Prabodhanm Weekly

Pages

Search

2011 ഏപ്രില്‍ 30

വോട്ടെണ്ണുംമുമ്പുള്ള വിശേഷങ്ങള്‍

കെ.എ ഫൈസല്‍

കേരളമോചനയാത്രയെന്ന പേരില്‍ ഉമ്മന്‍ചാണ്ടിയുടെ വണ്ടി എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ നാട്ടില്‍ നിന്നും ഉരുണ്ടുതുടങ്ങിയത് മുതലാണ് കേരളത്തില്‍ തെരഞ്ഞെടുപ്പ് കാലമായെന്ന് വോട്ടര്‍മാര്‍ക്ക് ബോധ്യമായത്. കേരള അസംബ്ലിയില്‍ ഒരു കസേര തരപ്പെടുത്താന്‍ ദശാബ്ദങ്ങളായി തപസ്സനുഷ്ഠിച്ചുപോരുന്ന ബി.ജെ.പിയും കേരളരക്ഷായാത്രയെന്ന പേരില്‍ പകുതി വാഹനത്തിലും ബാക്കി നടന്നുമുള്ള തെരഞ്ഞെടുപ്പ് റിയാലിറ്റി ഷോ ആരംഭിച്ചുകഴിഞ്ഞിരുന്നു. ഇടതുപക്ഷത്തിന്റെ സംഭാവനയായി രണ്ടു വികസനമുന്നേറ്റ ജാഥകളും നിരത്തിലിറങ്ങി. നമ്മുടെ ദേശീയപാതകള്‍ക്ക് നിലവിലുള്ള വീതി പോരെന്ന് രാഷ്ട്രീയപാര്‍ട്ടികള്‍ വാദിക്കുന്നതെന്തുകൊണ്ടാണെന്ന് മനസ്സിലാക്കാന്‍ പോന്നതായിരുന്നു ഈ ജാഥാ പ്രളയം. ഇവയുടെ നടുവിലേക്ക് ഏപ്രില്‍ 13-ന് തെരഞ്ഞെടുപ്പും മെയ് 13-ന് വോട്ടെണ്ണലുമായി തെരഞ്ഞടുപ്പ് വിജ്ഞാപനം കമീഷന്‍ പ്രഖ്യാപിച്ചു. ജാഥകള്‍ കേരളത്തില്‍ കേവലം ആചാരമെന്നല്ലാതെ കാര്യമായ ചലനങ്ങളൊന്നും സൃഷ്ടിച്ചില്ല. ഉമ്മന്‍ചാണ്ടിയുടെ ജാഥയിലെ അതികായനൊരാളെ ഇടമലയാര്‍ കേസില്‍ ഇടക്കുവെച്ചു പിടിച്ചു ജയിലിലിട്ടു. ഘടകകക്ഷിയിലെ മറ്റൊരു പ്രമുഖ നേതാവ് വാണിഭ വിവാദത്തിലായി. പാമൊലിന്‍ കേസിന്റെ അഴിമതി നിഴല്‍ ജാഥാനേതാവിലേക്കും പരന്നു. ഇടക്കു നിര്‍ത്തിയും വഴി വളഞ്ഞും ജാഥ തിരുവനന്തപുരത്തെത്തുമ്പോള്‍ ഈസിവാക്കോവറില്‍ നിന്നും യു.ഡി.എഫ് ക്യാമ്പ് ഒരു മത്സരമാവശ്യമാണ് എന്ന തിരിച്ചറിവിലെത്തിയിരുന്നു. ഈ തെരഞ്ഞെടുപ്പിന്റെ ശരീരഭാഷ പൊതുവെ യു.ഡി.എഫിന് അനുകൂലമായിട്ടാണ് അനുഭവപ്പെടുന്നത്. യു.ഡി.എഫ് ജനങ്ങളുടെ മുമ്പാകെ സമര്‍പ്പിച്ച ആശയങ്ങളുടെയും നയങ്ങളുടെയും നന്മ കൊണ്ടോ മേന്മ കൊണ്ടോ അല്ല അത്. നേതാക്കന്മാര്‍ വിശുദ്ധരായത് കൊണ്ട് അര്‍ഹതപ്പെടുന്നതുമല്ല ഈ അനുകൂലാവസ്ഥ. സൂക്ഷ്മ പരിശോധനയില്‍ യു.ഡി.എഫ് നയങ്ങള്‍ കേരളത്തെ ഏറെ പിറകോട്ടുനടത്തുന്നതാണുതാനും. യു.ഡി.എഫ് നേതാക്കന്മാര്‍ ഇത്ര കളങ്കിതരായ മറ്റൊരു സന്ദര്‍ഭവും അടുത്തകാലത്തൊന്നും കേരളത്തിലുണ്ടായിട്ടില്ല. അടുത്ത യു.ഡി.എഫ് ഉന്നതാധികാരസമിതി ജയിലില്‍ ചേരാമെന്ന് മുഖ്യമന്ത്രി വോട്ടര്‍മാര്‍ക്ക് ഒരു സൂചന നല്‍കുകയും ചെയ്തിരുന്നു. ഭരിക്കുന്നവര്‍ക്കെതിരായി വോട്ടുചെയ്യുകയെന്നതാണ് കേരളത്തിന്റെ പൊതുവെയുള്ള ശീലം. തെരഞ്ഞെടുപ്പിന് വിളിയാളം വരുന്നതിന് എത്രയോ മുമ്പ് തന്നെ മുഖ്യമന്ത്രിയാവാനും മന്ത്രിയാവാനും നേതാക്കള്‍ കുപ്പായം തുന്നിവെച്ചുകഴിഞ്ഞുവെന്നാണ് അവരുടെ മുഖഭാവങ്ങള്‍ വ്യക്തമാക്കുന്നത്. ഉദ്യോഗസ്ഥരുടെ നിറം സന്ദര്‍ഭാനുസാരം മാറിത്തുടങ്ങിയിട്ടുണ്ട്. ഇടനിലക്കാരും ഏജന്റുമാരും പുതിയ ഭരണവര്‍ഗത്തിന് വേണ്ടി പണമെറിഞ്ഞുകഴിഞ്ഞു. സര്‍ക്കുലേഷനില്‍ പരസ്പരം മത്സരിക്കുന്ന പാരമ്പര്യമുള്ള രണ്ടു പത്രങ്ങള്‍ ഈ വിഷയത്തില്‍ ഐക്യമുന്നണിയിലാണ്. ദൃശ്യമാധ്യമങ്ങളുടെ കഥ പറയാതിരിക്കുന്നതാണ് ഭേദം. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് ശേഷം ഇടതുപക്ഷം തെരഞ്ഞെടുപ്പിന് വേണ്ട മുന്നൊരുക്കങ്ങള്‍ നടത്തിയെന്നുവേണം കരുതാന്‍. എ.കെ.ജി പഠനഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ നടന്ന കേരളവികസനത്തെകുറിച്ചുള്ള അന്താരാഷ്ട്ര പഠനകോണ്‍ഗ്രസ് ഭാവിയെക്കുറിച്ച ഇടതുപക്ഷവീക്ഷണം അവതരിപ്പിക്കും വിധമായിരുന്നു സംഘടിപ്പിച്ചിരുന്നത്. നേതൃത്വത്തില്‍ സംഭവിച്ചുകൊണ്ടിരുന്ന ശീതസമരങ്ങള്‍ക്ക് ധൃതിയില്‍ വെടിനിര്‍ത്തലുണ്ടായി. മുന്നണിയിലെ പടലപിണക്കങ്ങളും പറഞ്ഞുതീര്‍ത്തിരുന്നു. ഭരണത്തിന്റെ നയവൈകല്യങ്ങള്‍ മൂലം ഇടഞ്ഞുനിന്നിരുന്ന ജനവിഭാഗങ്ങളുമായി സംസാരിക്കാന്‍ നേതൃത്വം സമയം ചെലവഴിച്ചു. ഹൈന്ദവനേതാക്കന്മാര്‍, സഭാനേതൃത്വം, മുസ്‌ലിം സമൂഹത്തിലെ രാഷ്ട്രീയ തീരുമാനമുള്ള വിഭാഗങ്ങള്‍ എന്നിവരുമായി ഉള്ളുതുറന്ന ചര്‍ച്ചകള്‍ നടത്തി. വിവിധ മതവിഭാഗങ്ങള്‍ക്ക് രാഷ്ട്രീയ പാര്‍ട്ടികളില്‍ മതിയായ സ്ഥാനം നല്‍കി. എങ്കിലും ഭരണത്തിലെ നയവൈകല്യങ്ങള്‍, നിര്‍ണായകമായ ഈ സന്ദര്‍ഭത്തില്‍ അവരെ വേട്ടയാടുക തന്നെ ചെയ്തിട്ടുണ്ട്. സി.പി.എമ്മില്‍ നിന്ന് വിവിധ കാരണങ്ങളാല്‍ മുന്നണി വിടേണ്ടിവന്ന ഘടകക്ഷി നേതാക്കന്മാര്‍, അവസരവാദസമീപനം സ്വീകരിച്ച് പാര്‍ട്ടി വിട്ട അവരുടെ നേതാക്കന്മാര്‍, സി.പി.എം മുറിവേല്‍പിച്ച സമരസംഘടനാ നായകര്‍, സമരസംഘടനകള്‍ എന്നിവര്‍ തുറന്നുവിട്ട ഭൂതം പാര്‍ട്ടിയെയും മുന്നണിയെയും വേട്ടയാടിയില്ലെങ്കിലേ അത്ഭുതമുള്ളൂ. മുറിവേല്‍പ്പിക്കുമ്പോള്‍ ഇവര്‍ ഒറ്റപ്പെട്ട വ്യക്തികളും ഗ്രൂപ്പുകളുമായിരിക്കാം. തെരഞ്ഞെടുപ്പന്തരീക്ഷം കനക്കുമ്പോഴാണ് ഇവര്‍ ഐക്യഭാവം പൂണ്ട് ഒരു സ്വത്വമായി മാറിയത്. അതിന്റെ വില ഇടതുപക്ഷമുന്നണി ഒടുക്കേണ്ടിവരുമെന്നാണ് മനസ്സിലാകുന്നത്. വിമോചനസമരകാലത്തെപ്പോലെതന്നെ മാധ്യമങ്ങള്‍ തീവ്രമായി പക്ഷംപിടിച്ചുവെന്നതാണ് ഈ തെരഞ്ഞെടുപ്പിന്റെ ഏറ്റവും അപകടകരമായ പ്രവണത. നിഷ്പക്ഷത മാധ്യമങ്ങളുടെ പരസ്യവാചകവും മുഖംമൂടിയും മാത്രമാണെന്ന് തെരഞ്ഞെടുപ്പ് വിശകലനങ്ങള്‍ മറയില്ലാതെ തെളിയിച്ചു. പണം വാങ്ങി വാര്‍ത്തയെഴുതുന്ന പ്രവണത കേരളത്തിലില്ലെന്ന് നെഞ്ചില്‍ കൈവെച്ചു പറയാന്‍ കഴിയാത്തവിധം വലത്തോട്ടുള്ള വളവ് പ്രകടമായിരുന്നു. ഒറ്റപ്പെട്ട പത്രങ്ങള്‍ മാത്രമാണ് അതിന് അപവാദമായി തലയുയര്‍ത്തി നിന്നത്. യു.ഡി.എഫും ബി.ജെ.പിയും തമ്മില്‍ ഈ തെരഞ്ഞെടുപ്പുകാലത്ത് പല കൂട്ടുകച്ചവടങ്ങളുമുണ്ടായിരുന്നുവെന്നത് പരസ്യമായ രഹസ്യമാണ്. യു.ഡി.എഫ് നേതാക്കന്മാര്‍ക്ക് വേണ്ടി ബി.ജെ.പി സ്ഥാനാര്‍ഥികള്‍ കളംമാറി ചവിട്ടിയ നിയോജകമണ്ഡലങ്ങള്‍ ധാരാളമുണ്ട്. ചില മാധ്യമപ്രവര്‍ത്തകര്‍ ഇക്കാര്യം വെളിച്ചത്തുകൊണ്ടുവരികയും ചെയ്തിട്ടുണ്ട്. പക്ഷേ, അവയൊന്നും നമ്മുടെ മുഖ്യധാരക്ക് ബ്രേക്കിംഗ്‌ന്യൂസാകാന്‍ മാത്രം വിലയുള്ളതായില്ല. എന്നാല്‍, ജമാഅത്തെ ഇസ്‌ലാമിയുടെ നേതാക്കന്മാരുമായി ആലപ്പുഴയില്‍ ദേശീയപാതയുടെ ഓരത്തെ ഗസ്റ്റ് ഹൗസില്‍ പട്ടാപ്പകല്‍ നടത്തിയ സംസാരം രഹസ്യചര്‍ച്ചയും തെരഞ്ഞെടുപ്പുധാരണയുമെന്ന മട്ടില്‍ അവതരിപ്പിക്കപ്പെടുകയുണ്ടായി. യു.ഡി.എഫ് നേതാവ് ജമാഅത്ത് ആസ്ഥാനത്ത് വന്ന് നടത്തിയ ചര്‍ച്ചയെക്കുറിച്ച് ബന്ധപ്പെട്ടവര്‍ അറിയിച്ചപ്പോള്‍ അത് സൗഹൃദസന്ദര്‍ശനം മാത്രമാണെന്നായിരുന്നു മാധ്യമവിദ്വാന്മാരുടെ വ്യാഖ്യാനം. രാഷ്ട്രീയചര്‍ച്ചയും സൗഹൃദസന്ദര്‍ശനവും തമ്മില്‍ എവിടെയാണ് വേര്‍തിരിയുന്നത് എന്ന അന്വേഷണത്തിന് മാധ്യമങ്ങളോട് ചോദ്യം പാടില്ലെന്നാണ് മറുപടി (അവര്‍ക്ക് ആരെയും ചോദ്യം ചെയ്യാം). തെരഞ്ഞെടുപ്പ്കാലത്ത് രാഷ്ട്രീയപരിണാമം സംഭവിച്ച സിന്ധുജോയിക്കുണ്ടായ വാര്‍ത്താമൂല്യം ജയാ ഡാളിക്കോ കെ.കെ രാമചന്ദ്രന്‍ മാസ്റ്റര്‍ക്കോ അനുവദിച്ചുകൊടുത്തില്ല. ഇടതുപക്ഷത്തുള്ളതിനേക്കാള്‍ അഭിപ്രായ വ്യത്യാസം മുന്നണിയെ ആരു നയിക്കണമെന്ന കാര്യത്തില്‍ ചെന്നിത്തലക്കും ചാണ്ടിക്കുമിടയിലുണ്ടെന്ന കാര്യം (മാധ്യമങ്ങളില്‍ വന്നില്ലെങ്കിലും)അങ്ങാടിപ്പാട്ടാണ്. ഫേസ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ ഇന്റര്‍നെറ്റ് സഹായത്തോടെയുള്ള നവവിവരമാധ്യമങ്ങള്‍, തുറന്നതും സുതാര്യവുമായ ചര്‍ച്ചകള്‍ നടത്തികൊണ്ടിരിക്കുമ്പോഴാണ് നമ്മുടെ മുഖ്യധാര മാധ്യമങ്ങള്‍ ഇത്ര ഒറ്റക്കണ്ണന്മാരായി പരിണമിക്കുന്നത്. മതം പൊതുജീവിതത്തിലപകടമാണെന്ന ചിന്താഗതിയടെ പ്രചാരണത്തിനും തെരഞ്ഞെടുപ്പുകാലം ഇന്ധനമേകി. മതവും രാഷ്ട്രവും പരസ്പരം സഹവസിക്കാത്ത രണ്ടറ്റങ്ങളില്‍ മാറ്റിനിര്‍ത്തപ്പെടണമെന്ന പ്രചാരണം തല്‍പ്പരകക്ഷികളുടെ തലയിലുദിച്ചതാണ്. മതത്തിന്റെയോ പ്രവാചകന്മാരുടെയോ ഗാന്ധിജിയടക്കമുള്ള രാഷ്ട്രീയ സാമൂഹികചിന്തകന്മാരുടെയോ പിന്തുണ ഈ കാഴ്ചപ്പാടിനില്ല. ദൈവത്തിനുള്ളത് ദൈവത്തിനും സീസറിനുള്ളത് സീസറിനുമെന്ന വാചകം യേശുവിനെകൊണ്ട് പറയിപ്പിച്ച പൗരോഹിത്യഭരണ അവിശുദ്ധമുന്നണിക്ക് തന്നെ അവകാശപ്പെട്ടതാണ് ഈ കാഴ്ചപ്പാടിന്റെ പേറ്റന്റ്. ജാതിയുടെയും വര്‍ഗീയതയുടെയും മാലിന്യം മതത്തിന്റെ മേല്‍ ചാര്‍ത്തിപ്പറഞ്ഞു അകറ്റിനിര്‍ത്തുന്ന രീതിയാണ് പൊതുവെ കാണപ്പെടുന്നത്. സത്യസന്ധത, ധാര്‍മികത, സദാചാരവിശുദ്ധി തുടങ്ങിയ മുല്യങ്ങള്‍ രാഷ്ട്രീയത്തില്‍ ആവശ്യമാണെന്ന് വിളിച്ചുപറയുന്നവര്‍ ഇന്ന് നിശ്ശബ്ദരാണ്. മതരാഷ്ട്രവിഭജനവാദികളുടെ കാര്യമായ ഫോക്കസ് ഇന്ന് മുസ്‌ലിം സമുദായമാണ്. കേരളത്തിലെ മുസ്‌ലിം രാഷ്ട്രീയ പാര്‍ട്ടിയുടെ സാന്നിധ്യമാണ് അതിന് പ്രചോദനം. ലീഗില്‍ പ്രവര്‍ത്തിക്കുന്ന മതപണ്ഡിതന്മാര്‍ മതസംഘടയുടെ വേദിയില്‍ നിന്ന് ഈ പ്രചാരണം വലിയ ശബ്ദത്തില്‍ ദൃശ്യസഹായികളുടെ സാന്നിധ്യത്തില്‍ വചനോത്സവങ്ങള്‍പോലെ സംഘടിപ്പിച്ചുവരികയാണ്. ഇസ്‌ലാമില്‍ രാഷ്ട്രീയമില്ലെന്നും രാഷ്ട്രീയത്തില്‍ ഇസ്‌ലാമില്ലെന്നുമാണ് അവരുടെ പ്രഭാഷണങ്ങളുടെ/പ്രബന്ധങ്ങളുടെ തലവാചകം. തല്‍ഫലമായി അഴിമതിക്കാരും പെണ്‍വാണിഭക്കാരും ക്രിമിനലുകളും മദ്യപാനികളും സമുദായത്തില്‍ പെരുകിവരുന്നു. മുസ്‌ലിം കേന്ദ്രങ്ങളെക്കുറിച്ചുള്ള സൂക്ഷ്മമായ പഠനങ്ങള്‍ ഈ സത്യം പുറത്തുകൊണ്ടുവരും. ദേശീയ മുസ്‌ലിംകളുടെ ഇടപെടലുകളും എടുത്തുപറയേണ്ടതാണ്. മുസ്‌ലിം സമൂഹത്തോട് ഊണിലും ഉറക്കിലും ദേഷ്യമുള്ളവര്‍ക്കാണ് ദേശീയ മുസ്‌ലിംകള്‍ എന്ന പദവി ലഭിക്കുന്നത്. സമുദായത്തിന്റെയും മതസംഘടനകളുടെയും വേദികളില്‍ ഇപ്പോള്‍ ദേശീയ മുസ്‌ലിംകള്‍ വാഴ്ത്തപ്പെട്ടവരാണ്. കാരശ്ശേരിയിലും ചേന്ദമംഗല്ലൂരിലും തലേക്കുന്നിലും ഇതിന് ശക്തമായ ബ്രാഞ്ചുകളുണ്ട്. മുസ്‌ലിം ലീഗിനെ മതരഹിതമായ ലീഗ് ആക്കി മാറ്റാന്‍ ആറ്റുനോറ്റുനടക്കുന്നവര്‍ ഏറെയുണ്ട്. ലീഗും സമുദായവും അവരുടെ കെണിയില്‍ വീഴുമോ അതോ അവരെ മറികടക്കുമോ എന്ന ചോദ്യം കൂടി ഈ തെരഞ്ഞെടുപ്പ് ഉയര്‍ത്തുന്നുണ്ട്. മെയ് 13-ന് ഫലം വരുമ്പോള്‍ യു.ഡി.എഫ് ജയിക്കുകയാണെങ്കില്‍ ചാണ്ടിയും ചെന്നിത്തലയും തമ്മില്‍ കീചകയുദ്ധം ആരംഭിക്കും. കംഫര്‍ട്ടായ മന്ത്രിക്കസേരക്ക് വേണ്ടിയുള്ള ഖദര്‍ധാരികളുടെ കൂട്ടയോട്ടവും നടക്കും. മൂന്നുമാസം കൊണ്ടുതന്നെ ജനത്തിന് ഭരണം മടുക്കും. വിരലിലെണ്ണാവുന്ന വിജയമാണെങ്കിലും പാലയുടെ മാണിക്യം മറുകണ്ടം ചാടും. വിജയം മറുപക്ഷത്താണെങ്കില്‍ ഭരണത്തെ ആരു നയിക്കുമെന്ന കാര്യത്തില്‍ വര്‍ഗസമരം ആരംഭിച്ചേക്കും. ആരു ജയിച്ചാലും ജയിക്കുന്നത് പാര്‍ട്ടിക്കാര്‍ മാത്രമായിരിക്കും. പരാജയമേറ്റുവാങ്ങുന്നത് ജനവും. അണ്ണാഹസാരയെപോലുള്ളവര്‍ ജന്തര്‍ മന്തറില്‍ നടത്തിയതുപോലുള്ള മുന്നേറ്റം രാഷ്ട്രീയത്തില്‍ ഏറ്റവും ആവശ്യമായ സന്ദര്‍ഭമാണിത്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം