Prabodhanm Weekly

Pages

Search

2011 ഏപ്രില്‍ 30

'അധികാര കസേരയേക്കാള്‍ ഉന്നതമാണ് ഞങ്ങളുടെ ലക്ഷ്യം'

ഡോ. റശാദ് മുഹമ്മദ് ബയ്യൂമി (മുസ്‌ലിം ബ്രദര്‍ഹുഡ് ഉപാധ്യക്ഷന്‍)

മഹത്തായ ജനകീയ പ്രക്ഷോഭത്തില്‍ ഇഖ്‌വാന്റെ നിലപാട് എന്തായിരുന്നു, പാര്‍ട്ടി തുടക്കം മുതലേ അതില്‍ ഭാഗഭാക്കായിരുന്നുവോ? സൈനിക ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തലുകള്‍ കഴിഞ്ഞ അറുപത് വര്‍ഷമായി ഈ ജനത സഹിക്കുകയായിരുന്നു. ചിത്രവധം മുതല്‍ സായുധ അതിക്രമങ്ങള്‍ വരെ അതിന് ഭരണകൂടം ഉപയോഗിച്ചു. ' ഏപ്രില്‍ 6' എന്ന യുവസമൂഹമാണ് ഇപ്പോഴത്തെ ചലനങ്ങള്‍ക്ക് തുടക്കമിട്ടത്. ഈജിപ്തിലെ വ്യവസായ പട്ടണങ്ങളിലൊന്നായ മഹല്ലയിലുണ്ടായ ചില തൊഴില്‍പ്രശ്‌നങ്ങളായിരുന്നു ഹേതു. പിന്നീടുണ്ടായ സംഭവങ്ങളെല്ലാം ദ്രുതഗതിയിലായിരുന്നു. അതിനിടെ അലക്‌സാണ്ട്രിയയില്‍ ഖാലിദ് സഈദ് എന്ന യുവാവ് കൊല്ലപ്പെട്ടു. ഫേസ്ബുക്കില്‍ ഒത്തൊരുമിച്ച യുവജനത തെരുവിലിറങ്ങാന്‍ തുടങ്ങിയതോടെ അതില്‍ പങ്കുചേരാന്‍ ഞങ്ങളും യുവാക്കളെ ആഹ്വാനം ചെയ്യുകയുണ്ടായി. തുടക്കം തൊട്ടേ വിപ്ലവത്തെ കുഴിച്ചുമൂടാന്‍ ഭരണകൂടം എല്ലാ മാര്‍ഗവും സ്വീകരിക്കുമെന്ന് കണ്ടപ്പോള്‍ ഞങ്ങളുടെ യുവാക്കളോട് കര്‍മഭൂമിയില്‍ ഉറച്ച് നില്‍ക്കാന്‍ തന്നെയാണ് ഞങ്ങള്‍ നിര്‍ദേശിച്ചത്. അക്ഷരാര്‍ഥത്തില്‍ ജനകീയ വിപ്ലവമാണ് രാജ്യത്ത് അറങ്ങേറിയത്. അതില്‍ എല്ലാ വിഭാഗവും പങ്കുചേര്‍ന്നിട്ടുണ്ട്. തഹ്‌രീര്‍ സ്‌ക്വയറിലേക്ക് പോയവരില്‍ ഞാനുമുണ്ട്. ഞങ്ങളാണ് സമരത്തിന് നേതൃത്വം നല്‍കുന്നതെന്ന് ജനം തെറ്റിദ്ധരിക്കാതിരിക്കാന്‍ ആള്‍ക്കൂട്ടത്തില്‍ നിന്ന് മാറിയാണ് നിന്നതെന്നു മാത്രം. വിപ്ലവം വിജയിച്ചിരിക്കെ ലക്ഷ്യസാക്ഷാത്കാരത്തിനു വേണ്ടി സൈനിക സമിതിക്കു മേല്‍ എന്തെല്ലാം സമ്മര്‍ദങ്ങളാണ് പ്രയോഗിക്കുന്നത്? ഈജിപ്ഷ്യന്‍ ജനതയുടെ ബോധവത്കരണമാണ് അടിസ്ഥാനപരമായ സമ്മര്‍ദ മാര്‍ഗം. നിരന്തരമായ അക്രമമുറകള്‍ ധൈര്യം സംഭരിക്കാന്‍ എല്ലാവര്‍ക്കും പ്രേരകമായിട്ടുണ്ട്. തൊഴിലാളികളും സാധാരണ ഉദ്യോഗസ്ഥരുമെല്ലാം ഇന്ന് ധൈര്യമുള്ളവരാണ്. കാരണം പല കമ്പനികളുടെയും സംരംഭങ്ങളുടെയും മേലാളന്മാര്‍ മില്യന്‍ കണക്കിന് സമ്പാദിച്ചപ്പോള്‍ ഈ ജീവനക്കാരുടെയും തൊഴിലാളികളുടെയും മാസാന്ത വരുമാനം 500 ഈജിപ്ഷ്യന്‍ പൗണ്ട് മാത്രമായിരുന്നു. ജനവിഭാഗങ്ങള്‍ക്കിടയില്‍ സാമ്പത്തികമായി വമ്പിച്ച അന്തരമാണിത് സൃഷ്ടിച്ചത്. മധ്യവര്‍ഗമെന്ന ഒരു വിഭാഗം തന്നെ ഈജിപ്തിലില്ല. ഒരുവശത്ത് ന്യൂനപക്ഷമായ അതിസമ്പന്നര്‍. ദാരിദ്ര്യരേഖക്ക് താഴെ കഴിയുന്ന പരമ ദരിദ്ര വിഭാഗമാണ് ഭൂരിപക്ഷം. രണ്ട് ഡോളര്‍ പോലും പ്രതിദിന വരുമാനമില്ലാത്തവര്‍. ഭീതിയുടെ ഇരുമ്പു മറ തകര്‍ന്നിരിക്കെ തങ്ങളുടെ ആവശ്യങ്ങള്‍ക്കും താല്‍പര്യങ്ങള്‍ക്കും എതിര് നില്‍ക്കുന്ന ഏതൊരു ശക്തിയോടും എതിരിട്ടുനില്‍ക്കുമെന്ന മനസ്സാണ് ഇന്ന് ജനങ്ങളുടേത്. ഇക്കാര്യങ്ങള്‍ പരമാവധി ക്രിയാത്മകമായി കൈകാര്യം ചെയ്യാനാണ് ഞങ്ങളുടെ ശ്രമം. വിപ്ലവം വിജയിച്ചിരിക്കെ ഇസ്‌ലാമിക പ്രവര്‍ത്തന രംഗത്ത് ഇഖ്‌വാന്റെ അടുത്ത കാല്‍വെപ്പ് എന്തായിരിക്കും? ഇസ്‌ലാമികവും പ്രബോധനപരവുമായ പ്രവര്‍ത്തനങ്ങളാണ് ഞങ്ങളുടെ ഇന്ധനം. അവ മുറുകെ പിടിക്കുന്നവര്‍ക്കേ ദൈവിക സഹായത്തോടെ വിജയം വരിക്കാനാവൂ. തീവ്രനിലപാടുകള്‍ മൂല്യരഹിതമായ തലമുറയെയാണ് സൃഷ്ടിക്കുക. കിരാത ഭരണകൂടം ചിന്തയെ തകര്‍ക്കാനും അക്രമം പ്രവര്‍ത്തിക്കാനുമാണ് തുനിഞ്ഞത്. ജനങ്ങളാകട്ടെ, അവരുടെ പശിയടക്കാനുള്ളത് നേടാനുള്ള ഓട്ടത്തിലുമായിരിക്കും. അത്തരമൊരു ഘട്ടത്തില്‍ ദഅ്‌വത്തിന് ചെവി കൊടുക്കാന്‍ അവര്‍ക്ക് വേണ്ടത്ര സമയം ലഭിച്ചിട്ടില്ലെന്നതാണ് യാഥാര്‍ഥ്യം. പലതരം ഇസ്‌ലാമിക ചിന്തകള്‍ ഇന്നുണ്ട്. മധ്യമ നിലപാട് സ്വീകരിക്കുന്ന ചിന്തയാണ് അതിലൊന്ന്. തീവ്ര ജിഹാദി ബോധമാണ് മറ്റൊന്ന്. നിലവില്‍ രാജ്യത്തുണ്ടായ പരിവര്‍ത്തനത്തില്‍ തീവ്രവാദപരവും അക്രമപരവുമല്ലാത്ത മധ്യമ നിലപാടാണ് സ്വാധീനം ചെലുത്തിയിരിക്കുന്നതെന്നാണ് അനുഭവം. അതിനാല്‍ നവ ഈജിപ്തിന്റെ നയരൂപീകരണത്തില്‍ തീവ്ര ചിന്തകള്‍ക്കു വല്ല സ്വാധീനവും ചെലുത്താനാവുമെന്ന് താങ്കള്‍ കരുതുന്നുണ്ടോ? കൊടിയ അക്രമ മര്‍ദനങ്ങളിലൂടെയുള്ള പ്രയാണത്തേക്കാള്‍ വാക്കുകള്‍ കൊണ്ടുള്ള പോരാട്ടത്തിനേ നിലനില്‍ക്കാനാവൂ എന്ന് ഇതിനകം ജനങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ട്. ഉപരോധവും അടിച്ചൊതുക്കലും നേരിട്ടപ്പോഴും ജനങ്ങള്‍ ഉറക്കെ വിളിച്ചാര്‍ത്തത് 'സമാധാനം, സമാധാനം' എന്നാണ്. പീരങ്കിയുടെ ശബ്ദത്തേക്കാളും ഹെലികോപ്റ്ററുകളുടെ ഗര്‍ജനത്തേക്കാളും തൊണ്ടപൊട്ടി അവര്‍ വിളിച്ചു പറഞ്ഞ ആ വാക്കുകള്‍ക്കായിരുന്നു കരുത്തും ശക്തിയും. ഇക്കാര്യമാണ് ജനം തിരിച്ചറിയേണ്ടത്. അവരില്‍ അധികമാളുകളും ഇപ്പോഴും ഇഖ്‌വാന്‍, അക്രമത്തിനും തീവ്രവാദത്തിനും പ്രേരിപ്പിക്കുന്ന ഒരു മേലാള സംഘടനയാണെന്നാണ് ധരിക്കുന്നത്. കഴിഞ്ഞ നൂറ്റാണ്ടിലെ 40-കളെയും 50-കളെയുമാണ് ഇത് ഓര്‍മപ്പെടുത്തുന്നത്. മുസ്ത്വഫ മുഅ്മിന്‍ എന്ന സുഹൃത്ത് ഐക്യരാഷ്ട്ര സഭയില്‍ അംഗമായി കോട്ട് ധരിച്ച് ഇംഗ്ലീഷ് സംസാരിച്ച് കടന്നുചെന്നപ്പോള്‍ അത്ഭുതം കൂറിയവരായിരുന്നല്ലോ പലരും. അതുകൊണ്ട് വാളുകൊണ്ടല്ല, വാക്കു കൊണ്ടാണ് പ്രശ്‌ന പരിഹാരം. ആയുധമേന്തിയവര്‍ പരാജയപ്പെട്ടതാണല്ലോ രാജ്യത്തിന്റെ വര്‍ത്തമാനവും. ഇതിനര്‍ഥം 'പ്രതിരോധശക്തി' ഞങ്ങളുടെ ഡിക്ഷനറികളില്‍ നിന്ന് മാറ്റിവെച്ചിരിക്കുന്നുവെന്നല്ല. ആവശ്യം വരുമ്പോള്‍ പോരാട്ടവും ശക്തിയും ഒന്നിച്ചു ചേരുന്നവയാണ്. രാഷ്ട്രത്തിന്റെ അധികാരം കൈയാളുന്നതില്‍നിന്നും പാര്‍ലമെന്റിന്റെ നേതൃത്വം ഏറ്റെടുക്കുന്നതില്‍ നിന്നും ഇഖ്‌വാന്‍ പിറകോട്ട് പോകുന്നു എന്നാണ് കേള്‍വി. ഉത്തരവാദിത്വം ഏറ്റെടുക്കുന്നതില്‍ നിന്ന് എന്തിനാണിങ്ങനെ ഉള്‍വലിയുന്നത്? വിപ്ലവത്തിന്റെ തുടക്കത്തില്‍ ഇഖ്‌വാന്‍ അതില്‍ പങ്കുചേരുന്നുവെന്നറിഞ്ഞപ്പോള്‍ വിപ്ലവം ആ പാര്‍ട്ടി കൈപ്പിടിയിലൊതുക്കി കളയുന്നുവെന്ന് പ്രചരിപ്പിച്ച് ജനങ്ങളെ ഭീതിയിലാഴ്ത്തിയവരുണ്ടായിരുന്നു. അത്തരം കെട്ടുകഥകള്‍ക്ക് മറുപടി പറയലായിരുന്നു അപ്പോഴത്തെ അനിവാര്യത. ഏതായിരുന്നാലും ഒറ്റക്കൊരു ഭാരിച്ച ചുമതല ഏറ്റെടുക്കാന്‍ ഞങ്ങള്‍ക്കാവില്ല. എല്ലാ വിഭാഗം ജനങ്ങളും അതിനു സഹായം നല്‍കുകയാണ് വേണ്ടത്. രാഷ്ട്രീയവും സാമൂഹികവും സാമ്പത്തികവുമായ നിരവധി പദ്ധതികള്‍ മുന്നോട്ടുവെക്കാന്‍ കരുത്തുള്ള നിരവധി പ്രഗത്ഭരായ ചെറുപ്പക്കാര്‍ ഞങ്ങള്‍ക്കുണ്ട്. തെരഞ്ഞെടുപ്പ് ആസന്നമാവുകയും ഇഖ്‌വാന് പൂര്‍ണ പ്രവര്‍ത്തന സ്വാതന്ത്ര്യവും അവസരവും ലഭിക്കുകയും ചെയ്താല്‍ ഇക്കാര്യം ഏവര്‍ക്കും ബോധ്യമാകും. കാരണം ഭൂരിപക്ഷം വോട്ടും അവരിലെ സദ്‌വൃത്തര്‍ക്ക് ലഭിക്കാനാണ് സാധ്യത. അതിനാല്‍ എല്ലാ പാര്‍ട്ടികളും വിഭാഗങ്ങളും ഇപ്പോള്‍ അല്‍പം സമാധാനം കൈക്കൊള്ളുകയാണ് ആവശ്യം. ആധുനിക ഈജിപ്തിന്റെ നിര്‍മിതിയില്‍ ഞങ്ങള്‍ എല്ലാവര്‍ക്കും പൂര്‍ണ അവസരം നല്‍കുന്നതാണ്. ഉത്തരവാദിത്വ നിര്‍വഹണത്തില്‍ എല്ലാവരും പങ്കാളികളാവണം. കാരണം, അധികാരം ഞങ്ങളുടെ ലക്ഷ്യമല്ല, അധികാര കസേരയിലേക്കു മാത്രം ചുരുങ്ങാവുന്ന ഒരു ലക്ഷ്യത്തിനു വേണ്ടിയല്ല ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഞങ്ങളുടെ ലക്ഷ്യം അതിനേക്കാള്‍ മഹോന്നതമാണ്. ഒരു ജനാധിപത്യ രാഷ്ട്രത്തിന്റെ രൂപവത്കരണത്തിനു വേണ്ടി വിവിധചിന്താഗതിക്കാരെ ഒരേ മേശക്ക് ചുറ്റുമിരുത്തി സംവാദം സംഘടിപ്പിക്കാന്‍ ഇഖ്‌വാന്‍ മുന്‍കൈയെടുക്കുമോ? എല്ലാ രാഷ്ട്രീയ ശക്തികളെയും ഇതിനകം ഞങ്ങള്‍ കൂടിക്കാഴ്ചക്ക് ക്ഷണിച്ചിട്ടുണ്ട്. അവരുമായി സൗഹാര്‍ദപൂര്‍ണമായ തുറന്ന ചര്‍ച്ചകള്‍ നടന്നിട്ടുമുണ്ട്. അത് പ്രകാരം എല്ലാ വിഭാഗവും ചില അടിസ്ഥാന വിഷയങ്ങളില്‍ ഏകോപിച്ചിട്ടുണ്ട്. സ്വാതന്ത്ര്യം, സമത്വം, സാമൂഹികനീതി എന്നിവയാണവ. അടിയന്തരാവസ്ഥയുടെ കരാള നിഴലില്‍ അവ സാക്ഷാത്കരിക്കാനാവില്ല. അതിനാല്‍ അടിയന്തരാവസ്ഥ ഉടന്‍ പിന്‍വലിക്കണമെന്നാണ് ഞങ്ങള്‍ പ്രഥമമായി, ഒറ്റക്കെട്ടായി ആവശ്യപ്പെട്ടിരിക്കുന്നത്. നിലവിലെ പാര്‍ലമെന്റ് പിരിച്ചുവിടണമെന്ന് എല്ലാവരും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് അനുകൂലമായ മറുപടി ലഭിക്കാനാണ് സാധ്യത. പാര്‍ട്ടി രൂപവത്കരണ സ്വാതന്ത്ര്യം അനുവദിക്കണമെന്നാണ് മറ്റൊരു കൂട്ടായ അഭ്യര്‍ഥന. രാജ്യത്തിന്റെ സുരക്ഷാ സെക്രട്ടറിയുടെ കൈയിലാണിപ്പോള്‍ അതിന്റെ അധികാരം. രഹസ്യാന്വേഷണ വിഭാഗത്തെ പിരിച്ചുവിടണമെന്ന നിര്‍ദേശവും ഞങ്ങള്‍ മുന്നോട്ട് വെച്ചിട്ടുണ്ട്. രാഷ്ട്രത്തിന്റെ സുരക്ഷാ വിഭാഗം കനിഞ്ഞാലല്ലാതെ ഒരൊറ്റ പൗരനും ജോലി ചെയ്യാനുള്ള സ്വാതന്ത്ര്യം പോലും ഇവിടെയില്ലെന്നതായിരുന്നു സ്ഥിതി. ഒരൊറ്റ രാജ്യാന്തര സമ്മേളനത്തിലും സുരക്ഷാ വകുപ്പിന്റെ അനുവാദമില്ലാതെ എനിക്ക് പങ്കെടുക്കാന്‍ സാധിച്ചിട്ടില്ല. ഈ അടിസ്ഥാന പോയിന്റുകളിലാണ് മറ്റുള്ളവരുമായി ഞങ്ങളുടെ കൂടിക്കാഴ്ച നടന്നത്. ചിലരില്‍ നിന്ന് അനുകൂല മറുപടിയും ലഭിച്ചു. വാസ്തവത്തില്‍ നിലവിലുളള എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും കടലാസ് സംഘടനകള്‍ മാത്രമാണ്. യുവാക്കളാണ് ഇപ്പോഴത്തെ കരുത്തുറ്റ യഥാര്‍ഥ പ്രതിപക്ഷം. അവരാണ് സമൂഹത്തിന്റെ ചാലകശക്തി. വിപ്ലവത്തിലെ സ്ത്രീസാന്നിധ്യത്തെയും ഞങ്ങള്‍ അവഗണിക്കുന്നില്ല. പുതിയ സ്ട്രാറ്റജി പ്രകാരം യുവതക്കും ഞങ്ങള്‍ക്കുമിടയില്‍ സഹവര്‍ത്തിത്വത്തിന്റെ പാലമാണ് ഞങ്ങളിടുന്നത്. അത് കേവലം രാഷ്ട്രീയ ഒത്തുതീര്‍പ്പിനു വേണ്ടിയല്ല. മറിച്ച് അവരാണ് യഥാര്‍ഥ ശക്തി. അവരെ അറിഞ്ഞ് മനസ്സിലാക്കി അവര്‍ക്കൊപ്പമാണ് ജനങ്ങള്‍ ജീവിക്കുക. അവരാണ് ഞങ്ങളുടെ പ്രവര്‍ത്തന വേദി. ഈജിപ്ഷ്യന്‍ ഭരണകൂടത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ പീഡനം ഏറ്റുവാങ്ങിയവരാണല്ലോ ഇഖ്‌വാനികള്‍. ഇക്കാര്യം അടുത്ത തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് അനുകൂല ഘടകമാവുമെന്ന് കരുതുന്നുണ്ടോ? ഇക്കാര്യം ജനങ്ങള്‍ക്ക് തന്നെ അറിയാവുന്നതുകൊണ്ടാണ് 2005-ലെ ഇലക്ഷനില്‍ ഞങ്ങള്‍ക്ക് അവസരം ലഭിച്ചപ്പോള്‍ ഇഖ്‌വാന്‍ സ്ഥാനാര്‍ഥികള്‍ക്ക് പൊടിപാറുന്ന വിജയം അവര്‍ സമ്മാനിച്ചത്. പ്രാദേശിക-നഗര ഭരണങ്ങള്‍ ഉള്‍പ്പെടെ ഏറ്റെടുത്ത എല്ലാ മേഖലകളിലും പാര്‍ട്ടി ജനങ്ങള്‍ക്ക് പരമാവധി സേവന പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചിട്ടുണ്ട്. പാര്‍ലമെന്റിലെ ഞങ്ങളുടെ നിലപാടും ധീരമായിരുന്നു. ഭരണകൂടം ഉടക്കുവെക്കുന്നതിനിടയിലായിരുന്നു മിന്നുന്ന ഈ പ്രകടനങ്ങള്‍ മുഴുവന്‍. അതിനാല്‍ അന്യായമായാണ് ഇഖ്‌വാന്‍ ക്രൂശിക്കപ്പെടുന്നതെന്ന് ജനം തിരിച്ചറിഞ്ഞിട്ടുണ്ട്. ഖീറത്ത് ശ്വാതിര്‍ എന്ന എഞ്ചിനീയറുടെ കേസ് ഉദാഹരണമാണ്. മൂന്ന് കോടതികള്‍ അദ്ദേഹം നിരപരാധിയാണെന്നാണ് വിധിച്ചത്. എന്നിട്ടും ഭരണകൂടം പ്രസ്തുത കേസ് സൈനിക കോടതിയില്‍ കൊണ്ടുവന്നു. ഇവിടത്തെ ന്യായാധിപനാകട്ടെ ഭരണകൂടത്തില്‍നിന്ന് മുന്‍കൂട്ടി ലഭിക്കുന്ന വിധിയേ പ്രസ്താവിക്കുകയുമുള്ളൂ. ഇഖ്‌വാന്റെ വ്യക്തിത്വം തകര്‍ക്കാന്‍ ഏറ്റവും നീചമായ ശൈലിയാണ് ഭരണകൂടം ഇതുവരെ ഉപയോഗിച്ചിട്ടുള്ളത്. അതിനാല്‍ ജനങ്ങളുടെ മനസ്സില്‍ നിന്ന് ഈ കാര്‍മേഘം നീക്കം ചെയ്യാന്‍ ഞങ്ങള്‍ പരമാവധി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. (അല്‍മുജ്തമഅ്- 2011 മാര്‍ച്ച് 12-18, വിവ: റഫീഖുര്‍റഹ്മാന്‍ മൂഴിക്കല്‍)

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം