Prabodhanm Weekly

Pages

Search

2011 ഏപ്രില്‍ 30

ശൈഖ് അബ്ദുല്‍ മുഇസ്സ് കേരളത്തെ സ്നേഹിച്ച പണ്ഡിതന്‍

മുഹമ്മദ് പാറക്കടവ്

സ്മരണ "ആയുസ്സ് നീളുകയും കര്‍മങ്ങള്‍ നന്നാവുകയും ചെയ്തവന്‍'' എന്ന് തിരുമേനി(സ) പുണ്യവാന് നല്‍കിയ വിശേഷണം ഒത്തിണങ്ങിയ മഹാപണ്ഡിതനായിരുന്നു കഴിഞ്ഞയാഴ്ച നിര്യാതനായ ശൈഖ് അബ്ദുല്‍ മുഇസ്സ് അബ്ദുസ്സത്താര്‍(96). ഇഖ്വാനുല്‍ മുസ്ലിമൂന്‍ പ്രസ്ഥാനവുമായി ആരംഭകാലം തൊട്ടേ ബന്ധമുണ്ടായിരുന്ന അദ്ദേഹം ഇമാം ഹസനുല്‍ബന്ന മുതല്‍ ഡോ. യൂസുഫുല്‍ ഖറദാവി വരെയുള്ളവരുടെ പ്രത്യേക പരിഗണനയും ആദരവും നേടിയ മഹദ് വ്യക്തിത്വമായിരുന്നു. അന്താരാഷ്ട്ര മുസ്ലിം പണ്ഡിതസഭയിലെ അംഗം കൂടിയായിരുന്ന ശൈഖ് കഴിഞ്ഞ അരനൂറ്റാണ്ടുകാലമായി ഖത്തറിലെ മത-വിദ്യാഭ്യാസ മേഖലകളിലെ നിറസാന്നിധ്യമായിരുന്നു. പ്രസിഡന്റ് നാസറിന്റെ ഭരണകാലത്ത് കൊലമരമോ തടവറയോ വിധിക്കപ്പെട്ട അനേകം പണ്ഡിതന്മാരെ ഖത്തര്‍ ഭരണകൂടം ക്ഷണിച്ചു വരുത്തി ഉന്നത ഉദ്യോഗവും പൌരത്വവും നല്‍കി ആദരിച്ചിരുന്നു. ശൈഖ് യൂസുഫുല്‍ ഖറദാവിയെപ്പോലെ അങ്ങനെ എത്തിച്ചേര്‍ന്ന ശൈഖ് അലി ജമ്മാസ്, അബ്ദുല്ലത്വീഫ് സായിദ്, ഹസന്‍ ഈസ തുടങ്ങിയവരും ഒടുവില്‍ ശൈഖ് അബ്ദുല്‍ മുഇസ്സും അല്ലാഹുവിന്റെ തിരുസന്നിധിയിലേക്ക് മടങ്ങി. മറ്റു അറബ്-ഗള്‍ഫ് രാഷ്ട്രങ്ങളില്‍നിന്ന് വ്യത്യസ്തമായി അനേകം വിഷയങ്ങളില്‍ ഖത്തര്‍ ഭരണകൂടം കൈക്കൊള്ളുന്ന നയനിലപാടുകള്‍ ഇത്തരം മഹദ് വ്യക്തികളുടെ സ്വാധീനഫലമാണെന്ന് വിലയിരുത്തപ്പെടാറുണ്ട്. ശറഈ വിദ്യാഭ്യാസ ഇന്‍സ്പെക്ടറായും പാഠപുസ്തക രചനാ സമിതിയംഗമായും ശ്രോതാക്കളെ പിടിച്ചിരുത്തുന്ന വാഗ്മിയുമായി അനേകവര്‍ഷം സേവനം ചെയ്തശേഷം, കാല്‍നൂറ്റാണ്ട് മുമ്പ് ഖത്തര്‍ വിട്ട് ഈജിപ്തിലേക്ക് തിരിച്ചുപോകാന്‍ ഒരുങ്ങിയിരുന്നു. എന്നാല്‍, അന്ന് കിരീടാവകാശിയായിരുന്ന ഇന്നത്തെ അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ ആല്‍ഥാനിയുടെ സ്നേഹപൂര്‍വമായ നിര്‍ബന്ധത്തിന് വഴങ്ങി നീണ്ടകാലം നാട്ടില്‍ തങ്ങി തിരിച്ചു വരികയായിരുന്നു. ഇമാം ഹസനുല്‍ ബന്നയുടെ സഹോദരന്‍ മുഹമ്മദ് ബന്ന നടത്തിയ പള്ളി പ്രഭാഷണം വഴിയാണ് ശൈഖ് അബ്ദുല്‍മുഇസ്സ് ഇഖ്വാനുമായി ബന്ധപ്പെടുന്നത്. 1937ല്‍ അല്‍ അസ്ഹറിലെ വിദ്യാര്‍ഥി സംഘത്തോടൊപ്പം ഹജ്ജിനു പോകുമ്പോഴാണ് അവരെ യാത്രയയക്കാന്‍ വന്ന ബന്നയെ അദ്ദേഹം ആദ്യം കണ്ടു സംസാരിക്കുന്നത്. പ്രസ്ഥാനവുമായി ബന്ധപ്പെട്ടതിന്റെ പേരില്‍ അദ്ദേഹം പലതവണ കല്‍തുറുങ്കില്‍ കിടക്കേണ്ടി വന്നിട്ടുണ്ട്. തൂറിലെയും തന്‍തയിലെയും ഹായ്കസ്തബിലെയും ജയിലറകളില്‍ ശൈഖ് മുഹമ്മദുല്‍ ഗസ്സാലിയോടും ഉമര്‍ തല്‍മസാനിയോടും അബ്ദുല്‍ ഹകീം ആബിദീനോടുമൊപ്പം പഠനവും പരിശീലനവും പ്രാര്‍ഥനയുമായി ചിട്ടയോടെ കഴിഞ്ഞ നാളുകള്‍ ഓത്ത് പള്ളിയുടെ പുത്രനില്‍ ഖറദാവി സുന്ദരമായി വരച്ചുകാട്ടുന്നുണ്ട്. ഖുദ്സിന്റെ മോചനത്തിനുവേണ്ടിയുള്ള ധര്‍മസമരത്തിനു ഫലസ്ത്വീന്‍ ജനതയെ ആദര്‍ശപരമായി സജ്ജരാക്കാന്‍ ഇമാം ഹസനുല്‍ബന്ന 1946ല്‍ അദ്ദേഹത്തെയാണ് നിയോഗിച്ചത്. ഹൈഫയും യാഫയും ഖുദ്സും ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് അദ്ദേഹം സ്ഥിതിഗതികള്‍ മനസ്സിലാക്കുകയും ബഹുജനങ്ങളെ ബോധവല്‍ക്കരിക്കുകയും ചെയ്തു. ഹസനുല്‍ ഹുദൈബി 'മുര്‍ശിദുല്‍ ആം' ആയിരുന്ന സമയത്ത് അബ്ദുല്‍ ഖാദിര്‍ ഔദ, ഉമര്‍ തല്‍മസാനി, മുഹമ്മദ് ഫര്‍ഗലി, അബ്ദുര്‍റഹ്മാന്‍ ബന്ന തുടങ്ങിയവരോടൊപ്പം അദ്ദേഹം ഇഖ്വാന്റെ ഉന്നതാധികാര സമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 1953(1373 ഹി.) മുഹര്‍റം മാസത്തില്‍ മന്‍സൂറയിലെ പള്ളിയില്‍ സമ്മേളിച്ച ഇഖ്വാന്‍ നേതാക്കളോടും പ്രവര്‍ത്തകരോടും ശൈഖ് അബ്ദുല്‍ മുഇസ്സിന്റെയും സയ്യിദ് ഖുത്വ്ബിന്റെയും പ്രഭാഷണങ്ങള്‍ ശ്രദ്ധിച്ച് കേട്ട് പാഠമുള്‍ക്കൊള്ളാന്‍ ഹസനുല്‍ ഹുദൈബി ആഹ്വാനം ചെയ്യുകയുണ്ടായി. ശൈഖ് മുഹമ്മദുല്‍ ഗസ്സാലി, സകരിയ്യാ സൌക, സയ്യിദ് സാബിഖ് എന്നിവരോടൊപ്പം അദ്ദേഹവും നിത്യവും ഇഖ്വാന്‍ കേന്ദ്രത്തില്‍ ഒത്തുകൂടാറുണ്ടായിരുന്നു. സോവിയറ്റ് അധിനിവേശത്തിനെതിരെ പൊരുതിയ മുജാഹിദുകള്‍ക്ക് പാക്-അഫ്ഗാന്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ നേരിട്ട് ചെന്ന് പ്രചോദനം നല്‍കാന്‍ അദ്ദേഹം ധൈര്യം കാണിച്ചിരുന്നു. കേരളത്തിലെ പ്രസ്ഥാന നേതാക്കളുമായും അവിടുത്തെ സ്ഥാപനങ്ങളുമായും വല്ലാത്തൊരാത്മബന്ധമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. 1970കളില്‍ ഇസ്ലാമിയാ-ഇസ്ലാഹിയാ-ഇലാഹിയാ-ആലിയാ കലാലയങ്ങളുടെ പരിപാടികളില്‍ പരേതനായ ശൈഖ് അബ്ദുല്ല അന്‍സാരിയോടൊപ്പം ശൈഖ് അബ്ദുല്‍ മുഇസ്സിന്റെ നിറസാന്നിധ്യമുണ്ടായിരുന്നു. 'ആര്‍ക്കും പറയാനാകാത്ത ജിന്നിന്റെ ഭാഷ' എന്ന് അദ്ദേഹവും 'കുപ്പിയില്‍ കല്ലിട്ട് കുലുക്കിയതുപോലുള്ള ശബ്ദ'മെന്ന് ശൈഖ് അന്‍സാരിയും മലയാളത്തെ കളിയാക്കി പറയാറുണ്ടായിരുന്നു. മലയാളി സ്ത്രീകള്‍ കറുത്ത സാരിയുടുത്ത് കല്യാണത്തിനു പോകുന്നതില്‍ അദ്ദേഹം അത്ഭുതം കൂറിയത് ഓര്‍ക്കുന്നു. കെ.സി അബ്ദുല്ല മൌലവി, അബ്ദുല്ല ഉമരി, ശരീഫ് മൌലവി, അബുല്‍ ജലാല്‍ മൌലവി തുടങ്ങിയവരുമായി അഗാധബന്ധമുണ്ടായിരുന്ന അദ്ദേഹം പുതുതലമുറയിലെ സുബൈര്‍ സാഹിബിനെയും മറ്റും പേരെടുത്ത് വിളിച്ച് അവസാനനാളുകളില്‍ പോലും നാട്ടിലെയും ഖത്തറിലെയും ചനലങ്ങളെപ്പറ്റി താല്‍പര്യപൂര്‍വം അന്വേഷിച്ചിരുന്നു. കൊല്ലങ്ങള്‍ക്ക് മുമ്പ് ഖത്തര്‍ വിട്ടുപോയ പെരുമ്പിലാവിലെ മജീദ് സാഹിബും എറണാകുളത്തെ ഹാഷിം ഹാജിയുമൊക്കെ അദ്ദേഹം ഓര്‍മയില്‍ സൂക്ഷിച്ചുവെച്ചവരാണ്. സയണിസ്റുകളുടെ കുതന്ത്രങ്ങളെകുറിച്ചും ഖുദ്സിനെക്കുറിച്ചും അദ്ദേഹത്തപോലെ അഗാധജ്ഞാനമുള്ളവര്‍ വിരളമാണ്. തദ്സംബന്ധമായി കനപ്പെട്ട കൊച്ചുകൃതികളും അദ്ദേഹം രചിച്ചിട്ടുണ്ട്. ഖുദ്സിന്റെ വിമോചനം വൈകുമെങ്കിലും താന്‍ വിയര്‍പ്പും കണ്ണീരും നല്‍കിയ പ്രസ്ഥാനത്തിലെ പിന്‍മുറക്കാര്‍ 'അഭിനവഫറോവ'യെ മുട്ട് മടക്കിച്ചത് അറിയാന്‍ ഈ ലോകം വിടുന്നതിന് രണ്ടുമാസം മുമ്പ് അദ്ദേഹത്തിന് ഭാഗ്യം ലഭിച്ചു. രണ്ടു നൂറ്റാണ്ടുകളിലെ കുതിപ്പിനും കിതപ്പിനും സാക്ഷിയായ ആ മഹാമനീഷിയുടെ ആത്മാവിന് നിത്യശാന്തി!

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം