Prabodhanm Weekly

Pages

Search

2011 ഏപ്രില്‍ 30

വെല്‍ഫെയര്‍ പാര്‍ട്ടി നിലവില്‍വന്നു

അബ്ബാദ്

ദേശീയ തലത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടി എന്ന പേരില്‍ പുതിയ രാഷ്ട്രീയ സംഘടന നിലവില്‍ വന്നു. ന്യൂദല്‍ഹി മാവ്‌ലങ്കര്‍ ഹാളില്‍ നടന്ന കണ്‍വെന്‍ഷനില്‍ ഏപ്രില്‍ 18-നാണ് പാര്‍ട്ടി പ്രഖ്യാപിച്ചത്. മൂല്യാധിഷ്ഠിത രാഷ്ട്രീയം എന്നതാണ് മുദ്രാവാക്യം. മുജ്തബ ഫാറൂഖ് ആണ് പ്രസിഡന്റ്. കേരളത്തില്‍ നിന്നുള്ള ഫാദര്‍ അബ്രഹാം ജോസഫ്, കര്‍ണാടക മുന്‍മന്ത്രിയും സാമൂഹിക പ്രവര്‍ത്തകയുമായ ലളിതാ നായിക്, മുന്‍ ബി.എസ്.പി എം.പി ഇല്യാസ് ഖാസ്മി, മര്‍കസി ജംഇയ്യത്ത് അഹ്‌ലെ ഹദീസ് മുന്‍ ജനറല്‍ സെക്രട്ടറി അബ്ദുല്‍ വഹാബ് ഖില്‍ജി, ഓള്‍ ഇന്ത്യാ മുസ്‌ലിം മജ്‌ലിസെ മുശാവറ പ്രസിഡന്റ് സഫറുല്‍ ഇസ്‌ലാം ഖാന്‍ എന്നിവര്‍ വൈസ് പ്രസിഡന്റുമാരാണ്. ഡോ. എസ്.ക്യു.ആര്‍ ഇല്യാസ്, പി.സി ഹംസ, മുന്‍ ബീഹാര്‍ ന്യൂനപക്ഷ കമീഷന്‍ ചെയര്‍മാന്‍ പ്രഫ. സുഹൈല്‍ അഹ്മദ് ഖാന്‍, സാമൂഹിക പ്രവര്‍ത്തകരായ രമ പഞ്ചല്‍, ഖാലിദ പര്‍വീന്‍ എന്നിവര്‍ ജനറല്‍ സെക്രട്ടറിമാരും പ്രഫ. രാമസൂര്യറാവു (ആന്ധ്രാപ്രദേശ്), സുബ്രഹ്മണി (തമിഴ്‌നാട്), അഡ്വ. ആമിര്‍ റഷീദ്, അഖ്തര്‍ ഹുസൈന്‍ അഖ്തര്‍ എന്നിവര്‍ സെക്രട്ടറിമാരും അബ്ദുസ്സലാം വാണിയമ്പലം ട്രഷററുമാണ്. ദേശീയ പ്രസിഡന്റ് മുജ്തബ ഫാറൂഖ് മഹാരാഷ്ട്രയിലെ ഔറംഗാബാദ് സ്വദേശിയാണ്. ജമാഅത്തെ ഇസ്‌ലാമി മഹാരാഷ്ട്ര അമീര്‍, ദേശീയ സെക്രട്ടറി, കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ഫോര്‍ ഇന്ത്യന്‍ മുസ്‌ലിംസ് സെക്രട്ടറി, ആള്‍ ഇന്ത്യാ മുസ്‌ലിം മജ്‌ലിസെ മുശാവറ ജോ. സെക്രട്ടറി തുടങ്ങി നിരവധി ഉത്തരവാദിത്തങ്ങള്‍ വഹിച്ചിട്ടുണ്ട്. വിദ്യാഭ്യാസ-മാധ്യമരംഗത്തും സജീവ സാന്നിധ്യമാണ്. വൈസ് പ്രസിഡന്റ് ഇല്യാസ് ആസ്മി പരിചയസമ്പന്നനായ രാഷ്ട്രീയ പ്രവര്‍ത്തകനാണ്. ഉത്തര്‍പ്രദേശുകാരനായ ആസ്മി മുസ്‌ലിം-ദലിത് സാഹോദര്യ രാഷ്ട്രീയത്തിന്റെ ഏറ്റവും ആദ്യ പരീക്ഷണമായ മുസ്‌ലിം മജ്‌ലിസിന്റെ ശില്‍പികളില്‍ ഒരാളാണ്. 1967-ല്‍ യു.പി അസംബ്ലി അംഗമായി. പിന്നീട് സമാജ്‌വാദി പാര്‍ട്ടി, ബി.എസ്.പി എന്നീ പാര്‍ട്ടികളെ പ്രതിനിധീകരിച്ച് മൂന്നു തവണ ലോക്‌സഭാംഗമായിട്ടുണ്ട്. ഫാദര്‍ അബ്രഹാം ജോസഫ് കൊല്ലം ജില്ലയിലെ അഞ്ചല്‍ നിവാസിയും കാത്തലിക് വൈദികനുമാണ്. വിദ്യാര്‍ഥികാലം തൊട്ടേ സജീവമായി സാമൂഹിക, രാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തിക്കുന്ന അദ്ദേഹം ജനകീയ പ്രതിരോധ സമിതി എക്‌സിക്യൂട്ടീവ് മെമ്പറാണ്. കൊല്ലം ജില്ലയിലെ വിവിധ ജനകീയ സമരങ്ങളിലെ സജീവ സാന്നിധ്യമാണ് ഫാദര്‍. മൗലാനാ അബ്ദുല്‍ വഹാബ് ഖില്‍ജി ജംഇയ്യത്ത് അഹ്‌ലെ ഹദീസിന്റെ മുന്‍ ദേശീയ ജന. സെക്രട്ടറിയും ഇന്ത്യന്‍ ഇസ്‌ലാഹി മൂവ്‌മെന്റിന്റെ ദേശീയ പ്രസിഡന്റുമാണ്. കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ഫോര്‍ ഇന്ത്യന്‍ മുസ്‌ലിംസിന്റെ എക്‌സിക്യൂട്ടീവ് മെമ്പറായ ഈ സലഫി പണ്ഡിതന്‍ തലസ്ഥാനത്തെ ന്യൂനപക്ഷാവകാശ സമരങ്ങളിലെ നിറസാന്നിധ്യമാണ്. ഡോ. സഫറുല്‍ ഇസ്‌ലാം ഖാന്‍ ആള്‍ ഇന്ത്യാ മുസ്‌ലിം മജ്‌ലിസെ മുശാവറയുടെ ദേശീയ ആക്ടിംഗ് പ്രസിഡന്റും മില്ലി ഗസറ്റിന്റെ പത്രാധിപരുമാണ്. ഫലസ്ത്വീന്‍, മധേഷ്യന്‍ കാര്യങ്ങളിലെ ആധികാരിക സ്വരമായ ഡോ. ഖാന്‍ അന്താരാഷ്ട്ര ഇസ്‌ലാമിക ലോകത്തെ പരിചയസമ്പന്നനാണ്. ലളിതാ നായിക് കര്‍ണാടകയിലെ മുന്‍ മന്ത്രിയാണ്. ദലിത്-ആദിവാസി അവകാശ പ്രവര്‍ത്തക കൂടിയാണവര്‍. ജന. സെക്രട്ടറിയായ ഡോ. എസ്.ക്യൂ.ആര്‍ ഇല്യാസ് ദേശീയ ന്യൂനപക്ഷ, മനുഷ്യാവകാശ, രാഷ്ട്രീയ രംഗങ്ങളിലെ നിറസാന്നിധ്യമാണ്. ബാബരി മസ്ജിദ് കമ്മിറ്റി, മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ്, ജമാഅത്തെ ഇസ്‌ലാമി തുടങ്ങിയവയുടെ നേതൃരംഗത്ത് നിറഞ്ഞുനിന്ന ഡോ. ഇല്യാസ് പരിചയസമ്പന്നനായ മാധ്യമ പ്രവര്‍ത്തകന്‍ കൂടിയാണ്. അഫ്കാറെ മില്ലിയുടെ എഡിറ്ററാണ്. പ്രഫ. സുഹൈല്‍ അഹ്മദ് ഖാന്‍ ബീഹാര്‍ ന്യൂനപക്ഷ കമീഷന്റെ മുന്‍ ചെയര്‍മാനാണ്. പ്രഫ. രമാ പഞ്ചല്‍ ഇന്‍ഡോര്‍ യൂനിവേഴ്‌സിറ്റിയിലെ റിട്ട. പ്രഫസറാണ്. ദലിത് ആക്ടിവിസ്റ്റാണ്. ഖാലിദ പര്‍വീന്‍ ഹൈദരാബാദിലെ സജീവ സാമൂഹിക, മനുഷ്യാവകാശ പ്രവര്‍ത്തകയാണ്. ജമാഅത്തെ ഇസ്‌ലാമി ആന്ധ്രപ്രദേശ് മീഡിയ സെക്രട്ടറിയാണ്. പി.സി ഹംസ എസ്.ഐ.ഒ മുന്‍ അഖിലേന്ത്യാ പ്രസിഡന്റാണ്. മികച്ച സംഘാടകനും മാധ്യമ പ്രവര്‍ത്തകനും കൂടിയാണദ്ദേഹം. ട്രഷറര്‍ ഡോ. അബ്ദുസ്സലാം വാണിയമ്പലം ശാന്തപുരം അല്‍ ജാമിഅ അല്‍ ഇസ്‌ലാമിയയ്യുടെ ഡയറക്ടറാണ്. പണ്ഡിതന്‍, പ്രഭാഷകന്‍, എഴുത്തുകാരന്‍, സംഘാടകന്‍ എന്നീ മേഖലകളില്‍ മുദ്ര പതിപ്പിച്ചയാളാണ്. സെക്രട്ടറിയായ പ്രഫ. രാമ സൂര്യ റാവു ആന്ധ്രപ്രദേശിലെ എല്ലൂരു സ്വദേശിയും ജനസേവകനുമാണ്. അഖ്തര്‍ ഹുസൈന്‍ അഖ്തര്‍ കാണ്‍പൂര്‍ സ്വദേശിയും സാമൂഹിക, രാഷ്ട്രീയ രംഗത്ത് പരിചയസമ്പന്നനുമാണ്. അഡ്വ. ആമിര്‍ റഷാദ് മുറാദാബാദ് സ്വദേശിയും രാഷ്ട്രീയ, നിയമ പ്രവര്‍ത്തകനുമാണ്. സുബ്രഹ്മണി ചെന്നൈയിലെ അറിയപ്പെട്ട അഴിമതിവിരുദ്ധ പ്രവര്‍ത്തകനും തെരഞ്ഞെടുപ്പ് പരിഷ്‌കരണത്തിനായി ഏറെ ശ്രമങ്ങള്‍ നടത്തിയിട്ടുള്ള വ്യക്തിയുമാണ്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം