അണ്ണാ ഹസാരയെയും അവര്‍ ഹൈജാക്ക് ചെയ്യുമോ?
മതിയായ നിയമങ്ങളില്ലാത്തതു കൊണ്ടാണ് ഇന്ത്യയില്‍ അഴിമതി പെരുകുന്നതെന്ന 'തിരിച്ചറിവി'ല്‍ നിന്ന് ദല്‍ഹിയിലെ ജന്തര്‍ മന്തറിലെത്തി വയസ്സുകാലത്ത് നിരാഹാര സത്യാഗ്രഹം നടത്തിയ അണ്ണാ ഹസാരെയെ നമിക്കുകയും ഒപ്പം അദ്ദേഹത്തോട് സഹതപിക്കുകയും ചെയ്യട്ടെ. ലോക്പാല്‍ ബില്ലിനു വേണ്ടിയുള്ള ഹസാരെയുടെ സമരം ഒറ്റനോട്ടത്തില്‍ നിഷ്‌കളങ്കമാണ്. അതേസമയം ആരൊക്കെയോ ചേര്‍ന്ന് അങ്ങോരെ വയസ്സുകാലത്ത് വിഡ്ഢിവേഷം കെട്ടിച്ചോയെന്നും സംശയിക്കണം. ഹസാരെയുടെ സമരകാലത്ത് അഴിമതിയോട് എന്തൊരു വിദ്വേഷമായിരുന്നു രാജ്യത്തെ ചാനലുകള്‍ക്ക്! ചാനലുകള്‍ മാത്രമല്ല, ദല്‍ഹിയിലെ സ്‌കൂള്‍ വിദ്യാര്‍ഥികളും ഗുജറാത്തില്‍ നിന്ന് ബസുകളിലേറി ദല്‍ഹിയിലെത്തിയ ഗ്രാമീണരും നൂറു കണക്കിന് സന്നദ്ധ സംഘടനകളും ഈ സമരത്തെ പിന്തുണച്ചത് ആശയാധിഷ്ഠിതമായ പ്രചോദനം കൊണ്ടുമാത്രമാണെന്നാണ് നാം മനസ്സിലാക്കുന്നത്. പക്ഷേ, ഓരോ പിന്തുണയും ഇനം തിരിച്ചെടുത്തു പരിശോധിക്കുമ്പോഴാണ് ചില പൊരുത്തക്കേടുകള്‍ പ്രത്യക്ഷപ്പെടുന്നത്. അണ്ണയുടെ സമരം ലോക്പാല്‍ ബില്ലിനു വേണ്ടിയായിരുന്നുവെങ്കിലും മാധ്യമങ്ങള്‍ അതിനെ 'ഗുജറാത്ത് വികസന മോഡലി'ലേക്ക് എവിടെയോ കൂട്ടിവായിക്കാന്‍ ശ്രമിച്ചു എന്നതാണ് ഈ സമരത്തെ തന്നെ സംശയാസ്പദമാക്കുന്നത്. എന്തായിരുന്നു ഈ സമരത്തിന് അസാധാരണമായ മാധ്യമശ്രദ്ധ നേടിക്കൊടുത്തതെന്ന് ഇപ്പോഴും വ്യക്തമല്ല. കഴിഞ്ഞ എത്രയോ പതിറ്റാണ്ടുകളായി ജന്തര്‍ മന്ദറില്‍ വന്ന് കുത്തിയിരിപ്പ് സമരവും നിരാഹാര സത്യഗ്രഹവും നടത്തുന്ന ലക്ഷക്കണക്കിന് ഇന്ത്യന്‍ ദരിദ്ര ഗ്രാമീണരുടെ ശബ്ദങ്ങളില്‍ ഒന്നുപോലും ഈ മാധ്യമങ്ങളിലൂടെ നാം കേള്‍ക്കാറുണ്ടായിരുന്നില്ല. ഉദാഹരണത്തിന്, ഹസാരെ ഉയര്‍ത്തിപ്പിടിച്ച അതേ വിഷയത്തില്‍ ഒമ്പത് ഇടതുപക്ഷ തൊഴിലാളി സംഘടനകളും സഹയാത്രികരും ചേര്‍ന്ന് ഫെബ്രുവരി 23-ന് നടത്തിയ റാലി. പതിനായിരക്കണക്കിന് ആളുകള്‍ പങ്കെടുത്ത ഈ റാലിയെ ക്കുറിച്ച് ഒറ്റ ദേശീയമാധ്യമത്തിന്റെ പോലും വാര്‍ത്ത തപ്പിയെടുക്കുക പ്രയാസം. സാക്ഷാല്‍ ബി.ബി.സി ഈ റാലി റിപ്പോര്‍ട്ടു ചെയ്തിരുന്നുവെന്നോര്‍ക്കുക. അതേസമയം ടൈംസ് നൗ ചാനലിന്റെ വിശേഷണമനുസരിച്ച് ഹസാരെയുടെ സമരകാലത്ത് ഇന്ത്യയുടെ 'തഹ്‌രീകെ സ്‌ക്വയര്‍' ആയിരുന്നുവല്ലോ ജന്തര്‍ മന്തര്‍. അവര്‍ തന്നെയായിരുന്നു അണ്ണയോട് മോഡിയെക്കുറിച്ച ചോദ്യമെറിഞ്ഞതും. സംസ്ഥാന തലത്തില്‍ അഴിമതി തടയുന്ന ലോകായുക്ത ഗുജറാത്തില്‍ ഇല്ലാതായിട്ട് ഏഴു വര്‍ഷം പിന്നിടുമ്പോഴാണ് മോഡിയും കൂട്ടരും ലോക്പാല്‍ ബില്ലിന്റെ കാര്യത്തില്‍ അണ്ണയെ പിന്തുണച്ച് ജന്തര്‍ മന്തറിലെത്തുന്നത്. നൂറു കണക്കിന് പരാതികളാണ് ഗുജറാത്തില്‍ കെട്ടിക്കിടക്കുന്നത്. സുജലാം സുഫലാം പദ്ധതിയുടെ പേരില്‍ 1700 കോടിയും ഫിഷറീസ് അഴിമതിയിലൂടെ 600 കോടിയും, ബോരിബണ്ട് പദ്ധതിയിലൂടെ 109 കോടിയും മുക്കിയ രത്തന്‍ ടാറ്റക്കു പൊതുഖജനാവില്‍ നിന്ന് ആയിരക്കണക്കിന് കോടിരൂപയുടെ നികുതിയിളവ് നല്‍കുന്ന മോഡിയെക്കുറിച്ച് ഈ സമരത്തിനിടയില്‍ നല്ല വാക്കുകള്‍ പറയിച്ചവര്‍ ജനകീയ സമരത്തെ ചളി വാരിയെറിയുകയാണ് ചെയ്തത്. 21 ലക്ഷം കര്‍ഷകരാണ് കിടപ്പാടം പോയ വകയില്‍ മോഡി സര്‍ക്കാറിന്റെ നക്കാപിച്ചയും കാത്ത് ഗുജറാത്തില്‍ നാളുകളെണ്ണുന്നത്. അവരുടെ കാര്യത്തില്‍ നാവിറങ്ങിപ്പോകുന്നവര്‍ക്ക് രാഷ്ട്രീയ അഴിമതിയുടെ കാര്യത്തില്‍ ശബ്ദിക്കാന്‍ അവകാശമില്ല. ഇവരുടെ കൃഷിഭൂമി പിടിച്ചുവാങ്ങി രാജ്യത്തെ കോര്‍പറേറ്റുകള്‍ക്ക് തീറെഴുതി കൊടുക്കാന്‍ ഗാന്ധി നഗറില്‍ കസേരയിട്ടിരിക്കുന്ന നരേന്ദ്ര മോഡിയുടെ അഴിമതിയെക്കുറിച്ച് ഒരക്ഷരം ശബ്ദിക്കാന്‍ ധൈര്യമില്ലാത്ത സാംസ്‌കാരിക നായകന്മാരാണ് പൊതുസമൂഹത്തോട് തത്ത്വം പ്രസംഗിക്കുന്നത്. രാഹുല്‍ ബജാജും ആദി ഗോദ്രേജും നാരായണ മൂര്‍ത്തിയും, മോഡിയുടെ വക്കാലത്തെടുത്ത ചില സിനിമാ താരങ്ങളും ജന്തര്‍ മന്തറില്‍ പ്രത്യക്ഷപ്പെടുന്നുവെങ്കില്‍ ആ ഒറ്റ കാരണം കൊണ്ടാണ് അണ്ണാ ഹസാരെയുടെ സമരത്തിന്റെ മൂല്യമില്ലാതാവുന്നത്. ബാബാ രാംദേവിനെ പോലുള്ളവര്‍ അണ്ണ ഉയര്‍ത്തിപ്പിടിക്കുന്ന സോഷ്യലിസ്റ്റ് മൂല്യങ്ങളുടെ നാലയലത്ത് പോലും അടുപ്പിക്കാന്‍ കൊള്ളരുതാത്തവരാണ്. പക്ഷേ, അവര്‍ പോലും ഈ സമരത്തെ ഏറ്റു പിടിക്കാനെത്തി. എന്നല്ല, അത്തരം വിദൂഷകന്മാരെ മീഡിയ ഈ സമരത്തിന്റെ മുഖങ്ങളാക്കി മാറ്റിയെടുക്കുകയാണ് ചെയ്തത്. ആര്‍.എസ്.എസ് നേതാവ് ഭയ്യാജി ജോഷിയുടെ പിന്തുണാ കത്തുമായി ചെന്ന രാം മാധവും തന്റെ ബ്ലോഗില്‍ അണ്ണയെക്കുറിച്ച് വിസ്തരിച്ച അദ്വാനിയും ആത്മവഞ്ചനയുടെ ആള്‍രൂപങ്ങളായാണ് മാറിയത്. അഴിമതിയാണ് യഥാര്‍ഥ വിഷയമെങ്കില്‍ തങ്ങളുടെ ഭരണകാലയളവില്‍ ഇടതടവില്ലാതെയല്ലേ വാജ്‌പേയി നയിച്ച എന്‍.ഡി.എ സര്‍ക്കാര്‍ അഴിമതി ആരോപണങ്ങള്‍ നേരിട്ടത്? കാര്‍ഗില്‍ ശവപ്പെട്ടി, തെഹല്‍ക്ക, ഭൂമി ഇടപാട്, പെട്രോള്‍ പമ്പ്, ജുദേവ്.... ഇക്കാര്യത്തില്‍ കോണ്‍ഗ്രസും ബി.ജെ.പിയും തമ്മില്‍ എന്തു വ്യത്യാസം? മാധവിന്റെയും അദ്വാനിയുടെയും സംഘടനകള്‍ തങ്ങളുടെ ആശയഗതിക്കാരായ അധ്യാപകരെ ഈ സമരകാലത്ത് ഉപയോഗിച്ചുവെന്നു പോലും സംശയിക്കാനാവും. ദല്‍ഹിയിലെ സ്‌കൂള്‍ വിദ്യാര്‍ഥികളെ കൊണ്ട് വിഡ്ഢിവേഷം കെട്ടിക്കുകയാണ് അവര്‍ ചെയ്തത്. അഴിമതിയുടെ കാര്യത്തില്‍ വിദ്യാര്‍ഥികള്‍ വിളിച്ചു പറയുന്ന സത്യങ്ങള്‍ക്ക് രാഷ്ട്രീയക്കാരനെ ഭയക്കേണ്ട കാര്യമുണ്ടാവരുത്. പക്ഷേ, ജന്തര്‍ മന്തറിലെത്തിയ വിദ്യാര്‍ഥി സംഘങ്ങള്‍ കോണ്‍ഗ്രസിനെതിരെ മാത്രമാണ് മുദ്രാവാക്യം മുഴക്കിയത്. ഏതോ പ്രകാരത്തില്‍ അവരുടെയെല്ലാം താല്‍പര്യങ്ങള്‍ ഗുജറാത്ത് കേന്ദ്രീകൃതമായ ഒരു വ്യവസായ, രാഷ്ട്രീയ ലോബിയുടെ താല്‍പര്യങ്ങളുമായി ഒത്തുവരികയാണ് ഉണ്ടായത്. നരേന്ദ്ര മോഡിയെ മുന്നില്‍ നിര്‍ത്തി ഇന്ത്യയിലെ ചില കോര്‍പറേറ്റുകള്‍ നടത്തി വരുന്ന സ്വാര്‍ഥ നീക്കങ്ങളുടെ ബോധപൂര്‍വമല്ലാത്ത ഉപകരണമോ ഇരയോ ആവുകയായിരുന്നു അണ്ണാ ഹസാരെ. മോഡിയെ പുകഴ്ത്തി പറയുന്നത് രാഷ്ട്രീയ, ബിസിനസ് മേഖലകളിലെ ഒരു പുത്തന്‍ ശീലത്തിന്റെ ഭാഗമാവുകയാണ്. ചുളുവിലയ്ക്ക് പാവങ്ങളുടെ ഭൂമി, അഴിമതി നിയമങ്ങളില്ലാത്ത സംസ്ഥാനഭരണം, മലിനീകരണ നിയന്ത്രണം ആവശ്യമില്ലാത്ത വ്യവസായ സാഹചര്യം... ഈ മോഡി ഇന്ത്യയെ ഭരിച്ചാല്‍ ഏതു നിയമം കടലാസില്‍ ഉണ്ടായാലും തങ്ങളുടെ കാര്യം നടക്കുമെന്ന് ഇക്കൂട്ടര്‍ക്ക് ഉറപ്പുണ്ട്. അവരാണ് ഒന്നുകില്‍ അണ്ണയെ രംഗത്തിറക്കിയത്. അല്ലെങ്കില്‍ മാധ്യമങ്ങളെ ഉപയോഗിച്ച് അദ്ദേഹത്തിന്റെ സമരത്തെ ഹൈജാക്ക് ചെയ്തത്.
Comments