Prabodhanm Weekly

Pages

Search

2011 ഏപ്രില്‍ 30

ചരിത്രമുറങ്ങുന്ന ഇസ്ഫഹാനില്‍

ബിശ്‌റുദ്ദീന്‍ ശര്‍ഖി

ഇറാനിലുടനീളം കാരവന് ആവേശോജ്ജ്വലമായ വരവേല്‍പാണ് ലഭിച്ചത്. കിര്‍മാനിലെയും യസ്ദിലെയും സന്ദര്‍ശന ശേഷം ഞങ്ങളെത്തിയത് മനോഹരമായ ഇസ്ഫഹാന്‍ നഗരത്തിലാണ്. ഒരുകാലത്ത് ലോകത്തെ ഏറ്റവും വലിയ പട്ടണങ്ങളിലൊന്നായിരുന്നു ഇസ്ഫഹാന്‍. 16-ാം ശതകത്തില്‍ സഫവികളുടെ തലസ്ഥാനമായിരുന്നു അത്. ഇസ്‌ലാമിക വാസ്തുകലയുടെ ഉത്തമ മാതൃകകള്‍ ഇസ്ഫഹാനിലെ കെട്ടിടങ്ങലിലെല്ലാം നമുക്ക് കാണാം. 'ഇസ്ഫഹാന്‍ നിസ്‌ഫേ ജഹാന്‍ അസ്ത്...' എന്നൊരു പേര്‍ഷ്യന്‍ ചൊല്ലുണ്ട്. ലോകത്തിന്റെ പകുതിയാണ് ഇസ്ഫഹാന്‍ നഗരം എന്നാണ് അര്‍ഥം. ചരിത്രവും സംസ്‌കാരവും കലയും വാസ്തുവും ഒക്കെ ഇതള്‍ വിരിഞ്ഞു നില്‍ക്കുന്നത് കാണാം ഇസ്ഫഹാനിലെ ഓരോ തെരുവിലും. യുനെസ്‌കോ ലോക പൈതൃക സ്ഥലമായി പ്രഖ്യാപിച്ചിട്ടുണ്ട് ഇസ്ഫഹാന്‍ നഗരത്തെ. 16-ാം നൂറ്റാണ്ടില്‍ നിര്‍മിതമായ നഖ്‌ഷെ ജഹാന്‍ സ്‌ക്വയര്‍- ഇമാം സ്‌ക്വയര്‍ എന്നും അതറിയപ്പെടുന്നു- ഞങ്ങള്‍ സന്ദര്‍ശിക്കുകയുണ്ടായി. വളരെ വിശാലമായ ഒരു ചത്വരമാണത്. പള്ളിയും കച്ചവട സ്ഥാപനങ്ങളും ചില ഓഫീസുകളും ഈ ചത്വരത്തിന്റെ ചുറ്റുമുള്ള കെട്ടിട സമുച്ചയത്തിലുണ്ട്. നടുവില്‍ മനോഹരമായ പൂന്തോട്ടങ്ങളും ജലധാരകളും ചത്വരത്തിന് വര്‍ണശോഭയേകുന്നു. ചത്വരത്തിന്റെ തൊട്ടടുത്തുതന്നെ പ്രസിദ്ധമായ അലി ഖാപു കൊട്ടാരം സ്ഥിതി ചെയ്യുന്നുണ്ട്. സംഘാംഗങ്ങള്‍ കൊട്ടാരവും ചുറ്റിനടന്ന് കാണുകയുണ്ടായി. സമയക്കുറവ് മൂലം ഈ രണ്ട് സ്ഥലങ്ങള്‍ മാത്രമേ ഞങ്ങള്‍ക്ക് കാണാന്‍ കഴിഞ്ഞുള്ളൂ. വിനോദ സഞ്ചാര പ്രാധാന്യമുള്ള വേറെയും ഒട്ടനവധി സ്ഥലങ്ങള്‍ ഇസ്ഫഹാനിലുണ്ട്. ഇസ്ഫഹാന്റെ ചരിത്രവും സംസ്‌കാരവും നഗര സൗന്ദര്യവും വിശദമാക്കുന്ന ലഘുപുസ്തകങ്ങളും സിഡികളും ആതിഥേയര്‍ ഞങ്ങള്‍ക്ക് തന്നു. ഇസ്ഫഹാനിലും വ്യത്യസ്തമായ പരിപാടികള്‍ ഞങ്ങളെ സ്വീകരിക്കുന്നതിനു വേണ്ടി തയാറാക്കിയിട്ടുണ്ടായിരുന്നു. ഫിറോസ്മീത്തിബോര്‍പാലക്ക് പുറമെ ഡോ. സുരേഷ് ഖൈര്‍നാര്‍, സന്ദീപ് പാണ്ഡേ, അസിം റോയി, സപന്‍ ഗാംഗുലി തുടങ്ങിയവര്‍ പരിപാടികളില്‍ കാരവന്റെ ഭാഗത്തുനിന്ന് സംസാരിച്ചു. ഇസ്ഫഹാനിലെ പരിപാടിയില്‍ ജൂത പൗരന്മാരും പങ്കെടുത്തത് കാരവന്‍ അംഗങ്ങള്‍ക്ക് വലിയ കൗതുകമുണ്ടാക്കിയ കാര്യമായിരുന്നു. ഇറാന്‍ പാര്‍ലമെന്റിലെ ജൂത എം.പി ഡോ. സായി മാക്മൂര്‍ സെഡേഘ് ഇതില്‍ സംബന്ധിച്ചിരുന്നു. മനുഷ്യാവകാശ ധ്വംസനങ്ങള്‍ ആര് നടത്തിയാലും അതിനെ എല്ലാവരും ഒത്തൊരുമിച്ച് ചെറുക്കണമെന്ന് അദ്ദേഹം ഏഷ്യാ ടു ഗസ്സ കാരവന് ആശംസകളര്‍പ്പിച്ചുകൊണ്ട് പറഞ്ഞു. ഇന്ത്യന്‍ സംഘത്തിലെ പത്രപ്രവര്‍ത്തകരുടെ ആവശ്യപ്രകാരം അദ്ദേഹവുമായി ഒരു അഭിമുഖം പരിപാടിക്ക് ശേഷം നടക്കുകയുണ്ടായി. ഇറാനില്‍ ജൂത ന്യൂനപക്ഷത്തിന് ഉയര്‍ന്ന പരിഗണന ലഭിക്കുന്നതായി അദ്ദേഹം പറഞ്ഞു. ജൂതമതവിശ്വാസികള്‍ക്ക് പാര്‍ലമെന്റില്‍ ഒരു സീറ്റ് സംവരണമുണ്ട് ഇറാനില്‍. അര്‍മേനിയന്‍ ക്രിസ്ത്യാനികള്‍ക്ക് രണ്ട്, അസരികള്‍ക്ക് ഒന്ന്, സൊരാഷ്ട്രിയന്മാര്‍ക്ക് ഒന്ന് എന്നിങ്ങനെയാണ് ഇറാന്‍ പാര്‍ലമെന്റിലെ ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ക്കുള്ള സംവരണത്തോത്. ഏറ്റവും ആവേശകരമായ സ്വീകരണം ലഭിച്ച സ്ഥലം ഇറാന്റെ സാംസ്‌കാരിക വൈജ്ഞാനിക തലസ്ഥാനം എന്നു വിശേഷിപ്പിക്കാവുന്ന 'ഖും' നഗരമാണ്. ഖും നദിക്കരയിലുള്ള മനോഹരമായ നഗരത്തില്‍ എത്തിയപ്പോള്‍ അര്‍ധരാത്രി കഴിഞ്ഞിരുന്നു. നഗരാതിര്‍ത്തിയില്‍ നിന്നു തന്നെ കാറുകളും ബൈക്കുകളും സൈക്കിളുകളും അടങ്ങുന്ന വന്‍ വാഹനവ്യൂഹം മുന്നിലും പിന്നിലുമായി ഞങ്ങള്‍ക്ക് അകമ്പടി ചേര്‍ന്നിരുന്നു. മൈനസ് ഡിഗ്രി തണുപ്പിലും ഇരമ്പി വന്നെത്തിയ ജനക്കൂട്ടത്തിന്റെ ആവേശോഷ്മളമായ വികാര പ്രകടനങ്ങള്‍ കാരണം ഞങ്ങള്‍ക്ക് വാഹനത്തില്‍ നിന്നിറങ്ങാനും ഇറങ്ങിയവര്‍ക്ക് സ്വീകരണ സ്ഥലത്തേക്ക് നീങ്ങാനും പ്രയാസം നേരിട്ടു. വാഹനത്തില്‍ നിന്നിറങ്ങിയ ഓരോ വളണ്ടിയറെയും ജനക്കൂട്ടം ആലിംഗനം ചെയ്തു. 'അല്‍മൗത്ത് അല്‍ മൗത്ത് അല്‍ മൗത്ത് ലി ഇസ്രയേല്‍' എന്ന് അന്തരീക്ഷം വിറപ്പിച്ച് ഉയര്‍ന്ന ഇസ്രയേല്‍ വിരുദ്ധ മുദ്രാവാക്യങ്ങള്‍, ഹമാസ്-ഹിസ്ബുല്ല പാര്‍ട്ടികളുടെ കൊടികളുമായി ആവേശം വീശുന്ന ചെറുപ്പക്കാര്‍, കണ്ണീര്‍ തൂകി വിജയചിഹ്നം ഉയര്‍ത്തിക്കാണിക്കുന്ന വനിതകള്‍, ഓരോ വളണ്ടിയറെയും അടുത്ത് വിളിച്ച് അഭിമുഖം തയാറാക്കാന്‍ മത്സരിക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍... വികാരം അടക്കാനാവാതെ കാരവന്‍ അംഗങ്ങളില്‍ പലരും കണ്ണീര്‍ വാര്‍ത്തു. ധാരാളം മതവിദ്യാര്‍ഥികളും പരിപാടികളില്‍ സംബന്ധിക്കാന്‍ എത്തിയിരുന്നു. 50-ഓളം വലിയ മതപഠനകേന്ദ്രങ്ങളുണ്ട് ഖും നഗരത്തില്‍. ഇറാനിലെ ശീഈ പണ്ഡിതരില്‍ ബഹുഭൂരിഭാഗവും താമസിക്കുന്നത് ഖുമ്മിലാണ്. ഇമാം ഖുമൈനിയുടെ പ്രവര്‍ത്തനങ്ങള്‍ പ്രധാനമായും കേന്ദ്രീകരിച്ചിരുന്നത് ഈ നഗരത്തില്‍ തന്നെയാണ്. ഖുമ്മിലെത്തിയപ്പോഴേക്കും കാരവനില്‍ എത്തിച്ചേരേണ്ട എല്ലാ രാജ്യക്കാരും എത്തിക്കഴിഞ്ഞിരുന്നു. പാകിസ്താനില്‍ നിന്നുള്ള രണ്ട് ലേബര്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ അലി ഖാനും ആദം പാലും റോഡുമാര്‍ഗമാണ് വന്നത്. അലി ഖാന്‍ മുഴുസമയ പാര്‍ട്ടി പ്രവര്‍ത്തകനാണ്. ആദം പാല്‍ ഗവേഷക വിദ്യാര്‍ഥിയും. മലേഷ്യയില്‍ നിന്നുള്ള സംഘത്തെ നയിച്ചിരുന്നത് നൂര്‍ അസ്‌ലി ആണ്. ഇസ്‌ലാമിക പ്രസ്ഥാന പ്രവര്‍ത്തകനായ അദ്ദേഹം മലേഷ്യയില്‍ ഒരു തവണ അസംബ്ലിയിലേക്ക് മത്സരിച്ചിട്ടുണ്ട്. അഞ്ചു പേരാണ് മലേഷ്യന്‍ സംഘത്തിലുണ്ടായിരുന്നത്. ഇര്‍മാന്‍ അബ്ദുര്‍റഹ്മാന്‍ എന്ന ചെറുപ്പക്കാരന്റെ നേതൃത്വത്തിലാണ് ഇന്തോനേഷ്യയിലെ പ്രവര്‍ത്തകര്‍ എത്തിയത്. സ്ത്രീകളടക്കം പത്തു പതിനഞ്ച് പേരുണ്ടായിരുന്നു അവര്‍. ഫലസ്ത്വീന്‍ ഐക്യദാര്‍ഢ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി രൂപീകരിച്ചിട്ടുള്ള എന്‍.ജി.ഒയുടെ മുഴുസമയ പ്രവര്‍ത്തകനാണ് ഇര്‍മാന്‍ അബ്ദുര്‍റഹ്മാന്‍. മാധ്യമ പ്രവര്‍ത്തകര്‍, കലാകാരന്മാര്‍, യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥികള്‍ തുടങ്ങി വിവിധ തരക്കാരുണ്ടായിരുന്നു ഇന്തോനേഷ്യന്‍ സംഘത്തില്‍. മാവി മര്‍മറ കപ്പലില്‍ സഞ്ചരിച്ചിരുന്ന ഇന്തോനേഷ്യക്കാരന്‍ മുസ്ത്വഫ അദ്ദേഹത്തിന്റെ അനുഭവ സമ്പത്തുകൊണ്ട് കാരവന് ഒരു മുതല്‍ക്കൂട്ടായി മാറുകയുണ്ടായി. ഇന്തോനേഷ്യയിലെ പ്രശസ്തമായ 'ചാനല്‍ വണ്‍' എന്ന വാര്‍ത്താ ചാനലിന്റെ ലേഖിക, അന്ന ഡിയോര്‍ കാരവന്‍ പൂര്‍ണമായി റിപ്പോര്‍ട്ട് ചെയ്യാനുള്ള തയാറെടുപ്പുകളോടെ കൂടെയുണ്ടായിരുന്നു. അസര്‍ബൈജാനില്‍ നിന്ന് മുന്‍ സൈനിക കമാന്റോ ഹാകിം അലി സാദേഹ് മാത്രമാണ് വന്നിരുന്നത്. വിവിധ മനുഷ്യാവകാശ സംഘങ്ങളില്‍ സജീവമാണ് അദ്ദേഹം. അഫ്ഗാനിസ്താനില്‍ വിദ്യാര്‍ഥിയായ അബ്ദുര്‍റഹ്മാന്‍ കാസിം കരമാര്‍ഗം യാത്ര ചെയ്ത് കാരവനില്‍ ചേര്‍ന്നു. വിവിധ രാജ്യക്കാരും വിവിധ സാംസ്‌കാരിക രാഷ്ട്രീയ പശ്ചാത്തലങ്ങളില്‍ നിന്ന് വരുന്നവരുമായ ഞങ്ങളുടെ സംഘം ഒത്തൊരുമയോടെ പ്രവര്‍ത്തിച്ചു. എല്ലാവരും അവരവരുടെ പ്രവര്‍ത്തനങ്ങളും ആശയങ്ങളും പരസ്പരം പങ്കുവെക്കുകയും മറ്റുള്ളവരില്‍നിന്ന് പഠിക്കാനും ഉള്‍ക്കൊള്ളാനും അത്യധികമായ ആവേശം കാണിക്കുകയും ചെയ്തു. വിവിധ ഭാഷകളിലുള്ള മുദ്രാവാക്യങ്ങളും പ്രഭാഷണങ്ങളും കൗതുകകരമായ ഒരനുഭവം തന്നെയായിരുന്നു. ഇംഗ്ലീഷിനു പുറമെ, അറബി, പേര്‍ഷ്യന്‍, ഹിന്ദി, ഉര്‍ദു, സംസ്‌കൃതം, അസരി, അഫ്ഗാനി, മലായ തുടങ്ങിയ ഭാഷകളില്‍ സംഘാംഗങ്ങള്‍ സാമ്രാജ്യത്വ സയണിസത്തിന് എതിരായും ഫലസ്ത്വീന്‍ ജനതക്ക് അനുകൂലമായും മുദ്രാവാക്യങ്ങള്‍ വിളിച്ചു. ആലുവയിലെ ബഷീറും അങ്കമാലിയിലെ, പി.ഡി.ആര്‍ എന്നു വിളിപ്പേരുള്ള പിഷാരടിച്ചേട്ടനും ഇറാന്‍ നഗരങ്ങളില്‍ മലയാളത്തില്‍ സാമ്രാജ്യത്വ വിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിച്ചുപറഞ്ഞു. ഇറാനികളും ഇന്ത്യന്‍ സംഘത്തിലെ മലയാളികളല്ലാത്തവരും ഏറെ പ്രയാസപ്പെട്ട് അത് ഏറ്റു വിളിച്ചു. (തുടരും)

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം