Prabodhanm Weekly

Pages

Search

2017 സെപ്റ്റംബര്‍ 01

3016

1438 ദുല്‍ഹജ്ജ് 10

മരുപ്പാതയിലൂടെ... (കവിത)

ടി.എ മുഹ്‌സിന്‍

തെളിയുക ദിവ്യവെളിച്ചമേ വഴികളില്‍

ഞാനടുക്കുന്നു പുരാതന പുണ്യഗേഹത്തില്‍

മുഗ്ധസംസ്‌കാരം സ്പര്‍ശിച്ചറിയുവാന്‍

പഴയതാം പച്ചഗന്ധങ്ങള്‍ ശ്വസിച്ചെടുക്കാന്‍

ഒട്ടകപ്പുറത്താരോ നിശ്ശബ്ദമൊഴുകും

ആത്മീയവഴികളിലൂടെയപാരതയിലലിയുവാന്‍

ഈത്തപ്പനയോലകള്‍ പുതച്ച കുടിലുകളില്‍

കളഞ്ഞിട്ടമിന്നുവെട്ടം തേടിയകലങ്ങള്‍ താണ്ടുവാന്‍

കല്ലിന്റെ കൂര്‍ത്ത മുനകളില്‍ മൗനധ്യാനത്തിലൂറും

വീരകഥകളില്‍നിന്നൂര്‍ജം വലിക്കുവാന്‍

മരുക്കാറ്റിന്‍ കരസ്പര്‍ശത്തിലലിഞ്ഞ

നിസ്വരുടെ ഗന്ധമേറ്റെന്‍ മനസ്സുണരുവാന്‍

 

നീണ്ടുപോം മരുപ്പാതകളിലുണങ്ങാത്ത

മുള്‍ചെടികളിലുറങ്ങാത്ത അര്‍ഥനാഭാവങ്ങള്‍

കാറ്റുവന്നുമുട്ടുന്ന മലകളിലെ ഗുഹകളില്‍

പ്രതിധ്വനിക്കും പുത്രസംസ്‌കാരഗാഥകള്‍

അകലെ വരണ്ട മരീചികയിലെങ്ങോ

മാതൃവിലാപം പകര്‍ന്ന തീര്‍ഥസാന്നിധ്യം

എവിടെയാ ഖലീലിന്‍ കാലടിപ്പാടുകള്‍

ആയിരത്താണ്ടുകള്‍ തന്‍ ചരിത്രകാഴ്ചകള്‍

മാഞ്ഞുതീര്‍ന്നതിന്‍ ബാക്കിയൊക്കെയും

മൂടി മിനുങ്ങും പരിഷ്‌കാര തിരശ്ശീലകളാല്‍

ഓര്‍മകളുടെ ഇരുള്‍വീണ വഴിയിതില്‍

നോവുമാത്മാവുഴറവെ, വെണ്മയാല്‍

നെയ്‌തൊരാ മനോഹരജീവിതം

രാവിലുദിക്കുന്ന ചന്ദ്രന്റെ ശോഭയില്‍

എത്തിനോക്കുന്ന സൈകതസ്വപ്‌നങ്ങള്‍

 

ചുട്ടുപഴുത്ത തീക്കട്ടമേല്‍ ചവിട്ടിനില്‍ക്കെ

അടിമയല്ല ഞാനെന്നുച്ചത്തില്‍ മൊഴിയും

മനസ്സിന്റെ മാസ്മരശബ്ദമുഴക്കങ്ങള്‍

അഭിമാനവാക്കിന്‍ ഗര്‍ജനം മുട്ടിയ

കൊട്ടാരക്കെട്ടുകള്‍ ഞെട്ടിവിറച്ചതും

ദൂരദേശങ്ങള്‍ താണ്ടിയെത്തീ

നിര്‍മല മനസ്സിലുള്‍പുളകമായ്

പ്രാക്തന തൃഷ്ണപോലീ ലബ്ബൈകവിളികള്‍

എത്രമേല്‍ അഗാധസ്പര്‍ശിയാം

അലൗകികാനന്ദമെന്‍ ആത്മാവില്‍

എന്റെ ഇഷ്ടകാമനകള്‍ ഇവിടെയെങ്കിലും

വിരഹവേദനയായ് നമുക്കിതൊക്കെയും

പരിഷ്‌കാരപ്രവാഹ പുളകങ്ങളില്‍.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (208 - 213)
എ.വൈ.ആര്‍

ഹദീസ്‌

ഹജ്ജും ജീവിത സംസ്‌കരണവും
എം.എസ്.എ റസാഖ്‌