ആദര്‍ശമാറ്റവും ആശയപ്രചാരണവും കോടതി കയറുമ്പോള്‍
2014 മേയില്‍ നരേന്ദ്ര മോദി ഗവണ്‍മെന്റ് അധികാരമേറ്റതിനു ശേഷം ഭുരിപക്ഷ വികാരത്തിന് രാജ്യത്തെല്ലായിടത്തും വേഗം കൂടുന്നുണ്ട്. മുസ്ലിംകളുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ നിയമവാഴ്ചയും നീതിവാഴ്ചയും ഏതാണ്ട് രാജ്യത്ത് അസ്തമിക്കുന്ന കാഴ്ചയും കാണാനുണ്ട്. ഭൂരിപക്ഷ താല്‍പര്യങ്ങളും രാഷ്ട്രീയ സമ്മര്‍ദവും ജുഡീഷ്യറിയെ ബാധിക്കുന്നുണ്ടെന്ന് കഴിഞ്ഞ വര്‍ഷത്തെ ജസ്റ്റിസ് പി.ഡി ദേശായി അനുസ്മരണ സെമിനാറില്‍ സുപ്രീം കോടതി ജഡ്ജി രോഹിംഗ്ടണ്‍ നരിമാന്‍ ചൂണ്ടിക്കാട്ടിയിട്ട് ഏറെയൊന്നും ആയിട്ടില്ല. ഇക്കഴിഞ്ഞ ഒറ്റ വര്‍ഷത്തിനിടെ മാത്രം വ്യക്തിസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പോലും ബാലിശമായ ന്യായങ്ങള്‍ക്ക് ചെവി കൊടുക്കുന്ന നീതിപീഠങ്ങളെയാണ് ഇന്ത്യ കണ്ടുകൊണ്ടിരിക്കുന്നത്. അടിയന്തരാവസ്ഥ കാലത്തു പോലും പരിധിയിലധികം രാഷ്ട്രീയ നേതൃത്വത്തിന് വഴങ്ങിയിട്ടില്ലാത്ത എച്ച്.ആര്‍ ഖന്നയെയും കൃഷ്ണയ്യരെയും പോലുള്ള ന്യായാധിപരിലൂടെയായിരുന്നു മതേതര ഇന്ത്യ ഇത്രയേറെ ദൂരം മുന്നോട്ടു വന്നത്. പക്ഷേ അതല്ല നിലവിലുള്ള ചിത്രം. എക്സിക്യൂട്ടീവില്‍നിന്നും ജുഡീഷ്യറിയില്‍നിന്നും മുസ്ലിംകളെ കഴിയുന്നത്ര അകറ്റിനിര്‍ത്തിയ കോണ്‍ഗ്രസ് കാലത്തെ മൃദുവര്‍ഗീയതയുടെ തുടര്‍ച്ചയെന്നോണം നിയമനിര്‍മാണ സഭകളില്‍ കൂടി അവരുടെ സാന്നിധ്യം ഇല്ലാതാക്കാനുള്ള നീക്കങ്ങളില്‍ ബി.ജെ.പി വിജയിച്ച കാലമാണ് ഇപ്പോഴത്തേത്. രാജ്യസഭയിലൂടെ കടന്നുവന്ന് പിന്നീട് രാജ്ഭവനിലേക്കു പോയ നജ്മ ഹിബത്തുല്ലയും അവര്‍ക്കു ശേഷം മന്ത്രാലയം ഏറ്റെടുത്ത നഖ്വിയും ഒഴികെ ഒറ്റ മുസ്ലിം അംഗവും നാടു ഭരിക്കുന്ന പാര്‍ട്ടിയുടെ ടിക്കറ്റില്‍ പാര്‍ലമെന്റിലില്ല. യു.പി അടക്കമുളള ഏതാണ്ടെല്ലാ ബി.ജെ.പി സംസ്ഥാനങ്ങളിലും ഇതാണ് അവസ്ഥ. ആദിത്യനാഥ് കാബിനറ്റിലെ ഏക മുസ്ലിം മന്ത്രി മുഹ്സിന്‍ റസാഖാന്‍ സഭയിലെത്തുന്നത് എം.എല്‍.സി പദവിയിലൂടെയാണ്. ജമ്മു-കശ്മീരിലെ അബ്ദുല്‍ ഖനി കോലി ഉള്‍പ്പെടെ ബി.ജെ.പിക്ക് ഇന്ത്യയിലുടനീളമുള്ള ആയിരത്തിലധികം സാമാജികരില്‍ നാലു പേര്‍ മാത്രമാണ് മുസ്ലിംകള്‍. എന്നോ വര്‍ഗീയവല്‍ക്കരിക്കപ്പെട്ടുകഴിഞ്ഞ പോലീസ് സംവിധാനവും ഉദ്യോഗസ്ഥ വൃന്ദവും മാധ്യമങ്ങളും ചേര്‍ന്ന് ഇനിയുള്ള കാലത്ത് ഏത് ഭരണഘടനയെ സംരക്ഷിക്കുമെന്ന ചോദ്യമാണ് ഇന്ത്യന്‍ മുസ്ലിം സമൂഹത്തിനു മുമ്പില്‍ ശക്തിപ്പെടുന്നത്.
മൗലികാവകാശം, മതസ്വാതന്ത്ര്യം, അഭിപ്രായ സ്വാതന്ത്ര്യം എന്നിവയിലെല്ലാം ഭരണഘടനാതീതമായ പുതിയ വിലക്കുകളാണ് നടപ്പില്‍ വരുന്നത്. നിയമ പുസ്തകത്തില്‍ ഉണ്ടെന്നുവെച്ച് എല്ലാ പൗരാവകാശങ്ങളും എല്ലാവര്‍ക്കും അതേപടി അനുവദിച്ചുകൊടുക്കാനാവില്ലെന്നാണ് സമീപകാല സംഭവങ്ങളുടെ പൊതുവെയുള്ള പോക്ക്. ചില നിയമങ്ങള്‍ മതന്യൂനപക്ഷങ്ങളില്‍ മുസ്ലിംകള്‍ക്കു മാത്രമായി ബാധകമല്ലാത്തവയുമുണ്ട്. പ്രത്യേകിച്ചും മത പ്രചാരണവുമായി ബന്ധപ്പെട്ടവ. ആലുവയിലെ മുജാഹിദ് ഗ്രൂപ്പിന്റെ അറസ്റ്റിലേക്കു നയിച്ച സംഭവമാണ് ഒടുവിലത്തെ ഉദാഹരണം. ഉത്തരേന്ത്യന്‍ മാതൃകയില്‍ ബീഫിന്റെ പേരില്‍ കൊല്ലപ്പെടുമ്പോഴും അക്രമികളുടെ പരാതിയില്‍ കൊല്ലപ്പെട്ടവര്‍ക്കെതിരെ കേസെടുക്കുന്ന ശൈലി തന്നെയാണ് ആലുവയിലെ പോലീസ് കമീഷണറും അനുവര്‍ത്തിച്ചത്. ഐ.എസിനെതിരെയാണ് വിസ്ഡം മുജാഹിദ് ഗ്രൂപ്പ് പ്രചാരണം നടത്തിയതെങ്കിലും അല്ലെങ്കിലും സാക്ഷാല്‍ മതപ്രചാരണം തന്നെയാണ് നടത്തിയതെങ്കിലും രണ്ടും ഭരണഘടന നല്‍കിയ അവകാശങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ട കാര്യങ്ങളായിരുന്നു. അത് ഹിന്ദുക്കളുടെ വീട്ടിലായാലും അവരുടെ നേതാവിന്റെ ഓഫീസില്‍ പോയിട്ടാണെങ്കിലും മതം പ്രചരിപ്പിച്ചതില്‍ നിയമപരമായി തെറ്റുണ്ടായിരുന്നില്ല. അവകാശങ്ങളുടെ കാര്യത്തില്‍ ധാരാളിയാവരുതെന്ന് കേവലമായ മുന്നറിയിപ്പില്‍ ഒതുങ്ങുന്നതല്ല ഇപ്പോഴത്തെ പ്രശ്നങ്ങള്‍. ഐ.എസിനെതിരെ ലോകത്തുടനീളം പ്രസംഗിച്ചു നടന്ന സാകിര്‍ നായിക്കില്‍നിന്ന് തുടങ്ങി കേരളത്തിലെ സാധാരണ മുസ്ലിംകളെ പോലും അസംബന്ധജടിലമായ രീതിയില്‍ ഭരണകൂടം ഭീകരതയുമായി ചേര്‍ത്തു നിര്‍ത്തുകയാണ്. മുസ്ലിംകളെ തിരസ്‌കരിക്കുന്നതിന് സഹായിക്കുന്ന ആര്‍.എസ്.എസിന്റെ കാഴ്ചപ്പാടുകളാണ് ഭരണയന്ത്രത്തിന്റെ ഓരോ മേഖലയിലും പ്രകടമാവുന്നത്.
മഅ്ദനിയും ഹാദിയയും
മതേതരത്വം പുഷ്‌കലമായിരുന്ന കാലത്ത് മുന്‍സിഫ് കോടതികള്‍ തന്നെ പ്രഥമദൃഷ്ട്യാ ചവറ്റുകൊട്ടയിലേക്ക് എറിയുമായിരുന്ന കേസുകള്‍ പോലും ഇന്ന് സുപ്രീംകോടതി വരെ ചെന്ന് കോടികള്‍ ഫീസു കൊടുത്ത് നാലും അഞ്ചും സിറ്റിംഗുകളിലൂടെ തീര്‍പ്പു കല്‍പ്പിക്കപ്പെടുന്ന ദയനീയതയാണുള്ളത്. ഇക്കഴിഞ്ഞ മാസം മഅ്ദനിയുടെ ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയുടെ മുമ്പാകെയെത്തിയ ഹരജികള്‍ ഉദാഹരണം. വിചാരണത്തടവുകാരന്റെ സുരക്ഷ ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണെന്നും അതിന് വ്യക്തിയില്‍നിന്ന് നഷ്ടപരിഹാരം ഈടാക്കരുതെന്നും ഭാവിയില്‍ വരാനിടയുള്ള എല്ലാ കേസുകളിലേക്കുമായി എഴുതിവെക്കണമെന്ന് മഅ്ദനിയുടെ അഭിഭാഷകനായ പ്രശാന്ത് ഭൂഷണ് ആവശ്യപ്പെടേണ്ടിവന്നു. അതുവരെ മഅ്ദനിയുടെ ആവശ്യത്തില്‍ കോടതി സ്വീകരിച്ച നിലപാടിന്റെ അര്‍ഥം എന്തായിരുന്നു? സുരക്ഷ നല്‍കേണ്ടത് ഭരണകൂടം തന്നെ, പക്ഷേ മഅ്ദനിയുടെ കാര്യത്തില്‍ അദ്ദേഹം ഇതുവരെ കുറ്റവാളിയല്ലെങ്കില്‍ പോലും ചെലവ് സ്വയം വഹിക്കണം. ശിക്ഷിക്കപ്പെടുന്നതു വരെ ആരും കുറ്റവാളിയല്ലെന്ന നിയമത്തിന്റെ വേദാന്തം മഅ്ദനിയുടെ കാര്യത്തില്‍ ബാധകമല്ല എന്ന് വിചാരണ തീരുന്നതിനു മുമ്പേ തീര്‍പ്പുകല്‍പ്പിക്കുന്നതിന് തുല്യമല്ലേ ഇത്? ഇതേ കോടതിയാണ് തെളിവുണ്ടെന്നു കണ്ട് ഇത്രയും കാലം ജാമ്യം നല്‍കാന്‍ വിസമ്മതിച്ച അഭിനവ് ഭാരതിന്റെ കൊടും ഭീകരന്‍ കേണല്‍ പുരോഹിതിന് ഒമ്പത് വര്‍ഷമായിട്ടും കുറ്റപത്രം സമര്‍പ്പിക്കാനാവാത്ത ഭരണകൂട കെടുകാര്യസ്ഥതയുടെ പേരില്‍ ജാമ്യം കൊടുക്കുന്നത്. ഭരണഘടന കല്‍പ്പിച്ച അവകാശങ്ങള്‍ സ്വന്തം ചെലവില്‍ പോലും ഒരു വിചാരണത്തടവുകാരന് നല്‍കാനാവില്ല എന്നിടത്തേക്ക് ഭാവിയില്‍ കാര്യങ്ങള്‍ മാറുമെന്നല്ലാതെ നമ്മുടെ ജനാധിപത്യ, മതേതര പൗരബോധങ്ങളെ മഅ്ദനി കേസ് ശക്തിപ്പെടുത്തുമെന്ന് ഇനി കരുതാനാവില്ല.
ഹാദിയ കേസ് ഇപ്പോള്‍ എത്തി നില്‍ക്കുന്നിടത്തും നിയമത്തിന്റെ പൊതു തത്ത്വങ്ങള്‍ക്ക് അതീതമായ ഈ ഇരട്ടത്താപ്പുണ്ട്. ഇന്ത്യക്കു പുറത്താണെങ്കില്‍ ഏത് കോടതിയില്‍ പോയി വാദിച്ചാലും അശോകനും ഒപ്പമുള്ള ഹിന്ദുത്വ കുരുട്ടു ബുദ്ധികളും എതിര്‍കക്ഷിയുടെ വക്കാലത്തിന്റെ ചെലവ് അടക്കം നല്‍കി വീട്ടില്‍ പോകാനിടയുള്ള കേസാണത്. വിവാഹിതയാകുന്ന പെണ്‍കുട്ടിയുടെ കാര്യത്തില്‍ രക്ഷിതാക്കളുടെ സാന്നിധ്യം അനിവാര്യമാണെന്ന് കേരളത്തിലെ ഹൈക്കോടതി എഴുതിവെച്ചു. അതായത് പെണ്‍കുട്ടികള്‍ സ്വന്തം പിതാക്കളുടെ സ്വത്ത് ആണെന്ന്. എല്ലാ വിവാഹങ്ങളിലും ഇങ്ങനെ തന്നെ ആണോ നിയമം? പച്ചക്കു പറഞ്ഞാല്‍ ഹിന്ദു പെണ്‍കുട്ടി മതം മാറി മുസ്ലിമിനെ കല്യാണം കഴിക്കുന്ന കാര്യത്തിലല്ലാതെ മുസ്ലിം പെണ്‍കുട്ടി മറ്റേതെങ്കിലും മതസ്ഥനെ വിവാഹം കഴിക്കുമ്പോള്‍ ഈ നിയമം ബാധകമാക്കാറുണ്ടോ? എങ്കില്‍ ഇതേ ഹൈക്കോടതി വിധിക്കു ശേഷം നടന്ന തലശ്ശേരിയിലെ റാഹിലയുടെ കല്യാണം മുടക്കാതിരുന്നതെന്ത്? പ്രായപൂര്‍ത്തിയെത്തിയ ഹാദിയ എന്ന പ്രഫഷണല്‍ ബിരുദധാരിയും ഷെഫിന്‍ ജഹാന്‍ എന്ന അവളുടെ ഭര്‍ത്താവും ചേര്‍ന്ന് സിറിയയില്‍ പോയി ആടു മേയ്ക്കാനോ അബൂദബിയില്‍ ചെന്ന് ഒട്ടകത്തിനെ മേയ്ക്കാനോ തീരുമാനിച്ചിട്ടുണ്ടെങ്കില്‍ തന്നെ അവരുടെ വിവാഹവുമായി അതിനെന്തു ബന്ധം? താന്‍ അങ്ങനെ പോകാന്‍ തീരുമാനിച്ചിട്ടില്ലെന്ന് പെണ്‍കുട്ടി വ്യക്തമാക്കിയിട്ടും കോടതി അത് മുഖവിലക്കെടുക്കുന്നില്ല. ആടു മേയ്ക്കുക എന്നതിനര്‍ഥം ഐ.എസില്‍ ചേരുക എന്നാക്കുകയും അതിന്റെ പേരില്‍ വിവാഹം റദ്ദാക്കുകയും ചെയ്യുന്ന ബഹുമാനപ്പെട്ട ന്യായാധിപന്മാര്‍ ഒടുവില്‍ എല്ലാ തീരുമാനവും എടുത്തതിനു ശേഷമാണോ എന്‍.ഐ.എയുടെ അന്വേഷണത്തിന്, അതായത് ഹാദിയയുടെ ഭര്‍ത്താവിന് ഐ.എസുമായി വല്ല ബന്ധവും ഉണ്ടോ എന്ന് അന്വേഷിച്ചു കണ്ടെത്താന്‍ ഉത്തരവിടുന്നത്?
നിയമവാഴ്ചയുടെ ഒന്നിലേറെ തത്ത്വങ്ങള്‍ ഈ ഉത്തരവില്‍ നഗ്നമായി ലംഘിക്കപ്പെടുന്നുണ്ട്. വിവാഹം സിവില്‍ കോടതിയുടെ പരിഗണനയിലാണ് വരുന്നതെങ്കിലും ഭീകരത എന്ന ക്രിമിനല്‍ വിഷയത്തെ കുറിച്ച് അന്വേഷിക്കുന്ന, അതു തന്നെയും അന്വേഷിച്ച കേസുകളിലത്രയും മുസ്ലിം സമൂഹത്തിനെതിരെ മുന്‍വിധിയും കൊടിയ പക്ഷപാതിത്വവും പുലര്‍ത്തിയ ഒരു ഏജന്‍സിയെ ആണ് ഈ വിഷയത്തില്‍ അന്വേഷണം നടത്താന്‍ കോടതി ചുമതലപ്പെടുത്തുന്നത്. എന്‍.ഐ.എ അന്വേഷിച്ച ഭീകരതാ കേസുകളില്‍ എത്രയെണ്ണം അവര്‍ സത്യസന്ധമായി അന്വേഷിച്ചിട്ടുണ്ടെന്നും അതില്‍ തന്നെ എത്രയെണ്ണം കോടതികളില്‍ തെളിയിച്ചിട്ടുണ്ടെന്നും പൊതുജനത്തിന് അറിയാത്ത കാര്യമൊന്നുമല്ലല്ലോ. അത്തരമൊരു ഏജന്‍സിയെ മതപരിവര്‍ത്തനങ്ങളെ കുറിച്ച അന്വേഷണമേല്‍പിക്കുന്നത് അപകടകരമായ കീഴ്വഴക്കമാണ് സൃഷ്ടിക്കുക. പൗരസ്വാതന്ത്ര്യമാണോ നാടു ഭരിക്കുന്നവരുടെ രാഷ്ട്രീയ പ്രചാരണ സ്വാതന്ത്ര്യമാണോ ഇവിടെ ഉറപ്പുവരുത്തുന്നത്? അതും, ഇല്ലെന്ന് സുപ്രീം കോടതി തന്നെ മുമ്പൊരിക്കല്‍ വിധി പറഞ്ഞ ലൗ ജിഹാദ് ഉണ്ടോ എന്ന് അന്വേഷിച്ചു കണ്ടെത്താന്‍! എന്‍.ഐ.എ ഇനി അഥവാ ഈ കേസില്‍ സത്യസന്ധമായി കോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയാല്‍ പോലും ഇസ്ലാം മതം സ്വീകരിച്ച കുറ്റത്തിന് ഒരു പെണ്‍കുട്ടിയെ ഇത്തരമൊരു നിയമപോരാട്ടത്തിലേക്ക് വലിച്ചിഴച്ചത് പൗരസ്വാതന്ത്ര്യത്തിന്റെ ഏത് തത്ത്വത്തെയാണ് പുഷ്ടിപ്പെടുത്തുക? വിചാരണ നിശ്ചയിച്ച തീയതിക്കു മുമ്പെ അന്യായക്കാരുടെ അഭിഭാഷകനായ കപില്‍ സിബല്‍ ഇന്ത്യയില്‍ ഇല്ലാത്ത ദിവസം നോക്കി 'അടിയന്തര പ്രാധാന്യ'ത്തോടെ കേസ് വിളിപ്പിച്ചപ്പോള്‍ തന്നെ ബെഞ്ചിന്റെ നടപടിയില്‍ അസ്വാഭാവികത മണക്കുന്നുണ്ടായിരുന്നു. ഹാരിസ് ബീരാന്‍ എന്ന ജൂനിയര്‍ വക്കീല്‍ വാശിപിടിച്ച് തടസ്സം പറഞ്ഞില്ലെങ്കില്‍ പരാതിയുമായി കോടതിയിലെത്തിയ ഹാദിയയുടെ ഭാഗം കേള്‍ക്കണമെന്ന ആവശ്യം അഗീകരിക്കാതെ തന്നെ ഒറ്റയടിക്ക് അന്നു തന്നെ കേസ് എന്‍.ഐ.എക്ക് കെട്ടിയേല്‍പ്പിച്ചേനെ. ഒരേയൊരു ദേശീയ പത്രമാണ് ഈ വിഷയത്തില്‍ ഹാദിയക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചതെന്നോര്‍ക്കുക.
മതേതരത്വവും പൊതുസമൂഹവും
എല്ലാവരും അവരവര്‍ക്ക് ഇഷ്ടമുള്ള മതം ആചരിക്കുക എന്നതിലുപരി സ്റ്റേറ്റ് ഏതെങ്കിലുമൊരു പ്രത്യേക മതത്തിന്റെ സംരക്ഷകരോ ഉപാസകരോ ആവാതിരിക്കുക എന്നതു കൂടിയാണ് ഇന്ത്യന്‍ മതേതരത്വത്തിന്റെ അര്‍ഥം. മഠാധിപതിയായ സന്യാസി പോലും ഭരണത്തലവനാകുകയും മതവും സ്റ്റേറ്റും തമ്മിലുള്ള വേര്‍തിരിവിനെ കുറിച്ച ചര്‍ച്ചകള്‍ തന്നെ അവസാനിക്കുകയും ചെയ്ത ദുരന്തപൂര്‍ണമായ ചിത്രമാണ് പക്ഷേ ഇപ്പോഴത്തെ ഇന്ത്യന്‍ മതേതരത്വത്തിന്റേത്. രാഷ്ട്രത്തിന് ഒരു പ്രത്യേക മതമുണ്ടെന്നും ജനാധിപത്യത്തിന്റെ എല്ലാ തുണുകളും താങ്ങിനിര്‍ത്തേണ്ടത് അധികാരികളുടെ ഈ മതത്തെയാണെന്നുമുള്ള പൊതുബോധമാണ് ഇന്ത്യയില്‍ സൃഷ്ടിക്കപ്പെടുന്നത്. എല്ലാ അര്‍ഥത്തിലും ഭരണകൂടം ഒരു മതത്തെ സ്പോണ്‍സര്‍ ചെയ്യുന്നതും കാണാനുണ്ട്. കേന്ദ്രത്തില്‍നിന്ന് തുടക്കമിടുന്ന ഈ മതബോധത്തോട് ഭരണഘടനാപരമായി വിയോജിക്കാനുള്ള ശേഷി നഷ്ടപ്പെടുന്ന സംസ്ഥാനങ്ങളുടെ പട്ടികയിലേക്കാണ് കേരളമടക്കം ഒടുവില്‍ ഇടം കണ്ടെത്തുന്നത്.
വ്യക്തി ജീവിതത്തില്‍ മതേതരത്വത്തെ മനോഹരമായി ഉപാസിക്കുന്നവരാണ് കേരളത്തിലെ ഇപ്പോഴത്തെ ഇടത് സര്‍ക്കാരിനെ നയിക്കുന്നവര്‍ എന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ ഇതേ നേതാക്കളുടെ രാഷ്ട്രീയ ജീവിതത്തിന്റെ ചിത്രം ഭീതിപ്പെടുത്തും വിധമാണ് മാറിവരുന്നത്. ഭരണചക്രം ഇവര്‍ തിരിക്കുന്നതല്ലെന്നും നിശ്ചിതമായ ഒരു ക്രമത്തില്‍ തനിയെ തിരിയുന്നതാണെന്നുമാണ് പിണറായി സര്‍ക്കാര്‍ അധികാരമേറ്റതിനു ശേഷമുള്ള പല സംഭവങ്ങളും തെളിയിക്കുന്നത്. മോദി സര്‍ക്കാറിനെതിരെ മുദ്രാവാക്യം വിളിച്ച 'സമസ്ത'യുടെ നേതാക്കള്‍ക്കെതിരെ കാഞ്ഞങ്ങാട് പോലീസ് രാജ്യദ്രോഹത്തിന് കേസെടുത്ത സംഭവം ജനാധിപത്യ സമൂഹത്തില്‍ കേട്ടുകേള്‍വിയില്ലാത്ത ഒന്നാണ്. അതേസമയം ആര്‍.എസ്.എസ് അധ്യക്ഷന്‍ മോഹന്‍ ഭഗവത് പാലക്കാട്ട് നടത്തിയ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ ദേശീയ പതാക അവഹേളിക്കപ്പെട്ടുവെന്ന പരാതിയില്‍ കോടതി ഇടപെട്ടാല്‍ മാത്രം കേസ് എടുത്താല്‍ മതിയെന്നാണ് പോലീസിന്റെ തീരുമാനം. അന്താരാഷ്ട്ര യോഗ ദിനത്തില്‍ ദേശീയ പതാക കൊണ്ട് മുഖം തുടച്ച പ്രധാനമന്ത്രിയുള്ള രാജ്യത്ത് ഭഗവതിന്റെ കാര്യത്തില്‍ ഒരു കോടതിയും സ്വമേധയാ കേസെടുക്കാനും ഇനി എടുത്താല്‍ തന്നെ വിചാരണയുമായി മുന്നോട്ടു പോകാനും തുനിയില്ലെന്നു കേരളാ പോലീസിന് നന്നായറിയാം. എന്നാല്‍ ശശി തരൂരിനെതിരെ കേസെടുത്തത് ദേശീയ ഗാനം ആലപിക്കുമ്പോള്‍ നെഞ്ചത്ത് കൈവെച്ചതിനാണെന്നോര്‍ക്കുക. സാനിയാ മിര്‍സക്കും ഷാരൂഖ് ഖാനുമൊക്കെ എതിരെ ദേശീയ പതാക അവഹേളന കേസ് വന്നത് ബോധപൂര്‍വമല്ലാത്ത അശ്രദ്ധകളുടെ പേരിലായിരുന്നു. വസ്തുതകള്‍ എന്തായിരുന്നാലും ഈ കേസുകള്‍ക്ക് അതിന്റേതായ ഒരു രാഷ്ട്രീയം ഉണ്ടായിരുന്നല്ലോ. സംഘ്പരിവാര്‍ മറുപക്ഷത്ത് എത്തുന്ന കേസുകളില്‍ പോലും ഈ രാഷ്ട്രീയത്തില്‍ ഇറങ്ങിക്കളിക്കാനുള്ള ധൈര്യം ഇടതുപക്ഷ സര്‍ക്കാറിന് എന്തുകൊണ്ട് നഷ്ടപ്പെടുന്നു?
മൃദു ഹിന്ദുത്വം പോലൊരു മൃദു മതേതരത്വം സി.പി.എം കൊണ്ടു നടക്കുന്നുണ്ട്. 34 വര്‍ഷം ഇടതു മുന്നണി ഭരിച്ച ബംഗാളിന്റെ ഏറ്റവും ദുരന്തപൂര്‍ണമായ സാമൂഹിക യാഥാര്‍ഥ്യങ്ങളിലൊന്നാണ് ഹിന്ദുക്കളും മുസ്ലിംകളും തമ്മിലുള്ള അവസരങ്ങളുടെയും ജീവിത സാഹചര്യങ്ങളുടെയും മേഖലകളിലെ ഭീമമായ അന്തരം. സച്ചാര്‍ കമ്മിറ്റി കണ്ടെത്തിയ ഇന്ത്യയിലെ ഏറ്റവും ദരിദ്രരായ മുസ്ലിംകള്‍ ബംഗാളിലായിരുന്നു ഉണ്ടായിരുന്നത്. ജനസംഖ്യയുടെ നാലിലൊന്നോ അതിലേറെയോ മുസ്ലിംകളുള്ള ഈ സംസ്ഥാനത്ത് ഭരണത്തിലോ പാര്‍ട്ടിയിലോ അവര്‍ക്ക് മതിയായ പ്രാതിനിധ്യം ഉണ്ടായിരുന്നില്ല. 73 ശതമാനം മുസ്ലിംകളുള്ള മുര്‍ശിദാബാദില്‍ പോലും പാര്‍ട്ടി സെക്രട്ടറിയാവാറുണ്ടായിരുന്നത് ഭട്ടാചാര്യമാരും മജുംദാറുമാരും ചക്രവര്‍ത്തിമാരുമായിരുന്നു. സച്ചാര്‍ കമ്മിറ്റിയുടെ കണ്ടെത്തലുകള്‍ക്ക് ശേഷമാണ് ന്യൂനപക്ഷ മന്ത്രാലയം ബംഗാളില്‍ സി.പി.എം ആരംഭിച്ചതുതന്നെ. കേരളത്തെ കുറിച്ചും സി.പി.എമ്മിന് ഇതു
പോലുള്ള കാഴ്ചപ്പാടുണ്ടാവാമെന്നാണ് പുതിയ സംഭവങ്ങളുടെ വെളിച്ചത്തില്‍ മുസ്ലിം സമൂഹം തിരിച്ചറിയേണ്ടത്.
സംഘ്പരിവാറിന്റെ ഏത് ആരോപണവും വേദവാക്യമാകുന്ന കാലത്ത് ഹിന്ദുക്കള്‍ക്കിടയിലേക്കിറങ്ങുമ്പോള്‍ സ്വീകരിക്കേണ്ട പ്രായോഗിക സമീപനം മുസ്ലിം സംഘടനകള്‍ ഇനിയും സ്വായത്തമാക്കിയിട്ടില്ല. ആലുവയില്‍ 'വിസ്ഡം' ഗ്രൂപ്പിന് പറ്റിയ അബദ്ധം ഇതായിരുന്നു. അവര്‍ക്കു മാത്രമല്ല കേരളത്തിലെ മുസ്ലിംകള്‍ സോഷ്യല്‍ മീഡിയയിലും പൊതു ഇടങ്ങളിലും സ്വീകരിക്കുന്ന നിലപാടുകളില്‍ ഈ സാമാന്യബോധത്തിന്റെ അഭാവം ഇന്ന് നല്ലതുപോലെ കാണാനുമുണ്ട്. അങ്ങാടിയില്‍ സ്വന്തം സുഹൃത്തിനോട് ഉറക്കെ പറയാന്‍ ധൈര്യമില്ലാത്ത കാര്യങ്ങളാണ് ഗാഡ്ജറ്റുകളുടെ മറപിടിച്ച് ഇന്റര്‍നെറ്റിലൂടെ ചര്‍ച്ചക്കു വെക്കുന്നത്. ഡാറ്റാ കണക്ഷനുള്ളവനൊക്കെ സോഷ്യല്‍ മീഡിയയിലെ ഖാദിയാവുന്ന ഈ സാഹചര്യം മറുഭാഗത്ത് കേരളത്തെ അപകടകരമാംവിധം വര്‍ഗീയവല്‍ക്കരിക്കുന്നുണ്ട്. മുസ്ലിം സുഹൃത്തുക്കളെ ഫ്രണ്ട് ലിസ്റ്റില്‍ നിലനിര്‍ത്തുമ്പോഴും അവരുടെ ചര്‍ച്ചകളില്‍ ഇടപെടാന്‍ പൊതുസമൂഹം മടിച്ചുനില്‍ക്കുകയാണ്. മതത്തിന്റെയും മതരാഷ്ട്രീയത്തിന്റെയും അതിപ്രസരമാണ് മിക്ക മുസ്ലിംകളുടെയും ഫേസ്ബുക്ക് ഇടങ്ങളെ സജീവമാക്കുന്ന ഘടകം. മുസ്ലിംകള്‍ക്ക് സ്വന്തം മതത്തെ കുറിച്ചുള്ള മതിപ്പല്ല സമൂഹത്തിനുള്ളത്. എന്നിട്ടും ഇസ്ലാമിനെ പരിചയപ്പെടുത്താന്‍ പോകുന്നവരുടെ ലഘുലേഖയില്‍ പോലും മറ്റു മുസ്ലിം ഗ്രൂപ്പുകളെ കുറിച്ച്, അവര്‍ ഭീകരരാണെന്നും മറ്റുമാണ് എഴുതി വെക്കുന്നതെങ്കില്‍ ഇതു പറയാന്‍ ചെല്ലുന്നവനെ എന്തിന് സമൂഹം മുഖവിലക്കെടുക്കണം? ഇസ്ലാമിന്റെ പ്രതിഛായ മുസ്ലിംകളുടെ ജീവിതത്തിലൂടെ മാറ്റിയെടുക്കുക എന്നതിനാണ് സംഘ്പരിവാര്‍ കാലത്ത് ഏതു വ്യക്തിയും സംഘടനയും പ്രാധാന്യം നല്‍കേണ്ടത്.
Comments