Prabodhanm Weekly

Pages

Search

2011 ഏപ്രില്‍ 30

അഴിമതിക്കെതിരെ മറ്റൊരു ജനമുന്നേറ്റം

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് മുന്‍തൂക്കമുള്ള നയമാണ് ജമാഅത്തെ ഇസ്ലാമി സ്വീകരിച്ചത്. ജമാഅത്തും ഇടതുപക്ഷവും തമ്മില്‍ ഇടക്കാലത്ത് ചില അസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നു. എല്‍.ഡി.എഫ് ഗവണ്‍മെന്റിന്റെ ചില നയങ്ങളെ ജമാഅത്തും സോളിഡാരിറ്റിയും ശക്തമായി എതിര്‍ക്കുകയും അവക്കെതിരെ സമരം നയിക്കുകയും ചെയ്തിരുന്നു. അതിനോടുള്ള പ്രതികരണമെന്നോണം സി.പി.എമ്മിന്റെ ഭാഗത്തുനിന്ന് ജമാഅത്തിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉണ്ടായി. എന്നിട്ടും ഇങ്ങനെയൊരു നിലപാട് എടുത്തതിന്റെ ന്യായമെന്താണ്

കേരള നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ നയം രൂപീകരിച്ചപ്പോള്‍ 2006-2011-ലെ എല്‍.ഡി.എഫ് ഭരണത്തെ വിലയിരുത്തുകയാണ് ജമാഅത്ത് ആദ്യം ചെയ്തത്. 2001-2006 കാലത്തെ യു.ഡി.എഫ് ഭരണത്തേക്കാള്‍ താരതമ്യേന മികച്ചതാണ് 2006-'11-ലെ എല്‍.ഡി.എഫ് ഭരണം എന്നാണ് ജമാഅത്ത് ശൂറ എത്തിച്ചേര്‍ന്ന നിഗമനം. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ എല്‍.ഡി.എഫ് ഭരണം മാത്രമല്ല, അതിനു മുമ്പുള്ള യു.ഡി.എഫ് ഭരണത്തെയും വിലയിരുത്തിക്കൊണ്ടാണല്ലോ ഏത് മുന്നണിക്ക് പിന്തുണ നല്‍കണം എന്ന് തീരുമാനിക്കേണ്ടത്. അങ്ങനെ വരുമ്പോള്‍ കഴിഞ്ഞ യു.ഡി.എഫ് ഭരണത്തേക്കാള്‍ നിലവിലുള്ള എല്‍.ഡി.എഫ് ഭരണമാണ് മികച്ചു നില്‍ക്കുന്നത് എന്നാണ് ജമാഅത്ത് വിലയിരുത്തിയത്

ഒന്നാമതായി, ധാരാളം ക്ഷേമ പദ്ധതികള്‍ എല്‍.ഡി.എഫ് ഗവണ്‍മെന്റ് നടപ്പിലാക്കുകയുണ്ടായി. ആശാവഹമായ വികസന പ്രവര്‍ത്തനങ്ങളും ഈ ഗവണ്‍മെന്റ് നടത്തിയിട്ടുണ്ട്. ആദ്യത്തെ രണ്ട്-മൂന്ന് വര്‍ഷം ആഭ്യന്തരമായ അനൈക്യവും മറ്റും കാരണം ഒരുതരം നിശ്ചലാവസ്ഥ ഭരണരംഗത്ത് ഉണ്ടായിരുന്നുവെന്നത് ശരിയാണ്. അതിന് അല്‍പം മാറ്റമുണ്ടായത് ലോക്സഭാ തെരഞ്ഞെടുപ്പോടു കൂടിയാണ്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനു ശേഷം ആ മാറ്റം ഭരണരംഗത്ത് ഗുണകരമായി അനുഭവപ്പെട്ടു. അതോടെ വികസന രംഗത്ത് ശ്രദ്ധേയമായ നീക്കങ്ങള്‍ നടത്താന്‍ ഗവണ്‍മെന്റിന് സാധിച്ചു.

അതേസമയം കേരളത്തില്‍ യു.ഡി.എഫിന്റെയും ദേശീയതലത്തില്‍ യു.പി.എയുടെയും പ്രതിഛായക്ക് വലിയ തകര്‍ച്ചയാണ് സമീപകാലത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. രാജ്യം കണ്ടതില്‍ വെച്ചേറ്റവും വലിയ അഴിമതിയാണ് പുറത്ത് വന്നിരിക്കുന്നത്. കേന്ദ്രത്തിലും കേരളത്തിലും അഴിമതി നടത്തിയതിന്റെ പേരില്‍ യു.പി.എ-യു.ഡി.എഫ് നേതാക്കളില്‍ ചിലര്‍ ജയിലിലടക്കപ്പെടുകയും ചെയ്തു. കഴിഞ്ഞ യു.ഡി.എഫ് ഭരണത്തില്‍ സംസ്ഥാനത്ത് നടന്ന പല അഴിമതികളും പുറത്ത് വരാന്‍ തുടങ്ങി. അത് പുറത്ത് കൊണ്ടുവന്നത്, അന്ന് ഭരണത്തില്‍ പങ്കാളികളായിരുന്നവരും അതിന്റെ അരികുചേര്‍ന്ന് നിന്നവരും അഴിമതിയില്‍ പങ്കാളികളായ ശേഷം അത് ഒതുക്കിത്തീര്‍ക്കാന്‍ വഴിവിട്ട കളികള്‍ നടത്തിയവരുമൊക്കെയാണ്്. അതായത്, യു.ഡി.എഫിന്റെ ഭാഗമായിട്ടുള്ളവര്‍ തന്നെയാണ് യു.ഡി.എഫ് ഗവണ്‍മെന്റിന്റെ അഴിമതിക്കഥകള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നത്.
 ഇങ്ങനെ, വികസന പദ്ധതികളും ക്ഷേമപ്രവര്‍ത്തനങ്ങളുമായി എല്‍.ഡി.എഫ് താരതമ്യേന മെച്ചപ്പെട്ട ഭരണം കാഴ്ചവെക്കുകയും യു.ഡി.എഫിന്റെയും യു.പി.എയുടെയും പ്രതിഛായ ഇടിയുകയും ചെയ്ത സന്ദര്‍ഭത്തിലാണ് നിയമസഭാ തെരഞ്ഞെടുപ്പ് വരുന്നത്. ഈ അവസ്ഥയില്‍ എന്തു നിലപാടാണ് ജമാഅത്തിന് സ്വീകരിക്കാന്‍ കഴിയുകയെന്ന് ചിന്തിക്കുന്ന ആര്‍ക്കും മനസ്സിലാകും.
 എങ്കില്‍ പതിനഞ്ച് സീറ്റില്‍ യു.ഡി.എഫിനെ പിന്തുണച്ചത് എന്തടിസ്ഥാനത്തിലാണ്? ഇടതുപക്ഷ ഭരണത്തിന് തുടര്‍ച്ചയുണ്ടാകണം എന്നാഗ്രഹിക്കുകയും, അതേസമയം ഭരണമാറ്റത്തിന് സഹായകമാകും വിധം യു.ഡി.എഫിലെ ചിലര്‍ക്ക് പിന്തുണ നല്‍കുകയും ചെയ്തതില്‍ വൈരുധ്യമുണ്ട് എന്ന വിമര്‍ശനത്തെക്കുറിച്ച് എന്തു പറയുന്നു?
യഥാര്‍ഥത്തില്‍ ഈ നിലപാടില്‍ വൈരുധ്യമൊന്നും ഇല്ല. എല്‍.ഡി.എഫിന്റെ ഭരണം താരതമ്യേന മികച്ചതാണെന്ന് പറയുമ്പോള്‍ പൂര്‍ണമായും വിജയിച്ച ഭരണമാണെന്ന് അര്‍ഥമില്ലല്ലോ. എല്‍.ഡി.എഫ് ഭരണത്തിന് നൂറ് ശതമാനം മാര്‍ക്കും നല്‍കാന്‍ ജമാഅത്ത് ഒരുക്കമല്ല. മറിച്ച്, അവര്‍ക്ക് മുന്‍തൂക്കം നല്‍കുന്നതോടൊപ്പം, യു.ഡി.എഫിലെ ഒരു കക്ഷിയെയും അവഗണിക്കാത്ത നയമാണ് ജമാഅത്ത് സ്വീകരിച്ചിട്ടുള്ളത്. യു.ഡി.എഫിലെ ഏതെങ്കിലും പാര്‍ട്ടിയെ മാറ്റിനിര്‍ത്തരുത് എന്നാണ് ജമാഅത്ത് തീരുമാനിച്ചത്.
 

ഈ വിഷയകമായി ശൂറയില്‍ രൂപപ്പെട്ട അഭിപ്രായം പ്രവര്‍ത്തകരുടെ മുമ്പില്‍ വെക്കുകയും അവരുടെ നിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ച് പതിനഞ്ച് മണ്ഡലങ്ങളില്‍ യു.ഡി.എഫിന് പിന്തുണ നല്‍കുകയുമാണ് ചെയ്തത്. പതിനഞ്ച് സ്ഥലങ്ങളില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥികളെ പിന്തുണക്കണം എന്നത് പ്രവര്‍ത്തകരുടെ നിര്‍ദേശമാണ്. അത് അംഗീകരിച്ചുകൊണ്ടുള്ള തീരുമാനം പ്രസ്ഥാനം ഉയര്‍ത്തിപ്പിടിക്കുന്ന ജനാധിപത്യ സംസ്കാരത്തിന്റെ തെളിവു കൂടിയാണ്.

 
 മുസ്ലിം സമുദായത്തെയും ജമാഅത്തിനെയും സംബന്ധിച്ച് 2006-2011-ലെ എല്‍.ഡി.എഫ് ഭരണം ആശാവഹമല്ല എന്ന വിലയിരുത്തലുണ്ടല്ലോ? പാഠപുസ്തക വിവാദം, സ്കൂള്‍ സമയ മാറ്റവും മദ്റസാ പഠനവും, സച്ചാര്‍ സമിതി റിപ്പോര്‍ട്ട്, ഹിറാ സെന്ററിലെ റെയ്ഡ്, കിനാലൂര്‍ പ്രശ്നം, സി.പി.എം നേതൃത്വത്തിന്റെ ജമാഅത്ത് വിമര്‍ശം തുടങ്ങിയവയാണ് ഉന്നയിക്കപ്പെടുന്നത്.
 

രണ്ട് വിഷയങ്ങളും രണ്ടായി തന്നെ വിശകലനം ചെയ്യേണ്ടതുണ്ട്. ഒന്ന്, മുസ്ലിം സമുദായവുമായും രണ്ടാമത്തേത് ജമാഅത്തുമായും ബന്ധപ്പെട്ടതാണ്.

 സച്ചാര്‍ സമിതി റിപ്പോര്‍ട്ട് കേന്ദ്ര ഗവണ്‍മെന്റിന്റേതാണ്. അതിലെ നിര്‍ദേശങ്ങളില്‍ സാധ്യമാകുന്നത് നടപ്പിലാക്കാനാണ് പാലോളി മുഹമ്മദ് കുട്ടിയുടെ അധ്യക്ഷതയില്‍ ഒരു കമ്മിറ്റി കേരളത്തിലെ ഇടത് ഗവണ്‍മെന്റ് ഉണ്ടാക്കിയത്. മുസ്ലിം സമുദായത്തിലെ പ്രമുഖര്‍ കൂടി ഉള്‍ക്കൊള്ളുന്നതാണ് പാലോളി കമ്മിറ്റി. ഇത്ര വ്യവസ്ഥാപിതമായ ഒരു സംവിധാനം സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് മറ്റേതെങ്കിലും സംസ്ഥാനത്ത് ഉണ്ടോ എന്ന് സംശയമാണ്. പൊതു പ്രവര്‍ത്തകരുടെ അഭിപ്രായങ്ങള്‍ കൂടി പരിഗണിച്ചുള്ള പാലോളി കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ പലതും ഗവണ്‍മെന്റ് നടപ്പാക്കിയിട്ടുണ്ട്. മദ്റസാ അധ്യാപകര്‍ക്കുള്ള ക്ഷേമനിധി ഒരു ഉദാഹരണം. മലബാറിന്റെ പിന്നാക്കാവസ്ഥ പരിഹരിക്കാനുതകുന്ന പദ്ധതികളും എല്‍.ഡി.എഫ് ഗവണ്‍മെന്റ് നടപ്പിലാക്കി തുടങ്ങിയിരുന്നു. മലബാറിലെ ഒരു പ്രധാന പ്രശ്നം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കുറവും പിന്നാക്കാവസ്ഥയുമാണ്. ഇതിന് പരിഹാരമായി കൂടുതല്‍ സ്കൂളുകളും, കോളേജുകളില്‍ പുതിയ കോഴ്സുകളും എല്‍.ഡി.എഫ് ഗവണ്‍മെന്റ് അനുവദിക്കുകയുണ്ടായി. ഈ വിഷയത്തില്‍ ന്യൂനപക്ഷത്തിന് പ്രത്യേക പരിഗണന നല്‍കാന്‍ ഗവണ്‍മെന്റ് ശ്രമിച്ചിട്ടുണ്ട്.
 

ഇന്ത്യയിലെ അഞ്ച് ന്യൂനപക്ഷ പ്രദേശങ്ങളില്‍ അലീഗഢ് യൂനിവേഴ്സിറ്റിയുടെ കാമ്പസ് തുടങ്ങാന്‍ നിര്‍ദേശമുണ്ടായിരുന്നു. അത് നടപ്പിലാക്കാന്‍ തീരുമാനിച്ചത് കേരളവും ബംഗാളും മാത്രമാണ്. കേരളത്തില്‍ മാത്രമാണ് അത്തരം ഒരു കാമ്പസ് പ്രവര്‍ത്തനം ആരംഭിച്ചത്. മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണയില്‍ അതുണ്ടാക്കുക അപ്രായോഗികമാണ് എന്ന അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണ് ജമാഅത്തെ ഇസ്ലാമി ഉള്‍പ്പെടെയുള്ള സംഘടനകള്‍ പാണക്കാട് തന്നെ അലീഗഢ് കാമ്പസ് വരണം എന്നാവശ്യപ്പെട്ടത്. എന്നാല്‍, അപ്രായോഗികം എന്ന് വിലയിരുത്തപ്പെട്ട പെരിന്തല്‍മണ്ണയില്‍ തന്നെ, ആസൂത്രിതമായ പ്രവര്‍ത്തനങ്ങളിലൂടെ അത് പ്രായോഗികമാക്കാന്‍ ഇടത് ഗവണ്‍മെന്റിന് സാധിച്ചു. മലബാര്‍ വികസനത്തിന്റെ മറ്റൊരു ഉദാഹരണമാണ് ചമ്രവട്ടം പദ്ധതി യാഥാര്‍ഥ്യമാക്കിയത്. സോളിഡാരിറ്റി ഈ വിഷയത്തില്‍ സജീവമായ ഇടപെടലുകള്‍ നടത്തിയിരുന്നു. അപ്പോള്‍, മുസ്ലിം സമുദായത്തിനും മലബാറിനും വേണ്ടി ഇടതുപക്ഷം ഒന്നും ചെയ്തില്ല എന്ന് പറയുന്നത് ശരിയല്ല.

 അതേസമയം, മുസ്ലിം സമുദായവുമായും മറ്റു മത വിഭാഗങ്ങളുമായും ബന്ധപ്പെട്ട ചില പ്രശ്നങ്ങള്‍ ഈ ഭരണകാലത്തുണ്ടായി. അതില്‍ ഒന്നായിരുന്നു വിവാഹ രജിസ്ട്രേഷന്‍ സംബന്ധിച്ച ആശങ്കകള്‍. സ്കൂള്‍ സമയമാറ്റ നിര്‍ദേശവും മദ്റസകളുടെ പ്രവര്‍ത്തനവും, പാഠപുസ്തകത്തില്‍ മതവിശ്വാസത്തിനെതിരെ വന്ന പരാമര്‍ശങ്ങള്‍ എന്നിവയാണ് മറ്റു രണ്ടെണ്ണം. ഈ പ്രശ്നങ്ങള്‍ ഇടത് ഗവണ്‍മെന്റിന്റെ വീഴ്ചകളാണ്. മുസ്ലിം സംഘടനകള്‍ ഒരുമിച്ചു നേരിട്ടപ്പോള്‍, ഗവണ്‍മെന്റ് മുസ്ലിം സംഘടനകളുടെ നിലപാടുകള്‍ക്ക് വഴങ്ങുകയാണുണ്ടായത്. മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവര്‍ മുസ്ലിം സംഘടനകളുമായി ചര്‍ച്ച നടത്താനും നിലപാടുകള്‍ തിരുത്താനും സന്നദ്ധരായി. അതുകൊണ്ടുതന്നെ, യു.ഡി.എഫിനെ അപേക്ഷിച്ച് എല്‍.ഡി.എഫ് ഗവണ്‍മെന്റ് മുസ്ലിം സമുദായത്തോട് വലിയൊരു ശത്രുത കാണിച്ചു എന്ന് പറയാന്‍ ന്യായങ്ങളില്ല. രാഷ്ട്രീയമായ താല്‍പര്യങ്ങള്‍ക്കു വേണ്ടി ആരെങ്കിലും ഇത്തരം പ്രചാരണം നടത്തുന്നുണ്ടെങ്കില്‍ അത് ജനങ്ങള്‍ തിരിച്ചറിയേണ്ടതാണ്.
 
 ഇടതുപക്ഷ ഗവണ്‍മെന്റിന്റെ ഭാഗത്തുനിന്നുണ്ടായ ശ്രദ്ധേയമായ ഒരു നീക്കമാണല്ലോ 'അല്‍ബറക' എന്ന ധനകാര്യ സ്ഥാപനം. ഇസ്ലാമിക സാമ്പത്തിക വ്യവസ്ഥയുടെ മൂല്യങ്ങള്‍ ഉള്‍ക്കൊണ്ട് രൂപപ്പെടുത്തിയ അല്‍ബറകക്ക് എതിരെ ചില ഭാഗങ്ങളില്‍നിന്ന് രൂക്ഷമായ വിമര്‍ശനങ്ങളും കോടതി കേസും ഉണ്ടായിട്ടും പിന്‍വാങ്ങാതെ മുന്നോട്ടുപോവുകയാണല്ലോ ഇടത് ഗവണ്‍മെന്റ് ചെയ്തത്.
 കേരളത്തിലെ പ്രബല ജനവിഭാഗമാണ് മുസ്ലിംകള്‍. മറ്റു വിഭാഗങ്ങളെപ്പോലെ മുസ്ലിംകളും ഒരു പരിധിവരെ സാമ്പത്തിക വളര്‍ച്ച നേടിയിട്ടുണ്ട്. എന്നാല്‍, സാമ്പത്തിക പ്രക്രിയയില്‍ പങ്കാളികളാകാന്‍ കഴിയാതിരുന്നാല്‍ ആഭ്യന്തരവും ബാഹ്യവുമായ പ്രയാസങ്ങള്‍ക്ക് അത് കാരണമാകും. പലിശ നിഷിദ്ധമാണ് എന്ന കാരണത്താല്‍ കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ പങ്കാളിത്തം വഹിക്കാനാകാതെ മാറിനില്‍ക്കുന്ന മൂലധനത്തെ അതിലേക്ക് കൊണ്ടുവരികയെന്നതാണ് ഇസ്ലാമിക സാമ്പത്തിക സ്ഥാപനം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ദീര്‍ഘവീക്ഷണത്തോടെയുള്ള ഈ സമീപനത്തിന് ബഹുമുഖ ഫലങ്ങളുണ്ട്. അത് മനസിലാക്കികൊണ്ടാണ് കേരള ഗവണ്‍മെന്റ് 'അല്‍ബറക' എന്ന പേരില്‍, ഇസ്ലാമിക സാമ്പത്തിക വ്യവസ്ഥയുടെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ഒരു സംരംഭത്തിന് തുടക്കം കുറിച്ചത്. ഇതിനെതിരെ പല കോണുകളില്‍ നിന്നും കടുത്ത എതിര്‍പ്പുകള്‍ ഉണ്ടായി. കോടതിയില്‍ കേസ് വന്നു. സുബ്രഹ്മണ്യ സ്വാമിയുടെ ഇടപെടലും കേസും പല തെറ്റിദ്ധാരണകള്‍ക്കും കാരണമായി. എതിര്‍പ്പ് പ്രകടിപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞത് 'കേരളത്തിന്റെ പൊതുസമ്പത്ത് ഒരു മതവിഭാഗത്തിന് മാത്രം ഉപകാരപ്പെടുംവിധം കൈകാര്യം ചെയ്യുന്നു' എന്നായിരുന്നു. തീര്‍ത്തും തെറ്റായിരുന്നു ഈ വാദം. സ്വാമിയുടെ വാദം കോടതി തള്ളുകയും അല്‍ബറകക്ക് അനുകൂലമായി വിധി പ്രസ്താവിക്കുകയുമാണുണ്ടായത്. ശ്രദ്ധേയമായിരുന്നു കോടതിയുടെ നിരീക്ഷണങ്ങള്‍. വിമര്‍ശനങ്ങള്‍ ഏറെ ഉണ്ടായിട്ടും, ഈ സംരംഭവുമായി മുമ്പോട്ടുപോകാന്‍ ഇടതുപക്ഷ ഗവണ്‍മെന്റിനു കഴിഞ്ഞുവെന്നത് ആശാവഹമാണ്.
 
 

സി.പി.എമ്മിന്റെ ഭാഗത്തുനിന്ന് ചില വിമര്‍ശനങ്ങള്‍ ജമാഅത്തിനെതിരെ ഉണ്ടായി. എല്‍.ഡി.എഫ് ഗവണ്‍മെന്റിന്റെ ചില നയവൈകല്യങ്ങള്‍ക്കെതിരെ സോളിഡാരിറ്റിയും എസ്.ഐ.ഒയും നടത്തിയ പ്രതികരണങ്ങള്‍ തുറന്ന ഏറ്റുമുട്ടലിലാണ് കലാശിച്ചത്. എന്നിട്ടും ഇടതുമുന്നണിക്ക് മുന്‍തൂക്കം നല്‍കുകയായിരുന്നല്ലോ?

 

ജമാഅത്തെ ഇസ്ലാമിയുടെ പൊതുസമീപന രീതികളെയും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ നിലപാടുകളെയും സത്യസന്ധമായി വിലയിരുത്തുന്ന ആര്‍ക്കും ഈ വിഷയത്തില്‍ അസ്വാഭാവികതയും വൈരുധ്യവും തോന്നേണ്ടതില്ല. സംഘടനാപരമായ താല്‍പര്യങ്ങളല്ല, വിശാലമായ രാജ്യതാല്‍പര്യങ്ങള്‍ മുന്‍ നിറുത്തിയാണ് ജമാഅത്തിന്റെ നയപരിപാടികള്‍ ആവിഷ്കരിക്കാറുള്ളത്. തെരഞ്ഞെടുപ്പ് നയത്തിന്റെ കാര്യത്തിലും ജനക്ഷേമത്തിനാണ്, പാര്‍ട്ടി വിഷയങ്ങള്‍ക്കല്ല ജമാഅത്ത് ഊന്നല്‍ നല്‍കാറുള്ളത്. ജമാഅത്തിനോട് ആര്‍ എന്ത് സമീപനം സ്വീകരിച്ചു എന്നതിനെ അടിസ്ഥാനമാക്കിയല്ല തെരഞ്ഞെടുപ്പില്‍ പിന്തുണ നല്‍കുന്നതും നിരസിക്കുന്നതും.

 

സി.പി.എം നേതാക്കള്‍ ജമാഅത്തെ ഇസ്ലാമിയെ വിമര്‍ശിച്ചിട്ടുണ്ട് എന്നതുകൊണ്ട് ഇടതുപക്ഷത്തിന് പിന്തുണ കൊടുക്കുന്നത് ശരിയല്ലെന്നാണ് വാദമെങ്കില്‍, കോണ്‍ഗ്രസും മുസ്ലിം ലീഗും ജമാഅത്തെ ഇസ്ലാമിയെ രൂക്ഷമായി വിമര്‍ശിക്കുന്നുണ്ടല്ലോ. ലീഗിനെയും കോണ്‍ഗ്രസിനെയും പിന്തുണക്കുന്നത് ഈ ന്യായം വെച്ച് എങ്ങനെ സാധൂകരിക്കാനാകും? സഖാവ് പിണറായി വിജയന്‍ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിട്ടും ഇടതുപക്ഷത്തിന് ജമാഅത്ത് പിന്തുണ നല്‍കിയിട്ടുണ്ടെങ്കില്‍, മുസ്ലിംലീഗ് ഇപ്പോഴും ജമാഅത്തിനെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടിരിക്കെതന്നെയാണ് ലീഗ് സ്ഥാനാര്‍ഥികള്‍ക്ക് ജമാഅത്ത് പിന്തുണ നല്‍കിയത്. ഇന്ത്യയില്‍ ജമാഅത്തെ ഇസ്ലാമിയെ രണ്ടുതവണ നിരോധിച്ചത് കോണ്‍ഗ്രസാണ്, സി.പി.എം അല്ല. എന്നിട്ടും നിരവധി തവണ കോണ്‍ഗ്രസിന് ജമാഅത്ത് വോട്ട് ചെയ്തിട്ടുണ്ട്. ഈ തെരഞ്ഞെടുപ്പിലും വോട്ടു ചെയ്തിട്ടുണ്ട്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി അധികാരത്തില്‍ വരുന്നത് തടയുക എന്ന ലക്ഷ്യത്തോടെ 220ലേറെ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് മുന്നണിയെയാണ് ജമാഅത്ത് പിന്തുണച്ചത്. 'ജമാഅത്തിനെ രണ്ടുതവണ നിരോധിച്ച കോണ്‍ഗ്രസ് മുന്നണിയെയാണ് ജമാഅത്ത് 220ലേറെ മണ്ഡലങ്ങളില്‍ പിന്തുണക്കുന്നത്' എന്ന് അന്നാരും വിമര്‍ശനമുന്നയിച്ചിരുന്നില്ല. എന്നല്ല, ജമാഅത്ത് വലതുപക്ഷത്തിന് പിന്തുണ കൊടുക്കുമ്പോഴല്ല, ഇടതുപക്ഷത്തിന് പിന്തുണനല്‍കുമ്പോഴാണ് ഇത്തരം വിമര്‍ശനങ്ങള്‍ ഉന്നയിക്കപ്പെടാറുള്ളത്. അപ്പോള്‍ അതിന്റെ പിന്നിലെ താല്‍പര്യം വ്യക്തമാണല്ലോ.

 

സമീപകാലത്ത് സി.പി.എമ്മിലെ ചില നേതാക്കള്‍ ജമാഅത്തിനെതിരെ രൂക്ഷവിമര്‍ശനം നടത്തിയ പശ്ചാത്തലം നമുക്കറിയാം. ധാരാളം വികസനപ്രവര്‍ത്തനങ്ങള്‍ നടത്തിയ ഇടതുപക്ഷ ഗവണ്‍മെന്റിന് ചിലയിടങ്ങളില്‍ അവരുടെ തന്നെ അജണ്ടകള്‍ തെറ്റിപോയിട്ടുണ്ട്. മുതലാളിത്ത-ആഗോള വത്കരണ-സ്വകാര്യവല്‍ക്കരണ നയങ്ങളെ എതിര്‍ക്കുന്ന ഇടതുപക്ഷത്തിന്റെ ചില പദ്ധതികളില്‍, മുതലാളിത്തപരമായ സമീപനങ്ങള്‍ കടന്നുവന്നപ്പോള്‍ ജമാഅത്തും പോഷക സംഘടനകളും പത്രമാധ്യമങ്ങളും അതിനെതിരെ ശക്തമായി പ്രതികരിക്കുകയുണ്ടായി. എതിര്‍പ്പിനു വിധേയമായ വികസന പദ്ധതികള്‍ ഇടതുപക്ഷത്തിന്റെ അടിസ്ഥാന നയമായിരുന്നില്ല, നയങ്ങളില്‍ നിന്നുള്ള വ്യതിയാനങ്ങളായിരുന്നുവെന്നാണ് ജമാഅത്ത് മനസ്സിലാക്കിയത്. എന്നാല്‍, കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന വലതുപക്ഷത്തെ സംബന്ധിച്ചേടത്തോളം മുതലാളിത്തപരമായ വികസന പദ്ധതികള്‍ വ്യതിയാനമല്ല, വലതുപക്ഷത്തിന്റെ അടിസ്ഥാന നിലപാട് തന്നെയാണ്. അപ്പോള്‍ ജമാഅത്തെ ഇസ്ലാമി ഈ വിഷയത്തില്‍ വലതുപക്ഷത്തെ എതിര്‍ക്കുമ്പോള്‍, അവരുടെ മൌലികമായ നയത്തെതന്നെയാണ് വിമര്‍ശിക്കുന്നത്. എന്നാല്‍, ഇടതുപക്ഷത്തോടുള്ള എതിര്‍പ്പ് അവരുടെ നയവ്യതിയാനത്തിന്റെ പേരിലാണ്. അത്തരം വൈകല്യങ്ങള്‍ ഉണ്ടാകുമ്പോഴെല്ലാം ജമാഅത്തും പോഷകസംഘടനകളും ഇടതുപക്ഷത്തെ എതിര്‍ക്കുക തന്നെ ചെയ്യും. മതസംഘടനകള്‍ മുസ്ലിം ലീഗിന് വിധേയപ്പെടുന്നതുപോലെ, ഇടതുപക്ഷത്തിന് വിധേയപ്പെട്ടുകൊണ്ടല്ല അവര്‍ക്ക് ജമാഅത്ത് പിന്തുണ കൊടുത്തിട്ടുള്ളത്. യു.ഡി.എഫിന്റെയോ മുസ്ലിംലീഗിന്റെയോ കൊള്ളരുതായ്മകളെ എതിര്‍ക്കാന്‍ അവരോട് ചേര്‍ന്നുനില്‍ക്കുന്ന മതസംഘടനകള്‍ക്ക് കഴിയാത്തതാണ് അവരുടെ ദൌര്‍ബല്യം. എന്നാല്‍, തെരഞ്ഞെടുപ്പില്‍ പിന്തുണ കൊടുക്കുമ്പോഴും ഇടതുപക്ഷത്തിന്റെ നയവൈകല്യങ്ങളെ ശക്തമായി എതിര്‍ക്കാന്‍ കഴിയുന്നതാണ് ജമാഅത്തെ ഇസ്ലാമിയുടെ കരുത്ത്.

 

ഈ വ്യതിയാനങ്ങളെ എതിര്‍ത്തപ്പോഴാണ്, സി.പി.എമ്മിന്റെ ഭാഗത്തുനിന്ന് മീഡിയയിലൂടെയുള്ള വിമര്‍ശനങ്ങളും ശാരീരികമായ പീഡനങ്ങളും വരെ ജമാഅത്ത് പ്രവര്‍ത്തകര്‍ക്ക് നേരിടേണ്ടി വന്നത്. ഇസ്ലാമിക പ്രസ്ഥാനത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിച്ച് ജനശ്രദ്ധ യഥാര്‍ഥ പ്രശ്നങ്ങളില്‍നിന്ന് തിരിച്ചുവിടാമെന്നും അങ്ങനെ നയവൈകല്യങ്ങള്‍ക്കെതിരായ ജമാഅത്തിന്റെയും പോഷക സംഘടനകളുടെയും എതിര്‍പ്പിനെ മറികടക്കാമെന്നുമാണ് അവര്‍ കരുതിയത്. ആ ധാരണ തെറ്റായിരുന്നുവെന്ന് ഇടതുപക്ഷത്തിന് പിന്നീട് ബോധ്യപ്പെട്ടിട്ടുണ്ട് എന്നാണ് ഞാന്‍ മനസിലാക്കുന്നത്. എന്നാല്‍, കേരളീയ ജനതയുടെ പൊതു നന്മ ഉദ്ദേശിച്ചുകൊണ്ട് ജമാഅത്ത് എടുത്ത രാഷ്ട്രീയ നിലപാടുകള്‍ സംഘടനാപരമായ ഇത്തരം കാര്യങ്ങളെ മാത്രം അടിസ്ഥാനമാക്കി മാറ്റിത്തിരുത്താന്‍ ജമാഅത്ത് ഒരുക്കമല്ല.

 
 

സോളിഡാരിറ്റിയുമായി നേര്‍ക്കുനേരെ ഏറ്റുമുട്ടുകയും ജമാഅത്തിനെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു മന്ത്രി എളമരം കരീം. അദ്ദേഹത്തിനും ജമാഅത്ത് പിന്തുണ കൊടുത്തിട്ടുണ്ടല്ലോ?

 

ഇടതുപക്ഷ ഗവണ്‍മെന്റിന്റെ ഭരണത്തെ വിലയിരുത്തിയാണ് ജമാഅത്ത് നയം രൂപീകരിച്ചത്. എല്‍.ഡി.എഫിലെ മന്ത്രിമാരെക്കുറിച്ചുള്ള വിലയിരുത്തല്‍ കൂടിയായിരുന്നു അത്. എന്നിട്ടും, എളമരം കരീമിന് വോട്ടുചെയ്യണമെന്നായിരുന്നു ആ മണ്ഡലത്തിലെ ജമാഅത്ത് പ്രവര്‍ത്തകരില്‍ ഭൂരിപക്ഷത്തിന്റെയും അഭിപ്രായം. അഭിനന്ദിക്കപ്പെടേണ്ട നിലപാടാണിത്. ജമാഅത്തിനെ രൂക്ഷമായി വിമര്‍ശിക്കുകയും സോളിഡാരിറ്റി പ്രവര്‍ത്തകരെയും സമരത്തില്‍ പങ്കെടുത്ത മറ്റുള്ളവരെയും പോലീസിനെ വിട്ട് തല്ലിച്ചതക്കാന്‍ നേതൃത്വം നല്‍കുകയും ചെയ്ത ഒരു വ്യക്തിയെപ്പോലും, ആ വിഷയം പറഞ്ഞ് മാറ്റി നിര്‍ത്താന്‍ ജമാഅത്ത് പ്രവര്‍ത്തകര്‍ സന്നദ്ധരായില്ല. എല്‍.ഡി.എഫ് ഗവണ്‍മെന്റ് താരതമ്യേന നല്ല പ്രകടനം കാഴ്ചവെച്ചു എന്ന് വിലയിരുത്തിക്കൊണ്ട്, ജനതാല്‍പര്യം മുന്‍നിര്‍ത്തി തെരഞ്ഞെടുപ്പ് നയം രൂപീകരിച്ചപ്പോള്‍ വ്യക്തിപരവും സംഘടനാപരവുമായ വിഷയങ്ങള്‍ അതിലേക്ക് വലിച്ചിഴക്കാതെ ഉയര്‍ന്നുനില്‍ക്കാന്‍ ജമാഅത്ത് പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞുവെന്നത് അഭിനന്ദിക്കപ്പെടേണ്ടതാണ്. എളമരം കരീമിന് വോട്ടുചെയ്യുന്നില്ല എന്ന് പ്രവര്‍ത്തകര്‍ക്ക് പറയാമായിരുന്നു. സമരം നടന്ന കിനാലൂരും കക്കോടിയും ഉള്‍പ്പെടുന്ന എലത്തൂര്‍ മണ്ഡലത്തിലും മഹാഭൂരിപക്ഷം പ്രവര്‍ത്തകരും ഇടതുപക്ഷത്തെ പിന്തുണക്കണമെന്നാണ് അഭിപ്രായപ്പെട്ടത്. ഏതാനും ആളുകള്‍ക്ക് വ്യത്യസ്തമായ അഭിപ്രായം ഉണ്ടാകാമെങ്കിലും ഭൂരിപക്ഷത്തിന്റെ അഭിപ്രായമനുസരിച്ച് തീരുമാനമെടുക്കുക എന്നതാണല്ലോ ജനാധിപത്യ സ്വഭാവമുള്ള ഒരു പ്രസ്ഥാനത്തിന്റെ രീതി. അതാണ് ജമാഅത്ത് ചെയ്തിട്ടുള്ളത്.

 

പ്രസ്ഥാന പ്രവര്‍ത്തകരുടെ പ്രത്യുല്‍പന്നമതിത്വത്തെയാണ് ഇത് അടയാളപ്പെടുന്നത്. സമൂഹത്തിന് മൊത്തം ഉപകാരപ്പെടുന്ന പൊതുവായ നന്മകളെയാണ്, ഇടക്കാലത്ത് ആരെങ്കിലും സംഘടനയോട് കാണിച്ച ശത്രുതയെ അല്ല ആദര്‍ശപ്രചോദിതരായ ഒരു സംഘം നയരൂപവത്കരണത്തില്‍ പരിഗണിക്കേണ്ടത് എന്ന് ജമാഅത്ത് പ്രവര്‍ത്തകര്‍ തെളിയിച്ചിരിക്കുന്നു. ഇങ്ങനെയൊരു ഔന്നത്യം അവകാശപ്പെടാന്‍ മറ്റാര്‍ക്കാണ് സാധിക്കുക!

 

ഹിറാസെന്ററില്‍ നടന്ന പോലീസ് പരിശോധനയാണ് മറ്റൊന്ന്. എല്‍.ഡി.എഫ് ഗവണ്‍മെന്റ് അധികാരത്തില്‍ വന്ന് ഏതാനും ആഴ്ചകള്‍ക്കകമാണ് ആ സംഭവം നടന്നത്. എന്നിട്ടും എന്തിനാണ് ഇടതുപക്ഷത്തിന് ജമാഅത്ത് വോട്ട് ചെയ്തത് എന്നാണ് ചിലര്‍ സംശയിക്കുന്നത്. സംഭവത്തിന് ഏതാനും മാസങ്ങള്‍ക്കകം വന്ന തിരുവമ്പാടി ഉപതെരഞ്ഞെടുപ്പില്‍ ജമാഅത്ത് ഇടതുസ്ഥാനാര്‍ഥിയെയാണ് പിന്തുണച്ചത്. അത് ശരിയായിരുന്നുവെന്നും നമുക്കറിയാം. ഇടതുസ്ഥാനാര്‍ഥിയാണ് അന്ന് അവിടെ വിജയിച്ചത്. ഒരു ഗവണ്‍മെന്റ് അധികാരത്തില്‍ വന്ന് ഏതാനും ആഴ്ചകള്‍ക്കകം നടന്ന ആ സംഭവം ഗവണ്‍മെന്റോ അവരുടെ പാര്‍ട്ടിയോ ആലോചിച്ച് എടുത്ത തീരുമാനമായിരുന്നുവെന്ന് ഞാന്‍ കരുതുന്നില്ല. അത് പോലീസ് ഡിപ്പാര്‍ട്ട്മെന്റിലെ ചില ഉദ്യോഗസ്ഥര്‍ അവരുടെ ധാരണവെച്ച് ചെയ്തതാകാം.

 

ഇടതുപക്ഷത്തിന് 124 മണ്ഡലങ്ങളില്‍ പിന്തുണ കൊടുത്തതിന്റെ പേരില്‍ ജമാഅത്തില്‍ കടുത്ത ആശയക്കുഴപ്പവും ആഭ്യന്തര ഭിന്നതയും ഉണ്ടെന്നാണ് ചിലര്‍ തെറ്റിദ്ധരിപ്പിക്കുന്നത്. തീര്‍ത്തും അസ്ഥാനത്താണ് ഈ ധാരണ. രാഷ്ട്രീയ പാര്‍ട്ടികളുടെയും ചില സാമ്പ്രദായിക മതസംഘടനകളുടെയും സ്വഭാവ രീതികള്‍ വെച്ച് ജമാഅത്തിനെ വിലയിരുത്തുന്നത് വിഡ്ഢിത്തമാണ്. നയരൂപവത്കരണത്തിന് വേണ്ടിയുള്ള ചര്‍ച്ചകള്‍ നടക്കുമ്പോള്‍ ഭിന്നാഭിപ്രായങ്ങള്‍ പ്രകടിപ്പിക്കപ്പെട്ട ശേഷം ഒരു തീരുമാനമെടുത്തു കഴിഞ്ഞാല്‍ പ്രസ്ഥാനം ഒറ്റക്കെട്ടായി അത് നടപ്പിലാക്കുകയാണ് ചെയ്യുക.

 
 

2006-ലെ നിയമസഭാ തെരഞ്ഞെടുപ്പിലും തുടര്‍ന്ന് നടന്ന തിരുവമ്പാടി ഉപതെരഞ്ഞെടുപ്പിലും പിന്നീട് വന്ന ലോക്സഭാ തെരഞ്ഞെടുപ്പിലും (20ല്‍ 18) ജമാഅത്ത് പിന്തുണച്ചത് ഇടതുപക്ഷത്തെയായിരുന്നു. ഇപ്പോള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ചില്ലറ മാറ്റങ്ങളോടെ അത് ആവര്‍ത്തിച്ചിരിക്കുന്നു. ഇങ്ങനെ തുടരെത്തുടരെ ഇടതുപക്ഷത്തെ പിന്തുണക്കുന്ന സംഘടന അവരോടുള്ള വിധേയത്വം പ്രകടിപ്പിക്കുകയല്ലേ?

 

2006ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 140 മണ്ഡലങ്ങളിലും എല്‍.ഡി.എഫിനെ പിന്തുണക്കുമ്പോള്‍ തന്നെ ജമാഅത്തെ ഇസ്ലാമി ഒരു കാര്യം വ്യക്തമാക്കിയിരുന്നു. ഇടതുപക്ഷത്തിന്റെ എല്ലാ നയങ്ങളെയും നൂറുശതമാനം ജമാഅത്ത് അംഗീകരിച്ചുകൊള്ളണമെന്നില്ല. അവരുടെ നയവൈകല്യങ്ങളെ രൂക്ഷമായി വിമര്‍ശിക്കാനുള്ള അവകാശം നിലനിര്‍ത്തിക്കൊണ്ടാണ് അവരെ പിന്തുണക്കുന്നത്. അത് വെറുമൊരു വര്‍ത്തമാനമായിരുന്നില്ല. എല്‍.ഡി.എഫ് ഭരണത്തിന്റെ ആദ്യഘട്ടം മുതല്‍ തന്നെ നയവൈകല്യങ്ങളെ നിശിതമായി എതിര്‍ത്തിട്ടുണ്ട് ജമാഅത്ത്.

 

സി.പി.എം നേതൃത്വത്തിന്റെ വിമര്‍ശനം ഭയന്നുകൊണ്ടോ ഇടതു ഗവണ്‍മെന്റിന്റെ ശത്രുതയുണ്ടാകും എന്ന് ആശങ്കപ്പെട്ടുകൊണ്ടോ അവരുടെ തെറ്റായ നയങ്ങള്‍ക്കെതിരെ ഒരിക്കലും ജമാഅത്തും അതിന്റെ പോഷക സംഘടനകളും മൌനം അവലംബിച്ചിട്ടില്ല. കിനാലൂര്‍, ചെങ്ങറ തുടങ്ങിയ സംഭവങ്ങള്‍ ജമാഅത്തിന് ഇടതുപക്ഷവുമായി ഒരു തരത്തിലുമുള്ള വിധേയത്വവുമില്ല എന്നതിന്റെ തെളിവുകളാണ്.

 
 

വലതുപക്ഷ ധാരയോട് ചേര്‍ന്നുകൊണ്ടുമാത്രമേ മുസ്ലിംകള്‍ക്ക് രാഷ്ട്രീയമാകാവൂ എന്ന ധാരണ ശരിയാണോ?

 

കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന വലതുപക്ഷധാരയോട് ചേര്‍ന്നുകൊണ്ടുമാത്രമേ മുസ്ലിംകള്‍ക്ക് രാഷ്ട്രീയമുള്ളൂ എന്ന തെറ്റിദ്ധാരണ പരത്താന്‍ മുസ്ലിംലീഗ് ശ്രമിച്ചിട്ടുണ്ട്. ഇന്ത്യയിലെ മുസ്ലിം സമൂഹം വലിയ പ്രയാസങ്ങള്‍ അനുഭവിക്കേണ്ടി വന്നത് ഇക്കാരണം കൊണ്ടുകൂടിയാണ്. വളരെ നിര്‍ണായക സന്ദര്‍ഭങ്ങളില്‍ ആണത്തത്തോടെ എഴുന്നേറ്റ് നിന്ന് വര്‍ത്തമാനം പറയാന്‍ മുസ്ലിം ലീഗിന് സാധിക്കാതിരുന്നത്, കോണ്‍ഗ്രസിന് വിധേയപ്പെട്ടുകൊണ്ടുമാത്രമേ മുസ്ലിം രാഷ്ട്രീയത്തിന് മുന്നോട്ട് പോകാനാകൂ എന്ന തെറ്റായ കാഴ്ചപ്പാട് കാരണമാണ്. മുസ്ലിം സമുദായത്തിന് രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ് വിധേയത്വത്തിന്റേതല്ലാത്ത വഴികളുമുണ്ട്. സ്വതന്ത്രമായി രാഷ്ട്രീയ നിലപാടെടുത്ത് മുന്നോട്ട് പോവുക എന്നതാണ് അതിലൊന്ന്. അങ്ങനെ അസ്തിത്വം തെളിയിക്കാം. രണ്ടാമത്തെ വഴി, കോണ്‍ഗ്രസ് ഇതര രാഷ്ട്രീയ കൂട്ടായ്മകളുമായി സഹകരിച്ചു മുന്നോട്ടു പോവുക എന്നതാണ്. ഇത് മുസ്ലിം സമൂഹം പലപ്പോഴായി സ്വീകരിച്ചിട്ടുമുണ്ട്.

 

കോണ്‍ഗ്രസിനോടൊപ്പം മാത്രമേ മുസ്ലിം രാഷ്ട്രീയത്തിന് നിലനില്‍പുള്ളൂ എന്ന് വരുന്നതോടെ, മുസ്ലിം സമുദായത്തിന് വിലപേശാനുള്ള ശക്തി നഷ്ടപ്പെടുകയാണ്. മുസ്ലിം സമുദായത്തെ കോണ്‍ഗ്രസ് അവഗണിക്കുന്നത് അക്കാരണത്താലാണ്. സച്ചാര്‍ സമിതി റിപ്പോര്‍ട്ടിലെ പിന്നാക്കാവസ്ഥ മുതല്‍ ഇക്കഴിഞ്ഞ നിയമസഭാ ഇലക്ഷനില്‍ കോണ്‍ഗ്രസിലെ ചില മുസ്ലിം നേതാക്കള്‍ക്ക് സീറ്റ് നിഷേധിച്ചതുവരെ അതിന്റെ ഉദാഹരണങ്ങളാണ്.

 

മുസ്ലിം ലീഗിന്റെ തന്നെ കാര്യമെടുക്കുക. കേരളത്തില്‍ 20 പാര്‍ലമെന്റ് സീറ്റുകളാണ് ഉള്ളത്. ഇതില്‍ 2 സീറ്റ് ലീഗിന് വളരെ മുമ്പു മുതല്‍ കോണ്‍ഗ്രസ് കൊടുക്കുന്നുണ്ട്. ലീഗിന് ലഭിക്കുന്ന രണ്ട് ലോക്സഭാ സീറ്റുകളുടെ പ്രത്യേകത, ലീഗ് ഒറ്റക്ക് മത്സരിച്ചാല്‍ പോലും ഈ സീറ്റുകളില്‍ ലീഗ് സ്ഥാനാര്‍ഥികള്‍ വിജയിക്കും എന്നതാണ്. എങ്കില്‍ ബാക്കി 18 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന് മുസ്ലിംകള്‍ വോട്ടു ചെയ്യുന്നതിന് പകരമായി അര്‍ഹതപ്പെട്ടത് മുസ്ലിം സമുദായത്തിന് കോണ്‍ഗ്രസ് നല്‍കുന്നുണ്ടോ? ഇത് ചിന്തിക്കാനോ, അര്‍ഹമായത് നേടിയെടുക്കാനോ ഇതുവരെ മുസ്ലിം ലീഗിന് സാധിച്ചിട്ടില്ല. കോണ്‍ഗ്രസിന്റെ വിജയത്തിന് ലീഗ് വലിയ സംഭാവനകള്‍ നല്‍കുന്നുണ്ട്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം നിരീക്ഷിച്ചാല്‍ അറിയാം, മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ ഉള്ളിടത്ത് അവര്‍ കഠിനാധ്വാനം ചെയ്ത് വോട്ടുണ്ടാക്കുന്നു. ബാക്കി സ്ഥലങ്ങളില്‍ പലതരം താല്‍പര്യക്കാരെയും കോര്‍പറേറ്റുകളെയും മാഫിയകളെയും മാധ്യമങ്ങളെയും കൂട്ടുപിടിച്ചാണ് കോണ്‍ഗ്രസ് വോട്ട് പിടിക്കുന്നത്. പ്രവര്‍ത്തകരെ രംഗത്തിറക്കി ജനകീയ പ്രവര്‍ത്തനങ്ങള്‍ നടത്തി തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ കഴിയാത്തവിധം കോണ്‍ഗ്രസ് അടിത്തട്ടില്‍ ദുര്‍ബലമായിരിക്കുന്നു. മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ കോണ്‍ഗ്രസിന് വേണ്ടി കഠിനാധ്വാനം ചെയ്തിട്ടും, അര്‍ഹമായത് കിട്ടാന്‍ കോണ്‍ഗ്രസിനു മുമ്പില്‍ ഒന്ന് വിലപേശാന്‍ പോലും മുസ്ലിം ലീഗിന് കഴിയുന്നില്ല.

 

ഈയൊരു പശ്ചാത്തലത്തില്‍ കേരളത്തിലെ മുസ്ലിംകള്‍ വിചാരിക്കേണ്ടതില്ല, കോണ്‍ഗ്രസിനോടൊപ്പം മാത്രമേ അവര്‍ക്കൊരു വഴിയുള്ളൂവെന്ന്. കോണ്‍ഗ്രസിനോടൊപ്പമുള്ള രാഷ്ട്രീയം പൂര്‍ണമായും അബദ്ധമാണെന്നോ തീര്‍ത്തും തെറ്റാണെന്നോ എനിക്ക് വാദമില്ല. എന്നാല്‍, കോണ്‍ഗ്രസിന് വിധേയപ്പെട്ട് സ്വന്തം അസ്തിത്വം അടിയറവെക്കുന്ന മുസ്ലിം രാഷ്ട്രീയം മാറേണ്ടതുണ്ട്. കോണ്‍ഗ്രസിനോടൊപ്പമല്ലാതെയും മുസ്ലിംകള്‍ക്ക് രാഷ്ട്രീയത്തില്‍ വഴികളുണ്ട് എന്ന കാര്യം മുസ്ലിം സമൂഹം ഗൌരവത്തില്‍ കാണേണ്ടതുണ്ട്. കോണ്‍ഗ്രസിതര രാഷ്ട്രീയ വഴികള്‍ തെരഞ്ഞെടുക്കാന്‍ ഏതെങ്കിലും മുസ്ലിം വിഭാഗങ്ങള്‍ രംഗത്തു വരുന്നുണ്ടെങ്കില്‍, അതിന്റെ ഗുണങ്ങളും നേട്ടങ്ങളും തിരിച്ചറിയാനും മുസ്ലിംകള്‍ക്ക് സാധിക്കണം.

 
 

മുസ്ലിം സമുദായത്തെ വോട്ടു ബാങ്കായി മാത്രം ചിലര്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. അധികാരം ലഭിക്കാന്‍ സമുദായത്തെ കൂടെ നിര്‍ത്തുകയും ലഭിച്ചു കഴിഞ്ഞാല്‍ അവഗണിക്കുകയും ചെയ്യുന്നത് വേണ്ടവിധം സമുദായം തിരിച്ചറിഞ്ഞിട്ടുണ്ടോ?

 

അധികാരത്തിലേക്ക് എത്താനുള്ള ചവിട്ടു പടിയായി മുസ്ലിംകളെ രാഷ്ട്രീയ പാര്‍ട്ടികള്‍ ഉപയോഗപ്പെടുത്താറുണ്ട്. അധികാരത്തിലെത്തിക്കഴിഞ്ഞാല്‍ അവര്‍ മുസ്ലിംകളെ പുറംകാലു കൊണ്ട് തട്ടിക്കളയുന്നു. പശ്ചിമ ബംഗാള്‍ അതിന്റെ ഉദാഹരണമാണ്. അവിടെ കഴിഞ്ഞ ഒന്നു രണ്ട് തെരഞ്ഞെടുപ്പുകളില്‍ മമതാ ബാനര്‍ജി വളരെ ഉദാരമായ സമീപനമാണ് മുസ്ലിംകളോട് സ്വീകരിച്ചത്. അതുവഴി മുസ്ലിം പിന്തുണയോടെ രാഷ്ട്രീയ മുന്നേറ്റം നടത്താനും സ്വാധീനമുറപ്പിക്കാനും അവര്‍ക്ക് കഴിഞ്ഞു. പക്ഷേ, ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍, അധികാരത്തില്‍ വരും എന്ന് ഏതാണ്ട് ഉറപ്പായപ്പോള്‍ മുസ്ലിം സംഘടനകളോടും നേതാക്കളോടും സംസാരിക്കാന്‍ പോലും മമത തയാറായില്ല. അതേ സമീപനമായിരുന്നു സി.പി.എമ്മും അവിടെ മുസ്ലിംകളോട് സ്വീകരിച്ചിരുന്നത്. അതിനാല്‍ മനംനൊന്ത് കൊണ്ടാണ് മമതാ ബാനര്‍ജിക്ക് കഴിഞ്ഞ ചില തെരഞ്ഞെടുപ്പുകളില്‍ മുസ്ലിം സംഘടനകള്‍ പിന്തുണ നല്‍കിയത്. അതിന്റെ ഫലം മമത അനുഭവിച്ചു. പക്ഷേ, ഇപ്പോള്‍ ചെയ്യുന്നത് മുസ്ലിംകളെ അവഗണിക്കുകയാണ്. ഇത് കോണ്‍ഗ്രസ്സിന്റെയും ഭാഗത്തുനിന്ന് ഉണ്ടാകുന്നതാണ്. ഈ അനുഭവത്തെ മുസ്ലിം സമുദായം വളരെ ഗൌരവത്തില്‍ വിലയിരുത്തേണ്ടതുണ്ട്.

 
 

കേരളത്തിലേക്ക് വരുമ്പോള്‍ ഉള്ള അനുഭവങ്ങള്‍ എന്താണ്?

 

കേരളത്തില്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുന്നണി ദയനീയമായി പരാജയപ്പെട്ടതിനു ശേഷം രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി, എം.ഐ ഷാനവാസ് തുടങ്ങിയവര്‍ ജമാഅത്ത് നേതൃത്വവുമായി വിശദമായ സംഭാഷണം നടത്തുകയുണ്ടായി. എറണാകുളത്തുവെച്ചായിരുന്നു ആ കൂടിക്കാഴ്ച. ആ സംഭാഷണത്തില്‍ അവര്‍ പറഞ്ഞത്, 'മുസ്ലിം സമുദായത്തില്‍ മുസ്ലിം ലീഗിനോട് മാത്രമല്ല ഇതര മുസ്ലിം സംഘടനകളോടും കോണ്‍ഗ്രസ് സംസാരിക്കേണ്ടതുണ്ട് എന്ന പാഠമാണ് ഈ തെരഞ്ഞെടുപ്പ് ഞങ്ങള്‍ക്ക് നല്‍കിയിട്ടുള്ളത്' എന്നായിരുന്നു. അന്ന് ചര്‍ച്ചയുടെ അവസാനം അവര്‍ പറഞ്ഞത്, കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ അവിടത്തെ മുസ്ലിം സമുദായത്തിന്റെ പിന്തുണ കോണ്‍ഗ്രസിന് ഉറപ്പാക്കാന്‍ ജമാഅത്ത് മുന്‍കൈയെടുക്കണം എന്നായിരുന്നു. ജമാഅത്തിന്റെ നയസമീപനവുമായി വളരെ അടുത്ത് നില്‍ക്കുന്ന ഒരു വിഷയമാണിത്. ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ കോണ്‍ഗ്രസിന് പിന്തുണ നല്‍കുകയെന്നത് ജമാഅത്തിന്റെ നയമാണ്. അതുകൊണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ ഉന്നയിച്ച ആവശ്യം അംഗീകരിക്കാന്‍ ജമാഅത്ത് താല്‍പര്യം പ്രകടിപ്പിച്ചു. തദടിസ്ഥാനത്തില്‍ കര്‍ണാടകയിലെ മുസ്ലിം നേതൃത്വവുമായും ജമാഅത്ത് നേതാക്കളുമായും സംസാരിക്കാന്‍ കോണ്‍ഗ്രസിന് അവസരമുണ്ടാക്കാം എന്ന ധാരണയോടെയാണ് അന്ന് ഞങ്ങള്‍ പിരിഞ്ഞത്. പിന്നീട് അത്തരം ഒരു മുന്‍കൈയും കോണ്‍ഗ്രസ്സിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ല. എന്തുകൊണ്ട് കോണ്‍ഗ്രസ് അതിന് മുതിര്‍ന്നില്ല എന്ന് അന്വേഷിച്ചിരുന്നു. കര്‍ണാടകയിലെ മുസ്ലിംകള്‍ കോണ്‍ഗ്രസിന് വോട്ടു ചെയ്യാന്‍ ബാധ്യസ്ഥരാണ്. അതുകൊണ്ട് മുസ്ലിംകളോട് അങ്ങോട്ട് സംസാരിച്ച് കോണ്‍ഗ്രസ് ഒരു ബാധ്യത ഉണ്ടാക്കി വെക്കേണ്ടതില്ല എന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് മുസ്ലിം നേതാക്കളുമായി സംഭാഷണം നടത്താതിരുന്നത് എന്ന മറുപടിയാണ് ലഭിച്ചത്. കോണ്‍ഗ്രസ്സും ബി.ജെ.പിയും മത്സരിക്കുമ്പോള്‍ മുസ്ലിംകള്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്തുകൊള്ളും, അതവരുടെ ബാധ്യതയാണ് എന്നാണ് കോണ്‍ഗ്രസ് കരുതിയത്. ഈ രാജ്യത്ത് ജീവിക്കുന്ന രാഷ്ട്രീയ സ്വത്വമുള്ള ഒരു വിഭാഗമായോ, തെരഞ്ഞെടുപ്പില്‍ പരിഗണിക്കപ്പെടേണ്ട സമൂഹമായോ മുസ്ലിംകളെ കോണ്‍ഗ്രസ് കാണുന്നില്ല എന്നതാണ് സത്യം.

 
 

ജമാഅത്തുമായി നടത്തിയ രാഷ്ട്രീയ ചര്‍ച്ചകളെ കേരളത്തില്‍ ചിലര്‍ നിഷേധിക്കുകയുണ്ടായി. രാഷ്ട്രീയ പാര്‍ട്ടികളുടെ ഇത്തരം നിലപാടുകളെക്കുറിച്ച്?

 

കേരളത്തില്‍ പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രസ്ഥാനത്തിന്റെ പേര് വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുകയും വിവാദങ്ങളുയരുകയും ചെയ്ത കാലം കൂടിയാണ് കഴിഞ്ഞു പോയത്. ജമാഅത്തുമായുളള ചര്‍ച്ചയെ വിവാദമാക്കാനും ഭീകരവല്‍ക്കരിക്കാനും ചിലര്‍ ശ്രമിച്ചു. രാഷ്ട്രീയ തീരുമാനങ്ങള്‍ രൂപപ്പെടുത്തുമ്പോള്‍ രാജ്യത്തെ ഏതാണ്ടെല്ലാം രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക പ്രസ്ഥാനങ്ങളുമായും ജമാഅത്ത് സംസാരിക്കാറുണ്ട്. ജമാഅത്തുമായി ചര്‍ച്ച നടത്തിയില്ല എന്ന് നെഞ്ചത്ത് കൈവെച്ച് പറയാന്‍ പറ്റുന്ന ഒരു പ്രസ്ഥാനവും ഈ രാജ്യത്തുണ്ടാവില്ല. പക്ഷേ, നമ്മുടെ രാഷ്ട്രീയക്കാര്‍ തികഞ്ഞ ആത്മവഞ്ചനയോടെയാണ് ഈ വിഷയം സംസാരിക്കുന്നത്. സങ്കുചിതമായ രാഷ്ട്രീയ ലാഭങ്ങള്‍ക്ക് വേണ്ടി അവര്‍ കളവ് പറയും, ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കും, വര്‍ഗീയവികാരം ഉയര്‍ത്തുന്നതില്‍ പോലും അവര്‍ക്ക് മടിയില്ല. എന്നുവെച്ച്, ജമാഅത്ത് ദൌത്യത്തില്‍ നിന്ന് പിന്നോട്ട് പോവില്ല. നമ്മെ ഒറ്റപ്പെടുത്താനും ആക്രമിക്കാനും പലരും മുതിരും. അങ്ങനെ ഒറ്റപ്പെടുത്തി ആക്രമിക്കുന്നവര്‍ തന്നെ പല തവണ പല വിഷയങ്ങളില്‍ ജമാഅത്തിന്റെ സഹായം കെഞ്ചിയവരുമാണ്. ജമാഅത്തിന്റെ രാഷ്ട്രീയ മാന്യത കൊണ്ടാണ് നാമത് അങ്ങാടിപ്പാട്ടാക്കാത്തത്. ഇന്ന് ആക്രമിക്കാന്‍ ശ്രമിക്കുന്നവര്‍ നാളെ തലതാഴ്ത്തി തിരിച്ചുവരുമെന്നും നമുക്കറിയാം. 'ആ ദിനങ്ങള്‍ നാം ജനങ്ങള്‍ക്കിടയില്‍ മാറിമാറി കൊണ്ടുവരും' എന്നാണല്ലോ വിശുദ്ധ വേദഗ്രന്ഥം പഠിപ്പിക്കുന്നത്. അതിനാല്‍ പുറത്ത് നടക്കുന്ന ബഹളങ്ങള്‍ പ്രസ്ഥാനത്തെ നിരാശപ്പെടുത്തുകയില്ല.

 
 

ഇടതുപക്ഷത്തിന് പിന്തുണ നല്‍കാനുള്ള തീരുമാനത്തോട് വിയോജിച്ച് നേതൃത്വത്തില്‍ നിന്ന് രാജിവെച്ച സംഭവമുണ്ടായല്ലോ?

 

അസംബ്ളി തെരഞ്ഞെടുപ്പിലെ നിലപാടിനോട്, അത് പ്രഖ്യാപിക്കപ്പെടുന്നതിന് മുമ്പ് തന്നെ, വിയോജിപ്പ് പറഞ്ഞാണ് ഒരു സഹോദരന്‍ പടിയിറങ്ങിപ്പോയത്. തന്റെ അഭിപ്രായം സംഘടന സ്വീകരിച്ചില്ല എന്നാണ് ഇറങ്ങിപ്പോക്കിന് കാരണമായി അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞത്. ഓരോ ആളും അയാളുടെ അഭിപ്രായം തന്നെയാണ് ശരി എന്ന് വിശ്വസിക്കുകയും അതിനെ സംഘടന സ്വീകരിക്കാതിരിക്കുമ്പോള്‍ ഇറങ്ങിപ്പോവുകയും ചെയ്യുകയാണെങ്കില്‍ ലോകത്ത് ഒരു സംഘടനക്കും നിലനില്‍ക്കാന്‍ സാധ്യമല്ല. അഭിപ്രായ വൈവിധ്യങ്ങളുള്ള വ്യക്തികള്‍ ചേര്‍ന്നതാണ് സംഘടന. ഈ വൈവിധ്യങ്ങളെ പരസ്പരം ആദരിച്ചും പരിഗണിച്ചും വിശകലനം ചെയ്തും സന്തുലിതമായ ഒരു നിലപാടിലെത്തുമ്പോഴാണ് സംഘടനയുണ്ടാവുന്നത് തന്നെ. തന്റെ അഭിപ്രായത്തെ സംഘടന സ്വീകരിക്കാതിരിക്കുമ്പോള്‍ പത്രസമ്മേളനം വിളിക്കാന്‍ നിന്നാല്‍ ഓരോരുത്തരും ദിവസേന നിരവധി തവണ പത്രസമ്മേളനം വിളിക്കേണ്ടി വരും. സംഘടനാ ജീവിതത്തെക്കുറിച്ച് പൊതുവെയും ജമാഅത്തെ ഇസ്ലാമിയുടെ സംഘടനാ സംസ്കാരത്തെക്കുറിച്ച് സവിശേഷമായും ഉണ്ടായിരിക്കേണ്ട വളരെ പ്രാഥമികമായ പാഠം ഒട്ടുമേ ഗ്രഹിക്കാത്തതുകൊണ്ടോ മറ്റു ചില താല്‍പര്യങ്ങള്‍ കൊണ്ടോ ആയിരിക്കാം അങ്ങനെ ചെയ്തത്.

 

ആളുകള്‍ പടിയിറങ്ങിപ്പോവുകയെന്നത് ഈ പ്രസ്ഥാനത്തില്‍ ആദ്യമല്ല. മഹാന്മാരായിട്ടുള്ള പലരും അങ്ങിനെ ചെയ്തിട്ടുണ്ട്. വിശ്വപ്രസിദ്ധനായ അബുല്‍ ഹസന്‍ അലി നദ്വി, മൌലാനാ അമീന്‍ അഹ്സന്‍ ഇസ്ലാഹി, മൌലാനാ ശംസ് പീര്‍സാദ, മൌലാനാ സിയാവുര്‍റഹ്മാന്‍, മൌലാനാ വഹീദുദ്ദീന്‍ ഖാന്‍ തുടങ്ങിയ പര്‍വതസമാനമായ വ്യക്തിത്വത്തിനും സാഗരസമാനമായ പാണ്ഡിത്യത്തിനും ഉടമകളായ ആളുകള്‍ ഈ പ്രസ്ഥാനത്തില്‍ നിന്ന് ഇടക്ക് വെച്ച് പിരിഞ്ഞുപോയവരാണ്. നമുക്കിടയിലെ ഒരു സാധാരണക്കാരനെ ആ മഹാന്മാരോട് താരതമ്യം ചെയ്യുന്നത് പ്രസക്തമല്ല. എന്നാലും ഒരു കാര്യം നാം ചിന്തിക്കേണ്ടതുണ്ട്. നാം പറഞ്ഞ നേതാക്കളും പ്രസ്ഥാനവും തമ്മില്‍ എല്ലാകാലവും അനിതര സാധാരണമായ സ്നേഹബന്ധം നിലനിന്നിരുന്നു. പ്രസ്ഥാനത്തോട് വിയോജിക്കവെ തന്നെ അവര്‍ പ്രസ്ഥാനത്തെ സ്നേഹിച്ചിരുന്നു. പ്രതിസന്ധി ഘട്ടങ്ങളില്‍ അവര്‍ക്കാവും വിധം താങ്ങ് നല്‍കിയിരുന്നു. വൈജ്ഞാനികവും നിലപാടുപരവുമായ വിയോജിപ്പുകള്‍ ഉണ്ടായിരിക്കെത്തന്നെ അവര്‍ക്ക് തരിമ്പും ശത്രുതയുണ്ടായിരുന്നില്ല. അവരാരും വിയോജിപ്പുകള്‍ വിളിച്ചു പറയാന്‍ പത്രസമ്മേളനങ്ങള്‍ വിളിച്ചു ചേര്‍ത്തിരുന്നില്ല. ആ അര്‍ഥത്തില്‍ പരിശോധിക്കുമ്പോള്‍ കഴിഞ്ഞയാഴ്ച പിരിഞ്ഞു പോയ സഹോദരന്റെ കാര്യം പ്രസ്ഥാന ചരിത്രത്തിലെ അപൂര്‍വമായ ഒരു അനുഭവമാണ്. ഏറ്റവും താഴെക്കിടയിലുള്ള ഒരു സാധാരണ പ്രവര്‍ത്തകനുണ്ടാവേണ്ട സാമാന്യമായ ഔചിത്യബോധത്തിന്റെ കണികാംശം പോലും സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന ബോഡിയില്‍ പ്രവര്‍ത്തിച്ച ഒരാള്‍ക്കുണ്ടായില്ല എന്നത് ഗൌരവമായി നാം എടുക്കുന്നുണ്ട്. ആശയപരമോ നിലപാടുപരമോ ആയ വിയോജിപ്പുകളല്ല; മറിച്ച വ്യക്തിപരമായ ചില കാര്യങ്ങളായിരുന്നു അതിന് പിന്നിലെന്നതാണ് യാഥാര്‍ഥ്യം. നമ്മുടെ പ്രസ്ഥാനം വ്യക്തികളുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കുന്നതില്‍ കാണിക്കുന്ന കണിശതയെ ആ സഹോദരന്‍ ചൂഷണം ചെയ്തുവെന്ന് മാത്രം. കാര്യങ്ങള്‍ ഇങ്ങിനെയെങ്കില്‍, അത്തരമൊരാള്‍ എങ്ങിനെ പ്രസ്ഥാനത്തിന്റെ നേതൃഘടനയില്‍ എത്തി എന്ന് സ്വാഭാവികമായും ചോദ്യമുയരും. വളരെ പ്രസക്തമായ ചോദ്യമാണത്. തീര്‍ച്ചയായും പ്രസ്ഥാനം ആ വശങ്ങള്‍ ഗൌരവത്തില്‍ വിശകലനം ചെയ്യും. ആവശ്യമായ നടപടികള്‍ എടുക്കേണ്ടതുണ്ടെങ്കില്‍ എടുക്കുകയും ചെയ്യും.

 
 

ഇസ്ലാമിക പ്രവര്‍ത്തന രംഗത്ത് ആവശ്യം വേണ്ട ഗുണങ്ങള്‍ ചിലപ്പോള്‍ വ്യക്തികളില്‍നിന്ന് ചോര്‍ന്നു പോകാമല്ലോ?

 

പ്രവര്‍ത്തനങ്ങളിലെ ആത്മാര്‍ഥത (ഇഖ്ലാസ്വ്) ഏറ്റവും പ്രധാനമാണ്. 'കര്‍മങ്ങള്‍ ഉദ്ദേശ്യമനുസരിച്ച് മാത്രമാണ്' എന്ന നബിവചനം ഇമാം ബുഖാരി തന്റെ ഹദീസ് സമാഹാരത്തിന്റെ തുടക്കത്തില്‍ തന്നെ ചേര്‍ത്തിട്ടുണ്ട്. നിയ്യത്ത് അഥവാ ഉദ്ദേശ്യം ഓരോ വ്യക്തിയുടെയും ഉള്ളിലുള്ളതും അവര്‍ക്കും അല്ലാഹുവിനും മാത്രമറിയാവുന്നതുമാണ്. മറ്റൊരാള്‍ക്ക് അറിയാനോ കണക്കു കൂട്ടാനോ പറ്റുന്നതല്ല അത്. ആളുകള്‍ക്ക് അതില്‍ വീഴ്ചകളുണ്ടാകാം. ഈമാനില്‍ തന്നെ ഏറ്റക്കുറച്ചിലുകളുണ്ടാകാം. ഒരിക്കല്‍ മനസ്സില്‍ ഈമാന്‍ നിറഞ്ഞുനിന്നയാള്‍ക്ക് പിന്നീട് ഈമാന്‍ ദുര്‍ബലമാവുകയോ നഷ്ടപ്പെടുകയോ ചെയ്തേക്കാം. ഈമാന്‍ മനസ്സില്‍ നിന്ന് പടിയിറങ്ങി പോയാലും ആളുകള്‍ അവരുടെ സ്വഭാവത്തിലും പ്രവര്‍ത്തനങ്ങളിലും പ്രത്യക്ഷത്തില്‍ മാറ്റം വരുത്തിക്കൊള്ളണമെന്നില്ല. അവര്‍ ഈമാനില്ലാതെ തന്നെ ഇബാദത്തുകള്‍ അനുഷ്ഠിക്കുകയും ദീനീ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തേക്കാം. ചിലര്‍ക്ക് സദാചാര രംഗത്ത് വലിയ വീഴ്ചകള്‍ സംഭവിക്കും. അങ്ങനെയുള്ളവര്‍ വലിയ ആത്മനിന്ദയിലകപ്പെടുകയും ജമാഅത്തെ ഇസ്ലാമിയെപ്പോലുള്ള പ്രസ്ഥാനത്തിന്റെ ഉയര്‍ന്ന ധാര്‍മികതയില്‍ നില്‍ക്കാന്‍ കഴിയില്ല എന്നു മനസ്സിലാക്കി സംഘടന വിടുകയും ചെയ്യാം. മറ്റു ചിലര്‍ക്ക് വലിയ സാമ്പത്തിക പിഴവുകളും അരുതായ്മകളും ജീവിതത്തില്‍ സംഭവിക്കാം. അത് പിടിക്കപ്പെടുകയും നടപടികളുണ്ടാവുകയും ചെയ്യുമെന്ന് മുന്‍കൂട്ടി കണ്ട് രാജി പ്രഖ്യാപിച്ച് പോകാം. ഈ സാധ്യതകളെല്ലാം ചരിത്രത്തില്‍ ഇസ്ലാമിക സമൂഹത്തിനകത്ത് ഉണ്ടായിട്ടുള്ളതാണ്. എന്നാല്‍, ജനങ്ങള്‍ക്ക് മുമ്പില്‍ കാര്യങ്ങള്‍ എങ്ങനെ അവതരിപ്പിച്ചാലും അല്ലാഹുവിന് എല്ലാ രഹസ്യങ്ങളും അറിയാമെന്നും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് എന്ത് മറുപടി പറഞ്ഞാലും നാളെ അല്ലാഹുവിന്റെ കോടതിയിലെ ചോദ്യങ്ങള്‍ക്ക് മറുപടി പറയേണ്ടതുണ്ടെന്ന ബോധവും നമുക്ക് എല്ലാവര്‍ക്കും എപ്പോഴും ഉണ്ടാവേണ്ടതുണ്ട്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം