Prabodhanm Weekly

Pages

Search

2011 ഏപ്രില്‍ 30

ഐ.ആര്‍.ഡബ്ല്യു പ്രഥമ ശുശ്രൂഷക്ക് അവസരമൊരുക്കണം

ഐ.ആര്‍.ഡബ്ല്യു പ്രഥമ ശുശ്രൂഷക്ക് അവസരമൊരുക്കണം -

- കേരളത്തില്‍ ദിനേന വാഹനാപകടങ്ങളില്‍ മരണപ്പെടുന്നവരുടെയും പരിക്കേല്‍ക്കുന്നവരുടെയും സംഖ്യ ക്രമാതീതമായി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. അത്യാഹിതങ്ങളില്‍ ഓടിക്കൂടുന്നവരുടെ ഇടപെടലുകള്‍ കൊണ്ട് ഒന്നുകില്‍ രക്ഷപ്പെടുകയോ അല്ലെങ്കില്‍ ജീവഹാനി സംഭവിക്കുകയോ ചെയ്യുന്നു. പലപ്പോഴും രക്ഷകരായി വരുന്നവരുടെ പരിചരണാജ്ഞത നിമിത്തം വാരിക്കൂട്ടി, വരുന്ന വണ്ടിയില്‍ കയറ്റുമ്പോള്‍ കൂടുതല്‍ ഗുരുതരമായ അവസ്ഥയിലേക്ക് അത്യാഹിതം സംഭവിച്ച വ്യക്തി എത്തിപ്പെടുന്നു. മാത്രമല്ല, മിക്കവാറും വാഹനങ്ങളിലും ഫസ്റ്റ് എയ്ഡ് ബോക്‌സുകള്‍ ശൂന്യമായിരിക്കും. ഈ അവസ്ഥയില്‍ ദേശീയ പാതകള്‍ കേന്ദ്രീകരിച്ചുകൊണ്ടുള്ള ഐ.ആര്‍.ഡബ്ല്യുവിന്റെ ഇടപെടലുകള്‍ക്ക് വലിയ പ്രസക്തിയുണ്ട്. ദേശീയ പാതയോരങ്ങളിലെ ഓട്ടോ, ടാക്‌സി, കയറ്റിറക്ക് തൊഴിലാളികള്‍ മിക്കവാറും സംഭവ സ്ഥലങ്ങളില്‍ ദൃക്‌സാക്ഷികളായിരിക്കും. ഇവരെയൊക്കെ ഉള്‍പ്പെടുത്തി ഐ.ആര്‍.ഡബ്ല്യുവിന്റെ തന്നെ വിദഗ്ധ വളണ്ടിയര്‍മാരുടെ സഹായത്തോടെ ബോധവത്കരണ പരിശീലന ക്ലാസ്സുകള്‍ സംഘടിപ്പിച്ച് ഓരോ പ്രദേശങ്ങളിലും കൂട്ടായ്മകള്‍ രൂപപ്പെടുത്തണം. അവക്ക് കീഴില്‍ ബ്ലഡ് ഡൊണേഴ്‌സ് ഫോറം കൂടി രൂപീകൃതമായാല്‍ ഏത് സമയവും നിരത്തുകളില്‍ സംഭവിക്കുന്ന അത്യാഹിതങ്ങളില്‍ ഈ കൂട്ടായ്മകളെ ഉപയോഗപ്പെടുത്താം. കേരളത്തില്‍ ഒട്ടുമിക്ക ജില്ലകളിലും ഐ.ആര്‍.ഡബ്ല്യുവിന്റെ തന്നെ ആംബുലന്‍സ് സംവിധാനങ്ങള്‍ പൊതു സമൂഹത്തിന് കൂടുതല്‍ ഉപകരിക്കുന്നതുമാക്കാം. ഓരോ പ്രദേശത്തുമുള്ള കൂട്ടായ്മകള്‍ക്ക് കീഴില്‍ പൂര്‍ണാര്‍ഥത്തിലുള്ള ഫസ്റ്റ് എയ്ഡ് ബോക്‌സുകള്‍ പൊതു ജനപങ്കാളിത്തത്തോടെ സ്ഥാപിക്കുകയാണെങ്കില്‍ അപ്രതീക്ഷിത സമയത്ത് സംഭവിക്കുന്ന അത്യാഹിതങ്ങളില്‍ പകച്ചു നില്‍ക്കുന്നത് ഒരു പരിധിവരെ ഒഴിവാക്കാനും ക്രിയാത്മകമായി ഇടപെടാനും സാധിക്കും. ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ സേവന വിഭാഗമായ ഐ.ആര്‍.ഡബ്ല്യുവിനെ സാധാരണ ജനങ്ങള്‍ക്ക് അടുത്തറിയാന്‍ ഉപകരിക്കുകയും ചെയ്യും. -

- റഷീദ് പാണാടന്‍, കളമശ്ശേരി -

- #### അപ്രായോഗികമോ? -

- 'ജമാഅത്ത് വിമര്‍ശനം, വിവാദമല്ല സംവാദമാണ് വേണ്ടത്' എന്ന തലക്കെട്ടില്‍ (ലക്കം 42) അഷ്‌റഫ് കടക്കല്‍ എഴുതിയ ലേഖനമാണ് ഇതെഴുതാന്‍ പ്രേരകം. 'ആധുനിക കേരളത്തില്‍ ഇസ്‌ലാമിന്റെ പ്രബോധന ദൗത്യം ഏറ്റവും ഭംഗിയായി നിര്‍വഹിച്ചത് ജമാഅത്തെ ഇസ്‌ലാമിയാണ് എന്ന കാര്യം ജമാഅത്ത് വിമര്‍ശകര്‍ പോലും സമ്മതിക്കുന്ന കാര്യമാണ്' എന്ന് അദ്ദേഹം എഴുതിക്കണ്ടു. അഖിലേന്ത്യാ തലത്തില്‍ വ്യവസ്ഥാപിതമായി പ്രബോധന പ്രവര്‍ത്തനം നടത്തിവരുന്ന ഒരു പ്രസ്ഥാനത്തെ കേരളത്തിലേക്ക് മാത്രമായി ചുരുക്കുന്നത് ശരിയായില്ല. ജമാഅത്തെ ഇസ്‌ലാമി സാമ്രാജ്യത്വ വിരുദ്ധ ധാരയുടെ തുടര്‍ച്ചയാവുന്നതും അദ്ദേഹം സമ്മതിക്കുന്നില്ല. വര്‍ത്തമാനകാലത്തെ സാമ്രാജ്യത്വ തേരോട്ടങ്ങളെ ഇസ്‌ലാമിക ഭൂമികയില്‍ നിന്ന് എതിരിടുമ്പോള്‍ അത് സാമ്രാജ്യത്വ വിരുദ്ധ ധാരയുടെ ഭാഗമാവുന്നത് സ്വാഭാവികം. അതേസമയം മുസ്‌ലിം ലീഗ് ഒരു കാലത്തും സാമ്രാജ്യത്വ വിരുദ്ധ ധാരയുടെ ഭാഗമായി നിലകൊണ്ടിട്ടില്ല എന്നത് അതിന്റെ ഭൂതവും വര്‍ത്തമാനവും പരിശോധിച്ചാല്‍ മനസ്സിലാകും. ധാക്കയില്‍ രൂപം കൊണ്ട മുസ്‌ലിം ലീഗ് രാഷ്ട്രീയമായി മുസ്‌ലിം സമൂഹത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുക എന്ന ഏക അജണ്ടക്കാണ് ബ്രിട്ടീഷ് ഇന്ത്യയില്‍ പ്രാമുഖ്യം നല്‍കിയത്. 1906-ല്‍ രൂപം കൊണ്ട മുസ്‌ലിം ലീഗിന്റെ തുടര്‍ച്ചയാണ് മലബാര്‍ ലീഗും എന്ന് മര്‍ഹൂം റഹീം മേച്ചേരി മുസ്‌ലിം നവോത്ഥാന ചരിത്രം, പ്രബോധനം സ്‌പെഷ്യല്‍ പതിപ്പില്‍ അടയാളപ്പെടുത്തുന്നു (പേജ് 91). ജമാഅത്തിന്റെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് പരീക്ഷണം കേരള രാഷ്ട്രീയത്തില്‍ അപ്രായോഗികമാണ് എന്ന് ലേഖകന്‍ വിലയിരുത്തുന്നുണ്ട്. ഒരു സംഘടിത രാഷ്ട്രീയ ശക്തിയായി സ്വന്തം കാലില്‍ നില്‍ക്കാന്‍ കേരള മുസ്‌ലിംകളെ പ്രാപ്തമാക്കിയതില്‍ മുസ്‌ലിം ലീഗിന്റെ സംഭാവന കനപ്പെട്ടതാണെന്നും ജമാഅത്തിന്റെ രാഷ്ട്രീയ പ്രവേശം ഈ കെട്ടുറപ്പിന് ഭംഗമുണ്ടാക്കുമെന്നും, പകരം കേരളത്തെ മാറ്റിനിര്‍ത്തി ദേശീയതലത്തില്‍ ന്യൂനപക്ഷ പ്രാമുഖ്യമുള്ള ഒരു ദേശീയ ഐക്യമുന്നണി കെട്ടിപ്പടുക്കണമെന്നും നിര്‍ദേശിക്കുന്ന ലേഖകന്റെ ഇസ്‌ലാമിക പ്രസ്ഥാനത്തെ സംബന്ധിച്ച കാഴ്ചപ്പാട് ഉപരിപ്ലവമായിപ്പോയോ? -

- കെ. മുസ്ത്വഫ കമാല്‍ മുന്നിയൂര്‍, ജിദ്ദ -

- #### പ്രകൃതിദുരന്തങ്ങളിലെ പാഠം -

- പുരോഗതിയുടെ ഉത്തുംഗതയില്‍ മനുഷ്യന്‍ എത്തി എന്ന് ഗര്‍വ് നടിക്കുന്ന ആധുനിക യുഗത്തില്‍ മനുഷ്യരറിയാതെ അവരുടെ മേല്‍ പതിക്കുന്ന വിപത്തുകള്‍ പ്രതിരോധിക്കാനാകാതെ, നഷ്ടങ്ങള്‍ നോക്കി വിലപിക്കാന്‍ മാത്രം മനുഷ്യര്‍ നിസ്സഹായരാകുമ്പോള്‍, ഒരുക്കൂട്ടി വെച്ച സുരക്ഷാ സംവിധാനങ്ങളുടെ അപര്യാപ്തത എത്രത്തോളമാണെന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു. സ്വാര്‍ഥത കൈമുതലാക്കിയ മനുഷ്യന്‍ ഭൂമിയുടെ അസ്തിവാരം തന്നെ തോണ്ടി തന്റെ ഐഹികം വിപുലപ്പെടുത്തുമ്പോള്‍, പലരൂപത്തിലും പ്രകൃതി പ്രതികരിക്കാറുണ്ട്. കഴിഞ്ഞ മാര്‍ച്ച് 11-ന് ജപ്പാനെ ഉലച്ച ഭൂകമ്പവും സൂനാമിയും നമുക്ക് ഒരുപാട് പാഠങ്ങള്‍ നല്‍കുന്നുണ്ട്. ഭൂകമ്പ സാധ്യത വളരെയേറെ ഉള്ളതുകൊണ്ടുതന്നെ, ഭദ്രമായ സുരക്ഷാ സംവിധാനങ്ങള്‍ അവര്‍ ഒരുക്കിയിരുന്നു. എന്നിട്ടും കുറഞ്ഞ സമയം കൊണ്ട് സൂനാമി പതിനായിരങ്ങളുടെ ജീവനപഹരിക്കുകയും കോടികളുടെ നാശനഷ്ടങ്ങള്‍ വരുത്തുകയും ചെയ്തു. തലമുറകള്‍ക്കു വേണ്ടി സംവിധാനിച്ച ഭൂമിയെ ഏതെങ്കിലും ഒരു വിഭാഗം ചൂഷണം ചെയ്യാന്‍ ശ്രമിച്ചാല്‍ പ്രകൃതി പ്രതികരിക്കുമെന്നുള്ളത് ചരിത്ര സത്യമാണ്. പുരോഗതിയുടെയും സുരക്ഷയുടെയും കാര്യങ്ങള്‍ എത്ര ഭദ്രമായാലും മനുഷ്യരുടെ മേല്‍ പതിക്കുന്ന ദുരന്തങ്ങളെ പ്രതിരോധിക്കാന്‍ അവക്ക് കഴിയില്ലെന്ന വസ്തുത ഇതില്‍ നിന്ന് മനസ്സിലാകുന്നു. ദുരന്ത സാധ്യതകള്‍ എത്ര കുറഞ്ഞ മേഖലയാണെങ്കിലും ദൈവ തീരുമാനം നടപ്പാക്കുന്നതില്‍ അതൊരു തടസ്സമാകുന്നില്ല. ഇതുപോലുള്ള ധാരാളം സംഭവങ്ങള്‍ ദൈവം നമുക്ക് വിവരിച്ചു തന്നിട്ടുണ്ട്. സെന്‍ഡായ ദ്വീപില്‍ രൂപപ്പെട്ട ഭൂചലനത്തെ തുടര്‍ന്നുണ്ടായ സൂനാമിത്തിരമാലകള്‍ ഒരു ജനതയുടെ സ്വപ്നങ്ങള്‍ പാടെ തകര്‍ത്തിരിക്കുന്നു. കേടുപാടുകള്‍ സംഭവിച്ച ആണവ റിയാക്ടറുകളുടെ സുരക്ഷ ഇനിയും ഉറപ്പുവരുത്തിയിട്ടില്ല. നാശനഷ്ടങ്ങളുടെ തോത് കണക്കുകള്‍ക്കും അപ്പുറമാണ്. എല്ലാം നഷ്ടപ്പെട്ട ഒരുപാട് ജനങ്ങള്‍ ഇന്നും അഭയാര്‍ഥി ക്യാമ്പുകളിലാണ്. ഏത് ചെയ്തിയുടെ ഫലമായാണവര്‍ അനുഭവിക്കുന്നത് എന്ന് നമുക്കറിഞ്ഞുകൂടാ. അതിന് ശാസ്ത്രം എന്തൊക്കെ ന്യായങ്ങള്‍ നിരത്തിയാലും അതിനുമപ്പുറത്തെ ആത്മീയമായും ധാര്‍മികമായും സംഭവിച്ച അധഃപതനത്തിന്റെ പരിണതിയായി ഇതിനെ നോക്കിക്കാണാന്‍ ദൈവവിശ്വാസമുള്ളവര്‍ക്ക് സാധിക്കും. -

- ബി. നിഹാസ്, ആലിയ അറബിക് കോളേജ് കാസര്‍കോട് -

- #### എന്തിനുവേണ്ടി അവര്‍ കൊല്ലപ്പെട്ടു? -

- നാദാപുരം സംഭവത്തെ ആസ്പദമാക്കി ടി. മുഹമ്മദ് വേളം എഴുതിയ ലേഖനം (ലക്കം 40) വായിച്ചു. ഗള്‍ഫ് കൊണ്ട് അനുഗൃഹീതമായ പ്രദേശങ്ങളിലൊന്നാണ് നാദാപുരം. അവിടത്തെ മിക്ക മുസ്‌ലിം വീടുകളില്‍നിന്നും ഒന്നിലധികം പേര്‍ വിദേശത്തായിരിക്കും. രണ്ട് പ്രബല സമുദായമാണുള്ളത്- മുസ്‌ലിംകളും ഹിന്ദുക്കളും. ഹിന്ദുക്കളില്‍ തിയ്യ വിഭാഗത്തില്‍ പെട്ടവരാണധികവും. ജമാഅത്തെ ഇസ്‌ലാമിക്കാരും മുജാഹിദുകളുമുണ്ടെങ്കിലും സുന്നികളാണധികവും. അവരില്‍ തന്നെ 'സമസ്താന' വിഭാഗക്കാരുമുണ്ട്. ചരിത്ര പ്രസിദ്ധമായ പഴയ പള്ളിയെപ്പറ്റി കേള്‍ക്കാത്തവരുണ്ടാകില്ല. 'ഓര്‍' എന്ന പേരിലറിയപ്പെടുന്ന കീഴന ഉസ്താദിനെപ്പറ്റിയും കേട്ടിരിക്കും. ജമാഅത്തെ ഇസ്‌ലാമിയുടെ നേതാവും പണ്ഡിതനുമായ കെ. മൊയ്തു മൗലവിയുടെ ഗുരുവും കൂടിയാണ് കീഴന ഉസ്താദ്. യാദൃഛികമായി ഒരു നിക്കാഹിന് ശിഷ്യനും ഗുരുവും തമ്മില്‍ കണ്ടുമുട്ടാനിടയായി. നിക്കാഹ് കര്‍മത്തിന് നേതൃത്വം നല്‍കാന്‍ ഗുരുവിനോട് ശിഷ്യന്‍ വിനീതമായി ആവശ്യപ്പെട്ടു. 'അത് നീ തന്നെ നടത്തിയാല്‍ മതി'യെന്നായിരുന്നു ഗുരുവിന്റെ മറുപടി. ഈ പ്രദേശത്താണ് മുജാഹിദും എ.പി സുന്നിയും വാദപ്രതിവാദം നടത്തിക്കൊണ്ടിരിക്കുന്നത്. സഭ്യതയുടെ എല്ലാ സീമകളും ലംഘിച്ചുകൊണ്ടുള്ള ഇരുകൂട്ടരുടെയും വാദപ്രതിവാദങ്ങള്‍ ശബ്ദമലിനീകരണം മാത്രമല്ല സൃഷ്ടിക്കുന്നത്, സംസ്‌കാര സമ്പന്നമായ ഇസ്‌ലാമിനെ മറ്റുള്ളവരുടെ ഇടയില്‍ ഇകഴ്ത്തി കാണിക്കാനും കാരണമാകുന്നു. നാദാപുരത്തെ മുസ്‌ലിംകളില്‍ ആഡംബരവും ധൂര്‍ത്തും വ്യാപകമാണ്. ആശുപത്രിയിലോ മരണവീടുകളിലോ പോകുമ്പോഴും ദേഹമാസകലം സ്വര്‍ണമണിഞ്ഞാണ് സ്ത്രീകള്‍ പോകാറ്. യുവതികള്‍ മാത്രമല്ല പ്രായമായവരും ഇങ്ങനെ തന്നെയാണ്. നാദാപുരം ഭാഗത്ത് നടക്കുന്ന കല്യാണത്തിനോ സല്‍ക്കാരത്തിനോ പങ്കെടുത്തവര്‍ക്ക് ഇക്കാര്യം ബോധ്യമാകും. സന്ധ്യ മയങ്ങിയാല്‍ നാദാപുരം, മൊകേരി, കല്ലാച്ചി, വളയം തുടങ്ങിയ ഭാഗങ്ങളിലേക്ക് യാത്ര ചെയ്യാന്‍ മടിക്കുന്നവര്‍ ധാരാളം. എപ്പോഴാണ് പ്രശ്‌നങ്ങള്‍ക്ക് തിരികൊളുത്തുക എന്നറിയില്ല. എവിടെയെങ്കിലും വെച്ചുണ്ടാകുന്ന ചെറിയ പ്രശ്‌നം ഞൊടിയിടയില്‍ കാട്ടുതീ പോലെ പടരുന്നു. അഭ്യൂഹങ്ങള്‍ പരക്കുന്നു. തുടര്‍ന്നുണ്ടാകുന്ന കുഴപ്പങ്ങളില്‍ നിരപരാധികളാണ് കുടുങ്ങാറ്. അങ്ങോട്ട് യാത്ര ചെയ്ത് തിരിച്ച് ഇങ്ങോട്ട് യാത്ര ചെയ്യുന്നതിനിടയിലായിരിക്കും കുഴപ്പങ്ങള്‍ തുടങ്ങിയിട്ടുണ്ടാവുക. ഒന്നുമറിയാത്ത യാത്രക്കാരെ ബസ്സില്‍ നിന്നും മറ്റും പിടിച്ചിറക്കി അടിക്കുകയും വെട്ടുകയും ചെയ്യുന്നു. സ്വന്തം നിലനില്‍പിനും രാഷ്ട്രീയ ലാഭത്തിനും വേണ്ടി ചെറുപ്പക്കാരെ കുരുതിക്കൊടുക്കുകയാണ് ഇവിടത്തെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍. ബോംബ് സ്‌ഫോടനത്തില്‍ മരിക്കാനിടയായ ചെറുപ്പക്കാരില്‍ കല്യാണം കഴിഞ്ഞ് ഒരാഴ്ച മാത്രമായവരുണ്ട്. ഇവരൊന്നും സ്വമേധയാ നാശത്തിലേക്ക് എടുത്ത് ചാടിയവരല്ല. ആര്‍ക്കോ വേണ്ടി ആരുടെയോ പ്രേരണക്കിരയാവുകയായിരുന്നു. പാര്‍ട്ടിയുടെ ഇമേജ് തകരാതിരിക്കാന്‍ മരിച്ചവരെ നിഷ്‌കരുണം തള്ളിപ്പറഞ്ഞു. എന്തിനു വേണ്ടി കുഴിച്ച് മൂടപ്പെട്ടുവെന്ന് ജാഹിലിയ്യാ കാലത്തെ പെണ്‍കിടാങ്ങള്‍ ചോദിക്കുമെന്ന് ഖുര്‍ആന്‍ പറയുന്നു. ഈ ചെറുപ്പക്കാരും എന്തിനു വേണ്ടിയായിരുന്നു ഞങ്ങളെ കുരുതി കൊടുത്തതെന്ന് ചോദിക്കുന്ന ദിവസം വരാതിരിക്കില്ല. അതിന് അവരുടെ നേതൃത്വം സമാധാനം പറയേണ്ടിവരും. ഇവിടെ വെച്ച്, അല്ലെങ്കില്‍ പരലോകത്ത് വെച്ചെങ്കിലും, തീര്‍ച്ച. -

- ജമാലുദ്ദീന്‍ പാലേരി -

-

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം