍വ പ്രതിബന്ധങ്ങളെയും മറികടക്കാന്‍. അചഞ്ചലമായ വിശ്വാസമാണ് നബിയില്‍നിന്ന് പകര്‍ത്താനുള്ളത്. അക്ഷീണമായ കര്‍മകുശലതയാണ് മാതൃകയാക്കാനുള്ളത്.
Comments