Prabodhanm Weekly

Pages

Search

2011 ഏപ്രില്‍ 30

ആശൂറാ എന്ന പെസഹ തിരുനാള്‍

ഇ.സി സൈമണ്‍ മാസ്റ്റര്‍

വിശുദ്ധ ഖുര്‍ആന്റെ ഉറവിടം അല്ലാഹു തന്നെയാണെന്നും ആര്‍ക്കും അതില്‍ സംശയം വേണ്ടെന്നും ഗ്രന്ഥത്തിന്റെ പല ഭാഗങ്ങളിലായി അല്ലാഹു ആവര്‍ത്തിച്ചു ഉറപ്പു തരുകയും പരിശോധിക്കുന്നവര്‍ക്ക് അത് ബോധ്യപ്പെടുകയും ചെയ്യുമ്പോള്‍ ബൈബിള്‍ കൃതികളുടെ കര്‍ത്താക്കള്‍ക്ക് അത്തരത്തിലുള്ള ഉറപ്പുകള്‍ നല്‍കാന്‍ കഴിയുന്നില്ല. കൂടാതെ യേശുവിനെപ്പറ്റി എഴുതുന്നതിന് അവര്‍ക്കുണ്ടായ പ്രേരണ എന്തായിരുന്നു എന്നും എങ്ങനെ അവരത് നിറവേറ്റി എന്നും സ്പഷ്ടമായി രേഖപ്പെടുത്തിയിട്ടുണ്ട്. ലൂക്കായുടെ സുവിശേഷത്തിന്റെ ആരംഭത്തില്‍ തന്നെ ഒന്നു മുതല്‍ നാലു വരെ വാക്യങ്ങളില്‍ അദ്ദേഹമത് സത്യസന്ധമായി വിവരിച്ചിരിക്കുന്നത് ഇപ്രകാരം: ''നമ്മുടെ ഇടയില്‍ നിറവേറിയ കാര്യങ്ങളുടെ വിവരണം എഴുതാന്‍ അനേകം പേര്‍ പരിശ്രമിച്ചിട്ടുണ്ടല്ലോ. അതാകട്ടെ ആദി മുതല്‍ തന്നെ വചനത്തിന്റെ ദൃക്‌സാക്ഷികളും ശുശ്രൂഷകരും ആയിരുന്നവര്‍ നമുക്ക് ഏല്‍പിച്ചുതന്നിട്ടുള്ളതനുസരിച്ചാണ്. അല്ലയോ ശ്രേഷ്ഠനായ തെയോഫിലോസ്, എല്ലാം കാര്യങ്ങളും പ്രാരംഭം മുതല്‍ക്കേ സൂക്ഷ്മായി പരിശോധിച്ചതിനു ശേഷം എല്ലാ ക്രമമായി നിനക്കെഴുതുന്നത് ഉചിതമാണെന്ന് എനിക്കും തോന്നി. അത് നിന്നെ പഠിപ്പിച്ചിട്ടുള്ള വചനങ്ങളുടെ വിശ്വസ്തതയെക്കുറിച്ച് നിനക്കു ബോധ്യം വരാനാണ്'' (ലൂക്കാ 1:1-4). ഗ്രന്ഥത്തിന്റെ പ്രാധാന്യം വര്‍ധിപ്പിക്കാനായി അതിരുകവിഞ്ഞ അവകാശവാദങ്ങളൊന്നും അദ്ദേഹം ഉന്നയിച്ചിട്ടില്ല. മറ്റേതൊരു ഗ്രന്ഥകാരനും ചെയ്യുന്നതുപോലെ താന്‍ എഴുതാനാഗ്രഹിക്കുന്ന വിഷയം പഠിച്ചും ആകാവുന്നത്ര അന്വേഷണങ്ങള്‍ നടത്തി വിവരം ശേഖരിച്ചും ബന്ധപ്പെട്ട മറ്റു ഗ്രന്ഥങ്ങള്‍ വായിച്ചും കൂടുതല്‍ വിവരമുള്ളവരോട് സത്യാവസ്ഥ ചോദിച്ചറിഞ്ഞും കഴിയുന്നത്ര സത്യസന്ധമായി താന്‍ തെയോഫിലോസ് എന്ന വ്യക്തിയെ പഠിച്ച കാര്യങ്ങളിലുള്ള അറിവ് വര്‍ധിപ്പിച്ചുകൊടുക്കാന്‍ സഹായിക്കുക എന്ന പരിമിതമായ ലക്ഷ്യമേ ലൂക്കാക്കുണ്ടായിരുന്നുള്ളൂ എന്നാണ് അദ്ദേഹത്തിന്റെ പ്രസ്താവനയുടെ ആശയം. വളച്ചുകെട്ടലുകളില്ലാതെ ഗ്രന്ഥരചനയുടെ ഉദ്ദേശ്യം നേരായ രീതിയില്‍ ലൂക്കാ വിവരിക്കുമ്പോള്‍ അതൊരു മതഗ്രന്ഥമാക്കി മാറ്റാനും ദൈവികഗ്രന്ഥമെന്നു വരുത്താനും പില്‍ക്കാലത്ത് ചിലര്‍ നടത്തിയ ശ്രമത്തിന്റെ ഫലമാണ് ആ സുവിശേഷത്തിന് ഇന്നു ലഭിച്ചിട്ടുള്ള ദൈവിക പരിവേഷം. ദൈവം നേരിട്ട് അറിയിച്ചതോ ഏതെങ്കിലും മാലാഖ വെളിപ്പെടുത്തിക്കൊടുത്തതോ ദൈവത്തില്‍ നിന്നുള്ള സ്വപ്നം വഴി ലഭിച്ചതോ അല്ലാതെ സ്വന്തം കഴിവുകൊണ്ടു മാത്രം രചിച്ച ഒരു ഗ്രന്ഥത്തെ ദൈവികം എന്നു പറയുന്നതില്‍ പൊരുത്തക്കേടുണ്ട്. യേശുവിന്റെ അറിവോ അംഗീകാരമോ ഇല്ലാത്ത ഗ്രന്ഥങ്ങള്‍ ഉപയോഗിച്ചാണ് ക്രൈസ്തവ പുരോഹിതര്‍ മതപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതും അതിലേക്ക് ആളുകളെ ക്ഷണിക്കുന്നതും. ഖുര്‍ആനെ സംബന്ധിച്ചാണെങ്കില്‍ ആ ഗ്രന്ഥം ലഭിച്ച മുഹമ്മദ് നബിയുടെ അറിവും അംഗീകാരവും സ്ഥിരീകരണവുമില്ലാത്ത ഒരൊറ്റ വാക്യമോ അധ്യായമോ അതില്‍ ഇല്ല എന്ന് കാണാനാവും. മൂസാ നബി, ഈസാ നബി, യഹ്‌യാ പ്രവാചകന്‍ എന്നിവര്‍ക്കു മുമ്പും ഇസ്രയേല്‍ക്കാര്‍ ഒരു വലിയ പ്രവാചകന്റെ വരവ് പ്രതീക്ഷിച്ചിരുന്നു. തനിക്കു ശേഷം വരാനിരിക്കുന്ന ആ മഹാ പ്രവാചകനെപ്പറ്റി യേശുവും പ്രവചിച്ചു. മൂന്നു കൊല്ലക്കാലം മാത്രം നീണ്ട ഹ്രസ്വമെങ്കിലും സംഭവ ബഹുലമായ തന്റെ ജീവിതകാലത്തെ ഏറ്റവും പ്രാധാന്യമേറിയ ഒരു ദിവസം തെരഞ്ഞെടുത്താണ് ഭാവിയില്‍ വരാനിരിക്കുന്ന പ്രവാചകനെപ്പറ്റി യേശു സദ്‌വാര്‍ത്ത അറിയിച്ചത്. വരാനുള്ള പ്രവാചക ശ്രേഷ്ഠന്റെ വരവിനെപ്പറ്റിയുള്ള കൃത്യവും ആധികാരികവുമായ സുവിശേഷം കേള്‍ക്കാന്‍ കൊല്ലങ്ങളായി ആകാംക്ഷയോടെ കാത്തിരുന്ന ഇസ്രയേല്‍ ജനം യേശുവിനോടും ആ പ്രവാചകന്‍ താങ്കളാണോ എന്ന് അന്വേഷിച്ചിരുന്നു. അപ്പോഴെല്ലാം നിഷേധ രൂപത്തില്‍ മറുപടി കൊടുത്ത യേശു ദൈവനിശ്ചയമനുസരിച്ചുള്ള സമയവും സന്ദര്‍ഭവും ഒത്തു വന്നപ്പോള്‍ തനിക്കു സംഘടിപ്പിക്കാവുന്ന ഏറ്റവും ഉചിതമായ ഒരു സദസ്സില്‍ അതീവ ഗൗരവത്തോടും പ്രാധാന്യത്തോടും കൂടി ആ പ്രഖ്യാപനം നടത്തുകയാണുണ്ടായത്. അതിനായി യേശു തെരഞ്ഞെടുത്ത സദസ്സിനെയും സദസ്യരെയും പറ്റിയുള്ള വിവരണത്തില്‍ ബൈബിളും ഖുര്‍ആനും ഏകകണ്ഠമായി യോജിച്ചിരിക്കുന്നു. വിശുദ്ധ ഖുര്‍ആന്‍ അഞ്ചാം അധ്യായം (അല്‍മാഇദ) സൂക്ഷ്മായി വിലയിരുത്തി പരിശോധിച്ചാല്‍ അതില്‍ വിവരിക്കുന്ന സംഭവം ഏതെന്നും അതിനു കാരണക്കാരായ വ്യക്തികള്‍ ആരെല്ലാമെന്നും തെറ്റുപറ്റാത്ത വിധം തിരിച്ചറിയാന്‍ കഴിയുന്നതാണ്. ഈസാ നബിയും ശിഷ്യന്മാരും ഉള്‍പ്പെട്ടതാണ് ആ സംഭവം. അത് ഇങ്ങനെ വിവരിക്കപ്പെട്ടിരിക്കുന്നു: ''എന്നിലും എന്റെ ദൂതനിലും വിശ്വസിക്കണമെന്ന് ഞാന്‍ ഹവാരികള്‍ (യേശുവിന്റെ ശിഷ്യന്മാര്‍)ക്ക് നിര്‍ദേശം നല്‍കി. അവര്‍ പറഞ്ഞു: ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. ഞങ്ങള്‍ മുസ്‌ലിംകളാണെന്ന് നീ സാക്ഷ്യം വഹിക്കുക. ഓര്‍ക്കുക, ഹവാരികള്‍ പറഞ്ഞ സന്ദര്‍ഭം: 'മര്‍യമിന്റെ മകന്‍ ഈസാ, മാനത്തുനിന്ന് ഒരു ഭക്ഷണത്തളിക ഞങ്ങള്‍ക്ക് ഇറക്കിത്തരാന്‍ നിന്റെ നാഥന് കഴിയുമോ? അദ്ദേഹം പറഞ്ഞു: നിങ്ങള്‍ വിശ്വാസികളാണെങ്കില്‍ അല്ലാഹുവെ സൂക്ഷിക്കുക. അവര്‍ പറഞ്ഞു: ഞങ്ങള്‍ക്ക് അതില്‍ നിന്ന് ആഹരിക്കണം. അങ്ങനെ ഞങ്ങള്‍ക്ക് മനസ്സമാധാനമുണ്ടാകണം. താങ്കള്‍ ഞങ്ങളോട് പറഞ്ഞത് സത്യമാണെന്ന് ഞങ്ങള്‍ക്ക് ബോധ്യമാകണം. ഞങ്ങള്‍ ഇതിനെല്ലാം നേരില്‍ സാക്ഷികളാവുകയും വേണം. ഇതിനൊക്കെയാണ് ഞങ്ങളിതാവശ്യപ്പെടുന്നത്. മര്‍യമിന്റെ മകന്‍ ഇസാ പ്രാര്‍ഥിച്ചു: ഞങ്ങളുടെ നാഥനായ അല്ലാഹുവേ, മാനത്തു നിന്ന് ഞങ്ങള്‍ക്ക് ഒരു ഭക്ഷണത്തളികള ഇറക്കിത്തരേണമേ! അത് ഞങ്ങളുടെ ആദ്യക്കാര്‍ക്കും അവസാനക്കാര്‍ക്കും ഒരാഘോഷവും നിന്നില്‍ നിന്നുള്ള ഒരു ദൃഷ്ടാന്തവുമായിരിക്കട്ടെ. ഞങ്ങള്‍ക്കു നീ അന്നം നല്‍കുക. അന്നം നല്‍കുന്നവരില്‍ അത്യുത്തമന്‍ നീയല്ലോ. അല്ലാഹു അറിയിച്ചു: ഞാന്‍ നിങ്ങള്‍ക്ക് അതിറക്കിത്തരാം. എന്നാല്‍ അതിനു ശേഷം നിങ്ങളിലാരെങ്കിലും സത്യനിഷേധികളായാല്‍ ലോകരിലൊരാള്‍ക്കും നല്‍കാത്ത വിധമുള്ള ശിക്ഷ നാമവന് ബാധകമാക്കും'' (5:111-115). ഇസ്രയേല്‍ക്കാരുടെ ഏറ്റവും പ്രധാനപ്പെട്ട പെരുന്നാള്‍ ദിനമായ പെസഹാ തിരുനാള്‍ ആയിരുന്നു അത്. ഈജിപ്തില്‍ 400 കൊല്ലം ഫറവോന്റെ അടിമകളായി എല്ലാതരം പീഡനങ്ങളും കഷ്ടപ്പാടുകളും സഹിച്ചു ജീവിച്ച അവരെ അല്ലാഹുവിന്റെ സഹായത്താല്‍ മൂസാ നബി അത്ഭുകരമായി ചെങ്കടലിലെ ജലം രണ്ടായി പിളര്‍ത്തി നടുവില്‍ വഴിയുണ്ടാക്കി, അതിലൂടെ നടത്തി വാഗ്ദത്ത ഭൂമിയിലേക്ക് രക്ഷപ്പെടുത്തിയതും അക്രമിയായ ഫറവോനെയും സൈന്യത്തെയും വെള്ളത്തില്‍ മുക്കിക്കൊന്നതുമായ സംഭവത്തെ സ്മരിക്കുന്നതാണ് അവരുടെ പെസഹാ തിരുനാള്‍. ആ ദിനം തന്നെയാണ് മുസ്‌ലിംകള്‍ നോമ്പു നോറ്റ് ആചരിക്കുന്ന മുഹര്‍റം 10. ക്രിസ്ത്യാനികള്‍ അതിനെ പെസഹാ വ്യാഴമെന്നും ദുഃഖ വ്യാഴമെന്നും പറയുന്നു. യേശുവിന്റെ കുരിശുമരണം സൂചിപ്പിക്കുന്ന ദുഃഖ വെള്ളിയാണ് അടുത്ത ദിവസം. കേവലം ഒരു പെരുന്നാളോ ആഘോഷ ദിവസമോ അല്ല ഇസ്രയേല്‍ക്കാര്‍ക്ക് ആ ദിനം. നോമ്പുനോറ്റ് പ്രാര്‍ഥനാ നിര്‍ഭരമായി പ്രത്യേക രീതിയില്‍ ഒരാടിനെ ബലിയര്‍പ്പിച്ച് ഭക്ഷണം തയാറാക്കി പവിത്രമായി ആചരിക്കേണ്ടതാണ് ആ ദിവസം. യേശുവിന്റെ അപേക്ഷയനുസരിച്ച് അല്ലാഹു അവര്‍ക്ക് ആകാശത്തുനിന്ന് ഭക്ഷണം ഇറക്കിക്കൊടുത്തു. സ്വര്‍ഗീയ വിഭവങ്ങള്‍ അടങ്ങിയ ആ തിരുനാള്‍ ഭക്ഷണം അവര്‍ക്ക് ശാരീരികമായും ആത്മീയമായും ഏറ്റവും പ്രയോജനപ്പെട്ടിരിക്കും. ഈ സംഭവങ്ങള്‍ നടക്കുന്നതിനിടയിലായിരുന്നോ മുഹമ്മദ് നബിയെ സംബന്ധിച്ച സദ്‌വാര്‍ത്ത യേശു പ്രഖ്യാപിച്ചതെന്ന് ഖുര്‍ആന്‍ പറയുന്നില്ല. എങ്കിലും ബൈബിള്‍ സുവിശേഷ കര്‍ത്താക്കള്‍ ഈ പെരുന്നാള്‍ സംഭവങ്ങള്‍ വിവരിക്കുന്നുണ്ട് (മത്തായി 26:17-46, മാര്‍ക്കോസ് 14:12-26, ലൂക്കാ 22:1-13, യോഹ 13,14,16 അധ്യായങ്ങള്‍). യേശുവിനും ശിഷ്യന്മാര്‍ക്കും പെസഹാ ഭക്ഷണം ഒരുക്കിക്കൊടുത്തത് ദൈവമാണെന്ന് ഖുര്‍ആന്‍ സ്പഷ്ടമായി പറയുമ്പോള്‍ ബൈബിളില്‍ അത് ലഭിച്ചത് അങ്ങനെയാണെന്ന് വ്യക്തമായി പറയുന്നില്ല. മനുഷ്യരാരെങ്കിലും ഒരുക്കിക്കൊടുത്തതാണെന്നും വ്യക്തമായി പറയാനാവാത്ത വിധമാണ് സംഭവവിവരണം. സൂചനകള്‍ വെച്ചു നോക്കുമ്പോള്‍ കാണുന്ന അവ്യക്തത ഒരുതരം അമാനുഷികതയിലേക്ക് വിരല്‍ചൂണ്ടുന്നുണ്ടുതാനും. അങ്ങനെ ആവുമ്പോള്‍ യേശുവിനും ശിഷ്യന്മാര്‍ക്കും ലഭിച്ച പെരുന്നാള്‍ ഭക്ഷണം എവിടെ നിന്ന് എങ്ങനെ കിട്ടി എന്നതിലെ യാഥാര്‍ഥ്യം ദൈവത്തിനേ അറിയൂ എന്നാണ് ബൈബിള്‍വിവരണങ്ങളില്‍ നിന്ന് മനസ്സിലാക്കാവുന്ന സ്ഥിതി വിശേഷം. ബൈബിള്‍ വിവരണം ഇങ്ങനെ: ''പെസഹാക്കുഞ്ഞാടിനെ ബലി കഴിക്കേണ്ടിയിരുന്ന പുളിപ്പില്ലാത്ത അപ്പത്തിന്റെ ദിനം വന്നു ചേര്‍ന്നു. യേശു പത്രോസിനെയും യോഹന്നാനെയും അയച്ചുകൊണ്ടു പറഞ്ഞു: നിങ്ങള്‍ പോയി നമുക്ക് പെസഹാ ഭക്ഷിക്കേണ്ടതിന് ഒരുക്കങ്ങള്‍ ചെയ്യുവിന്‍. അവര്‍ അവനോട് ചോദിച്ചു: ഞങ്ങള്‍ എവിടെ ഒരുക്കണമെന്നാണ് നീ ആഗ്രഹിക്കുന്നത്? അവന്‍ പറഞ്ഞു: ഇതാ, നിങ്ങള്‍ പട്ടണത്തിലേക്ക് പ്രവേശിക്കുമ്പോള്‍ ഒരു കുടം വെള്ളം ചുമന്നു കൊണ്ട് ഒരുവന്‍ നിങ്ങള്‍ക്കെതിരെ വരും. അവന്‍ പ്രവേശിക്കുന്ന വീട്ടിലേക്ക് നിങ്ങള്‍ അവനെ പിന്തുടരുക. ആ വീടിന്റെ ഉടമസ്ഥനോടു പറയുക: ഗുരു നിന്നോട് ചോദിക്കുന്നു, എന്റെ ശിഷ്യന്മാരോടു കൂടെ ഞാന്‍ പെസഹാ ഭക്ഷിക്കുന്നതിനുള്ള വിരുന്നുശാല എവിടെയാണ്? സജ്ജീകൃതമായ ഒരു വലിയ മാളിക മുറി അവന്‍ നിങ്ങള്‍ക്കു കാണിച്ചുതരും. അവിടെ ഒരുക്കുക. അവര്‍ പോയി അവന്‍ പറഞ്ഞതുപോലെ കണ്ടു; പെസഹാ ഒരുക്കുകയും ചെയ്തു'' (ലൂക്കാ 22:7-13). ഈ വിശേഷാവസരത്തില്‍ യേശു നടത്തിയ പ്രാര്‍ഥനകളെപ്പറ്റിയുള്ള വിവരണങ്ങള്‍ ശ്രദ്ധിച്ചാല്‍ അവയെല്ലാം ഇസ്‌ലാമിക രീതിയിലാണ് നടത്തിയിട്ടുള്ളതെന്നു കാണാം. സന്ധ്യാസമയത്ത് നടത്തിയ പ്രാര്‍ഥനയില്‍ അദ്ദേഹം കമിഴ്ന്നു വീണ് മൂന്നു പ്രാവശ്യം തല നിലത്തു മുട്ടിച്ചതായി പറയുന്നു. മുസ്‌ലിംകളുടെ മഗ്‌രിബ് നമസ്‌കാരം ആയിരിക്കാം അവിടത്തെ സൂചന. മൂന്നു പ്രാവശ്യം തല നിലത്തു മുട്ടിച്ചു എന്നു പറഞ്ഞത് മൂന്നു റക്അത്ത് എന്ന് ഉദ്ദേശിച്ചായിരിക്കാന്‍ വഴിയുണ്ട്. ഭക്ഷണത്തിനു മുമ്പ് യേശു ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകിക്കൊടുത്തതായും പ്രധാന ശിഷ്യനായ പത്രോസ് തന്റെ പാദങ്ങള്‍ കഴുകുന്നതില്‍നിന്ന് ഗുരുവിനെ തടഞ്ഞതായും പറയുന്നു. അപ്പോള്‍ യേശു പറയുന്നു: ''എങ്കില്‍ നീ എന്റെ ശിഷ്യനായിരിക്കുകയില്ല.'' അതിനു മറുപടിയായി പത്രോസ് പറഞ്ഞു: ''അങ്ങനെയെങ്കില്‍ ഗുരുവേ, എന്റെ കാലുകള്‍ മാത്രമല്ല, കൈകളും തലയും കൂടി കഴുകുക.'' യേശു പറയുന്നു: ''കുളി കഴിഞ്ഞ ഒരുവന്‍ വൃത്തിയുള്ളവനാണ്; കാലുകള്‍ കഴുകുകയല്ലാതെ അവന്‍ കുളിക്കേണ്ടതില്ല.'' ആശൂറ എന്ന പെസഹാ തിരുനാളിന് നോമ്പുനോറ്റ് സമയമാകുമ്പോള്‍ വ്രതമവസാനിപ്പിച്ച് വുദൂ എടുത്ത് ഭക്ഷണവും പ്രാര്‍ഥനയും നടത്താന്‍ കാത്തിരിക്കുന്നവരാണെന്ന് അറിഞ്ഞുകൊണ്ടാവും വൃത്തിയുള്ള അവര്‍ വീണ്ടും കുളിക്കേണ്ടതില്ലെന്ന് യേശു പറഞ്ഞത്. യേശുവും ശിഷ്യന്മാരും ഇസ്‌ലാമിക രീതിയില്‍ ജീവിക്കുന്ന തികഞ്ഞ മുസ്‌ലിംകള്‍ ആയിരുന്നതുകൊണ്ടാണ് ഖുര്‍ആനില്‍ ഈ പെരുന്നാള്‍ സംഭവം വിവരിക്കാനിടയായതെന്ന് മനസ്സിലാക്കാം. (തുടരും)

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം