Prabodhanm Weekly

Pages

Search

2011 ഏപ്രില്‍ 30

പ്രപഞ്ചം ഒരു ദൈവിക കമ്പ്യൂട്ടര്‍ വ്യവസ്ഥ

പ്രഫ. പി.എ വാഹിദ്

പ്രകൃതിചംക്രമണം, ഗ്രഹചലനങ്ങള്‍, പ്രപഞ്ച ഘടകങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി നിരവധി പ്രതിഭാസങ്ങള്‍ കണിശമായും സമയബന്ധിതമായും നടക്കുന്നുവെന്ന വസ്തുത നമ്മുടെ പ്രപഞ്ചം ഒരു കമ്പ്യൂട്ടര്‍ പോലെ മുന്‍കൂട്ടി പ്രോഗ്രാം ചെയ്തതനുസരിച്ച് പ്രവര്‍ത്തിക്കുന്നു എന്നതിന്റെ വ്യക്തമായ സൂചനയാണ്. ഉദാഹരണമായി സൂര്യനെന്ന പ്രകൃതിയിലെ ആണവ റിയാക്ടറിനെ മനുഷ്യ നിര്‍മിത ആണവ റിയാക്ടറിന്റെ പ്രവര്‍ത്തനവുമായി താരതമ്യം ചെയ്തു നോക്കുക. മനുഷ്യ നിര്‍മിത റിയാക്ടറില്‍ അണുവിഘടനം (nuclear fission) എന്ന പ്രതിഭാസമാണ് നടക്കുന്നതെങ്കില്‍ അതിലും ശക്തിയേറിയ അണു സംയോജനം (nuclear fusion) എന്ന പ്രതിപ്രവര്‍ത്തനമാണ് സൂര്യനില്‍ നടക്കുന്നത്. മനുഷ്യനിര്‍മിത ആണവ റിയാക്ടറും ആണവ ബോംബും ഒരേ തത്ത്വപ്രകാരം തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. ആദ്യത്തേതില്‍ ആണവ പ്രതിപ്രവര്‍ത്തനം നിയന്ത്രണത്തിലാണെങ്കില്‍, രണ്ടാമത്തേതില്‍ അത് നിയന്ത്രിക്കപ്പെടുന്നില്ലെന്നുമാത്രം. ഒരിക്കല്‍ തുടങ്ങിയ ആണവ പ്രതിപ്രവര്‍ത്തനം തടസ്സം കൂടാതെ തുടരുന്നതും അങ്ങനെ കൂടുതല്‍ കൂടുതല്‍ ഊര്‍ജം ഉല്‍പ്പാദിപ്പിക്കപ്പെടുമ്പോള്‍ നിയന്ത്രിക്കപ്പെട്ടില്ലെങ്കില്‍ പൊട്ടിത്തെറിയിലേക്ക് നയിക്കുന്നതുമാണ്. ആണവബോംബ് പൊട്ടിത്തെറിക്കുന്നത് അതുകൊണ്ടാണ്. പൊട്ടിത്തെറിക്കാതിരിക്കാന്‍ ആണവ റിയാക്ടര്‍ അതിസങ്കീര്‍ണമായ കമ്പ്യൂട്ടറുകളുടെ നിയന്ത്രണത്തിലാണ്. റിയാക്ടറിനും ലബോറട്ടറിക്കുമപ്പുറത്ത് ഉല്‍പ്പത്തിതൊട്ട് ഊര്‍ജം പ്രദാനം ചെയ്തുകൊണ്ടിരിക്കുന്ന സൂര്യനെന്ന ആണവ റിയാക്ടര്‍ ആകാശത്തുണ്ട്. അതിന്റെ കേന്ദ്രത്തില്‍ നടന്നുകൊണ്ടിരിക്കുന്ന അണുസംയോജന പ്രതിപ്രവര്‍ത്തനത്താല്‍ താപം 10 ദശലക്ഷം K (കെല്‍വിന്‍) ആകുന്നു. സൂര്യനുമായി താരതമ്യം ചെയ്യുമ്പോള്‍ മനുഷ്യനിര്‍മിത ആണവറിയാക്ടറുകള്‍ കേവലം കളിപ്പാട്ടങ്ങളാണ്. ഇതുവരെ സൂര്യന്‍ പൊട്ടിത്തെറിക്കാതെ നിലനില്‍ക്കുന്നു എന്ന സത്യം വിളിച്ചോതുന്നത്, അതില്‍ നടക്കുന്ന അണുസംയോജന പ്രതിപ്രവര്‍ത്തനങ്ങള്‍ അതിന്റെ രാസഘടന ഉള്‍ക്കൊള്ളുന്ന ദൈവിക നിര്‍ദേശങ്ങളാല്‍ (പ്രോഗ്രാം) നിയന്ത്രിക്കെപ്പട്ടു സ്വയം പ്രവര്‍ത്തിക്കുന്ന ഒരു കമ്പ്യൂട്ടര്‍ വ്യവസ്ഥയാണെന്നതാണ്. പ്രകൃതിയില്‍ ഒരു വ്യവസ്ഥാപിത യാഥാര്‍ഥ്യം നിലകൊള്ളുന്നുവെന്ന സത്യം നമുക്ക് നിഷേധിക്കാന്‍ സാധ്യമല്ല. ഭീമാകാരങ്ങളായ അസംഖ്യം വസ്തുക്കള്‍ വിശ്വവിഹായസ്സില്‍ കൂട്ടിമുട്ടാതെ അതതിന്റെ പാഥേയങ്ങളില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്നുവെന്നത് സൂചിപ്പിക്കുന്നത് പരിപൂര്‍ണമായും പ്രോഗ്രാം ചെയ്യപ്പെട്ട പ്രവര്‍ത്തനരീതിയെ തന്നെയാണ്. സ്രഷ്ടാവ് നിര്‍ണയിച്ചുകൊടുത്ത നിത്യമായ നിയമങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കുകയാണവ ചെയ്യുന്നത്. ഒട്ടേറെ സൂക്തങ്ങളിലൂടെ ഇക്കാര്യം ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട് (ഖു. 21:33; 41:12; 87:1-3). അതുകൊണ്ടാണ് പ്രകൃതിക്രമത്തെ പ്രതിഫലിപ്പിക്കുന്ന ശാസ്ത്രതത്ത്വങ്ങള്‍ ആവിഷ്‌ക്കരിക്കാന്‍ നമുക്ക് സാധ്യമാകുന്നത്. ഓരോ പ്രകൃതിപ്രക്രിയയും സ്വമേധയാലുള്ള പ്രതിഭാസമത്രെ. സജീവ വസ്തുക്കളിലും പ്രോഗ്രാമുകള്‍ ഉണ്ടെന്നുള്ളത് സ്ഥിരീകരിക്കപ്പെട്ട വസ്തുതയാണ്. ഈ പ്രോഗ്രാമുകളെയാണ് ജനിതകപ്രോഗ്രാം (genetic program) എന്നു വിളിക്കുന്നത്. മൃഗങ്ങളുടെ മസ്തിഷ്‌ക്കങ്ങള്‍ക്ക് ഒരു കമ്പ്യൂട്ടര്‍ പോലെ വിവരങ്ങള്‍ സൂക്ഷിക്കാനും സംസ്‌കരിക്കാനുമുള്ള കഴിവുണ്ട്. ഓരോ പ്രതിഭാസത്തിനും ഒരു വികസനക്രമമുണ്ട്. ഒരു സസ്യം വിത്തില്‍നിന്നും കോശവിഭജനത്തിലൂടെയും വകതിരിയല്‍ പ്രക്രിയ(differentiation)യിലൂടെയും വളര്‍ന്നു വരുന്നു. അപ്രകാരംതന്നെ ഓരോ മൃഗവും സിക്താണ്ഡത്തില്‍ (zygote) നിന്ന് തുടങ്ങി വിവിധ ഘട്ടങ്ങളിലൂടെ വളരുന്നു. ഈ യാന്ത്രിക ഘടനകളെല്ലാം കമ്പ്യൂട്ടറിലെന്നപോലെ താന്താങ്ങളുടെ പ്രോഗ്രാമുകളിലുള്ള നിര്‍ദേശങ്ങളുടെ ക്രമാനുഗതമായ അനുഷ്ഠാനത്തിന്റെ സൂചനതന്നെയാണ്. പ്രകൃതിയിലെ ഭൗതികവും രാസികവുമായ പ്രക്രിയകളും ജൈവപ്രക്രിയകളും വസ്തുക്കളില്‍ സ്ഥാപിതമായ ദൈവിക പ്രോഗ്രാമുകളനുസരിച്ചുള്ള പ്രവര്‍ത്തനങ്ങളെയാണ് പ്രതിഫലിപ്പിക്കുന്നത്. ഒരു കമ്പ്യൂട്ടര്‍ പ്രോഗ്രാം (സോഫ്റ്റ്‌വെയര്‍) എന്നത് നിര്‍ദേശങ്ങളും അവ ഒരോന്നും പ്രാവര്‍ത്തികമാക്കേണ്ട ക്രമവും ഉള്‍ക്കൊണ്ടതാണ്. അഖില പ്രപഞ്ചത്തെയും പരിപാലിച്ചു കൊണ്ടുപോകുന്ന ദൈവിക സംവിധാനത്തിന്റെയും ഘടനാരൂപത്തിന്റെയും സങ്കീര്‍ണ സാങ്കേതിക വിജ്ഞാനതലം മനുഷ്യന്റെ സംവേദന സങ്കല്‍പങ്ങള്‍ക്ക് അതീതമത്രെ. എന്നാല്‍, നമ്മുടെ കമ്പ്യൂട്ടര്‍ സാങ്കേതിക വിജ്ഞാനത്തില്‍ ഈ കേവല യാഥാര്‍ഥ്യങ്ങളെ ഉള്‍ക്കൊള്ളുന്നതിലേക്ക് നയിക്കാവുന്ന ഹ്രസ്വസൂചനകളുണ്ട്. മനുഷ്യ നിര്‍മിതമായ ഉദാത്ത സാങ്കേതിക ശാസ്ത്ര മാതൃകകളില്‍ കമ്പ്യൂട്ടര്‍ വ്യവസ്ഥ പ്രാപഞ്ചിക പ്രവര്‍ത്തനത്തെ ഗ്രഹിക്കുന്നതില്‍ ഏറ്റവും യുക്തിസഹമായ താരതമ്യമത്രെ. പ്രപഞ്ചത്തെ 'ആകാശങ്ങളും ഭൂമിയും' എന്നാണ് ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത് (ഖു. 10:3; 7:54). പ്രപഞ്ചത്തില്‍ രണ്ടുതരം വ്യവസ്ഥകളെയാണ് നാം കാണുന്നത് - കൂടുതല്‍ വ്യാപകമായ അചേതന (ജീവനില്ലാത്ത) വസ്തുക്കളും ഭൂമി എന്ന ഗ്രഹത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന സചേതന (ജീവനുള്ള) വസ്തുക്കളും (അതായത് ജൈവ വ്യവസ്ഥ). ഈ രണ്ട് വ്യവസ്ഥകളും രാസമൂലകങ്ങളാല്‍ നിര്‍മിതമാണെങ്കിലും അവയുടെ പ്രവര്‍ത്തനങ്ങളും സ്വഭാവങ്ങളും തികച്ചും വ്യത്യസ്തങ്ങളാണ്. ഇത് സൂചിപ്പിക്കുന്നത് വ്യത്യസ്ത പ്രോഗ്രാമുകളാണ് ഈ രണ്ട് വ്യവസ്ഥകളുടെ സ്വഭാവ-പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നതെന്നാണ്. ഈ നിഗമനത്തിന്റെ അടിസ്ഥാനത്തില്‍ ജീവനില്ലാത്ത വസ്തുക്കളെ ദൈവിക അജൈവ പ്രോഗ്രാമും (abioprogram) ജീവനുള്ളവയെ ദൈവിക ജൈവ പ്രോഗ്രാമും (bioprogram) നിയന്ത്രിക്കുന്നുവെന്നു കരുതാം. അജൈവ പ്രോഗ്രാം വ്യത്യസ്ത സാഹചര്യങ്ങളില്‍ ഓരോ വസ്തുവും എന്തുചെയ്യണമെന്നു 'അറിഞ്ഞു' ചെയ്യുന്നതുപോലെയുള്ള നൈസര്‍ഗിക പ്രവര്‍ത്തനങ്ങളാണ് യഥാര്‍ഥത്തില്‍ ഭൗതിക, രാസപ്രക്രിയകളെല്ലാംതന്നെ. അവയുടെ രാസഘടനകളില്‍ ദൈവിക നിര്‍ദേശങ്ങള്‍ ഒളിഞ്ഞുകിടക്കുന്നുവെന്ന് സ്പഷ്ടം. ആ വസ്തുതയാണ് ഖുര്‍ആന്‍ ഇങ്ങനെ പറയുന്നത്: ''...അങ്ങനെ അവന്‍ (അല്ലാഹു) അവയെ ഏഴ് ആകാശങ്ങളിലായി പൂര്‍ത്തീകരിക്കുകയും.... ഓരോ ആകാശത്തിനും അതതിന്റെ ചുമതലയും നിര്‍ദേശങ്ങളും നല്‍കുകയും ചെയ്തു'' (ഖു. 41:12). ഇതില്‍ നിന്നും മനസ്സിലാകുന്നത് വസ്തുക്കളുടെ രാസഘടന, ദൈവിക നിര്‍ദേശങ്ങള്‍ അടങ്ങിയ കോഡ് (code) ആണെന്നാണ്. രാസഘടന പ്രതിനിധാനം ചെയ്യുന്നത് അജൈവപ്രോഗ്രാമിനെ (abioprogram) അല്ലെങ്കില്‍ രാസവിവരത്തെ (chemical information)യാണ്. രാസഘടന-കോഡ് സിദ്ധാന്തത്തില്‍ രാസഘടനയെ പദമായും മൂലകങ്ങളെ (chemical elements) അക്ഷരങ്ങളായും കരുതാം. അവയുടെ ക്രമീകരണത്തെ ഒരു പദത്തിലുള്ള അക്ഷരങ്ങളുടെ ക്രമീകരണത്തോടും ഉപമിക്കാം. ഒരു ഭാഷയിലെ പദത്തിനു അര്‍ഥം ലഭിക്കുന്നത് അക്ഷരങ്ങളുടെയും അവയുടെ ക്രമീകരണത്തെയും ആസ്പദമാക്കിയാണ്. അതുപോലെയാണ് രാസഘടനക്കു അതിന്റെ സ്വഭാവങ്ങളും പെരുമാറ്റരീതിയും മൂലകങ്ങളുടെയും അവയുടെ ക്രമീകരണത്തെയും ആസ്പദമാക്കി ലഭിക്കുന്നത്. ഉദാഹരണമായി ഇംഗ്ലീഷിലെ ചില പദങ്ങളെടുക്കാം. Take, buy എന്നീ പദങ്ങള്‍ അക്ഷരങ്ങളില്‍ വ്യത്യാസമുള്ളവയാണ്. അവയുടെ അര്‍ഥങ്ങളും അത് കാരണം വ്യത്യാസമുള്ളവയാണ്. ഈ പദങ്ങളുടെ രൂപീകരണവുമായി സാദൃശ്യമുള്ളവയാണ് വെള്ളത്തിന്റെയും ബെന്‍സീന്റെയും രാസഘടനകള്‍ (ചിത്രം 1). അവയുടെ മൂലകങ്ങള്‍ വ്യത്യാസമുള്ളവയാണ്. അത് കാരണം ആ പദാര്‍ഥങ്ങളുടെ സ്വഭാവങ്ങളും വ്യത്യസ്തങ്ങളാണ്. ഇനി sent, nest എന്നീ പദങ്ങളെടുക്കുക. അവയില്‍ അക്ഷരങ്ങളെല്ലാം ഒന്നുതന്നെയാണ്. പക്ഷേ, അവയുടെ ക്രമീകരണത്തില്‍ വ്യത്യാസമുണ്ട്. ഈ വ്യത്യാസമാണ് അവയുടെ അര്‍ഥവ്യത്യാസങ്ങള്‍ക്കു കാരണം. ഈ പദങ്ങളുടെ രൂപീകരണവുമായി സാദൃശ്യമുള്ളവയാണ് ബ്യൂട്ടെയിന്‍, ഐസോബ്യൂട്ടെയിന്‍ എന്നീ പദാര്‍ഥങ്ങളുടെ രാസഘടനകള്‍. അവയുടെ മൂലകങ്ങളില്‍ വ്യത്യാസമില്ലെങ്കിലും ക്രമീകരണത്തില്‍ വ്യത്യാസമുണ്ട്. അതാണ് ആ പദാര്‍ഥങ്ങളുടെ സ്വഭാവ വ്യത്യാസങ്ങള്‍ക്കു കാരണം. ഈ സാധര്‍മ്യത്തിലൂടെ ഒരു രാസഘടനക്കു അതിന്റെ സ്വഭാവങ്ങള്‍ ദൈവിക സോഫ്റ്റ്‌വെയറിന്റെ (അജൈവപ്രോഗ്രാം) അടിസ്ഥാനത്തില്‍ എങ്ങനെ നിര്‍ണയിക്കപ്പെടുന്നുവെന്ന് മനസ്സിലാക്കാം. രാസഘടനയിലെ മാറ്റങ്ങള്‍ക്ക് അനുസൃതമായി പദാര്‍ഥങ്ങളുടെ സ്വഭാവങ്ങളിലുണ്ടാകുന്ന മാറ്റങ്ങളുടെ നിശ്ചിതത്വം ഘടനാപരമായ സംഘാടനത്തിന്റെ വ്യത്യസ്ത വിതാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അജൈവ പ്രോഗ്രാമിന്റെ ഉപാധികളായി മനസ്സിലാക്കാം. രാസഘടന-സ്വഭാവ ബന്ധങ്ങള്‍ (ഉദാ. Computer-Aided Molecular Modelling - CAMM) പഠിക്കുക വഴി 'അജൈവ പ്രോഗ്രാമിനെ' വ്യാഖ്യാനിക്കുകയാണ് നമ്മള്‍. ജൈവപ്രോഗ്രാം ജീവാസ്തിത്വം ഈശ്വരസൃഷ്ടമായ ഒരു ജൈവപ്രോഗ്രാമി (bioprogram)ലാണെന്ന് ശാസ്ത്രത്തിന്റെയും ഖുര്‍ആന്റെയും അടിസ്ഥാനത്തില്‍ പറയാവുന്നതാണ്. ഒരു സജീവ വസ്തു (organism) എത്ര ചെറുതായാലും വലുതായാലും പ്രകൃതിയിലെ ജൈവകമ്പ്യൂട്ടറാണ് അല്ലെങ്കില്‍ ജൈവറോബോട്ടാണ്. ഒരു ജീവിയില്‍ ഹാര്‍ഡ്‌വെയറും സോഫ്റ്റ്‌വെയറുമുണ്ട്. കോശമാണ് ജീവിയുടെ അടിസ്ഥാന ഏകകം. കോശങ്ങളും അവയവങ്ങളും ഹാര്‍ഡ്‌വെയര്‍ വിഭാഗത്തില്‍പെടുന്നു. ഈ രാസഘടകങ്ങളെ (അചേതന വസ്തുക്കളെ) ഒരു ജീവിയായി പ്രവര്‍ത്തിപ്പിക്കുന്നത് തികച്ചും അദൃശ്യമായി ഓരോ കോശത്തിലും സ്ഥിതിചെയ്യുന്ന അതിസൂക്ഷ്മ വിവര സംഭരണ അറകളായ ക്രോമൊസോമുകളില്‍ സൂക്ഷിച്ചിട്ടുള്ള ജൈവപ്രോഗ്രാം (bioprogram) അഥവാ ബയോസോഫ്റ്റ്‌വെയര്‍ (biosoftware) ആകുന്നു. ഇതു തന്നെയാണ് പ്രകൃതിയിലെ ജൈവ വിവരം (biological information). ഒരു കമ്പ്യൂട്ടറിലെ സോഫ്റ്റ്‌വെയര്‍ അദൃശ്യവും അഭൗതികവുമാണെങ്കിലും അതിനെ സൂക്ഷിക്കാന്‍ ഒരു ഭൗതിക മാധ്യമം (physical medium) ആവശ്യമാണെന്നപോലെ ജീവിയിലെ ദൈവിക ബയോസോഫ്റ്റ്‌വെയര്‍ സൂക്ഷിക്കാനും ഒരു ഭൗതിക മാധ്യമം ആവശ്യമാണ്. കോശത്തിലെ ക്രോമൊസോമുകളാണ് ബയോസോഫ്റ്റ്‌വെയര്‍ സൂക്ഷിക്കുന്ന മെമറി; അതായത് ജൈവകമ്പ്യൂട്ടറിന്റെ (ജീവിയുടെ) ഹാര്‍ഡ് ഡിസ്‌ക് (ചിത്രം 2). ഒരു ജീവിയുടെ പ്രോഗ്രാം പല ചെറുപ്രോഗ്രാമുകളായി വിവിധ സെക്ടറുകളില്‍ സ്ഥിതിചെയ്യുന്നതായി കരുതാവുന്നതാണ്. അദൃശ്യമായ സോഫ്റ്റ്‌വെയറിനെ കമ്പ്യൂട്ടറിന്റെ 'ആത്മാവ്' എന്ന് വിശേഷിപ്പിക്കാം. അങ്ങനെ ചിന്തിക്കുമ്പോള്‍ ദൈവിക ബയോസോഫ്റ്റ്‌വെയര്‍ ജീവിയെന്ന ജൈവകമ്പ്യൂട്ടര്‍ അല്ലെങ്കില്‍ ജൈവറോബോട്ടിന്റെ ആത്മാവ് ആണ്. ഈ അദൃശ്യ ആത്മാവിനെയാണ് ഖുര്‍ആന്‍ 'റൂഹ്' എന്ന അറബിപദം കൊണ്ട് സൂചിപ്പിക്കുന്നതെന്ന് ശാസ്ത്രീയമായി വ്യാഖ്യാനിക്കാം. മനുഷ്യന്റെ ആത്മാവിനു 'നഫ്‌സ്' എന്ന പദവും ഖുര്‍ആനില്‍ ഉപയോഗിച്ചിട്ടുണ്ട്. റൂഹിന്റെ പ്രകൃതി-സ്വഭാവങ്ങളെക്കുറിച്ചു അല്ലാഹു നമുക്ക് വെളിപ്പെടുത്തിത്തന്നിട്ടില്ല (ഖു.17:85). ജീവനില്ലാത്ത കളിമണ്‍രൂപത്തിലേക്ക് അല്ലാഹു അവന്റെ റൂഹില്‍ നിന്നും ഊതിയപ്പോഴാണ് അത് ജീവനുള്ള മനുഷ്യന്‍ (ആദം) ആയി മാറിയത് (ഖു. 15:28,29). ഈ പ്രസ്താവനയില്‍നിന്നു മനസ്സിലാകുന്നത്, നിര്‍ജീവ വസ്തുവായ കളിമണ്ണ് കൊണ്ടുണ്ടാക്കിയ മനുഷ്യ പ്രതിമയില്‍ 'റൂഹ്' (ബയോസോഫ്റ്റ്‌വെയര്‍) സ്ഥാപിക്കപ്പെട്ടപ്പോള്‍ (install) ജീവനുള്ള മനുഷ്യനായി അത് രൂപാന്തരപ്പെട്ടുവെന്നാണ്. അതായത് ഒരു കമ്പ്യൂട്ടറില്‍ സോഫ്റ്റ്‌വെയര്‍ സ്ഥാപിക്കുമ്പോള്‍ അതിനു 'ജീവന്‍' വരുന്നതുപോലെ. ജീവന്റെ അസ്തിത്വം അദൃശ്യമായ റൂഹ് (ബയോസോഫ്റ്റ്‌വെയര്‍) ആണെന്നാണ് ഈ ഖുര്‍ആന്‍ സന്ദേശം വ്യക്തമാക്കുന്നത്. 'നഫ്‌സി'നെ (ബയോസോഫ്റ്റ്‌വെയര്‍) ശരീരത്തില്‍നിന്ന് നീക്കം ചെയ്യുമ്പോള്‍ (കമ്പ്യൂട്ടര്‍ ഭാഷയില്‍ പറഞ്ഞാല്‍ 'deletion') മരണം സംഭവിക്കുന്നുവെന്നും ഖുര്‍ആന്‍ വെളിപ്പെടുത്തുന്നു (ഖു. 6:93). അതായത് ഒരു മൃതശരീരം സോഫ്റ്റ്‌വെയര്‍ ഇല്ലാത്ത കമ്പ്യൂട്ടര്‍ പോലെയാണെന്ന് സാരം. അത് നിര്‍ജീവ വസ്തുവെപോലെ പെരുമാറുന്നു. മേലുദ്ധരിച്ച ഖൂര്‍ആന്‍ വചനത്തില്‍ നിന്ന് 'ജീവന്‍' എന്ന പ്രതിഭാസത്തെ ദൈവിക ബയോസോഫ്റ്റ്‌വെയര്‍ നിര്‍വഹണത്തിന്റെ പ്രത്യക്ഷ സാക്ഷാല്‍ക്കാരമായി നിര്‍വചിക്കാവുന്നതാണ്. മനുഷ്യനിര്‍മിത പ്രോഗ്രാമനുസരിച്ച് പ്രവര്‍ത്തിക്കുന്ന കമ്പ്യൂട്ടര്‍, റോബോട്ട് എന്നിവ കൃത്രിമ ജീവന്റെ (artificial life) രൂപങ്ങളായി കരുതാവുന്നതാണ്. യഥാര്‍ഥത്തില്‍ എല്ലാ വ്യവസ്ഥകളും കമ്പ്യൂട്ടര്‍ മാതൃകാടിസ്ഥാനത്തില്‍ ജീവനുള്ളവയാണ്. അതായത് നമ്മള്‍ ജീവനില്ലാത്ത വസ്തുക്കളായി കരുതുന്നവയും ജീവനുള്ളവയാണ്. കാരണം, അവയും ഒരു പ്രോഗ്രാമനുസരിച്ച് പ്രവര്‍ത്തിക്കുന്നവയാണ്. അതനുസരിച്ചു പ്രപഞ്ചത്തിലുള്ള വ്യവസ്ഥകളെ മൂന്നുതരം ജീവനുകളായി കാണാവുന്നതാണ്. അജൈവപ്രോഗ്രാം, ജൈവപ്രോഗ്രാം, മനുഷ്യനിര്‍മിത പ്രോഗ്രാം അനുസരിച്ചു പ്രവര്‍ത്തിക്കുന്ന വ്യവസ്ഥകളാണവ. 'ജീവന്‍', 'മരണം' എന്നീ പ്രതിഭാസങ്ങള്‍ ഇന്നും ശാസ്ത്രലോകത്തിന് മനസ്സിലാക്കാനോ നിര്‍വചിക്കാനോ സാധ്യമായിട്ടില്ല. ഇതിനു പ്രധാനകാരണം ജീവികളിലുള്ള ജൈവപ്രോഗ്രാമിനെ പദാര്‍ഥവല്‍ക്കരിച്ചതാണ്. ജീന്‍, ജീനോം എന്നീ സാങ്കേതിക പേരുകളിലറിയപ്പെടുന്ന കോശങ്ങളിലെ രാസഘടനയാണ് (DNA) ഒരു ജീവിയിലെ ജൈവപ്രോഗ്രാം (ജനിതകപ്രോഗ്രാം) എന്നാണ് ശാസ്ത്രജ്ഞന്മാര്‍ വിലയിരുത്തുന്നത്. ഈ രാസഘടന ക്രോമൊസോമിന്റെ ഘടകവും കമ്പ്യൂട്ടര്‍ ഭാഷയില്‍ പറഞ്ഞാല്‍ ഹാര്‍ഡ്‌വെയര്‍ ഗണത്തില്‍പെട്ടതുമാണ്. കമ്പ്യൂട്ടര്‍ സിദ്ധാന്തവീക്ഷണത്തില്‍ ഒരു ഹാര്‍ഡ്‌വെയര്‍ വസ്തുവെയാണ് ശാസ്ത്രജ്ഞന്മാര്‍ സോഫ്റ്റ്‌വെയറായി കാണുന്നത്. ജീവികളുടെ സ്വഭാവങ്ങളും അവയുടെ പിന്തുടര്‍ച്ചാരീതികളും വിശദീകരിക്കുന്നതിലേക്കായി രൂപപ്പെട്ട 'ജീന്‍' സിദ്ധാന്തം 1909-ല്‍ അതിന്റെ ആവിഷ്‌ക്കാരകനായ ഡാനിഷ് സസ്യശാസ്ത്രജ്ഞന്‍ വില്‍ഹെം ജൊഹാന്‍സെന്‍ അവതരിപ്പിക്കുമ്പോള്‍ നല്‍കിയ 'ജീനിനെ പദാര്‍ഥമായി കാണരുത്' എന്ന മുന്നറിയിപ്പ് ഇവിടെ പ്രത്യേകം പ്രസ്താവ്യമാണ്. ഈ മുന്നറിയിപ്പ് ഗൗനിക്കാതെ ശാസ്ത്ര ഗവേഷണഫലങ്ങളില്‍ നിന്നു കാര്യമായ സൂചനകള്‍ പോലുമില്ലാതെ 1950-കളില്‍ ഉടലെടുത്ത 'പദാര്‍ഥജീന്‍' അല്ലെങ്കില്‍ 'തന്മാത്രജീന്‍' (molecular gene) സിദ്ധാന്തം ഇന്ന് ഏറെ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുകയാണ്. അഭൗതിക പ്രതിഭാസമായ റൂഹിനോടു യോജിക്കാത്ത ആശയമാണ് പദാര്‍ഥജീന്‍. എന്നാല്‍ ജൊഹാന്‍സെന്റെ 'അഭൗതികജീന്‍' ഖുര്‍ആനോട് പൂര്‍ണമായും യോജിക്കുന്നതുമാണ്. പക്ഷേ, ശാസ്ത്ര സമൂഹത്തിലെ നിരീശ്വര വിഭാഗത്തിനു അഭൗതിക പ്രതിഭാസത്തെ അംഗീകരിക്കാനാവില്ല. ഖുര്‍ആന്‍ സൂക്തങ്ങളുടെ വെളിച്ചത്തില്‍ ജൈവ വിവരം (റൂഹ്) ഒരു അഭൗതിക പ്രതിഭാസമാണെന്ന് അംഗീകരിച്ചു കമ്പ്യൂട്ടര്‍ മാതൃകയില്‍ ജീവിയെ വിവരിക്കുന്നതിലൂടെ മാത്രമേ ജീവന്‍-മരണ പ്രതിഭാസങ്ങള്‍ ശാസ്ത്രീയമായി വിശദീകരിക്കാനാവുകയുള്ളൂവെന്ന് ബോധ്യപ്പെടേണ്ടിയിരിക്കുന്നു. അതുപോലെ 'റൂഹ്', 'നഫ്‌സ്' എന്നീ ഖുര്‍ആന്‍ പദങ്ങള്‍ എന്തിനെയാണ് സൂചിപ്പിക്കുന്നതെന്നും ഈ മാതൃക വ്യക്തമാക്കുന്നു. [email protected]

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം