ഹജ്ജ് ഒരു നാഗരികത ഉണ്ടായ ചരിത്രമാണ്
അനുഗൃഹീതം ഈ ബഗ്ദാദ്
ലോകത്തെങ്ങുമില്ല,
അവള്‍ക്ക് തുല്യമായൊരു നഗരം.
അവളുടെ പ്രകൃതി,
സ്വര്‍ഗത്തിലെ മന്ദമാരുതനോടെതിരിടുന്നു
അവളുടെ ചരല്‍കല്ലുകള്‍ക്ക് പോലും,
രത്‌നങ്ങളേക്കാള്‍ വിലയുണ്ട്..
അന്‍വരി പാടിയ ഈ അനുഗൃഹീത ബഗ്ദാദിനെ ഇന്ന് നമുക്ക് കാണാനാവില്ല. ടൈഗ്രീസും യൂഫ്രട്ടീസും ഇണചേര്‍ന്നൊഴുകിയപ്പോള്‍ ജന്മംകൊണ്ട, ഇസ്‌ലാമിക നാഗരികത ഓമനിച്ച് വളര്‍ത്തിയ ബഗ്ദാദിനെ, ആണവായുധത്തിന്റെ പേരില്‍ ആദ്യം അമേരിക്കയും, പിന്നീട് ഇസ്‌ലാമിന്റെ ആട്ടുതോലണിഞ്ഞെത്തിയ ഐസിസ് ചെന്നായ്ക്കളും ചേര്‍ന്ന് കടിച്ചു കീറുന്നത്, ലോകം നിര്‍വികാരമായി നോക്കിനില്‍ക്കുകയാണ്. ഇതൊരു ബഗ്ദാദിന്റെ മാത്രം കഥയല്ല, ഇസ്‌ലാമിക നാഗരികതക്ക് കീഴില്‍ വളര്‍ന്ന ഒട്ടുമിക്ക നഗരങ്ങളുടെയും കഥയാണ്. ഫലസ്ത്വീനിന്റെ ആകാശത്ത് സയണിസത്തിന്റെ മിസൈലുകള്‍ പതിക്കുമ്പോള്‍ ചിതറിപ്പോവുന്നത് മനുഷ്യശരീരങ്ങള്‍ മാത്രമല്ല, ജറൂസലമിലും റാമല്ലയിലും ഇസ്‌ലാം വളര്‍ത്തിയെടുത്ത നാഗരികതകള്‍ കൂടിയാണ്. 1,20,000 പൂന്തോട്ടങ്ങളുമായി ഭൂമിയിലെ ഉദ്യാനമെന്ന പേരില്‍ തലയുയര്‍ത്തിനിന്ന ദമസ്‌കസ്, ആഭ്യന്തര യുദ്ധാനന്തരം എന്താവും ബാക്കിവെക്കുക? സൈനിക നിര്‍മിതികള്‍ കണ്ട് കുരിശുസൈന്യം പോലും കണ്ണ് തള്ളിയ അലപ്പോ ഇന്ന് ആളൊഴിഞ്ഞിരിക്കുന്നു. ഇസ്‌ലാമിക നാഗരികതയുടെ സ്തംഭങ്ങള്‍ ഒരോന്നോരോന്നായി തകര്‍ന്നുവീഴുന്ന കാലത്ത് കടന്നുവരുന്ന ഹജ്ജിന് ഏറെ പ്രസക്തിയുണ്ട്. കാരണം ഒരു നാഗരികതയുണ്ടായ ചരിത്രമാണ് ഹജ്ജിന് പറയാനുള്ളത്. മക്കയെന്ന നിര്‍ഭയത്വത്തിന്റെ നാടുണ്ടായ ചരിത്രവും, അതിനായി ഇബ്‌റാഹീം കുടുംബം സഹിച്ച ത്യാഗത്തിന്റെ സ്മരണകളുമാണ് ഹജ്ജിലൂടെ നാം വീണ്ടെടുക്കുന്നത്.
അക്ഷരാര്‍ഥത്തില്‍തന്നെ ഒരു മരുപ്പറമ്പായിരുന്നു മക്ക. മണലാരണ്യങ്ങളില്‍ മൊട്ടക്കുന്നുകളും പാറകളും മാത്രമുള്ള മക്കയില്‍, മനുഷ്യര്‍ക്കെന്നല്ല ഒട്ടകങ്ങള്‍ക്കു പോലും ജീവിതം അന്യമായിരുന്നു. കച്ചവട സംഘങ്ങള്‍ പോലും കടന്നുവരാത്ത ആ മണ്ണിന് ഒരു നാഗരികത വളര്‍ത്തിയെടുക്കാന്‍ പോന്ന ഒന്നും തന്നെയില്ലായിരുന്നു. എന്നാല്‍ ഈ മക്കയുടെ മണ്ണാണ് ഇസ്‌ലാമിക നാഗരികതയുടെ വിത്തിറക്കാന്‍ നാഥന്‍ തെരഞ്ഞെടുത്തത്. അങ്ങനെയാണ് ബഗ്ദാദും ദമസ്‌കസും ജറൂസലമും കടന്നുവന്ന ഇബ്‌റാഹീം (അ) താനിന്നുവരെ കണ്ടിട്ടില്ലാത്ത മക്കയെ ആദ്യമായി സ്വപ്‌നം കാണുന്നത്. പക്ഷേ, സ്വപ്‌നത്തിന്റെ സാക്ഷാത്കാരം അത്ര സുഖകരമായിരുന്നില്ല. വിജനമായ മക്കാ മരുഭൂമിയിലെ ആദ്യനിവാസികളായി അയക്കേണ്ടത് പ്രിയ പത്‌നി ഹാജറയെയും പിഞ്ചുമകന്‍ ഇസ്മാഈലിനെയുമാണ്. അവര്‍ക്കുള്ള അഭയം അല്ലാഹു നല്‍കുമെന്ന അചഞ്ചലമായ വിശ്വാസമൊന്നു കൊണ്ടു മാത്രമാണ് ഇബ്‌റാഹീം (അ) അതിന് തയാറാവുന്നത്. ദൃഢവിശ്വാസങ്ങളെ അല്ലാഹു എല്ലാകാലത്തും ഏറ്റെടുത്തിട്ടുണ്ട്. അത്തരമൊരു ഏറ്റെടുക്കലായിരുന്നല്ലോ ഇസ്മാഈലിന്റെ കാര്യത്തിലും സംഭവിച്ചത്. അഭയത്തിനായി അലമുറയിട്ടു തുടങ്ങിയ ആ പിഞ്ചുകുഞ്ഞിന്റെ കരച്ചിലിനോട് മുഖം തിരിക്കാന്‍ ഹാജറക്കാവുമായിരുന്നില്ല. അന്നൊരു അഭയത്തിനായി ഹാജറ ഓടിയ ഓട്ടത്തോടൊപ്പമാണ്, സ്വഫാ-മര്‍വക്കിടയില്‍ ഓരോ ഹാജിയും ഓടുന്നത്. പിന്നെങ്ങനെ ആഴക്കടലില്‍ അഭയത്തിനായി അലമുറയിട്ട ഐലന്‍ കുര്‍ദിയുടെ കരച്ചിലിനോട് ഒരു ഹാജിക്ക് മുഖം തിരിക്കാനാവുക? തകര്‍ന്നുവീണ കെട്ടിടങ്ങള്‍ക്കിടയില്‍പെട്ട് വികൃതമായ ഇംറാന്‍ ദഖ്‌നീഷിന്റെ മുഖത്തിന് നേരെ കണ്ണടക്കാനാവുക? ഇറാഖിന്റെയും സിറിയയുടെയും ഫലസ്ത്വീനിന്റെയും പ്രശ്‌നങ്ങള്‍ ഇവിടെ ഓരോ ഹാജിയുടെയും പ്രശ്‌നമായിത്തീരുന്നു. അതിനാല്‍ സ്വഫാ-മര്‍വക്കിടയില്‍ വെച്ച് ഹാജിമാര്‍ ആത്മ സൗഖ്യം തേടുന്ന തീര്‍ഥാടകനില്‍നിന്ന് അപര സൗഖ്യത്തിനായി പരിശ്രമിക്കുന്ന ഒരഭയാര്‍ഥിയായി മാറുന്നു. പുതിയ പുതിയ നാഗരികതകളുണ്ടായിട്ടുള്ളത് അഭയാര്‍ഥികളിലൂടെയായിരുന്നു എന്നതും ഇതിനോട് ചേര്‍ത്തുവായിക്കാം.
മക്കയുടെയും ചരിത്രം മറിച്ചൊന്നായിരുന്നില്ല. അഭയാര്‍ഥിയായ ഹാജറയുടെയും ഇസ്മാഈലിന്റെയും ദുരിതങ്ങള്‍ക്ക് അറുതിയായിട്ടാണ് സംസം എന്ന മക്കയിലെ ആദ്യത്തെ ജലസ്രോതസ്സുണ്ടാവുന്നത്. ഒരു ജലസ്രോതസ്സ് അഭയ കേന്ദ്രമായി നില്‍ക്കുമ്പോഴാണ് അതിന് ചുറ്റുമായി ഒരു നാഗരികത രൂപം പ്രാപിക്കുക. യൂഫ്രട്ടീസും ടൈഗ്രീസുമില്ലെങ്കില്‍ ബാബിലോണിയയില്‍ ഒരു നാഗരികത ഉണ്ടാവുമായിരുന്നില്ല. ഹാരപ്പയിലും മോഹന്‍ജദാരോയിലുമായി ഒരു നാഗരികത രൂപപ്പെടുമ്പോള്‍, അതിന്റെ അഭയകേന്ദ്രമായത് സിന്ധു നദിയായിരുന്നല്ലോ. ഇത്തരത്തില്‍ മക്കയില്‍ രൂപപ്പെട്ട ഇസ്‌ലാമിക നാഗരികതയുടെ ഒരു അഭയകേന്ദ്രമായി നമുക്ക് സംസമിനെ കെണ്ടത്താന്‍ കഴിയും. വിശ്വാവസാനം വരെ നിലക്കാതൊഴുകുന്ന സംസമിന്റെ പേരിനര്‍ഥം അടങ്ങുക, ഒഴുക്ക് മതിയാക്കുക എന്നൊക്കെയാണ്. ഈ വൈരുധ്യത്തിന് പിന്നിലൊരു ചരിത്രമുണ്ട്; ഇസ്മാഈലിന്റെ കാല്‍പാദത്തിനടിയിലൂടെ ഒഴുകിയ ആ നീരുറവയില്‍നിന്ന് ഹാജറയും ഇസ്മാഈലും ദാഹമകറ്റി. ഹാജറ അതിനെ ഒരണകെട്ടി സംരക്ഷിക്കുകയും ചെയ്തു. എന്നാല്‍ ആ നീരുറവ നിയന്ത്രണാതീതമായി ഒഴുകിക്കൊണ്ടേയിരുന്നു. ആ ഒഴുക്ക് നില്‍ക്കാന്‍ ഹാജറ പറഞ്ഞ വാക്കുകളാണ് സംസം (മതി, മതി). അതാണ് പില്‍ക്കാലത്ത് ആ തെളിനീരിന്റെ പേരായി മാറിയത്. ഇനിയും വേണമെന്ന ആര്‍ത്തിയുടെ വര്‍ത്തമാനങ്ങള്‍ കേട്ട് വളരുന്ന തലമുറകള്‍ക്കിടയില്‍ സംസം നല്‍കുന്ന വിരക്തിയുടെ പാഠങ്ങള്‍ പഠിച്ചാണ് ഇസ്മാഈലിന്റെ തലമുറ വളര്‍ന്നത്, മക്കയെന്ന നാട് വളര്‍ന്നത്. അന്ന് ഹാജറ സംസമിനെ ഒഴുകാനനുവദിച്ചിരുന്നെങ്കില്‍, ഇന്നതൊരു നദിയായി മാറുമായിരുന്നു എന്ന് പ്രവാചക വചനങ്ങളില്‍ കാണാം. എന്നാല്‍ മക്കയിലെത്തുന്ന തീര്‍ഥാടകരിലൂടെ നദിയേക്കാള്‍ ശക്തമായ ഒരു ജലപ്രവാഹം ലോകമെമ്പാടും അത് തീര്‍ത്തുകൊണ്ടണ്ടേയിരിക്കുന്നു.
എന്നാല്‍ ഇസ്‌ലാമിക നാഗരികതയുടെ കേന്ദ്രം സംസം കിണറല്ല, മറിച്ച് കഅ്ബാലയമാണ്. സംസമെന്ന അഭയ കേന്ദ്രമൊരുക്കിയ നാഥന്‍ സ്മരിക്കപ്പെടുന്ന ആത്മീയ കേന്ദ്രമാണ് കഅ്ബ. കാരണം നാഥന്‍ കേന്ദ്രമാവുമ്പോഴാണ് ഏതൊരു നാഗരികതയും ഇസ്‌ലാമിക നാഗരികതയായി മാറുന്നത്. മക്കയില്‍ മാത്രമല്ല, ഇസ്‌ലാമിനു കീഴില്‍ വളര്‍ന്ന എല്ലാ നഗരങ്ങളുടെയും കേന്ദ്രം പള്ളികളായിരുന്നു. ആ പള്ളികളാവട്ടെ വെറും ആരാധനാലയങ്ങള്‍ മാത്രമല്ല; ജനജീവിതത്തിന്റെ നിഖില മേഖലകളും കേന്ദ്രീകരിക്കപ്പെടുന്ന, അവരുടെ സാമൂഹിക ജീവിതത്തില്‍ മാറ്റിനിര്‍ത്താന്‍ കഴിയാത്ത ആത്മീയ കേന്ദ്രങ്ങളായിരുന്നു. ഹജ്ജ് വേളയില്‍ ഹാജിമാര്‍ നമസ്‌കാരത്തിനുപയോഗിച്ച പരവതാനികളെ (മുസ്വല്ല) കുറിച്ച് മാല്‍ക്കം എക്‌സ് അത്ഭുതപ്പെടുന്നുണ്ട്: ''മുറിയില്‍ ഈ പരവതാനി വിരിച്ചാണ് അവര്‍ നമസ്‌കരിക്കുന്നത്. പിന്നീടവര്‍ അതിന്മേലിരുന്ന് ഭക്ഷണം കഴിക്കും, അപ്പോള്‍ അതൊരു തീന്മുറിയായി. പാത്രങ്ങള്‍ മാറ്റി അതിന്മേലിരുന്ന് അവര്‍ പരസ്പരം സംസാരിക്കുമ്പോള്‍ അതൊരു സ്വീകരണമുറിയായി. രാത്രിയിലവര്‍ അതില്‍ കിടന്നുറങ്ങുന്നു, അപ്പോള്‍ അതൊരു കിടപ്പറയും. പില്‍ക്കാലത്ത് മക്കയില്‍ വെച്ച് തന്നെ ഈ പരവതാനിയുടെ മറ്റൊരുപയോഗവും ഞാന്‍ കണ്ടു. എന്തെങ്കിലും തര്‍ക്കമുണ്ടായാല്‍, ആദരണീയനും നിഷ്പക്ഷനുമായ ഒരാള്‍ അതിലിരിക്കും, കക്ഷികള്‍ ചുറ്റും കൂടി നില്‍ക്കും. അങ്ങനെ ആ പരവതാനി ഒരു കോടതിയായി മാറുന്നു. ചില സന്ദര്‍ഭങ്ങളിലാകട്ടെ അതൊരു ക്ലാസ് മുറിയായി മാറും''. മുസ്‌ലിം നാഗരിക ജീവിതത്തിന്റെ കേന്ദ്രമാവാന്‍ പള്ളികള്‍ക്ക് എങ്ങനെ സാധിച്ചു എന്നതിന്റെ ഉത്തരം മാല്‍ക്കമിന്റെ ഈ ചെറുവിവരണത്തിലുണ്ട്. തങ്ങളുടെ ആരാധനാലയം തന്നെ വിദ്യാലയവും കോടതിയുമൊക്കയായി മാറുന്നിടത്താണ് അതിന് സാമൂഹിക പ്രസക്തിയുണ്ടാവുന്നത്. അതുകൊണ്ടുതന്നെ ഇസ്‌ലാമിക നാഗരികതയില്‍ കലയും സാഹിത്യവും ശാസ്ത്രവുമെല്ലാം വികസിച്ചത് പള്ളികള്‍ കേന്ദ്രീകരിച്ചായിരുന്നു. ഇത്തരമൊരു ആത്മീയ കേന്ദ്രത്തെയാണ് കഅ്ബ പ്രതിനിധീകരിക്കുന്നത്.
സ്വഫാ-മര്‍വക്കിടയിലെ ഓട്ടം സംസമെന്ന അഭയകേന്ദ്രത്തിന് വേണ്ടിയാണങ്കില്‍, ത്വവാഫിലെ നടത്തം കഅ്ബയെന്ന ആത്മീയകേന്ദ്രത്തിനു വേണ്ടിയാണ്. ഇവ രണ്ടും ഹാജിമാര്‍ ഏഴ് തവണയാണ് നിര്‍വഹിക്കുന്നത്. ഏഴ് ശൂന്യതയുടെയും നൈരന്തര്യത്തിന്റെയും അക്കമാണ്. ഇതിലൂടെ നാഥന്‍ പരിശ്രമങ്ങളുടെ ഒരു നൈരന്തര്യത്തെ സൂചിപ്പിക്കുന്നുണ്ട്. അഭയകേന്ദ്രവും ആത്മീയകേന്ദ്രവും സംഗമിക്കുന്ന ഒരു നിര്‍ഭയത്വത്തിന്റെ നാടിന് വേണ്ടിയുള്ള നിരന്തരമായ പരിശ്രമങ്ങളിലൂടെയാണ്, ഒരു മുസ്‌ലിമിന്റെ ജീവിതം കടന്നുപോവേണ്ടത്. ഇബ്‌റാഹീം കുടുംബത്തിന്റെ നിരന്തരമായ ത്യാഗപരിശ്രമങ്ങളിലൂടെ ഒരു നിര്‍ഭയത്വത്തിന്റെ നാടുണ്ടായ ചരിത്രമാണ് മക്ക പറയുന്നതെങ്കില്‍, പ്രവാചകന്‍ മുഹമ്മദിന്റെ (സ) ത്യാഗപരിശ്രമങ്ങളുടെ ഫലമായി മറ്റൊരു നിര്‍ഭയത്വത്തിന്റെ നാടുണ്ടായ ചരിത്രമാണ് മദീനക്ക് പറയാനുള്ളത്. ഹജ്ജിന്റെ ഓരോ വേളയിലും കടന്നുവരുന്ന ഇത്തരം ചരിത്ര സ്മരണകള്‍ ഹാജിമാരെ ഒരു കേവല തീര്‍ഥാടക പരിവേഷത്തിന് പുറത്ത് നിര്‍ത്തുന്നുണ്ട്. കാരണം, ഹജ്ജിലൂടെ നേടേണ്ട ആത്മസായൂജ്യത്തിനുമപ്പുറം മുന്‍കാല പ്രവാചകന്മാരുടെ ഈ ദൗത്യം ഏറ്റെടുക്കാന്‍ ഹജ്ജ് അവരോട് ആഹ്വാനം ചെയ്യുന്നുണ്ട്. അപ്രകാരം പ്രവാചകന്‍ ഇബ്‌റാഹീമിന്റെ ദൗത്യമേറ്റെടുത്തുകൊണ്ട് മക്കയിലേക്ക് കടന്നുവന്ന, ഇസ്മാഈല്‍ എന്ന പിഞ്ചുകുഞ്ഞിന്റെ നിഷ്‌കളങ്ക മനസ്സുമായി മടങ്ങുന്ന ഹാജിമാര്‍ക്കായി നമുക്ക് പ്രാര്‍ഥനയോടെ കാത്തിരിക്കാം.
Comments