Prabodhanm Weekly

Pages

Search

2011 ഏപ്രില്‍ 30

ശഫീഅ് മൂനിസിന്റെ നിര്യാണം സമുദായത്തിനും രാജ്യത്തിനും വലിയ നഷ്ടം

പ്രമേയം
(2011 ഏപ്രില്‍ ആദ്യവാരത്തില്‍ ന്യൂദല്‍ഹിയില്‍ ചേര്‍ന്ന ജമാഅത്തെ ഇസ്‌ലാമി കേന്ദ്ര പ്രതിനിധിസഭ അംഗീകരിച്ച പ്രമേയങ്ങള്‍)
ഉന്നത വ്യക്തിത്വവും ജമാഅത്തെ ഇസ്‌ലാമിയുടെ മുതിര്‍ന്ന നേതാവുമായിരുന്ന മൗലാനാ മുഹമ്മദ് ശഫീഅ് മൂനിസ് സാഹിബിന്റെ നിര്യാണത്തില്‍ പ്രതിനിധിസഭ അനുശോചനം രേഖപ്പെടുത്തുന്നു. സമുദായത്തിനും രാജ്യത്തിനും വലിയ നഷ്ടമാണ് ഈ വേര്‍പാട്. 93 വര്‍ഷം നീണ്ട അദ്ദേഹത്തിന്റെ ജീവിതം അന്ത്യനിമിഷം വരെ ഇസ്‌ലാമിക പ്രസ്ഥാനത്തിന് സമര്‍പ്പിക്കപ്പെട്ടതായിരുന്നു. ആത്മാര്‍പ്പണത്തിന്റെയും ത്യാഗത്തിന്റെയും മികവുറ്റ മാതൃകയാണ് ആ ജീവിതം കാഴ്ചവെച്ചത്. നിരവധി ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുത്ത് ഇസ്‌ലാമിക പ്രസ്ഥാനത്തെ സേവിച്ചതോടൊപ്പം, പൊതു മുസ്‌ലിം കൂട്ടായ്മകളുടെ നേതൃനിരയിലും അദ്ദേഹം ഉണ്ടായിരുന്നു. രാഷ്ട്രത്തിനും സമുദായത്തിനും അദ്ദേഹം ഏറ്റവും മികച്ച നിലയില്‍ സേവനങ്ങള്‍ അര്‍പ്പിച്ചു. വിടപറഞ്ഞ നേതാവിന്റെ പരലോക വിജയത്തിനായി പ്രതിനിധിസഭ പ്രാര്‍ഥിക്കുന്നു. അദ്ദേഹത്തെ അല്ലാഹു സ്വര്‍ഗത്തില്‍ ഉയര്‍ന്ന പദവികള്‍ നല്‍കി ആദരിക്കുമാറാകട്ടെ. അദ്ദേഹത്തിന്റെ ബന്ധുക്കള്‍ക്ക് ആശ്വാസവും സമാധാനവും നല്‍കുമാറാകട്ടെ. അദ്ദേഹത്തെപ്പോലുള്ള ഉയര്‍ന്ന വ്യക്തിത്വങ്ങളെ ആകര്‍ഷിക്കാന്‍ ഇനിയും ഇസ്‌ലാമിക പ്രസ്ഥാനത്തിന് കഴിയുമാറാകട്ടെ. ഭീകരകേസുകളില്‍ കുടുക്കിയ നിരപരാധികളെ വിട്ടയക്കണം
കഴിഞ്ഞ രണ്ട് ദശകങ്ങളായി ചെറുതും വലുതുമായ നിരവധി വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നമ്മുടെ രാജ്യത്ത് നടന്നിട്ടുണ്ട്. യാതൊരു തെളിവുമില്ലാതെ ഇതിന്റെയെല്ലാം പഴി മുസ്‌ലിംകളുടെ മേല്‍ കെട്ടിവെക്കുന്ന രീതിയാണ് ഔദ്യോഗിക ഏജന്‍സികളും മീഡിയയും തുടര്‍ന്നുപോന്നത്. ആയിരക്കണക്കിന് മുസ്‌ലിം ചെറുപ്പക്കാരാണ് ഇത്തരം വ്യാജ കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ട് ജയിലുകളില്‍ കഴിയുന്നത്. അവരും അവരുടെ കുടുംബങ്ങളും മര്‍ദനങ്ങള്‍ക്കും മാനസിക പീഡനത്തിനും ഇരയാക്കപ്പെടുകയും ചെയ്യുന്നു. ഈ കടുത്ത അനീതി നമ്മുടെ പൊതുബോധത്തില്‍ യാതൊരു ചലനവും സൃഷ്ടിക്കുന്നില്ല. അതിനാല്‍ തന്നെ പ്രശ്‌നത്തിന് പരിഹാരം വേണമെന്ന മുറവിളി വനരോദനമായി കലാശിക്കുന്നു. പ്രശ്‌നത്തില്‍ നിഷ്പക്ഷമായ അന്വേഷണത്തിന് പ്രോത്സാഹനമൊന്നും ലഭിച്ചില്ലെങ്കിലും, യഥാര്‍ഥ വസ്തുതകള്‍ പുറത്ത് വരാന്‍ തുടങ്ങിയിരിക്കുന്നു. ഹിന്ദുത്വത്താല്‍ പ്രചോദിതരായ വ്യക്തികളും ഗ്രൂപ്പുകളുമാണ് ഇത്തരം വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നിലെ യഥാര്‍ഥ കുറ്റവാളികളെന്ന് വ്യക്തമായിരിക്കുന്നു. ഇതിലൊന്നും മുസ്‌ലിംകള്‍ക്ക് എന്തെങ്കിലും പങ്കുള്ളതായി തെളിഞ്ഞിട്ടില്ല. ഈ പശ്ചാത്തലത്തില്‍, കഴിഞ്ഞ രണ്ട് ദശകങ്ങളില്‍ നടന്ന എല്ലാ വിധ്വംസക ഭീകര പ്രവര്‍ത്തനങ്ങളെക്കുറിച്ചും നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്ന് പ്രതിനിധിസഭ ആവശ്യപ്പെടുന്നു. അതോടൊപ്പം നിരപരാധികളെ (അവരില്‍ മിക്കവരും മുസ്‌ലിംകളാണ്) വിട്ടയക്കുകയും അവര്‍ക്കെതിരെ ചുമത്തപ്പെട്ട വ്യാജ കേസുകള്‍ പിന്‍വലിക്കുകയും വേണം. അന്യായമായി പീഡിപ്പിക്കപ്പെട്ട വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും നഷ്ടപരിഹാരം നല്‍കണം. മുസ്‌ലിം സമുദായത്തിന്റെ പ്രതിഛായക്ക് കളങ്കം ചാര്‍ത്തിയതിന് ഗവണ്‍മെന്റും അതിന്റെ ഏജന്‍സികളും മീഡിയയും സമുദായത്തോട് മാപ്പ് പറയണം. മുസ്‌ലിം സമുദായത്തോടുള്ള അവരുടെ നിലപാട് തിരുത്തണം. യഥാര്‍ഥ പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. അഴിമതിയുടെ കരാള മുഖം
അഴിമതിയും സത്യസന്ധതയില്ലായ്മയും ഭീതിജനകമാം വിധം അവയുടെ പാരമ്യത്തില്‍ എത്തിയിരിക്കുന്നു. രാജ്യത്തെ പ്രധാന സ്ഥാപനങ്ങളെയും വ്യക്തികളെയും ചുറ്റിപ്പറ്റി ഉയര്‍ന്നുവന്നിരിക്കുന്ന അഴിമതി ആരോപണങ്ങള്‍ ഈ മഹാവ്യാധി ഉയര്‍ന്ന തലങ്ങളില്‍ എത്തിയതിന്റെ സൂചനയാണ്. ടുജി സ്‌പെക്ട്രവും കോമണ്‍വെല്‍ത്ത് ഗെയിംസും ഇതിന്റെ പ്രകടമായ രണ്ട് ഉദാഹരണങ്ങള്‍ മാത്രം. രാഷ്ട്രീയം, ബിസിനസ് എന്നു വേണ്ട എല്ലാ ജീവിതവ്യവഹാരങ്ങളെയും ഇന്ന് നിയന്ത്രിക്കുന്നത് അഴിമതിയാണ്. മുഴുവന്‍ സമൂഹത്തെയും ഈ രോഗം പിടികൂടുകയും ചെയ്തിരിക്കുന്നു. സാധാരണക്കാരാവട്ടെ, അഴിമതിയുടെയും വിലക്കയറ്റത്തിന്റെയും ഇരട്ട പ്രഹരത്തില്‍ നട്ടം തിരിയുകയും. ഈ അവസ്ഥക്ക് തടയിട്ടില്ലെങ്കില്‍, ഇതൊരു മഹാ ദുരന്തമായി കലാശിക്കും. നന്മയാഗ്രഹിക്കുന്നവരും സത്യസന്ധരുമായ ആളുകള്‍ രംഗത്ത് വന്ന് രാഷ്ട്രീയ രംഗം ശുദ്ധീകരിക്കാന്‍ നടപടികള്‍ സ്വീകരിക്കുകയല്ലാതെ പ്രശ്‌നത്തിന് മറ്റൊരു പോംവഴിയുമില്ലെന്ന് പ്രതിനിധി സഭ ഉറച്ച് വിശ്വസിക്കുന്നു. ഒരു അഴിമതിവിരുദ്ധ പോരാട്ടത്തിന് തന്നെ ഭരണകൂടം നേതൃത്വം നല്‍കണം. അഴിമതിക്കാരെ എല്ലാ ഔദ്യോഗിക സ്ഥാനങ്ങളില്‍ നിന്നും നീക്കം ചെയ്യണം. അഴിമതിയെ എതിര്‍ക്കാന്‍ രംഗത്ത് വരുന്ന സംഘങ്ങളെയും വ്യക്തികളെയും നാം പിന്തുണക്കണം. ലോക്പാല്‍ ബില്‍ നിയമമാക്കുന്നതിന് അണ്ണാ ഹസാരെയും മറ്റും നടത്തുന്ന അഴിമതിവിരുദ്ധ യത്‌നങ്ങളെ പ്രതിനിധി സഭ അഭിനന്ദിക്കുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യം അപകടത്തില്‍
ഇന്ത്യയുടെ സ്വാതന്ത്ര്യം ഗുരുതരമായ പ്രതിസന്ധി നേരിടുന്നു എന്നാണ് വിക്കിലീക്‌സ് വെളിപ്പെടുത്തലുകളിലൂടെ വ്യക്തമാവുന്നത്. വിദേശ സ്വാധീനം, പ്രത്യേകിച്ച് അമേരിക്കയുടേത് വളരെയധികം വര്‍ധിച്ചിരിക്കുന്നു. ഭരണകൂടവും രാഷ്ട്രീയ പാര്‍ട്ടികളുമെല്ലാം ആ സ്വാധീനത്തിന് വിധേയപ്പെടുന്നു. അമേരിക്ക ഇന്ത്യയുടെ വിദേശനയത്തെ മാത്രമല്ല, പ്രതിരോധ-സുരക്ഷാ ആഭ്യന്തര കാര്യങ്ങളെ വരെ സ്വാധീനിക്കുന്നു. നവ സാമ്രാജ്യത്വ ശക്തികള്‍ നമ്മുടെ രാജ്യത്തെ രാഷ്ട്രീയമായും സാമ്പത്തികമായും നിയന്ത്രിക്കാന്‍ ശ്രമിക്കുന്നു. രാജ്യത്തെ രാഷ്ട്രീയ സംവിധാനം ഈ കടന്നാക്രമണത്തെ ചെറുക്കുന്നതിന് പ കരം, അതിന് അടിയറവ് പറയുകയാണ് ചെയ്യുന്നത്. ഈ ഭീതിജനകമായ സംഭവവികാസങ്ങള്‍ കാര്യഗൗരവത്തിലെടുക്കണമെന്ന് പ്രതിനിധിസഭ ഇന്ത്യയിലെ എല്ലാ ഉദ്ബുദ്ധ ജനവിഭാഗങ്ങളെയും ഉണര്‍ത്തുന്നു. രാജ്യത്തിന്റെ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടേണ്ടതുണ്ട്. അത് കേവല രാഷ്ട്രീയക്കാര്‍ക്കായി മാത്രം വിട്ടുകൊടുത്തുകൂടാ. സാമ്രാജ്യത്വ പദ്ധതികള്‍ക്കെതിരെ പൊതുജന പിന്തുണയോടെ നിര്‍ണായക ചുവടുവെപ്പുകള്‍ നടത്താന്‍ ശ്രമങ്ങള്‍ ഉണ്ടാവേണ്ടതുണ്ട്. അറബ് ലോകത്തെ സ്വാതന്ത്ര്യ പ്രക്ഷോഭങ്ങള്‍
സ്വാതന്ത്ര്യത്തിന്റെ പുതുയുഗത്തെ വിളംബരം ചെയ്യുന്ന അറബ്‌ലോകത്തെ ജനകീയ സമരങ്ങളെ പ്രതിനിധിസഭ അഭിവാദ്യം ചെയ്യുന്നു. ഈജിപ്തിലും തുനീഷ്യയിലും അമേരിക്ക-ഇസ്രയേല്‍ അനുകൂല ഭരണകൂടങ്ങള്‍ പുറത്താക്കപ്പെട്ടുകഴിഞ്ഞു. ലിബിയ, യമന്‍, ജോര്‍ദാന്‍, ബഹ്‌റൈന്‍, അള്‍ജീരിയ, സിറിയ, മൊറോക്കോ തുടങ്ങിയ അറബ് രാജ്യങ്ങളും ജനകീയ സമരങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുകയാണ്. ജനപ്രാതിനിധ്യ ഭരണത്തിന് വേണ്ടിയാണ് ഈ പ്രക്ഷോഭങ്ങള്‍. ഈ സംഭവവികാസങ്ങള്‍ മേഖലയെ സംബന്ധിച്ചേടത്തോളവും മുസ്‌ലിം ലോകത്തെ സംബന്ധിച്ചേടത്തോളവും വളരെ പ്രധാനമാണ്. വിദേശ സ്വാധീനത്തില്‍ നിന്ന് വിടുതല്‍ നേടുക, തദ്ദേശീയരായ ഏകാധിപതികളെ പുറത്താക്കുക എന്നിവ ആദ്യ ചുവടുവെപ്പ് മാത്രമാണെന്ന് പ്രതിനിധി സഭ ഊന്നിപ്പറയുന്നു. വലിയ ഉത്തരവാദിത്വങ്ങള്‍ വരാനിരിക്കുന്നേയുള്ളൂ. ഇസ്‌ലാമികാശയങ്ങള്‍ക്കൊത്ത് തങ്ങളുടെ സാമൂഹിക ജീവിതം രൂപപ്പെടുത്താനുള്ള അവസരമാണ് അറബ് ജനതക്ക് കൈവന്നിരിക്കുന്നത്. ഖുര്‍ആനികാധ്യാപനങ്ങളുടെയും പ്രവാചക മാതൃകയുടെയും അടിസ്ഥാനത്തിലുള്ള ഒരു ക്രമം വികസിപ്പിച്ചുകൊണ്ടാണ് ഈ അവസരം പ്രയോജനപ്പെടുത്തേണ്ടത്. എല്ലാ വിഭാഗം ജനങ്ങള്‍ക്കും, മുസ്‌ലിംകള്‍ക്കും അമുസ്‌ലിംകള്‍ക്കുമെല്ലാം നീതിയും അഭിവൃദ്ധിയും സമാധാനവും ലഭ്യമാവുന്ന സാമൂഹിക ക്രമമാവണം അത്. നമ്മുടെ കാലത്തിന് ഒരു മാതൃകയായി അത് പരിലസിക്കുകയും വേണം. അതേസമയം മേഖലയിലെ നവ സാമ്രാജ്യത്വ ശക്തികളുടെ അനുചിതവും നിയമവിരുദ്ധവുമായ ഇടപെടലുകളെ ആശങ്കയോടെയാണ് പ്രതിനിധിസഭ കാണുന്നത്. തങ്ങളുടെ പൈശാചിക ലക്ഷ്യങ്ങള്‍ നേടാന്‍ മേഖലയെ വീണ്ടും കുരുക്കില്‍ പെടുത്താനാണ് അവരുടെ ശ്രമം. ഇതിനെക്കുറിച്ച് ജാഗരൂഗരാകണമെന്നും സ്വന്തം സ്വാതന്ത്ര്യം സംരക്ഷിക്കണമെന്നും അറബ് ജനതയെ പ്രതിനിധിസഭ ഉണര്‍ത്തുന്നു. വിദേശ ഇടപെടല്‍ ഒരു നിലക്കും പൊറുപ്പിക്കാനാവില്ല. അത് സംഭവിക്കുന്ന പക്ഷം, ഒട്ടേറെ പേരുടെ വിലപ്പെട്ട ജീവത്യാഗത്തിന് ശേഷം നേടിയെടുത്തതൊക്കെയും സ്വാതന്ത്ര്യ പ്രസ്ഥാനത്തിന് നഷ്ടപ്പെട്ടേക്കാം.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം