മയോത്തിയും ഫ്രാന്‍സിന്റെ കൊളോണിയല്‍ മുഖവും
മയോത്തിയും ഫ്രാന്‍സിന്റെ കൊളോണിയല്‍ മുഖവും -
- ലിബിയന്‍ ഏകാധിപതി മുഅമ്മര്‍ ഖദ്ദാഫിക്കെതിരായ നീക്കങ്ങളില്‍ ഇപ്പോഴും മുന്‍പന്തിയിലുണ്ട് ഫ്രാന്‍സ്. സിവിലിയന്മാരെ കൊന്നൊടുക്കരുതെന്ന ഐക്യരാഷ്ട്രസഭാപ്രമേയം പാലിക്കാത്തതു കൊണ്ടാണ് സൈനിക നടപടി വേണ്ടിവന്നതെന്ന് ഫ്രഞ്ച് പ്രസിഡന്റ് രോഷത്തോടെ പറയുന്നതും നാം കണ്ടു. എന്നാല്‍, ഇതേ ഫ്രാന്‍സ് ഐക്യരാഷ്ട്രസഭ പ്രമേയങ്ങള്‍ തരിമ്പും വകവെക്കാതെ പച്ചയായി അധിനിവേശം നടത്തുന്ന ഒരു ദ്വീപുണ്ട്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ മൊസാമ്പിക് കനാലിനോട് ചേര്‍ന്ന് നില്‍ക്കുന്ന മയോത്തി(Mayotte) ദ്വീപ്.
ആഫ്രിക്കയിലെ ജുസ്റുല്‍ ഖുമുര്‍(Comoros) എന്ന ദ്വീപ് രാഷ്ട്രത്തിന്റെ ഭാഗമാണ് യഥാര്‍ഥത്തില്‍ മയോത്തി. ഖുമുര്‍ ദ്വീപിന് പുറമെ അന്‍ജുവാന്‍, മോഹീലി, മയോത്തി എന്നീ ദ്വീപുകള്‍ കൂടി ചേര്‍ന്നതാണ് ഈ രാഷ്ട്രം. ഇക്കാര്യം ഐക്യരാഷ്ട്രസഭ മാത്രമല്ല, ഫ്രഞ്ച്കൊളോണിയല്‍ രേഖകളും അംഗീകരിക്കുന്നു. ബഹുഭൂരിപക്ഷവും മുസ്ലിംകള്‍ അധിവസിക്കുന്ന ഈ നാല് ദ്വീപുകളും ദീര്‍ഘകാലം ഫ്രഞ്ച് കോളനികളായിരുന്നു. 1974ല്‍ ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ നടന്ന ഹിതപരിശോധനയുടെ അടിസ്ഥാനത്തില്‍ മയോത്തി ഒഴികെയുള്ള ദ്വീപുകള്‍ക്ക് സ്വാതന്ത്യ്രം നല്‍കുകയായിരുന്നു.
മയോത്തി കൈയടക്കി വെക്കാന്‍ വളരെ ബാലിശവും പരിഹാസ്യവുമായ വാദമാണ് ഫ്രാന്‍സ് ഉയര്‍ത്തിയത്. നാല് ദ്വീപുകളിലും ഒന്നിച്ചായിരുന്നു ഹിതപരിശോധന. 95 ശതമാനം പേര്‍ ഹിതപരിശോധനയില്‍ സ്വാതന്ത്യ്രത്തിന് അനുകൂലമായി വിധിയെഴുതി. 5 ശതമാനം ഫ്രഞ്ച് കൊളോണിയലിസം തുടരണമെന്ന അഭിപ്രായക്കാരായിരുന്നു. ഈ 5 ശതമാനം പേര്‍ നാല് ദ്വീപുകളിലും പെട്ട ആളുകളാണെന്ന് വളരെ വ്യക്തം. എന്നാല്‍, ഫ്രാന്‍സ് വിചിത്രമായ ഒരു വാദഗതിയാണ് ഉയര്‍ത്തിയത്. ഈ 5 ശതമാനം പേരും മയോത്തിയിലെ ആളുകളാണെന്നും അതിനാല്‍ അവിടെ കൊളോണിയല്‍ ഭരണം തുടരാന്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്നും!
സാമാന്യ യുക്തിക്ക് നിരക്കാത്ത ഈ ന്യായം ഐക്യരാഷ്ട്രസഭയും ആഫ്രിക്കന്‍ യൂനിയനും മനുഷ്യാവകാശ സംഘടനകളുമെല്ലാം തള്ളിക്കളഞ്ഞതാണ്. മയോത്തിക്ക് സ്വാതന്ത്യ്രം നല്‍കണമെന്ന പ്രമേയം പല തവണ ചര്‍ച്ചക്ക് വന്നെങ്കിലും ഫ്രാന്‍സ് വീറ്റോ ഖഡ്ഗം വീശി രക്ഷപ്പെട്ടു. മാത്രമല്ല, മയോത്തിയിലെ പിടിവിടാതിരിക്കാന്‍ മറ്റു ദ്വീപുകളിലെല്ലാം ഫ്രാന്‍സ് ഇടക്കിടെ പ്രശ്നങ്ങള്‍ കുത്തിപ്പൊക്കിക്കൊണ്ടിരിക്കും. 'ഫ്രഞ്ചുകാരെ വിളിക്കൂ, നാടിനെ രക്ഷിക്കൂ' എന്ന ബാനറുയര്‍ത്തി ഫ്രഞ്ച് മിലിറ്ററിയില്‍നിന്ന് വിരമിച്ചവര്‍ നടത്തുന്ന പ്രകടനാഭാസങ്ങള്‍ ഇതിന്റെ ഭാഗമാണ്.
വെറുതെയല്ല ഫ്രാന്‍സ് മയോത്തിയിലെ പിടിവിടാതിരിക്കുന്നത്. ഗള്‍ഫ് നാടുകളില്‍നിന്ന് യൂറോപ്പിലേക്കുള്ള, എണ്ണ നിറച്ച കപ്പലുകളില്‍ മൂന്നില്‍ രണ്ടും കടന്നുപോകുന്നത് ഇത് വഴിയാണ്. പല നിലക്കും തന്ത്രപ്രധാനമായ താവളവുമാണിത്. മറ്റു മൂന്ന് ദ്വീപുകാര്‍ക്ക് ഈ ദ്വീപിലേക്ക് വരണമെങ്കില്‍ ഫ്രഞ്ചുകാര്‍ കനിഞ്ഞുനല്‍കുന്ന വിസ വേണം. 8000 കിലോമീറ്റര്‍ അപ്പുറമുള്ള ഫ്രാന്‍സ് സ്വന്തം അടുക്കളത്തോട്ടം പോലെ മയോത്തിയെ ഉപയോഗിക്കുകയാണ്. ഇതൊരു അന്താരാഷ്ട്ര പ്രശ്നമായി ഉയര്‍ത്തിക്കൊണ്ടു വരാനാകാത്തതുകൊണ്ട് ഫ്രാന്‍സിന്റെ ഇരട്ടത്താപ്പ് ലോകം അറിയുന്നില്ലെന്നേയുള്ളൂ.
-
- -
- #### വിശ്രമമറിയാത്ത നയതന്ത്രജ്ഞന്‍ -
- ഈജിപ്ഷ്യന്‍ പ്രധാനമന്ത്രിയെയും വിദേശകാര്യമന്ത്രിയെയും അറബ്ലീഗ് സെക്രട്ടറിയെയും കാണാനായി കെയ്റോവിലെത്തുന്നതിന്റെ ഒരാഴ്ചമുമ്പ് അദ്ദേഹം ബഹ്റൈനിലായിരുന്നു. കൂട്ടത്തില്‍ ഖത്തറും സിറിയയും സന്ദര്‍ശിച്ചു. നേരത്തെ അങ്കാറയില്‍ വെച്ച് തന്നെ മുഅമ്മര്‍ ഖദ്ദാഫിയുടെ പ്രതിനിധികളുമായും ലിബിയന്‍ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുന്ന ബന്‍ഗാസിയിലെ വിപ്ളവ നേതാക്കളില്‍ ചിലരുമായും അദ്ദേഹം സംഭാഷണം നടത്തിയിരുന്നല്ലോ.
ചുരുക്കത്തില്‍ മേഖലയിലെ ഓരോ ചലനവും നേരില്‍ കാണാനും അതിന്റെ ഗതിവിഗതികള്‍ നല്ലൊരു നാളെയുടെ നിര്‍മിതിക്കായി ഉപയോഗപ്പെടുത്താനും വിശ്രമമറിയാത്ത ആ മനുഷ്യന്‍ ഹാജരുണ്ട്. അദ്ദേഹം ആരെന്നല്ലേ, തുര്‍ക്കി വിദേശകാര്യമന്ത്രി അഹ്മദ് ദാവൂദ് ഒഗ്ലു. പ്രക്ഷോഭങ്ങള്‍ തുടങ്ങുന്നതിന് മുമ്പും മേഖലയിലെ രാജ്യതലസ്ഥാനങ്ങളില്‍ ഇദ്ദേഹത്തെ ഇടക്കിടെ നാം കാണാറുണ്ട്. മേഖലയുടെ സാമ്പത്തിക ഉന്നമനത്തിന് പുതിയ പാക്കേജുകള്‍ അവതരിപ്പിച്ചു കൊണ്ട്, അല്ലെങ്കില്‍ പണ്ടേക്കും പണ്ടേയുള്ള ഒരു അതിര്‍ത്തിതര്‍ക്കം പറഞ്ഞു തീര്‍ക്കുന്നതിന് വേണ്ടി......
അദ്ദേഹം മനാമയിലെത്തുന്നത് എന്ത് വിലകൊടുത്തും പ്രശ്നങ്ങള്‍ സുന്നി-ശീഈ സംഘട്ടനമായി വഷളാവാതിരിക്കാനാണ്. ലിബിയന്‍ പ്രശ്നപരിഹാരത്തിനായി ഖത്തര്‍ മുന്‍കൈയെടുക്കുന്നുണ്ടെന്ന് കേട്ടാണ് അദ്ദേഹം ദോഹയിലെത്തുന്നത്. സിറിയയില്‍ പ്രശ്നം രൂക്ഷമായപ്പോള്‍ ഉടന്‍ ദമസ്കസില്‍ പറന്നെത്തി. തുര്‍ക്കിയുമായി അടുത്ത ബന്ധമുള്ള രാഷ്ട്രമാണ് സിറിയ.
യൂനിവേഴ്സിറ്റിയിലെ അധ്യാപന ജോലി ഉപേക്ഷിച്ച് 2003ല്‍ തുര്‍ക്കി പ്രധാനമന്ത്രി റജബ് ത്വയ്യിബ് ഉര്‍ദുഗാന്റെ രാഷ്ട്രീയ ഉപദേഷ്ടാവായത് മുതല്‍ തുടങ്ങിയതാണ് ഈ നയതന്ത്രയാത്ര. 2008ല്‍ വിദേശകാര്യമന്ത്രിയായതോടെ ഇടതടവില്ലാതെ യാത്രകളായി. വീട്ടില്‍ ചെലവഴിക്കുന്നതിനേക്കാള്‍ സമയം അദ്ദേഹം വിമാനത്തിലാവും ചെലവഴിക്കുക. ഇത് വെറും സൌഹൃദം പുതുക്കാനുള്ള യാത്രകളല്ല. തന്റെ സ്ട്രാറ്റജി മേഖലാ രാഷ്ട്രങ്ങളെ ബോധ്യപ്പെടുത്താനുള്ള യത്നമാണ്. പാശ്ചാത്യ പൌരസ്ത്യങ്ങളെ ബന്ധിപ്പിക്കുന്ന പാലമായാണ് തുര്‍ക്കി വിശേഷിപ്പിക്കപ്പെട്ടിരുന്നത്. അങ്ങോട്ടുമിങ്ങോട്ടും കടക്കാനുള്ള പാലത്തിന്റെ റോളല്ല തുര്‍ക്കിക്ക് ഉള്ളതെന്നും അതിനേക്കാള്‍ വലിയ റോള്‍ അതിന് വഹിക്കാനുണ്ടെന്നും തെളിയിച്ചുകൊണ്ടിരിക്കുകയാണ് ദാവൂദ് ഓഗ്ലു. അദ്ദേഹത്തെ പ്രശംസിച്ച് ഹഹ്മി ഹുവൈദി തന്റെ കോളത്തില്‍(13.04.2011) എഴുതിയിട്ടുണ്ട്. -
- -
-
Comments