നിരീശ്വരവാദത്തെ എതിരിടാന്‍
'നിരീശ്വരവാദത്തിന്റെയും മതത്തിലെ പുതുനിര്‍മിതികളുടെയും വക്താക്കളോട് സംവാദം നടത്തുകയും അങ്ങനെ അവരുടെ വാദമുഖങ്ങളെ തറപറ്റിക്കുകയും ചെയ്യാത്തവര്‍ ഇസ്‌ലാമിന് അതിന് കിട്ടേണ്ട അവകാശം വകവെച്ചു നല്‍കുന്നില്ല'- ശൈഖ് ഇബ്‌നു തൈമിയ്യയുടേതാണ് ഈ വാക്കുകള്‍. ഇസ്‌ലാമിക വിശ്വാസ പ്രമാണങ്ങള്‍ക്കും സംസ്‌കാരത്തിനും ക്ഷതമേല്‍പ്പിക്കുന്ന ആചാരങ്ങളെയും സമ്പ്രദായങ്ങളെയും ഇസ്‌ലാമിന്റെ ഭാഗമായി അവതരിപ്പിക്കലാണ് പുതുനിര്‍മിതി അഥവാ ബിദ്അത്ത്. എക്കാലത്തും അത്തരം നീക്കങ്ങള്‍ക്കെതിരെ ഇസ്‌ലാമിക സമൂഹം ജാഗ്രതയോടെ നിലകൊണ്ടിട്ടുണ്ട്. അതിനേക്കാള്‍ പ്രാധാന്യം നല്‍കേണ്ട ഒന്നാണ് നിരീശ്വരവാദ പ്രസ്ഥാനങ്ങള്‍ക്കെതിരെയുള്ള ബൗദ്ധിക പോരാട്ടം. കാലമാണ് തങ്ങളെ ഇല്ലാതാക്കുന്നതെന്നും അതിനു ശേഷം മറ്റൊരു ജീവിതമില്ലെന്നും വാദിച്ചിരുന്ന 'ദഹ്‌രിയ്യ' ചിന്താഗതിക്കാര്‍ ഇസ്‌ലാമിക ചരിത്രത്തില്‍ കുറഞ്ഞ അളവിലാണെങ്കിലും എല്ലാ കാലത്തും ഉണ്ടായിരുന്നു. അത്തരം ചിന്താഗതികളെ ഫലപ്രദമായി എതിരിടാനും ഇസ്‌ലാമിക പണ്ഡിതന്മാരും നേതാക്കളും ശ്രദ്ധിച്ചിരുന്നു.
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ രൂപംകൊള്ളുമ്പോള്‍, നവോത്ഥാന നായകന്മാരുടെ മുമ്പിലുണ്ടായിരുന്ന പ്രധാന വെല്ലുവിളികളിലൊന്ന് പാശ്ചാത്യ ഭൗതിക സംസ്‌കാരത്തില്‍ ആകൃഷ്ടരായ യുവസമൂഹമായിരുന്നു. യുവ സമൂഹത്തെ ഭൗതികതയില്‍നിന്നും അതിന്റെ ഉപോല്‍പ്പന്നമായ നിരീശ്വര ചിന്തയില്‍നിന്നും രക്ഷപ്പെടുത്തേണ്ടത് സുപ്രധാന നവോത്ഥാന ദൗത്യങ്ങളിലൊന്നായി മൗലാനാ മൗദൂദിയെപ്പോലുള്ളവര്‍ മനസ്സിലാക്കിയിരുന്നു. വഹീദുദ്ദീന്‍ ഖാന്റെ 'ഇസ്‌ലാം വെല്ലുവിളിക്കുന്നു', അബ്ദുര്‍റഹ്മാന്‍ ഹസന്‍ ഹബന്‍കയുടെ 'നിരീശ്വര വാദത്തിനെതിരെയുള്ള പോരാട്ടം', അംറ് ശരീഫിന്റെ 'നിരീശ്വരത്വം എന്ന കെട്ടുകഥ' തുടങ്ങിയ പുസ്തകങ്ങള്‍ ഭൗതികവാദങ്ങളെ നിശിതമായി നിരൂപണം ചെയ്യുന്നുണ്ട്.
നിരീശ്വരവാദ പ്രചാരണങ്ങള്‍ക്ക് എല്ലാ കാലത്തും ഒരേ മുഖമല്ല ഉണ്ടാവുക. പല പുതിയ വാദമുഖങ്ങളും അതിന്റെ വക്താക്കള്‍ ഉയര്‍ത്തിക്കൊണ്ടുവരും. ഓരോ കാലത്തും പുതിയ വാദമുഖങ്ങള്‍ക്ക് കൂടി മറുപടി കണ്ടെത്തേണ്ടതുണ്ട്. കഴിഞ്ഞ നൂറ്റാണ്ടില്‍ എഴുതപ്പെട്ട കൃതികളെ മാത്രം ആശ്രയിച്ച് ഇന്നത്തെ നിരീശ്വരവാദ പ്രചാരണങ്ങളെ തടുക്കാന്‍ കഴിയില്ല എന്ന് പറയുന്നത് അതുകൊണ്ടാണ്. കുവൈത്തില്‍നിന്ന് പുറത്തിറങ്ങുന്ന അല്‍ മുജ്തമഅ് മാസികയുടെ ഏറ്റവും പുതിയ ലക്കം കവര്‍ സ്റ്റോറി നിരീശ്വരവാദത്തെക്കുറിച്ചാണ്. മതസംഘടനകള്‍ തമ്മിലുള്ള അനാവശ്യ പോരുകളും മുസ്‌ലിം ലോകത്തെ രാഷ്ട്രീയ അരക്ഷിതാവസ്ഥയുമൊക്കെ ചില മുസ്‌ലിം യുവാക്കളെയെങ്കിലും നിരീശ്വരവാദത്തിലേക്ക് ആകൃഷ്ടരാക്കുന്നുണ്ടെന്നും സമൂഹം കൂടുതല്‍ ജാഗ്രത കാണിക്കണമെന്നും മാസിക ഉണര്‍ത്തുന്നുണ്ട്. പക്ഷേ, നിരീശ്വരവാദികളുടെ പുതിയ വാദമുഖങ്ങളെ ആ കവര്‍ സ്റ്റോറിയും വേണ്ടപോലെ അഭിമുഖീകരിക്കുന്നില്ല. സോഷ്യല്‍ മീഡിയയില്‍ ഇടപെടുന്നവരും ഈ പോരായ്മ ചൂണ്ടിക്കാട്ടാറുണ്ട്. മുസ്‌ലിം കൂട്ടായ്മകള്‍ക്ക് ഒറ്റക്കെട്ടായി ഈ വിഷയത്തില്‍ ഇടപെടുന്നതിന് പ്രശ്‌നമേതുമില്ല. ആദ്യം സോഷ്യല്‍ മീഡിയയിലെ നിരീശ്വരവാദ പ്രചാരണങ്ങളും അവ യുവാക്കള്‍ക്കിടയിലുണ്ടാക്കുന്ന സ്വാധീനവും കൃത്യമായി പഠിക്കുക. എങ്കില്‍ അത്തരം ഭൗതികാശയങ്ങള്‍ക്കെതിരെയുള്ള ചെറുത്തുനില്‍പ്പ് ഫലപ്രദവും എളുപ്പവുമായിരിക്കും.
Comments