Prabodhanm Weekly

Pages

Search

2017 നവംബര്‍ 17

3026

1439 സഫര്‍ 28

ബാലസാഹിത്യം ബദല്‍ തേടുമ്പോള്‍

എം.എസ് സിയാദ്, കലൂര്‍, എറണാകുളം

ബാലമാധ്യമങ്ങളുടെ ചരിത്രവും വര്‍ത്തമാനവും പ്രതിപാദ്യമാക്കിയ പ്രബോധനം (ഒക്‌ടോബര്‍ 13) കവര്‍ സ്റ്റോറി വിജ്ഞാനപ്രദവും ചിന്തോദ്ദീപകവുമായിരുന്നു. ലാഭം മാത്രം ലക്ഷ്യം വെച്ചും മൂല്യസങ്കല്‍പങ്ങളെയും ധാര്‍മിക പാഠങ്ങളെയും സാമാന്യ യുക്തിയെപോലും പുറത്തുനിര്‍ത്തിയും പ്രസിദ്ധീകരിക്കപ്പെടുന്ന ബാലസാഹിത്യങ്ങളുടെ പ്രളയകാലത്ത് നാളെയുടെ വാഗ്ദാനങ്ങളായ ഇളം പൗരന്മാരില്‍ നന്മയുടെ മുകുളങ്ങള്‍ നട്ടുവളര്‍ത്താനുള്ള നിതാന്ത പരിശ്രമങ്ങള്‍ സാംസ്‌കാരിക പ്രവര്‍ത്തനവും നവോത്ഥാന ദൗത്യവുമാണ്.

മറ്റ് ഉപഭോഗ വസ്തുക്കളുടെ കാര്യത്തിലെന്ന പോലെ ചെറുപ്പത്തിലേ പിടികൂടുക എന്ന മുതലാളിത്ത വിപണന തന്ത്രമാണ് ബാലപ്രസിദ്ധീകരണങ്ങളുടെ കാര്യത്തില്‍ പത്രമുത്തശ്ശിമാരുള്‍പ്പെടെയുള്ള സഹജീവികള്‍ പിന്തുടരുന്നത്. ഇവക്കിടയില്‍ മൂല്യാധിഷ്ഠിത നിലപാടില്‍ ഉറച്ചുനിന്ന് 'സാന്നിധ്യമറിയിക്കുന്നത്' തന്നെ വെല്ലുവിളി നിറഞ്ഞ സാഹസമാണ്. ധൈര്യപൂര്‍വം ഈ സാഹസത്തിന് മുന്നോട്ടുവന്നവര്‍ ഈ രംഗത്ത് മറ്റൊരു ബദല്‍ സാധ്യമാണെന്ന് വിളിച്ചറിയിക്കുകയാണ് മലര്‍വാടി ദൈ്വവാരികയിലൂടെ. 'കഴിഞ്ഞ 50 വര്‍ഷത്തിനിടെ കാക്കമാര്‍ ചെയ്ത നല്ലകാര്യം' എന്ന 'അക്ഷരങ്ങളുടെ സുല്‍ത്താന്റെ' വാക്കുകള്‍ തന്നെ സിദ്ദീഖ് ഹസന്‍ സാഹിബ് ഉള്‍പ്പെടെയുള്ള മലര്‍വാടിയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് ലഭിച്ച അംഗീകാരവും പ്രോത്സാഹനവുമാണ്.

കച്ചവട താല്‍പര്യക്കാര്‍ക്കിടയില്‍ പിടിച്ചുനില്‍ക്കാനും മുന്‍നിരയില്‍ ഇടം നേടാനും മൂല്യാധിഷ്ഠിതമായ ഉള്ളടക്കവും ലക്കങ്ങളുടെ വര്‍ധനവും മാത്രം പോരാ. ആരോഗ്യകരമായ പുതിയ വിപണന തന്ത്രങ്ങള്‍ സ്വീകരിക്കുന്നതോടൊപ്പം പേജുകളുടെ എണ്ണത്തില്‍ കുറവു വരുത്താതെ ഇതര ബാലപ്രസിദ്ധീകരണങ്ങളുടെ അതേ വലുപ്പത്തില്‍ തന്നെ ഇനിയുള്ള പതിപ്പുകള്‍ അച്ചടിക്കുകയും വേണം. പുതിയ എഴുത്തുകാരെ കണ്ടെത്തിയും മലര്‍വാടി വാരികയുടെ നേതൃത്വത്തില്‍ കൂടുതല്‍ ഇവന്റുകള്‍ നടത്തിയും മലര്‍വാടി നടത്തുന്ന വിവിധ മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് സൗജന്യമായും സ്‌പോണ്‍സര്‍മാരെ കണ്ടെത്തിയും വാരിക നല്‍കിയും ന്യൂസ് സ്റ്റാന്റുകള്‍, ബുക് സ്റ്റാളുകള്‍ എന്നിവിടങ്ങളില്‍ ലഭ്യത ഉറപ്പുവരുത്തിയും മലര്‍വാടിയെ കൂടുതല്‍ ബാലസൗഹൃദമാക്കുന്നതിനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കണം. ഇതുവഴി കേരളത്തിലെ എല്ലാ വിഭാഗം കുട്ടികളുടെയും മാധ്യമം എന്ന നിലയില്‍ വഴിത്തിരിവ് സൃഷ്ടിക്കാനും ദൈ്വവാരികയില്‍നിന്ന് മുന്നേറി ഭാവിയില്‍ വാരികയായി മാറാനും മലര്‍വാടിക്ക് സാധ്യമാകും. ഈ കുറിപ്പുകാരന് മലര്‍വാടി വായനയുടെ ലോകത്തേക്ക് വഴികാട്ടിയ ഗുരുനാഥന്മാരിലൂടെയും, പട്ടാളം പൈലിയും പൂച്ചപ്പോലീസും ആവേശപൂര്‍വം വായിച്ചുതീര്‍ത്ത് മാസത്തിലെത്തുന്ന പുതിയ ലക്കത്തിനായി കാത്തിരുന്ന ഹോസ്റ്റല്‍ ജീവിതത്തിന്റെ ആ മലര്‍വാടിക്കാലത്തിലൂടെയുമുള്ള ഒരു ഓര്‍മസഞ്ചാരത്തിന് അവസരമൊരുക്കിയ പ്രബോധനത്തിനും ലേഖകന്നും അഭിനന്ദനം.

 

 

മനുഷ്യരെ അടുപ്പിച്ചു നിര്‍ത്തുക

'സമുദായമാറ്റമോ ആദര്‍ശപരിവര്‍ത്തനമോ' എന്ന തലക്കെട്ടില്‍ ജി.കെ എടത്തനാട്ടുകര എഴുതിയ ലേഖനം(പ്രബോധനം, 27 ഒക്‌ടോബര്‍ 2017) വായിച്ചു. അധികാരം കൊണ്ടും ശക്തികൊണ്ടും സത്യത്തെ അടിച്ചമര്‍ത്താനാവില്ല. മതംമാറ്റം നിരോധിക്കാം. പക്ഷേ, മനംമാറ്റം നിരോധിക്കാനാവില്ല. മൂസാ നബി(അ)യുടെ ചരിത്രം പഠിക്കുമ്പോള്‍ ഫറോവയുമായുള്ള ഏറ്റുമുട്ടലില്‍ സത്യം വിജയിക്കുന്നുണ്ട്. സത്യപ്രബോധനം നടത്തിയ എല്ലാ പ്രവാചകന്മാരും ഒരേ ദിശയില്‍ തന്നെയാണ് സഞ്ചരിച്ചത്. ഭൗതിക കാഴ്ചപ്പാടുകളില്‍ വേരൂന്നി നിന്ന പ്രഭുക്കളോട് പരലോക വീക്ഷണം ഇസ്‌ലാമിന്റെ കാഴ്ചപ്പാടില്‍ അവതരിപ്പിച്ചപ്പോള്‍ അവരില്‍ പലരുടെയും മനസ്സു മാറി. ഇസ്‌ലാം മനുഷ്യസമൂഹത്തെ അടുപ്പിച്ചുനിര്‍ത്താനുള്ളതാണ്, അകറ്റിനിര്‍ത്താനുള്ളതല്ല.

പി.വി മുഹമ്മദ് ഈസ്റ്റ് മലയമ്മ

 

 

അരക്ഷിതബോധമില്ലാത്തവരാവുക

'ദീര്‍ഘവീക്ഷണത്തിന്റെ അഭാവം' എന്ന ഡോ. സയ്യിദ് മുഹമ്മദ് നൂഹ് എഴുതിയ കുറിപ്പ് (പ്രബോധനം ലക്കം 18, ഒക്‌ടോബര്‍ 6) മുസ്‌ലിം വിരുദ്ധത പ്രകടമായിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് പഠനാര്‍ഹമാണ്.

ഇസ്‌ലാമിനെയും അതിന്റെ മൂലതത്ത്വമായ തൗഹീദിനെയും കേവലം ആചാരാനുഷ്ഠാനങ്ങളില്‍ ഒതുക്കിനിര്‍ത്തുകയും വിശ്വാസത്തിന്റെ തന്നെ താല്‍പര്യമായ പൊതുജീവിതം, അധാര്‍മികതക്കും അനീതിക്കുമെതിരായ പോരാട്ടം, മുസ്‌ലിം സംസ്‌കാരത്തിന്റെ മൂല്യവല്‍ക്കരണം തുടങ്ങിയവയെ അപ്രധാനമായി കാണുകയും ചെയ്യുന്ന പണ്ഡിതന്മാരുടെയും മുസ്‌ലിം സംഘടനകളുടെയും നയവ്യതിയാനമാണ് മുസ്‌ലിം സമൂഹത്തെ പിന്നോട്ടടിപ്പിച്ചത് എന്ന തിരിച്ചറിവാണ് ലേഖനം നല്‍കുന്നത്. മുസ്‌ലിം വിരുദ്ധ മനസ്സ് സൃഷ്ടിച്ചെടുക്കുകയാണ് എതിരാളികള്‍.

മുസ്‌ലിം വിരുദ്ധമായ മനസ്സ് എന്നു പറയുമ്പോള്‍ അത് ഇസ്‌ലാംവിരുദ്ധമാകണമെന്നില്ല. ഇസ്‌ലാമിനെ ഇഷ്ടപ്പെടുന്നവര്‍ ധാരാളമുണ്ട്. 'കണ്‍മുന്നില്‍ കാണുന്ന ക്ഷണികമായ നേട്ടങ്ങളേക്കാള്‍ നബി(സ) ഊന്നിയത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇസ്‌ലാമിനും സമൂഹത്തിനും കൈവരുന്ന നേട്ടങ്ങളിലാണ്. ഹ്രസ്വദൃക്കുകള്‍ക്ക് ഈ സമീപനം ഭീരുത്വമായേ കാണാനൊക്കൂ. വീണ്ടുവിചാരമില്ലാത്ത, വിവേകശൂന്യമായ എടുത്തുചാട്ടങ്ങളുടെ ദുരന്തഫലങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുകയാണ് മുസ്‌ലിം ലോകം.'

ഇന്ത്യയില്‍ മുസ്‌ലിം സമൂഹം പിന്നോട്ടടിക്കുന്നതിന് പല കാരണങ്ങളുണ്ടെങ്കിലും സാമുദായിക ധ്രുവീകരണത്തിന്റെ സന്തതിയായ രാജ്യവിഭജനമായിരുന്നു തുടക്കമെന്നു വേണമെങ്കില്‍ പറയാം. മുസ്‌ലിം പേരുള്ള ആള്‍ക്കൂട്ടത്തെ സംഘടിപ്പിച്ച് ഒരു രാജ്യം സ്ഥാപിച്ചതുകൊണ്ട് ഇസ്‌ലാമിനോ മുസ്‌ലിംകള്‍ക്കോ പ്രത്യേകിച്ച് ഒന്നും നേടാനില്ലെന്നു മനസ്സിലാക്കാതെ പോയതാണ് രാഷ്ട്രീയമായും സാമൂഹികമായും സംഭവിച്ച അബദ്ധം. വര്‍ഗീയവാദികളും കോണ്‍ഗ്രസിലെ മുസ്‌ലിം വിരുദ്ധരുമൊക്കെ അതിനു പശ്ചാത്തലമൊരുക്കി.

രൂക്ഷമായ വര്‍ഗീയ കലാപങ്ങള്‍ക്ക് വിഭജനം വഴിമരുന്നിടുമെന്നു മാത്രമല്ല, ഇന്ത്യയിലവശേഷിക്കുന്ന മുസ്‌ലിംകള്‍ക്കും പാകിസ്താനില്‍ അവശേഷിക്കുന്ന ഹിന്ദുക്കള്‍ക്കും വിവരണാതീതമായ കഷ്ടനഷ്ടങ്ങള്‍ക്കിടവരുത്തുമെന്നും മൗലാനാ മൗദൂദിയും ജമാഅത്തും മുന്നറിയിപ്പ് നല്‍കിയിരുന്നു. പ്രസ്തുത വാദമുഖങ്ങള്‍ മറ്റാരില്‍നിന്നുമുണ്ടാകാതിരുന്നത് പാകിസ്താനില്‍ ജമാഅത്ത് പ്രവര്‍ത്തകരെ രാജ്യദ്രോഹികളും വിധ്വംസകരുമാക്കി മുദ്രയടിക്കാനാണിടവരുത്തിയത്. ബംഗ്ലാദേശ് പാകിസ്താനില്‍നിന്ന് വേര്‍പ്പെട്ട് സ്വതന്ത്ര രാജ്യമായി മാറിയപ്പോഴും അതിനെ അനുകൂലിച്ചില്ലെന്നതിന്റെ പേരില്‍ കുറ്റം ചാര്‍ത്തപ്പെട്ട് തൂക്കുകയറില്‍ നിരവധി ജമാഅത്ത് നേതാക്കളുടെ ജീവനാണ് പൊലിഞ്ഞത്. മുസ്‌ലിം സമുദായത്തിന്റെ ആലോചനയില്ലാത്ത വികാരവിക്ഷോഭങ്ങളെ ദീര്‍ഘവീക്ഷണമില്ലാത്ത സംഘടനകളും കപടരാഷ്ട്രീയക്കാരും ക്ഷണികമായ നേട്ടങ്ങള്‍ക്കും മറ്റും ഉപയോഗിക്കുന്നു.

എല്ലാ സമുദായങ്ങള്‍ക്കും (വ്യവസ്ഥാപിത മതങ്ങളില്‍ പ്രത്യേകിച്ചും) അവരെ മതപരമായും സാമൂഹികമായും ഒന്നിപ്പിക്കുകയും മാര്‍ഗനിര്‍ദേശം നല്‍കുകയും ചെയ്യുന്ന പൊതുവേദികളുണ്ട്. മുസ്‌ലിംകള്‍ക്ക് അത്തരം സംവിധാനമില്ല. ഓരോ വിഭാഗത്തിനും ഓരോ വേദിയാണ്. ഇത് ഭിന്നിപ്പിന് ആക്കം കൂട്ടി. ഉള്ള സംവിധാനത്തില്‍ മുസ്‌ലിം ജനസാമാന്യത്തിന് വിശ്വാസവുമില്ല. മതവിധികള്‍ പുറപ്പെടുവിക്കുന്ന പണ്ഡിതന്മാരാകട്ടെ, ലോകസാഹചര്യം പഠിച്ചോ ഇസ്‌ലാമിന്റെ വിശാലമായ പരിപ്രേക്ഷ്യത്തിലോ അല്ല അത് നിര്‍വഹിക്കുന്നത്. ഇവരുടെ ഫത്‌വകള്‍ ഇസ്‌ലാമിനെയും മുസ്‌ലിം സമൂഹത്തെയും വികൃതവും വികലവുമായി ചിത്രീകരിക്കാനാണ് പലപ്പോഴും ഉപകാരപ്പെടുക. അതിനാല്‍ എല്ലാ മുസ്‌ലിംകള്‍ക്കും വിശ്വാസമര്‍പ്പിക്കാവുന്ന സ്വതന്ത്രമായ ഒരു അതോറിറ്റി ആവശ്യമാണ്.

ഇസ്‌ലാമിനെ കുറിച്ച് പരമ്പരാഗതമായി നിര്‍മിക്കപ്പെട്ടിട്ടുള്ള യുക്തിരഹിതമായ മിത്തുകളൊന്നും ഇപ്പോള്‍ വിലപ്പോവുന്നില്ല. മുസ്‌ലിം വിരുദ്ധത പ്രകടിപ്പിക്കുന്ന പല എഴുത്തുകാരും ഇസ്‌ലാമിന്റെ മഹത്വം തിരിച്ചറിയുന്നു്.

ദീര്‍ഘവീക്ഷണമില്ലാത്ത പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യാഘാതങ്ങള്‍ പലതുമുണ്ട്. അത് സ്വന്തം കുടുംബത്തിലും സംഘടനയിലുമെല്ലാം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നു മാത്രമല്ല, ഇസ്‌ലാമിന്റെ സമഗ്രതയെക്കുറിച്ച ധാരണമില്ലായ്മ മൂലം സങ്കുചിത വീക്ഷണത്തിനു നിമിത്തമാവുകയും ചെയ്യും. ദീര്‍ഘദൃഷ്ടിയും വിശാലമനസ്‌കതയും തേടുന്നതാണ് ഇസ്‌ലാമിക പ്രബോധനം. കലുഷമായ അന്തരീക്ഷത്തില്‍ പ്രതിയോഗികളുടെ തന്ത്രങ്ങള്‍ മനസ്സിലാക്കാതെ വൈകാരിക തൗഹീദീ പ്രവര്‍ത്തനവുമായി രംഗത്തിറങ്ങുന്നത് വാതിലുകള്‍ പലതും അടഞ്ഞുപോകാനാണ് വഴിവെക്കുക. നിങ്ങള്‍ കറകളഞ്ഞ ഏകദൈവാസ്തിത്വം പ്രഖ്യാപിക്കുന്നവരും ഒരേ പ്രവാചകനില്‍ മാതൃക കണ്ടെത്തുന്നവരുമാണല്ലോ, എന്നിട്ടും നിങ്ങള്‍ തമ്മില്‍  സ്‌നേഹവും കാരുണ്യവും ഇല്ലാതെ പോയതെന്തേ എന്നാണ് പൊതു സമൂഹം മുസ്‌ലിംകളോട് ചോദിക്കുന്നത്. ഇസ്‌ലാമിക നിര്‍ദേശങ്ങള്‍ മാനിച്ച് സല്‍ക്കര്‍മങ്ങളില്‍ നിരതരാവാന്‍ താല്‍പര്യമുള്ളവര്‍ ആദ്യം ചെയ്യേണ്ടത് അടുത്തുനില്‍ക്കുന്ന സഹോദരന്റെ (മുസ്‌ലിമാണെങ്കിലും അല്ലെങ്കിലും) ഹൃദയമിടിപ്പ് മനസ്സിലാക്കുക എന്നതാണ്. തന്റെ നിലപാട് മാത്രമാണ് ശരിയെന്ന ശാഠ്യത്തില്‍ നിലകൊള്ളുന്നതും  തന്റെ സംഘവും താനും മാത്രമേ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞിട്ടുള്ളൂവെന്ന അഹന്ത നടിക്കുന്നതും ശരിയായ നിലപാടല്ല.

പി. മുഹമ്മദ് കുട്ടി തൊടുപുഴ

 

 

'സുന്നത്ത്' വഹ്‌യാണോ?

2017 ആഗസ്റ്റിലെ പ്രബോധനത്തിന്റെ എല്ലാ ലക്കങ്ങളും വിശദപഠനത്തിന് വിധേയമാക്കിയിരുന്നു, തുടര്‍ന്ന് അതിനെ അധികരിച്ച് നടന്ന പ്രതികരണങ്ങളും ശ്രദ്ധാപൂര്‍വം വായിക്കുകയുണ്ടായി. സുന്നത്ത്‌നിഷേധം പോലെ തന്നെ ദുര്‍ബല ഹദീസുകളുടെയും വ്യാജനിര്‍മിത ഹദീസുകളുടെയും കടന്നുകയറ്റം ഒരു പരിധിവരെ തടഞ്ഞുനിര്‍ത്താന്‍ പ്രബോധനത്തിന് കഴിഞ്ഞുട്ടുണ്ട്.

ഹദീസ് സംരക്ഷകരായി കാലാകാലങ്ങളില്‍ സ്വയം അവതരിച്ച പലരും തെറ്റായി വ്യാഖ്യാനിക്കുന്ന രണ്ടു ഖുര്‍ആന്‍ സൂക്തങ്ങളാണ് സൂറ അന്നജ്മിലെ 3-ഉം 4-ഉം ആയത്തുകള്‍. ഇതേ ന്യായീകരണം തന്നെയാവണം പ്രബോധനം(നവംബര്‍ 3) പ്രതികരണത്തിലും നിഴലിച്ചു കാണുന്നത്. പ്രസ്തുത പ്രതികരണത്തിലെ രണ്ടാം പേജിലെ രണ്ടാം ഖണ്ഡിക ആരംഭിക്കുന്നത് ഇങ്ങനെയാണ്: 1. ഇസ്‌ലാമിക പ്രമാണങ്ങള്‍ക്ക് ആധാരം ദിവ്യസന്ദേശം (വഹ്‌യ്) ആകുന്നു. 2. വഹ്‌യ് രണ്ട് വിധം; ഖുര്‍ആനും സുന്നത്തും.

ഇവയിലെ ആദ്യത്തെ പ്രസ്താവനയെ ശക്തമായി പിന്തുണക്കുന്നു. രണ്ടാമത്തെ പ്രസ്താവനയെ പ്രമാണബദ്ധമായി തെളിയിക്കാന്‍ വിനീതമായി ആവശ്യപ്പെടുകയും ചെയ്യുന്നു. സൂറ അന്നജ്മിലെ 'അദ്ദേഹം സംസാരിക്കുന്നത് സ്വേഛക്കനുസരിച്ചല്ല, അത് അദ്ദേഹത്തിന് ലഭിക്കുന്ന വഹ്‌യല്ലാതെ മറ്റൊന്നുമല്ല' എന്ന സൂക്തങ്ങള്‍ക്ക് ശേഷമുള്ള ആയത്തുകള്‍  കൂടി പാരായണം ചെയ്താല്‍ ഏതൊരു വായനക്കാരനും മനസ്സിലാകുന്ന കാര്യമാണ്; ജിബ്‌രീല്‍ മാലാഖ പരിപൂര്‍ണ ശക്തിയോടും ഓജസ്സോടും കൂടി പ്രവാചകന് ബോധ്യപ്പെടുത്തിക്കൊടുത്ത വഹ്‌യിനെക്കുറിച്ചാണ് ഇവിടെ പരാമര്‍ശമെന്ന്. ഇതിന്റെ വിശദീകരണത്തില്‍ ഖുദ്‌സിയായ ഹദീസുകള്‍ പോലും വരുന്നില്ല. കാരണം വാചകങ്ങള്‍ നബിയുടേതും ആശയം അല്ലാഹുവിന്റേതുമാവുമ്പോഴുമാണല്ലോ ഒരു ഹദീസ് ഖുദ്‌സിയാവുക. ഖുദ്‌സിയായ ഹദീസുകള്‍ ദിറായത്തും രിവായത്തും പരിഗണിച്ച് സ്വീകാര്യമായവ നൂറില്‍ കവിയില്ലായെന്നാണ് പണ്ഡിതഭാഷ്യം. എന്നാല്‍ സുന്നത്ത് ദിവ്യസന്ദേശമാണെന്നോ, അവയുടെ ആധികാരികത ഖുര്‍ആന്‍ പോലെത്തന്നെയാണെന്നോ ഈ സൂക്തങ്ങളെ ദുര്‍വ്യാഖ്യാനിക്കുന്നത് ചിരപരിചിതങ്ങളായ ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥങ്ങളും മുഫസ്സിറുകളും അംഗീകരിക്കാത്തതാണ്. നബിയോടും സുന്നത്തിനോടുമുള്ള സ്‌നേഹാതിരേകത്താല്‍ ദുര്‍വ്യാഖ്യാനിക്കുന്ന മറ്റൊരു സൂക്തമാണ് സൂറ ഹശ്‌റിലെ ഏഴാമത്തെ സൂക്തം; 'ദൈവദൂതന്‍ നിങ്ങള്‍ക്ക് തന്നത് സ്വീകരിക്കൂ.'

സന്ദര്‍ഭത്തില്‍നിന്നും അടര്‍ത്തി മുന്‍ പിന്‍ ബന്ധങ്ങള്‍ പറയാതെ ഖുര്‍ആന്‍ ഉദ്ധരിച്ചാല്‍ ഏതര്‍ഥത്തിലും വളച്ചൊടിക്കാന്‍ പറ്റുന്ന ആയത്തുകള്‍ വക്രബുദ്ധിക്കാരുടെ കൈയില്‍ ഇപ്പോള്‍തന്നെ എമ്പാടുമുണ്ട്. ആയതിനാല്‍ ഈ വിഷയകമായി ഒരു പുനരാലോചനക്ക് പ്രതികരണം എഴുതിയ സഹോദരന്‍ തയാറാകേതുണ്ട്.

ഹഫീദ് നദ്‌വി കൊച്ചി

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-27 / അന്നംല് - (32-35)
എ.വൈ.ആര്‍